Remove ads
ഇന്ത്യയിലെ കോളനിഭരണത്തിനെതിരെ നടന്ന സമരം From Wikipedia, the free encyclopedia
ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനിഭരണത്തിനെതിരെ ഇന്ത്യക്കാർ നടത്തിയ സമരങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. 1700-കളുടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭം കാണാം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്. 1900-കളിലെ മുഖ്യധാരാ സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാൻ പിടിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു. ആദ്യകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രധാന മിതവാദിനേതാക്കളുടെ ആവശ്യം ബ്രിട്ടീഷ് കോമൺവെൽത്തിൽ ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി വേണമെന്നായിരുന്നു. 1900-കളുടെ ആരംഭത്തിൽ ശ്രീ അരബിന്ദോ, ലാൽ-ബാൽ-പാൽ തുടങ്ങിയവർ ആവശ്യപ്പെട്ട രീതിയിലുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായി. 1900-കളുടെ ആദ്യ ദശകങ്ങളിൽ തീവ്രവാദദേശീയതയും ഉടലെടുത്തു. 1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതൽക്കാണ് ഇന്ത്യയിൽ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചത്.[2][3] പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസും, ഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോൺഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ പൊതു നിസ്സഹകരണം, അഹിംസാ മാർഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള മറ്റു ചില നേതാക്കന്മാർ പിൽക്കാലത്ത് സ്വാതന്ത്ര്യസമരത്തിൽ തീവ്രവാദപരമായ ഒരു സമീപനം സ്വീകരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയ ഐ.എൻ.എ. പോലെയുള്ള പ്രസ്ഥാനങ്ങളും ഗാന്ധിജി നേതൃത്വം നൽകിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും അവയുടെ ഉന്നതിയിലെത്തി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ മുംബൈ ലഹള, ഐ.എൻ.എ-യുടെ റെഡ് ഫോർട്ട് വിചാരണ, തുടങ്ങിയ സംഭവവികാസങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിനു ആക്കം കൂട്ടി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു. ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങൾ 1947 ആഗസ്റ്റിൽ രൂപീകൃതമായി.
1950 ജനുവരി 26 വരെ ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരു ഡൊമീനിയൻ ആയി തുടർന്നു. 1950 ജനുവരി 26-നു ഇന്ത്യൻ ഭരണഘടന അംഗീകരിക്കുകയും ഇന്ത്യ സ്വയം ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. പാകിസ്താൻ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചത് 1956-ൽ ആണ്. ആഭ്യന്തര കലഹങ്ങൾ കാരണം പാകിസ്താനിൽ പലതവണ ജനാധിപത്യം മരവിപ്പിക്കേണ്ടി വന്നു. 1971-ലെ പാകിസ്താൻ ആഭ്യന്തരയുദ്ധത്തിന്റെ പരിണതഫലമായി 1971-ലെ ഇന്ത്യാ പാക്ക് യുദ്ധം പൊട്ടിപ്പുറപ്പെടുകയും കിഴക്കൻ പാകിസ്താൻ വിഘടിച്ച് ബംഗ്ലാദേശ് രാജ്യം രൂപീകൃതമാവുകയും ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര്യസമരം ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായി. ഇവയിൽ പലതും ബ്രിട്ടീഷ് സാമ്രാജ്യം ലോകമെമ്പാടും തകരുന്നതിനും ബ്രിട്ടീഷ് സാമ്രാജ്യത്തിനു പകരം കോമൺവെൽത്ത് ഓഫ് നേഷൻസ് നിലവിൽ വരുന്നതിനും കാരണമായി. ഗാന്ധിജിയുടെ അഹിംസാ മാർഗ്ഗത്തിലുള്ള പ്രതിരോധം മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയർ നയിച്ച അമേരിക്കൻ സിവിൽ റൈറ്റ്സ് പ്രസ്ഥാനത്തിനു (1955-1968) പ്രേരകമായി. മ്യാന്മാറിലെ ജനാധിപത്യത്തിനു വേണ്ടി ഓങ്ങ് സാൻ സുകി നയിച്ച പോരാട്ടം, വർണ്ണവിവേചനത്തിനു എതിരേ സൗത്ത് ആഫ്രിക്കയിൽ നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ നടന്ന സമരം എന്നിവക്കും അഹിംസാ സിദ്ധാന്തം പ്രേരണയായി. എങ്കിലും ഇതിൽ എല്ലാ നേതാക്കന്മാരും അഹിംസ, നിസ്സഹകരണം എന്നിവയെ ശക്തമായി പിന്തുടർന്നില്ല.
കോഴിക്കോടിനടുത്തുള്ള കാപ്പാട് കടൽത്തീരത്ത് പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ 1498-ൽ കപ്പലിറങ്ങിയതോടെയാണ് യൂറോപ്യൻ കച്ചവടക്കാർ സമുദ്രമാർഗ്ഗം ഇന്ത്യൻ തീരങ്ങളിലെത്തിയത്. 1757-ലെ പ്ലാസ്സി യുദ്ധത്തിൽ റോബർട്ട് ക്ലൈവ് നയിച്ച ബ്രിട്ടീഷ് സൈന്യം ബംഗാൾ നവാബിനെ പരാജയപ്പെടുത്തി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ശക്തമാവുന്നതിനു ഈ യുദ്ധം കാരണമായി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭമായി ഈ യുദ്ധം കരുതപ്പെടുന്നു. ബക്സാർ യുദ്ധത്തിനു പിന്നാലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ബംഗാൾ, ബിഹാർ, ഒറീസ്സ പ്രദേശങ്ങളിൽ 1765-ൽ ഭരണാവകാശം ലഭിച്ചു. ആദ്യ ആംഗ്ലോ-british യുദ്ധം (1845-1846), രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം(1848-49) എന്നിവയ്ക്കും മഹാരാജാ രഞ്ജിത്ത് സിങ്ങിന്റെ നിര്യാണത്തിനും (1849) ശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1849-ൽ പഞ്ചാബ് പ്രദേശം പിടിച്ചടക്കി.
പുതുതായി പിടിച്ചടക്കിയ പ്രവിശ്യകളുടെ ഭരണത്തിനായി ബ്രിട്ടീഷ് നിയമസഭ പല നിയമങ്ങളും നിർമ്മിച്ചു. 1773-ൽ ബ്രിട്ടീഷ് പാർലമെന്റ് സൃഷ്ടിച്ച റെഗുലേറ്റിങ്ങ് ആക്ട്, 1784-ലെ ഇന്ത്യാ ആക്ട്, 1813-ലെ ചാർട്ടർ ആക്ട് എന്നിവയെല്ലാം ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനു സഹായിച്ചു. 1835-ൽ ഇംഗ്ലീഷ് ഭാഷ ഉത്തരവുകൾക്കുള്ള മാദ്ധ്യമമായി സ്ഥാപിച്ചു. പാശ്ചാത്യവിദ്യാഭ്യാസം ലഭിച്ച ഹിന്ദുക്കൾ ഹിന്ദുമതത്തിൽ നിന്നും ബാലവിവാഹം, വർണ്ണവ്യവസ്ഥിതി, സതി തുടങ്ങിയ പല വിവാദപരമായ സാമൂഹിക അനാചാരങ്ങളും നീക്കുന്നതിനു ശ്രമിച്ചു. ബോംബെയിലും മദ്രാസിലും ആരംഭിച്ച സാഹിത്യ, സംവാദ വേദികൾ തുറന്ന രാഷ്ട്രീയ ചർച്ചകൾക്കുള്ള വേദികളായി പരിണമിച്ചു. ഈ ആദ്യകാല പരിവർത്തനനായകർ വിദ്യാഭ്യാസവും പത്രങ്ങളുടെ വിദഗ്ദ്ധോപയോഗവും കൊണ്ട് ഇന്ത്യൻ സാമൂഹിക മൂല്യങ്ങളും മതപരമായ ആചാരങ്ങളും ത്യജിക്കാതെ തന്നെ വ്യാപകമായ സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള സാഹചര്യം ഒരുക്കി.
ബ്രിട്ടീഷ് ഭരണത്തിന്റെ ആധുനികവൽക്കരണം ഇന്ത്യൻ സമൂഹത്തെ സ്വാധീനിച്ചു എങ്കിലും ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് വർദ്ധിച്ചുവന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് സ്വാധീനം വർദ്ധിച്ചു വരുന്നതനുസരിച്ച് അവർ തദ്ദേശീയ സംസ്കാരത്തെ കൂടുതലായി അവമതിക്കാൻ തുടങ്ങി. മോസ്ക്കുകളിൽ അവിവാഹിത പുരുഷന്മാരുടെ പാർട്ടികൾ സംഘടിപ്പിക്കുക, താജ് മഹലിന്റെ മട്ടുപ്പാവിൽ റെജിമെന്റൽ ബാൻഡുകൾക്ക് അനുസരിച്ച് നൃത്തം ചെയ്യുക, തിരക്കുനിറഞ്ഞ തെരുവുകളിൽ ജനങ്ങളെ ചാട്ടവാറിനടിച്ച് തങ്ങൾക്കു സഞ്ചരിക്കാൻ വഴിയുണ്ടാക്കുക (ജെനറൽ ഹെന്രി ബ്ലേക്ക് ഇതിനെക്കുറിച്ച് എഴുതിയിരിക്കുന്നു), ശിപായികളെ നിന്ദിക്കുക, തുടങ്ങിയ പ്രവർത്തികൾ ഇതിനു ഉദാഹരണമാണ്. പഞ്ചാബ് 1849-ൽ പിടിച്ചടക്കിയതിനു പിന്നാലെ പല ശിപായി ലഹളകളും പൊട്ടിപ്പുറപ്പെട്ടു. ഇവയെല്ലാം ബ്രിട്ടീഷുകാർ അടിച്ചമർത്തി.
1857-നു മുൻപ് ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശഭരണത്തിനെതിരായി പ്രാദേശിക മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇവയൊന്നും തന്നെ സംഘടിതസ്വഭാവം ഉള്ളവയായിരുന്നില്ല. ഈ മുന്നേറ്റങ്ങളെ വിദേശഭരണാധികാരികൾ എളുപ്പത്തിൽ അടിച്ചമർത്തി. ബംഗാളിൽ 1770-കളിൽ നടന്ന സന്യാസി ലഹള,[4] 1787-ൽ ഗോവയിലെ തദ്ദേശീയർ പോർച്ചുഗീസ് ഭരണത്തിനു എതിരായി നടത്തിയ മുന്നേറ്റം (ഇത് പിന്റോകളുടെ ഗൂഢാലോചന എന്ന് അറിയപ്പെടുന്നു),[5] 1830-കളിൽ ബംഗാളിൽ റ്റിറ്റുമിർ നടത്തിയ മുന്നേറ്റം,[6] കർണാടകത്തിലെ കിറ്റൂർ ലഹള, തമിഴ്‌നാട്ടിലെ പോളിഗാർ യുദ്ധങ്ങൾ, സൗരാഷ്ട്രയിലെ കച്ച് ലഹള,[7] തെക്കേ ഇന്ത്യയിലെ വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ തുടങ്ങിയ രാജാക്കന്മാർ നടത്തിയ യുദ്ധങ്ങൾ[8] എന്നിവ ഇതിനുദാഹരണങ്ങളാണ്. മറ്റ് മുന്നേറ്റങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സന്താൾ പ്രക്ഷോഭം[9]
ബ്രിട്ടീഷ് ഭരണത്തിനെതിരായി 1857–58-കളിൽ മദ്ധ്യേന്ത്യയിലും ഉത്തരേന്ത്യയിലും ഉണ്ടായ ലഹളയാണ് 1857-ലെ ഇന്ത്യൻ ലഹള. ദശാബ്ദങ്ങളായി ഇന്ത്യൻ സൈനികരും ബ്രിട്ടീഷ് ഓഫീസർമാരും തമ്മിൽ നിലനിന്ന തദ്ദേശീയവും സാംസ്കാരികവുമായ വ്യത്യാസങ്ങളുടെ ഫലമായിരുന്നു ഈ ലഹള. മുഗളന്മാർ, പേഷ്വാകൾ, തുടങ്ങിയ ഇന്ത്യൻ ഭരണാധികാരികളോട് ബ്രിട്ടീഷുകാർക്കുണ്ടായിരുന്ന മതിപ്പില്ലായ്മയും ഊധ് ബ്രിട്ടീഷുകാർ പിടിച്ചടക്കിയതും ഇന്ത്യക്കാർക്കിടയിൽ ബ്രിട്ടീഷ് വിരുദ്ധ വികാരം വളരുന്നതിനു കാരണമായി. ഡൽഹൌസിയുടെ, സാമ്രാജ്യങ്ങൾ പിടിച്ചടക്കുന്ന നയം, ഡോക്ട്രിൻ ഓഫ് ലാപ്സ് അഥവാ എസ്ഷീറ്റ്, മുഗളന്മാരുടെ പിൻഗാമികളെ അവരുടെ പരമ്പരാഗതകൊട്ടാരത്തിൽ നിന്നും ദില്ലിയ്ക്കടുത്തുള്ള കുത്ത്ബിലേയ്ക്കു മാറ്റിയത്, തുടങ്ങിയ നടപടികൾ പലരെയും പ്രകോപിപ്പിച്ചു. ലഹള പൊട്ടിപ്പുറപ്പെടാനുള്ള നിമിത്തം .557 കാലിബർ പാറ്റേൺ 1853 എൻഫീൽഡ് (പി/53) റൈഫിൾ വെടിയുണ്ടകളിൽ പശുവിന്റെയും പന്നിയുടെയും നെയ്യ് ഉപയോഗിച്ചു എന്ന കിംവദന്തി പരന്നതായിരുന്നു. ഭടന്മാർക്ക് വെടിയുണ്ടകൾ തോക്കിൽ നിറയ്ക്കുന്നതിനു മുൻപ് അവരുടെ പല്ലുകൊണ്ട് പൊട്ടിക്കേണ്ടതുണ്ടായിരുന്നു. പശുവിനെ ആരാധിച്ചിരുന്ന ഹിന്ദുമത അനുയായികളായ സൈനികർക്കും, പന്നിയെ വെറുക്കപ്പെട്ട മൃഗമായി കരുതിയിരുന്ന മുസ്ലീംമത അനുയായികളായ സൈനികർക്കും ഇത് നിഷിദ്ധമായിരുന്നു. 1857 ഫെബ്രുവരിയിൽ, ഇന്ത്യൻ ശിപായിമാർ ഈ പുതിയ വെടിയുണ്ടകൾ ഉപയോഗിക്കാൻ വിസമ്മതിച്ചു. ബ്രിട്ടീഷുകാർ ഈ വെടിയുണ്ടകൾക്കു പകരം പുതിയ വെടിയുണ്ടകൾ കൊണ്ടുവന്നു എന്ന് അവകാശപ്പെടുകയും ശിപായിമാരെ സ്വന്തമായി തേനീച്ചമെഴുകിൽ നിന്നും സസ്യ എണ്ണകളിൽ നിന്നും ഗ്രീസ് ഉണ്ടാക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. പക്ഷേ കിംവദന്തി നിലനിന്നു.
1857 മാർച്ചിൽ ബാറാക്ക്പൂരിലെ 34-ആം കാലാൾപ്പടയിലെ ഒരു ഭടനായിരുന്ന മംഗൽ പാണ്ഡെ തന്റെ ബ്രിട്ടീഷ് സെർജന്റിനെ ആക്രമിയ്ക്കുകയും ഒരു അഡ്ജൂറ്റന്റിനെ മുറിവേൽപ്പിക്കുകയും ചെയ്തു. ജെനറൽ ഹിയേഴ്സി ഒരു ജമീന്ദാരിനോട് മംഗൽ പാണ്ഡെയെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ജമീന്ദാർ കല്പന അനുസരിച്ചില്ല. മംഗൽ പാണ്ഡെ ഒരുതരം മതപരമായ സന്നിയിലാണെന്നായിരുന്നു ജെനറൽ ഹിയേഴ്സിയുടെ അഭിപ്രായം. മംഗൽ പാണ്ഡെയെയും ഈ ജമീന്ദാറിനെയും ഏപ്രിൽ 7-നു തൂക്കിലേറ്റി. കൂട്ടത്തോടെയുള്ള ശിക്ഷാനടപടിയായി റെജിമെന്റിനെ മൊത്തത്തിൽ പിരിച്ചുവിട്ടു. മെയ് 10-നു 11, 12 കാലാൾപ്പടകൾ അണിനിരന്നപ്പോൾ അവർ കൂറുമാറി കമാൻഡിങ്ങ് ഓഫീസർമാരെ ആക്രമിച്ചു. ഇവർ പിന്നീട് 3-ആം റെജിമെന്റിനെ സ്വതന്ത്രമാക്കി. മെയ് 11-നു ശിപായികൾ ദില്ലിയിലെത്തി. ദില്ലിയിൽ മറ്റ് ഇന്ത്യക്കാരും ഇവരോടൊത്തു ചേർന്നു. അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ II-ന്റെ വസതിയായ ചെങ്കോട്ട ഇവർ ആക്രമിച്ച് പിടിച്ചെടുത്തു. ബഹദൂർ ഷാ തന്റെ ചക്രവർത്തി പദം തിരികെ ഏൽക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. ആദ്യം മടിച്ചുനിന്ന അദ്ദേഹം പിന്നീട് ഇവരുടെ ആവശ്യം അംഗീകരിക്കുകയും മുന്നേറ്റത്തിന്റെ നേതൃസ്ഥാനം ഏൽക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ യുദ്ധം വടക്കേ ഇന്ത്യയിലെമ്പാടും വാപിച്ചു. മീററ്റ്, ഝാൻസി, കാൻപൂർ, ലക്നൌ തുടങ്ങിയ സ്ഥലങ്ങളിൽ ലഹള പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷുകാർ പ്രതികരിച്ചത് താമസിച്ചായിരുന്നു. പക്ഷേ ഈ സായുധസമരത്തെ ബ്രിട്ടീഷുകാർ ശക്തമായി നേരിട്ടു. ക്രിമിയൻ യുദ്ധത്തിൽ നിന്നും റെജിമെന്റുകളെ ബ്രിട്ടീഷുകാർ ഇന്ത്യയിലേയ്ക്കു നീക്കി. ചൈനയിലേയ്ക്കു പോവാൻ തയ്യാറായിരുന്ന യൂറോപ്യൻ റെജിമെന്റുകളെയും അവർ ഇന്ത്യയിലേയ്ക്കു വിന്യസിച്ചു. വിപ്ലവകാരികളുടെ സൈന്യത്തെ അവർ ദില്ലിയ്ക്കടുത്ത് ബാദ്‌ൽ-കി-സെറായി എന്ന സ്ഥലത്തുവെച്ച് നേരിട്ടു. വിപ്ലവകാരികളെ ദില്ലിയിലേയ്ക്കു തുരത്തുകയും ദില്ലി നഗരം വലയം ചെയ്യുകയും ചെയ്തു. ദില്ലിയുടെ ചുറ്റുമുള്ള ഉപരോധം ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ നീണ്ടുനിന്നു. ഒരാഴ്ച്ച നീണ്ടുനിന്ന തെരുവുയുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാർ ദില്ലി പിടിച്ചെടുത്തു. അവസാനത്തെ പ്രധാന യുദ്ധം നടന്നത് 1858-ൽ ഗ്വാളിയറിൽ ജൂൺ 20-നു ആയിരുന്നു. ഈ യുദ്ധത്തിലാണ് റാണി ലക്ഷ്മി ബായി കൊല്ലപ്പെട്ടത്. 1859 വരെ ഒറ്റപ്പെട്ട പോരാട്ടങ്ങൾ നടന്നു, എങ്കിലും ഒടുവിൽ വിപ്ലവകാരികളെ ബ്രിട്ടീഷ് സൈന്യം അടിച്ചമർത്തി. ഈ യുദ്ധത്തിലെ പ്രധാന നേതാക്കൾ അഹ്മെദ് ഉള്ള (ഊധിലെ മുൻ-രാജാവിന്റെ ഉപദേഷ്ടാവ്); നാനാ സാഹിബ്; അദ്ദേഹത്തിന്റെ മാതുലനായ റാവു സാഹിബും സഹായികളും; താന്തിയാ തോപ്പി, അസീമുള്ള ഖാൻ; ഝാൻസി റാണി; കുൻവർ സിങ്ങ്; ബീഹാറിലെ ജഗദീഷ്പൂരിലെ രജപുത്ര നേതാവ്; മുഗള ചക്രവർത്തിയുടെ ബന്ധുവായ ഫിറൂസ് സാഹ, മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ, പ്രാൺ സുഖ് യാദവ്, റെവാരിയിലെ റാവു തുലാ റാം (ഇവർ ഹരിയാനയിലെ നാസിബ്പൂരിൽ ബ്രിട്ടീഷ് സൈന്യവുമായി ഏറ്റുമുട്ടി) എന്നിവരായിരുന്നു.
1857-ലെ യുദ്ധം ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷുകാർ നിറുത്തലാക്കി. ഇതിനു പകരം ബ്രിട്ടീഷ് രാജഭരണത്തിൻ കീഴിൽ നേരിട്ടുള്ള ഭരണം തുടങ്ങി. ബ്രിട്ടീഷ് രാജാവിന്റെ പ്രതിനിധിയായി ഇന്ത്യയിൽ ഒരു വൈസ്രോയിയെ നിയമിച്ചു. “ഇന്ത്യയിലെ രാജാക്കന്മാർക്കും തലവന്മാർക്കും ജനങ്ങൾക്കുമായി“ പുതിയ നേരിട്ടുള്ള ഭരണ നയം വിളംബരം ചെയ്തുകൊണ്ട് ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയ രാജ്ഞി ബ്രിട്ടീഷ് നിയമ പ്രകാരം ഇന്ത്യക്കാർക്ക് തുല്യ പരിഗണനയും അവകാശങ്ങളും വാഗ്ദാനം ചെയ്തു. എങ്കിലും ബ്രിട്ടീഷ് ഭരണത്തോടുള്ള വിശ്വാസമില്ലായ്മ 1857-ലെ സമരത്തിന്റെ ഫലമായി ഉണ്ടായി.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ പുരോഗമനത്തിന്റെയും രാഷ്ട്രീയ പുന:ക്രമീകരണത്തിന്റെയും ഒരു പദ്ധതി ആരംഭിച്ചു. ഇതിലൂടെ ഇന്ത്യയിലെ ഉന്നതജാതീയരെയും ഭരണാധികാരികളെയും സർക്കാരിലേയ്ക്കു കൂട്ടിച്ചേർക്കാൻ അവർ ശ്രമിച്ചു. ഭൂമി പിടിച്ചടക്കുന്നത് അവർ നിറുത്തലാക്കി. മതപരമായ സഹിഷ്ണുതയ്ക്കുവേണ്ടി അനുശാസനങ്ങൾ ഇറക്കി. പ്രധാനമായും താഴേക്കിടയിലുള്ള ജോലികൾക്കായിട്ടാണെങ്കിലും ഇന്ത്യക്കാരെ സിവിൽ സർവ്വീസിൽ പ്രവേശിപ്പിച്ചു. തദ്ദേശീയരുടെ അനുപാതത്തിൽ ബ്രിട്ടീഷ് സേനാംഗങ്ങളുടെ എണ്ണം കൂട്ടി. വെടിക്കോപ്പുകൾ കൈകാര്യം ചെയ്യാനുള്ള അനുമതി ബ്രിട്ടീഷ് സൈനികർക്കുമാത്രമാക്കി പരിമിതപ്പെടുത്തി. ബഹദൂർ ഷായെ ബർമ്മയിലെ റങ്കൂണിലേയ്ക്കു നാടുകടത്തി. മുഗൾ രാജവംശത്തിനു അന്ത്യം കുറിച്ചുകൊണ്ട് ബഹദൂർ ഷാ ബർമ്മയിൽ വെച്ച് 1862-ൽ അന്തരിച്ചു. 1877-ൽ വിക്ടോറിയ രാജ്ഞി ygjj എന്ന പദം സ്വീകരിച്ചു.
Bn== സംഘടിത മുന്നേറ്റങ്ങളുടെ ഉദയം ==
ശിപായി ലഹളയെ തുടർന്നുള്ള ദശാബ്ദങ്ങൾ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ ബോധത്തിന്റെയും ഇന്ത്യൻ പൊതുജനാഭിപ്രായ പ്രകാശനത്തിന്റെയും പ്രവിശ്യാതലത്തിലും ദേശീയതലത്തിലും ഇന്ത്യൻ നേതൃത്വം ഉയർന്നുവരുന്നതിന്റേതുമായിരുന്നു. ദാദാഭായ് നവറോജി 1867-ൽ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപവത്കരിച്ചു. സുരേന്ദ്രനാഥ ബാനർജി 1876-ൽ ഇന്ത്യൻ നാഷണൽ അസോസിയേഷൻ രൂപവത്കരിച്ചു. ബ്രിട്ടീഷ് സിവിൽ സർവ്വീസിൽ നിന്നും വിരമിച്ച എ.ഒ. ഹ്യൂമിന്റെ നിർദ്ദേശത്തിൽ പ്രേരിതരായി 1885-ൽ എഴുപത്തിമൂന്ന് ഇന്ത്യൻ പ്രതിനിധികൾ ബോംബെയിൽ ഒത്തുചേർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപവത്കരിച്ചു. ഇവർ പ്രധാനമായും തങ്ങളുടെ പ്രവിശ്യകളിലെ സമ്പന്നരും പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ചവരും ആയിരുന്നു. നിയമം, അദ്ധ്യാപനം, പത്രപ്രവർത്തനം തുടങ്ങിയ ജോലികൾ സ്വീകരിച്ചവരായിരുന്നു ഇവരിൽ അധികവും. തുടക്കത്തിൽ കോൺഗ്രസിനു വ്യക്തമായി നിർവ്വചിക്കപ്പെട്ട തത്ത്വശാസ്ത്രങ്ങളോ സിദ്ധാന്തങ്ങളോ ഉണ്ടായിരുന്നില്ല. ഒരു രാഷ്ട്രീയ സംഘടനയ്ക്കു വേണ്ടുന്ന അവശ്യ കാര്യങ്ങളിൽ വളരെ കുറച്ചുമാത്രമേ കോൺഗ്രസിനു ഉണ്ടായിരുന്നുള്ളൂ. വർഷത്തിൽ ഒരിക്കൽ മാത്രം കൂടുകയും ബ്രിട്ടീഷ് രാജിനോട് തങ്ങളുടെ കൂറു പ്രഖ്യാപിക്കുകയും താരതമ്യേന വിവാദം കുറഞ്ഞ വിഷയങ്ങളായ പൌരാവകാശം, സർക്കാരിലെ (പ്രത്യേകിച്ചും സിവിൽ സർവ്വീസിലെ) ഉദ്യോഗാവസരങ്ങൾ, തുടങ്ങിയവയെക്കുറിച്ച് തീർപ്പുകൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന ഒരു സംവാദ സമിതിയായി കോൺഗ്രസ് പ്രവർത്തിച്ചു. ഈ തീർപ്പുകൾ വൈസ്രോയിയുടെ സർക്കാരിനും ചിലപ്പോൾ ബ്രിട്ടീഷ് സർക്കാരിനും അവർ സമർപ്പിച്ചു. എങ്കിലും ആദ്യകാലത്ത് കോൺഗ്രസിന്റെ നേട്ടങ്ങൾ ശുഷ്കമായിരുന്നു. ഇന്ത്യയെ പൂർണ്ണമായി പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെട്ടെങ്കിലും കോൺഗ്രസിന്റെ ആവശ്യങ്ങൾ നഗരങ്ങളിലെ മേലേത്തട്ടിന്റേതായിരുന്നു. മറ്റ് സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം വളരെ കുറവായിരുന്നു.
ഇന്ത്യൻ സമൂഹത്തിൽ പരിവർത്തനങ്ങൾ കൊണ്ടുവരുന്നതിൽ സ്വാമി ദയാനന്ദ് സരസ്വതി ആരംഭിച്ച ആര്യസമാജം, മറ്റുള്ളവരോടൊത്ത് രാജാ റാം മോഹൻ റോയ് ആരംഭിച്ച ബ്രഹ്മ സമാജം തുടങ്ങിയ സാമൂഹിക-മത സംഘടനകളുടെ പങ്ക് പ്രകടമായിരുന്നു. മതപരമായ പരിവർത്തനങ്ങളുടെയും സാമൂഹിക അഭിമാനത്തിന്റെയും ഉത്തേജനം ഒരു പൂർണ്ണ രാഷ്ട്രത്തിനുവേണ്ടിയുള്ള പൊതുജന മുന്നേറ്റത്തിനു അടിത്തറ പാകി. സ്വാമി വിവേകാനന്ദൻ, രാമകൃഷ്ണ പരമഹംസൻ, ശ്രീ അരബിന്ദോ, സുബ്രഹ്മണ്യ ഭാരതി, ബങ്കിം ചന്ദ്ര ചാറ്റർജി, സർ സയ്യിദ് അഹമ്മദ് ഖാൻ, രവീന്ദ്രനാഥ ടാഗോർ, ദാദാഭായി നവറോജി, തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ ഒരു പുനരുത്തേജനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ആഗ്രഹം ഇന്ത്യക്കാരിൽ ശക്തമാക്കി.
1900-ത്തോടെ കോൺഗ്രസ് ഒരു അഖിലേന്ത്യാ രാഷ്ട്രീയ സംഘടനയായി വളർന്നു എങ്കിലും മുസ്ലീങ്ങളെ സംഘടനയിലേയ്ക്ക് ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതു കോൺഗ്രസിന്റെ നേട്ടങ്ങൾക്ക് തിരിച്ചടിയായി. സർക്കാർ ഉദ്യോഗങ്ങളിൽ മുസ്ലീങ്ങൾക്കു പ്രാതിനിധ്യം കുറവാണെന്നു പരാതി ഉണ്ടായി. മതം മാറ്റങ്ങളെ ഹിന്ദു പരിവർത്തന വാദികൾ എതിർത്തത്, പശുവിനെ ഇറച്ചിയ്ക്കായി കൊല്ലുന്നതിനെ എതിർത്തത്, അറബി ലിപിയിൽ ഉർദ്ദു നിലനിർത്തിയത്, തുടങ്ങിയവ തങ്ങളുടെ ന്യൂനപക്ഷ പദവിയെക്കുറിച്ചുള്ള മുസ്ലീങ്ങളുടെ ആശങ്കകൾ വർദ്ധിപ്പിച്ചു. കോൺഗ്രസ് ഇന്ത്യയെ പ്രതിനിധീകരിച്ചാൽ തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടും എന്ന് മുസ്ലീങ്ങൾ ഭയന്നു. മുസ്ലീം ശാക്തീകരണത്തിനായി സർ സയ്യെദ് അഹ്മെദ് ഖാൻ ഒരു മുന്നേറ്റം ആരംഭിച്ചു. ഇതിന്റെ ഫലമായി 1875-ൽ ഉത്തർ പ്രദേശിലെ അലിഗഡിൽ മുഹമ്മദൻ ആംഗ്ലോ-ഓറിയെന്റൽ കോളെജ് സ്ഥാപിതമായി. (1920-ൽ ഈ കലാലയം അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). ഈ കലാലയത്തിന്റെ പ്രധാനോദ്യേശം സമ്പന്നരായ വിദ്യാർത്ഥികളെ ആധുനിക പാശ്ചാത്യ ജ്ഞാനവും ഇസ്ലാം മതവും പൂരകങ്ങളാണെന്നതിൽ ഊന്നിക്കൊണ്ട് അവരെ പഠിപ്പിക്കുക എന്നതായിരുന്നു. എങ്കിലും ഇന്ത്യയിലെ മുസ്ലീങ്ങളിലെ നാനാത്വം പൊതുവായ ഒരു സാംസ്കാരിക, ബൌദ്ധിക പുനരുദ്ധാനം അസാദ്ധ്യമാക്കി.
കോൺഗ്രസ് അംഗങ്ങളിൽ ആദ്യമായി ദേശീയതയുടെ സ്ഫുരണങ്ങൾ കണ്ടത് അവർ സർക്കാർ സമിതികളിൽ പ്രാതിനിധ്യം ലഭിക്കണം എന്നും ഇന്ത്യയുടെ ഭരണകാര്യങ്ങളിലും നിയമനിർമ്മാണത്തിലും വോട്ട് വേണം എന്നും തങ്ങളുടെ അഭിപ്രായത്തിനു വില ഉണ്ടാവണം എന്നും ആവശ്യപ്പെട്ടപ്പോഴായിരുന്നു. കോൺഗ്രസ് അംഗങ്ങൾ തങ്ങളെ ബ്രിട്ടീഷ് ഭരണത്തോട് കൂറുള്ളവരായി കണ്ടു, എങ്കിലും അവർക്ക് സാമ്രാജ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ടു തന്നെ തങ്ങളുടെ രാജ്യം ഭരിക്കുന്നതിൽ ഒരു ക്രിയാത്മക പങ്ക് വേണം എന്ന് ആഗ്രഹമുണ്ടായി. ദാദാഭായി നവറോജി, ഹൗസ് ഓഫ് കോമൺസ് ഓഫ് ദി യുണൈറ്റഡ് കിംഗ്ഡം തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിച്ച് ഹൌസ് ഓഫ് കോമൺസിലെ ആദ്യ ഇന്ത്യൻ അംഗം ആവുകയും ചെയ്തത് ഈ ആഗ്രഹത്തിന്റെ പ്രത്യക്ഷീകരണമായിരുന്നു.
സ്വരാജ് എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ച ആദ്യ ഇന്ത്യൻ ദേശീയനേതാവായിരുന്നു ബാല ഗംഗാധര തിലകൻ. ഇന്ത്യയുടെ സംസ്കാരം, ചരിത്രം, മൂല്യങ്ങൾ എന്നിവയെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്ത ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തെ തിലൿ ശക്തമായി എതിർത്തു. ദേശീയ നേതാക്കൾക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചതിനെയും, ഇന്ത്യക്കാർക്ക് രാഷ്ട്ര വ്യവഹാരങ്ങളിൽ ഒരു പങ്കും ഇല്ലാത്തതിനെയും അദ്ദേഹം എതിർത്തു. ഈ കാരണങ്ങൾ കൊണ്ട് തിലക് സ്വരാജ് എന്നത് സ്വാഭാവികവും ഏകവുമായ പരിഹാരമായി കണ്ടു. അദ്ദേഹത്തിന്റെ പ്രശസ്ത വചനമായ “സ്വരാജ് എന്റെ ജന്മാവകാശമാണ്, ഞാനതു നേടും” എന്നത് ഇന്ത്യക്കാർക്ക് പ്രചോദനമായി.
1907-ൽ കോൺഗ്രസ് രണ്ടായി പിരിഞ്ഞു. തീവ്രവാദം എന്നു വിശേഷിപ്പിക്കപ്പെട്ട നിലപാടുകളായിരുന്നു തിലകിന്റേത്. ജനങ്ങൾ ബ്രിട്ടീഷ് രാജിനെ നേരിട്ട് ആക്രമിക്കണം എന്നും ബ്രിട്ടീഷ് ആയ എല്ലാ വസ്തുക്കളും ഉപേക്ഷിക്കണം എന്നും തിലക് ആവശ്യപ്പെട്ടു. ഉയർന്നുവരുന്ന പൊതുജന നേതാക്കളായ ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് തുടങ്ങിയവർ ഇതേ നിലപാടുകൾ പുലർത്തുകയും തിലകിനെ അനുകൂലിക്കുകയും ചെയ്തു. ഇവർക്കു കീഴിൽ ഇന്ത്യയുടെ മൂന്നു വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ബംഗാൾ, പഞ്ചാബ് പ്രദേശം എന്നിവിടങ്ങളിൽ ഇന്ത്യൻ ദേശീയ തരംഗം ശക്തമായി. ഗോപാല കൃഷ്ണ ഗോഖലെ, ഫിറോസ്ഷാ മേത്ത, ദാദാഭായി നവറോജി തുടങ്ങിയവർ നയിച്ച മിതവാദികൾ അനുനയങ്ങൾക്കും രാഷ്ട്രീയ സംവാദത്തിനും വേണ്ടിയുള്ള ആവശ്യത്തിൽ ഉറച്ചു നിലകൊണ്ടു. അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമർശിച്ചു. 1906-ൽ കോൺഗ്രസിൽ പൊതുജനങ്ങൾക്ക് അംഗത്വമുണ്ടായിരുന്നില്ല. തിലകിനും അദ്ദേഹത്തിന്റെ അനുയായികൾക്കും കോൺഗ്രസിൽ നിന്നും നിർബന്ധിതമായി വിട്ടുപോകേണ്ടി വന്നു.
തിലകിന്റെ അറസ്റ്റോടുകൂടി ഇന്ത്യൻ ആക്രമണത്തിനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കോൺഗ്രസിനു ജനങ്ങളുടെ മുന്നിൽ മതിപ്പ് നഷ്ടപ്പെട്ടു. തിലകിന്റെ ഹിന്ദു ദേശീയതയിൽ ചകിതരായി മുസ്ലീങ്ങൾ 1906-ൽ ആൾ ഇന്ത്യാ മുസ്ലീം ലീഗ് സ്ഥാപിച്ചു. മുസ്ലീങ്ങൾ കോൺഗ്രസിനെ ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒട്ടും യോജ്യമല്ലാത്തതായി കണ്ടു. ഒരു മുസ്ലീം പ്രതിനിധി സംഘം വൈസ്രോയ് മിന്റോയെ (1905–10) കണ്ട് വരാൻ പോവുന്ന ഭരണഘടനാ പരിഷ്കാരങ്ങളിൽ ഇളവുകൾ ആവശ്യപ്പെട്ടു. ഈ പ്രതിനിധി സംഘം മുസ്ലീങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിലും തിരഞ്ഞെടുപ്പു മണ്ഡലങ്ങളിലും പ്രത്യേക പരിഗണന ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാർ മുസ്ലീം ലീഗിന്റെ ആവശ്യങ്ങളിൽ ചിലത് അംഗീകരിച്ചു. ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1909 പ്രകാരം മുസ്ലീങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ എണ്ണം ഉയർത്തി. മുസ്ലീം ലീഗ് ഹിന്ദു ഭുരിപക്ഷമുള്ള കോൺഗ്രസിൽ നിന്നു വേറിട്ടുള്ള വ്യക്തിത്വത്തിനും “രാഷ്ട്രത്തിനുള്ളിലെ രാഷ്ട്രത്തിന്റെ” ശബ്ദമാവുന്നതിനും വേണ്ടി ശക്തമായി നിലകൊണ്ടു.
1905-ൽ അന്നത്തെ വൈസ്രോയിയും ഗവർണർ ജനറലും ആയിരുന്ന (1899-1905) കഴ്സൺ ഭരണപരമായ കാര്യക്ഷമതയ്ക്കുവേണ്ടി ബൃഹത്തും ജനസാന്ദ്രവുമായ ബംഗാൾ സംസ്ഥാനത്തിന്റെ വിഭജനത്തിനു ഉത്തരവിട്ടു. ബംഗാളിലെ ഹിന്ദു ബൌദ്ധിക സമൂഹം തദ്ദേശീയ, ദേശീയ രാഷ്ട്രീയത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നു. ഈ വിഭജനം ബംഗാളികളെ പ്രകോപിപ്പിച്ചു. സർക്കാർ ഇന്ത്യൻ ജനതയുടെ അഭിപ്രായം കണക്കിലെടുത്തില്ലെന്നു മാത്രമല്ല, ഈ നടപടി ബ്രിട്ടീഷ് സർക്കാരിന്റെ വിഭജിച്ചു ഭരിക്കുക എന്ന നയത്തിന്റെ പ്രതിഫലനമായും കാണപ്പെട്ടു. തെരുവുകളിൽ വ്യാപകമായ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പത്ര മാദ്ധ്യമങ്ങളും കോൺഗ്രസും സ്വദേശി എന്ന കുടക്കീഴിൽ ബ്രിട്ടീഷ് സാമഗ്രികൾ നിരസിക്കുവാൻ ആഹ്വാനം ചെയ്തു. ജനങ്ങൾ പരസ്പരം കൈത്തണ്ടകളിൽ രാഖി കെട്ടിക്കൊടുത്തും ആരന്ധൻ ആചരിച്ചും (ആഹാരം പാകം ചെയ്യാതെയും) ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ബംഗാൾ വിഭജനക്കാലത്ത് പുതിയ സമരമാർഗ്ഗങ്ങൾ സ്വീകരിക്കപ്പെട്ടു. ഇത് സ്വദേശി, ബോയ്ക്കോട്ട് പ്രസ്ഥാനങ്ങളിലേയ്ക്കു നയിച്ചു. ശിപായി ലഹളയ്ക്കു ശേഷം ബ്രിട്ടീഷ് വിരുദ്ധ വികാരം ഏറ്റവും ശക്തമായത് കോൺഗ്രസ് നയിച്ച ബ്രിട്ടീഷ് വസ്തുക്കളുടെ നിരാസത്തിന്റെ കാലത്തായിരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അക്രമത്തിന്റെയും അടിച്ചമർത്തലിന്റെയും ഒരു പരിക്രമണം തുടർന്നു. (അലിപ്പൂർ ബോംബ് കേസ് കാണുക). ബ്രിട്ടീഷുകാർ ഈ സ്ഥിതിവിശേഷം ലഘൂകരിക്കുവാൻ അനേകം ഭരണഘടനാ പരിഷ്കാരങ്ങൾ 1909-ൽ പുറത്തിറക്കി. ഇമ്പീരിയൽ, പ്രവിശ്യാ കൌൺസിലുകളിലേയ്ക്ക് കുറച്ച് മിതവാദികളെ അവർ നിയമിക്കുകയും ചെയ്തു. മറ്റൊരു വിശ്വാസം വളർത്തുന്ന നടപടി എന്ന നിലയിൽ 1911-ൽ ബ്രിട്ടീഷ് രാജാവും ചക്രവർത്തിയുമായ ജോർജ്ജ് അഞ്ചാമൻ ഇന്ത്യ സന്ദർശിച്ച് ഒരു ദർബാർ നടത്തി (പരമ്പരാഗത രാജസഭ), ഈ ദർബാറിൽ വെച്ച് അദ്ദേഹം ബംഗാളിനെ വിഭജിച്ച നീക്കം പിൻവലിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ദില്ലിയ്ക്കു തെക്കായി നിർമ്മിക്കാൻ ഉദ്ദേശമുള്ള നഗരത്തിലേയ്ക്കു മാറ്റും എന്നും അറിയിച്ചു. ഈ നഗരം പിന്നീട് ന്യൂ ഡെൽഹി എന്ന് അറിയപ്പെട്ടു. എങ്കിലും 1912 ഡിസംബർ 23-നു നടന്ന തലസ്ഥാനം മാറ്റൽ ചടങ്ങ് അന്നത്തെ വൈസ്രോയ് ആയ ഹാഡിഞ്ജ് പ്രഭുവിനെ വധിക്കാനുള്ള ശ്രമത്തിനു വേദിയായി. ഈ വധശ്രമം പിൽക്കാലത്ത് ഡെൽഹി-ലാഹോർ ഗൂഢാലോചന എന്ന് അറിയപ്പെട്ടു.
ഒന്നാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനുവേണ്ടി ലഹള പൊട്ടിപ്പുറപ്പെടും എന്ന് ബ്രിട്ടീഷുകാർ ഭയപ്പെട്ടു. എന്നാൽ അതുവരെ കാണാത്ത തരത്തിൽ ബ്രിട്ടനു നേരെ സന്മനസ്സും വിധേയത്വവും കാണിക്കുകയായിരുന്നു മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം ചെയ്തത്. വിഭവങ്ങളും ഭടന്മാരെയും ധാരാളമായി ഇന്ത്യ ബ്രിട്ടീഷ് യുദ്ധ മുന്നണിയിലേയ്ക്ക് സംഭാവന ചെയ്തു. ഏകദേശം 13 ലക്ഷം ഇന്ത്യൻ സൈനികരും തൊഴിലാളികളും യൂറോപ്പ്, ആഫ്രിക്ക, മദ്ധ്യ പൂർവ്വ ദേശം എന്നിവിടങ്ങളിലെ യുദ്ധമുന്നണികളിൽ സേവനം അനുഷ്ഠിച്ചു. ഇന്ത്യൻ സർക്കാരും രാജാക്കന്മാരും വലിയ അളവിൽ ധാന്യങ്ങളും പണവും വെടിക്കോപ്പുകളും യുദ്ധത്തിനായി അയച്ചു. എങ്കിലും ബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങൾ സാമ്രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ വിളനിലമായി തുടർന്നു. തദ്ദേശീയ ഭരണത്തെ സ്തംഭിപ്പിക്കുന്ന വിധത്തിൽ ബംഗാളിലെ തീവ്രവാദം വളർന്നു. ഇത് പഞ്ചാബിലെ അശാന്തിയുമായി ബന്ധപ്പെട്ടുകിടന്നു.[10][11] ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കം മുതൽക്കേ ബെർലിൻ കമ്മിറ്റിയുടെയും ഘദ്ദാർ പാർട്ടിയുടെയും നേതൃത്വത്തിൽ യു.എസ്.എ, കാനഡ, ജർമ്മനി, തുടങ്ങിയ രാജ്യങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾ 1857 ലഹളയുടെ മാതൃകയിൽ ഇന്ത്യയിൽ വിപ്ലവങ്ങൾ ആരംഭിക്കുവാൻ ശ്രമിച്ചു. ജർമ്മനി, ടർക്കി എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ആയിരുന്നു ഇത്. ഈ ശ്രമങ്ങൾ പിന്നീട് ഹിന്ദു ജർമ്മൻ ഗൂഢാലോചന എന്ന് അറിയപ്പെട്ടു.[12][13][14] ഈ ഗൂഢാലോചനയുടെ ഭാഗമായി അഫ്ഗാനിസ്ഥാനെ ബ്രിട്ടീഷ് ഇന്ത്യയ്ക്ക് എതിരേ അണിനിരത്താനും ശ്രമിച്ചു.[15] സൈനിക കലാപത്തിനായി പല പരാജയപ്പെട്ട ശ്രമങ്ങളും നടന്നു. ഇതിൽ പ്രധാനമായിരുന്നു ഫെബ്രുവരി സൈനിക കലാപ പദ്ധതിയും സിംഗപ്പൂർ മ്യൂട്ടിണിയും. എന്നാൽ ഈ മുന്നേറ്റങ്ങളെ ഒരു വൻപിച്ച അന്താരാഷ്ട്ര ചാര നീക്കത്തിലൂടെയും കിരാതമായ രാഷ്ട്രീയ നിയമങ്ങളിലൂടെയും അടിച്ചമർത്തുകയായിരുന്നു (1915 ഡിഫൻസ് ഇന്ത്യാ ആക്ട് ഇതിന്റെ ഭാഗമായിരുന്നു). ഈ പ്രതിവിപ്ലവ പ്രവർത്തനങ്ങൾ 10 വർഷം നീണ്ടുനിന്നു.[16][17]
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം യുദ്ധത്തിൽ പരുക്കേറ്റവരുടെ ഭീമമായ സംഘ്യയും വർദ്ധിച്ച പണപ്പെരുപ്പവും ഉയർന്ന നികുതിനിരക്കും വ്യാപകമായ ഇൻഫ്ലുവെൻസ പകർച്ചവ്യാധിയും യുദ്ധകാലത്ത് വാണിജ്യം തടസ്സപ്പെട്ടതും ഇന്ത്യയിലെ മനുഷ്യക്കെടുതികൾ വർദ്ധിപ്പിച്ചു. ഇന്ത്യൻ ഭടന്മാർ ബ്രിട്ടീഷ് ഭരണത്തെ പരാജയപ്പെടുത്താനായി ഇന്ത്യയിലേയ്ക്ക് ആയുധങ്ങൾ ഒളിച്ചുകടത്തി. യുദ്ധത്തിനു മുൻപുള്ള ദേശീയ പ്രസ്ഥാനം യുദ്ധശേഷം പുനരുജ്ജീവമായി. കോൺഗ്രസിലെ മിതവാദി, തീവ്രവാദി സംഘങ്ങൾ തങ്ങളുടെ അനൈക്യങ്ങൾ മറന്ന് ഒരു ഐക്യമുന്നണിയായി മാറി. 1916-ൽ കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ ലക്നൌ ഉടമ്പടി എന്ന പേരിൽ താൽക്കാലികമായ ഒരു സഖ്യം ഉണ്ടാക്കി. രാഷ്ട്രീയ അധികാരങ്ങളുടെ വിഭജനവും ഉപഭൂഖണ്ഡത്തിൽ ഇസ്ലാം മതത്തിന്റെ ഭാവിയും ഈ ഉടമ്പടിയിൽ വിഷയങ്ങളായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിലെ ഇന്ത്യയുടെ പിന്തുണയ്ക്ക് അഭിനന്ദനമായും വീണ്ടും സജീവമായ ദേശീയതാ പ്രസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കുള്ള മറുപടിയായും ബ്രിട്ടീഷുകാർ “തല്ലിന്റെയും തലോടലിന്റെയും” ഒരു പദ്ധതി പിന്തുടർന്നു. 1917-ൽ ആഗസ്റ്റിൽ ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന എഡ്‌വിൻ മൊണ്ടാഗു ഇന്ത്യയിലെ ബ്രിട്ടീഷ് നയം “ഇന്ത്യക്കാരെ ഭരണത്തിന്റെ എല്ലാ ശാഖകളിലും പങ്കാളികളാക്കുക എന്നതും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അവിഭാജ്യഘടകം എന്ന നിലയിൽ പുരോഗമനപരമായി ഉത്തരവാദിത്ത ഭരണം കൈവരിക്കുന്നതിനു വേണ്ടി ക്രമേണ സ്വയം-ഭരണ സ്ഥാപനങ്ങൾ വളർത്തിക്കൊണ്ടു വരികയും ആണ്“ എന്ന ചരിത്രപ്രധാനമായ പ്രഖ്യാപനം നിയമസഭയിൽ നടത്തി. ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ പിന്നീട് ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1919-ൽ പ്രസ്ഥാവിച്ചു. ഈ നിയമം ഒരു ദ്വിഭരണ സംവിധാനം (ഡയാർക്കി) അവതരിപ്പിച്ചു. ഇതിൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സാമാജികരും അവരോധിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അധികാരം പങ്കുവെയ്ക്കുന്നത് വിഭാവനം ചെയ്തു. ദേശീയ, പ്രവിശ്യാ നിയമസഭകളെ ഈ നിയമം വികസിപ്പിച്ചു. വോട്ടവകാശം ഈ നിയമം വളരെ വികസിപ്പിച്ചു. പ്രവിശ്യാതലത്തിൽ ഈ ദ്വിഭരണ സംവിധാനം യഥാർത്ഥമായ പല മാറ്റങ്ങളും കൊണ്ടുവന്നു: കൃഷി, വിദ്യാഭ്യാസം, പൊതു മരാമത്ത്, ആരോഗ്യം, പ്രാദേശിക ഭരണം തുടങ്ങിയ പല വിവാദരഹിത വകുപ്പുകളും ഇന്ത്യക്കാർക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ധനം, നികുതി, ക്രമസമാധാന പാലനം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകൾ പ്രവിശ്യാതലത്തിലെ ബ്രിട്ടീഷ് ഭരണാധികാരികൾ കൈവശം വച്ചു.
സൌത്ത് ആഫ്രിക്കയിലെ വർണ്ണ വിവേചന സമരങ്ങളിൽ ഒരു പ്രധാന നേതാവായിരുന്നു ഗാന്ധി. വിവേചനത്തിനും തൊഴിലാളികളോട് ക്രൂരമായി പെരുമാറുന്നതിനും റൌലത്ത് ആക്ട് തുടങ്ങിയ പോലീസ് അടിച്ചമർത്തൽ നയങ്ങൾക്കും എതിരേ ഗാന്ധി ശക്തമായി പ്രതികരിച്ചിരുന്നു. സൌത്ത് ആഫ്രിക്കയിലെ സമരങ്ങളിൽ ഗാന്ധിജി സത്യാഗ്രഹം എന്ന ആശയം ശക്തമായ സമര മാർഗ്ഗമാക്കി. ബാബാ രാംസിങ്ങ് ആയിരുന്നു സത്യാഗ്രഹ തത്ത്വശാസ്ത്രം ആദ്യം കൊണ്ടുവന്നത്. (1872-ൽ പഞ്ചാബിലെ കുക്കാ സമരം നയിച്ചതിനു പ്രശസ്തനായിരുന്നു രാംസിങ്ങ്). സൌത്ത് ആഫ്രിക്കയിലെ സമരങ്ങൾക്ക് അവസാനം അടിച്ചമർത്തൽ നിയമങ്ങൾ പിൻവലിക്കപ്പെട്ടു. രാഷ്ട്രീയ തടവുകാരെ സൌത്ത് ആഫ്രിക്കൻ സർക്കാരിന്റെ തലവനായ ജനറൽ യാൻ സ്മട്ട്സ് മോചിപ്പിച്ചു.
ഇരുപതോളം വർഷം ഇന്ത്യയ്ക്കു പുറത്തായിരുന്ന ഗാന്ധിയ്ക്ക് ഇന്ത്യൻ രാഷ്ട്രീയം അപരിചിതമായിരുന്നു. ഇന്ത്യയിൽ എത്തിയ ഗാന്ധി ഒരു രാഷ്ട്രത്തിനു വേണ്ടിയല്ല, മറിച്ച് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ട ഒരു ഏകീകൃതമായ വാണിജ്യോന്മുഖമായ ഭൂഭാഗത്തിനുവേണ്ടിയാണ് ശബ്ദമുയർത്തിയത്. വിദേശികൾ കൊണ്ടുവന്ന വിദ്യാഭ്യാസ പുരോഗതിയും വ്യാവസായിക പുരോഗതിയും ഇന്ത്യയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ആവശ്യമാണെന്ന് ഗാന്ധി വിശ്വസിച്ചു. ഇന്ത്യൻ നേതാവും കോൺഗ്രസിലെ തലമുതിർന്ന നേതാവുമായ ഗോപാല കൃഷ്ണ ഗോഖലെ ഗാന്ധിയുടെ വഴികാട്ടിയായി. ആദ്യകാലത്ത് പല കോൺഗ്രസ് പ്രവർത്തകർക്കും ഇന്ത്യക്കാർക്കും ഗാന്ധിയുടെ അഹിംസാ മാർഗ്ഗത്തിലൂടെയുള്ള നിസ്സഹകരണത്തിൽ ഊന്നിയുള്ള ആശയങ്ങളും പദ്ധതികളും അപ്രായോഗികമായി തോന്നി. ഗാന്ധിയുടെ തന്നെ വാക്കുകളിൽ, “പൊതു നിസ്സഹകരണം എന്നത് അസാന്മാർഗ്ഗികമായ നിർബന്ധിത നിയമങ്ങളെ ലംഘിക്കലാണ്”. അത് ദുഷിച്ച രാഷ്ട്രവുമായുള്ള സഹകരണം അഹിംസാ മാർഗ്ഗത്തിലൂടെ നിറുത്തലാക്കുന്നതിലൂടെ വേണം പ്രാവർത്തികമാക്കാൻ. പഞ്ചാബിൽ റൌളറ്റ് ആക്ടിനു എതിരേയുള്ള പ്രതിഷേധങ്ങളിൽ ഗാന്ധി സത്യാഗ്രഹ സമരമാർഗ്ഗം ഉപയോഗിച്ചപ്പോൾ ലക്ഷക്കണക്കിനു സാധാരണക്കാരെ അകർഷിക്കാനുള്ള ഗാന്ധിയുടെ കഴിവ് പരക്കെ ബോധ്യമായി.
ഇതിനു പിന്നാലെ ഗാന്ധിയുടെ വീക്ഷണം ലക്ഷക്കണക്കിനു ഇന്ത്യക്കാരെ സ്വാതന്ത്ര്യ സമരത്തിലേയ്ക്കു കൊണ്ടുവന്നു. സ്വാതന്ത്ര്യ സമരം ഉപരിവർഗ്ഗത്തിന്റെ സമരം എന്നതിൽ നിന്നും ഒരു ദേശീയ സമരമായി പരിണമിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യങ്ങളിൽ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ആവശ്യങ്ങളും ചേർക്കപ്പെട്ടു. ഉദാഹരണത്തിനു ബീഹാറിലെ ചമ്പാരനിൽ ഭീമമായ നികുതികൾ അടയ്ക്കാനും അവരുടെ ഭക്ഷണക്രമത്തിന്റെ ഭാഗമായ ഭക്ഷ്യവിളകൾക്കു പകരം നാണ്യവിളകൾ വളർത്താനും നിർബന്ധിക്കപ്പെട്ട അതിദരിദ്രരായ കർഷകരുടെ ആവശ്യങ്ങൾക്കുവേണ്ടി കോൺഗ്രസ് പാർട്ടി സമരം ചെയ്തു.
ബ്രിട്ടീഷ് ഭരണപരിഷ്കാരങ്ങളുടെ നല്ല ഗുണങ്ങൾക്ക് ഒരു വലിയ തിരിച്ചടിയായിരുന്നു 1919-ൽ നടപ്പാക്കിയ റൗളറ്റ് ആക്ട്. 1918-ൽ റൌളറ്റ് കമ്മീഷൻ ഇമ്പീരിയൽ ലെജിസ്ലേറ്റീവ് കൌൺസിലിനു സമർപ്പിച്ച നിർദ്ദേശങ്ങളിൽ നിന്നാണ് റൌളറ്റ് ആക്ട് എന്ന പേരു വന്നത്. ഇന്ത്യയിലെ സർക്കാരിനെ മറിച്ചിടുന്നതിനുള്ള ഗൂഢാലോചനയും ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ ജർമ്മൻ, ബോൾഷെവിക്ക് പങ്കുകളും അന്വേഷിക്കുകയായിരുന്നു ഈ കമ്മീഷന്റെ സ്ഥാപന ലക്ഷ്യം.[18][19][20] പത്രങ്ങളെ നിശ്ശബ്ദമാക്കുക, രാഷ്ട്രീയ പ്രവർത്തകരെ വിചാരണകൂടാതെ തടവിൽ സൂക്ഷിക്കുക, രാജ്യദ്രോഹത്തിനോ വിപ്ലവത്തിനോ സംശയിക്കപ്പെടുന്ന വ്യക്തികളെ വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യുക, തുടങ്ങിയതിനുള്ള അസാധാരണമായ അവകാശങ്ങൾ കരിനിയമം എന്നും അറിയപ്പെട്ട റൌളറ്റ് ആക്ട് വൈസ്രോയിയുടെ സർക്കാരിനു നൽകി. ഇതിനു പ്രതിഷേധമായി രാജ്യവാപകമായി പണിനിറുത്തൽ (ഹർത്താൽ) ആഹ്വാനം ഉണ്ടായി, ഇത് രാജ്യമെമ്പാടുമല്ലെങ്കിലും വ്യാപകമായ ജനകീയ പ്രതിഷേധത്തിനു കാരണമായി.
ഈ നിയമത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ 1919 ഏപ്രിൽ 13-നു പഞ്ചാബിലെ അമൃതസറിൽ നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചു. (അമൃതസർ കൂട്ടക്കൊല എന്നും ഇത് അറിയപ്പെടുന്നു). ബ്രിട്ടീഷ് സൈനിക കമാൻഡർ ആയ ബ്രിഗേഡിയർ-ജനറൽ റെജിനാൾഡ് ഡയർ ഈ മൈതാനത്തിന്റെ പ്രധാന കവാടം തടഞ്ഞുവെയ്ച്ച് തന്റെ സൈനികരോട് 5,000-ത്തോളം വരുന്ന ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കാൻ ആജ്ഞാപിച്ചു. നിരോധനാജ്ഞ ലംഘിച്ച് ചുറ്റുപാടും മതിലുകളുള്ള ജാലിയൻവാലാബാഗ്എന്ന പൂന്തോട്ടത്തിൽ ഒന്നിച്ചുകൂടിയ ജനക്കൂട്ടത്തിനു നേർക്കായിരുന്നു വെടിയുതിർത്തത്. ആകെ 1,650 റൌണ്ട് വെടിവെയ്ച്ചു. 379 പേർ ഇതിൽ മരിച്ചു (ഈ കണക്കുകൾ ഒരു ഔദ്യോഗിക ബ്രിട്ടീഷ് കമ്മീഷൻ അനുസരിച്ചാണ്. ഇന്ത്യൻ കണക്കുകൾ മരണസംഖ്യ 1,500 വരെ ആവാം എന്നു പറയുന്നു).[21]) 1,137 പേർക്ക് വെടിവെയ്പ്പിൽ പരുക്കേറ്റു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഉദിച്ച സ്വയം ഭരണത്തിനുള്ള പ്രത്യാശകളും യുദ്ധാനന്തരം ഉണ്ടായ പരസ്പര വിശ്വാസവും ഇതോടെ തകർന്നു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യം വരെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഇന്ത്യയിലെ സാധാരണക്കാരിൽ നിന്നും അകന്നുനിന്നു എന്ന് പറയാം. അതുവരെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഉന്നം ഒരു ഏകീകൃത രാഷ്ട്രത്തെക്കാളും ഒരു ഏകീകൃത വാണിജ്യോന്മുഖ ഭൂവിഭാഗം ആയിരുന്നു. മോഹന്ദാസ് കരംചന്ദ് ഗാന്ധി 1915-ൽ ഇന്തൻ രാഷ്ട്രീയത്തിൽ വന്നു. ഗാന്ധിജിയുടെ സ്വാധീനമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു പുതിയ ദിശാബോധം നൽകിയത് എന്നു പറയാം.
ആദ്യ സത്യാഗ്രഹ പ്രസ്ഥാനം ജനങ്ങളോട് ബ്രിട്ടീഷ് തുണിത്തരങ്ങൾക്കു പകരമായി ഖാദി ഉപയോഗിക്കുവാൻ ആഹ്വാനം ചെയ്തു. ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതികളും ബഹിഷ്കരിക്കുവാനും സർക്കാർ ഉദ്യോഗങ്ങളിൽ നിന്നും രാജിവെയ്ക്കുവാനും നികുതി നൽകുന്നത് നിറുത്തുവാനും ബ്രിട്ടീഷ് പട്ടങ്ങളും പദവികളും ഉപേക്ഷിക്കാനും നിസ്സഹകരണ പ്രസ്ഥാനം ജനങ്ങളോട് ആഹ്വാനം ചെയ്തു. 1919-ൽ വന്ന ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ടിനെ സ്വാധീനിക്കാൻ താമസിച്ചു പോയെങ്കിലും വ്യാപകമായ ജനകീയ പിന്തുണ ഈ സമരത്തിനു ലഭിച്ചു. സമരത്തിന്റെ ഫലമായി ഉണ്ടായ അതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജനകീയ മുന്നേറ്റം വിദേശ ഭരണത്തിനു ഗൌരവമായ വെല്ലുവിളി ഉയർത്തി. എങ്കിലും ചൗരി ചൗരാ സംഭവത്തെ (ക്രുദ്ധരായ ജനക്കൂട്ടം ഇതിൽ ഇരുപത്തിരണ്ട് പോലീസുകാരെ കൊന്നു) തുടർന്ന് ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചു.
1920-ൽ കോൺഗ്രസ് പുന:സംഘടിപ്പിക്കപ്പെട്ടു. . പാർട്ടി അംഗത്വം ഒരു അംഗത്വ ഫീസ് നൽകാൻ തയ്യാറായ ഏവർക്കുമായി തുറന്നുകൊടുത്തു. അതുവരെ ചിട്ടയില്ലാതെയും ചിതറിയും പ്രവർത്തിച്ച സ്വാതന്ത്ര്യ സമരത്തിനു അച്ചടക്കവും നിയന്ത്രണവും നൽകാൻ കമ്മിറ്റികളുടെ ഒരു ശ്രേണി സൃഷ്ടിക്കപ്പെട്ടു. കോൺഗ്രസ് ഒരു ഉപരിവർഗ്ഗ സംഘടനയിൽ നിന്നും ദേശീയതലത്തിൽ ശബ്ദവും ജനകീയ പങ്കാളിത്തവുമുള്ള ഒരു സംഘടനയായി മാറി.
1922-ൽ ഗാന്ധി ആറുവർഷത്തേയ്ക്ക് ജയിലിൽ അടയ്ക്കപ്പെട്ടു. എങ്കിലും രണ്ടുവർഷത്തേ ജയിൽവാസത്തിനു ശേഷം ഗാന്ധിയെ മോചിപ്പിച്ചു. ജയിൽ മോചിതനായതിൽ പിന്നാലെ അഹമ്മദാബാദ് സബർമതി നദിയുടെ കരയിൽ ഗാന്ധി സബർമതി ആശ്രമം സ്ഥാപിച്ചു. യങ്ങ് ഇന്ത്യ എന്ന പത്രവും ഹിന്ദു മതത്തിലെ സാമൂഹികമായി നീചത്വം അനുഭവിക്കുന്നവർക്കുവേണ്ടി ഒട്ടേറെ പരിഷ്കാരങ്ങളും ഗ്രാമങ്ങളിലെ പാവങ്ങൾക്കുവേണ്ടിയും ദളിതർക്കും തൊട്ടുകൂടാത്തവർക്കും വേണ്ടിയും പല പരിഷ്കാരങ്ങളും ഗാന്ധിജി പ്രഖ്യാപിച്ചു.
കോൺഗ്രസ് പാർട്ടിയിൽ ഒരു പുതിയ തലമുറ നേതാക്കളുടെ ഉദയത്തിനു ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. സി. രാജഗോപാലാചാരി, ജവഹർലാൽ നെഹ്രു, വല്ലഭായി പട്ടേൽ, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവർ ഈ കാലഘട്ടത്തിൽ കോൺഗ്രസിൽ എത്തി. ഇവർ പിന്നീട് സ്വാതന്ത്ര്യ സമരത്തിന്റെ പ്രമുഖ വക്താക്കളായി മാറി. ഇവർ ഗാന്ധിയൻ മൂല്യങ്ങൾക്കൊത്തു പ്രവർത്തിക്കുകയോ അതിൽ നിന്നും വിട്ടുമാറി സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുകയോ ചെയ്തു.
1920 മദ്ധ്യത്തോടെ മിതവാദികളും തീവ്രവാദികളുമായ രാഷ്ട്രീയ പാർട്ടികളുടെ ആവിർഭാവത്തോടെ ഇന്ത്യൻ രാഷ്ട്രീയ രംഗം വികസിച്ചു. ഇവയിൽ പ്രധാനമായിരുന്നു സ്വരാജ് പാർട്ടി, ഹിന്ദു മഹാസഭ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, രാഷ്ട്രീയ സ്വയംസേവക് സംഘ് തുടങ്ങിയവ. പ്രാദേശിക രാഷ്ട്രീയ സംഘടനകളും ഈ കാലത്ത് രൂപം കൊണ്ടു. മദ്രാസിൽ അബ്രാഹ്മണർക്കായും മഹാരാഷ്ട്രയിൽ മഹാറുകൾക്കായും പഞ്ജാബിൽ സിഖ് മതസ്ഥർക്കായും സംഘടനകൾ രൂപം കൊണ്ടു. തമിഴ്നാട്ടിൽ നിന്നും ബ്രാഹ്മണ സമുദായത്തിലെ അംഗങ്ങളായ മഹാകവി സുബ്രമണ്യ ഭാരതി, വഞ്ചിനാഥൻ, നീലകണ്ഠ ബ്രഹ്മചാരി തുടങ്ങിയവർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും എല്ലാ ജാതിമതസ്ഥർക്കും തുല്യത നൽകുന്നതിനുള്ള സമരത്തിലും ഒരു പ്രധാന പങ്കുവഹിച്ചു.
സൈമൺ കമ്മീഷൻ നിർദ്ദേശങ്ങൾ നിരാകരിച്ചതിനു ശേഷം 1928 മെയ് മാസത്തിൽ ബോംബെയിൽ സകല രാഷ്ട്രീയ പാർട്ടികളുടെയും ഒരു സമ്മേളനം നടന്നു. ജനങ്ങൾക്കിടയിൽ പ്രതിരോധബോധം വളർത്തുകയായിരുന്നു ഈ സമ്മേളനത്തിന്റെ ഉദ്ദ്യേശം. ഇന്ത്യയ്ക്ക് ഒരു ഭരണഘടന രചിക്കുന്നതിനായി മോത്തിലാൽ നെഹ്രുവിന്റെ കീഴിൽ ഒരു ഡ്രാഫ്റ്റിങ്ങ് കമ്മിറ്റി രൂപവത്കരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനം ബ്രിട്ടീഷ് സർക്കാരിനോട് ഡിസംബർ 1929-ഓടെ ഇന്ത്യയ്ക്കു ഡൊമീനിയൻ പദവി നൽകണം എന്നു ആവശ്യപ്പെട്ടു. അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്നു മുന്നറിയിപ്പുനൽകി. 1929-ഓടെ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ അസംതൃപ്തിയ്കും അക്രമത്തിന്റെ പാതയിലുള്ള പ്രാദേശിക പ്രസ്ഥാനങ്ങൾക്കും നടുവിൽ, ബ്രിട്ടനിൽ നിന്നും പൂർണ്ണമായി സ്വാതന്ത്ര്യം വേണം എന്ന ആവശ്യത്തിനു കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ പിൻബലമേറി. ജവഹർലാൽ നെഹ്രുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചരിത്ര പ്രധാനമായ ലാഹോർ സമ്മേളനത്തിൽ (1929) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യയ്ക്കു പൂർണ്ണ സ്വാതന്ത്ര്യം വേണം എന്ന പ്രമേയം അംഗീകരിച്ച. രാജ്യവ്യാപകമായി പൊതു നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കുവാൻ കോൺഗ്രസ് പ്രവർത്തന കമ്മിറ്റിയെ ചുമതലപ്പെടുത്തി. 1930 ജനുവരി 26 പൂർണ്ണ സ്വരാജ് (സമ്പൂർണ്ണ സ്വാതന്ത്ര്യം) ദിവസമായി ഇന്ത്യയിലെമ്പാടും ആചരിക്കണം എന്ന് തീരുമാനിച്ചു. നാനാ തുറകളിൽ നിന്നുമുള്ള പല ഇന്ത്യൻ രാഷ്ട്രീയ സംഘടനകളും ഇന്ത്യൻ വിപ്ലവകാരികളും ഈ ദിവസം അഭിമാനത്തോടെ ആചരിക്കുവാൻ ഒന്നിച്ചു.
ഗാന്ധിജി തന്റെ ദീർഘകാലത്തെ ഏകാന്തവാസത്തിൽ നിന്നും തിരിച്ചുവന്ന് തന്റെ ഏറ്റവും പ്രശസ്തമായ മുന്നേറ്റം നയിച്ചു. അഹ്മദാബാദിലുള്ള തന്റെ ആശ്രമത്തിൽ നിന്നും ദണ്ഡിയിലേയ്ക്കുള്ള 400 കിലോമീറ്റർ ദൂരം താണ്ടിയ ഈ പദയാത്ര 1930 മാർച്ച് 12-നും ഏപ്രിൽ 6-നും ഇടയിലാണ് നടന്നത്. ഈ യാത്ര ദണ്ഡി മാർച്ച് അഥവാ ഉപ്പു സത്യാഗ്രഹം എന്ന് അറിയപ്പെടുന്നു. ദണ്ഡിയിൽ വെച്ച് ബ്രിട്ടീഷുകാർ ഉപ്പിന്മേൽ ഏർപ്പെടുത്തിയ നികുതിയിൽ പ്രതിഷേധിച്ചു ഗാന്ധിയും ആയിരക്കണക്കിനു അനുയായികളും കടൽ വെള്ളത്തിൽ നിന്നും ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.
ഏപ്രിൽ 1930-ൽ കൽക്കട്ടയിൽ പോലീസും ജനക്കൂട്ടവും തമ്മിൽ രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകൾ നടന്നു. നിസ്സഹകരണ പ്രസ്ഥാന കാലത്ത്)(1930-31) ഒരു ലക്ഷത്തോളം ജനങ്ങൾ ജയിലിൽ അടയ്ക്കപ്പെട്ടു. പെഷാവാറിൽ നിരായുധരായ ജനക്കൂട്ടത്തിനു നേരെ പോലീസ് വെടിയുതിർത്തു. കിസ്സ ഖവാനി ബസാർ കൂട്ടക്കൊല എന്ന് അറിയപ്പെട്ട ഈ സംഭവം പുതുതായി രൂപം കൊണ്ട ഖുദായി ഖിദ്മത്ഗർ പ്രസ്ഥാനത്തെ ദേശീയതലത്തിലേയ്ക്ക് കൊണ്ടുവന്നു. അതിർത്തി ഗാന്ധി എന്നറിയപ്പെട്ട ഖാൻ അബ്ദുൾ ഗാഫർ ഖാൻ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകൻ. ഗാന്ധിജി ജയിലിൽ കിടക്കവേ ലണ്ടനിൽ 1930 നവംബറിൽ ആദ്യത്തെ വട്ടമേശ സമ്മേളനം നടന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിനു ഈ സമ്മേളനത്തിൽ പ്രാതിനിധ്യം ഇല്ലായിരുന്നു. സത്യാഗ്രഹത്തിന്റെ സാമ്പത്തിക കഷ്ടതകൾ കാരണം കോൺഗ്രസിനു മേലുള്ള നിരോധനം നീക്കപ്പെട്ടു. ഗാന്ധിയും കോൺഗ്രസ് പ്രവർത്തക സമിതിയിലെ മറ്റ് അംഗങ്ങളും 1931 ജനുവരിയിൽ ജയിൽ മോചിതരായി.
മാർച്ച് 1931-ൽ ഗാന്ധി-ഇർവ്വിൻ ഉടമ്പടി ഒപ്പുവെച്ചു. സർക്കാർ എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാം എന്നു സമ്മതിച്ചു (എങ്കിലും ചില പ്രധാന വിപ്ലവകാരികളെ വിട്ടയച്ചില്ല. ഭഗത് സിങ്ങിന്റെയും രണ്ട് സഹ വിപ്ലവകാരികളുടെയും വധശിക്ഷ പിൻവലിച്ചില്ല. ഇത് കോൺഗ്രസിനെതിരായ പ്രതിഷേധം കോൺഗ്രസിനുള്ളിലും കോൺഗ്രസിനു പുറത്തും വർദ്ധിപ്പിച്ചു). ഇതിനു പകരമായി ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം നിർത്തലാക്കാം എന്നും ലണ്ടനിൽ 1931 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിന്റെ ഏക പ്രതിനിധി ആയി പങ്കെടുക്കാം എന്നും സമ്മതിച്ചു. ഈ സമ്മേളനം 1931 ഡിസംബറിൽ പരാജയത്തിൽ കലാശിച്ചു. ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തി, 1932 ജനുവരിയിൽ നിസ്സഹകരണ പ്രസ്ഥാനം പുനരാരംഭിക്കാൻ തീരുമാനിച്ചു.
അടുത്ത ഏതാനും വർഷങ്ങളിൽ കോൺഗ്രസും സർക്കരും തമ്മിൽ പല ചർച്ചകളും പ്രതിസന്ധികളും ഉണ്ടായി. ഇവയുടെ പരിണതഫലമായി 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് ഉരുത്തിരിഞ്ഞു. അപ്പൊഴേയ്ക്കും കോൺഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള അകലം വളരെ വർദ്ധിക്കുകയും ഇരു പാർട്ടികളും പരസ്പരം വിദ്വേഷത്തോടെ കുറ്റപ്പെടുത്തുകയും ചെയ്തു. കോൺഗ്രസ് ഇന്ത്യയിലെ എല്ലാ ജനവിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നു എന്ന വാദം മുസ്ലീം ലീഗ് ഖണ്ഡിച്ചു. മുസ്ലീം ലീഗ് എല്ലാ മുസ്ലീങ്ങളുടെയും പ്രത്യാശയുടെ ശബ്ദമാണെന്ന മുസ്ലീം ലീഗ് വാദത്തെ കോൺഗ്രസും ഖണ്ഡിച്ചു.
ബ്രിട്ടീഷ് ഇന്ത്യയെ ഭരിക്കുന്നതിനുള്ള ബൃഹത്തും പരമവുമായ ഭരണഘടനാ ശ്രമത്തിന്റെ ഫലമായ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 പ്രധാനമായും മൂന്നു ലക്ഷ്യങ്ങളെ പ്രസ്താവിച്ചു: ഒരു അയഞ്ഞ ഫെഡറൽ ചട്ടക്കൂട് കെട്ടിപ്പടുക്കുക; പ്രവിശ്യാതലത്തിൽ സ്വയംഭരണം നടപ്പിലാക്കുക, പ്രത്യേക നിയോജകമണ്ഡലങ്ങളിലൂടെ ന്യൂനപക്ഷ താല്പര്യങ്ങളെ സംരക്ഷിക്കുക. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരുടെ നിലവിലുള്ള അവകാശങ്ങളെ സംരക്ഷിക്കുന്നതിൽ ഉള്ള ആശയക്കുഴപ്പം കാരണം നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് ഇന്ത്യൻ കേന്ദ്ര ഭരണകൂടത്തെയും ഒന്നിപ്പിക്കാൻ ഉദ്ദ്യേശിച്ചുള്ള ഫെഡറൽ വ്യവസ്ഥകൾ ഉടനെ നടപ്പിൽ വരുത്താൻ കഴിഞ്ഞില്ല. എങ്കിലും 1937 ഫെബ്രുവരിയിൽ പ്രവിശ്യാ സ്വയംഭരണം യാഥാർത്ഥ്യമാവുകയും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. കോൺഗ്രസ് അഞ്ച് പ്രവിശ്യകളിൽ വ്യക്തമായ ഭൂരിപക്ഷവും രണ്ട് പ്രവിശ്യകളിൽ മേൽക്കോയ്മയും നേടി. മുസ്ലീം ലീഗിനു തിരഞ്ഞെടുപ്പിൽ മോശം ഫലങ്ങളാണു ലഭിച്ചത്.
1939-ൽ വൈസ്രോയി ലിൻലിത്ഗൌ പ്രവിശ്യാ സർക്കാരുകളോട് ആലോചിക്കാതെ ഇന്ത്യയുടെ രണ്ടാം ലോക മഹായുദ്ധത്തിലേയ്ക്കുള്ള പ്രവേശനം വിളംബരം ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തങ്ങളുടെ എല്ലാ പ്രതിനിധികളോടും സർക്കാരിൽ നിന്നും രാജിവെയ്ക്കാൻ ആവശ്യപ്പെട്ടു. മുസ്ലീം ലീഗിന്റെ അദ്ധ്യക്ഷനായിരുന്ന ജിന്ന 1940-ൽ ലാഹോറിൽ നടന്ന മുസ്ലീം ലീഗ് വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളെ ലാഹോർ പ്രമേയം അംഗീകരിക്കുവാൻ പ്രേരിപ്പിച്ചു. ഈ പ്രമേയം ഇന്ത്യയെ രണ്ട് പരമാധികാര രാഷ്ട്രങ്ങളായി - ഒരു ഹിന്ദു രാഷ്ട്രവും ഒരു മുസ്ലീം രാഷ്ട്രവുമായി - വേർതിരിക്കാൻ ആവശ്യപ്പെട്ടു. ഇത് ദ്വിരാഷ്ട്ര സിദ്ധാന്തം എന്നും അറിയപ്പെടുന്നു. പാകിസ്താൻ എന്ന ആശയം 1930-കളിലേ തന്നെ ഉന്നയിച്ചിരുന്നു എങ്കിലും അന്ന് വളരെക്കുറച്ച് ജനങ്ങളേ അതിനു അനുകൂല നിലപാട് എടുത്തിരുന്നുള്ളൂ. എങ്കിലും വഷളായ രാഷ്ട്രീയ സാഹചര്യവും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സ്പർദ്ധയും പാകിസ്താൻ എന്ന ആശയം ശക്തമാക്കി.
20-ആം നൂറ്റാണ്ടിന്റെ തുടക്കം വരെ ഏതാനും ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ച് ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരായി ഉള്ള സായുധ വിപ്ലവം ആസൂത്രിതമല്ലായിരുന്നു. ഇന്ത്യൻ അധോലോക വിപ്ലവ പ്രവർത്തങ്ങൾക്ക് പ്രവേഗമുണ്ടായത് 1900-കളുടെ ആദ്യ ദശാബ്ദത്തിലാണ്. മഹാരാഷ്ട്ര, ബംഗാൾ, ഒറീസ്സ, ബിഹാർ, ഉത്തർ പ്രദേശ്, പഞ്ചാബ്, അന്നത്തെ മദ്രാസ് പ്രസിഡൻസി (ഇപ്പൊഴത്തെ തെക്കേ ഇന്ത്യ) എന്നിവിടങ്ങളിൽ വിപ്ലവ സംഘങ്ങൾ രൂപംകൊണ്ടു. പല സംഘങ്ങളും ഇന്ത്യയ്ക്കു ചുറ്റുമായി രൂപംകൊണ്ടു. ഇവയിൽ എടുത്തുപറയത്തക്ക വിപ്ലവ പ്രവർത്തനങ്ങൾ പഞ്ജാബിലും 1905-ഇലെ ബംഗാൾ വിഭജനത്തോട് അനുബന്ധിച്ച് ബംഗാളിലും ആണ് രൂപം കൊണ്ടത്.[22] ബംഗാളിലെ വിപ്ലവകാരികളിൽ കൂടുതലും മദ്ധ്യവർഗ്ഗ നാഗരികരായ ഭദ്രാലോക് സമുദായത്തിൽനിന്നുള്ള അഭ്യസ്തവിദ്യരും ബുദ്ധിജീവികളും അർപ്പിതരുമായ ചെറുപ്പക്കാരായിരുന്നു. പിൽക്കാലത്ത് ഉരുത്തിരിഞ്ഞ ഇന്ത്യൻ വിപ്ലവകാരി എന്ന പ്രതിച്ഛായ ഇവരെ ആസ്പദമാക്കിയായിരുന്നു.[22] പഞ്ജാബിലെ വിപ്ലവകാരികൾക്ക് പഞ്ജാബിലെ സായുധ ഗ്രാമീണ സമൂഹത്തിൽ നിന്നും വൻപിച്ച പിന്തുണ ഉണ്ടായിരുന്നു. യുഗാന്തർ, അനുശീലൻ സമിതി തുടങ്ങിയ സംഘടനകൾ 1900-കളിൽ രൂപപ്പെട്ടു. വിപ്ലവ ആദർശങ്ങളും പ്രസ്ഥാനങ്ങളും 1905-ഇലെ ബംഗാൾ വിഭജന കാലത്ത് തങ്ങളുടെ ശക്തി തെളിയിച്ചു. വിപ്ലവകാരികളെ ഒരുമിച്ചുകൂട്ടുന്നതിനുള്ള ആദ്യ ശ്രമങ്ങൾ ആദ്യം തുടങ്ങിയത് അരബിന്ദോ ഘോഷ്, അദ്ദേഹത്തിന്റെ സഹോദരനായ ബാരിൻ ഘോഷ്, ഭുപേന്ദ്രനാഥ് ദത്ത തുടങ്ങിയവർ ചേർന്ന് ജുഗന്തർ പാർട്ടി തുടങ്ങിയതോടെ ആയിരുന്നു എന്നു പറയാം.[23] ഒരു വ്യായാമ ക്ലബ് എന്ന മറവിൽ ബംഗാളിൽ രൂപം കൊണ്ട വിപ്ലവ സംഘടനയായ അനുശീലൻ സമിതിയുടെ ഒരു അന്തർ വൃത്തമായി ആയിരുന്നു ജുഗാന്തർ രൂപം കൊണ്ടത്.
ബംഗാളിന്റെ നാനാഭാഗങ്ങളിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും അനുശീലൻ സമിതിയും ജുഗന്തറും ശാഘകൾ തുറന്നു. ഇവർ യുവാക്കളെയും യുവതികളെയും വിപ്ലവ പ്രവർത്തങ്ങൾക്കായി സംഘടനയിൽ ചേർത്തു. പല കൊലപാതകങ്ങളും കൊള്ളിവെയ്പ്പുകളും നടന്നു. പല വിപ്ലവകാരികളെയും സർക്കാർ പിടികൂടുകയും തുറുങ്കിലടയ്ക്കുകയും ചെയ്തു. ബാരിൻ ഘോഷ്, ബാഘ ജതിൻ തുടങ്ങിയ ജുഗന്തർ പാർട്ടി നേതാക്കൾ സ്ഫോടക വസ്തുക്കൾ ഉണ്ടാക്കാൻ ആരംഭിച്ചു. രാഷ്ട്രീയ തീവ്രവാദത്തിലെ പ്രധാന സംഭവവികാസങ്ങളിൽ പെടുന്നവയാണ് ആലിപൂർ ബോംബ് കേസ്, മുസാഫർപൂർ കൊലപാതകം എന്നിവ. മുസാഫർപൂർ കൊലപാതകത്തിനു പിന്നാലെ പല വിപ്ലവക്കാരികളെയും വിചാരണ ചെയ്യുകയും ജീവപര്യന്തം നാടുകടത്തുകയും ചെയ്തു. ഖുദിറാം ബോസ് എന്ന വിപ്ലവകാരിയെ തൂക്കിക്കൊന്നു. ലണ്ടനിൽ ഇന്ത്യാ ഹൗസ്. ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്നിവ ശ്യാംജി കൃഷ്ണ വർമ്മയുടെ നേതൃത്വത്തിൽ 1909-ൽ സ്ഥാപിച്ചത് തീവ്രവാദ പ്രസ്ഥാനത്തെ ബ്രിട്ടനിലേയ്ക്ക് എത്തിച്ചു. ഇന്ത്യാ ഹൌസുമായി അടുത്ത ബന്ധമുള്ള മദൻ ലാൽ ധിൻഗ്ര എന്ന ഇന്ത്യൻ വിദ്യാർത്ഥി ബ്രിട്ടീഷ് നിയമസഭാ സാമാജികനായിരുന്ന വില്യം ഹട്ട് കഴ്സൺ വൈലീയെ ലണ്ടനിൽ വെച്ച് 1909 ജൂലൈ 1-നു വെടിവെച്ചു കൊന്നു. മുൻ-ജുഗാന്തർ അംഗമായ റാഷ് ബിഹാരി ബോസിന്റെ ആസൂത്രണത്തിൽ നടന്ന ഡെൽഹി-ലാഹോർ ഗൂഢാലോചന 1912-ൽ അരങ്ങേറി. ഈ ഗൂഢാലോചനയുടെ പരിസമാപ്തിയിൽ കൽക്കട്ടയിൽ നിന്നും ദില്ലിയിലേയ്ക്കു ഇന്ത്യയു ടെ തലസ്ഥാനം മാറ്റുന്ന അവസരത്തിൽ നടന്ന വൈസ്രോയിയുടെ ഘോഷയാത്രയിൽ ബോംബ് പൊട്ടിക്കുവാൻ ശ്രമിച്ചു. ഈ സംഭവത്തിനു പിന്നാലെ ബ്രിട്ടീഷ് ഇന്ത്യൻ പോലീസും രഹസ്യാന്വേഷണ സംഘങ്ങളും ഒത്തുചേർന്ന് ബംഗാളിലെയും പഞ്ജാബിലെയും വിപ്ലവകാരികളെ നശിപ്പിക്കുവാൻ ശ്രമിച്ചു. ഇത് വിപ്ലവകാരികളുടെമേൽ കുറച്ചുനാളത്തേയ്ക്ക് ശക്തമായ സമ്മർദ്ദം ചെലുത്തി. റാഷ് ബിഹാരി ബോസ് മൂന്നുവർഷത്തോളം പോലീസിനു പിടികൊടുക്കാതെ കഴിഞ്ഞു. യൂറോപ്പിൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പൊഴേയ്ക്കും തദ്ദേശീയ ഭരണകൂടങ്ങളെ നിഷ്ക്രിയമാക്കാൻ തക്കവിധത്തിൽ പഞ്ജാബിലും ബംഗാളിലും വിപ്ലവ പ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചു.[24][25]
ഒന്നാം ലോകമഹായുദ്ധ കാലത്ത് വിപ്ലവകാരികൾ ജർമ്മനിയിൽ നിന്നും ഇന്ത്യയിലേയ്ക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഇറക്കുമതി ചെയ്യാനും ബ്രിട്ടീഷുകാർക്കെതിരെ സായുധ വിപ്ലവം നടത്താനും ശ്രമിച്ചു.[26]
ഇന്ത്യയ്ക്കു പുറത്തുനിന്നും പ്രവർത്തിച്ച ഘദ്ദാർ പാർട്ടി ഇന്ത്യയിലെ വിപ്ലവകാരികളുമായി സഹകരിച്ചു. ഇന്ത്യയിലെ വിപ്ലവകാരികൾക്ക് വിദേശ ആയുധങ്ങൾ എത്തിക്കുന്നതിൽ ഘദ്ദാർ പാർട്ടിയുടെ പങ്ക് വലുതായിരുന്നു.
ഒന്നാം ലോക മഹായുദ്ധത്തിനു പിന്നാലെ ബ്രിട്ടീഷ് ഭരണകൂടം പ്രധാന വിപ്ലവ നേതാക്കളെ അറസ്റ്റ് ചെയ്തു. ഇത് വിപ്ലവ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയായി. വിപ്ലവ പ്രവർത്തനങ്ങൾ തൽഭലമായി കുറഞ്ഞുവന്നു. 1920-കളിൽ ചില വിപ്ലവ പ്രവർത്തകർ വീണ്ടും ഒന്നിച്ചുകൂടാൻ തുടങ്ങി. ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപവത്കരിച്ചു. ഭഗത് സിങ്ങ്, ബത്തുകേഷ്വർ ദത്ത് എന്നിവർ പൊതു സുരക്ഷാ നിയമം, വാണിജ്യ തർക്ക നിയമം എന്നിവയോടുള്ള പ്രതിഷേധമായി 1929 ഏപ്രിൽ 8-നു കേന്ദ്ര നിയമസഭയ്ക്ക് അകത്തേയ്ക്കു ഒരു ബോംബ് എറിഞ്ഞു. സെൻട്രൽ അസംബ്ലി ബോംബ് കേസിന്റെ വിചാരണയ്ക്കു ശേഷം ഭഗത് സിങ്ങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ 1931-ൽ തൂക്കിക്കൊന്നു. മുസ്ലീങ്ങളെ സ്വാതന്ത്ര്യ സമരത്തിലേയ്ക്കു നയിക്കുന്നതിനായി അല്ലാമ മഷ്രീഖി ഖർക്സർ തെഹ്രീക് എന്ന സംഘടന രൂപവത്കരിച്ചു.[27]
ആയുധങ്ങൾ പിടിച്ചടക്കുന്നതിനും പ്രാദേശിക ഭരണം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സർക്കാർ വാർത്താവിനിമയം നശിപ്പിക്കുന്നതിനുമായി സൂര്യ സെൻ മറ്റ് പ്രവർത്തകരോടൊത്ത് ചിറ്റഗോങ് ആയുധശാല 1930 ഏപ്രിൽ 18-നു ആക്രമിച്ചു. ചിറ്റഗോങ്ങിലെ യൂറോപ്യൻ ക്ലബ്ബിലേയ്ക്ക് 1932-ൽ പ്രീതിലത വാദേദാർ ഒരു ആക്രമണം നയിച്ചു. കൽക്കട്ട സർവ്വകലാശാലയുടെ കോൺവൊക്കേഷൻ ഹാളിനുള്ളിൽ വെച്ച് ബിന ദാസ് ബംഗാൾ ഗവർണറായിരുന്ന സ്റ്റാൻലി ജാക്സണെ വധിക്കാൻ ശ്രമിച്ചു. ചിറ്റഗോങ്ങ് ആയുധശാല ആക്രമണ കേസിനെ തുടർന്ന് സൂര്യ സെന്നിനെ തൂക്കിക്കൊല്ലുകയും മറ്റു പലരെയും ആൻഡമാനിലെ സെല്ലുലാർ ജയിലിലേയ്ക്ക് ജീവപര്യന്തം നാടുകടത്തുകയും ചെയ്തു. ബംഗാൾ വോളന്റിയേഴ്സ് 1928-ൽ പ്രവർത്തിച്ചു തുടങ്ങി. ഈ വിപ്ലവ സംഘടനയിലെ അംഗങ്ങളായ ബിനോയ്-ബാദൽ-ദിനേഷ് എന്നിവർ 1930 ഡിസംബർ 8-നു കൽക്കട്ട സെക്രട്ടറിയേറ്റ് കെട്ടിടമായ റൈറ്റേഴ്സ് ബിൽഡിങ്ങിൽ കയറി കാരാഗ്രഹങ്ങളുടെ ഇൻസ്പെക്ടർ ജനറൽ ആയ കേണൽ എൻ.എസ്. സിമ്പ്‌സണെ വധിച്ചു.
ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിക്കുകയും ജനറൽ ഡയറിനെ പിന്തുണയ്ക്കുകയും ചെയ്ത മൈക്കിൾ ഒ’ഡ്വയറെ 1940 മാർച്ച് 13-ന് ഉധം സിങ് ലണ്ടനിൽ വെച്ച് വെടിവെച്ചുകൊന്നു. എങ്കിലും 1930-കളുടെ അവസാനം രാഷ്ട്രീയ കാലാവസ്ഥയിൽ വന്ന മാറ്റങ്ങളും മുഖ്യധാരാ നേതാക്കൾ ബ്രിട്ടീഷുകാർ മുന്നോട്ടുവെച്ച പല പദ്ധതികളും സ്വീകരിച്ചതും ജാതീയ രാഷ്ട്രീയത്തിന്റെ ആവിർഭാവവും കാരണം വിപ്ലവ പ്രവർത്തനങ്ങൾ പതിയെ കുറഞ്ഞു. പല മുൻ വിപ്ലവകാരികളും കോൺഗ്രസിലും മറ്റു പാർട്ടികളിലും, പ്രത്യേകിച്ച് കമ്യുണിസ്റ്റ് പാർട്ടിയിലും ചേർന്ന് മുഖ്യധാരാ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മറ്റ് പല പ്രവർത്തകരെയും സർക്കാർ രാജ്യമെമ്പാടുമുള്ള വിവിധ ജയിലുകളിൽ പാർപ്പിച്ചു.
ഇന്ത്യൻ പ്രതിനിധികളോട് കൂടിയാലോചിക്കാതെ ഇന്ത്യൻ വൈസ്രോയി ആയിരുന്ന ലിൻലിത്ഗൌ ഏകപക്ഷീയമായി ഇന്ത്യയെ രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യകക്ഷികളുടെ യുദ്ധമുന്നണിയുടെ ഭാഗമായി പ്രഖ്യാപിച്ചു. ഈ നടപടിയിൽ രാജ്യമെമ്പാടും ഇന്ത്യക്കാർ ഭിന്നിച്ചു. ലിൻലിത്ഗൌവിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വം ഒട്ടാകെ പ്രാദേശിക സർക്കാർ കൌൺസിലുകളിൽ നിന്നും രാജിവെയ്ച്ചു. എങ്കിലും പലരുടെയും ആഗ്രഹം ബ്രിട്ടീഷ് യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കണം എന്നായിരുന്നു. . രണ്ടാം ലോക മഹായുദ്ധത്തിനിടയ്ക്ക്, പ്രത്യേകിച്ചും ബാറ്റിൽ ഓഫ് ബ്രിട്ടനു ഇടയ്ക്ക്, വ്യാപകമായ നിസ്സഹകരണ മുന്നേറ്റങ്ങൾ നടത്താനായി പാർട്ടിക്ക് ഉള്ളിൽ നിന്നും പുറത്തുനിന്നും വന്ന മുറവിളികളെ ഗാന്ധി ചെവികൊണ്ടില്ല. നശിപ്പിക്കപ്പെട്ട ഒരു ബ്രിട്ടന്റെ ചാരത്തിൽ നിന്നല്ല ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കേണ്ടത് എന്നായിരുന്നു ഗാന്ധിയുടെ വാദം. എങ്കിലും, യുദ്ധത്തിന്റെ ജയാപജയങ്ങൾ മാറിമറിഞ്ഞതിനോടൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യ ശ്രമങ്ങൾക്ക് അന്ത്യം കുറിക്കുന്ന രണ്ട് പ്രക്ഷോഭങ്ങൾ ഉദിച്ചു.
ഇതിൽ ആദ്യത്തേത്, നേതാജി സുഭാഷ് ചന്ദ്ര ബോസ് നയിച്ച ആസാദ് ഹിന്ദ് പ്രസ്ഥാനം, യുദ്ധത്തിന്റെ ആരംഭത്തിൽ ആയിരുന്നു ആരംഭിച്ചത്. ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താൻ അച്ചുതണ്ട് ശക്തികളുടെ സഹായം നേതാജി തേടി. രണ്ടാമത്തെ മുന്നേറ്റം ഗാന്ധി നയിച്ച ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആയിരുന്നു. ഇന്ത്യൻ രാഷ്ട്രീയ നേതൃത്വവുമായി യുദ്ധാവസാനം അധികാരം കൈമാറുന്നതിൽ സമന്വയം ഉണ്ടാക്കാൻ ശ്രമിച്ച ക്രിപ്സ് ദൌത്യത്തിന്റെ പരാജയത്തെ തുടർന്ന് ൻ1942 ആഗസ്തിൽ ആയിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചത്.
യുദ്ധത്തിലേയ്ക്ക് ഇന്ത്യയെ കൂടിയാലോചന കൂടാതെ വലിച്ചിഴച്ചതിനെ സുഭാഷ് ചന്ദ്ര ബോസ് ശക്തമായി എതിർത്തു. കോൺഗ്രസിന്റെ അദ്ധ്യക്ഷൻ ആയി 1937-ഇലും 1939-ഇലും സുഭാഷ് ചന്ദ്ര ബോസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുദ്ധത്തിൽ പങ്കെടുക്കുന്നതിനു എതിരേ കോൺഗ്രസിൽ അഭിപ്രായം സ്വരൂപിക്കാൻ ശ്രമിച്ചതിനു ശേഷം അദ്ദേഹം കോൺഗ്രസിൽ നിന്നും 1939-ൽ രാജിവെയ്ച്ച് ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്ന പുതിയ പാർട്ടി സ്ഥാപിച്ചു. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ സർക്കാർ സുഭാഷ് ചന്ദ്ര ബോസിനെ കൽക്കട്ടയിൽ 1940-ൽ വീട്ടുതടങ്കലിലാക്കി. എങ്കിലും യുദ്ധം ഏഷ്യയിലും യൂറോപ്പിലും അതിന്റെ ഏറ്റവും രക്തരൂക്ഷിതമായ ഘട്ടത്തിലൂടെ കടന്നുപോവുന്ന സമയത്ത് സുഭാഷ് ചന്ദ്രബോസ് തടവിൽ നിന്നും രക്ഷപെട്ടു അഫ്ഗാനിസ്ഥാനിലൂടെ അദ്ദേഹം ജർമ്മനിയിൽ എത്തി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തോടു പോരാടാൻ അച്ചുതണ്ട് ശക്തികളുടെ സഹായം അഭ്യർത്ഥിച്ചു. ജർമ്മനിയിൽ റോമലിന്റെ ഇന്ത്യൻ യുദ്ധത്തടവുകാരെ അണിനിരത്തി അദ്ദേഹം ഫ്രീ ഇന്ത്യാ ലീജിയൺ സ്ഥാപിച്ചു. ഇതിൽനിന്നായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തോടു പോരാടാൻ ഒരു സ്വാതന്ത്ര്യ സേനയെ രൂപവത്കരിക്കണം എന്ന ബോസിന്റെ ആശയത്തിന്റെ ആവിർഭാവം. എങ്കിലും യുദ്ധത്തിന്റെ ശാക്തിക നിലകൾ യൂറോപ്പിൽ മാറിയപ്പോൾ ബോസ് ജാപ്പനീസ് തെക്കേ ഏഷ്യയിലേയ്ക്കു പോയി. ഇവിടെ അദ്ദേഹം പ്രവാസത്തിൽ നിന്നും താൽക്കാലിക സ്വതന്ത്ര ഇന്ത്യൻ സർക്കാർ ആയി ആസാദ് ഹിന്ദ് ഗവണ്മെന്റ് രുപീകരിച്ചു. ഇന്ത്യൻ യുദ്ധത്തടവുകാരെയും തെക്കു കിഴക്കേ ഏഷ്യയിലെ ഇന്ത്യൻ പ്രവാസികളെയും ഒന്നിച്ചുചേർത്ത് ജാപ്പനീസ് സൈന്യത്തിന്റെ സഹായത്തോടെഇന്ത്യൻ നാഷണൽ ആർമി രൂപവത്കരിച്ചു. ഇന്ത്യയിൽ യുദ്ധസന്നദ്ധമായ ഒരു സൈന്യമായി എത്തി ജനങ്ങളുടെ ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പിൽ നിന്നും മുതലെടുത്ത് ഇന്ത്യൻ സൈനികരെ കലാപങ്ങൾക്കു പ്രേരിപ്പിക്കുകയും ബ്രിട്ടീഷ് ഭരണകൂടത്തെ പരാജയപ്പെടുത്തുകയുമായിരുന്നു ഇന്ത്യൻ നാഷണൽ ആർമിയുടെ ലക്ഷ്യം.
ബ്രിട്ടീഷ് സൈന്യം ഉൾപ്പെട്ട സഖ്യകക്ഷി സേനയോട് ബർമ്മയിലും ആസ്സാമിലും അരകാൻ വനങ്ങളിൽ വെച്ചും ഐ.എൻ.എ പോരാടി. ഐ.എൻ.എ ജാപ്പനീസ് 15-ആം കരസേനയോടൊത്ത് ഇംഫാലിനെയും കൊഹിമയെയും ഉപരോധിച്ചു. യുദ്ധകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ജാപ്പനീസ് സൈന്യം പിടിച്ചടക്കി ഐ.എൻ.എ-യുടെ നിയന്ത്രണത്തിൽ ഏൽപ്പിച്ചു. ബോസ് ഇവയെ ഷഹീദ് (രക്തസാക്ഷി) എന്നും സ്വരാജ് (സ്വാതന്ത്ര്യം) എന്നും പുനർനാമകരണം ചെയ്തു.
ഐ.എൻ.എ സൈന്യത്തിനു അവശ്യസാധനങ്ങൾ എത്തിക്കുന്നതിൽ ഉള്ള തടസ്സങ്ങൾ, പരിശീലനത്തിന്റെ കുറവ്, ആവശ്യത്തിനു പിന്തുണയില്ലായ്മ, ജപ്പാൻകാരിൽ നിന്നും ലഭിച്ച മോശം യുദ്ധോപകരണങ്ങൾ, വിഭവങ്ങൾ എന്നീ കാരണങ്ങൾ കൊണ്ട് ഐ.എൻ.എ തങ്ങളുടെ ശ്രമങ്ങളുടെ അന്ത്യത്തിൽ പരാജയപ്പെട്ടു. ബോസിന്റെ മരണത്തെക്കുറിച്ചുള്ള ഊഹങ്ങൾ ആസാദ് ഹിന്ദ് പ്രസ്ഥാനത്തിന്റെ അവസാനമായി കരുതപ്പെടുന്നു. ജപ്പാന്റെ പരാജയത്തെ തുടർന്ന് ഐ.എൻ.എ സൈനികരെ ഇന്ത്യയിലേയ്ക്കു കൊണ്ടുവന്നു. ഇവരിൽ പലരിലും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു. എങ്കിലും അപ്പൊഴേയ്ക്കും ബോസിന്റെ ധീരമായ പ്രവർത്തനങ്ങളും യുദ്ധശ്രമങ്ങളും ഇന്ത്യയിലെ പൊതുജനങ്ങൾക്ക് ഇടയിൽ പ്രിയങ്കരമായി. ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലെ ഇന്ത്യക്കാരായ ഭടന്മാരുടെ കൂറ് ബ്രിട്ടീഷ് കിരീടത്തോടുള്ള കൂറിൽ നിന്നും ബ്രിട്ടീഷ് സാമ്രാജ്യം യുദ്ധ കുറ്റവാളികൾ എന്നു മുദ്രകുത്തിയ ഭടന്മാരിലേയ്ക്കു തിരിഞ്ഞു.[28][29]
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നടന്ന ഐ.എൻ.എ സൈനികരുടെ വിചാരണയ്ക് ഇടയിൽ പുറത്തുവന്ന ആസാദ് ഹിന്ദ് പ്രസ്ഥാനത്തിന്റെയും പ്രസ്ഥാനത്തിന്റെ സൈന്യത്തിന്റെയും കഥകൾ ജനശ്രദ്ധയിൽ വരുന്നത് ബ്രിട്ടീഷ് സാമ്രാജ്യം പ്രകോപനകരമായി കരുതി. വൻപിച്ച ജനകീയ വിപ്ലവങ്ങളും ലഹളകളും ഭയന്ന് ഇന്ത്യയിൽ മാത്രമല്ല, ബ്രിട്ടീഷ് സാമ്രാജ്യത്തിലൊട്ടാകെ ഐ.എൻ.എയുടെ കഥകൾ പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നും ബ്രിട്ടീഷ് സർക്കാർ ബി.ബി.സി-യെ വിലക്കി.[30] പത്രങ്ങൾ ഐ.എൻ.എ ഭടന്മാരെ ചെങ്കോട്ടയിൽ വെയ്ച്ച് വധിച്ച വാർത്ത റിപ്പോർട്ട് ചെയ്തു.[31] ഈ വിചാരണകൾക്കു ഇടയ്ക്കും വിചാരണകൾക്കു ശേഷവും ബ്രിട്ടീഷ് ഇന്ത്യൻ സൈന്യങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജകീയ ഇന്ത്യൻ നാവികസേനയിൽ നടന്ന കലാപമായിരുന്നു. നാവികസേനയിലെ കലാപത്തിനു ഇന്ത്യയിലെമ്പാടും - കറാച്ചി മുതൽ ബോംബെ വരെയും വിശാഖപട്ടണം മുതൽ കൽക്കട്ട വരെയും ജനകീയ പിന്തുണ ലഭിച്ചു.[32][33][34] പല ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ ഐ.എൻ.എ-യും ഐ.എൻ.എ-യുടെ പ്രവർത്തനങ്ങളിൽ പ്രേരിതമായി ബ്രിട്ടീഷ് ഇന്ത്യൻ സൈന്യങ്ങൾക്ക് ഇടയിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളുമാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു പിന്നിലുള്ള യഥാർത്ഥ പ്രേരക ശക്തികൾ.[35][36][37]
ഇന്ത്യക്കാരെ രണ്ടാം ലോക മഹായുദ്ധത്തിനു അയച്ചതിനു എതിരായും ഗാന്ധിയുടെ ഇന്ത്യയ്ക്കു ഉടനടി സ്വാതന്ത്ര്യം നൽകൂ എന്ന ആഹ്വാനത്തിനും പ്രതികരണമായി 1942 ആഗസ്റ്റിൽ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനമായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (ഭാരത് ച്ഛോടോ ആന്തോളൻ) അഥവാ ഓഗസ്റ്റ് പ്രസ്ഥാനം
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് കോൺഗ്രസ് പാർട്ടിയുടെ വാർദ്ധയിൽ വെച്ചു 1939 സെപ്റ്റംബറിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി,[38] പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്. താല്പര്യമില്ലാതെ യുദ്ധത്തിൽ പങ്കെടുക്കുന്ന അസംതൃപ്തി ബാധിച്ച ഒരു ഉപഭൂഖണ്ഡത്തെയും യൂറോപ്പിലും തെക്കു കിഴക്കേ ഏഷ്യയിൽ യുദ്ധസ്ഥിതി വഷളാവുന്നതും ഇന്ത്യൻ സൈനികർക്കിടയിലും, പ്രത്യേകിച്ച് യൂറോപ്പിലെ യുദ്ധമുന്നണികളിൽ യുദ്ധം ചെയ്യുന്ന ഇന്ത്യൻ സൈനികർക്കിടയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനതയ്ക്കിടയിലും വളരുന്ന അസംതൃപ്തിയും അഭിമുഖീകരിച്ച ബ്രിട്ടീഷ് സർക്കാർ സ്റ്റാൻഫോർഡ് ക്രിപ്സിനു കീഴിൽ ഒരു ദൌത്യസംഘത്തെ ഇന്ത്യയിലേയ്ക്കയച്ചു. ക്രിപ്സ് മിഷൻ എന്ന് ഇത് അറിയപ്പെട്ടു. ബ്രിട്ടീഷ് കിരീടത്തിൽനിന്നും വൈസ്രോയിൽ നിന്നും അധികാരം ക്രമേണ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നിയമസഭയ്ക്കു നൽകുന്നതിനു പകരമായി കോൺഗ്രസിൽ നിന്നും യുദ്ധകാലത്ത് പൂർണ്ണ പിന്തുണ ഉറപ്പാക്കുന്ന വിധത്തിൽ ഒരു ഉടമ്പടിയിൽ എത്തുക എന്നതായിരുന്നു ഈ മിഷന്റെ ദൌത്യം. എങ്കിലും സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താവിക്കാനോ എന്തെല്ലാം അധികാരങ്ങൾ കൈയൊഴിയും എന്ന് വ്യക്തമായി നിർവ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷൻ നൽകാൻ തയ്യാറായ പരിമിത-ഡൊമീനിയൻ പദവി ഇന്ത്യൻ പ്രസ്ഥാനത്തിനു പൂർണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷൻ പരാജയപ്പെട്ടു.[39] സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.
സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സർക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഉറച്ചതും എന്നാൽ അക്രമരഹിതവുമായ ചെറുത്തുനിൽപ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാർഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ ടാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓർ ഡൈ” (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ഓഗസ്റ്റ് ക്രാന്തി മൈദാൻ (ഓഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോൺഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സർക്കാർ തുറുങ്കിലടച്ചു. ഒരുപാട് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലിൽ കഴിയേണ്ടി വന്നു.
1942 ഓഗസ്റ്റ് 8-നു അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. എങ്കിലും ഈ തീരുമാനം വളരെ വിവാദപരമായിരുന്നു. ബോംബെയിലെ ഗവാലിയ റ്റാങ്കിൽ ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാൻ ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര രാഷ്ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകൾ അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു. ജാപ്പനീസ് സൈന്യം ഇന്ത്യ-ബർമ്മ അതിർത്തിവരെ എത്തിയതിൽ വിഹ്വലരായിരുന്ന ബ്രിട്ടീഷുകാർ ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി അടുത്ത ദിവസം തന്നെ ഗാന്ധിയെ പൂനെയിലെ ആഗാ ഖാൻ കൊട്ടാരത്തിൽ തടവിലടച്ചു. കോൺഗ്രസിന്റെ ദേശീയ നേതൃത്വമായ കോൺഗ്രസ് പാർട്ടി പ്രവർത്തക സമിതിയെ മുഴുവൻ അഹ്മദ്നഗർ കോട്ടയിൽ തടവിലടച്ചു. ബ്രിട്ടീഷുകാർ കോൺഗ്രസ് പാർട്ടിയെ നിരോധിച്ചു. രാജ്യമൊട്ടാകെ വലിയ തോതിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. തൊഴിലാളികൾ തൊഴിൽസ്ഥലങ്ങളിൽ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. രാജ്യത്തെമ്പാടും സമരാഹ്വാനങ്ങൾ ഉണ്ടായി. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവർത്തനങ്ങളും നടന്നു. ഇന്ത്യൻ അധോലോക സംഘടനകൾ സഖ്യകക്ഷികളുടെ സേനയ്ക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന വാഹന നിരകളിൽ ബോംബ് ആക്രമണങ്ങൾ നടത്തി, സർക്കാർ കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾ തകർത്തു. മുസ്ലീം ലീഗ് ഉൾപ്പെടുന്ന മറ്റ് രാഷ്ട്രീയ ശക്തികളെ ഒരു കുടക്കീഴിൽ ഒറ്റ ശക്തമായ പ്രക്ഷോഭമായി അണിനിരത്താൻ കോൺഗ്രസിനു കഴിഞ്ഞില്ല. എങ്കിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ മൂർദ്ധന്യത്തിൽ കോൺഗ്രസിനു മുസ്ലീം ജനതയുടെ ഭൂരിഭാഗത്തുനിന്നും സജീവമല്ലാത്ത പിന്തുണ ലഭിച്ചു.
ക്വിറ്റ് ഇന്ത്യാ സമരാഹ്വാനത്തോടുള്ള ബ്രിട്ടീഷ് പ്രതികരണം പെട്ടെന്നായിരുനു. രാജ്യമൊട്ടാകെ വൻതോതിൽ അറസ്റ്റുകൾ നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു, വലിയ പിഴകൾ ചുമത്തി, പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടിയ്ക്കടിച്ചു.
പ്രക്ഷോഭം പെട്ടെന്നുതന്നെ നേതൃത്വരഹിതമായ ഒരു നിഷേധ പ്രകടനമായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങളുടെ പല പ്രവർത്തികളും ഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളിൽ നിന്നും വ്യതിചലിച്ചു. പ്രാദേശിക അധോലോക സംഘടനകൾ ഈ പ്രക്ഷോഭത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എങ്കിലും 1943-ഓടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിച്ചു.
1946 ഫെബ്രുവരി 18-നു ബോംബെ തുറമുഖത്ത് കപ്പലുകളിലും തീരത്തെ സ്ഥാപനങ്ങളിലുമുണ്ടായിരുന്ന റോയൽ ഇന്ത്യൻ നേവിയിലെ ഇന്ത്യൻ നാവികർ ആകമാനം സമരം ചെയ്തതും ഇതിനു പിന്നാലെ ഉണ്ടായ ലഹളകളുമാണ് റോയൽ ഇന്ത്യൻ നേവി ലഹള എന്ന് അറിയപ്പെടുന്നത്. ബോംബെയിൽ പൊട്ടിപ്പുറപ്പെട്ട ഈ ലഹളയ്ക്ക് ഇന്ത്യയിലെമ്പാടും പിന്തുണ ലഭിച്ചു. കറാച്ചി മുതൽ കൽക്കട്ട വരെ വ്യാപിച്ച ഈ ലഹളയിൽ 78 കപ്പലുകളും 20 തീര സ്ഥാപനങ്ങളും 20,000 നാവികരും പങ്കെടുത്തു.
റോയൽ ഇന്ത്യൻ നേവിയിലെ ഭടന്മാരുടെ തൊഴിൽ സാഹചര്യങ്ങളിലുള്ള പ്രതിഷേധമായി ആണ് ഫെബ്രുവരി 18-നു ആർ.ഐ.എൻ. ലഹള ആരംഭിച്ചത്. ലഹളയുടെ അടിയന്തര പ്രശ്നങ്ങൾ ജീവിത സാഹചര്യങ്ങളും ഭക്ഷണവും ആയിരുന്നു, എങ്കിലും ഇന്ത്യൻ നാവികർക്കുനേരെ റോയൽ നേവിയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വംശീയ വിവേചന സമീപനവും ദേശീയ പ്രക്ഷോഭത്തിനു അനുഭാവം കാണിക്കുന്നവർക്കു നേരെ കൈക്കൊണ്ട ശിക്ഷണ നടപടികളും ആയിരുന്നു സമരത്തിനു അന്തർലീനമായ കാരണങ്ങൾ. ഇന്ത്യൻ നാഷണൽ ആർമിയുടെ സമരകഥകളിൽ ആകൃഷ്ടരായ ഇന്ത്യൻ ജനതയുടെ ഇടയിൽ ഈ സമരത്തിനു വ്യാപകമായ പിന്തുണ ഉണ്ടായി. സമരത്തിനു പിന്തുണയായി പ്രകടനങ്ങളും ബോംബെയിൽ ഒരു ദിവസത്തെ പൊതു പണിമുടക്കും നടന്നു. സമരം മറ്റു നഗരങ്ങളിലേയ്ക്കും വ്യാപിച്ചു. വായു സേനയും മുംബൈ പൊലീസ് സേനയും സമരത്തിൽ പങ്കുചേർന്നു. സൈനിക ഉദ്യോഗസ്ഥരും നാവികരും സ്വയം ഇന്ത്യൻ നാഷണൽ നേവി എന്നു വിളിച്ചുതുടങ്ങി. ബ്രിട്ടീഷ് മേലുദ്യോഗസ്ഥർക്ക് ഇവർ ഇടതുകൈകൊണ്ട് സല്യുട്ട് അടിച്ചു. ചില സ്ഥലങ്ങളിൽ ബ്രിട്ടീഷ് ഇന്ത്യൻ കരസേനയിലെ എൻ.സി.ഒ-മാർ (നോൺ കമ്മീഷൻഡ് ഓഫീസേഴ്സ്) തങ്ങളുടെ ബ്രിട്ടീഷ് മേലുദ്യോഗസ്ഥരുടെ കൽപ്പനകൾ അവഗണിക്കുകയും ധിക്കരിക്കുകയും ചെയ്തു. മദ്രാസിലെയും പൂനെയിലെയും ബ്രിട്ടീഷ് സൈനിക കേന്ദ്രങ്ങളിൽ ബ്രിട്ടീഷ് ഇന്ത്യൻ കരസേനയിൽ ആഭ്യന്തര കലഹങ്ങൾ ഉണ്ടായി. കറാച്ചി മുതൽ കൽക്കട്ട വരെ വ്യാപകമായ ലഹളകൾ നടന്നു. കപ്പലുകൾ മൂന്നു പതാകകൾ ഒന്നിച്ചുയർത്തി - കോൺഗ്രസിന്റെ കൊടി, മുസ്ലീം ലീഗിന്റെ കൊടി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സി.പി.ഐ) ചെങ്കൊടി എന്നിവ. ഇത് വിപ്ലവകാരികൾക്കിടയിൽ മതപരമായ വ്യത്യാസങ്ങൾക്കുള്ള പ്രാധാന്യമില്ലായ്മയെ കാണിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ഓരോ പ്രത്യേകം സംഭവങ്ങളുടെയും സ്വാധീനവും ഓരോന്നിന്റെയും താരതമ്യ ജയ പരാജയങ്ങളും ഇന്നും ചരിത്രകാരന്മാർക്കു വ്യാഖ്യാന വിഷയങ്ങളാണ്. ചില ചരിത്രകാരന്മാർ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആത്യന്തികമായി ഒരു പരാജയമായിരുന്നു എന്ന് വിലയിരുത്തുന്നു[40] ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം നിലം പതിച്ചത് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ വന്ന ശിഥിലീകരണം കൊണ്ടാണ് എന്ന് അവർ അഭിപ്രായപ്പെടുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ക്ലെമെന്റ് ആറ്റ്ലിയുടെ അഭിപ്രായത്തിൽ ഇന്ത്യയുടെ ക്വിറ്റ് ഇന്ത്യയുടെ സംഭാവനകൾ വളരെ തുച്ഛമായിരുന്നു. റോയൽ ഇന്ത്യൻ സൈനികരിൽ ഉണ്ടായ കലഹങ്ങളും അവരിൽ വളർന്നുവന്ന അസംതൃപ്തിയുമാണ് ഇന്ത്യ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനു പിന്നിലുള്ള പ്രധാന പ്രേരക ശക്തികൾ എന്ന് ആറ്റ്ലി അഭിപ്രായപ്പെട്ടു[41][42]. . യുദ്ധം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, സൈനിക ശക്തി വളരെയധികം ചോർത്തി എന്നതും. ശക്തമായ ഇന്ത്യൻ പ്രതിരോധം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആത്മവിശ്വാസത്തെ കെടുത്തി എന്നതും ഇവർ ഈ വാദത്തിനു ഉപോദ്ബലകമായി പറയുന്നു. എങ്കിലും ഈ ചരിത്രകാരന്മാർ 1947-ഇലെ അധികാര കൈമാറ്റത്തിൽ തീവ്രവാദി പ്രസ്ഥാനങ്ങൾക്കുള്ള പങ്കിനെ അവഗണിക്കുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആത്മവിശ്വാസത്തെയും മന:ശക്തിയെയും തകർത്തത് ബ്രിട്ടീഷ് ഇന്ത്യൻ സൈനികരിൽ ഉണ്ടായ വിപ്ലവത്തിനും അസംതൃപ്തിയ്ക്കും ഉള്ള വിത്തുകളായാലും ഇന്ത്യക്കാർക്കിടയിൽ പ്രതിരോധത്തിനുള്ള ശക്തമായ ആഹ്വാനം ആയാലും[43][44] സ്വാതന്ത്ര്യം നീക്കുപോക്കുകളില്ലാത്ത ഒരു ലക്ഷ്യമാണെന്നു പറയാൻ ജനലക്ഷങ്ങൾ ഉത്തേജിതരായി എന്നതും ബ്രിട്ടീഷ് ഭരണത്തോടുള്ള ഓര ധിക്കാരവും ഈ അഗ്നിയെ ആളിക്കത്തിച്ചു എന്നതും തർക്കമില്ലാത്തതാണ്. ഇതിനു പുറമേ ബ്രിട്ടീഷ് ജനതയും ബ്രിട്ടീഷ് കരസേനയും തങ്ങളുടെ രാജ്യം യുദ്ധക്കെടുതികളിൽ നിന്നും കരകേറുന്ന സമയത്ത് ഇന്ത്യയിലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും അടിച്ചമർത്തലിന്റെ നയത്തെ പിന്തുണയ്ക്കാൻ വിസമ്മതിക്കുകയും ചെയ്തു.
1947 ജൂൺ 3-നു ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആയ വൈസ് roy ലൂയി മൌണ്ട്ബാറ്റൺ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തെ മതേതര ഇന്ത്യ ആയും മുസ്ലീം പാകിസ്താൻ ആയും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. 1947 ഓഗസ്റ്റ് 14-നു പാകിസ്താൻ ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആഗസ്റ്റ് 15 അർദ്ധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി. ഇതിനു പിന്നാലെ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖ് മതസ്ഥരും തമ്മിൽ രക്തരൂക്ഷിതമായ സംഘട്ടനങ്ങൾ നടന്നു. പ്രധാനമന്ത്രി നെഹ്രുവും ഉപ പ്രധാനമന്ത്രി സർദ്ദാർ വല്ലഭായി പട്ടേലും മൌണ്ട് ബാറ്റണെ ഇന്ത്യയുടെ ഗവർണർ ജനറൽ ആയി തുടരാൻ ക്ഷണിച്ചു. 1948 ജൂണിൽ മൌണ്ട് ബാറ്റണു പകരം സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവർണർ ജനറൽ ആയി സ്ഥാനമേറ്റു. 565 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കുന്ന ദൌത്യം പട്ടേൽ ഏറ്റെടുത്തു. തന്റെ “പട്ടു കയ്യുറയിലെ ഉരുക്കുമുഷ്ടി” നയങ്ങളിലൂടെ പട്ടേൽ ഈ ശ്രമങ്ങളെ പൂർത്തീകരിച്ചു. ജുനഗഡ്, ജമ്മു കശ്മീർ, ഹൈദ്രാബാദ് സംസ്ഥാനം, ഓപറേഷൻ പോളോ എന്നിവയിൽ നാട്ടുരാജ്യങ്ങളെ ഇന്ത്യയോടു ചേർക്കാൻ പട്ടേൽ സൈനികശക്തി ഉപയോഗിച്ചു.
ഭരണഘടന നിർമ്മിക്കുന്ന ജോലി 1949 നവംബർ 26-നു നിയമസഭ പൂർത്തിയാക്കി. 1950 ജനുവരി 26-നു റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി നിലവിൽ വന്നു. നിയമസഭ ഡോ. രാജേന്ദ്ര പ്രസാദിനെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു. രാജേന്ദ്രപ്രസാദ് ഗവർണർ ജനറൽ രാജഗോപാലാചാരിയിൽ നിന്നും അധികാരം ഏറ്റെടുത്തു. പിന്നാലെ സ്വതന്ത്ര പരമാധികാര ഇന്ത്യ മറ്റ് രണ്ട് ഭൂഭാഗങ്ങളെയും രാഷ്ട്രത്തോടു കൂട്ടിച്ചേർത്തു: പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്നും 1961-ൽ ഗോവയും 1954-ൽ ഫ്രഞ്ച് അധീനതയിൽ നിന്നും പോണ്ടിച്ചേരിയും. 1952-ൽ ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നു. 62% സമ്മതിദാനം ഈ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തി. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.