ബെംഗളൂരു
കർണ്ണാടകയുടെ തലസ്ഥാനം From Wikipedia, the free encyclopedia
കർണ്ണാടകയുടെ തലസ്ഥാനം From Wikipedia, the free encyclopedia
കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനവും ലോകത്തിൽ തന്നെ അതിവേഗം വളരുന്ന നഗരങ്ങളിൽ ഒന്നുമാണ് ബാംഗ്ലൂർ അഥവാ ബംഗാളോർ (ഇംഗ്ലീഷ്: [ˈbæŋgəloːɾ] ), (കന്നഡ: ಬೆಂಗಳೂರು ബംഗളൂരു, ['beŋgəɭuːru] ) . കർണ്ണാടകത്തിലെ തെക്കു കിഴക്കൻ സമതലങ്ങളിലാണു ഇതു സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നു.[6]
|
വൻ കിട വ്യവസായങ്ങളുടെയും, സോഫ്റ്റ്വെയർ, എയ്റോസ്പേസ്, വാർത്താവിനിമയ സംവിധാനങ്ങൾ, ആരോഗ്യ സംരക്ഷണ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും, നിമ്ഹാൻസ് ഉൾപ്പടെയുള്ള മികച്ച ആശുപത്രികളുടെയും ആസ്ഥാന നഗരം കൂടിയാണ് ബാംഗ്ലൂർ. ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ് ബാംഗ്ലൂർ അറിയപ്പെടുന്നത്.[7] ഇന്ത്യയിലെ ഒരു വലിയ സാമ്പത്തിക സ്രോതസ്സായി ബാംഗ്ലൂർ മാറുകയും, ഏറ്റവും കൂടുതൽ വളർച്ചയുള്ള നഗരങ്ങളിൽ ഉൾപ്പെടുകയും, ലോകത്തിൽ വ്യവസായം തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല നഗരമായി സി.എൻ.എൻ. ബാംഗ്ലൂരിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.[8]
1500-കളിൽ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെമ്പഗൗഡ ഒന്നാമനെയാണ് ആണ് ബാംഗ്ലൂരിന്റെ സ്ഥാപകനായിട്ട് കണക്കാക്കപ്പെടുന്നത്. അദ്ദേഹം ഇവിടെ ഒരു മൺകോട്ട പണിതുയർത്തുകയും അതിനെ വിജയനഗര സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയാക്കുകയും ചെയ്തു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണകാലത്ത് ബാംഗളൂർ അവരുടെ പടിഞ്ഞാറൻ ഇന്ത്യയുടെ സാമ്രാജ്യഭരണത്തിന്റെ കേന്ദ്രമായി വികസിപ്പിച്ചു. ഈ പ്രദേശത്തിന്റെ കാലാവസ്ഥയും മറ്റും കൊണ്ട് അവർ ഇവിടം തിരഞ്ഞെടുക്കുകയായിരുന്നു എന്നു വേണം കരുതാൻ. കന്റോൺമെന്റ് അഥവാ പട്ടാളത്താവളത്തിന്റെ ആരംഭത്തിനു ശേഷം ഇവിടേയ്ക്കു നാനാ ദിക്കിൽ നിന്നും കുടിയേറ്റമുണ്ടായി. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ബാംഗ്ലൂർ, കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമായി മാറി. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പ്രത്യേക വ്യവസായ മേഖലയായും ബാംഗ്ലൂർ മാറുകയുണ്ടായി. പ്രത്യേകിച്ചു വ്യോമ, അന്തരീക്ഷയാന, പ്രതിരോധ മേഖലകളിൽ. ഇന്ന് വിവരസാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. ഇന്ന് രാജ്യത്തെ മികച്ച പഠന ഗവേഷണ കേന്ദ്രങ്ങളും, വിദ്യാഭ്യാസസ്ഥാപനങ്ങളുംബാംഗ്ലൂരിൽ ആണു. അതുപോലെ രാജ്യത്തെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള രണ്ടാമത്തെ നഗരവും ബാംഗ്ലൂർ ആണ്.
ഇന്ത്യയിലെ ആകെ കയറ്റിയയക്കപ്പെടുന്ന കമ്പ്യൂട്ടർ സോഫ്റ്റ്വേറിൽ 35 ശതമാനവും ഇവിടെയാണ് നിർമ്മിക്കുന്നത്. [അവലംബം ആവശ്യമാണ്].
പെൻഷനേർസ് പാരഡൈസ് (pensioner's paradise, പബ് സിറ്റി (pub city), പൂന്തോട്ട നഗരം ( garden city) എന്നിവ ബാംഗ്ലൂരിന്റെ അപരനാമങ്ങളാണ്. ഇന്ന് നഗരം ആധുനികതയുടെ പരിവേഷം അണിഞ്ഞുകഴിഞ്ഞു. വിവരസാങ്കേതിക മേഖലയിൽ ഒരു വൻ ശക്തികേന്ദ്രമായി ഈ നഗരത്തെ മാറ്റാൻ മാറി മാറി ഭരിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളും പരിശ്രമിച്ചതിന്റെ ഫലമായാണ് ഈ മേഖലയിൽ ഇന്നു കാണുന്ന വികസനമത്രയും എന്നു കാണാം .
2017 ഡിസംബറിൽ സ്വന്തമായി ലോഗോയുള്ള രാജ്യത്തെ ആദ്യ സിറ്റിയായി ബാംഗ്ലൂർ മാറി[9].
ബെംഗലൂരു എന്ന കന്നട ഭാഷയിലുള്ള പേര് ആംഗലേയവൽക്കരിക്കപ്പെട്ട പേരാണ് ബാംഗ്ലൂർ. ബെംഗലൂരു എന്ന ഈ പേരിനെ പറ്റിയുള്ള ആദ്യത്തെ വിവരണം ലഭിച്ചത് ഒമ്പതാം നൂറ്റാണ്ടിലെ പടിഞ്ഞാറൻ ഗംഗ രാജവംശത്തിന്റെ വീര കല്ലില്(ವೀರ ಗಲ್ಲು) ആലേഖനം ചെയ്തതിൽ നിന്നാണ്. കർണാടകയിലെ ബെഗൂരിൽ നിന്നും കണ്ടെടുത്ത ഈ കല്ലിൽ ബെംഗലൂരു എന്നത് 890-ൽ യുദ്ധം നടന്ന ഒരു സ്ഥലത്തിന്റെ നാമമാണ്. ഇതു പ്രകാരം ഈ സ്ഥലം 1004 വരെ ഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നുവെന്നും അപ്പോൾ ബെംഗവൽ ഊരു അഥവാ പാറാവുകാരന്റെ ഗ്രാമം എന്നായിരുന്നു നാമം എന്നാണ് [10]. ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം പറയുന്നതിങ്ങനെയാണ് :[11]
890 സി.ഇയിൽ ആലേഖനം ചെയ്തതു പ്രകാരം ,ബാംഗ്ലൂരിനു ആയിരത്തിലധികം വർഷം പഴക്കമുണ്ട്. പക്ഷേ ആലേഖനം ചെയ്ത ഈ ശിലാഫലകം ബെഗൂരിലെ പാർവ്വതി നാഗേശ്വര ക്ഷേത്രത്തിലെ ആരും കാണപ്പെടാതെ കിടക്കുകയായിരുന്നു. ഒമ്പതാം നൂറ്റാണ്ടിൽ ഹളേ കന്നട(പഴയ കന്നട)യിൽ എഴുതിയിരുന്ന ഈ ആലേഖനചരിതത്തിൽ 890-ൽ ബെംഗലൂരുവിൽ നടന്ന യുദ്ധത്തെ പറ്റിയും അതിൽ കൊല്ലപ്പെട്ട നാഗട്ടയുടെ പരിചാരകനായിരുന്ന ബുട്ടാനചെട്ടിയെപ്പറ്റിയും വിവരണമുണ്ട്. ഈ വിവരങ്ങൾ ആർ. നരസിംഹാചാർ കണ്ടെത്തി തന്റെ പുസ്തകമായ എപ്പിഗ്രാഫിക്ക ഓഫ് കർണാടക എന്ന ഗ്രന്ഥത്തിന്റെ പത്താം വാല്യത്തിൽ വിവരിച്ചിട്ടുണ്ട്
പ്രശസ്തമായ ഒരു ഐതിഹ്യപ്രകാരം, പതിനൊന്നാം നൂറ്റാണ്ടിൽ ഹൊയ്സാല രാജാവായിരുന്ന വീര ബല്ലാല II കാട്ടിൽ നായാട്ട് നടത്തിക്കൊണ്ടിരിക്കുന്നതിനിടെ വഴി തെറ്റി. തളർന്നും വിശന്നും വലയുകയായിരുന്ന രാജാവ് ഒരു ദരിദ്രയായ ഒരു വൃദ്ധയെ കണ്ടു. അവർ രാജാവിന് വേവിച്ച ധാന്യം ഭക്ഷണമായി നൽകി. സന്തോഷവാനായ ആ രാജാവ് ആ സ്ഥലത്തിനു വേവിച്ച ധാന്യങ്ങളുടെ നഗരം എന്നു വാക്യാർത്ഥമുള്ള "ബെന്ത കാൾ-ഊരു(benda kaal-ooru)" (കന്നട: ಬೆಂದಕಾಳೂರು) എന്നു പേരു നൽകി. അത് പരിണമിച്ചാണ് ബെംഗലൂരു എന്നായത്.[12][13]
2005 ഡിസംബർ 11-ന് കർണ്ണാടക സർക്കാർ ബാംഗ്ലൂർ എന്ന ആംഗലേയ പേരിനുപകരം ജ്ഞാനപീഠ പുരസ്കാരജേതാവായ യു. ആർ. അനന്തമൂർത്തി നിർദ്ദേശിച്ച ബെംഗളുരു എന്ന പേർ സ്വീകരിച്ചു.[14] 2006 സെപ്റ്റംബർ 27-ന് ബാംഗ്ലൂർ മഹാനഗര പാലിഗെ (ബി.എം.പി) പുതിയ നാമം സ്വീകരിക്കുന്നതിനായി ഒരു നിർദ്ദേശമിറക്കുകയും [15] ഈ നിർദ്ദേശം കർണാടക സർക്കാർ അംഗീകരിക്കുകയും ഔദ്യോഗിക പേരുമാറ്റം 2006 നവംബർ 1 മുതൽ നിലവിൽ വരികയും ചെയ്തു,[16] എങ്കിലും കേന്ദ്ര സർക്കാരിന്റെ നൂലാമാലകളിൽ പെട്ടു കിടക്കുകയാണ് ഈ പേരുമാറ്റം ഇപ്പോഴും [17]
പടിഞ്ഞാറൻ ഗംഗന്മാരുടെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഭരണത്തിന് ശേഷം 1024ൽ ചോളന്മാർ ബെംഗലൂരു പിടിച്ചടക്കി. 1070ൽ അധികാരം ചാലൂക്യ-ചോളന്മാരുടെ കൈകളിലായി. 1116ൽ ഹൊയ്സാല സാമ്രാജ്യം ചോളന്മാരെ തോല്പിച്ചുകൊണ്ട് തങ്ങളുടെ അധികാരം ബെംഗലൂരുവിലേക്ക് വ്യാപിപ്പിച്ചു. ആധുനിക ബാംഗ്ലൂർ കണ്ടെത്തിയത് വിജയനഗര സാമ്രാജ്യത്തിന്റെ ഒരു അടിയാനായ കെമ്പെ ഗൗഡ ഒന്നാമനെയാണു. 1537ൽ അദ്ദേഹം ആധുനിക ബാംഗ്ലൂരിന്നടുത്തായി ഒരു മൺ കോട്ടയും നന്ദി ക്ഷേത്രവും നിർമിച്ചു. കെമ്പഗൗഡ ഈ നഗരത്തെ ജേതാക്കളുടെ നഗരം എന്നർത്ഥമുള്ള ഗന്തു ഭൂമി എന്നു വിളിച്ചു [13].
കോട്ടക്കകത്തായി പട്ടണം "പേട്ട" എന്ന പേരിലുള്ള പല ചെറിയ ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. പട്ടണത്തിന് രണ്ട് പ്രധാന തെരുവുകളുണ്ടായിരുന്നു. കിഴക്ക് പടിഞ്ഞാറൻ ദിശയിൽ ചിക്-പേട്ട് തെരുവും, വടക്ക് തെക്ക് ദിശയിൽ ദൊഡപേട്ട തെരുവും. അവ കൂട്ടിമുട്ടിയിടത്ത് ബാംഗ്ലൂരിന്റെ ഹൃദയഭാഗമായ ദൊഡപ്പേട്ട നാൽക്കവല വളർന്നുവന്നു. കെമ്പെ ഗൗഡയുടെ പിൻഗാമിയായ കെമ്പെ ഗൗഡ രണ്ടാമൻ ബാംഗ്ലൂരിന്റെ അതിർത്തി തിരിച്ച പ്രശസ്തമായ നാലു ഗോപുരങ്ങൾ പണികഴിപ്പിച്ചു.[18] വിജയനഗര ഭരണകാലത്ത് ബാംഗ്ലൂർ ദേവരായനഗരമെന്നും കല്യാണപുരമെന്നും അറിയപ്പെട്ടു. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം ബാംഗ്ലൂരിന്റെ ഭരണം പലതവണ കൈമാറ്റം ചെയ്യപ്പെട്ടു. 1638ൽ കൂട്ടാളിയായ ഷാഹ്ജി ഭീൻസ്ലെയൊടൊപ്പം റനദുള്ള ഖാൻ നയിച്ച ഒരു വൻ ബിജാപൂർ സൈന്യം കെമ്പെ ഗൗഡ മൂന്നാമനെ ആക്രമിച്ച് തോല്പിച്ചു. ബാംഗ്ലൂർ ജാഗിറായി ഷാഹ്ജിക്ക് നൽകപ്പെട്ടു. 1687ൽ മുഗൾ സൈനിക മേധാവിയായ കാസിം ഖാൻ ഷാഹ്ജിയുടെ മകനായ ഇകോജിയെ തോല്പിച്ചു. കാസിം ഖാൻ ബാംഗ്ലൂരിനെ ചിക്കദേവരാജ വോഡെയാർക്ക് മൂന്ന് ലക്ഷം രൂപക്ക് വിറ്റു.[19][20] 1759ൽ കൃഷ്ണരാജ വോഡെയാർ രണ്ടാമന്റെ മരണത്തിന് ശേഷം മൈസൂർ സൈന്യ മേധാവിയായ ഹൈദർ അലി ബാംഗ്ലൂരിന്റെ യഥാർത്ഥ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു. പിന്നീട് ഈ സാമ്രാജ്യം ഹൈദർ അലിയുടെ പുത്രനായ, മൈസൂരിന്റെ കടുവ എന്നറിയപ്പെട്ട ടിപ്പു സുൽത്താന്റെ അധീനതയിലായി. 1799ലെ നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു കൊല്ലപ്പെട്ടു. ബാംഗ്ലൂർ ക്രമേണ ബ്രിട്ടീഷ്-ഇന്ത്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. സൈനിക കേന്ദ്രം മാത്രം തങ്ങളുടെ അധീനതയിൽ നിലനിർത്തിക്കിക്കൊണ്ട് ബ്രിട്ടീഷുകാർ ബാംഗ്ലൂർ പേട്ടയുടെ ഭരണാധികാരം മൈസൂർ മഹാരാജാവിന് തിരികെ നൽകി. മൈസൂർ സംസ്ഥാനത്തിന്റെ റെസിഡൻസി ആദ്യം സ്ഥാപിക്കപ്പെട്ടത് മൈസൂരിലായിരുന്നു. 1799ൽ. 1804ൽ അത് ബാംഗ്ലൂരിലേക്ക് മാറ്റപ്പെട്ടു. 1843ൽ ഇതിന്റെ പ്രവർത്തനം നിലച്ചുവെങ്കിലും 1881ൽ പുനരാരംഭിച്ചു.[21] 1947ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെ അത് എന്നെന്നേക്കുമായി പ്രവർത്തനം അവസാനിപ്പിച്ചു. ഈ കാലഘട്ടത്തിൽ മഡ്രാസ് പ്രെസിഡൻസിയിൽനിന്ന് തൊഴിലാളികളെ തിരഞ്ഞെടുത്ത് അവരെ സൈനിക മേഖലയിലേക്ക് പുനസ്ഥാപിക്കുന്നത് കൂടുതൽ എളുപ്പമാണെന്ന് ബ്രിട്ടീഷുകാർ കണ്ടെത്തി. 1831ൽ മൈസൂർ സാമ്രാജ്യത്തിന്റെ തലസ്ഥാനം മൈസൂരിൽനിന്ന് ബാംഗ്ലൂരിലേക്ക് മാറ്റപ്പെട്ടു. ഈ കാലത്തുണ്ടായ രണ്ട് പുരോഗതികൾ നഗരത്തിന്റെ വേഗത്തിലുള്ള വളർച്ചക്ക് കാരണമായി. ടെലിഗ്രാഫിന്റെ ഉപയോഗവും 1864ൽ മദിരാശിയുമായി ബന്ധിപ്പിച്ച റെയിൽ മാർഗവുമായിരുന്നു ആ പുരോഗതികൾ.
19ആം നൂറ്റാണ്ടിൽ ബാംഗ്ലൂർ ഒരു ഇരട്ടനഗരമായി മാറി. കന്നഡിഗന്മാർ അധിവസിക്കുന്ന പേട്ടയും തമിഴന്മാർ അധിവസിച്ചിരുന്ന ബ്രിട്ടീഷുകാർ സൃഷ്ടിച്ച സൈനിക മേഖലയും ഉൾക്കൊള്ളുന്നതായിരുന്നു അത്.[22] 1898ൽ ബാംഗ്ലൂരിൽ പ്ലേഗ് പടർന്ന് പിടിക്കുകയും ജനസംഖ്യ ക്രമാധീതമായി കുറയുകയും ചെയ്തു. പ്ലേഗിനെതിരേയുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ ടെലിഫോൺ ശൃംഗലകൾ സ്ഥാപിക്കപ്പെട്ടു. 1898ൽ നഗരത്തിന്റെ ആരോഗ്യ കാര്യത്തിന്റെ മോൽനോട്ടത്തിനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചു. 1906ൽ ബാംഗ്ലൂർ വൈദ്യുതിയുള്ള ഇന്ത്യയിലെ ആദ്യ നഗരമായി. ശിവനാശസമുദ്രയിലെ ജല വൈദ്യുത നിലയം വഴിയാണ് ബാംഗ്ലൂരിനെ വൈദ്യുതീകരിച്ചത്. 1927ൽ കൃഷ്ണ രാജ വോഡെയാർ നാലാമന്റെ ഭരണത്തിന്റെ ഇരുപത്തഞ്ചാം വാർഷിക ആഘോഷങ്ങളോടെ ബാംഗ്ലൂർ ഇന്ത്യയുടെ ഉദ്യാന നഗരമായി അറിയപ്പെടാൻ തുടങ്ങി. നഗരത്തെ മനോഹരമാക്കുന്നതിന്റെ ഭാഗമായി ഉദ്യാനങ്ങളും, പൊതുമേഖലാ കെട്ടിടങ്ങളും ആശുപത്രികളും നിർമ്മിക്കപ്പെട്ടു. 1947 ഓഗസ്റ്റിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷവും ബാംഗ്ലൂർ, പുതിയ മൈസൂർ സംസ്ഥാനത്തിന്റെ ഭാഗമായി തുടർന്നു. മൈസൂർ മഹാരാജാവായിരുന്നു അതിന്റെ രാജപ്രമുഖൻ. 1941-51, 1971-81 ദശാബ്ദങ്ങളിൽ ബാംഗ്ലൂർ നഗരം പെട്ടെന്നുള്ള വളർച്ച കൈവരിച്ചു. തത്ഫലമായി വടക്കൻ കർണാടകയിൽ നിന്ന് അനേകർ ഇവിടേക്ക് കുടിയേറി. 1961 ഓടെ 1,207,000 ജനസംഖ്യയുമായി ബാംഗ്ലൂർ ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ നഗരമായി.[18] അതിനുശേഷം വന്ന ദശാബ്ദങ്ങളിൽ മോട്ടോർ ഇൻഡസ്ട്രീസ് കമ്പനി പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ വരവോടെ ബാംഗ്ലൂരിന്റെ ഉദ്പാദന മേഖല വികാസം പ്രാപിച്ചു. 1980 കളിലും 90 കളിലും ബാംഗ്ലൂരിലെ ഭൂമിവ്യാപാര വിപണിയിൽ വൻ വളർച്ചയുണ്ടായി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള മൂലധന നിക്ഷേപകർ ബാംഗ്ലൂരിലെ വൻ ഭൂപ്രദേശങ്ങളേയും അധിനിവേശ കാലത്തെ ബംഗ്ലാവുകളേയും ബഹുനില കെട്ടിടങ്ങളാക്കി മാറ്റി[23] . 1985ൽ ടെക്സാസ് ഇസ്ട്രുമെന്റ്സ് ബാംഗ്ലൂരിൽ പ്രവർത്തനമാരംഭിച്ച ആദ്യ ബഹുരാഷ്ട്ര കമ്പനിയായി. ഇതിനെതുടർന്ന് മറ്റ് പല വിവരസാങ്കേതിക സ്ഥാപനങ്ങളും ബാംഗ്ലൂരിലെത്തി. 20-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബാംഗ്ലൂർ ഇന്ത്യയിലെ സിലിക്കൺ വാലിയായി മാറി.
തെക്കേ ഇന്ത്യൻ സംസ്ഥാനമായ കർണാടകയുടെ തെക്ക് കിഴക്ക് ഭാഗത്താണ് ബാംഗ്ലൂർ. മൈസൂർ പീഠഭൂമിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 920 മീറ്റർഉയരത്തിലാണു (3,018 അടി)സ്ഥിതി ചെയ്യുന്നത് . 12.97°N 77.56°E എന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ വിസ്തീർണ്ണം 741 കിലോമീറ്റർ² (286 മൈൽ²).[24]. നഗരത്തിന്റെ ഭൂരിഭാഗവും ബാംഗ്ലൂർ അർബൻ ജില്ലയിലാണ് . പരിസര പ്രദേശങ്ങൾ ബാംഗ്ലൂർ റൂറൽ ജില്ലയിലുമാണ് . പഴയ ബാംഗ്ലൂർ റൂറൽ ജില്ലയിൽ നിന്നും കർണാടക സർക്കാർ ഇപ്പോൾ രാമനഗരം എന്നൊരു ജില്ല രൂപവത്കരിച്ചിട്ടുണ്ട്.
ബാംഗ്ലൂരിന്റെ ഭൂപ്രക്രുതി(Topology) പരന്നതാണെങ്കിലും മധ്യഭാഗത്ത് ഒരു ഉയർന്ന പ്രദേശമുണ്ട്. ഏറ്റവും ഉയർന്ന പ്രദേശം ദൊഡ്ഡബെട്ടഹള്ളിയാണ് . ഈ പ്രദേശം 962 (മീറ്റർ) ഉയരത്തിലാണ് ( 3156 അടി) [25]. ബാംഗ്ലൂരിലൂടെ പ്രധാന നദികൾ ഒന്നും ഒഴുകുന്നില്ലെങ്കിലും 60 കിലോമീറ്റർ വടക്കുള്ള നന്ദിഹിൽസിലൂടെ അർക്കാവതി നദിയും, ദക്ഷിണ പിനാകിനി നദിയും ഒഴുകുന്നു. അർക്കാവതി നദിയുടെ ഉപനദിയായ വൃഷഭവതി നദി ബാംഗ്ലൂരിലെ ബസവനഗുഡിയിൽ നിന്ന് ഉത്ഭവിക്കുകയും നഗരത്തിലൂടെ ഒഴുകുകയും ചെയ്യുന്നു. ബാംഗ്ലൂരിലെ മലിന ജലം മുഴുവൻ അർക്കാവതിയിലും വൃഷഭവതിയിലുമാണ് എത്തുന്നത്. 1922-ൽ ആരംഭിച്ച ഒരു മലിനജല ശേഖരണസംവിധാനം 215 ചതുരശ്ര കിലോമീറ്റർ ഉൾക്കൊള്ളുകയും അത ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള 5 പ്രധാന മലിനജല ശേഖരണസംവിധാനങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.[26]
പതിനാറാം നൂറ്റാണ്ടിൽ കെംപഗൌഡ 1 നഗരത്തിലെ ജലലഭ്യത ഉറപ്പാക്കുന്നതിനായി ധാരാളം തടാകങ്ങൾ നഗരത്തിൽ സ്ഥാപിച്ചു. നഗരത്തിലെ ജലവിതരണത്തിനായി തുടങ്ങിയ ജലപദ്ധതി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നന്ദിഹിൽസിൽ അന്നത്തെ മൈസൂർ രാജവംശത്തിന്റെ ദിവാൻ ആയിരുന്ന സർ മിർസ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഇപ്പോൾ നഗരത്തിലെ ജലവിതരണത്തിന്റെ 80% കാവേരി നദിയിൽ നിന്നും ബാക്കി വരുന്ന 20% തിപ്പഹൊഡ്ഡനഹള്ളി, ഹെസരഘട്ട എന്നീ റിസർവോയറുകളിൽ നിന്നുമാണ് ലഭിക്കുന്നത്.[27] ബാംഗ്ലൂർ ഒരു ദിവസം ഉപയോഗിക്കുന്നത് ഏതാണ്ട് 800 മില്യൺ ലിറ്റർ ജലമാണ്. ഇത് ഇന്ത്യൻ നഗരങ്ങളിലെ ഏറ്റവും കൂടിയ ഉപഭോഗനിരക്കാണ്.[28]. എങ്കിലും ചിലപ്പോൾ ബാംഗ്ലൂരിൽ ജലക്ഷാമവും അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ചും മഴ കുറഞ്ഞ അവസരങ്ങളിൽ . നഗരത്തിലെ തിരക്കേറിയ 20 പ്രദേശങ്ങളിൽ നടത്തിയ വായുവിന്റെ നിലവാര പഠനത്തിന്റെ(Air Quality Index (AQI)) ഫലം വെളിവാക്കുന്നത് നഗരത്തിൽ ട്രാഫിക്ക് കൂടീയ പ്രദേശങ്ങളിലെ വായു മലീനീകരിക്കപ്പെടുന്നുവെന്നും അതിന്റെ തോത് 76 മുതൽ 314 വരെ ആണെന്നുമാണ്.[29] നഗരത്തിലെ പ്രധാന ശുദ്ധജലതടാകങ്ങൾ മഡിവാള(അഗര), അൾസൂർ, ഹെബ്ബാൾ, സാങ്കെ ടാങ്ക് എന്നിവയാണ്. ജലം ലഭ്യമാകുന്നത് ഭൂമിക്കടിയിലെ മണലും ,ഇളം മണ്ണൂം ഉള്ള അലൂവിയം ഭാഗത്താണ്. പെനിൻസുലാർ നേയ്സിക് കോമ്പ്ലെക്സ്( Peninsular Gneissic Complex (PGC)) ആണ് നഗരത്തിലെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പാറകൾ.ഇതിൽ ഗ്രാനൈറ്റ്, നേയ്സിസ്, മിഗ്മറ്റൈറ്റ് എന്നിവയാണ് കൂടുതൽ . നഗരത്തിലെ മണ്ണ് കൂടുതലും ചുവപ്പ് നിറത്തിലുള്ള ലാറ്ററൈറ്റ്(laterite), ലോമി(loamy),കളിമണ്ണ്(clayey) എന്നിവയാണ്.[29] നഗരത്തിൽ കൂടുതലായും തണൽ മരങ്ങളും വളരെ അപൂർവ്വം തെങ്ങും കണ്ടു വരുന്നു. സീസ്മിക്ക് സോൺ 2(seismic zone II) എന്ന സ്ഥിരതയുള്ള സോണിലാണ് ബാംഗ്ലൂർ ഉൾപ്പെടുന്നതെങ്കിലും ഭൂകമ്പമാപിനിയിൽ 4.5 വരെയുള്ള ഭൂകമ്പങ്ങൾ ഉണ്ടായേക്കാം [30]
15.1 °C ശരാശരി താപനിലയുള്ള ജനുവരിയാണ് ബാംഗ്ലൂരിലെ ഏറ്റവും തണുപ്പ് കൂടിയ മാസം. ഏറ്റവും ചൂടുകൂടിയ ഏപ്രിലിലെ ശരാശരി താപനില 33.6 °C ആണ്.[31] ബാംഗ്ലൂരിലെ എക്കാലത്തേയും ഉയർന്ന താപനില 38.9 °Cഉം താഴ്ന്ന താപനില 7.8 °Cഉം(ജനുവരി 1884ൽ) ആണ്.[32][33] ശൈത്യകാലത്തെ താപനില അപൂർവമായേ 12 °C (54 °F)ലും താഴാറുള്ളൂ. അതുപോലെതന്നെ വേനൽക്കാല താപനില അപൂർവമായേ 36–37 °C (100 °F)ലും അധികമാകാറുള്ളൂ. രണ്ട് മൺസൂണുകളിൽനിന്നും (വടക്ക് കിഴക്കൻ,തെക്ക് പടിഞ്ഞാറൻ) ബാംഗ്ലൂരിന് മഴലഭിക്കുന്നു. ഇടിയോടുകൂടിയ കൊടുങ്കാറ്റ് വേനൽക്കാലത്തെ അമിത താപനില കുറക്കുവാൻ സഹായിക്കുന്നു. ബാംഗ്ലൂരിന്റെ ചരിത്രത്തിൽ 24 മണിക്കൂർ സമയത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 1997 ഒക്ടോബർ 1നാണ്. 179 മില്ലീമീറ്റർ അഥവാ 7.0 ഇഞ്ച്.[34]
|
ബാംഗ്ലൂർ നഗരത്തിന്റെ സാരഥികൾ | |
മുനിസിപ്പൽ കമ്മീഷണർ | ഭരത് ലാൽ മീന |
മേയർ | എസ്.കെ.നടരാജ് [1] |
പോലീസ് കമ്മീഷണർ | ശങ്കർ ബിദാരി [36] |
ബൃഹത് ബാംഗലൂരു മഹാനഗര പാലിഗെ (BBMP),ഗ്രേറ്റർ ബംഗ്ലൂർ മുനിസിപ്പൽ കോർപറേഷൻ (Greater Bangalore Municipal Corporation) എന്നറിയപ്പെടുന്ന സമിതിയാണ് നഗരത്തിന്റെ ഭരണം നിർവ്വഹിക്കുന്നത്.[37] 2007-ൽ നഗരപ്രാന്തത്തിലുള്ള 100 വാർഡുകളും, 7 സിറ്റി മുൻസിപ്പൽ കൗൺസിലുകളും , ഒരു ടൗൺ മുൻസിപ്പൽ കൗൺസിലും, 110 ഗ്രാമങ്ങളും ബാംഗ്ലൂർ മഹാനഗര പാലിഗെയോട് ചേർത്താണ് ഇത് രൂപവത്കരിച്ചത് [37].
ബൃഹത് ബാംഗലൂരു മഹാനഗര പാലിഗെ സിറ്റി കൗൺസിലിനു കീഴിലാണ് വരുന്നത്, നഗരത്തിലെ വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ അല്ലെങ്കിൽ കോർപ്പറേറ്റ്സ് എന്നറിയപ്പെടുന്ന ജനപ്രതിനിധികൾ ആണ് സിറ്റി കൗൺസിലിലെ അംഗങ്ങൾ. എല്ലാ 5 വർഷം കൂടുമ്പോഴും ഈ ജനപ്രതിനിധികൾക്കു വേണ്ടി തിരഞ്ഞെടുപ്പ് നടക്കുന്നു. ഇതിൽ നിന്നു തന്നെ മേയറെയും കമ്മീഷണറെയും കൂടി തിരഞ്ഞെടുക്കുന്നു, പുതുതായി രൂപവത്കരിക്കപ്പെട്ട ഈ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട വോട്ടർമാരുടെ പേരുവിവരം ചേർക്കാനുള്ള കാലതാമസം മൂലം വൈകുകയാണ്.
നഗരത്തിന്റെ പെട്ടെന്നുള്ള വളർച്ച നഗരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനും , വികസനരാഹിത്യമായ അടിസ്ഥാനസൗകര്യക്കുറവും സൃഷ്ടിച്ചത് ബാംഗ്ലൂർ മഹാനഗരപാലിഗെക്ക് വെല്ലുവിളി സൃഷ്ടിച്ചു, 2003-ൽ ബാറ്റല്ലെ എൻവയോണ്മെന്റൽ ഇവാലുവേഷൻ സിസ്റ്റം(Battelle Environmental Evaluation System) നഗരത്തിൽ നടത്തിയ ഭൗതികവും, ജൈവപരവും, സാമൂഹ്യസാമ്പത്തിക മേഖലകളിൽ നടത്തിയ പഠനത്തിന്റെ ഫലങ്ങൾ വെളിവാക്കുന്നത് ബാംഗ്ലൂരിന്റെ ജല ഗുണം മാതൃകാപരമാണെന്നും ,നഗരത്തിന്റെ സാമൂഹ്യസാമ്പത്തിക മേഖലകൾ വളരെ ദരിദ്രവുമാണെന്നാണ്.[38] നഗരത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും,ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിലുള്ള അപാകതകൾ മൂലം കർണാടക ഹൈക്കോടതിയിൽനിന്നും , ജനങ്ങൾ കമ്പനി മേലധികാരികൾ എന്നിവരിൽ നിന്നും മഹാനഗരപാലിഗെക്ക് നിരവധി പഴികൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.[39] . നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിനായി ബാംഗ്ലൂർ മഹാനഗരപാലിഗെ നഗരത്തിൽ ഫ്ലൈഓവറുകളും, ഒറ്റവരിപ്പാതകളും നിർമ്മിച്ചിട്ടുണ്ട്.ഇതൊക്കെയും ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാണെങ്കിലും അതിദ്രുതമായി വളരുന്ന നഗരത്തിന് ഇതൊന്നും ശാശ്വത പരിഹാരമാകുന്നില്ല.[38] 2005-ൽ കേന്ദ്രഗവൺമെന്റും സംസ്ഥാനഗവൺമെന്റും നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ബഡ്ജറ്റിൽ നിന്നും ഒരു തുക മാറ്റി വെച്ചു.[40] ബാംഗ്ലൂർ മഹാനഗരപാലിഗെ ബാംഗ്ലൂർ ഡവലപ്പ്മെന്റ് അതോററ്റി(BDA) ബാംഗ്ലൂർ അജണ്ട ടാസ്ക് ഫോഴ്സ്(BATF) എന്നിവയുമായി സഹകരിച്ച് നഗരത്തിന്റെ വികസനത്തിനു വേണ്ടി ശ്രമിച്ചു വരുന്നു. ബാംഗ്ലൂർ ഒരു ദിവസം 3000 ടൺ മാലിന്യം ഉല്പ്പാദിപ്പിക്കുന്നു, ഇതിൽ 1,139 ടൺ കർണാടക കമ്പോസ്റ്റിങ്ങ് ഡവലപ്പ്മെന്റ് (Karnataka Composting Development Corporation) കമ്പോസ്റ്റ് ചെയ്യുന്നു. ബാക്കി തുറസ്സായ സ്ഥലങ്ങളിലും, പാതയോരങ്ങളിലും തള്ളൂന്ന മാലിന്യങ്ങൾ മുൻസിപ്പാലിറ്റി ശേഖരിക്കുന്നു.[41]
ബാംഗ്ലൂർ സിറ്റി പോലീസിന്(BCP) 6 ഭൂമിശാസ്ത്ര സോണുകൾ ഉണ്ട്. ഇതിൽ ട്രാഫിക് പൊലീസ്(Traffic Police) ,സിറ്റി ആംഡ് റിസേർവ്( the City Armed Reserve), സെൻട്രൽ ക്രൈം ബ്രാഞ്ച്(the Central Crime Branch) and സിറ്റി ക്രൈം റെക്കോർഡ് ബ്യൂറോ(the City Crime Record Bureau) എന്നിവയും ഉൾപ്പെടുന്നു, ഇവിടെ 86 പൊലീസ് സ്റ്റേഷനുകളും സ്ത്രീകൾക്ക് മാത്രമായുള്ള രണ്ട് പോലീസ് സ്റ്റേഷനുകളും ഉണ്ട് [42] കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനം എന്ന നിലയിൽ കർണാടക ഹൈക്കോടതി, കർണാടകയുടെ ഭരണ സിരാകേന്ദ്രമായ വിധാൻസൗധ, രാജ്ഭവൻ എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. ബാംഗ്ലൂർ ലോകസഭയിലേക്ക് രണ്ട് അംഗങ്ങളെയും, കർണാടക നിയമസഭയിലേക്ക് 24 അംഗങ്ങളെയും സംഭാവന ചെയ്യുന്നുണ്ട്.[43] 2001-ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ചുള്ള ജനസംഖ്യ പ്രകാരം ബാംഗ്ഗ്ലൂരിലെ നിയമസഭാ മണ്ഡലങ്ങൾ 28 ആയും ലോകസഭ മണ്ഡലങ്ങൾ 3 ആയും ഉയർത്തണമെന്ന് കേന്ദ്ര അതിർത്തി പുനർനിർണയ സമിതി തീരുമാനിച്ചു[44] അടുത്ത തിരഞ്ഞെടുപ്പ് മുതൽ ഈ പുനർനിർണയസമിതി നിർദ്ദേശം അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ബാംഗ്ലൂരിലെ ഇലക്ടിസിറ്റി(വൈദ്യുതി സംവിധാനം) നിയന്ത്രിക്കപ്പെടുന്നത് കർണാടക പവ്വർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് ആണ്(Karnataka Power Transmission Corporation Limited (KPTCL)). വൈദ്യുതി നിയന്ത്രിക്കുന്നതിനും എല്ലാ ഉപയോക്താക്കൾക്കും എത്തിക്കുന്നതിനുമായി ,ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളെ പോലെ തന്നെ ബാംഗ്ലുരിലും വേനൽക്കാലത്ത് പവർകട്ടും, ലോഡ്ഷെഡ്ഡിങ്ങും ഉണ്ടാവാറുണ്ട്.
ബാംഗ്ലൂരിന്റെ 260,260 കോടി രൂപയുടെ(60.5 ബില്യൺ യു.എസ്. ഡോളർ) സമ്പദ്ഘടന ഇന്ത്യയിലെ പ്രധാന വ്യവസായ കേന്ദ്രമായി [45]. കൺസ്യൂമർ ഉല്പന്നങ്ങളുടെയും ,വസ്ത്രങ്ങളുടെയും, ചെരുപ്പുകളുടെയും ഇന്ത്യയിലെ നാലാമത്തെ വലിയ വിപണന കേന്ദ്രമാണ് ബാംഗ്ലൂർ.[46] . മുംബൈക്കും,ഡൽഹിക്കും ശേഷം വളരെ ഉയർന്ന വരുമാനമുള്ള നഗരം ബാംഗ്ലൂരാണ്. 10,000 വ്യക്തിഗത മില്യൺ കോടീശ്വരരുടെയും, 4.5 കോടി രൂപ മുതൽ 50 ലക്ഷം രൂപവരെ അധികവരുമാനമുള്ള 60,000 ഉയർന്ന സമ്പന്നരുടെയും നഗരമാണ്.[47] . 2001-ലെ കണക്കു പ്രകാരം ബാംഗ്ലൂരിലെ നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപം 1660 കോടി രൂപയാണ്. ഇത് ഇന്ത്യൻ നഗരങ്ങളിൽ നാലാം സ്ഥാനത്താണ് [48]. 1940 കളിൽ വ്യവസായ ദീർഘവിഷണരായിരുന്ന സർ മിർസ ഇസ്മായിൽ , മോക്ഷഗുണ്ടം വിശേശ്വരയ്യ തുടങ്ങിയവർ ബാംഗ്ലൂരിന്റെ വികസനത്തിലും ,വ്യവസായങ്ങളിലും അതീവശ്രദ്ധ ചെലുത്തിയിരുന്നു.
ഇന്ത്യയിലെ വലിയ പൊതുമേഖലാ നിർമ്മാണ വ്യവസായകേന്ദ്രങ്ങളായ എച്ച്.എ.എൽ.,എൻ.എ.എൽ., ബി.എച്ച്.ഇ.എൽ., ബി.ഇ.എൽ. , ബി.ഇ.എം.എൽ., എച്ച്.എം.ടി. തുടങ്ങിയവയുടെ ആസ്ഥാനം ബാംഗ്ലൂരാണ്. 1972 ജൂണിൽ ഐ.എസ്.ആർ.ഒ ഇവിടെ സ്ഥാപിതമായി.
ബാംഗ്ലൂർ ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണറിയപ്പെടുന്നത്. 2006-07-ലെ ഇന്ത്യയിലെ സോഫ്റ്റ്വേർ ഉല്പന്നങ്ങൾ കയറ്റുമതിയുടെ(144,214 കോടി രൂപ) 33 ശതമാനവും ബാംഗ്ലൂരിലെ സോഫ്റ്റ്വേർ കമ്പനികളിൽ നിന്നുമായതു കൊണ്ടാണ് ഈ പേരു ബാംഗ്ലൂരിനു വന്നത്,[49]. ബാംഗ്ലൂരിലെ വിവരസാങ്കേതിക വിദ്യാ കമ്പനികൾ പ്രധാനമായും മൂന്നു മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്, അവ സോഫ്റ്റ്വേർ ടെക്നോളജി പാർക്ക് ഓഫ് ഇന്ത്യ (എസ്.ടി.പി.ഐ)(STPI), മുൻപ് ഇന്റർനാഷണൽ ടെക്നോളജി പാർക്ക് ലിമിറ്റഡ് (ഐ.ടി.പി.എൽ)(ITPL) എന്നറിയപ്പെട്ട ഇന്റർനാഷണൽ ടെക്നോളജി പാർക്ക് ബാംഗ്ലൂർ(ഐ.ടി.പി.ബി)(ITPB) , ഇലക്ട്രോണിക് സിറ്റി എന്നിവയാണ്. അതു പോലെ യു.ബി. സിറ്റിയും ബാംഗ്ലൂരിലാണ്. ഇന്ത്യയിലെ രണ്ടാമത്തെയും, മൂന്നാമത്തെയും വലിയ വിവരസാങ്കേതികവിദ്യാ കമ്പനികളായ ഇൻഫോസിസിന്റെയും, വിപ്രോയുടെയും ആസ്ഥാനം ബാംഗ്ലൂർ ആണ്. അതുപോലെ അനേകം എസ്.ഇ.ഐ- സി.എം.എം.ഐ ലെവെൽ 5 കമ്പനികളുടെയും ആസ്ഥാനമാണിവിടം. വിവരസാങ്കേതികവിദ്യാ വ്യവസായത്തിന്റെ വളർച്ച നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുകയും അത് നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനം,വൈദ്യുതി തുടങ്ങിയ ചില പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു [50]. വിവരസാങ്കേതികവിദ്യ പോലെ ബയോടെക്നോളജി വ്യവസായകേന്ദ്രങ്ങളുടെയും ഒരു കേന്ദ്രമാണ് ബാംഗ്ലൂർ. 2005-ലെ കണക്കു പ്രകാരം ഇന്ത്യയിലെ 265 ബയോടെക്നോളജി കമ്പനികളിൽ ബയോകോൺ അടക്കം 47 ശതമാനവും ബാംഗ്ലൂരിലാണ്.[51][52]
കൂടാതെ നിരവധി പ്രത്യേക സാമ്പത്തിക മേഖലകൾ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഉയർന്നു വരുന്നുണ്ട് .നഗരത്തിന്റെ പ്രാന്തപ്രദേശമായ നാഗ്വാരയിൽ കാർലെ ഗ്രൂപ്പ് 750 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പ്രത്യേക സാമ്പത്തിക മേഖല ഏതാണ്ട് 20,000 പേർക്ക് തൊഴിൽ നൽകുമെന്ന് കരുതുന്നു [53]
ദക്ഷിണേന്ത്യൻ ദേശീയപാതകളുടെ മധ്യസ്ഥാനത്തായി വരാണസി-കന്യാകുമാരി ദേശീയപാതയിൽ സ്ഥിതിചെയ്യുന്നു. കേരളത്തിൽ നിന്നും കാസറഗോഡ് - പുത്തൂർ - ഹാസൻ വഴിയോ, കോഴിക്കോട് സുൽത്താൻ ബത്തേരി - മൈസൂർ ദേശീയപാത 212 വഴിയോ, പാലക്കാട് - സേലം വഴിയോ, (ദേശീയപാത 544)കാസർഗോഡ് - മൈസൂർ വഴിയോ ഇരിട്ടി, കൂട്ടുപുഴ, വീരാജ് പേട്ട, മൈസൂർ (തലശ്ശേരി - കുടഗ് സംസ്ഥാനപാത) വഴിയോ പെരിന്തൽമണ്ണ-നിലമ്പൂർ- ഗൂഡല്ലൂർ-മൈസൂർ വഴിയോ എത്തിച്ചേരാവുന്നതാണ്.
ബാഗ്ലൂരിനെ മറ്റ് ജില്ലകളും സംസ്ഥാനങ്ങളൂമായി ബന്ധിപ്പിക്കുന്നത് കർണാടക സർക്കാറിന്റെ കീഴിലുള്ള ഈ സ്ഥാപനമാണ്. ഇന്നത്തെ എല്ലാതരത്തിലുള്ള അത്യാധുനിക യാത്രാബസുകളും കെ എസ് ആർ ടി സിക്ക് ഉണ്ട്. ഓൺ ലൈൻ റിസർ വേഷൻ ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. അതുപോലെ കേരള സർക്കാർ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയും സ്വിഫ്റ്റും കേരളത്തിലെ നഗരങ്ങളിൽ നിന്നും ബാംഗ്ലൂർ ബസ് സർവീസ് നടത്തുന്നുണ്ട്. ധാരാളം പ്രൈവറ്റ് ബസുകളും ലഭ്യമാണ്.
കെ.എസ്.ആർ.ടി.സി.യുടെ സബ്ബ് ഡിവിഷൻ ആയ ഈ വിഭാഗമാണ് ബാംഗ്ലൂർ നഗരത്തിന്റെ പ്രധാന ഗതാഗതമാർഗം. ഇത് നഗരത്തിലും ബാഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും മാത്രമാണ് സർവ്വീസ് നടത്തുന്നത്. എയർ കണ്ടീഷൻ വോൾവോ ബസ്സുകൾ ഉള്ള ഈ റോഡ് സർവ്വീസ് അത്യാധുനികമാണ്.
രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമായ ബാംഗ്ലൂരിലെ എച്ച്.എ.എൽ. വിമാനത്താവളം(ഐ.എ.ടി.എ കോഡ്: BLR) അന്താരാഷ്ട്ര സർവ്വീസുകൾക്കും രാജ്യാന്തര സർവ്വീസുകൾക്കും ഉപയോഗിച്ചിരുന്ന ഈ വിമാനത്താവളം ഇപ്പോൾ ആഭ്യന്ത്യരകാര്യങ്ങക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.[54][55] . രാജ്യത്തെ മറ്റു വിമാനത്താവളങ്ങൾ ഇന്ത്യൻ വിമാനത്താവള അതോറിറ്റി(Airport authority of India) നിയന്ത്രിക്കുമ്പോൾ ഇത് നിയന്ത്രിക്കുന്നത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ്. യാത്രാവശ്യങ്ങൾക്ക് പുറമേ ഈ വിമാനത്താവളം ഇന്ത്യൻ വ്യോമസേന വികസിപ്പിച്ചെടുത്ത എയർക്രാഫ്റ്റ് വിമാനങ്ങൾക്ക് പരീക്ഷണ പറക്കലുകൾ നടത്തുവാനും ഉപയോഗിക്കുന്നു [56]. ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഉദാരവൽക്കരണം നടപ്പിലാക്കിയതിനു ശേഷം സ്പൈസ് ജെറ്റ്(SpiceJet), കിങ് ഫിഷർ എയർ ലൈൻസ്(Kingfisher Airlines), ജെറ്റ് എയർവെയ്സ്(Jet Airways), ഗോ എയർ(Go Air) തുടങ്ങിയ സ്വകാര്യ വിമാനക്കമ്പനികൾ നഗരത്തിൽ നിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സേവനം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വിമാനത്താവളത്തിൽ പലപ്പോഴും തിരക്ക് അനുഭവപ്പെടുന്നു[57]. ഈ സാഹചര്യം കണക്കിലെടുത്ത് ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നായ ദേവനഹള്ളിയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചു. ബെംഗലൂരു അന്താരാഷ്ട്ര വിമാനത്താവളം എന്നറിയപ്പെടുന്ന ഇത് 24 മെയ് 2008-ന് പ്രവർത്തനം തുടങ്ങി.[58]. രണ്ട് റൺവേയുള്ള ഈ വിമാനത്താവളത്തിൽ പ്രതിവർഷം 11 മില്യൺ യാത്രക്കാരെ പ്രതീക്ഷിക്കുന്നു[59]. എയർഡെക്കാൻ,കിങ്ഫിഷർ എയർലൈൻസ് എന്നീ വിമാനക്കമ്പനികളുടെ ആസ്ഥാനവും ബാംഗ്ലൂർ ആണ്.
അതിവേഗ ഗതാഗത സംവിധാനമായ നമ്മ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2011-ൽ പൊതുജങ്ങൾക്ക് തുറന്ന, 42.3 കി.മീ (26.3 മൈ) നീളമുള്ള ഈ റെയിൽ സംവിധാനത്തിൽ 41 സ്റ്റേഷനുകളുണ്ട്.[60].[61]
രണ്ട് പാതകളാണ് നമ്മ മെട്രോയ്ക്കുള്ളത്. പച്ച പാത വടക്ക് നാഗസാന്ദ്ര മുതൽ തെക്ക് യേലാച്ചേനഹള്ളി വരെയും പർപ്പിൾ പാത കിഴക്ക് ബയ്യപ്പനഹള്ളി മുതൽ പടിഞ്ഞാറ് മൈസുരു റോഡ് വരെയുമാണ്.[62] ഇവ കെമ്പേഗൗഡ (മജസ്റ്റിക്ക്) നിലയത്തിൽ കൂട്ടിമുട്ടുന്നു. അടുത്ത അഞ്ച് വർഷത്തിൽ മൂന്ന് പാതകൾ കൂടി തുറക്കാനാകുമെന്നാണ് നമ്മ മെട്രോ പ്രവർത്തിപ്പിക്കുന്ന ബീ.എം.ആർ.സീ.യുടെ പ്രതീക്ഷ.[63]
ഇന്ത്യൻ റെയിൽവേയിലൂടെ ബാംഗ്ലൂരും മറ്റു ഇന്ത്യൻ നഗരങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. രാജധാനി എക്സ്പ്രസ്സ് ബാംഗ്ലൂരും ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയുമായി ബന്ധപ്പെടുത്തുന്നു. മുംബൈ,ചെന്നൈ,ഹൈദരാബാദ്,കൊൽക്കത്ത തുടങ്ങിയ നഗരങ്ങളുമായും കർണാടകത്തിലെ തന്നെ മംഗലാപുരം, മൈസൂർ തുടങ്ങിയ മറ്റു നഗരങ്ങളുമായും റെയിൽവേയിലൂടെ ബാംഗ്ലൂർ ബന്ധപ്പെടുന്നു. വന്ദേ ഭാരത്, ശതാബ്ദി, ഡബിൾ ഡെക്കർ തുടങ്ങിയ നിരവധി പ്രധാനപ്പെട്ട പ്രീമിയം ട്രെയിനുകളും ഇവിടെ സേവനം അനുഷ്ഠിക്കുന്നു[64]. ബാംഗ്ലൂറിൽ നിന്ന് മൈസൂരിലേക്കുള്ള ഒറ്റപെട്ട റെയിൽവെയും ഇവിടെ ഉണ്ട്. കേരളത്തിലെ പ്രധാന നഗരങ്ങളെ ബാംഗ്ലൂരുമായി ബന്ധിപ്പിക്കുന്ന നിരവധി ട്രെയിൻ സർവീസുകളും ലഭ്യമാണ്. കൊച്ചുവേളി മൈസൂർ എക്സ്പ്രസ്സ്, കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ്, എറണാകുളം ബാംഗ്ലൂർ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്, കൊച്ചുവേളി യെശ്വന്തപുർ ഗരിബ് രദ്, എറണാകുളം ബൈയ്യപ്പനഹള്ളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്, കണ്ണൂർ യെശ്വന്തപുർ എക്സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകൾ അവയിൽ ചിലതാണ്.
2007ലെ കണക്കുകളനുസരിച്ച് ബാംഗ്ലൂരിലെ ജനസംഖ്യ 5,281,927 ആണ്. ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തും ലോകത്തിൽ ഇരുപത്തേഴാം സ്ഥാനത്തുമാണ് ഈ നഗരം.[66] 38% ശതാബ്ദ വളർച്ചാ നിരക്കുമായി 1991-01 കാലഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ മെട്രോപോളിസാണ് ബാംഗ്ലൂർ.[48] ബാംഗ്ലൂർ നിവാസികളെ ഇംഗ്ലീഷിൽ ബാംഗ്ലൂറിയൻസ് എന്നും കന്നഡയിൽ ബെംഗലൂരിനവാരു എന്നും പറയുന്നു. 2004ലെ കണക്കുകളനുസരിച്ച് ജനസംഖ്യയിലെ 45.7% കന്നഡിഗരും 54.3% മറ്റു ഭാഷക്കാരുമാണ്. നഗരത്തിന്റെ കോസ്മോപൊളിറ്റൻ സ്വഭാവം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജനങ്ങൾ ബാംഗ്ലൂരിലേക്ക് കുടിയേറുന്നതിനും ഇവിടെ സ്ഥിരതാമസമാക്കുന്നതിനും കാരണമായിട്ടുണ്ട്[67]. പട്ടിക ജാതി, പട്ടിക വർഗ്ഗങ്ങളിൽ ഉൾപ്പെടുന്നവർ ജനസംഖ്യയുടെ 14.3% ആണ്. ഇംഗ്ലീഷും കന്നഡയും കഴിഞ്ഞാൽ ബാംഗ്ലൂരിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷകൾ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിവയാണ്.[68]. 2001ലെ ദേശീയ കനേഷുമാരി അനുസരിച്ച് ബാംഗ്ലൂർ ജനസംഖ്യയിലെ 79.37% ഹൈന്ദവരാണ്. ഇത് ദേശീയ ശതമാനത്തിന് ഏകദേശം തുല്യമാണ്.[69] ജനസംഖ്യയുടെ 13.37% മുസ്ലീങ്ങളാണ്. ഇതും ഏകദേശം ദേശീയ ശതമാനത്തിന് ഒത്തുപോകുന്നു. ക്രിസ്ത്യാനികളും ജൈനമതക്കാരും ജനസംഖ്യയിൽ യഥാക്രമം 5.79%, 1.05% ആണ്. ഇവ രണ്ടും ദേശീയ ശതമാനത്തിന്റെ ഇരട്ടിയാണ്. ജനസംഖ്യയിൽ സ്ത്രീകൾ 47.5% ആണ്. ഇന്ത്യയിലെ മെട്രോപോളിസുകളിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സാക്ഷരത ബാംഗ്ലൂരിനാണ് (മുംബൈക്ക് പിന്നിലായി)-83%. ബാംഗ്ലൂരിലെ ഏകദേശം 10% ജനങ്ങൾ ചേരികളിലാണ് ജീവിക്കുന്നത്.[70] വികസിച്ചുവരുന്ന ഈ ലോകത്തിലെ മുംബൈ(42%) നെയ്റോബി(60%) തുടങ്ങിയ മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ശതമാനം വളരെ കുറവാണ്.[71] നാഷ്ണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ 2004ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തെ 35 പ്രധാന നഗരങ്ങളിലെ ആകെ കുറ്റകൃത്യങ്ങളിൽ 9.2% നടക്കുന്നത് ബാംഗ്ലൂരിലാണ്. ഡെൽഹിയിലേയും മുംബൈയിലേയും കുറ്റകൃത്യങ്ങൾ യഥാക്രമം 15.7%ഉം 9.5%ഉം ആണ്.[72]
ബാംഗ്ലൂർ ഉദ്യാന നഗരം എന്നാണറിയപ്പെടുന്നത് [73] . നഗരത്തിന്റെ പച്ചപ്പും ലാൽബാഗും ,കബ്ബൺ പാർക്കും ഉൾപ്പെടുന്ന അനേകം പാർക്കുകളും ഉള്ളതു കൊണ്ടാണ് ഈ പേരു വന്നത്. മൈസൂർ സാമ്രാജ്യത്തിന്റെ സാംസ്കാരിക പൈതൃകമായിരുന്ന ദസറ വളരെ ആഘോഷപൂർവ്വവും ആചാരപരവുമായി ഇവിടെ കൊണ്ടാടപ്പെടുന്നു. അതു പോലെ പ്രകാശത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലിയും ഇവിടെ ആഘോഷിക്കുന്നു. അതു പോലെ മറ്റ് പ്രധാന ഉത്സവങ്ങളായ ഗണേഷ് ചതുർത്ഥി,ഉഗാദി, സങ്ക്രാന്തി,ഈദ്-ഉൽ-ഫിത്തർ,ക്രിസ്തുമസ് എന്നിവയും ഇവിടത്തെ ആഘോഷങ്ങളാണു. കന്നട ചലച്ചിത്ര രംഗത്തിന്റെ പ്രധാന കേന്ദ്രവും ബാംഗ്ലൂർ ആണ്. എല്ലാ വർഷവും ഏതാണ്ട് 80 കന്നട ചലച്ചിത്രങ്ങൾ ഇവിടെ നിന്നും പുറത്തുവരുന്നുണ്ട്.[74] . ഇവിടത്തെ ഒരു പ്രധാന ചലച്ചിത്രതാരം അന്തരിച്ച ഡോ. രാജ്കുമാർ ആണ്.
വിവിധ രുചികളുള്ള അടുക്കളകൾ ഉണ്ടാകുന്നത് സാമൂഹികവും സാമ്പത്തികവുമായ നാനാത്വത്തിന്റെ പ്രതിഫലനമായാണ്. തട്ടുകടകൾ, ചായപ്പീടികകൾ, ദക്ഷിണേന്ത്യ, ഉത്തരേന്ത്യ,ചൈനീസ്, പടിഞ്ഞാറൻ തുടങ്ങിയ പാചകങ്ങൾ ഉള്ള ഹോട്ടലുകൾ നഗരത്തിൽ സുലഭമാണ്. നഗരത്തിൽ ദക്ഷിണേന്ത്യൻ സസ്യഭക്ഷണം വിതരണം ചെയ്യുന്ന ഉടുപ്പി റെസ്റ്റോറന്റുകൾ ഏറെ പ്രശസ്തമാണ്.
ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെയും,നൃത്തത്തിന്റെയും ഒരു പ്രധാന കേന്ദ്രം കൂടിയാണ് ബാംഗ്ലൂർ. നിരവധി സംഗീതക്കച്ചേരികളും,നൃത്ത പരിപാടികളും നഗരത്തിന്റെ പലഭാഗങ്ങളിലും പ്രത്യേകിച്ച് രാമ നവമി,ഗണേശ ചതുർത്ഥി തുടങ്ങിയ അവസരങ്ങളിൽ നടത്തപ്പെടുന്നു. ബാംഗ്ലൂർ ഗായന സമാജ എന്ന പ്രസ്ഥാനം നഗരത്തിലെ ശാസ്ത്രീയ സംഗീതവും നൃത്തവും പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. നാടകപ്രസ്ഥാനങ്ങളിലും ഈ നഗരം പ്രശസ്തമാണ്. രംഗശങ്കര,ബെനക തുടങ്ങിയ തീയേറ്ററുകൾ ഈ രംഗത്ത് ഏറെ പ്രശസ്തമാണ്. ഇന്ത്യൻ നാടക രംഗത്തെ പ്രശസ്തമായ ചില നാമങ്ങളായ കെ.വി.കാരന്ത്, ഗിരീഷ് കർണാട് എന്നിവർ ഈ നഗരത്തിലാണ് താമസിക്കുന്നത്
റോക്ക് തുടങ്ങിയ പടിഞ്ഞാറൻ സംഗീതങ്ങൾക്കും ബാംഗ്ലൂർ പ്രശസ്തമാണ്. ഇപ്പോൾ ഇന്ത്യയിലെ റോക്ക് സിറ്റി എന്നാണ് ബാംഗ്ലൂർ അറിയപ്പെടുന്നത്. പ്രശസ്ത ബാന്റുകളായ അയേൺ മയ്ഡൻ(Iron Maiden), എയ്റോസ്മിത്ത്(Aerosmith), സ്കോർപ്പിയോൺസ്(Scorpions), ഡീപ്പ് പർപ്പിൾ(Deep Purple), ദ റോളിങ്ങ് സ്റ്റോൺസ്(The Rolling Stones), സെപുൽട്യൂറ(Sepultura), ജോയ് സാട്രിനി(Joe Satriani), ബ്ലാക്ക് ഐഡ് പീസ്(Black Eyed Peas), ഇൻക്സ്(INXS),യൂരിഹ് ഹീപ്പ്( Uriah Heep). സ്റ്റിങ്ങ്(Sting), മൈക്കൽ ലേൺസ് റ്റു റോക്ക്(Michael Learns to Rock), റോജർ വാട്ടേർസ്(Roger Waters), മാർക്ക് നോപ്ഫ്ലെർ(Mark Knopfler),ജെത്ത്റോ ടൾ(Jethro Tull) ബ്രയാൻ ആദംസ്(Bryan Adams) തുടങ്ങി നിരവധി ബാന്റുകൾ ബാംഗ്ലൂരിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.[75]. ബാംഗ്ലൂർ ഇന്ത്യയിലെ പബ്ബ് നഗരം എന്നും അറിയപ്പെടാറുണ്ട്.[76]
ബാംഗ്ലൂരിലെ ആദ്യത്തെ അച്ചടിശാല 1840ൽ ആണ് സ്ഥാപിക്കപ്പെട്ടത്.[77] 1859ൽ ബാംഗ്ലൂർ ഹെറാൾഡ് ബാംഗ്ലൂരിൽ പ്രസിദ്ധീകരിച്ച ആദ്യ ഇംഗ്ലീഷ് ദ്വൈവാരിക വർത്തമാനപ്പത്രമായി.[78] 1860ൽ ബാംഗ്ലൂരിലെ ആദ്യ കന്നഡ വർത്തമാനപ്പത്രമായ മൈസൂർ വൃത്താന്ത ബോധിനി ആദ്യമായി പ്രസിദ്ധീകരിച്ചു.[77] ഇപ്പോൾ ''വിജയ കർണാടക'', ടൈംസ് ഓഫ് ഇന്ത്യ എന്നിവയാണ് യഥാക്രമം കന്നഡയിലും ഇംഗ്ലീഷിലുമുള്ള ഏറ്റവും പ്രചാരമുള്ള വർത്തമാനപ്പത്രങ്ങൾ. പ്രജാ വാണി, ഡെക്കാൻ ഹെറാൾഡ് എന്നിവ പ്രചാരത്തിൽ ഇവയുടെ തൊട്ട് താഴെയാണ്. ഇവ രണ്ടും ബാംഗ്ലൂരിലെ ഏറ്റവും വലിയ മാദ്ധ്യമ ശക്തിയായ പ്രിന്റേഴ്സ് (മൈസൂർ) ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളവയാണ്.[79][80] ഇത് കൂടാതെ ബാംഗളൂരിൽ വിവിധതാല്പ്പര്യങ്ങളോടുകൂടിയ വർത്തമാനപത്രങ്ങളും, മാഗസിനുകളുമുണ്ട്. ഓപ്പൺ, 080[പ്രവർത്തിക്കാത്ത കണ്ണി] തുടങ്ങിയ മാഗസിനുകൾ ജീവിതരീതികളെക്കുറിച്ചും, ഫാഷനുകളെക്കുറിച്ചും പ്രസിദ്ധീകരിക്കുന്നു. മിഡ് ഡേ , വിജയ് കർണാടക എന്നീ വർത്തമാന പത്രങ്ങൾ തദ്ദേശീയ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു.പ്രമുഖ മലയാള ദിനപത്രങ്ങളായ മനോരമ, മാതൃഭൂമി, മാധ്യമം എന്നിവ ഇവിടെ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്.
ബാംഗ്ലൂരിന് ആദ്യ റേഡിയോ നിലയം ലഭിച്ചത് ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക പ്രക്ഷേപകരായ ഓൾ ഇന്ത്യ റേഡിയോ അതിന്റെ ബാംഗ്ലൂർ നിലയം ആരംഭിച്ചപ്പോഴാണ്. 1955 നവംബർ രണ്ടിനായിരുന്നു ഇത് പ്രക്ഷേപണം ആരംഭിച്ചത്.[81] 2001 വരെ പ്രക്ഷേപണം AM ലായിരുന്നു. 2001ൽ റേഡിയോ സിറ്റി ബാംഗ്ലൂരിൽനിന്ന് FM റേഡിയോ പ്രക്ഷേപണം ചെയ്യുന്ന ആദ്യ സ്വകാര്യ ചാനലായി.[82] ഇക്കഴിഞ്ഞ വർഷങ്ങളിൽ പുതിയ പല FM ചാനലുകളും ബാംഗ്ലൂരിൽനിന്ന് പ്രക്ഷേപണമാരംഭിച്ചിട്ടുണ്ട്.[83] ഹാം റേഡിയോ പ്രേമികൾക്കായുള്ള പല ക്ലബ്ബുകളും ഈ നഗരത്തിലുണ്ട്.[84]
ബാംഗ്ലൂരിൽ ടെലിവിഷൻ കടന്നുവരുന്നത് 1981 നവംബർ 1ന് ദൂരദർശൻ അവിടെ ഒരു പ്രക്ഷേപണകേന്ദ്രം സ്ഥാപിക്കുകയും അതിലൂടെ പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ ആരംഭിക്കുകയും ചെയ്തതോടെയാണ്.[85] 1983ൽ ബാംഗ്ലൂരിലെ ദൂരദർശന്റെ കാര്യാലയത്തിൽ ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കപ്പെട്ടു. അത് പ്രയോജനപ്പെടുത്തിക്കൊണ്ട് 1983 നവംബർ 19ന് ആദ്യമായി കന്നഡയിൽ ഒരു വാർത്താപരിപാടി സംപ്രേക്ഷനം ചെയ്തു.[85] 1991 ഓഗസ്റ്റ് 5ന് ദൂരദർശൻ ഒരു കന്നഡ കൃത്രിമോപഗ്രഹ ചാനൽ ആരഭിച്ചു. ഇപ്പോൾ അത് ഡിഡി ചന്ദന എന്ന പേരിൽ അറിയപ്പെടുന്നു.[85] ബാംഗ്ലൂരിലെ സ്വകാര്യ കൃത്രിമോപഗ്രഹ ചാനലിന്റെ ചരിത്രം ആരംഭിക്കുന്നത് സ്റ്റാർ ടിവി അവരുടെ ചാനലുകൾ ഇവിടേക്ക് സംപ്രേക്ഷണം ചെയ്യാനാരംഭിച്ചതോടെയാണ്.[86] ബാംഗ്ലൂരിൽ ലഭ്യമായ ടിവി ചാനലുകളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിലായി ഉയർന്നിട്ടുണ്ടെങ്കിലും [87] അവയുടെ ലഭ്യതയിൽ കേബിൾ ടിവി ഓപ്പറേറ്റർമാർ പ്രധാന പങ്ക് വഹിക്കുന്നു. ഇത് ചിലപ്പോഴെല്ലാം പ്രശ്നങ്ങൾക്കിടയാക്കിയിട്ടുണ്ട്.[88]
ബാംഗ്ലൂരിലെ ആദ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കൾ എസ്.ടി.പി.ഐ ആയിരുന്നു. 1990 കളുടെ തുടക്കത്തിൽതന്നെ തന്നെ ഇതിലൂടെ ഇന്റർനെറ്റ് ലഭ്യമായി.[89] കോർപ്പറേറ്റുകൾക്ക് മാത്രമായി പരിമിതപ്പെട്ടിരുന്ന ഇന്റർനെറ്റ് സൗകര്യം വി.എസ്.എൻ.എൽ ന്റെ വരവോടെ പൊതുജനങ്ങൾക്കും ലഭ്യമായി.[90] ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷനുകളുള്ളത് ബാംഗ്ലൂരിലാണ്.[91]
ബാംഗ്ലൂരിലെ പ്രധാനപ്പെട്ട ഒരു ഉദ്യാനമാണ് ലാൽബാഗ്. മൈസൂർ ഹൈദർ അലി എന്ന അധികാരി ആയിരുന്നു ഈ ഉദ്യാനം കമ്മീഷൻ ചെയ്തത്, എങ്കിലും ഇത് പൂർത്തിയാക്കിയത് അദ്ദേഹത്തിനെ മകൻ ടിപ്പു സുൽത്താൻ ആണ്. 240 ഏക്കറിലധികം പരന്നുകിടക്കുന്ന ഈ ഉദ്യാനം 1000 ലധികം സസ്യവർഗ്ഗങ്ങളുടെ ഒരു സംഭരണസ്ഥലമാണ്. ഈ ഉദ്യാനത്തിൽ എല്ലാ വർഷവും നടന്നുവരുന്ന ഫ്ലവർ ഷോ പ്രസിദ്ധമാണ്. ഈ ഉദ്യാനത്തിനു ചുറ്റും നിൽക്കുന്ന ടവറുകൾ സ്ഥാപിച്ചത് ബാംഗളൂരിന്റെ സ്ഥാപകനായ കെമ്പഗൗഡ ആണ്. ലാൽബാഗിനകത്തെ 3000 മില്ല്യൺ വർഷം പഴക്കമുള്ള പാറ ഇവിടുത്തെ ഒരു പ്രധാന ആകർഷണമാണ്.
കബൺ പാർക്ക്' നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. ഏകദേശം 250 ഏക്കറുകളിലായി പരന്ന് കിടക്കുന്നു. റോസ് പൂന്തോട്ടം, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ ഉൾപ്പെടുന്നു. മറ്റൊരു പ്രത്യേകത ഈ പാർക്കിനകത്ത് സ്വകാര്യവാഹനങ്ങൾക്ക് പൊതുനിരത്തിൽ എന്നപോലെ സഞ്ചരിക്കാൻ അനുവാദമുണ്ട്. അത് കൊണ്ട് തന്നെ ഈ പാർക്ക് സിറ്റിയിലെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വഴിയുമാണ്(ഉദാഹരണത്തിനു ഹഡ്സൻ സ ർക്കിളിൽ നിന്ന് വിധാൻ സൗധ , മ്യൂസിയം റോഡ്, എന്നിങ്ങനെ). 1984 ലാണ് ഈ പാർക്ക് നിർമ്മിക്കപ്പെട്ടത് . ഇത് നിർമ്മിച്ചത് മേജർ ജനറൽ റിച്ചാർഡ് സാങ്കേ ആണ്. ഈ പാർക്കിൽ 68 ലധികം സസ്യലതാദികളും, 96 ലധികം ജീവജാല വർഗ്ഗങ്ങളുമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ബാംഗ്ലൂരിലെ നിയമസഭാ മന്ദിരം വിധാൻ സൗധ എന്നാണറിയപ്പെടുന്നത്. കൃഷ്ണശില കൊണ്ടുള്ള കൊട്ടാര സദൃശ്യമായ ഈ കെട്ടിടം 1951-56 കാലയളവിൽ മൈസൂർ സംസ്ഥാനത്തെ (ഇന്നത്തെ കർണ്ണാടക) കെ.ഹനുമന്തയ്യയാണു പണികഴിപ്പിച്ചത്. ഇതിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണ്. 1.84 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ മനോഹര മാതൃക പുതു-ദ്രാവിഡൻ വാസ്തുശാസ്ത്രത്തിന്റെ പ്രതീകമാണ്. ഈ കെട്ടിടത്തിന്റെ ഒരു പ്രത്യേകത ഇതിന്റെ ബൃഹത്ക്കോവണി(grand Stairs)യാണ്. 42 പടികളും 62 മീറ്റർ വീതിയുമുള്ള ഈ ഗോവണി 21 മീറ്റർ മേലെ നേരേ ഒന്നാം നിലയിലെ വരാന്തയിൽ നമ്മെ കൊണ്ടെത്തിക്കുന്നു. കയറുന്നവർക്ക് ഒട്ടും ക്ഷീണം തോന്നുകയുമില്ല. ഈ വരാന്ത നേരെ നിയമസഭയുടെ സദസ്സിലേക്കാണ് നമ്മെ നയിക്കുക. ഇതിന്റെ വാസ്തുശാസ്ത്രം ദ്രാവിഡശൈലിയിലാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.
ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യസ്നസ് എന്നതിന്റെ ചുരുക്കപ്പേരാണ് ഇസ്കോൺ. (ISKCCON) യശ്വന്ത്പുരയ്ക്കടുത്തായി നിലകൊള്ളുന്ന ഇസ്കോൺ ക്ഷേത്രം, പുരാതന വാസ്തുശില്പകലയുടെയും, ആധുനിക നിർമ്മിതികളുടെയും ഒരു സമ്മിശ്രരൂപമാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കൃഷ്ണനും രാധയും ആണ്. ഏകദേശം 5അടി ഉയരമുള്ള ഈ വിഗ്രഹങ്ങൾ തങ്കം കൊണ്ട് പൊതിഞ്ഞിട്ടുള്ളതാണ്. ആധുനികതയുടെ പര്യായം എന്നതുപോലെ ലിഫ്റ്റ് സംവിധാനവും ഇതിനുള്ളിൽ ഉണ്ട്.
ശിവക്ഷേത്രം, കെമ്പ്ഫോർട്ട്
മുരുകേശ് പാളയത്തിലുള്ള പ്രസിദ്ധമായ ഈ ശിവ ക്ഷേത്രം വ്യത്യസ്തമായൊരു സൃഷ്ടിയാണ്. അത് കൊണ്ട് തന്നെ ആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത്. ഇവിടെയുള്ള ശിവ പ്രതിഷ്ഠയ്ക്ക് 65 അടി ഉയരമുണ്ട് . ഇതിന്റെ പിൻഭാഗത്തായി ഇന്ത്യയിലെ പ്രധാന ശിവക്ഷേത്രങ്ങളുടെ ത്രിമാന-ശബ്ദ രൂപവത്കരണവും ഉണ്ട്. ഗണപതി, നവഗ്രഹങ്ങൾ എന്നിവയാണ് മറ്റ് പ്രതിഷ്ടകൾ.
ഗണപതി ക്ഷേത്രം, ബസവനഗുടി.
ബാംഗ്ലൂരിലെ ഏറ്റവും പ്രധാനപെട്ട ഒരു ക്ഷേത്രമാണ് ബസവനഗുടിയിലെ ഗണപതി ക്ഷേത്രം. ശക്തി ഗണപതി അഥവാ സത്യ ഗണപതി എന്ന സങ്കല്പത്തിലാണ് ഇവിടെ ആരാധന.
ഗവി ഗംഗാധരേശ്വര ക്ഷേത്രം
ബാംഗ്ലൂരിലെ ഒരു പ്രസിദ്ധമായ ശിവ ക്ഷേത്രം. ഇതൊരു പുരാതന ഗുഹാ ക്ഷേത്രമാണ്. ഒൻപതാം നൂറ്റാണ്ടിലാണ് നിർമാണം എന്ന് കരുതപ്പെടുന്നു.
ബാനാശങ്കരി ദേവി ക്ഷേത്രം
ബാനാശങ്കരി ബസ് സ്റ്റാൻഡിനു സമീപത്തെ ഈ ഭഗവതി ക്ഷേത്രം ബാംഗ്ലൂരിലെ പ്രസിദ്ധമായ ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണ്. ചൊവ്വ, വെള്ളി, പൗർണമി, നവരാത്രി ദിവസങ്ങൾ അതി വിശേഷമാണ് ഇവിടെ.
വെങ്കടേശ്വര ക്ഷേത്രം, കോട്ടെ
മഹാവിഷ്ണുവിനു സമർപ്പിക്കപ്പെട്ട പ്രധാനപ്പെട്ട ഈ ക്ഷേത്രം ബസവനഗുടിയിലെ കൃഷ്ണരാജേന്ദ്ര റോഡിലാണ്. 1689ൽ നിർമിച്ച ഈ വെങ്കടേശ്വര ക്ഷേത്രം കർണാടകയിലെ പഴക്കം ചെന്നതും പ്രസിദ്ധവുമായ വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ്.
ശ്രുങ്കഗിരി ഷണ്മുഖ ക്ഷേത്രം
സുബ്രഹ്മണ്യന്റെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ ഇത് രാജരാജേശ്വരി നഗറിൽ സ്ഥിതി ചെയ്യുന്നു. ആറു മുഖങ്ങളുള്ള മുരുകനാണ് ഇവിടുത്തെ പ്രതിഷ്ഠാ സങ്കല്പം. മനോഹരമായ നിർമാണ ശൈലിയാണ്.
19ആം നൂറ്റാണ്ട് വരെ ബാംഗ്ലൂരിലെ വിദ്യാലയങ്ങൾ മതനേതാക്കൾ നടത്തുന്നവയായിരുന്നു. ഒരേ മതത്തിലോ അല്ലെങ്കിൽ ജാതിയിലോ ഉൾപ്പെട്ട കുട്ടികൾക്ക് മാത്രമേ അവിടങ്ങളിൽ പ്രവേശനം ലഭിച്ചിരുന്നുള്ളൂ.[94] മമ്മാഡി കൃഷ്ണരാജ വോഡെയാറുടെ ഭരണകാലത്താണ് ബാംഗ്ലൂരിൽ പാശ്ചാത്യ രീതിയിലിള്ള വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചത്. പശ്ചാത്യ രീതയിലുള്ള രണ്ട് വിദ്യാലയങ്ങൾ അന്ന് സ്ഥാപിക്കപ്പെട്ടു. 1851ൽ വെസ്ലിയൻ മിഷൻ മറ്റൊരു വിദ്യാലയം ആരംഭിച്ചു. 1858ൽ സർക്കാർ ബാംഗ്ലൂർ ഹൈ സ്കൂൾ സ്ഥാപിച്ചു.[95]
ഇപ്പോൾ ബാംഗ്ലൂരിൽ ചെറിയ കുട്ടികൾക്കുള്ള വിദ്യാലയങ്ങൾ പ്രധാനമായും കിൻഡർഗാർട്ടൻ ഘടനയിലുള്ളയാണ്.[96] ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, നാഷണൽ ഓപ്പൺ സ്കൂൾ (എൻ.ഒ.എസ്), ഐ.ജി.സി.എസ്.ഇ, ഐ.ബി എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രാഥമിക, ദ്വിതീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബാംഗ്ലൂരിലുണ്ട്.[97] ബാംഗ്ലൂരിലെ വിദ്യാലയങ്ങളെ മൂന്നായി തിരിക്കാം. സർക്കാർ വിദ്യാലയങ്ങൾ(സർക്കാർ നേരിട്ട് നടത്തുന്നവ), എയ്ഡഡ് വിദ്യാലയങ്ങൾ(സർക്കാർ ധനസഹായം ലഭിക്കുന്നവ), അൺ-എയ്ഡഡ് സ്വകാര്യ വിദ്യാലയങ്ങൾ(സർക്കാരിന്റെ ധനസഹായം ലഭിക്കാത്തതും പൂർണമായും സ്വകാര്യ ഉടമസ്ഥതയിലുള്ളവറ്റുമായവ)[98]
1964ൽ സ്ഥാപിതമായ ബാംഗ്ലൂർ സർവ്വകലാശാലയുടെ ആസ്ഥാനം ബാംഗ്ലൂരാണ്. 1916 ൽ തുടങ്ങിയ മൈസൂർ സർവ്വകലാശാലയുടെ ശാഖയാണിത്. ഏകദേശം 500 കലാശാലകളും 300000 വിദ്യാർത്ഥികളും ഈ സർവകലാശാലയുടെ കീഴിലുണ്ട്. ബാംഗ്ലൂരിനകത്ത് സർവകലാശാലക്ക് രണ്ട് കാമ്പസുകളുണ്ട്. ജ്ഞാനഭാരതിയും സെണ്ട്രൽ കോളേജും.[99] 1909ൽ ബാംഗ്ലൂരിൽ ആരഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് ആണ് ഇന്ത്യയിലെ ആദ്യ ശാസ്ത്ര ഗവേഷണ-പഠന സ്ഥാപനം.[100] ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി(എൻ.എൽ.സ്.ഐ.യു) ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനത്തിനായി ശ്രമിക്കുന്ന നിയമ കലാലയങ്ങളിൽ ഒന്നാണ്. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ്(ഐ.ഐ.എം) ഇന്ത്യയിലെ പ്രഥമ മാനേജ്മെന്റ് വിദ്യാലയങ്ങളിലൊന്നാണ്.[100]
ബാംഗ്ലൂരിലെ ഏറ്റവും ജനപ്രീയമായ കായിക മത്സരങ്ങളിലൊന്നാണ് ക്രിക്കറ്റ്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്മാരായ രാഹുൽ ദ്രാവിഡും അനിൽ കുംബ്ലെയും, റോബിൻ ഉത്തപ്പ എന്നിവർ ഉൾപ്പെടെ പല ദേശീയ ക്രിക്കറ്റ് താരങ്ങളേയും ബാംഗ്ലൂർ സംഭാവന ചെയ്തിട്ടുണ്ട്. . ഗുണ്ടപ്പ വിശ്വനാഥ്, ഇ.എ.എസ്. പ്രസന്ന, വെങ്കടേശ് പ്രസാദ്, ഭഗ്വത് ചന്ദ്രശേഖർ, സയിദ് കിർമാനി, സദാനന്ദ് വിശ്വനാഥ്, റോജർ ബിന്നി തുടങ്ങിയരാണ് ബാംഗ്ലൂരുകാരായ മറ്റ് ക്രിക്കറ്റ് മഹാരഥൻമാർ. നഗരത്തിന്റെ റോഡുകളിലും പൊതു മൈതാനങ്ങളിലും മറ്റും കുട്ടികൾ ഗള്ളി ക്രിക്കറ്റ് കളിക്കാറുണ്ട്. ബാംഗ്ലൂരിലെ പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം എം. ചിന്നസ്വാമി സ്റ്റേഡിയമാണ്. 1974ൽ ആ സ്റ്റേഡിയത്തിൽ ആദ്യമായി മത്സരം നടന്നത്.[101]
ചില എലൈറ്റ് ക്ലബ്ബുകളും ബാംഗ്ലൂരിലുണ്ട്. ബാംഗ്ലൂർ ഗോൾഫ് ക്ലബ്, ബൗറിംഗ് ഇൻസ്റ്റിട്യൂട്ട്,ബാംഗ്ലൂർ ക്ലബ് തുടങ്ങിയവ ഉദാഹരണം. വിൻസ്റ്റൺ ചർച്ചിൽ, മൈസൂർ മഹാരാജാവ് തുടങ്ങിയ പ്രമുഖർ ബാംഗ്ലൂർ ക്ലബിലെ മുൻ അംഗങ്ങളാണ്.[102]
വിമൺസ് ടെന്നിസ് അസോസിയേഷന്റെ ടയർ-2ൽ ഉൾപ്പെടുന്ന ഒരു ടെന്നിസ് പരമ്പര, ബാംഗ്ലൂർ ഓപ്പൺ എന്ന പേരിൽ 2006 മുതൽ ഇവിടെ നടത്തപ്പെടുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.