മംഗളൂരു

കർണാടക സംസ്ഥാനത്തെ ഒരു പ്രധാന തുറമുഖ നഗരമാണ്‌ മംഗളൂരു അഥവാ മംഗലാപുരം,മംഗലൂർ From Wikipedia, the free encyclopedia

മംഗളൂരുmap

കർണാടക സംസ്ഥാനത്തെ ഒരു പ്രധാന തുറമുഖ നഗരമാണ്‌ മംഗളൂരു[7] അഥവാ മംഗലാപുരം , മംഗലൂർ (IPA:\ˈmaŋ-gə-ˌlȯr\; Kannada: ಮಂಗಳೂರು, Mangalūru; Tulu: Kudla, ಕುಡ್ಲ; Konkani: Kodial, ಕೊಡಿಯಾಲ್; Beary: Maikala, ಮೈಕಲ) pronunciation. ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്ത് അറബിക്കടലിന്റെ തീരത്തായി സംസ്ഥാന തലസ്ഥാനമായ ബാംഗ്ലൂരിന് പടിഞ്ഞാറ് 352 കിലോമീറ്റർ (219 മൈൽ) അകലെയാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തലസ്ഥാന നഗരമായ ബാംഗ്ലൂരിനുശേഷം എല്ലാ അർത്ഥത്തിലും ഇത് കർണാടക സംസ്ഥാനത്തെ രണ്ടാമത്തെ പ്രധാന നഗരമാണ്. ഇന്ത്യയിലെ മറ്റ് അഞ്ച് പ്രധാന നഗരങ്ങളോടൊപ്പം വായു, റോഡ്, റെയിൽ, കടൽ എന്നിങ്ങനെ എല്ലാത്തരം ഗതാഗത മാർഗ്ഗങ്ങളുമുള്ള കർണാടകയിലെ ഏക നഗരമാണിത്. ഗേറ്റ് വേ ഓഫ് കർണാടക' എന്ന അപരനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. കർണാടകയിലെ തുളുനാട് മേഖലയിലെ ഏറ്റവും വലിയ നഗരമാണിത്. ബാംഗ്ലൂരിനു ശേഷം കർണാടകയിലെ ഏറ്റവും മികച്ച രണ്ടാമത്തേതും ഇന്ത്യയിൽ 13 ആമത്തെ മികച്ച ബിസിനസ്സ് ലക്ഷ്യസ്ഥാനവുമാണ് മംഗലാപുരം. 2011 ലെ ദേശീയ സെൻസസിലെ താൽക്കാലിക ഫലങ്ങൾ അനുസരിച്ച് നഗര സഞ്ചയത്തിലെ ആകെ ജനസംഖ്യ 619,664 ആയിരുന്നു.

വസ്തുതകൾ മംഗലാപുരം, Country ...
മംഗലാപുരം
City Corporation
മംഗളുരു
Thumb
ഇടത്തുനിന്ന് വലത്തോട്ട്: ടൗൺ ഹാൾ, ഔർ ലേഡി ഓഫ് റോസറി ചർച്ച്, യെനെപോയ സർവകലാശാല, കുദ്രോളി ഗോകർണ്ണനാഥേശ്വര ക്ഷേത്രം, ഇൻഫോസിസ് കൊട്ടാര കാമ്പസ്, തണ്ണീർഭവി ബീച്ച്, ശിവ പ്രതിമ, ഫോറം ഫിസ മാൾ
Thumb
Flag
ഔദ്യോഗിക ലോഗോ മംഗലാപുരം
Mangalore City Corporation
Nickname(s): 
Kudla (Tulu), Mangalapuram (Malayalam), Kodiyal (Konkani), Maikala (Beary)
Thumb
മംഗലാപുരം
മംഗലാപുരം
Thumb
മംഗലാപുരം
മംഗലാപുരം
Coordinates: 12°50′23″N 74°47′24″E
Country India
StateKarnataka
DistrictDakshina Kannada
RegionCanara
TalukMangalore
നാമഹേതുMangaladevi
ഭരണസമ്പ്രദായം
  ഭരണസമിതിMangalore City Corporation
വിസ്തീർണ്ണം
  City Corporation184 ച.കി.മീ.(71  മൈ)
ഉയരം
22 മീ(72 അടി)
ജനസംഖ്യ
 (2011)
  City Corporation484,785[2]
  മെട്രോപ്രദേശം
619,664[3]
Demonym(s)Mangalorean, Maṅgaḷūrinavaru, Kudladhar, Maikalathanga, Mangaluriga, Kodialcho, Koḍiyāḷgar
Languages
  AdministrativeKannada, English
  RegionalTulu, Konkani, Malayalam, Beary, Koraga, Havyaka Kannada
സമയമേഖലUTC+5:30 (IST)
PIN
575001 to 575030[4]
Telephone code+91-(0824)
വാഹന റെജിസ്ട്രേഷൻKA-19, KA-62
Sex ratio1016
Human Development IndexIncrease 0.83[5]
very high
Literacy94.03%[6]
വെബ്സൈറ്റ്www.mangalorecity.mrc.gov.in
അടയ്ക്കുക

പ്രാചീന കാലത്ത് അറബിക്കടലിലെ ഒരു തുറമുഖമായി മംഗലാപുരം ഉയർന്നുവരുകയും ഇന്ത്യയിലെ ഒരു പ്രധാന തുറമുഖമായി മാറുകയും ചെയ്തു. ദക്ഷിണ കന്നഡ ജില്ലയുടെ ആസ്ഥാനമായ ഈ നഗരത്തിലാണ്‌ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. ചരക്ക് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിൽ ഒമ്പതാം സ്ഥാനമാണ്‌ ഈ തുറമുഖത്തിനുള്ളത്[8]. ഇന്ത്യയിലെ കാപ്പി, കശുവണ്ടി വാണിജ്യത്തിന്റെ 75 ശതമാനവും മംഗലാപുരത്താണ്‌ നടക്കുന്നത്[8][9]. മലബാർ തീരത്ത് സമുദ്ര ഗതാഗതത്തിനായുള്ള ഒരു പ്രധാന കേന്ദ്രമായി ഈ തുറമുഖം ഉപയോഗിക്കുന്നു. കാദംബ രാജവംശം, ആലുപാസ്, വിജയനഗര സാമ്രാജ്യം, കേലാഡി നായക്കുകൾ, പോർച്ചുഗീസുകാർ തുടങ്ങി നിരവധി പ്രധാന ശക്തികളാണ് ഈ തീരദേശ നഗരത്തെ ഭരിച്ചിരുന്നു. ബ്രിട്ടീഷുകാരും മൈസൂർ ഭരണാധികാരികളുമായ ഹൈദർ അലിയും ടിപ്പു സുൽത്താനും തമ്മിലുണ്ടായിരുന്ന സ്‌പർദ്ധയുടെ ഒരു വിഷയം ഈ നഗരമായിരുന്നു. ക്രമേണ 1799 ൽ ബ്രിട്ടീഷുകാർ നഗരം പിടിച്ചടക്കുകയും 1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം വരെ ഇത് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി തുടരുകയും ചെയ്തു. 1956 ൽ നഗരം മൈസൂർ സംസ്ഥാനവുമായി (ഇപ്പോഴത്തെ കർണാടക എന്നറിയപ്പെടുന്നു) നഗരം സംയോജിപ്പിക്കപ്പെട്ടു.

Thumb
ഗുരുപുര നദിയിലേക്ക് ഇംഗ്ലീഷ് യുദ്ധക്കപ്പലുകൾ പ്രവേശിക്കുന്നത് തടയുന്നതിനായി ടിപ്പുസുൽത്താൻ 1784 ൽ നിർമ്മിച്ച സുൽത്താൻ ബത്തേരി.[10][11]

അന്താരാഷ്ട്ര നിലവാരമുള്ള മംഗലാപുരത്തെ ആരോഗ്യ കേന്ദ്രങ്ങൾ ലോകപ്രശസ്തമാണ്. നിരവധി മെഡിക്കൽ കോളേജുകൾ നഗരത്തിൽ സ്ഥിതി ചെയ്യുന്നു. ദക്ഷിണേന്ത്യയുടെ ആരോഗ്യ തലസ്ഥാനമായി നഗരത്തെ വിശേഷിപ്പിക്കാം. നിരവധി സർവ്വകലാശാലകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഐശ്വര്യ റായ്, അനുഷ്ക ഷെട്ടി, ശിൽപ്പ ഷെട്ടി, സുനിൽ ഷെട്ടി, പ്രകാശ് പാദുക്കോൺ തുടങ്ങി നിരവധി സെലിബ്രറ്റികളെ ഇന്ത്യക്ക് സംഭാവന ചെയ്ത നഗരം കൂടിയാണ് മംഗലാപുരം.

ദക്ഷിണ കന്നഡ ജില്ലയിലെ ഏറ്റവും വലിയ നഗര, ഭരണ കേന്ദ്രമാണ് മംഗലാപുരം. അതുപോലെതന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ബഹു-സാംസ്കാരിക, ബഹുഭാഷാ നഗരവും മെട്രോയല്ലാത്ത വലിയ നഗരങ്ങളിലൊന്നുമാണിത്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ വാണിജ്യ, വ്യാവസായിക, വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ കേന്ദ്രം എന്നതിലുപരി കർണാടകയിലെ തീരദേശ, മലനാട് പ്രദേശങ്ങളിലെ ഏറ്റവും വലിയ നഗരം കൂടിയാണിത്. ഒരു തുറമുഖ നഗരമായ ഇവിടെ കർണാടകയിലെ രണ്ടാമത്തെ വലിയ വിമാനത്താവളം സ്ഥിതിചെയ്യുന്നു. മംഗലാപുരം നഗര സഞ്ചയം തെക്ക് ഉല്ലാൽ മുതൽ വടക്ക് സൂരത്കൽ വരെ 30 കിലോമീറ്റർവരെ (19 മൈൽ) നീളുന്നു. നഗരം കിഴക്കോട്ട് വാമൻജൂർ, പാഡിൽ എന്നിവിടങ്ങളിലേയ്ക്കുവരെ നീളുന്നു. മൊട്ടക്കുന്നുകൾ, തെങ്ങുകൾ, ശുദ്ധജല അരുവികൾ, ചുവന്ന കളിമണ്ണുകൊണ്ടുള്ള ഓടുകൾ പാകിയ മേൽക്കൂരയുള്ള കെട്ടിടങ്ങൾ എന്നിവയാണ് നഗരത്തിന്റെ പൊതുവായുള്ള ഭൂപ്രകൃതി. ഈ തീരദേശ നഗരത്തിൽ 30 മുതൽ 40 നുമേൽ നിലകളുള്ള നിരവധി അംബരചുംബികൾ ഇവിടെയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ 3 ഡി പ്ലാനറ്റോറിയം തുറമുഖ നഗരമായ മംഗലാപുരത്താണ് സ്ഥിതിചെയ്യുന്നത്. സ്മാർട്ട് സിറ്റീസ് മിഷൻ പട്ടികയിൽ മംഗലാപുരം ഇടംപിടിച്ചിരിക്കു്നതുകൂടാതെ, ഇന്ത്യയിൽ വികസിപ്പിക്കേണ്ടായുള്ള 100 സ്മാർട്ട് സിറ്റികളിൽ ഒന്നുകൂടിയാണിത്. നഗരത്തിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം 22 മീറ്റർ (72 അടി) ആണ്. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ സ്വാധീനത്തിലുള്ള ഒരു ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് മംഗലാപുരത്ത് അനുഭവപ്പെടാറുള്ളത്.

ക്രി.വ. 715-ൽ പാണ്ഡ്യൻ രാജാവായ ചെട്ടിയൻ നഗരത്തെ മംഗലാപുരം എന്ന് വിളിച്ചിരുന്നു.[12] നഗരവും തീരപ്രദേശവും പാണ്ഡ്യ രാജ്യത്തിന്റെ ഭാഗമായിരുന്നു.[12]

പദോൽപ്പത്തി

Thumb
ഹിന്ദു ദേവതയായ മംഗളദേവിയുടെ പേരിൽനിന്നാണ് മംഗലാപുരത്തിന്റെ നാമകരണം.

മംഗളദേവി ക്ഷേത്രത്തിലെ പ്രധാന ദേവതയായ മംഗലാദേവിയുടെയോ[13] വജ്രയാന ബുദ്ധമതത്തിലെ താരാ ഭഗവതിയുടെ പേരിന്റെ പര്യായത്തിൽനിന്നോ ആയിരിക്കാം മംഗലാപുരം എന്ന പേരിന്റെ ഉത്ഭവം.[14] പ്രാദേശിക ഐതിഹ്യമനുസരിച്ച്, മലബാറിൽ നിന്നുള്ള ഒരു രാജകുമാരിയായിരുന്ന പരിമള[15] (പ്രമീള[16] അല്ലെങ്കിൽ പ്രേമലദേവി എന്നും അറിയപ്പെടുന്നു) തന്റെ രാജ്യം ത്യജിച്ച് നാഥ് പാരമ്പര്യത്തിന്റെ സ്ഥാപകനായ മത്സേന്ദ്രനാഥിന്റെ ശിഷ്യയായി.[17] പ്രേമലദേവിയെ നാഥ് വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്ത മാത്സ്യേന്ദ്രനാഥ് അവൾക്ക് മംഗളദേവി എന്ന് പുനർനാമകരണം ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്നു.[18][19] മാത്സ്യേന്ദ്രനാഥിനൊപ്പം അവൾ ഈ പ്രദേശത്തെത്തിയെങ്കിലും വഴിയിൽവച്ച് അസുഖം ബാധിച്ചതിനാൽ മംഗലാപുരത്തിനടുത്തുള്ള ബോലാറിനടുത്ത് താമസിക്കേണ്ടി വന്നു.[20] ക്രമേണ അവൾ മരണമടയുകയും ശേഷം പ്രദേശവാസികൾ ബോലാറിൽ മംഗളദേവി ക്ഷേത്രം നിർമ്മിച്ച് അവളുടെ ബഹുമാനാർത്ഥം സമർപ്പണം നടത്തുകയും ചെയ്തു..[21][22] ക്ഷേത്രത്തിൽ നിന്നാണ് നഗരത്തിന് സമാനമായ ഈ പേര് ലഭിച്ചത്.[23]

ചരിത്രം

ആദ്യകാല, മധ്യകാല ചരിത്രം

മംഗലാപുരത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിദേശ സഞ്ചാരികളുടെ നഗരത്തെക്കുറിച്ചുള്ള നിരവധി പരാമർശങ്ങളിൽ എടുത്തുകാണിക്കുന്നുണ്ട്.[24] എ.ഡി. ഒന്നാം നൂറ്റാണ്ടിൽ, റോമൻ ചരിത്രകാരനായ പ്ലിനി ദ എൽഡർ കടൽക്കൊള്ളക്കാർ പരിസരത്ത് പതിവായി വരുന്നതിനാൽ[25] ഇറങ്ങാൻ വളരെ അഭികാമ്യമല്ലാത്ത നിട്രിയാസ് എന്ന ഒരു സ്ഥലത്തെക്കുറിച്ചു പരാമർശിച്ചു, അതേസമയം ഗ്രീക്ക് ചരിത്രകാരനായ ടോളമി എ.ഡി രണ്ടാം നൂറ്റാണ്ടിൽ നിട്ര എന്ന ഒരു സ്ഥലത്തെക്കുറിച്ചും പരാമർശിച്ചു.[26] ടോളമിയുടെയും പ്ലിനി ദി എൽഡറുടെയും പരാമർശങ്ങൾ മംഗലാപുരത്തുകൂടി ഒഴുകുന്ന നേത്രാവതി നദിയെക്കുറിച്ചായിരിക്കാം.[27] ഗ്രീക്ക് സന്യാസിയായിരുന്ന കോസ്മാസ് ഇൻഡികോപ്ല്യൂറ്റസ് തന്റെ ആറാം നൂറ്റാണ്ടിലെ കൃതിയായ ക്രിസ്റ്റ്യൻ ടോപ്പോഗ്രാഫിയിൽ മലബാറിനെ കുരുമുളക് വ്യാപാരത്തിന്റെ മുഖ്യസ്ഥാനമായും കുരുമുളക് കയറ്റുമതി ചെയ്യുന്ന അഞ്ച് കുരുമുളക് കേന്ദ്രങ്ങളിലൊന്നായി മംഗറൂത്തിനെയും (മംഗലാപുരം തുറമുഖം) ഈ കൃതിയിൽ പരാമർശിക്കുന്നു.[28][29]

വ്യത്യസ്തമായ ഒരു ബഹുഭാഷാ സാംസ്കാരിക മേഖലയുടെ ഹൃദയഭൂമിയാണ് മംഗലാപുരമെന്നു പറയാം. തുളു സംസാരിക്കുന്ന ജനതയുടെ ജന്മദേശമാണ് സൗത്ത് കാനറ.[30] ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ഈ നഗരം മൗര്യ സാമ്രാജ്യത്തിന്റെ ഭാഗമായി ബുദ്ധ ചക്രവർത്തിയായിരുന്ന മഗധയിലെ അശോകന്റെ ഭരണത്തിൻകീഴിലായിരുന്നു..[31]:176 എ.ഡി മൂന്നാം നൂറ്റാണ്ട് മുതൽ ആറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ വടക്കൻ കാനറയിലെ ബനവാസി ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന കാദംബ രാജവംശം കാനറ മേഖലയെ ഒന്നാകെ സ്വതന്ത്ര ഭരണാധികാരികളായി ഭരിച്ചു.[32] ഏഴാം നൂറ്റാണ്ടിന്റെ പകുതി മുതൽ പതിനാലാം നൂറ്റാണ്ടിന്റെ ഒടുക്കം വരെ തെക്കൻ കാനറ പ്രദേശം ഭരിച്ചിരുന്നത് സ്വദേശികളായിരുന്ന ആലുപ ഭരണാധികാരികളാണ്..[33][34][35] പ്രധാന പ്രാദേശിക രാജവംശങ്ങളായിരുന്ന ബദാമിയിലെ ചാലൂക്യർ, മന്യഖേതയിലെ രാഷ്ട്രകൂടന്മാർ, കല്യാണിയിലെ ചാലൂക്യർ, ദ്വാരസമുദ്രത്തിലെ ഹൊയ്‌സാന്മാർ തുടങ്ങിയവരുടെ സാമന്തന്മാരായാണ് ആലുപ രാജാക്കന്മാർ ഭരണം നടത്തിയിരുന്നത്..[36]:17 ആലുപ രാജാവായിരുന്ന കവി ആലുപേന്ദ്രയുടെ (1110–1160) ഭരണകാലത്ത്, ടുണീഷ്യയിൽനിന്നുള്ള ജൂത വ്യാപാരി അബ്രഹാം ബെൻ യിജു പന്ത്രണ്ടാം നൂറ്റാണ്ടിൽ മദ്ധ്യപൂർവ്വേഷ്യക്കും ഇന്ത്യയ്ക്കും ഇടയിൽ സഞ്ചരിച്ചിരുന്ന കാലത്ത് ഇവിടം സന്ദർശിച്ചിരുന്നു.[37] 1342 ൽ നഗരം സന്ദർശിച്ച മൊറോക്കൻ സഞ്ചാരിയായ ഇബ്നു ബത്തൂത്ത ഇതിനെ മഞ്ജാരൂർ എന്ന് വിളിക്കുകയും പട്ടണം സ്ഥിതിചെയ്യുന്നത് ‘എസ്റ്റുറി ഓഫ് വുൾഫ്’ എന്നറിയപ്പെടുന്ന ഒരു വലിയ അഴിമുഖത്തായിരുന്നുവെന്നും ഇത് മലബാർ രാജ്യത്തെ ഏറ്റവും വലിയ അഴിമുഖമായിരുന്നുവെന്നും പരാമർശിച്ചിരുന്നു..[38][39]:30 1345 ആയപ്പോഴേക്കും വിജയനഗര ഭരണാധികാരികൾ ഈ പ്രദേശം തങ്ങളുടെ വരുതിയിലാക്കി..[40]:17 വിജയനഗര കാലഘട്ടത്തിൽ (1345–1550) തെക്കൻ കാനറയെ മംഗലാപുരം, ബർകൂർ എന്നിങ്ങനെ രണ്ടു രാജ്യങ്ങൾ (പ്രവിശ്യകൾ) ആയി വിഭജിക്കുകയും ഓരോന്നിന്റേയും ഭരണകാര്യങ്ങൾക്കായി രണ്ടു ഗവർണർമാരെ നിയമിക്കുകയും ചെയ്തു.[41][42] എന്നാൽ ഫലത്തിൽ പലപ്പോഴും ഒരു ഗവർണർ മാത്രമാണ് മംഗലാപുരം, ബർകൂർ പ്രവിശ്യകളെ നിയന്ത്രിച്ചിരുന്നത്..[43]:19 അധികാരം കേലാഡി ഭരണാധികാരികളുടെ കൈകളിലേക്ക് എത്തിയപ്പോൾ (1550–1763) അവർക്ക് ബർക്കൂരിൽ മാത്രം ഒരു ഗവർണർ എന്ന നിലയിലായി.  1448 ൽ സമർഖണ്ഡിലെ സുൽത്താൻ ഷാരൂഖിന്റെ പേർഷ്യൻ അംബാസഡർ അബ്ദുർ റസാഖ് വിജയനഗര രാജസദസ്സിലേയ്ക്കുള്ള  യാത്രാമധ്യേ മംഗലാപുരം സന്ദർശിച്ചു.[44][45]:311506 ൽ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ നാവിക സഞ്ചാരിയായ ലുഡോവിക്കോ ഡി വർത്തേമ പറയുന്നത്, മംഗലാപുരം തുറമുഖത്ത് അരി നിറച്ചു പുറപ്പെടാൻ തയ്യാറായിനിൽക്കുന്ന അറുപതോളം യാനങ്ങൾ താൻ കണ്ടുവെന്നാണ്..[46]:20

ആദ്യകാല ആധുനിക ചരിത്രം

പോർച്ചുഗീസ് പര്യവേഷകനായ വാസ്കോഡ ഗാമ മംഗലാപുരത്തിനടുത്തുള്ള സെന്റ് മേരീസ് ദ്വീപുകളിൽ വന്നിറങ്ങിയ 1498 മുതൽ മംഗലാപുരത്ത് യൂറോപ്യൻ സ്വാധീനം കാണാം.[47] പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കാനറയിൽ ഗണ്യമായ വാണിജ്യ താൽപ്പര്യങ്ങൾ നേടുവാനായി എത്തി.[48] അക്കാലത്തെ വിജയനഗര സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന കൃഷ്ണദേവരായർ (1509–1529) പോർച്ചുഗീസുകാരുമായി സൗഹൃദബന്ധം പുലർത്തി.[49] പോർച്ചുഗീസ് വ്യാപാരം ക്രമേണ ശക്തി പ്രാപിക്കുകയും തീരത്തുടനീളം അറബ്, മാപ്പിള വ്യാപാരത്തെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.[50] 1524 ൽ, കോഴിക്കോട്ടെ മുസ്ലീം വ്യാപാരികൾക്ക് മംഗലാപുരത്തും ബസ്രൂരിലും ഏജന്റുമാർ ഉണ്ടെന്ന് വാസ്കോഡാമ കേട്ടറിഞ്ഞപ്പോൾ, നദികളെ ഉപരോധിക്കാൻ അദ്ദേഹം ഉത്തരവിട്ടു.[51] 1526-ൽ പോർച്ചുഗീസുകാർ ലോപോ വാസ് ഡി സമ്പായോയുടെ വൈസ്രോയി പദത്തിനുകീഴിൽ മംഗലാപുരം കൈവശപ്പെടുത്തി.[52] തീരദേശ വ്യാപാരം പൂർണ്ണമായും മുസ്ലീം കച്ചവടക്കാരിൽനിന്ന് പോർച്ചുഗീസ് കരങ്ങളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെട്ടു.[53]:20 1550 ൽ വിജയനഗര ഭരണാധികാരിയായിരുന്ന സദാശിവ രായ, കാനറയുടെ തീരപ്രദേശത്തെ ഭരണനിർവ്വഹണം കെലാഡിയിലെ സദാശിവ് നായകയെ ഏൽപ്പിച്ചു.[54] 1554 ആയപ്പോഴേക്കും സൗത്ത് കാനറയിൽ രാഷ്ട്രീയ അധികാരം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.[55] 1565 ൽ വിജയനഗര സാമ്രാജ്യത്തിന്റെ ശിഥിലീകരണം കെലാഡി ഭരണാധികാരികൾക്ക് തീരദേശ കാനറ മേഖലയെ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ശക്തി നൽകി..[56]:27 അവർ വിജയനഗര സാമ്രാജ്യത്തിന്റെ ഭരണ സംവിധാനം തുടർന്നു.[57] മംഗലാപുരം, ബർകൂർ എന്നീ രണ്ട് പ്രവിശ്യകൾ അപ്രകാരംതന്നെ തുടർന്നു..[58][59] മംഗലാപുരം ഗവർണർ തന്റെ പ്രവിശ്യയിലെ കേലാഡി സൈന്യത്തിന്റെകൂടി ഗവർണറായി പ്രവർത്തിച്ചു.[60]:30 ഇറ്റാലിയൻ സഞ്ചാരിയായ പിയട്രോ ഡെല്ല വാലെ 1623-1624 ൽ ഇവിടം സന്ദർശിച്ചു.[61] അറബ് കച്ചവടത്തിന് പോർച്ചുഗീസുകാർ നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ പ്രതികാരമായി 1695 ൽ അറബികൾ പട്ടണം ചുട്ടെരിച്ചു.[62]

മൈസൂർ സാമ്രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരിയായി പ്രവർത്തിച്ചിരുന്ന ഹൈദർ അലി 1763 ൽ മംഗലാപുരം കീഴടക്കി, തത്ഫലമായി 1767 വരെ നഗരം അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലാകുകയും ചെയ്തു. 1767 മുതൽ 1783 വരെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് മംഗലാപുരം ഭരിച്ചിരുന്നതെങ്കിലും പിന്നീട് അവരുടെ നിയന്ത്രണത്തിൽ നിന്ന് 1783 ൽ ഹൈദരാലിയുടെ പുത്രൻ ടിപ്പുവിന്റെ കരങ്ങളിലേയ്ക്കു നഗരം വഴുതിവീണതോടെ അദ്ദേഹം നഗരത്തെ ജലാലാബാദ് എന്ന് പുനർനാമകരണം ചെയ്തു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം 1784 മാർച്ച് 11 ന് ടിപ്പു സുൽത്താനും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ ഒപ്പുവച്ച മംഗലാപുരം ഉടമ്പടിയോടെ അവസാനിച്ചു. നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു പരാജയപ്പെട്ടതിനുശേഷം നഗരം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ പുനർനാമകരണം ചെയ്യപ്പെടുകയും മദ്രാസ് പ്രസിഡൻസിയുടെ കീഴിലുള്ള സൗത്ത് കാനറ ജില്ലയുടെ ആസ്ഥാനമായി മാറുകയും ചെയ്തു.

1801 ൽ മംഗലാപുരം സന്ദർശിച്ച സ്കോട്ടിഷ് ഭിഷഗ്വരൻ ഫ്രാൻസിസ് ബുക്കാനൻ പറയുന്നതുപ്രകാരം, വ്യാപാര പ്രവർത്തനങ്ങളാൽ സമൃദ്ധവും സമ്പന്നവുമായ ഒരു തുറമുഖമായിരുന്നു മംഗലാപുരം. കയറ്റുമതിയിലെ പ്രധാന ഇനമായിരുന്ന അരി, മസ്കറ്റ്, ബോംബെ, ഗോവ, മലബാർ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ബോംബെ, സൂററ്റ്, കച്ച് എന്നിവിടങ്ങളിലേക്ക് സുപാരി അല്ലെങ്കിൽ വെറ്റില കയറ്റുമതി ചെയ്തിരുന്നു. കുരുമുളകും ചന്ദനവും ബോംബെയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. കാസിയ കറുവാപ്പട്ട, പഞ്ചസാര, ഇരുമ്പ്, പൊട്ടാസിയം നിട്രേറ്റ്, ഇഞ്ചി, കയർ, മരങ്ങൾ എന്നിവയ്‌ക്കൊപ്പം മഞ്ഞളും  മസ്‌കറ്റ്, കച്ച്, സൂററ്റ്, ബോംബെ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു.

ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ ഈ മേഖലയിലെ വ്യവസായവൽക്കരണത്തെ പിന്തുണച്ചില്ല, പ്രാദേശിക മൂലധനം കൂടുതലും ഭൂമിയിലും പണമിടപാടിലുമായി നിക്ഷേപം തുടരുകയും ഇത് ഈ മേഖലയിലെ പിൽക്കാല ബാങ്കിംഗിന്റെ വികസനത്തിന് കാരണമായിത്തീരുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്യൻ മിഷനറിമാരുടെ വരവോടെ, ഈ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനവും യൂറോപ്യൻ വ്യവസായങ്ങളെ മാതൃകയാക്കിയുള്ള ഒരു ആധുനിക വ്യാവസായിക അടിത്തറയും രൂപംകൊണ്ടു.  വ്യവസായവൽക്കരണ പ്രക്രിയയുടെ കേന്ദ്രമായി 1834 ൽ ലൂഥറൻ സ്വിസ് ബാസൽ മിഷൻ ആരംഭിച്ചു. പ്രിന്റിംഗ് പ്രസ്സ്, തുണി-നെയ്ത്ത് മില്ലുകൾ, മംഗലാപുരം ഓടുകൾ നിർമ്മിക്കുന്ന ഫാക്ടറികൾ എന്നിവ മിഷനറിമാർ ഇവിടെ സ്ഥാപിച്ചു. 1859 ൽ കാനറ (മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന) വടക്കൻ കാനറയായും തെക്കൻ കാനറയായും രണ്ടു ശാഖകളായി വിഭജിക്കപ്പെട്ടപ്പോൾ മംഗലാപുരം തെക്കൻ കാനറയിലേക്ക് മാറ്റി അതിന്റെ ആസ്ഥാനമായി മാറി. തെക്കൻ  കാനറ മദ്രാസ് പ്രസിഡൻസിയിൽത്തന്നെ തുടർന്നപ്പോൾ വടക്കൻ കാനറയെ മദ്രാസ് പ്രസിഡൻസിയിൽ നിന്ന് വേർപെടുത്തുകയും 1862 ൽ ബോംബെ പ്രസിഡൻസിയിലേക്ക് മാറ്റുകയും ചെയ്തു.

പിൽക്കാല ആധുനിക-സമകാലിക ചരിത്രം

മദ്രാസ് ടൌൺ ഇംപ്രൂവ്‌മെന്റ് ആക്റ്റ് (1865) പ്രാബല്യത്തിൽ വരുത്തിയത് 1866 മെയ് 23 ന് നഗര ആസൂത്രണം, നാഗരിക സൌകര്യങ്ങൾ എന്നിവ നൽകുന്നതിന് ഉത്തരവാദിത്തമുള്ള ഒരു മുനിസിപ്പൽ കൗൺസിൽ സ്ഥാപിക്കാൻ നിർബന്ധിതമായി. 1878 ൽ മംഗലാപൂരിലെത്തിയ ഇറ്റാലിയൻ ജെസ്യൂട്ടുകൾ നഗരത്തിന്റെ വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നിവയിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. 1907 ൽ മംഗലാപുരം നഗരത്തെ സതേൺ റെയിൽ‌വേയുമായി ബന്ധിപ്പിച്ചതും തുടർന്നുള്ള ഇന്ത്യയിലെ മോട്ടോർ വാഹനങ്ങളുടെ വ്യാപനവും നഗരവും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള വ്യാപാരവും ആശയവിനിമയവും കൂടുതൽ വർദ്ധിപ്പിക്കുന്നതിനു സഹായകമായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബോംബെ, ബാംഗ്ലൂർ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് വിദ്യാസമ്പന്നരായ മനുഷ്യശക്തിയുടെ പ്രധാന ഉറവിടമായി മംഗലാപുരം മാറിയിരുന്നു.

സംസ്ഥാന പുനസംഘടനാ നിയമത്തിന്റെ (1956) ഫലമായി, പുതുതായി സൃഷ്ടിക്കപ്പെട്ട മൈസൂർ സംസ്ഥാനത്തിൽ (ഇപ്പോൾ കർണാടക എന്നറിയപ്പെടുന്നു) മദ്രാസ് പ്രസിഡൻസിയുടെ ഈ ഭാഗം ഉൾപ്പെടുത്തി. ജനസംഖ്യയനുസരിച്ച് മംഗലൂർ കർണാടകയിലെ നാലാമത്തെ വലിയ നഗരമാണ് എന്നതുപോലെതന്നെ അറബിക്കടൽ തീരത്തേക്ക് കർണാടകയ്ക്ക് പ്രവേശനം നൽകുന്ന എട്ടാമത്തെ വലിയ തുറമുഖമാണിത്. 1974 ൽ ന്യൂ മംഗലാപുരം തുറമുഖം ആരംഭിക്കുകയും 1976 ൽ മംഗലാപുരം കെമിക്കൽസ് & ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് കമ്മീഷൻ ചെയ്യുകയും ചെയ്തതോടെ 1970-80 ദശകങ്ങളിൽ  മംഗലാപുരം നഗരം ഗണ്യമായ വളർച്ച കൈവരിച്ചു,

ഭൂമിശാസ്ത്രം, കാലാവസ്ഥ എന്നിവ

Thumb
1783 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഏറ്റെടുത്ത ശേഷം നിർമ്മിച്ച മംഗലാപുരം കോട്ടയുടെ പേനയും മഷിയും ഉപയോഗിച്ചു വരച്ച ചിത്രം.
Thumb
1843 ൽ ബ്രിട്ടീഷ് സൈന്യം സെന്റ് പോൾസ് ചർച്ച് നിർമ്മിച്ചു.
Thumb
ഹംപൻകട്ടയിലെ ലൈറ്റ് ഹൌസ് ഹില്ലിൽ സ്ഥിതിചെയ്യുന്ന ലൈറ്റ്ഹൌസ് ടവർ ബ്രിട്ടീഷ് നാവികസേനയുടെ കാവൽ ഗോപുരമായി പ്രവർത്തിച്ചു.[63]
Thumb
പനമ്പൂർ ബീച്ചിലെ അസ്തമയം.
Thumb
നേത്രാവതി പാലത്തിൽ നിന്നുള്ള സൂര്യാസ്തമയ ദൃശ്യം.

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ 12.87°N 74.88°E / 12.87; 74.88 അക്ഷാംശ രേഖാംശങ്ങളിലാണ് മംഗലാപുരം സ്ഥിതിചെയ്യുന്നത്.[64] ഈ നഗരം സ്ഥിതിചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്ന് ശരാശരി 22 മീറ്റർ (72 അടി) ഉയരത്തിലാണ്.[65] കർണാടകയിലെ ഏറ്റവും വലിയ നാഗരിക തീരദേശ കേന്ദ്രമായ ദക്ഷിണ കന്നഡ ജില്ലയുടെ ഭരണകേന്ദ്രമാണിത്.[66] ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തു സ്ഥിതിചെയ്യുന്ന മംഗലാപുരം നഗരത്തിനു പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പശ്ചിമഘട്ടവുമാണ് അതിരുകൾ.[67] ഒരു മുനിസിപ്പൽ നഗരമായ മംഗലാപുരം 184 ചതുരശ്ര കിലോമീറ്റർ 2 (71.04 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.

മംഗലാപുരം പകൽസമയത്ത് മിതമായും രാത്രിയിൽ ശാന്തമായ കാറ്റും അനുഭവപ്പെടുന്ന പ്രദേശമാണ്. നഗരത്തിന്റെ ഭൂപ്രകൃതി തീരത്തുനിന്ന് 30 കിലോമീറ്റർ (18.64 മൈൽ) ദൂരേയ്ക്കുവരെ സമതലമായും പശ്ചിമഘട്ടത്തിനു കിഴക്കൻ ദിശയിലേക്ക് അടുക്കുമ്പോൾ കുത്തനെ ഉയർന്ന പ്രദേശങ്ങളിലേക്കും മാറുന്നു. നഗരത്തിന്റെ ഭൂതത്വശാസ്ത്രത്തിന്റെ സവിശേഷത കുന്നിൻ പ്രദേശങ്ങളിലെ കാഠിന്യമുളള ലാറ്ററൈറ്റ് പ്രകൃതിയും കടൽത്തീരത്തെ മണ്ണിന്റെ മണൽകലർന്ന പ്രകൃതി എന്നിവയാണ്. മിതമായ ഭൂകമ്പ സാധ്യതയുള്ള സീസ്മിക് III മണ്ഡലമായി നഗര കേന്ദ്രമായി മംഗലാപുരത്തെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്.

നെത്രാവതി, ഗുരുപുര നദികൾ നഗരത്തെ വലയം ചെയ്ത് ഒഴുകുന്നു. ഇതിൽ ഗുരുപുര നദി നഗരത്തിന്റെ വടക്ക് ഭാഗത്തും നേത്രാവതി നഗരത്തിന്റെ തെക്ക് ഭാഗത്തുമായാണ് ഒഴുകുന്നത്. ഈ നദികൾ നഗരത്തിന്റെ തെക്കു-പടിഞ്ഞാറൻ പ്രദേശത്തായി ഒരു അഴിമുഖം തീർക്കുകയും പിന്നീട് അറേബ്യൻ കടലിലേക്ക് പതിക്കുകയും ചെയ്യുന്നു. നഗരത്തിലെ പ്രാഥമിക സസ്യങ്ങളിൽ തെങ്ങുകൾ, പനകൾ, അശോകമരങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.

കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണത്തിനുകീഴിലുള്ള ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ പ്രദേശം തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ അറേബ്യൻ കടൽ വിഭാഗത്തിന്റെ നേരിട്ടുള്ള സ്വാധീനത്തിലാണ്. മൊത്തം വാർഷിക മഴയുടെ 95 ശതമാനവും മെയ് മുതൽ ഒക്ടോബർ വരെയുള്ള ആറുമാസത്തിനുള്ളിൽ ഇവിടെ ലഭിക്കുന്നു, ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലം തീരെ വരണ്ടതാണ്. മംഗലാപുരത്തെ ശരാശരി വാർഷിക പ്രസിപ്പിറ്റേഷൻ 3,796.9 മില്ലിമീറ്ററാണ് (149 ഇഞ്ച്). ഈർപ്പം ശരാശരി 75 ശതമാനമാണെങ്കിലും ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇതു വർദ്ധിക്കുന്നു. ഉയർന്ന ശരാശരി ഈർപ്പം ജൂലൈയിൽ 93 ശതമാനവും കുറഞ്ഞ ശരാശരി ഈർപ്പം ജനുവരിയിൽ 56 ശതമാനവുമാണ്.

ഏറ്റവും വരണ്ടതും കുറഞ്ഞ ഈർപ്പമുള്ളതുമായ മാസങ്ങൾ ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ്. ഈ കാലയളവിൽ, പകൽസമയത്തെ താപനില 34 ° C (93 ° F) ന് താഴെയായി നിലനിൽക്കുകയും രാത്രിയിൽ 19 ° C (66 ° F) ലേക്ക് താഴുകയും ചെയ്യുന്നു. രേഖപ്പെടുത്തപ്പെട്ട ഏറ്റവും താഴ്ന്ന താപനിലകൾ 1992 ജനുവരി 8 ന് പനമ്പൂരിൽ രേഖപ്പെടുത്തിയ 15.6 (C (60 ° F), 1974 നവംബർ 19 ന് ബാജ്‌പേയിൽ രേഖപ്പെടുത്തപ്പെട്ട 15.9 (C (61 ° F) എന്നിവയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ രേഖകൾ പ്രകാരം മംഗലാപുരത്ത് ഒരിക്കലും താപനില 40 ° C (104 ° F) വരെ എത്തിയിട്ടില്ല.

1985 മാർച്ച് 13 ന് അനുഭവപ്പെട്ട 38.1 (C (101 ° F) ആണ് നഗരത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന താപനില. വേനൽക്കാലം മഴക്കാലത്തിന് വഴിമാറിക്കൊടുക്കുന്നതോടെ പശ്ചിമഘട്ടത്തിന്റെ സ്വാധീനത്താൽ ഇന്ത്യയിലെ മറ്റേതൊരു നഗര കേന്ദ്രങ്ങളിലേക്കാളും കൂടുതൽ മഴ ഇവിടെ അനുഭവിക്കുന്നു. സെപ്റ്റംബറിൽ മഴ കുറയുകയും ഒക്ടോബറിൽ ഇടയ്ക്കിടെ മഴ പെയ്യുകയും ചെയ്യുന്നു.

ഒരു 24 മണിക്കൂർ കാലയളവിൽ ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴ 2003 ജൂൺ 22 നു ലഭിച്ച 330.8 മില്ലിമീറ്റർ (13 ഇഞ്ച്) മഴയായിരുന്നു.  1994 ൽ മംഗലാപുരത്ത് 5,018.52 മില്ലിമീറ്റർ (198 ഇഞ്ച്) എന്ന തോതിൽ കനത്ത വാർഷിക മഴ ലഭിച്ചിരുന്നു.

കൂടുതൽ വിവരങ്ങൾ Mangalore, India പ്രദേശത്തെ കാലാവസ്ഥ, മാസം ...
Mangalore, India പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 36.3
(97.3)
37.8
(100)
38.1
(100.6)
36.6
(97.9)
36.7
(98.1)
34.4
(93.9)
35.5
(95.9)
32.2
(90)
34.6
(94.3)
35.0
(95)
35.6
(96.1)
35.6
(96.1)
38.1
(100.6)
ശരാശരി കൂടിയ °C (°F) 32.8
(91)
33.0
(91.4)
33.5
(92.3)
34.0
(93.2)
33.3
(91.9)
29.7
(85.5)
28.2
(82.8)
28.4
(83.1)
29.5
(85.1)
30.9
(87.6)
32.3
(90.1)
32.8
(91)
31.5
(88.7)
ശരാശരി താഴ്ന്ന °C (°F) 20.8
(69.4)
21.8
(71.2)
23.6
(74.5)
25.0
(77)
25.1
(77.2)
23.4
(74.1)
22.9
(73.2)
23.0
(73.4)
23.1
(73.6)
23.1
(73.6)
22.4
(72.3)
21.2
(70.2)
22.9
(73.2)
താഴ്ന്ന റെക്കോർഡ് °C (°F) 16.1
(61)
17.3
(63.1)
18.8
(65.8)
19.7
(67.5)
20.4
(68.7)
20.5
(68.9)
19.8
(67.6)
19.4
(66.9)
20.2
(68.4)
19.1
(66.4)
15.9
(60.6)
16.1
(61)
15.9
(60.6)
വർഷപാതം mm (inches) 1.1
(0.043)
0.2
(0.008)
2.9
(0.114)
24.4
(0.961)
183.2
(7.213)
1,027.2
(40.441)
1,200.4
(47.26)
787.3
(30.996)
292.1
(11.5)
190.8
(7.512)
70.9
(2.791)
16.4
(0.646)
3,796.9
(149.484)
ശരാ. മഴ ദിവസങ്ങൾ 0.2 0 0.3 1.6 7 23.5 27.4 24.9 13.7 9.1 3.6 0.6 111.9
 % ആർദ്രത 62 66 68 71 71 87 89 88 85 79 73 65 75.3
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 313 296 299 292 276 119 94 133 178 226 271 292 2,789
Source #1: India Meteorological Department – Monthly mean maximum & minimum temperature and total rainfall[68]
ഉറവിടം#2: Weather-And-Climate (Humidity and Sunshine hours)[69][70]
അടയ്ക്കുക

സമ്പദ്‌വ്യവസ്ഥ

Thumb
മംഗലാപുരത്തെ ഇൻഫോസിസ് കാമ്പസ്.
Thumb
J. H. മോർഗൻ & സൺസ് (മാംഗ്ലൂർ) നിർമ്മിച്ച ഒരു മാംഗ്ലൂർ ഓട്.

വ്യാവസായം, വാണിജ്യം, കാർഷിക വസ്തുക്കളുടെ സംസ്കരണം, തുറമുഖവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയാണ് മംഗലാപുരത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിറുത്തുന്നത്.[71] ചരക്ക് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയിലെ എട്ടാമത്തെ വലിയ തുറമുഖമാണ് ന്യൂ മംഗലാപുരം തുറമുഖം.[72] ഇന്ത്യയുടെ കാപ്പി കയറ്റുമതിയുടെ 75 ശതമാനവും കശുവണ്ടിയുടെ ഭൂരിഭാഗം കയറ്റുമതിയും ഇവിടെ കൈകാര്യം ചെയ്യുന്നു.[73] 2000-01 കാലഘട്ടത്തിൽ മംഗലാപുരം സംസ്ഥാനത്തിന് 33.47 കോടി ഡോളറിന്റെ (4.84 മില്യൺ ഡോളർ) വരുമാനം നേടുന്നതിനു തുറമുഖം സഹായകമായി.[74] ക്രൂഡ് ഓയിൽ, ഭക്ഷ്യ എണ്ണ, എൽപിജി, തടി എന്നിവ മംഗലാപുരം തുറമുഖത്തിലൂടെയുള്ള ഇറക്കുമതിയിൽ ഉൾപ്പെടുന്നു. തൂത്തുക്കുടിയോടൊപ്പം ദക്ഷിണേന്ത്യയിലേക്ക് മരം ഇറക്കുമതി ചെയ്യുന്നതിനുള്ള രണ്ട് കേന്ദ്രങ്ങളിൽ ഒന്നാണിത്.[75]

ജനസംഖ്യാശാസ്‌ത്രം

Thumb
മാംഗ്ലൂരിലെ ബന്ദറിലുള്ള സീനത്ത് ബക്ഷ് ജുമ മസ്ജിദിലെ പ്രാർത്ഥനാ ഹാൾ.
Thumb
കുട്രോളിയിലെ ഗോകർണതേശ്വര ക്ഷേത്രം.
Thumb
ഭൂത കോലം
Thumb
മംഗലാപുരത്തെ ജനപ്രിയ നൃത്തരൂപങ്ങളിലൊന്നാണ് യക്ഷഗാനം

Religions in Mangalore city

  Hindus (68.99%)
  Muslims (17.40%)
  Christians (13.15%)
  Jains (0.21%)
  Not Stated (0.12%)
  Sikh (0.08%)
  Buddhist (0.05%)
  Other (0.00%)

തുളുവിൽ കുഡ്‌ല, കൊങ്കണിയിൽ കൊഡിയൽ, ബിയറിയിൽ മൈകാല, കന്നഡയിൽ മംഗളൂരു, മലയാളത്തിൽ മംഗലാപുരം എന്നിങ്ങനെയാണ് ഈ നഗരം അറിയപ്പെടുന്നത്.[76] 2011 ലെ ഇന്ത്യൻ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 484,755 ഉം മെട്രോപൊളിറ്റൻ പ്രദേശത്തെ ജനസംഖ്യ 619,664 ഉം ആണ്. പുരുഷ സാക്ഷരതാ നിരക്ക് 96.49%, സ്ത്രീ സാക്ഷരതാ നിരക്ക് 91.63% എന്നിങ്ങനെയാണ്. ഏകദേശം 8.5% ജനസംഖ്യ ആറ് വയസ്സിന് താഴെയുള്ളവരായിരുന്നു. മംഗലാപുരം നഗരത്തിലെ മാനവ വികസന സൂചിക (HDI) 0.83 ആണ്. മരണനിരക്കും ശിശുമരണനിരക്കും യഥാക്രമം 3.7%, 1.2% എന്നിങ്ങനെയായിരുന്നു.[77] 2011 ലെ സെൻസസ് പ്രകാരം 7726 പേർ മംഗലാപുരത്തെ ചേരികളിൽ താമസിക്കുന്നു, ഇത് മൊത്തം ജനസംഖ്യയുടെ 1.55% ആണ്.[78][79]

മംഗലാപുരത്തു സംസാരിക്കുന്ന ഭാഷകളിൽ തുളു, കൊങ്കണി, കന്നഡ, ബിയറി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവ ഉൾപ്പെടുന്നു.[80]

സംസ്കാരം


നിരവധി ക്ലാസിക്കൽ നൃത്തരൂപങ്ങളും നാടോടി കലകളും നഗരത്തിൽ നിലനിൽക്കുന്നുണ്ട്. ഒരു രാത്രിമുഴുവൻ നീണ്ടുനിൽക്കുന്ന നൃത്ത-നാടക പ്രകടനമായ യക്ഷഗാനം മംഗലാപുരത്ത് നടക്കുന്നു.[81] നഗരത്തിനു മാത്രമായുള്ള ഒരു സവിശേഷ ഒരു നാടോടി നൃത്തമായ പിലിവേശ (അക്ഷരാർത്ഥത്തിൽ കടുവ നൃത്തം) ദസറ, കൃഷ്ണ ജന്മഷ്ടമി എന്നീ ഉത്സവനാളുകളിൽ അവതരിപ്പിക്കപ്പെടുന്നു.[82] കരടി വേഷം (അക്ഷരാർത്ഥത്തിൽ കരടി നൃത്തം) ദസറ വേളയിൽ അവതരിപ്പിച്ച മറ്റൊരു അറിയപ്പെടുന്ന നൃത്തമാണ്.[83] പഡ്ഡാനാസ് എന്നറിയപ്പെടുന്ന (നാടൻപാട്ടിനു സമാനമായ ഇതിഹാസങ്ങൾ തലമുറകളിലൂടെ വായ്മൊഴിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്) വായ്പ്പാട്ടുകൾ തുളു ഭാഷ സംസാരിക്കുന്ന ഒരു വിഭാഗം ആളുകൾ പ്രഛന്ന വേഷങ്ങൾ ധരിച്ചും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയും ആലപിക്കുന്നു.[84] ബിയറി ഭാഷക്കാരുടെ തനതായ പാരമ്പര്യങ്ങൾ കൊൽക്കൈ (കോലുകൾ ഉപയോഗിക്കുന്ന ഒരു വീര നാടോടി നൃത്തമായ കോലാട്ടയുടെ സമയത്ത് ആലപിക്കുന്നത്), ഊഞ്ഞാൽപാട്ട് (പരമ്പരാഗത താരാട്ടുപാട്ട്), മൈയ്‌ലാഞ്ചി പാട്ട്, ഒപ്പനപ്പാട്ട് (വിവാഹങ്ങളിൽ ആലപിക്കുന്നത്) തുടങ്ങിയ നാടൻ പാട്ടുകളിൽ പ്രതിഫലിക്കുന്നു.[85] എല്ലാ വർഷവും ആദ്യത്തെ ഞായറാഴ്ച നടത്തുന്ന ഒരു വാർഷിക കത്തോലിക്കാ മത ഘോഷയാത്രയാണ് എവ്കാരിസ്റ്റിക് പുരുഷാൻവ് (കൊങ്കണി: യൂക്കാരിസ്റ്റിക് ഘോഷയാത്ര).[86] ബെജായിലെ ശ്രീമന്തി ഭായ് മെമ്മോറിയൽ ഗവൺമെന്റ് മ്യൂസിയം മംഗലാപുരത്തെ ഏക മ്യൂസിയമാണ്.[87]

ദസറ, ദീപാവലി, ക്രിസ്മസ്, ഈസ്റ്റർ, ഈദ്, വിനായക ചതുർത്ഥി തുടങ്ങി ജനപ്രിയമുള്ള ഒട്ടനവധി ഇന്ത്യൻ ഉത്സവങ്ങളും ഈ നഗരത്തിൽ ആഘോഷിക്കപ്പെടുന്നു. ഗൌഡ സാരസ്വത ബ്രാഹ്മണ സമൂഹത്തിൻറെ സവിശേഷമായ ഒരു ഉത്സവമാണ് മംഗളൂരു റാഥോത്സവ (മംഗലാപുരം കാർ ഉത്സവം) എന്നും അറിയപ്പെടുന്ന കോഡിയൽ തേര്. ഇത് മംഗലാപുരത്തെ ശ്രീ വെങ്കട്ടരമണ ക്ഷേത്രത്തിലാണ് ആഘോഷിക്കുന്നത്.[88][89] നേറ്റിവിറ്റി വിരുന്ന്. പുതിയ വിളവെടുപ്പുകളുടെ അനുഗ്രഹം എന്നിവ ആഘോഷിക്കുന്ന മോണ്ടി ഫെസ്റ്റ് (മേരി മാതാവിന്റെ പെരുന്നാൾ) മംഗലാപുരം കത്തോലിക്കാ സമൂഹത്തിന്റെ സവിശേഷമായ ഒരു ആഘോഷത്തിൽ ഉൾപ്പെടുന്നു.[90] മംഗലാപുരത്തെ ജൈന കുടുംബങ്ങൾ ഉൾപ്പെടുന്ന ഒരു സമൂഹം ജെയിൻ മിലാൻ എന്നറിയപ്പെടുന്ന ഒരു ജൈന ഭക്ഷ്യമേള വാർഷികമായി സംഘടിപ്പിക്കുമ്പോൾ[91] ശ്രീകൃഷ്ണ ജന്മാഷ്ടമി ഉത്സവത്തിന്റെ ഭാഗമായ മൊസാരു കുഡികെ പോലുള്ള ഉത്സവങ്ങൾ മുഴുവൻ സമൂഹവും ആഘോഷിക്കുന്നു.[92][93] നഗരത്തിന്റെ രക്ഷകനായ കലേഞ്ച എന്ന മൂർത്തിയെ ആരാധിക്കുന്ന ആടി എന്ന ഉത്സവം ഹിന്ദു കലണ്ടറിലെ ആഷാഢ മാസത്തിലാണ് നടക്കുന്നത്.[94] കരവലി ഉത്സവം, കുഡ്‌ലോത്സവം തുടങ്ങിയ ഉത്സവങ്ങൾ നൃത്തം, നാടകം, സംഗീതം എന്നിവയിലെ ദേശീയ, സംസ്ഥാന തലത്തിലുള്ള പ്രകടനങ്ങൾ ഉയർത്തിക്കാട്ടുന്നവയാണ്.[95] ഭൂത കോലം (ആത്മാവിന്റെ ആരാധന), സാധാരണയായി തുളുവ സമൂഹം രാത്രിയിൽ നടത്താറുള്ള ആഘോഷമാണ്.[96] എല്ലാ പാമ്പുകളുടെയും സംരക്ഷകനായി അറിയപ്പെടുന്ന നാഗ ദേവതയെ (സർപ്പ രാജാവ്) സ്തുതിച്ചുകൊണ്ടാണ് നഗരത്തിൽ നാഗാരാധന (സർപ്പ ആരാധന) നടത്തുന്നത്.[97] ഗ്രാമീണ മേഖലയിലെ ഹിന്ദു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഒരു പുരാതന ആചാരമായ കോരി കട്ട[98][99] എന്ന മതപരവും ആത്മീയവുമായ കോഴിപ്പോര് ക്ഷേത്രങ്ങളിൽ നടത്തപ്പെടുന്നു. മതപരമോ സാംസ്കാരികമോ ആയ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചാൽ ഇത് അനുവദനീയമാണ്.[100]

നഗരഭരണ നിർവ്വഹണം

ഒരു മുനിസിപ്പൽ കോർപ്പറേഷനായ നഗരത്തിന്റെ നാഗരിക, അടിസ്ഥാന സൌകര്യവികസനങ്ങളുടെ ചുമതല 1980 ൽ നിലവിൽ വന്ന മംഗലാപുരം സിറ്റി കോർപ്പറേഷനാണ് (എംസിസി).[101] 184 ചതുരശ്ര കിലോമീറ്റർ (71.04 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ളതാണ് മംഗലാപുരം നഗരം. മുനിസിപ്പാലിറ്റിയുടെ പരിധി വടക്ക് സൂരതകലിൽ നിന്നാരംഭിച്ച്, തെക്ക് നേത്രാവതി നദി പാലം, കിഴക്ക് വാമൻജൂരിൽ പടിഞ്ഞാറൻ കടൽ തീരം വരെയെത്തുന്നു.[102] നഗരത്തിലെ 60 വാർഡുകളിൽ ഓരോന്നിൽനിന്നും (പ്രാദേശികമായി) തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേറ്റർമാർ എന്ന് വിളിക്കപ്പെടുന്ന 60 പ്രതിനിധികളെ എം‌സി‌സി കൗൺസിൽ ഉൾക്കൊള്ളുന്നു.[103] ഭൂരിപക്ഷ പാർട്ടിയിൽ നിന്നുള്ള ഒരു കോർപ്പറേറ്ററെ മേയറായി തിരഞ്ഞെടുക്കുന്നു.[104] മംഗലാപുരം സിറ്റി കോർപ്പറേഷന്റെ ആസ്ഥാനം ലാൽബാഗിലാണ്.[105]

വിദ്യാഭ്യാസം

Thumb
ലാൽബാഗിലെ മംഗലാപുരം സിറ്റി കോർപ്പറേഷൻ
Thumb
സൂരത്കലിൽ സ്ഥിതിചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കർണാടക) ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങളിൽ ഒന്നാണ്.

സ്കൂളുകളിലെ പ്രീ-കൊളീജിയറ്റ് മാധ്യമങ്ങൾ പ്രധാനമായും ഇംഗ്ലീഷും കന്നഡയുമാണ്. മെട്രിക്കുലേഷനുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രബോധന മാധ്യമം ഇംഗ്ലീഷാണ്.[106] മംഗലാപുരത്തിലെ സ്കൂളുകളും കോളേജുകളും സർക്കാർ നടത്തുന്നതോ സ്വകാര്യ ട്രസ്റ്റുകളും വ്യക്തികളോ നടത്തുന്നവയാണ്.[107][108] കർണാടക സ്റ്റേറ്റ് ബോർഡ്, ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (ഐസിഎസ്ഇ), സെൻട്രൽ ബോർഡ് ഫോർ സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) ബോർഡുകളുമായി ഈ സ്കൂളുകൾ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.[109][110][111]

ബാസൽ ഇവാഞ്ചലിക്കൽ സ്‌കൂൾ (1838),[112] മിലാഗ്രസ് സ്‌കൂൾ (1848),[113] റൊസാരിയോ ഹൈസ്‌കൂൾ (1858),[114] സെന്റ് ആൻസ് ഹൈസ്‌കൂൾ (1870),[115] കാനറ ഹൈസ്‌കൂൾ (1891)[116] എന്നിവയാണ് മംഗലാപുരത്ത് സ്ഥാപിതമായ ആദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

ഗതാഗതം

വായുമാർഗ്ഗം

Thumb
eമംഗലാപുരത്തെ എയർപോർട്ട് റോഡ്.

മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളം (IATA: IXE) ബാജ്പെ / കെഞ്ചാറിന് സമീപം സ്ഥിതിചെയ്യുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇത് മംഗലാപുരം നഗര കേന്ദ്രത്തിന് 13 കിലോമീറ്റർ (8 മൈൽ) വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു.[117] ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേയ്ക്കും മിഡിൽ ഈസ്റ്റിലേയ്ക്കും ഇവിടെനിന്ന് പതിവായി ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റുകൾ ഇത് സർവ്വീസ് നടത്തുന്നു.[118][119] കർണാടക സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമാണിത്.[120] വിമാനത്താവളത്തിലെ പുതിയ ടെർമിനലുകളും റൺ‌വേകളും ചരക്കുകളുടേയും യാത്രക്കാരുടേയും ആവശ്യങ്ങൾ ഉൾക്കൊള്ളുന്നതിനു പര്യാപ്തമാണ്.[121] സംസ്ഥാന സർക്കാർ നടത്തുന്ന സർക്കാർ ബസുകളായ വജ്ര വോൾവോ നഗരത്തിനും വിമാനത്താവളത്തിനും ഇടയിൽ ഓടുന്നു.[122]

റോഡുകൾ

അഞ്ച് ദേശീയപാതകൾ മംഗലാപുരം വഴി കടന്നുപോകുന്നു.[123] പൻവേലിൽ നിന്ന് (മഹാരാഷ്ട്രയിൽ) കന്യാകുമാരിയിലേക്ക് (തമിഴ്‌നാട്) പോകുന്ന എൻ‌എച്ച് -66 (മുമ്പ് എൻ‌എച്ച് -17[124]) മംഗലാപുരത്തിന് വടക്ക്-തെക്ക് ദിശയിലൂടെ കടന്നുപോകുകയും വടക്കൻ ദിശയിൽ ഉഡുപ്പി, ഭട്കൽ, കാർവാർ, ഗോവ മുതലായവയുമായും തെക്കൻ ദിശയിൽ കണ്ണൂർ, കൊച്ചി, തിരുവനന്തപുരം മുതലായവയുമായും ബന്ധിപ്പിക്കുകയും ചെയ്യുന്നു. എൻ‌എച്ച് -75 (മുമ്പ് എൻ‌എച്ച് -48 എന്നറിയപ്പെട്ടിരുന്നു) കിഴക്ക് ബാംഗ്ലൂരിലേക്കും വെല്ലൂരിലേക്കും നയിക്കുന്നു.[125]

റെയിൽവേ

1907 ലാണ് മംഗലാപുരത്തെ റെയിൽവേ ലൈൻവഴി ബന്ധിപ്പിച്ചത്.[126] ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽ പാതയുടെ ആരംഭ സ്ഥാനം കൂടിയായിരുന്നു മംഗലാപുരം.[127] നഗരത്തിന് മൂന്ന് റെയിൽവേ സ്റ്റേഷനുകൾ ഉണ്ട് - മംഗലാപുരം സെൻട്രൽ (ഹമ്പങ്കട്ടയിൽ), മംഗലാപുരം ജംഗ്ഷൻ (പാഡിലിൽ), സൂരത്കൽ റെയിൽവേ സ്റ്റേഷൻ (സൂറത്കലിൽ).[128] പശ്ചിമഘട്ടത്തിലൂടെ നിർമ്മിച്ച ഒരു റെയിൽ‌വേ ട്രാക്ക് മംഗലാപുരത്തെ ഹസ്സനുമായി ബന്ധിപ്പിക്കുന്നു.

കടൽമാർഗ്ഗം

മംഗലാപുരം തുറമുഖത്ത് കപ്പൽ ഗതാഗത, സംഭരണ, ലോജിസ്റ്റിക്കൽ സേവനങ്ങൾ ഉണ്ട്, അതേസമയം ന്യൂ മാംഗ്ലൂർ തുറമുഖം ഉണങ്ങിയതും, അളവിൽ കൂടുതലുള്ളതും, ദ്രാവക ചരക്കുകളും കൈകാര്യം ചെയ്യുന്നു. പെട്രോളിയം ഓയിൽ ലൂബ്രിക്കന്റുകൾ, അസംസ്കൃത എണ്ണ ഉത്പന്നങ്ങൾ, എൽപിജി കണ്ടെയ്നറുകൾ എന്നിവ കൈകാര്യം ചെയ്യാവുന്ന രീതിയിൽ ന്യൂ മാംഗ്ലൂർ തുറമുഖം സജ്ജീകരിച്ചിരിക്കുന്നു.തീരസംരക്ഷണ സേനയുടെ താവളവും കൂടിയാണിത്. ഈ കൃത്രിമ തുറമുഖം ചരക്ക് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയിലെ എട്ടാമത്തെ വലിയ തുറമുഖവും കർണാടകയിലെ ഒരേയൊരു പ്രധാന തുറമുഖമാണ്. ഇലക്ട്രോണിക് വിസയുടെ (ഇ-വിസ) സഹായത്തോടെ വിദേശികൾക്ക് ന്യൂ മാംഗ്ലൂർ തുറമുഖം വഴി മംഗലാപുരത്തു പ്രവേശിക്കാം. യൂറോപ്പ്, വടക്കേ അമേരിക്ക, ഐക്യ അരബ് എമിറേറ്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂയിസ് കപ്പലുകൾ ന്യൂ മംഗലാപുരം തുറമുഖത്ത് എത്തിച്ചേരുന്നു.

കായികരംഗം

ക്രിക്കറ്റ്

നഗരത്തിലെ ഒരു ജനപ്രിയ കായിക ഇനമാണ് ക്രിക്കറ്റ്. മംഗലാപുരത്തു സ്ഥിതിചെയ്യുന്ന മംഗള സ്റ്റേഡിയവും ബി. ആർ അംബേദ്കർ സ്റ്റേഡയവും (ന്യൂ മാംഗ്ലൂർ തുറമുഖത്തിനു സമീപം) ദക്ഷിണ കന്നഡ ജില്ലയുടെ സമ്പൂർണ്ണ ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ്. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സ്റ്റേഡിയത്തിൽ ഒരു കായിക പരിശീലന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. ഫിസ ഡെവലപ്പേർസിന്റെ ഉടമസ്ഥതയിലുള്ള മംഗലാപുരം ആസ്ഥാനമായുള്ള കർണാടക പ്രീമിയർ ലീഗ് (KPL) ഫ്രാഞ്ചൈസിയാണ് മംഗലാപുരം യുണൈറ്റഡ്.[129] കർണാടക റീജിയണൽ ക്രിക്കറ്റ് അക്കാദമി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റാണ് മംഗലാപുരം പ്രീമിയർ ലീഗ് (MPL).[130] ആഭ്യന്തര ടൂർണമെന്റുകൾക്കും നിരവധി ഇന്റർ സ്‌കൂൾ, കൊളീജിയറ്റ് ടൂർണമെന്റുകൾക്കും ആതിഥേയത്വം വഹിക്കുന്ന മറ്റൊരു പ്രധാന വേദിയാണ് സെൻട്രൽ മൈതാൻ അല്ലെങ്കിൽ നെഹ്‌റു മൈതാനം.[131] കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (KSCA) മംഗലാപുരം മേഖലയിലെ സുസ്ഥാപിത അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രിയ സംഘടനയാണ്.[132][133]

സർഫിംഗ്

2016 ൽ ഇന്ത്യൻ ഓപ്പൺ സർഫിംഗിന്റെ ആദ്യ പതിപ്പിന് മംഗലാപുരം ആതിഥേയത്വം വഹിച്ചു.[134][135] ഫിജിയിൽ നടന്ന ഇന്റർനാഷണൽ സർഫിംഗ് അസോസിയേഷൻ (ISA) വേൾഡ് SUP ആന്റ് പാഡിൽ‌ബോർഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മുൽക്കിയിൽ സ്ഥിതി ചെയ്യുന്ന മന്ത്ര സർഫ് ക്ലബ് സർഫറുകൾക്ക് പരിശീലനം നൽകി.[136] ഇന്ത്യൻ ഓപ്പൺ ഓഫ് സർഫിംഗിന്റെ രണ്ടാം പതിപ്പും മംഗലാപുരത്താണ് നടന്നത്.[137][138]

ഫുട്ബോൾ

നഗരത്തിൽ വളരെ പ്രചാരമുള്ള ഫുട്ബോൾ, ഏറ്റവും ജനപ്രിയമായ വേദിയായ നെഹ്‌റു മൈതാനം പോലുള്ള മൈതാനങ്ങളിൽ സാധാരണയായി നടക്കുന്നു.[139]

ചെസ്

നഗരത്തിലെ ഒരു ജനപ്രിയ ഇൻഡോർ കായിക വിനോദമാണ് ചെസ്.[140] രണ്ട് അഖിലേന്ത്യാ ഓപ്പൺ ചെസ് ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിച്ച സൗത്ത് കാനറ ഡിസ്ട്രിക്റ്റ് ചെസ് അസോസിയേഷന്റെ (SKDCA) ആസ്ഥാനമാണ് മംഗലാപുരം.[141][142][143]

പരമ്പരാഗത കായിക വിനോദങ്ങൾ

വെള്ളം നിറച്ച നെൽവയലുകളിൽ[144] മത്സരിക്കുന്ന കമ്പാല (എരുമ ഓട്ടം), കൊരിക്കട്ട (കോഴിപ്പോര്) തുടങ്ങിയ പരമ്പരാഗത കായിക ഇനങ്ങൾ നഗരത്തിൽ വളരെ പ്രചാരത്തിലുള്ളതാണ്.[145] നഗരപരിധിക്കുള്ളിൽ സംഘടിപ്പിക്കുന്ന ഒരു പരമ്പരാഗത കായിക ഇനമാണ് കാദ്രിയിലെ കമ്പാല.[146] മംഗലാപുരത്തെ കദ്രി കംബ്ല എന്ന പ്രദേശത്തിന് ഈ കായിക ഇനത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്.[147] നഗരത്തിനുള്ളിൽ സംഘടിപ്പിക്കുന്ന മറ്റൊരു കമ്പാല പരിപാടിയാണ് പ്ലികുല കമ്പാല.[148]

പട്ടം പറത്തൽ

പനമ്പൂർ ബീച്ചിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലുകൾ ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, ഓസ്‌ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പട്ടം പറത്തൽ പ്രേമികളെ ആകർഷിക്കുന്നു.[149]

മറ്റുള്ളവ

മറ്റ് കായിക ഇനങ്ങളായ ടെന്നീസ്, സ്ക്വാഷ്, ബില്യാർഡ്സ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ഗോൾഫ് എന്നിവ നഗരത്തിലെ നിരവധി ക്ലബ്ബുകളിലും ജിംഖാനകളിലുമായി കളിക്കുന്നു.[150]

മീഡിയ

കന്നഡയിലെ ആദ്യത്തെ പത്രമായ മംഗളൂരു സമാചര 1843 ൽ ബാസൽ മിഷനിലെ റവ. ഹെർമൻ ഫ്രീഡ്രിക്ക് മോഗ്ലിംഗ് പുറത്തിറക്കി. 1894 ൽ ഫെർഡിനാന്റ് കിറ്റെൽ മംഗലാപുരത്ത് ആദ്യമായി കന്നഡ-ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിച്ചു. പ്രധാന ദേശീയ ഇംഗ്ലീഷ് ഭാഷാ പത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ഡെക്കാൺ ഹെറാൾഡ്, ഡൈജിവർൾഡ് എന്നിവയുടെ പ്രാദേശികവൽക്കരിച്ച മംഗലാപുരം പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെടുന്നു.

സിനിമ

കന്നഡ സിനിമ ഈ ദശകത്തിൽ ഇന്ത്യ മുഴുവൻ വൻ ചരാചവിഷയമായിരുന്നു . പ്രത്യേകിച്ചും അവിടുത്തെ ബ്ലോക്ക്ബസ്റ്ററുകൾ , ഇന്ത്യയെ മാത്രമല്ല ലോകത്തെ പോലും കൊടുങ്കാറ്റായി. വിഭാഗത്തിന് ശേഷം, ഈ അടുത്ത കാലത്ത്ക ഇറങ്ങിയ ഒരുപാട് നല്ല സിനിമകൾ സിനിമയോടുള്ള താൽപര്യം വീണ്ടും ഉണർത്തി. മംഗലാപുരം ഭാഗത്തെ അടിസ്ഥാനമാക്കി കന്നഡ സിനിമ വ്യവസായം ഉയർന്നുവന്നതിൽ ഷെട്ടി ബ്രദേഴ്സ് എന്നറിയപ്പെടുന്ന രക്ഷിത് ഷെട്ടി,രാജ് ബി ഷെട്ടി, ഋഷഭ് ഷെട്ടി എന്നിവർക്ക് വലിയ പങ്കുണ്ട്. അടുത്തായി പുറത്തിറങ്ങിയ അവരുടെ സിനിമകൾക്ക് കർണാടകയുടെ അകത്തും കേരളം തമിഴ്നാട് ആന്ധ്രാപ്രദേശ് തെലങ്കാന തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വരെ കിട്ടിയ പ്രശംസ ഇതിനെ സാധുകരിക്കുന്നു. ഉള്ളിടവരു കണ്ടദെ,കിറിക്ക് പാർട്ടി, ഗരുഡ ഗമന വൃശബ വാഹന,777ചാർളി, കാന്താരാ തുടങ്ങിയ സിനിമകൾ എല്ലാം ഇതിനു ഉദാഹരണമാണ്. കടൽത്തീരങ്ങളും കേരളത്തിന്റെ ഭൂപ്രകൃതിയോട് സാമ്യമുള്ള ഈ പ്രദേശങ്ങൾ ഒരുപാട് സിനിമകൾക്ക് ലൊക്കേഷൻ ആയിട്ടുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും മികച്ച നാടനായ ശ്രീ, മമ്മൂട്ടിയുടെ വിധേയൻ എന്ന അദ്ദേഹത്തിന് മികച്ച നടനുള്ള കേന്ദ്ര ചലച്ചിത്ര അവർഡിനർഹമാക്കിയ സിനിമയും മംഗലാപുരവും തുളുനാടും അടിസ്ഥാനമാക്കി വന്ന സിനിമയാണ്. ഇത്തരത്തിൽ ഒരുപാട് കന്നഡ,തുളു,മലയാളം മറ്റു ഭാഷകളിമുള്ള സിനിമകൾക്കും ഇവിടം ലൊക്കേഷൻ ഒരുക്കിയിട്ടുണ്ട്. തുളുനാട് എന്നാണ് പൊതുവെ ഇവിടം അറിയപ്പെടുന്നത്. തുളു സിനിമകളും അടുത്തകാലത്തായി ഒരുപാട് നിർമ്മിക്കപ്പെടുന്നുണ്ട്.

യൂട്ടിലിറ്റി സേവനങ്ങൾ

Thumb
തണ്ണീർഭവി ബീച്ചിലെ കടലോര വൃക്ഷങ്ങൾ.
Thumb
തടാകത്തിന് ചുറ്റും പിലിക്കുള ബൊട്ടാണിക്കൽ ഗാർഡനിൽ അലഞ്ഞുതിരിയുന്ന വാത്തകൾ.

മംഗലാപുരത്തെ വൈദ്യുതി സംവിധാനം നിയന്ത്രിക്കുന്നത് കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (KPTCL) ആണ്. മംഗലാപുരം വൈദ്യുതി വിതരണ കമ്പനി (MESCOM)) വഴി വൈദ്യുതി വിതരണം ചെയ്യപ്പെടുന്നു.[151][152][153] മംഗലാപുരം റിഫൈനറി, പെട്രോകെമിക്കൽസ് (MRP), മംഗലാപുരം കെമിക്കൽസ് & ഫെർട്ടിലൈസേഴ്‌സ് (MCF) തുടങ്ങിയ പ്രധാന വ്യവസായങ്ങൾ അവരുടെ സ്വന്തമായ ക്യാപ്റ്റീവ് പവർ പ്ലാന്റുകളോടെ പ്രവർത്തിക്കുന്നു.[154][155]

മംഗലാപുരത്തു നിന്ന് ഏകദേശം 14 കിലോമീറ്റർ (9 മൈൽ) അകലെ തുംബെയിൽ നേത്രാവതി നദിക്ക് കുറുകെ നിർമ്മിച്ച അണക്കെട്ടിൽനിന്നാണ് നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്.[156][157][158] സുരക്ഷിതമായ ജലവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനും മംഗലാപുരത്തെ ജല വിതരണ സമ്പ്രദായത്തിലെ ചോർച്ചയും നഷ്ടവും കുറയ്ക്കുകയെന്നതാണ് കർണാടക നഗരവികസന, തീരദേശ പരിസ്ഥിതി പരിപാലന പദ്ധതി (KUDCEMP) ലക്ഷ്യമിടുന്നത്.[159] മംഗലാപുരത്തെ മാലിന്യ നിക്ഷേപ കേന്ദ്രം വാമൻജൂരിലാണ് പ്രവർത്തിക്കുന്നത്.[160] നഗരം പ്രതിദിനം ഉത്പാദിപ്പിക്കുന്ന ശരാശരി 175 ടൺ മാലിന്യം മംഗലാപുരം സിറ്റി കോർപ്പറേഷന്റെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നു.[161]

പാചകരീതി

മംഗലാപുരം പാചകരീതി പ്രധാനമായും ദക്ഷിണേന്ത്യൻ പാചകരീതിയെ സ്വാധീനിക്കുന്നതോടൊപ്പം പ്രദേശത്തെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്കിടയിൽ സവിശേഷമായ നിരവധി പാചകരീതികൾ നിലനിൽക്കുന്നു.[162] ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവ പോലെതന്നെ തേങ്ങയും കറിവേപ്പിലയും മിക്ക മംഗലാപുരം കറിയുടെയും സാധാരണ ചേരുവകളാണ്.[163] അറിയപ്പെടുന്ന മംഗലാപുരം വിഭവങ്ങളിൽ കോറി റൊട്ടി, നീർ ദോശ, പുണ്ടി, പാട്രോഡ്, ഗോളിബാജെ, മംഗലാപുരം ബൺസ്, മക്കറൂൺ തുടങ്ങിയവ ഉൾപ്പെടുന്നു.[164][165] മത്സ്യത്തിനും ചിക്കൻ വിഭവങ്ങളായ ബംഗുഡെ പുളിമൂഞ്ചി (പുളിരസമുള്ളതും മസാല ചേർത്തതുമായ സിൽവർ-ഗ്രേ അയല), ബൂത്തായ് ഗാസി (മത്തി കുഴമ്പ് പരുവം), അഞ്ജൽ ഫ്രൈ, മംഗലാപുരം ചിക്കൻ സുക്ക, കോറി റോട്ടി, ചിക്കൻ നെയ്യ് റോസ്റ്റ് തുടങ്ങിയവയ്ക്കും മംഗലാപുരം പാചകരീതി അറിയപ്പെടുന്നു.[166][167] മംഗലാപുരം ഒരു തീരദേശ നഗരമായതിനാൽ മത്സ്യം മിക്ക ആളുകളുടെയും ഒരു പ്രധാന ഭക്ഷണമാണ്.[168][169] കൊങ്കണി ഹിന്ദു സമൂഹത്തിന്റെ പ്രത്യേകതയുള്ള വിഭവങ്ങളിൽ ദാലി തോയ്, ബിബ്ബെ-ഉപകാരി (കശുവണ്ടി അടിസ്ഥാനമാക്കിയുള്ളത്), വാൽ വാൽ, അംബാട്ട്,[170] അവ്നാസ് അംബെ സാസം, കാഡ്ഗി ചക്കോ, പാഗില പോഡി, ചേൻ ഗാഷി എന്നിവ ഉൾപ്പെടുന്നു.[171][172] മംഗലാപുരം കത്തോലിക്കരുടെ സന്ന-ദുക്ര മാസ് (സന്ന- കള്ള് അല്ലെങ്കിൽ യീസ്റ്റ് ചേർത്ത് ഇഡ്ഡലി ദുക്ര മാസ് - പന്നിയിറച്ചി), പോർക്ക് ബഫത്ത്, സോർപോട്ടൽ,[173] ബിയറി മുസ്‌ലിം വിഭാഗത്തിന്റെ മട്ടൻ ബിരിയാണി എന്നിവ അറിയപ്പെടുന്ന വിഭവങ്ങളാണ്.[174] ഹപ്പാല, സാൻഡിഗെ, പുളി മൂഞ്ചി തുടങ്ങിയ അച്ചാറുകൾ മംഗലാപുരത്ത് സവിശേഷമാണ്.[175][176] തെങ്ങിൻ പൂക്കുലയിൽനിന്നു തയ്യാറാക്കുന്ന നാടൻ മദ്യമായ ഷെൻഡി (കള്ള്) ജനപ്രിയമുള്ള വിഭവമാണ്.[177] ഉഡുപ്പി പാചകരീതി എന്നും അറിയപ്പെടുന്ന മംഗലാപുരത്തിലെ വെജിറ്റേറിയൻ പാചകരീതി സംസ്ഥാനത്തൊട്ടാകെയും പ്രദേശികമായും അറിയപ്പെടുന്നു.[178]

ടൂറിസം

Thumb
മംഗലാപുരത്തെ സ്വാമി വിവേകാനന്ദ 3 ഡി പ്ലാനറ്റോറിയത്തിന്റെ താഴികക്കുടം
Thumb
പനമ്പൂർ ബീച്ച്.
Thumb
സെന്റ് അലോഷ്യസ് ചാപ്പലിന്റെ ഇന്റീരിയർ

അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലായി സ്ഥിതിചെയ്യുന്ന[179] ഈ നഗരം 'ഗേറ്റ് വേ ഓഫ് കർണാടക' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു.[180] മംഗളാദേവി ക്ഷേത്രം, കദ്രി മഞ്ജുനാഥ ക്ഷേത്രം, സെന്റ് അലോഷ്യസ് ചാപ്പൽ, റൊസാരിയോ കത്തീഡ്രൽ, മിലാഗ്രസ് ചർച്ച്, ഉല്ലാലിലെ ഹസ്രത്ത് ശരീഫ് ഉൽ മദ്‌നിയുടെ ദർഗ, ബന്ദറിലെ സീനത്ത് ബക്ഷ് ജുമാ മസ്ജിദ് എന്നിവ മംഗലാപുരത്തു സ്ഥിതിചെയ്യുന്ന വിവിധ ക്ഷേത്രങ്ങളിലും എടുപ്പുകളിലും ഉൾപ്പെടുന്നു.[181][182]

പനമ്പൂർ, തണ്ണീർഭവി, NITK ബീച്ച്, ശശിഹിത്ലു ബീച്ച്, സോമേശ്വര ബീച്ച്, ഉല്ലാൽ ബീച്ച്, കൊട്ടേക്കർ ബീച്ച്, ബടപാഡി ബീച്ച് തുടങ്ങിയ ബിച്ചുകൾ സ്ഥിതിചെയ്യുന്നതിന്റെ പേരിലും ഈ നഗരം അറിയപ്പെടുന്നു.[183][184][185][186] പ്രത്യേകിച്ച് പനമ്പൂർ, തണ്ണീർഭവി ബീച്ചുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നു.[187] സന്ദർശകർക്കായി ഫുഡ് സ്റ്റാളുകൾ, ജെറ്റ് സ്കൈ റൈഡുകൾ, ബോട്ടിംഗ്, ഡോൾഫിൻ കാഴ്ച[188] എന്നിവ ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ പനമ്പൂർ ബീച്ചിലുണ്ട്. ഇതുകൂടാതെ പരിചയസമ്പന്നരായ ലൈഫ് ഗാർഡുകളും പട്രോൾ വാഹനങ്ങളും സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്താനായി ഇവിടെ ഒരുക്കിയിരിക്കുന്നു.[189][190][191] മംഗലാപുരത്ത് നിന്ന് 34 കിലോമീറ്റർ (21 മൈൽ) വടക്കുകിഴക്കായി മൂഡബിദ്രി പട്ടണത്തിലാണ് സാവീര കമ്പട ബസദി സ്ഥിതി ചെയ്യുന്നത്.[192] ബൊലൂരിൽ സ്ഥിതി ചെയ്യുന്ന ടിപ്പു സുൽത്താൻ നിർമ്മിച്ച സുൽത്താൻ ബത്തേരി വാച്ച് ടവർ ഗുരുപുര നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ഒരു ചെറിയ തുക നൽകി കടത്തുവള്ളത്തിൽ നദിക്കു കുറുകെ ജലയാത്ര നടത്തുവാനും തണ്ണീർഭവി ബീച്ചിലെത്താനും സാധിക്കുന്നു.[193] നഗരത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ (7.5 മൈൽ) അകലെയായി അഡയാർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നു.[194]

പൊതു ഉദ്യാനങ്ങളായ പിലികുള നിസാർഗധാമ,[195] കദ്രിയിലെ കദ്രി പാർക്ക്, ലൈറ്റ് ഹൌസ് ഹില്ലിലെ ടാഗോർ പാർക്ക്,[196] ഗാന്ധിനഗറിലെ ഗാന്ധി പാർക്ക്,[197] തണ്ണീർഭവി ട്രീ പാർക്ക്,[198] കരംഗൽപാടിയിലെ എരൈസ് അവേക്ക് പാർക്ക്,[199] നെഹ്‌റു മൈതാനത്തെ കോർപ്പറേഷൻ ബാങ്ക് പാർക്ക് എന്നിങ്ങനെ നഗരം അനേകം പൊതു ഉദ്യാനങ്ങളെ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തിട്ടുണ്ട്.  മൃഗശാല, ബൊട്ടാണിക്കൽ ഗാർഡൻ, തടാകം, വാട്ടർ പാർക്ക് (മാനസ),[200] പ്ലാനറ്റോറിയം (സ്വാമി വിവേകാനന്ദ പ്ലാനറ്റോറിയം),[201] 50 ഏക്കർ വിസ്തൃതിയുള്ള ഗോൾഫ് കോഴ്‌സ് (പിലിക്കുള ഗോൾഫ് കോഴ്‌സ്)[202] എന്നിവ പിലികുള നിസാർഗധാമയിൽ ഉൾപ്പെടുന്നു.[203][204][205][206]

ശ്രീ ഗോകർണനാഥേശ്വര ക്ഷേത്രത്തിൽ നടക്കുന്ന പത്തുദിവസത്തെ ഉത്സവമായ മാംഗ്ലൂർ ദസറ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരെ ആകർഷിക്കുന്ന ഒരു ഉത്സവമാണ്.[207] നവരാത്രിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരെ ആകർഷിക്കുന്ന മറ്റൊരു ക്ഷേത്രമാണ് ഇവിടുത്തെ മംഗളാദേവി ക്ഷേത്രം.[208]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.