From Wikipedia, the free encyclopedia
ചോദിതകണങ്ങളുടെ ചലനഫലമായുണ്ടാകുന്ന ഊർജ്ജപ്രവാഹം എന്നാണ് വൈദ്യുതി (മിന്നാക്കം) എന്ന പദത്തിന്റെ സാമാന്യവിവക്ഷ. എന്നാൽ, വൈദ്യുതചോദന, വൈദ്യുതമർദ്ദം, വൈദ്യുതപ്രവാഹം, വൈദ്യുതമണ്ഡലം തുടങ്ങി, ഒന്നിലധികം പ്രതിഭാസങ്ങളെ സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിച്ചുവരുന്നു.[1]
പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും ഉള്ള കേവലഗുണമാണ് വൈദ്യുതചോദന. വൈദ്യുതപരമായി ചോദിതമായ അടിസ്ഥാനകണങ്ങൾ ചലിക്കുമ്പോൾ, അവയിൽ നിന്ന് , വൈദ്യുത കാന്തിക തരംഗങ്ങൾ ഉത്സർജ്ജിക്കുന്നു. ഇവ തരംഗരൂപിയായ ഊർജ്ജമാണ്; ഒരു വൈദ്യുതചാലകത്തിലൂടെ ഇവയെ നയിക്കാൻ കഴിയും. മാത്രവുമല്ല, ഇവയ്ക്ക് എതെങ്കിലും ഒരു മാദ്ധ്യമത്തിന്റെ സഹായമില്ലാതെ ശൂന്യാകാശത്തിലൂടെ സഞ്ചരിക്കാനും, കഴിയും. ഈ വൈദ്യുതോർജ്ജത്തെയാണ് സാധാരണ വൈദ്യുതി എന്നു പറയുന്നത്.[2]
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അവയുടെ മൂലരൂപമായ തന്മാത്രകളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. തന്മാത്ര എന്നത് ആറ്റങ്ങളുടെ ഒരു കൂട്ടമാണ്. പ്രത്യേക ഉപാധികളിലൂടെ മാത്രമേ ആറ്റം തനതായി വേർതിരിച്ചെടുക്കുവാൻ സാധിക്കൂ. സൗരയൂഥത്തിൽ സൂര്യനും അവയ്ക്കു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെയും പോലെ, ആറ്റത്തിന്റെ നടുവിൽ ഒരു അണുകേന്ദ്രവും, അതിനുചുറ്റും വിവിധ ഊർജ്ജനിലകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണുകളുമുണ്ട്. സൗരയൂഥത്തിൽ നിന്നും വ്യത്യസ്തമായി ആറ്റത്തിൽ ഓരോ വസ്തുക്കളിൽ ഇലക്ട്രോണുകളുടെ എണ്ണം കൃത്യമായി ഒരു അനുപാതത്തിൽ വിതരണം ചെയ്യപ്പെട്ടിരിക്കും. ഓരോ വസ്തുക്കളിലും ഇലക്ട്രോണുകളുടെ എണ്ണവും മേൽ പറഞ്ഞ ന്യൂക്ലിയസ്സിന്റെ വലിപ്പവും വ്യത്യസ്തമാണ്. ന്യൂക്ലിയസ്സുമായുള്ള ആകർഷണബലം, ഇലക്ട്രോണുകൾ അവയുടെ സ്ഥിര വലയത്തിൽ നിന്നും വേർപ്പെട്ടു പോകാതെ സൂക്ഷിക്കുന്നു. മേൽ പറഞ്ഞ ആകർഷണബലത്തേക്കാൾ ഉയർന്ന ഒരു ശക്തി ഇലക്ട്രോണുകൾക്ക് മേൽ പ്രയോഗിച്ചാൽ അവയെ ന്യൂക്ലിയസ്സിന്റെ ആകർഷണബലത്തിൽ നിന്നും മോചിപ്പിക്കാവുന്നതാണ്. ഇപ്രകാരം ഇലക്ട്രോണുകൾ നഷ്ടമായ ആറ്റമുകൾ, പോസറ്റീവ് ചാർജ്ജും ഇലക്ട്രോണുകൾ നെഗറ്റീവ് ചാർജ്ജും കൈവരിക്കുന്നു. താരതമ്യേന വലിപ്പത്തിൽ വളരെ ചെറിയ ഇലക്ട്രോണുകൾ പോസറ്റീവ് ചാർജ്ജുള്ള മറ്റൊരു ആറ്റത്തെ തേടി അലയുന്നു. മേൽ പറഞ്ഞ വിധം വൈദ്യുതാവേശമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരമാണ്(പ്രവാഹം) വൈദ്യുത കറന്റ് അഥവാ വൈദ്യുത പ്രവാഹം. പ്രകാശവേഗതയിലാണ് ഈ ചാർജ്ജുകളുടെ പ്രവാഹം(ഏകദേശം ഒരു സെക്കന്റിൽ മൂന്ന് ലക്ഷം കിലോമീറ്റർ) എല്ലാത്തരം വസ്തുക്കളിലെയും ഇലക്ട്രോണുകളെ മേൽ പറഞ്ഞ വിധം അനായാസം ചലിപ്പിക്കുവാൻ സാധിക്കുകയില്ല.അണുവിൽ (ആംഗലേയം: Atom) ന്യൂട്രോണും, പ്രോട്ടോണും, ഇലക്ടോണും ഉണ്ടാവും, അണുവിന്റെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രോട്ടോണിനേയും, ന്യൂട്രോണിനേയും ഇലക്ടോണുകൾ താന്താങ്ങളുടെ പാതയിലൂടെ ചുറ്റിക്കൊണ്ടിരിക്കും. പ്രോട്ടോണിന് ധന ഗുണവും(+ve charge), ഇലക്ട്രോണിന് ഋണഗുണവും(-ve charge) ഉണ്ടാവും. ന്യൂട്രോൺ ഗുണരഹിതമാണ്. ധനഗുണവും ഋണഗുണവും ആകർഷിക്കുമെങ്കിലും ഒരേ ഇനം ചാർജുകൾ വികർഷിക്കും. കണത്തിന്റെ കേന്ദ്രത്തോടു ചേർന്നുള്ള പാതയിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രോണുകളെ പ്രോട്ടോണുകൾ നന്നായി ആകർഷിക്കുമെങ്കിലും പുറത്തെ പഥങ്ങളിലൂടെ ഉള്ളവയെ അങ്ങനെ ആകണമെന്നില്ല.
സ്വർണ്ണം, ചെമ്പ്, വെള്ളി മുതലായ വലിയ അണുക്കളുള്ള മൂലകങ്ങളിൽ പുറത്തുള്ള പഥങ്ങളിലെ ഇലക്ട്രോണുകളിലെ ആകർഷണബലം തീർത്തും ബലം കുറഞ്ഞതാവും. ഇത്തരം ലോഹങ്ങളിലെ രണ്ട് അണുക്കൾ അടുത്താണെങ്കിൽ ഏറ്റവും പുറത്തെ ഇലക്ട്രോണുകളെ ഇരു കേന്ദ്രങ്ങളും ഒരുപോലെ ആകർഷിക്കും ഫലത്തിൽ ആ ഇലക്ട്രോണുകൾ യാതൊരു അണുകേന്ദ്രങ്ങളുടേയും ആകർഷണവലയത്തിൽ ആയിരിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം മൂലകങ്ങളിൽ കോടാനുകോടി അനാഥ ഇലക്ട്രോണുകൾ, ഇവയെ സ്വതന്ത്ര ഇലക്ട്രോണുകൾ എന്നും വിളിക്കുന്നു. ഇത്തരം മൂലകങ്ങളിൽ തുല്യ എണ്ണം ഇലക്ട്രോണുകൾ എല്ലാ ദിശയിലേക്കും ചലിച്ചുകൊണ്ടിരിക്കും, അതായത് അല്പം കൂടുതൽ ആകർഷണബലം കാണിക്കുന്ന കേന്ദ്രങ്ങളുടെ സമീപത്തേക്ക്. ഈ സ്വതന്ത്ര ഇലക്ട്രോണുകളെ ഏതെങ്കിലും പ്രത്യേക ദിശയിലേക്കു ചലിപ്പിക്കുന്നതിനെ വൈദ്യുതി എന്നു പറയുന്നു.
കമ്പിളിയിൽ അഭ്രം(മൈക്ക) പോലുള്ള വസ്തുക്കൾ ഉരസുമ്പോൾ അവയിലെ ഇലക്ട്രോണുകൾ കമ്പിളിയിലേക്ക് കുടിയേറുന്നു. തത്ഫലമായി അഭ്രത്തിൽ മുഴവനായി ധനചാർജ്ജ് അനുഭവപ്പെടുകയും അനാഥ ഇലക്ട്രോണുകളുള്ള വസ്തുക്കളെ അവ ആകർഷിക്കുകയും ചെയ്യുന്നു. ഇലക്ട്രോണുകൾ നഷ്ടപ്പെട്ട അഭ്രത്തിലനുഭവപ്പെട്ട വൈദ്യുതിയെ അചേതന വൈദ്യുതി അഥവാ സ്ഥിത വൈദ്യുതി(Static electricity) എന്നു വിളിക്കുന്നു.
ഇടത്തുനിന്നു വലത്തോട്ടുള്ള കാന്തിക ക്ഷേത്രത്തിലൂടേ വിലങ്ങനെ ഒരു ചാലകം ചലിക്കുമ്പോൾ അവയിൽ ലോറൻസ് ബലം എന്ന ബലം പ്രയോഗിക്കപ്പെടുന്നു. ഈ ബലം ചാലകത്തിലെ സ്വതന്ത്ര ഇലക്ട്രോണുകളെ ചാലകത്തിനും കാന്തികക്ഷേത്രത്തിനും ലംബമായി ചലിപ്പിക്കാൻ പ്രാപ്തമാണ്. അങ്ങനെയുണ്ടാകുന്ന ഇലക്ട്രോൺ പ്രവാഹത്തെ മറ്റൊരു ചാലകം ഉപയോഗിച്ച് പിടിച്ചെടുക്കയാണ് കാന്തികബലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ ചെയ്യുന്നത്.
ഡൈനാമോ, ജനറേറ്റർ മുതലായ ഉപകരണങ്ങളെല്ലാം ഇത്തരത്തിലാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. സാധാരണ യാന്ത്രികോർജ്ജത്തെ ആണ് ഇത്തരത്തിൽ വൈദ്യുതോർജ്ജം ആക്കി മാറ്റുന്നത്. ജലവൈദ്യുത പദ്ധതികൾ, തിരമാലയിൽ നിന്നും, കാറ്റിൽ നിന്നുമുത്പാദിപ്പിക്കുന്ന വൈദ്യുതി മുതലായവയെല്ലാം ഇത്തരത്തിലാണ് ഊർജ്ജ രൂപാന്തരണം നിർവഹിക്കുന്നത്.
വൈദ്യുതി എന്ന വാക്ക് സാധാരണയായി താഴെപ്പറയുന്ന പരസ്പരബന്ധമുള്ള കൂടുതൽ കൃത്യമായ സങ്കേതങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്.
വൈദ്യുതോർജ്ജം സ്വതേ അപകടസാദ്ധ്യത കൂടുതലുള്ള ഒരു ഊർജ്ജരൂപമാണ്. അപകടങ്ങൾ സംഭവിക്കാതിരിക്കാനെടുക്കുന്ന ഉപായങ്ങളെയാണ് വൈദ്യുതസുരക്ഷ എന്നു പറയുന്നത്. അപകടത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങളും പ്രവൃത്തികളും മുൻകൂട്ടിത്തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് സമാന്യനടപടി. കർശന നിയമങ്ങളും നിർദ്ദേശങ്ങളും അതിനാവശ്യമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.