ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് ഇന്ത്യ . ന്യൂഡൽഹിയാണ് തലസ്ഥാനം . ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യമായ ഇന്ത്യയുടെ വിസ്തീർണം 3.28 ദശലക്ഷം കിലോമീറ്ററാണ് . ലോകത്തിന്റെ ആകെ വിസ്തൃതിയുടെ 2.4 ശതമാനമാണ് ഇന്ത്യയ്ക്കുള്ളത് . ജനസംഖ്യയിൽ ഒന്നാംസ്ഥാനവും ഇന്ത്യയ്ക്കാണ് . കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം കൂടിയാണ് ഇന്ത്യ . ഇന്ത്യൻ മഹാസമുദ്രം ഇന്ത്യയുടെ തെക്കൻ അതിരായി നിലകൊള്ളുന്നു. ഇതിന്റെ രണ്ടു ശാഖകളാണ് പടിഞ്ഞാറുള്ള അറബിക്കടലും കിഴക്കുള്ള ബംഗാൾ ഉൾക്കടലും . ഇന്ത്യയുടെ തീരദൈർഘ്യം 7,517 കിലോമീറ്ററുകൾ (4,671 മൈ.)[1] ആണ് .ഇന്ത്യ പാകിസ്താൻ,അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ്, മ്യാന്മർ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നീ ഏഴു രാജ്യങ്ങളുമായി കരാതിർത്തി പങ്കിടുന്നു . ഇന്ത്യൻ മഹാസമുദ്രത്തിൽ നിലകൊള്ളുന്ന ഇന്ത്യയുടെ അയൽരാജ്യങ്ങളായ ദ്വീപുകളാണ് ശ്രീലങ്ക , മാലദ്വീപ് എന്നിവ .
ഭാരതീയ മഹാരാജ്യം | |
---|---|
ദേശീയ മുദ്രാവാക്യം: "സത്യമേവ ജയതേ"(സംസ്കൃതം) "സത്യം മാത്രം ജയിക്കുന്നു"ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
ദേശീയ ഗീതം "വന്ദേ മാതരം(സംസ്കൃതം)" "അമ്മേ ഞാൻ വണങ്ങുന്നു"[a]ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[3] | |
Area controlled by India shown in dark green; regions claimed but not controlled shown in light green | |
തലസ്ഥാനം | ന്യൂ ഡെൽഹി 28°36′50″N 77°12′30″E |
വലിയ നഗരം | |
ഔദ്യോഗിക ഭാഷകൾ | |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | |
ദേശീയഭാഷ | ഇന്ത്യയ്ക്ക് ദേശീയഭാഷ ഇല്ല.[8][9][10] |
മതം | കാണുക ഇന്ത്യയിലെ മതങ്ങൾ |
നിവാസികളുടെ പേര് | ഇന്ത്യക്കാരൻ , ഭാരതീയൻ |
അംഗമായ സംഘടനകൾ | ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന, ബ്രിക്‌സ്, SAARC, SCO, G8+5, ജി - 20, കോമൺവെൽത്ത് |
ഭരണസമ്പ്രദായം | ഫെഡറൽ പാർലമെന്ററി ജനാധിപത്യ ഭരണം |
ദ്രൗപദി മുർമു | |
ജഗ്ദീപ് ധൻകർ | |
ഡി.വൈ. ചന്ദ്രചൂഢ് | |
ഓം ബിർള | |
നിയമനിർമ്മാണസഭ | പാർലമെന്റ് |
• ഉപരിസഭ | രാജ്യസഭ |
• അധോസഭ | ലോക്‌സഭ |
സ്വാതന്ത്ര്യം ലഭിച്ചത് യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് | |
15 ഓഗസ്റ്റ് 1947 | |
26 ജനുവരി 1950 | |
• ആകെ വിസ്തീർണ്ണം | 3,287,263[5] കി.m2 (1,269,219 ച മൈ)[d] (7-ാം സ്ഥാനം) |
• ജലം (%) | 9.6 |
• 2016 estimate | 1,324,171,354[12] (2-ാം സ്ഥാനം) |
• 2011 census | 1,210,854,977[13][14] (2-ാം സ്ഥാനം) |
• ജനസാന്ദ്രത | 427.7/കിമീ2 (1,107.7/ച മൈ) (31-ാം സ്ഥാനം) |
ജി.ഡി.പി. (PPP) | 2019 estimate |
• ആകെ | $11.468 trillion[15] (3-ാം സ്ഥാനം) |
• പ്രതിശീർഷം | $8,484[15] (119th) |
ജി.ഡി.പി. (നോമിനൽ) | 2019 estimate |
• ആകെ | $2.972 trillion[15] (5th) |
• Per capita | $2,199[15] (142nd) |
ജിനി (2013) | 33.9[16] medium · 79th |
എച്ച്.ഡി.ഐ. (2017) | 0.640[17] medium · 130-ആം |
നാണയവ്യവസ്ഥ | ഇന്ത്യൻ രൂപ (₹) (INR) |
സമയമേഖല | UTC+05:30 (IST) |
DST is not observed | |
തീയതി ഘടന | dd-mm-yyyy |
ഡ്രൈവിങ് രീതി | right hand drive |
കോളിംഗ് കോഡ് | +91 |
ഇൻ്റർനെറ്റ് ഡൊമൈൻ | .in (others) |
ഈ ലേഖനം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. (2021 ഓഗസ്റ്റ്) |
സിന്ധു നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുണ്ടായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു പ്രശസ്തമാണ്.[18] ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ – ഹിന്ദുമതം ( സനാതന ധർമ്മം), ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവ – ഇവിടെയാണ് ജന്മമെടുത്തത്. കൂടാതെ ഒന്നാം സഹസ്രാബ്ദത്തിൽ ഇവിടെയെത്തിയ ഇസ്‌ലാം മതം, ജൂതമതം, ക്രിസ്തുമതം എന്നീ മതങ്ങൾ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന് ആഴമേകി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടർന്ന് സ്വാതന്ത്ര്യ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടി.
ഇന്ത്യയിൽ നാട്ടുഭാഷകൾ ഒന്നും തന്നെ ഇല്ല. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗികഭാഷ ഹിന്ദിയും ഇംഗ്ലീഷുമാണ്[19]. 2011-ലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, 138 കോടിയിലധികമാണ് ജനസംഖ്യ. 42 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്[20][21].2024 ൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ.
നിരുക്തം
ഭാരതം
അതിപുരാതന കാലത്ത് ഈ ഉപഭൂഖണ്ഡം മുഴുവൻ ഭരതൻ എന്നു പേരുള്ള ഒരു ചക്രവർത്തി ഭരിച്ചിരുന്നു എന്ന് പുരാണങ്ങൾ പറയുന്നു. യഥാർത്ഥത്തിൽ ഇദ്ദേഹം ഋഗ്വേദത്തിൽ പരാമർശിക്കുന്ന ദിവോദാസൻ എന്ന രാജാവിന്റെ പൂർവികൻ ആയ ഒരു ഗോത്ര തലവൻ ആയിരുന്നു. ഇദ്ദേഹം ജീവിച്ചിരുന്നത് ഏകദേശം 1500 ബിസിയിൽ ഗാന്ധാര ദേശത്ത് ആയിരുന്നു. മഹാഭാരതത്തിന്റെ ആദ്യപർവത്തിൽ ഭരതചക്രവർത്തിയെക്കുറിച്ചുള്ള പരാമർശമുണ്ട്. ഭരതരാജാവിന്റെ പേരിൽ നിന്നാണ് ഭാരതം എന്ന പേര് ഉടലെടുത്തത്.[22] ശകുന്തളയുടെയും ദുഷ്യന്തന്റെയും പുത്രനായിരുന്നു ഈ ഭരതൻ എന്നും പുരാണങ്ങൾ പറയുന്നു.[23]
വിഷ്ണുപുരാണം ഭാരതവർഷത്തെ ഇപ്രകാരം വർണ്ണിക്കുന്നു:
സംസ്കൃതം മൂലം (ദേവനാഗരി ലിപിയിൽ) |
സംസ്കൃതം മൂലം (മലയാളം ലിപിയിൽ) |
മലയാള പരിഭാഷ |
---|---|---|
उत्तरं यत्समुद्रस्य हिमाद्रेश्चैव दक्षिणम् । वर्षं तद् भारतं नाम भारती यत्र संततिः ॥ |
ഉത്തരം യത് സമുദ്രസ്യ ഹിമാദ്രൈശ്ചൈവ ദക്ഷിണം വർഷം തദ് ഭാരതം നാമ ഭാരതീ യത്ര സംതതിഃ॥ |
സമുദ്രത്തിന്റെ ഉത്തരഭാഗത്തായും ഹിമാലയ പർവതത്തിന്റെ ദക്ഷിണഭാഗത്തായുമുള്ള ഈ ഭൂവിഭാഗത്തിന്റെ നാമം ഭാരതം ഭരതന്റെ പിൻഗാമികൾ ഇവിടെ നിവസിക്കുന്നു. |
സരസ്വതി ദേവിയുടെ മറ്റൊരു നാമമായ 'ഭാരതി' യിൽ നിന്നാണ് "ഭാരതം" എന്ന പേരു വന്നതെന്നും ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു[അവലംബം ആവശ്യമാണ്].
ഭാസ്സിൽ രതം ആണ് ഭാരതം അതായത് പ്രകാശത്തെ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഭാരതം എന്നും പറയപ്പെടുന്നുണ്ട്.
ലോകത്തെ ഏറ്റവും പഴക്കം ചെന്ന സാഹിത്യമായ വേദങ്ങളിൽത്തന്നെ ഭാരതം എന്ന് പരാമർശമുണ്ട്. ഇവിടുത്തെ ജനങ്ങളെ ഭാരത ജനം എന്നാണ് വേദങ്ങളിൽ വിശേഷിപ്പിക്കുന്നത്[23].
ഇന്ത്യ
സിന്ധു നദിയുടെ പേരിൽ നിന്നാണ് ഹിന്ദുസ്ഥാൻ, ഇന്ത്യ എന്നീ പേരുകൾ രാജ്യത്തിനുണ്ടായത്. സിന്ധു നദിയെ പേർഷ്യക്കാർ ഹിന്ദുവെന്നും ദേശത്തെ ഹിന്ദുസ്ഥാൻ എന്നും വിളിയ്ക്കുന്നത് കേട്ട് ഗ്രീക്കുകാർ ഇൻഡസ് (indus) എന്നും ഇന്ത്യ എന്നും വിളിച്ചുവന്നു.
ഭാരതത്തിൽ നിലവിൽ 28 സംസ്ഥാനങ്ങളുണ്ട്. അവസാനമായി രൂപീകരിച്ച സംസ്ഥാനമാണ് തെലുങ്കാന . ജമ്മുകാശ്മീരിനെ 2019-ൽ ജമ്മു&കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കി മാറ്റി.
ചരിത്രം
ചരിത്രാതീത യൂറോപ്പിന്റേതുപോലെ തന്നെ ഉത്തരേന്ത്യയിലും ഹിമയുഗം ഉണ്ടായിട്ടുണ്ട്. ഹിമയുഗത്തിലെ രണ്ടാം പാദത്തിലെ 4,00,000 നും 2,00,000 നുമിടക്കുള്ള വർഷങ്ങളിലാണു മനുഷ്യന്റെ പാദസ്പർശം ഈ ഭൂമിയിൽ ഉണ്ടായത്. ഇതിന്റെ തെളിവ് പഞ്ചാബിലെ സോഹൻ നദിയുടെ തീരത്തുയർന്ന നാഗരികതയുടെ അവശിഷ്ടങ്ങളിൽ നിന്നാണു ലഭിച്ചത്. വെള്ളാരം കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഈ നദിയുടെ തീരങ്ങളിൽ നിന്ന് ലഭിക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാനായിട്ടില്ല.[24]
ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേത്. മധ്യപ്രദേശിലെ ഭീംബേഡ്കയിൽ കണ്ടെത്തിയ ശിലായുഗ ഗുഹകളാണ് ഇന്ത്യയുടെ ചരിത്രാതീത കാലം അവശേഷിപ്പിച്ച ഏറ്റവും പുരാതനമായ രേഖ.[25] 9000 വർഷങ്ങൾക്കു മുൻപ് ഇന്ത്യയിലേക്ക് ആദ്യത്തെകുടിയേറ്റമുണ്ടായി എന്നാണ് കരുതപ്പെടുന്നത്. ഇത് പിന്നീട് സിന്ധു നദീതട സംസ്കാരമായി. ബി.സി. 2600നും 1900നും ഇടയിലായിരുന്നു സിന്ധു നദീതട സംസ്കാരത്തിന്റെ പ്രതാപകാലം. ഹരപ്പ, മോഹൻജൊ-ദാരോ എന്നിവിടങ്ങളിൽ നിന്ന് മഹത്തായ ആ സംസ്കാരത്തെക്കുറിച്ചുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്.
ബി.സി.1500 മുതൽ ബി.സി.500 വരെ ഉള്ള വേദകാലഘട്ടത്തിൽ വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും രചിതമായി.
ബി.സി. 550 മുതൽ ഉപഭൂഖണ്ഡത്തിലാകെ ഒട്ടേറെ രാജ്യങ്ങൾ രൂപംകൊണ്ടു. മഹാജനപദങ്ങൾ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. മഗധയും മൗര്യ രാജവംശവുമായിരുന്നു ഇവയിൽ പ്രബലം. മഹാനായ അശോകൻ മൗര്യരാജവംശീയനായിരുന്നു. ഇന്ത്യയുടെ സാംസ്കാരത്തിന് മൗര്യന്മാർ നൽകിയ സംഭാവനകൾ വലുതാണ്.
ബൈബിളിൽ ആനകളെ കുറിച്ച് പറയുന്ന സ്ഥലത്തു ഇന്ത്യയിൽ നിന്നും കൊണ്ട് വന്ന ആന എന്ന് വ്യകതമായി പറയുന്നുണ്ട്. ബൈബിളിൽ പലയിടങ്ങളിൽ ആയി വിവിധ പുസ്തകത്തിൽ വർഷം ബി.സി. 483-482 തുടങ്ങി കാലഘട്ടത്തിൽ നടന്ന കാര്യങ്ങൾ ഇന്ത്യയെയും പരാമർശ്ശിക്കുന്നുണ്ട്. (1 Esdras 3:2 , 1 Maccabees 8:8, 1 Maccabees 6:37, Esther 8:12, Esther 8:9, Esther 3:13, Esther 1:1). കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ബി. സി. ഇ. 1000-ൽ സോളമന്റെ കപ്പലുകളിൽ ഫൊണീഷ്യന്മാർ കേരളതീരത്തുള്ള ഓഫിർ എന്ന തുറമുഖം സന്ദർശിക്കാറുണ്ടായിരുന്നു എന്ന് ചിലർ കരുതുന്നു. ഇന്നത്തെ പൂവാർ എന്ന ഗ്രാമത്തിലാണ് ഈ ഓഫീർ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു. വേറൊരു പ്രബല അഭിപ്രായം ഇത് ഗുജറാത്തിലെ ആഭിര തുറമുഖം ആണെന്ന് ആണ്.
ബി. സി. 180 മുതൽ മധ്യേഷ്യയിൽ നിന്നുള്ള അധിനിവേശമായിരുന്നു. ഇന്തോ-ഗ്രീക്ക്, ഇന്തോ-പർത്തിയൻ സാമ്രാജ്യങ്ങൾ ഈ കാലഘട്ടത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. ക്രിസ്തുവിനുശേഷം മൂന്നാം നൂറ്റാണ്ടിൽ ശക്തി പ്രാപിച്ച ഗുപ്ത സാമ്രാജ്യത്തിന്റെ ഭരണം പ്രാചീന ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നു. അക്കാലത്ത് ഭാരതം എന്നാൽ ആര്യൻ (ഇറാൻ) മുതൽ സിംഹപുരം(സിംഗപ്പൂർ) വരെ ആയിരുന്നു എന്ന് ഐതിഹ്യമുണ്ട്.
തെക്കേ ഇന്ത്യയിലാകട്ടെ വിവിധ കാലഘട്ടങ്ങളിലായി ചേര, ചോള, കഡംബ, പല്ലവ, പാണ്ഡ്യ തുടങ്ങിയ സാമ്രാജ്യങ്ങൾ നിലനിന്നിരുന്നു. ശാസ്ത്രം, കല, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, തത്ത്വശാസ്ത്രം എന്നീ മേഖലകളിൽ ഈ കാലഘട്ടത്തിൽ വൻ പുരോഗതിയുണ്ടായി.
പത്താം നൂറ്റാണ്ടോടെ ഉപഭൂഖണ്ഡത്തിന്റെ വടക്ക്, മധ്യദേശങ്ങൾ ഇസ്ലാമിക അധിനിവേശത്തിന്റെ ഭാഗമായുദിച്ച ഡൽഹി സുൽത്താന്റെ കീഴിലായി. മുഗൾ സാമ്രാജ്യമാണ് പിന്നീടു ശക്തിപ്രാപിച്ചത്. ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ.
ദക്ഷിണേന്ത്യയിൽ വിജയനഗര സാമ്രാജ്യമായിരുന്നു ഈ കാലഘട്ടത്തിൽ പ്രബലം.
പതിനാറാം നൂറ്റാണ്ടുമുതൽ പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശമുണ്ടായി. ഇന്ത്യയുമായി വാണിജ്യ ബന്ധമായിരുന്നു യൂറോപ്യന്മാരുടെ ലക്ഷ്യമെങ്കിലും പരസ്പരം പോരടിച്ചു നിന്നിരുന്ന സാമ്രാജ്യങ്ങളെ മുതലെടുത്ത് അവർ ഇന്ത്യയൊട്ടാകെ കോളനികൾ സ്ഥാപിച്ചു. 1857-ൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു നേരെയുണ്ടായ കലാപമാണ് യൂറോപ്യൻ അധിനിവേശത്തിനു നേരെ ഇന്ത്യക്കാർ നടത്തിയ പ്രധാന ചെറുത്തുനിൽപ്പ് ശ്രമം. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന ഈ കലാപം പക്ഷേ ബ്രിട്ടീഷ് സൈന്യം അടിച്ചൊതുക്കി. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലുമായി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയിൽ അധിഷ്ഠിതമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ശക്തിപ്രാപിച്ചു. വർഷങ്ങൾ നീണ്ട സഹന സമരങ്ങൾക്കൊടുവിൽ 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വതന്ത്രമായി. എന്നാൽ ഇന്ത്യയുടെ ഒരു ഭാഗം പാകിസ്താൻ എന്ന പേരിൽ വിഭജിച്ച് മറ്റൊരു രാജ്യമാകുന്നത് കണ്ടാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത്.
നാഴികക്കല്ലുകൾ
- ക്രി.മു. 3000–1500 സിന്ധു നദിതട സംസ്കാരം, ഇന്നത്തെ പാകിസ്താൻ. ഹരപ്പ, മോഹൻജൊ ദാരോഎന്നിവിടങ്ങളിൽ ചെറിയ പട്ടണങ്ങൾ.
- ക്രി. മു. 3000 യോഗാഭ്യാസം ഇന്ത്യയിൽ വികസിക്കുന്നു.
- ക്രി. മു. 1450–1000 ഋഗ് വേദം എഴുതപ്പെടുന്നു.
- ക്രി. മു. 800s വൈദിക കാലം ഉപനിഷത്തുക്കൾ, ബ്രാഹമണങ്ങൾ എന്നിവ എഴുതപ്പെടുന്നു. ഹിന്ദു ധർമ്മത്തിന്റെ അടിസ്ഥാനമായി ഇവ വർത്തിക്കുന്നു.
- ക്രി. മു. 700s മഹാജനപദങ്ങൾ എന്ന പേരിൽ 16 വലിയതും സുരക്ഷിതവുമായ നഗരങ്ങൾ വടക്കേ ഇന്ത്യയിൽ സ്ഥാപിക്കപ്പെടുന്നു. ഇവയിൽ ചിലത് രാജാക്കന്മാരുടെ കീഴിലായിരുന്നെങ്കിൽ ചിലവ രാജപ്രതിനിധികളുടെ ഭരണത്തിൻ കീഴിലായിരുന്നു.
- ക്രി. മു. 500 ബിംബിസാരൻ (540–493), അജാതശത്രു (493–461) എന്നിവരുടെ കീഴിൽ മഗധ പ്രശസ്തമാകുന്നു.
- ക്രി. മു. 563?-483? ശ്രീ ബുദ്ധൻ ബുദ്ധമതം സ്ഥപിക്കുന്നു.
- ക്രി. മു. 515 മഹാവീരൻ ജൈനമതം സ്ഥാപിക്കുന്നു.
- ക്രി. മു. 327 അലക്സാണ്ഡർ ഇന്ത്യ ആക്രമിക്കുന്നു.
- ക്രി. മു. 321–184 മൗര്യ സാമ്രാജ്യം. ചന്ദ്രഗുപത മൗര്യൻ മൗര്യ സാമ്രാജ്യം സ്ഥാപിക്കുന്നു.
- ക്രി. മു. 304 ബിന്ദുസാരൻ നാടു വാഴുന്നു. സെലുസിയസ് 500 ആനകൾക്ക് പകരമായി ഇന്ത്യയുടെ മേലുള്ള അവകാശാം അവസാനിപ്പിക്കുന്നു.
- ക്രി. മു. 273–232 ബിന്ദുസാരന്റ പൗത്രൻ അശോകൻ ഇന്ത്യ മുഴുവൻ (ദക്ഷിണെന്ത്യ ഒഴികെ) കീഴടക്കുന്നു.
- ക്രി. മു. 261 കലിംഗ യുദ്ധത്തിനു ശേഷം അശോകൻ ബുദ്ധമതം സ്വീകരിക്കുന്നു.[26]
- ക്രി. മു. 184 ശുംഗ സാമ്രാജ്യം മൗര്യ രാജാവായ ബൃഹദ്രഥൻ പുഷ്പമിത്ര ശുംഗൻ എന്ന പ്രമാണിയാൽ വധിക്കപ്പെടുന്നതോടെ മൗര്യ സാമ്രാജ്യം അവസാനിക്കുന്നു. ഇതേ സമയം തെന്നെ ഇൻഡോ-ഗ്രീക്ക് രജവംശം എത്തുന്നു. മിളിന്ദൻ.
- ക്രി. മു. 100 കണ്വന്മാർ ശുംഗന്മാറ്രെ പുറത്താക്കുന്നു. ഇൻഡോ-ഗ്രീക്ക് രാജാക്കന്മാർ അപ്രത്യക്ഷമാകുന്നു. ശകന്മാരുടെ ആഗമനം [22] സാതവാഹന്മാർ ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ അധികരം ഉറപ്പിക്കുന്നു.
- ക്രി. മു. 185 – ക്രി. വ. 250 ആന്ധ്ര സാമ്രാജ്യം സംഘകാലം ദക്ഷിണേന്ത്യയിൽ.
- ക്രി. മു. 319–20 ഗുപ്ത സാമ്രാജ്യം.
- ക്രി. വ. 335–380 സമുദ്ര ഗുപ്തൻ.
- ക്രി. വ. 415–454 കുമാര ഗുപ്തൻ.
- ക്രി. വ. 455–467 സ്കന്ദഗുപ്തൻ.
- ക്രി. വ. 600 ഹുയാങ് സാങ് ഇന്ത്യ സന്ദർശിക്കുന്നു ഹർഷ ഗുപ്തൻ ഭരിക്കുന്നു, ബാണഭട്ടൻ സദസ്സിലെ അംഗം. ഹൂണന്മാർ, മൗഖാരികൾ എനിവരുടെയും കാലം.
ഭൂമിശാസ്ത്രം
ഏഷ്യാഭൂഖണ്ഡത്തിന്റെ ദക്ഷിണഭാഗത്തായി കിടക്കുന്ന അറേബ്യ , മലയ് എന്നീ രണ്ട് ഉപദ്വീപുകൾക്കിടയിലാണ് ഇന്ത്യയുടെ സ്ഥാനം . പൂർണ്ണമായും ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഉത്തര അക്ഷാംശം 8 ഡിഗ്രി 7 മിനുറ്റിനും 37 ഡിഗ്രി 6 മിനുറ്റിനും മദ്ധ്യേയും പൂർവ രേഖാംശം 68 ഡിഗ്രി മിനുറ്റിനും 97 ഡിഗ്രി 25 മിനുറ്റിനും മദ്ധ്യേയുമാണ് . ഭൂമദ്ധ്യരേഖയ്ക്ക് വടക്കുമാണ് ഇന്ത്യ . ഇന്ത്യയിലൂടെ ഉത്തരായന രേഖ (Tropic of Cancer) കടന്നു പോകുന്നുണ്ട് . ലോകത്തിലെ ഭൂവിസ്തൃതിയുടെ 2.42 ശതമാനവും ലോക ജനസംഖ്യയുടെ 16 ശതമാനവും ഇന്ത്യയിലാണ് . വലിപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ 7 ആം സ്ഥാനവും ജനസംഖ്യയിൽ ഒന്നാം സ്ഥാനവും ഇന്ത്യയ്ക്കുണ്ട്.
32,87,263 ചതുരശ്ര കിലോമീറ്ററാണ് ഇന്ത്യയുടെ വിസ്തൃതി.[27] വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ 3,214 കിലോമീറ്ററും കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 2,933 കിലോമീറ്ററുമാണ് ഇന്ത്യയുടെ ദൈർഘ്യം.
അതിർത്തികൾ
ഇന്ത്യയുടെ കര അതിർത്തിയുടെ നീളം ഏതാണ്ട് 15,200 കിലോമീറ്ററാണ്. ദ്വീപുകളടക്കം കടൽത്തീരമാകട്ടെ 7,516.6 കിലോമീറ്ററും. അതായത് ആകെ അതിർത്തി 22716.6 കി.മി. ആണ്. 7 രാജ്യങ്ങളുമായി ഇന്ത്യ അതിർത്തി പങ്കുവക്കുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ചൈന, മ്യാന്മർ എന്നിവയാണവ. ഏറ്റവും കൂടുതൽ അതിർത്തി പങ്കുവക്കുന്നത് ബംഗ്ലാദേശുമായാണ്. 4096 ഓളം കിലോമീറ്ററാണിത്. ചൈന രണ്ടാമതും (3488) പാകിസ്താൻ (3323) മൂന്നാം സ്ഥാനത്തുമാണ്. ജമ്മു - ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിട്ടുന്നവയാണ്. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്.
ദ്വീപുകൾ
ഇന്ത്യയുടെ ഭാഗമായിട്ടുള്ള ദ്വീപുകളിൽ 204 എണ്ണം ബംഗാൾ ഉൾക്കടലിലും അവശേഷിക്കുന്നവ അറബിക്കടലിലുമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ബംഗാൾ ഉൾക്കടലിലാണ്. ഇവ രണ്ട് ദ്വീപസമൂഹങ്ങളാണ്. ഇവയെ ടെൻത്ത് ഡിഗ്രി ചാനൽ തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൺ ഈ ദ്വീപ സമൂഹങ്ങളിലാണ്.
അറബിക്കടലിലെ ദ്വീപസമൂഹങ്ങളാണ് ലക്ഷദ്വീപുകൾ. 36 ചെറിയ ദ്വീപുകളാണ് ഇതിലുള്ളത്. അന്ത്രോത്താണ് ഇതിലെ ഏറ്റവും വലിയ ദ്വീപ്. മുംബൈക്കടുത്ത് അറബിക്കടലിൽ തന്നെയുള്ള എലഫന്റാ ദ്വീപുകളും മറ്റുള്ള ദ്വീപുകളിൽ പെടുന്നു. മുംബൈ മഹാനഗരം തന്നെ 7 ദ്വീപുകളിലായാണ് സ്ഥിതിചെയ്യുന്നത്. കൊളാബോ, മസഗോൺ, ഓൾഡ് വിമൻസ് ഐലൻഡ്, മാഹിം, പാരെൽ, വൊർ ളി, ഐസിൽ ഓഫ് ബോംബെ എന്നിവയാണവ. പിൽക്കാലത്ത് ഇവയെ യോജിപ്പിച്ചാണ് ഇന്നത്തെ മുംബൈ മഹാനഗരം ഉണ്ടാക്കിയത്.
മറ്റൊരു പ്രത്യേകതയുള്ള ഭൂവിഭാഗം ആഡംസ് ബ്രിഡ്ജാണ്
പർവ്വതങ്ങൾ
ഹിമാലയം, ആരവല്ലി, സത്പുര, വിന്ധ്യൻ, പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നിവയാണ് ഇന്ത്യയിലെ പ്രധാന പർവ്വതനിരകൾ
ഹിമാലയം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതങ്ങൾ ഹിമാലയത്തിലാണ് ഉള്ളത്. ഇന്ത്യയിൽ മാത്രമല്ല നേപ്പാൾ, ചൈന, ഭൂട്ടാൻ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലായാണ് ഹിമാലയം പരന്നു കിടക്കുന്നത്. 2500 കിലോമീറ്ററോളം നീളമുണ്ട് ഈ പർവതനിരകൾക്ക്. ഗ്രേറ്റ് ഹിമാലയം(ഹിമാദ്രി, ലെസ്സർ ഹിമാലയം (ഹിമാചൽ) ഗ്രേറ്റർ ഹിമാലയം (സിവാലിക്)എന്നീ മൂന്ന് നിരകൾ ചേർന്നതാണ് ഹിമാലയം.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഹിമാലയത്തിലാണ്. എന്നാൽ ഇത് നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിൽ തന്നെയുള്ള ഗ്ഗോഡ്വിൻ ആസ്റ്റിൻ (8,611 മീ.) അഥവാ മൗണ്ട് കെ-2 ആണ് ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി. എന്നാൽ ഇന്ന് ഇത് പാക്കിസ്താന്റെ അനധികൃത കൈവശത്തിലുള്ള കശ്മീർ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.
ആരവല്ലി
ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പർവതങ്ങളിൽപ്പെടുന്ന പർവതനിരയാണ് ആരവല്ലി. പ്രധാനമായും രാജസ്ഥാനിലാണ് ആരവല്ലി സ്ഥിതിചെയ്യുന്നത്. 1722 മീറ്റർ ഉയരമുള്ള ഗുരുശിഖരമാണ് ഇതിലെ ഏറ്റവും ഉയരമുള്ള കൊടുമുടി.
സത്പുര പർവത നിര
ഇന്ത്യയുടെ മദ്ധ്യത്തിലുള്ള പർവതങ്ങളാണിവ. ഗുജറാത്ത്, ഛത്തീസ്‌ഗഢ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നവയാണിവ. ഇതിനു സമാന്തരമായാണ് വിന്ധ്യൻ പർവതനിരകൾ.
വിന്ധ്യൻ മലനിരകൾ
വിന്ധ്യ പർവതനിരകൾ ഇന്ത്യയെ വടക്കേ ഇന്ത്യയായും തെക്കേ ഇന്ത്യയായും വേർതിരിക്കുന്നു. ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു.
പശ്ചിമഘട്ടം
ഡക്കാൺ പീഠഭൂമിയിൽ നിന്നാരംഭിച്ച് അറബിക്കടലിനു സമാന്തരമായി കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന മലനിരകളാണ് പശ്ചിമഘട്ടം അഥവാ സഹ്യാദ്രി. 1600 കിലോമീറ്റർ നീണ്ടു കിടക്കുന്നുണ്ടിത്. പശ്ചിമഘട്ടത്തിലെ പ്രധാന മലമ്പാതയാണ് പാലക്കാട് ചുരം. പശ്ചിമഘട്ടത്തിലെ ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മൂന്നാർ, തേക്കടി, ഊട്ടി, കൊടൈക്കനാൽ എന്നിവ. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ടത്തിലാണ്.
പൂർവഘട്ടം
ഇന്ത്യയുടെ കിഴക്കൻ തീരത്ത്, പശ്ചിമ ബംഗാൾ, ഒറീസ്സ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ ഇടമുറിഞ്ഞും പംക്തികളായും പരന്നു കിടക്കുന്ന മലനിരകളാണിവ.
ചുരങ്ങൾ
പ്രധാന ചുരങ്ങൾ താഴെപ്പറയുന്നവയാണ്:
- നാഥുലാ ചുരം- ഇന്ത്യയിലെ സിക്കിമിനേയും ടിബറ്റിനേയുംബന്ധിപ്പിക്കുന്ന ചുരം. 1962- ൽ ഇന്ത്യാ-ചൈന യുദ്ധത്തെ തുടർന്ന് അടച്ച് ഈ ചുരം 2006 ജൂലൈ ഒന്നിന് വീണ്ടും തുറന്നു,
- ഷിപ്കിലാ ചുരം – ഹിമാചൽ പ്രദേശിനെയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം,
- സോജിലാ ചുരം – ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്നു. ഇതുവഴിയുള്ള പാത ദേശീയപാതയാണ് (ദേ. പാ. 1 ഡി),
- ലീപുലേഖ് - ഉത്തരാഖണ്ഡിനെ ടിബറ്റുമായി ബണ്ഡിപ്പിക്കുന്നു
- ബനിഹൽ ചുരം – ജമ്മു കാശ്മീരിനെ സിവാലിക്കുമായി ബന്ധിപ്പിക്കുന്ന ഇത് പീർ പാജ്ഞാൽ പർവത നിരകളിലാണ്,
- ദിഫു ചുരം – ഇന്ത്യ – ചൈന- മ്യാന്മർ എന്നിവയൂടെ അതിർത്തിയിലാണിത്,
- റൊഹ്താങ്ങ് ചുരം – കുളു താഴ്വരയെയും (ഹിമാചൽ) ലാഹുൽ-സ്പിതി താഴ്വരയേയും ബന്ധിപ്പിക്കുന്നു,
- പെൻസിലാ ചുരം – ജമ്മുവിലെ ലഡാക്കിനേയും കാർഗിൽ ജില്ലയേയും ബന്ധിപ്പിക്കുന്നു,
- പേരിയ ചുരം – കേരളത്തിലെ കണ്ണൂർ ജില്ലയെയും വയനാട് ജില്ലയെയും ബന്ധിപ്പിക്കുന്ന ചുരം
- താമരശ്ശേരി ചുരം കോഴിക്കോട് ജില്ലയേയും വയനാട് ജില്ലയേയും ബന്ധിപ്പിക്കുന്നു.
സമതലങ്ങൾ
ഉത്തരേന്ത്യൻ മഹാസമതലം, തീരസമതലങ്ങൾ എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങൾ ഉണ്ട്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളുടേയും അവയൂടെ പോഷക നദികളൂടേയും സംഭാവനയാണ് ഉത്തരേന്ത്യൻ മഹാ സമതലങ്ങൾ. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷികമേഖലയാണിത്. നദികൾ വഹിച്ചുകൊണ്ടുവരുന്ന എക്കൽ മണ്ണാണു ഈ പ്രദേശത്തിന്റെ ഫലഭൂയിഷ്ടതക്ക് കാരണം. രണ്ടാമത്തെ വിഭാഗം ഇന്ത്യയുടെ തീരത്തുള്ളതാണ്. രണ്ടു തീര സമതലങ്ങൾ ഇന്ത്യയിലുണ്ട്. കിഴക്കുള്ളതും പടിഞ്ഞാറുള്ളതും. കടലിൽ ചേരുന്ന നദികളാണ് ഈ പ്രദേശത്തിന്റെ വളക്കൂറിനുള്ള കാരണം.
നദികൾ
ഹിമാലയൻ നിരകളും പശ്ചിമഘട്ടവുമാണ് ഇന്ത്യയിലെ നദികളൂടെ പ്രധാന ഉറവിടങ്ങൾ.
ഹിമാലയൻ നദികളിൽ പ്രധാനം സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയും അവയുടെ പോഷക നദികളുമാണ്. പശ്ചിമഘട്ടത്തിൽ നിന്നൊഴുകുന്നവയിൽ നർമദ, തപ്തി, മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, എന്നിവയാണ് പ്രധാന്യമർഹിക്കുന്നത്. നിരവധി വൈദ്യുത, ജലസേചന പദ്ധതികളും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും ഈ നദികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.
ദേശീയ പ്രതീകങ്ങൾ
ദേശീയ പൈതൃക മൃഗം : ആന | ||
---|---|---|
ദേശീയ പക്ഷി : മയിൽ | ||
ദേശീയ മരം : പേരാൽ | ||
ദേശീയ പുഷ്പം : താമര | ||
ദേശീയ മൃഗം : കടുവ | ||
ദേശീയ ജലജീവി : ഗംഗാ ഡോൾഫിൻ | ||
ദേശീയ ഉരഗം : രാജവെമ്പാല | ||
ദേശീയ ഫലം : മാങ്ങ | ||
ദേശീയ നദി : ഗംഗ | ||
ദേശീയ പതാക
കുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങളുള്ളതും 3:2 എന്ന അനുപാതത്തിൽ നിർമ്മിച്ചതും കൃത്യം മദ്ധ്യഭാഗത്ത് 24 ആരക്കാലുകളുള്ള അശോക ചക്രം പതിപ്പിച്ചതുമായ പതാകയാണ് ഇന്ത്യയുടെ ദേശീയപതാക. ആന്ധ്രാപ്രദേശുകാരനായ പിംഗലി വെങ്കയ്യ രൂപകൽപ്പന ചെയ്ത ഈ പതാക, 1947 ജൂലൈ 22-നു ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചു. ദേശീയപതാകയിലെ കുങ്കുമനിറം ധൈര്യത്തിനേയും ത്യാഗത്തിനേയും സൂചിപ്പിക്കുന്നു. വെള്ളനിറം സത്യം, സമാധാനം എന്നിവയുടെ പ്രതീകമാണ്. പച്ചനിറം അഭിവൃദ്ധിയും വിശ്വാസവും ഫലസമൃദ്ധിയും പ്രതിനിധീകരിക്കുന്നു. സാഞ്ചിയിലെ സ്തൂപത്തിൽ നിന്നും കടംകൊണ്ട ചക്രം കർമ്മത്തിന്റെ പ്രതീകമാണ്. കുങ്കുമനിറം മുകളിലും വെള്ളനിറം മധ്യ ഭാഗത്തും പച്ചനിറം താഴെയുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
ദേശീയചിഹ്നം
സിംഹമുദ്രയാണ് ഇന്ത്യയുടെ ദേശീയമുദ്ര. 1950 ജനുവരിയിലാണ് ഭരണഘടനാ സമിതി ഇതംഗീകരിച്ചത്. നാലുവശത്തേക്കും സിംഹങ്ങൾ തിരിഞ്ഞു നിൽക്കുന്നു. സിംഹത്തിന്റെ തലയും രണ്ടുകാലുകളുമാണ് ഒരു ദിശയിലുള്ളത്. അശോകചക്രവർത്തിയുടെ കാലത്ത് സൃഷ്ടിച്ച സ്തംഭത്തിൽ നിന്നും കടംകൊണ്ട മുദ്രയായതിനാൽ അശോകമുദ്രയെന്നും, അശോകസ്തംഭം എന്നും പറയപ്പെടുന്നു.
അശോകസ്തംഭത്തിലുണ്ടായിരുന്നതിലുപരിയായി സിംഹത്തിനു താഴെയായി കാളയേയും കുതിരയേയും സിംഹമുദ്രയിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ ദേവനാഗരി ലിപിയിൽ മുണ്ഡകോപനിഷതിലെ സത്യമേവ ജയതെ (സത്യം എപ്പോഴും ജയിക്കട്ടെ) എന്നവാക്യവും ആലേഖനം ചെയ്തിരിക്കുന്നു. കാള കഠിനാധ്വാനത്തേയും കുതിര മുന്നോട്ടുള്ള കുതിപ്പിനേയും സൂചിപ്പിക്കുന്നു.
ദേശീയഗാനം
രവീന്ദ്രനാഥ ടാഗോർ രചിച്ച ജനഗണമനയാണ് ഇന്ത്യയുടെ ദേശീയഗാനം. 1950 ജനുവരി 24-നു ജനഗണമന ദേശീയഗാനമായി അംഗീകരിച്ചു. സംസ്കൃതത്തിൽ രചിക്കപ്പെട്ടവന്ദേമാതരം എന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതിയാണ് ഇന്ത്യയുടെ ദേശീയ ഗീതം. ദേശീയഗാനത്തിന്റെ കൂടെ തന്നെ ദേശീയഗീതത്തേയും അംഗീകരിച്ചിരുന്നു. മുഹമ്മദ് ഇക്‌ബാൽ രചിച്ച സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനത്തിനും ദേശീയഗാനത്തിന്റേയും ദേശീയഗീതത്തിന്റേയും തുല്യപരിഗണനയാണ് നൽകി വരുന്നത്.
ദേശീയജീവജാലങ്ങൾ
ഇന്ത്യയുടെ ദേശീയ മൃഗം കടുവയാണ്. 1972-ൽ ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്തു. മയിലിനെ ദേശീയ പക്ഷിയായി 1964-ൽ തന്നെ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യയുടെ ദേശീയ പുഷ്പം താമരയും, ദേശീയ വൃക്ഷം പേരാലുമാണ്. ദേശീയ ഫലം മാങ്ങയാണ്, ദേശീയ ജലജീവിയായി 2009-ൽ സുസു എന്ന ശുദ്ധജല ഡോൾഫിനേയും തിരഞ്ഞെടുത്തുദേശീയ പൈതൃക മൃഗമായി 2010 ഇൽ ആന യെ തിരഞ്ഞെടുത്തു[28].
ദേശീയ പഞ്ചാംഗം
ശകവർഷമാണ് ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം. 1957 മാർച്ച് 22 നാണ് ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത്. കുഷാന (കുശാന) രാജാവായിരുന്ന കനിഷ്കനാണ് ക്രി.വ. 78-ൽ ഈ പഞ്ചാംഗം (കലണ്ടർ) തുടങ്ങിയതെന്ന് കരുതുന്നു. ശകവർഷം തുടങ്ങി 1879 വർഷം കഴിഞ്ഞാണ് ഇന്ത്യ അത് ദേശീയ പഞ്ചാംഗമാക്കുന്നത്. താഴെപ്പറയുന്ന ഔദ്യോഗിക ആവശ്യങ്ങൾക്ക് ശകവർഷം ഔദ്യോഗിക കലണ്ടറായി ഉപയോഗിക്കുന്നു.
- ഗസറ്റ് ഓഫ് ഇന്ത്യ
- ആകാശവാണിയുടെ വാർത്താപ്രക്ഷേപം
- ഇന്ത്യാ ഗവണ്മെന്റ് പുറത്തിറക്കുന്ന കലണ്ടറുകൾ
- പൊതുജനങ്ങൾക്കായുള്ള സർക്കാർ കുറിപ്പുകൾ
ശകവർഷത്തിലെ ആദ്യമാസം ചൈത്രമാണ്. ചൈത്രമാസം ഒന്നാം തീയതി സാധാരണ വർഷങ്ങളിൽ മാർച്ച് 22-നാണ് വരിക. അധിവർഷങ്ങളിൽ മാർച്ച് 21 നും.[29]
ഭരണ സംവിധാനം
ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് രാജ്യമായാണ് ഭരണഘടന ഇന്ത്യയെ വിഭാവനം ചെയ്യുന്നത്.[30] 1950 ജനുവരി 26-നാണ് ഇതു നിലവിൽ വന്നത്.[31] നിയമനിർമ്മാണം, ഭരണനിർവഹണം, നീതിന്യായ വ്യവസ്ഥ എന്നിങ്ങനെ മൂന്നു തട്ടുകളാണ് ഭരണസംവിധാനം.[32][33] രാജ്യത്തിന്റെ തലവൻ രാഷ്ട്രപതി(പ്രസിഡന്റ്)യാണ്.[34] നേരിട്ടല്ലാതെയുള്ള ഒരു തിരഞ്ഞെടുപ്പ് സമിതിയാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.[35] നൈയാമിക അധികാരങ്ങൾ മാത്രമേ രാഷ്ട്രപതിക്കുളളു. കര-നാവിക-വ്യോമ സേനകളുടെ കമാൻഡർ-ഇൻ-ചീഫും രാഷ്ടപതിയാണ്. പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ട്‌റൽ കോളജാണ് രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും തിരഞ്ഞെടുക്കുന്നത്. അഞ്ചു വർഷമാണ് ഇവരുടെ കാലാവധി.[35][36][37] സർക്കാരിന്റെ തലവനായ പ്രധാനമന്ത്രിയിലാണ് ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രീകൃതമായിരിക്കുന്നത്.[34] പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന രാഷ്ട്രീയ കക്ഷിയുടെ അല്ലെങ്കിൽ മുന്നണിയുടെ നേതാവാണ് പ്രധാനമന്ത്രിയാവുന്നത്.[34][38] രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള കേന്ദ്ര മന്ത്രിസഭ എന്നിവരടങ്ങുന്നതാണ് ഭരണനിർവഹണ സംവിധാനം(എക്സിക്യുട്ടീവ്).
ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ | |
---|---|
പതാക | ത്രിവർണം |
ചിഹ്നം | സാരനാഥിലെ അശോകസ്തംഭം |
ഗാനം | ജന ഗണ മന |
ഗീതം | വന്ദേ മാതരം |
മൃഗം | രാജകീയ ബംഗാൾ കടുവ |
പക്ഷി | മയിൽ |
പുഷ്പം | താമര |
ജലജീവി | സുസു |
വൃക്ഷം | പേരാൽ[39] |
ഫലം | മാങ്ങ |
കളി | ഹോക്കി |
ദിനദർശിക | ശകവർഷം |
രണ്ടു മണ്ഡലങ്ങളുളള പാർലമെന്ററി സംവിധാനമാണ് ഇന്ത്യയിൽ. നിയമനിർമ്മാണസഭയായ പാർലമെന്റിന്റെ ഉപരി മണ്ഡലത്തെ രാജ്യസഭയെന്നും അധോമണ്ഡലത്തെ ലോക്‌സഭയെന്നും വിളിക്കുന്നു.[40] രാജ്യ സഭയിലെ 250 അംഗങ്ങളെ ജനങ്ങൾ നേരിട്ടല്ല തിരഞ്ഞെടുക്കുന്നത്. സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ രൂപവത്കരിക്കുന്ന ഇലക് ടറൽ കോളജാണ് ഇവരെ തിരഞ്ഞെടുക്കുന്നത്.[41][41] അതേ സമയം 552 അംഗ ലോക്‌സഭയെ ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുന്നു.[41] സർക്കാർ രൂപവത്കരണത്തിലും രാഷ്ട്രീയ മാറ്റങ്ങൾക്കും വേദിയാകുന്നത് ലോക്‌സഭയാണ്. 18 വയസ് പൂർത്തിയാക്കിയ പൗരന്മാർക്കെല്ലാം വോട്ടവകാശമുണ്ട്.
സ്വതന്ത്ര നീതിന്യായ വ്യവസ്ഥയാണ് ഇന്ത്യയിലേത്. ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുളള സുപ്രീം കോടതിയാണ് നീതിന്യായ വ്യവസ്ഥയുടെ കേന്ദ്രം. സുപ്രീം കോടതി, 24 ഹൈക്കോടതികൾ, നിരവധി മറ്റു കോടതികൾ എന്നിവയാണ് ഇന്ത്യയിലെ പ്രധാന നീതിന്യായവ്യവസ്ഥാ സ്ഥാപനങ്ങൾ.[42] പൗരന്റെ മൗലികാവകാശങ്ങളും മറ്റും നിർവ്വചിക്കുന്നതും, സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും ഹൈക്കോടതിയിൽ നിന്നു അപ്പീൽ പോയ കേസുകളും കൈകാര്യം ചെയ്യുന്നത് സുപ്രീം കോടതിയാണ്.[43] നീതിനായവ്യവ്സ്ഥയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാരിനും, ജനങ്ങൾക്കും കോടതിയെ സമീപിക്കാം.[42][44] ഭരണസംവിധാനത്തിന്റെ ഏറ്റവും ഉയർന്ന പരിധി എന്ന നിലയിൽ സുപ്രീംകോടതിക്ക് നീതിനിർവ്വാഹ വ്യവസ്ഥയിൽ പ്രധാന പങ്കുണ്ട്.[45]
സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ
സംസ്ഥാനങ്ങൾ:
സംസ്ഥാനം | തലസ്ഥാനം | |
---|---|---|
1 | ആന്ധ്രാപ്രദേശ് | അമരാവതി |
2 | അരുണാചൽ പ്രദേശ് | ഇറ്റാനഗർ |
3 | അസം | ദിസ്പൂർ |
4 | ബീഹാർ | പട്ന |
5 | ഛത്തീസ്ഗഡ് | റായ്പൂർ |
6 | ഗോവ | പനാജി |
7 | ഗുജറാത്ത് | ഗാന്ധിനഗർ |
8 | ഹരിയാന | ചണ്ഡീഗഡ് |
9 | ഹിമാചൽ പ്രദേശ് | ഷിംല (വേനൽക്കാലം) ,
ധർമ്മശാല (ശീതകാലം) |
10 | ജാർഖണ്ഡ് | റാഞ്ചി |
11 | കർണാടക | ബാംഗ്ലൂർ |
12 | കേരളം | തിരുവനന്തപുരം |
13 | മധ്യപ്രദേശ് | ഭോപ്പാൽ |
14 | മഹാരാഷ്ട്ര | മുംബൈ (വേനൽക്കാലം) ,
നാഗ്പൂർ (ശീതകാലം) |
15 | മണിപ്പൂർ | ഇംഫാൽ |
16 | മേഘാലയ | ഷില്ലോങ് |
17 | മിസോറാം | ഐസ്വാൾ |
18 | നാഗാലാൻഡ് | കൊഹിമ , ദിമാപൂർ |
19 | ഒഡീഷ | ഭുവനേശ്വർ |
20 | പഞ്ചാബ് | ചണ്ഡീഗഡ് , ലുധിയാന |
21 | രാജസ്ഥാൻ | ജയ്പൂർ |
22 | സിക്കിം | ഗാങ്ടോക്ക് |
23 | തമിഴ്നാട് | ചെന്നൈ |
24 | തെലങ്കാന | ഹൈദരാബാദ് |
25 | ത്രിപുര | അഗർത്തല |
26 | ഉത്തർപ്രദേശ് | ലഖ്‌നൗ |
27 | ഉത്തരാഖണ്ഡ് | ഭരാരിസൈൻ (വേനൽക്കാലം) ,
ഡെറാഡൂൺ (ശീതകാലം) |
28 | പശ്ചിമ ബംഗാൾ | കൊൽക്കത്ത |
കേന്ദ്രഭരണപ്രദേശങ്ങൾ:
കേന്ദ്രഭരണപ്രദേശം | തലസ്ഥാനം | |
---|---|---|
1 | ആൻഡമാൻ നിക്കോബാർ ദ്വീപുകൾ | പോർട്ട് ബ്ലെയർ |
2 | ചണ്ഡീഗഡ് | ചണ്ഡീഗഡ് |
3 | ദാദ്ര നഗർ ഹവേലി, ദാമൻ ദിയു | ദാമൻ |
4 | ഡൽഹി | ന്യൂ ഡെൽഹി |
5 | ജമ്മു കാശ്മീർ | ശ്രീനഗർ (വേനൽക്കാലം) ,
ജമ്മു (ശീതകാലം) |
6 | ലഡാക്ക് | ലേ (വേനൽക്കാലം) ,
കാർഗിൽ (ശീതകാലം) |
7 | ലക്ഷദ്വീപ് | കവരത്തി |
8 | പുതുച്ചേരി | പുതുച്ചേരി |
രാഷ്ട്രീയം
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്നത് ഇന്ത്യയിലാണ്.[46][47] സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മിക്കവാറും വർഷങ്ങൾ ഇന്ത്യ ഭരിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച ഗവൺമെന്റ് ആയിരുന്നു[48] ഇന്ത്യൻ സംസ്ഥാനങ്ങളിലെ ദേശീയ പാർട്ടികളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി) എന്നീ ദേശീയ പാർട്ടികളും മറ്റനേകം പ്രാദേശിക പാർട്ടികളും ഉൾപ്പെടുന്നു. 1950-നും 1990-നും ഇടയിൽ രണ്ടു തവണയൊഴികെ ബാക്കി എല്ലാ തവണയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിലെത്തി. 1977-നും 1980-നും ഇടയിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റാണ് അധികാരത്തിലെത്തിയത്. 1989-ൽ ജനതാദൾ നയിച്ച ദേശീയസഖ്യത്തിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഇടതു സഖ്യത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയെങ്കിലും രണ്ടു വർഷം മാത്രമേ ഭരിക്കാനായുള്ളൂ.[49] 1991-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞതിനെത്തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു തൂക്കുമന്ത്രിസഭ രൂപവത്കരിച്ചു.പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള ഈ ഗവണ്മെന്റ് 5 വർഷം പൂർത്തിയാക്കി.[50]
1996–1998 കാലഘട്ടത്തിൽ ഇന്ത്യയിലെ ഫെഡറൽ ഗവൺമെന്റ് രംഗത്ത് ചെറു കാലയളവ് മാത്രം ഭരിച്ചിരുന്ന ഗവൺമെന്റുകൾ കാരണം നിരവധി പ്രക്ഷുബ്ധാവസ്ഥകൾ ഉണ്ടായി. ബി.ജെ.പി നേതൃത്വത്തിലുള്ള ഒരു ഗവൺമെന്റ് 1996-ൽ നിലവിൽ വന്നു. തുടർന്ന് കോൺഗ്രസും, ബിജെപിയും ഒഴിച്ചുള്ള കക്ഷികൾ കൂടിച്ചേർന്ന് ദേശീയ ഐക്യ സഖ്യം എന്ന പേരിൽ ഒരു മുന്നണിയുണ്ടാക്കുകയും അവർ ഭരണം കയ്യാളുകയും ചെയ്തു. 1998-ൽ ബിജെപിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം എന്ന പേരിൽ ഒരു മുന്നണി രൂപവത്കരിക്കുകയും അവർ ഭരണത്തിലേറുകയും ചെയ്തു. ആദ്യമായി 5 വർഷം ഭരണം കയ്യാളിയ കോൺഗ്രസ്സിതര ഗവൺമെന്റാണിത്.[51] 2004-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ പുരോഗമന സഖ്യം കൂടുതൽ സീറ്റുകളിൽ വിജയിക്കുകയും ഭരണത്തിലേറുകയും ചെയ്തു. ഇടതു പക്ഷത്തിന്റെ പിന്തുണയോടെയാണ് ഈ സഖ്യം അധികാരത്തിലേറിയത്. ബിജെപിയായിരുന്നു പ്രധാന പ്രതിപക്ഷം. 2009-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഐക്യ പുരോഗമന സഖ്യം വീണ്ടും അധികാരത്തിലെത്തി. ഈ ലോകസഭയിലെ ഇടതു അംഗങ്ങളുടെ എണ്ണം മുൻപുള്ളതിനേക്കാൾ ചുരുങ്ങി.[52] ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും പ്രധാനമന്ത്രിയാകുന്ന വ്യക്തിയായി മൻമോഹൻ സിംഗ് മാറി.[53] 2014-ലെ പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നയിച്ച എൻ.ഡി.എ സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി പത്ത് വർഷത്തിന് ശേഷം വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. പതിനാറാം ലോക്സഭയിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടു. 282 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ ഭരണകക്ഷിയായിരുന്ന കോൺഗ്രസ് പാർട്ടി 44 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു.[54] 2019-ലെ പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിലും ബി.ജെ.പി നയിച്ച എൻ.ഡി.എ സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് നിലവിലെ ലോക്സഭയിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്നു.[55]
ജനങ്ങൾ
കൃഷി
ഇന്ത്യയിലെ കാർഷികവിളകൾ പ്രദേശങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണ്. ഉത്തരേന്ത്യയിൽ ഗോതമ്പ് കൃഷി ചെയ്യുമ്പോൾ ദക്ഷിണേന്ത്യയിലും തീരദേശങ്ങളിലും അരിയാണ് പ്രധാനകൃഷി.
ഭക്ഷ്യവിളയായി ചാമയും നാണ്യവിളയായി പരുത്തിയും എണ്ണക്കുരുവായി നിലക്കടലയുമാണ് മദ്ധ്യേന്ത്യയിൽ കൃഷി ചെയ്യുന്നത്. ജോവർ, ബജ്ര എന്നിങ്ങനെ ചാമയുടെ രണ്ടു വകഭേദങ്ങളാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. ഡെക്കാൻ മേഖലയിലാണ് ജോവർ കൂടുതലായും കൃഷി ചെയ്യുന്നത്. ഇത് വിളയുന്നതിന് നാലുമാസം മാത്രമേ എടുക്കുകയുള്ളൂ. അതുകൊണ്ട് ഇടവിളയായി പരുത്തികൃഷി ചെയ്യുന്നു. ജോവറിനേക്കാൾ കൂടുതൽ കടുത്ത ചാമയുടെ വകഭേദമാണ് ബജ്ര അഥവാ പേൾ മില്ലറ്റ് (ഇംഗ്ലീഷ്: Pearl Millet). വരണ്ട പ്രദേശങ്ങൾക്ക് അനുയോജ്യമായ വിളയാണിത്. രാജസ്ഥാനിൽ പ്രത്യേകിച്ച് ഥാർ മരുഭൂമി പ്രദേശങ്ങളിൽ ഇത് കൃഷി ചെയ്യുന്നു. വർഷത്തിൽ 90 സെന്റീമീറ്ററിലധികം മഴ ലഭിക്കുന്നയിടങ്ങളിൽ കൃഷി ചെയ്യുന്നതിന് ഇത് യോഗ്യമല്ല. ദക്ഷിണമൈസൂരിലെ ലാറ്ററൈറ്റ്, ഗ്രാനൈറ്റ് മണ്ണിൽ കൃഷി ചെയ്യുന്ന മറ്റൊരിനം ചാമയാണ് റാഗി. മൺസൂണിനെ ആശ്രയിച്ചോ ജലസേചനം നൽകിയോ ആണ് ഇത് കൃഷി ചെയ്യുന്നത്[56].
വാണിജ്യം
അതിപുരാതന കാലം മുതൽക്കേ ഇന്ത്യ വാണിജ്യത്തിനു പേരുകേട്ടതായിരുന്നു. മസ്ലിനും ഇൻഡിഗോയും ഇന്ത്യയിൽ നിന്ന് പുരാതന ഈജിപ്തുകാർ ഇറക്കുമതി ചെയ്തിരുന്നു. ഫറവോ റാംസസ് രണ്ടാമൻ ഗംഗ വരെ എത്തിയതായും പറയപ്പെടുന്നു. ഈജിപ്തിൽ മമ്മിവൽക്കരണത്തിനായി ഇന്ത്യയിൽനിന്നുള്ള സുഗന്ധദ്രവ്യങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും കരുതപ്പെടുന്നു[57].
സാമ്പത്തികരംഗം
1950 മുതൽ 1980 വരെ ഇന്ത്യ സോഷ്യലിസ്റ്റ് നയങ്ങൾ പിന്തുടരുകയായിരുന്നു. ഇതു കാരണം ഇന്ത്യയുടെ സാമ്പത്തിക രംഗം കൂടുതലായുള്ള നിയന്ത്രണങ്ങൾ, അഴിമതി, പതുക്കെയുള്ള വികസനം തുടങ്ങിയ രീതികളിലേക്ക് തളക്കപ്പെട്ടു[58][59][60][61] . 1991 മുതൽ ഇന്ത്യയിൽ വിപണി അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥ രൂപപ്പെട്ടു തുടങ്ങി[59][60]. 1991-ൽ നിലവിൽ വന്ന ഉദാരീകരണത്തിന്റെ ഫലമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ മുഖ്യ വരുമാനങ്ങളിലൊന്നായി വിദേശ വ്യാപാരത്തിലൂടെയുള്ള വരുമാനവും, വിദേശ നിക്ഷേപവും മാറി.[62] കഴിഞ്ഞ രണ്ടു ദശകങ്ങളായുള്ള 5.8% എന്ന ശരാശരി ജി.ഡി.പി-യോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറി[63].
ലോകത്തിലെ തന്നെ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. ഏതാണ്ട് 516.3 മില്യൺ വരുമിത്. ജി. ഡി. പിയുടെ 28% കാർഷികരംഗത്തു നിന്നുമാണ് ലഭിക്കുന്നത്. സർവ്വീസ്, വ്യവസായ രംഗങ്ങൾ യഥാക്രമം 54%, 18% ജി. ഡി. പി. നേടിത്തരുന്നു. ഇന്ത്യയിലെ പ്രധാന കാർഷിക ഇനങ്ങൾ അരി, ഗോതമ്പ്, എണ്ണധാന്യങ്ങൾ, പരുത്തി, ചായ, കരിമ്പ്, ഉരുളക്കിഴങ്ങ്, പശു വളർത്തൽ, ആടു വളർത്തൽ, കോഴി വളർത്തൽ, മത്സ്യക്കൃഷി എന്നിവയുൾപ്പെടുന്നു.[48] പ്രധാന വ്യവസായങ്ങളിൽ വസ്ത്രനിർമ്മാണം, രാസപദാർത്ഥനിർമ്മാണം, ഭക്ഷണ സംസ്കരണം, സ്റ്റീൽ, യാത്രാസാമഗ്രികളുടെ നിർമ്മാണം, സിമന്റ്, ഖനനം, പെട്രോളിയം, സോഫ്റ്റ്‌വെയർ എന്നിവയുൾപ്പെടുന്നു.[48] ഇന്ത്യയുടെ ഓഹരിവ്യാപാരം താരതമ്യേന ഭേദപ്പെട്ട നിലയിലുള്ള, 1985-ലെ 6% എന്ന നിലയിൽ നിന്ന്, ജി.ഡി.പി.യുടെ 24% എന്ന നിലയിലേക്ക് 2006-ൽ എത്തിച്ചേർന്നു.[59] 2008-ൽ ഇന്ത്യയുടെ ഓഹരി വ്യാപാരം ലോക ഓഹരി വ്യാപാരത്തിന്റെ 1.68 % ആയിത്തീർന്നു.[64] ഇന്ത്യയിൽ കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന വസ്തുക്കളിൽ പെട്രോളിയം ഉല്പ്പന്നങ്ങൾ, വസ്ത്രനിർമ്മാണ ഉല്പ്പന്നങ്ങൾ, ജ്വല്ലറി വസ്തുക്കൾ, സോഫ്റ്റ്‌വെയർ, എഞ്ചിനീയറിങ്ങ് ഉപകരണങ്ങൾ, കെമിക്കൽസ്, തുകൽ അസംസ്കൃതവസ്തുക്കൾ എന്നിവയുൾപ്പെടുന്നു.[48] ക്രൂഡ് ഓയിൽ, യന്ത്രങ്ങൾ, ജെംസ്, വളങ്ങൾ, കെമിക്കൽസ് എന്നിവ പ്രധാനമായും ഇറക്കുമതി ചെയ്യപ്പെടുന്ന ഉല്പ്പന്നങ്ങളിൽ ഉൾപ്പെടുന്നു.[48]
1950 മുതൽ 1980 വരെ ഇന്ത്യ സോഷ്യലിസ്റ്റ് സ്വാധീനമുള്ള സാമ്പത്തിക നയമായിരുന്നു സ്വീകരിച്ചിരുന്നത്.. ലൈസൻസ് രാജ്, പൊതു അവകാശങ്ങൾ, അഴിമതി, വികസനത്തിലെ ത്വരിതയില്ലായ്മ എന്നീ കാരണങ്ങളാൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശിഥിലമാകാൻ തുടങ്ങി.[58][59][60][61] 1991-ൽ രാജ്യത്ത് പ്രഖ്യാപിച്ച ഉദാരവൽക്കരണത്തിന്റെ ഭാഗമായി രാജ്യം കമ്പോളാടിസ്ഥിതിയിലുള്ള സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങാൻ തുടങ്ങി.[59][60] രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനു പോലും പണമില്ലാത്ത അവസ്ഥയിൽ 1991-ൽ തുടങ്ങിയ ഉദാരവൽക്കരണം വിദേശവ്യാപാരം, വിദേശ നിക്ഷേപം എന്നിവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിലനിർത്തിപ്പോരുന്നതിനുള്ള പ്രധാന ഉപാധികളായി സ്വീകരിച്ചു.[62]
2000-മാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയുടെ വളർച്ചാനിരക്ക് 7.5 ശതമാനമായി.[59]. ഇക്കാലയളവിൽ ഒരു ശരാശരി ഇന്ത്യക്കാരൻ ഒരു മണിക്കൂറിൽ സമ്പാദിക്കുന്ന പണം ഇരട്ടിയായി[67]. ഇന്ത്യയുടെവളർച്ച കഴിഞ്ഞ ഒരു ദശകമായി വളർച്ചയുടെ പാതയിലാണെങ്കിലും ദാരിദ്ര്യം പാടെ നിയന്ത്രിക്കാൻ ഭരണകൂടങ്ങൾക്കായിട്ടില്ല. പോഷകാഹാരക്കുറവുള്ള (3 വയസ്സിൽ താഴെയുള്ള) കുട്ടികൾ (2007-ൽ 46%) മറ്റേതൊരു രാജ്യത്തിലേക്കാളുമധികം ഇന്ത്യയിലാണ്.[68][69] ലോകബാങ്കിന്റെ അന്തർദേശീയാടിസ്ഥാനത്തിൽ നിർവ്വചിക്കപ്പെട്ടിട്ടുള്ള ദാരിദ്ര്യരേഖക്കു കീഴിലുള്ള തുകയായ (ഒരു ദിവസത്തേക്ക് 1.25 ഡോളർ) എന്ന തോതിൽ വേതനം പറ്റുന്നവരുടെ ശതമാനം 1981-ലെ 60% എന്ന നിലയിൽ നിന്നു 2005-ൽ 42 % ആയിട്ടുണ്ട്.[70] ഇന്ത്യ ഈയടുത്ത ദശകങ്ങളിൽ പോഷണക്കുറവുകാരണമുള്ള വിളർച്ച ഒഴിവാക്കിയെങ്കിലും, പകുതിയിലേറെ കുട്ടികളും ശരാശരി തൂക്കത്തിനു താഴെയാണ്. ലോകത്തെ കണക്കുകൾ പരിശോധിച്ചാൽ ഇത് അധികമാണ്. സഹാറൻ ആഫ്രിക്കയിലേതിന്റെ ഇരട്ടിയിലധികമാണ് ഇന്ത്യയിലെ തൂക്കക്കുറവുള്ള കുട്ടികളുടെ എണ്ണം.[71]
2007-ൽ ഗോൾഡ്‌മാൻ സാക്സ് 2007 മുതൽ 2020 വരെ എന്ന പേരിൽനടത്തിയ ഒരു പഠനപ്രകാരം ഇന്ത്യയുടെ ജി.ഡി.പി മൂന്നുമടങ്ങിലധികമാകുമെന്ന് പ്രവചിക്കുന്നു. അതുപോലെ 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ ജി. ഡി. പി അമേരിക്കൻ ഐക്യനാടുകളിലേക്കൾ അധികമാകുമെന്നും പ്രവചിക്കുന്നു. പക്ഷെ ഇന്ത്യ താഴ്ന്ന വരുമാനം ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഏതാനും ദശകങ്ങൾ കൂടെ തുടരുമെന്നും ഈ പഠനം പ്രവചിക്കുന്നുണ്ട്".[61] ഇന്ത്യൻ സാമ്പത്തികരംഗം ഏതാനും ദശകങ്ങളായി വളരെ വലിയ മാറ്റം കാണിക്കുന്നുണ്ടെങ്കിലും വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളിലായുള്ള വളർച്ച മറ്റുള്ള രാജ്യങ്ങളിലേതിനാക്കാൾ തികച്ചും വ്യത്യസ്തമായി തുടരുന്നു.[72] ലോകബാങ്ക് ഇന്ത്യക്കായി പൊതുമേഖലാ സ്ഥാപനങ്ങളുടെ മാറ്റം, തൊഴിൽ നിയമങ്ങളുടെ സമൂലമാറ്റം, എച്ച്. ഐ. വി/എയ്ഡ്സ് തുടങ്ങിയ രോഗങ്ങളുടെ ഫലപ്രദമായ തടയിടൽ തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നു.[73]
കായികം
ഇന്ത്യയുടെ ഔദ്യോഗിക കായിക ഇനം ഹോക്കിയാണ്. ഇന്ത്യൻ ഹോക്കി ഫെഡറേഷനാണ് ഇന്ത്യയിലെ ഹോക്കി നിയന്ത്രിക്കുന്നത്. ഇന്ത്യൻ ഹോക്കി ടീം 1975-ലെ പുരുഷന്മാരുടെ ഹോക്കി ലോകകപ്പു ജേതാക്കളായിട്ടുണ്ട്. അതു പോലെ ഒളിമ്പിക്സിൽ 8 സ്വർണ്ണമെഡലുകളും ഒരു വെള്ളിയും 2 വെങ്കലമെഡലുകളും ഹോക്കിയിലൂടെ ഇന്ത്യ കരസ്ഥമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യയിലെ ജനപ്രിയ കായിക ഇനം ക്രിക്കറ്റാണ്. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം 1983-ലെയും 2011-ലെയും ക്രിക്കറ്റ് ലോകകപ്പും, 2007-ലെ ഐ.സി.സി. വേൾഡ് ട്വന്റി 20-യും നേടിയിട്ടുണ്ട്. അതു പോലെ 2002-ലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി ശ്രീലങ്കയുമായി പങ്കു വെക്കുകയും 2013ൽ ഇംഗ്ളണ്ടിൽ വച്ചു നടന്ന ചാംമ്പ്യൻസ് ട്രോഫി മൽസരത്തിൽ ജേതാക്കളുമായി. ബിസിസിഐ ആണ് ഇന്ത്യയിലെ ക്രിക്കറ്റ് കാര്യങ്ങൾ നോക്കി നടത്തുന്നത്. ബി.സി.സി.ഐ. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ദിയോദർ ട്രോഫി, ഇറാനി ട്രോഫി, ചാലഞ്ചർ സീരീസ് തുടങ്ങിയ ദേശീയ ക്രിക്കറ്റ് കായിക മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇതു കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ്, ഇന്ത്യൻ ക്രിക്കറ്റ് ലീഗ് എന്നീ ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളും സംഘടിപ്പിക്കപ്പെടാറുണ്ട്.
ഇന്ത്യൻ ഡേവിസ കപ്പ് ടീം നേടിയ വിജയങ്ങൾക്കു ശേഷം ഇന്ത്യയിൽ ടെന്നീസിനും പ്രചാരം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഫുട്ബോൾ ഇന്ത്യയിലെ തെക്കു കിഴക്കൻ സംസ്ഥാനങ്ങൾ, പശ്ചിമ ബംഗാൾ, ഗോവ, കേരളം എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള ഒരു കായിക ഇനമാണ്.[74] ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ടീം സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പ് നിരവധി തവണ നേടിയിട്ടുണ്ട്. ചെസ്സ് എന്ന കായിക വിനോദം പിറവിയെടുത്തത് ഇന്ത്യയിലാണ്. നിരവധി ഗ്രാൻഡ് മാസ്റ്റർമാർ ഇന്ത്യയിൽ നിന്നു ഉണ്ടായതിനെത്തുടർന്ന് ഇന്ത്യയിൽ ചെസ്സും പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട്.[75] ഇന്ത്യയുടെ തനതായ കായിക ഇനങ്ങളായ കബഡി, ഖൊ ഖൊ തുടങ്ങിയ ഇനങ്ങൾ രാജ്യത്തെങ്ങും കളിക്കാറുണ്ട്.പ്രാചീന കായിക ഇനങ്ങളായ കളരിപ്പയറ്റ്, വർമ്മ കലൈ തുടങ്ങിയ ഇനങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്.
അർജുന അവാർഡ്, രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം എന്നിവയാണ് ഇന്ത്യയിലെ കായികരംഗത്തു നൽകുന്ന പ്രധാന ബഹുമതികൾ. കായികരംഗത്തു പരിശീലനം നൽകുന്നവർക്കു നൽകുന്ന പ്രധാന ബഹുമതി ദ്രോണാചാര്യ പുരസ്കാരവുമാണ്. 1951, 1982 എന്നീ വർഷങ്ങളിലെ ഏഷ്യാഡുകൾക്കും, 1987, 1996, 2011-ലെ ക്രിക്കറ്റ് ലോകകപ്പ് എന്നീ വർഷങ്ങളിലെ ക്രിക്കറ്റ് ലോകകപ്പുകൾക്കും 2010-ലെ കോമൺവെൽത്ത് ഗെയിംസിനും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
ഇതു കൂടി കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
കുറിപ്പുകൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.