1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം. മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു.

വസ്തുതകൾ തിയതി, സ്ഥലം ...
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)
ഇന്ത്യൻ സ്വാതന്ത്ര്യസമരങ്ങൾ ഭാഗം
തിയതിമേയ് 10, 1857
സ്ഥലംഇന്ത്യ (cf. 1857)
ഫലംസമരക്കാരെ അടിച്ചമർത്തി,
ഇന്ത്യയിലെ കമ്പനി ഭരണത്തിന് അന്ത്യം
ബ്രിട്ടൻ നേരിട്ട് ഭരണം തുടങ്ങി
Territorial
changes
ബ്രിട്ടിഷധീന ഇന്ത്യ
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ വിമത ഇന്ത്യൻ ഭടന്മാർ,
7 നാട്ടുരാജ്യങ്ങൾ,
പൊതുജനങ്ങൾ
യുണൈറ്റഡ് കിങ്ഡം British Army
East India Company's Sepoys Native Irregulars and British regulars, British civilian volunteers raised in Bengal presidency
20 Princely states aiding the British including the independent states of Nepal, Kashmir as well as smaller states in region
പടനായകരും മറ്റു നേതാക്കളും
Bahadur Shah II
Nana Sahib
Mirza Mughal
Bakht Khan
Rani Lakshmi Bai
Tantya Tope
Begum Hazrat Mahal
Commander-in-Chief, India:
George Anson (to May 1857)
Sir Patrick Grant
Sir Colin Campbell from (August 1857)
Jang Bahadur[1]
അടയ്ക്കുക

1857 മെയ് 10ന് മീററ്റിൽ തുടങ്ങി, വടക്കൻ ഗംഗാ സമതലത്തിലും മദ്ധ്യേന്ത്യയിലും പെട്ടെന്ന് വ്യാപിച്ച കലാപം, 1858 ജൂൺ 20-ന് ഗ്വാളിയാർ ബ്രിട്ടീഷ് കമ്പനിപ്പട കീഴ്പ്പെടുത്തിയതോടെ അവസാനിച്ചു. ചരിത്രത്തിൽ വളരെയേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഈ സംഭവം കാരണമായിട്ടുണ്ട്. ഈ കലാപത്തിന്റെ കാരണങ്ങൾ, മൗലികസ്വഭാവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സൈനികകലാപം, ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനകീയപ്രക്ഷോഭങ്ങൾക്ക് നാന്ദികുറിച്ചു എന്നതിന്റെ പേരിലും ശ്രദ്ധേയമാണ്.[2]

ചരിത്രപശ്ചാത്തലം

യൂറോപ്യൻ കമ്പനികൾ 16 - 17 നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ എത്തിയത് കച്ചവടത്തിനായിട്ടാണ്. ആദ്യകാലത്ത്, ഇന്ത്യയിൽ കച്ചവടാധിപത്യം നേടുന്നതിനായി യൂറോപ്പുകാർ(പ്രധാനമായി പോർച്ചുഗീസുകാരും, ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും) പരസ്പരം മത്സരിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തു. ഒടുവിൽ മേൽക്കൈ നേടിയത് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയാണ്. അക്കാലത്ത് ഇന്ത്യയിൽ പ്രബലമായിരുന്ന മുഗൾ സാമ്രാജ്യം തകർച്ചയിലായിരുന്നു. നിരവധി ചെറുകിട നാട്ടുരാജ്യങ്ങളും അന്നു നിലവിൽ ഉണ്ടായിരുന്നു. എങ്കിലും അവർ ധനത്തിനും അധികാരത്തിനുമായി പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷുകാർ ഈ മത്സരങ്ങളിലും യുദ്ധങ്ങളിലും ചേരിചേരുകയും ഭരണകാര്യങ്ങളിൽ ഇടപെടുകയും നാട്ടുരാജ്യങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തു.

1757ലെ പ്ലാസി യുദ്ധത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി നാട്ടുരാജാക്കന്മാരെ നിഷ്കാസനം ചെയ്തുകൊണ്ട് നേരിട്ടു ഭരണം നടത്താൻ തുടങ്ങി. കമ്പനി ഭരണം, അന്നു വരെ നിലവിലുണ്ടായിരുന്ന സാമ്പത്തികക്രമം തകർക്കുകയും അതിരൂക്ഷമായ ചൂഷണം നടത്തുകയും ചെയ്തു. കർഷകരും കൈത്തൊഴിൽ ചെയ്യുന്നവർക്കും തൊഴിലും വരുമാനവും നഷടപ്പെട്ടു. സമുദായങ്ങൾ ദരിദ്രരായി. വിദേശികളുടെ ഭരണത്തോട് അങ്ങനെ രൂക്ഷമായ അമർഷം ഉയർന്നുവന്നു.

ആദ്യകാലം മുതൽ തന്നെ കമ്പനി ഭരണത്തിനെതിരായി നിരവധി ജനപ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. പൊതുവെ, സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ഭരണാധികാരികൾ ഉദ്യോഗസ്ഥപ്രമുഖർതുടങ്ങിയവരാണ് പ്രക്ഷോഭങ്ങൾ നയിച്ചത്. എന്നാൽ കർഷകരും കൈത്തൊഴിലുകാരും അടങ്ങുന്ന ബഹുജനങ്ങളും ഈ സമരങ്ങളിൽ പങ്കെടുത്തിരുന്നു. ആന്ധ്രയിൽ വൈശ്യനഗരൻ രാജാക്കന്മർ (1794) മൈസൂരിൽ ധോണ്ട്ജിവാഗ് എന്ന് ഭരണാധികാരി (1800) മലബാറിൽ പഴശ്ശിരാജാ (1800-05) തിരുവിതാംകൂറിൽ വേലുത്തമ്പി ദളവ (1809) തമിഴ്നാട്ടിൽ പൊളിഗറുകൾ (1801-15) കച്ചിൽ നാടുവാഴികൾ (1818-32) അലിഗഡിൽ തലൂക്ദാർമാർ (1814-17) ഹരിയാനയിൽ ജാട്ടുമുഖ്യന്മാർ (1824) തുടങ്ങിയവ അത്തരം പ്രക്ഷോഭങ്ങളിൽ ചിലതാണ്.

കമ്പനി ഭരണത്തിനെതിരായി ഗോത്രകലാപങ്ങളും കർഷകസമരങ്ങളും നടന്നിട്ടുണ്ട്. പൊതുവെ ലളിതവും സുരക്ഷിതവുമായ ജീവിതം നയിച്ചിരുന്ന ഗോത്രവർഗ്ഗക്കാരെ നികുതിപിരിച്ചും കച്ചവടമാർഗ്ഗങ്ങൾ ഉപയോഗിച്ചും ചൂഷണം ചെയ്തതാണ് ഗോത്രകലപങ്ങൾക്കു കാരണം. ബംഗാളിൽ ചുവാറുകൾ, ബീഹാറിൽ സാന്താളുകൾ, പശ്ചിമ ഇന്ത്യയിലെ ഭില്ലകൾ, ഗുജറാത്തിൽ കോലികൾ, അസമിലെ ഖാസികൾ, ഛോട്ടാനാഗ്പൂരിലെ കോളുകൾ, ഒറീസയിലെ ഗോണ്ടുകൾ തുടങ്ങിയ ഗോത്രങ്ങൾ കലാപം നടത്തിയിട്ടുണ്ട്. കമ്പനിച്ചൂഷണത്തിനെതിരെ നടന്ന കർഷകകലാപങ്ങൾ പലതും കവർച്ചകളായോ ക്രമസമാധാനക്കുഴപ്പങ്ങളായോ ആണ് കമ്പനി ഔദ്യോഗിക രേഖകളിൽ ഉള്ളത്. ആ കലപങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം ലഭ്യമല്ല. ചില കലാപങ്ങൾ മതപരവും കൂടിയായിരുന്നു. വഹാബി പ്രസ്ഥാനം, ബംഗാളിലെ പഗല്പാത്തി-ഫറൈസി പ്രസ്ഥാനങ്ങൾ, പഞ്ചാബിലെ കൂക കലാപം തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.

കാരണങ്ങൾ

ഇന്ത്യക്കാർക്കും ഇന്ത്യൻ സംസ്കാരത്തിനുമെതിരായി ബ്രിട്ടീഷുകാരിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ രൂപംകൊണ്ട പുതിയ മനോഭാവമാണ് ലഹളയുടെ കാരണം എന്ന് പറയപ്പെടുന്നുണ്ട്. ആദ്യകാല ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യൻരീതികളെ സ്വാംശീകരിച്ചായിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത്. ഉദാഹരണമായി ഡെൽഹിയുടെ ആദ്യത്തെ റെസിഡന്റായിരുന്ന ഡേവിഡ് ഒക്റ്റർലോണിയെപ്പോലെയുള്ളവർ വേഷത്തിലും ജീവിതരീതികളിലുമെല്ലാം മുഗൾ ശൈലി സ്വീകരിച്ചിരുന്നു. എന്നാൽ പിൽക്കാലത്തെ ഉദ്യോസസ്ഥർ ഇന്ത്യൻ രീതികളും വിശ്വാസങ്ങളും അധമമാണെന്ന കാഴ്ചപ്പാടുള്ളവരായിരുന്നു. യൂറോപ്പിൽ ഫ്രെഞ്ചുകാരെയും ഇന്ത്യയിൽ അവരുടെ വമ്പൻ എതിരാളികളെയും തോൽപ്പിച്ച[ക] ബ്രിട്ടീഷുകാരുടെ സൈനികശക്തിയുടെ ഉയർച്ചയും സുവിശേഷാനുസാരമായ ക്രിസ്തീയതയുടെ ഉയർച്ചയുമാണ് ഈ മാറ്റത്തിന് കാരണമായത്. യൂറോപ്യൻമാർ അവർ ഉന്നതരാണെന്ന് പ്രത്യക്ഷമായിത്തന്നെ പ്രകടിപ്പിക്കാനാരംഭിച്ചു. വാറൻ ഹേസ്റ്റിങ്സ് പോലെയുള്ള പതിനെട്ടാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യക്കാരെ പൗരാണികവിജ്ഞാനത്തിന്റെ അവകാശികളായി കണക്കാക്കിയിരുന്ന സ്ഥാനത്ത് അവർ വെറും ബുദ്ധിശൂന്യരായ അപരിഷ്കൃതരാണെന്നും ദുർന്നടപ്പുകാരുമാണെന്നാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷുകാർ കണക്കാക്കിയത്. അവരെ മതംമാറ്റുക എന്നത് അത്യാവശ്യമായും കരുതി. മതപരിവർത്തനം ലക്ഷ്യമിട്ട് മിഷണറി പ്രവർത്തനങ്ങളെ അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ ഭാര്യമാരെ സ്വീകരിച്ച് സഹജീവനം നടത്തിയിരുന്ന ബ്രിട്ടീഷുകാരുടെ രീതിയും അതിന്റെ തെളിവുകളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ അപ്രത്യക്ഷമായി. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വിൽപ്പത്രങ്ങളിൽ ഇന്ത്യൻ ഭാര്യമാരുടെ പേരുകൾ ഉൾപ്പെടുത്തുന്ന രീതി അവസാനിച്ചു.[3] ബ്രിട്ടീഷുകാർ ഇന്ത്യൻ ഭാര്യമാരെ സ്വീകരിക്കുന്നതും ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കുന്നതും അത്ഭുതത്തിനും പരിഹാസത്തിനും പാത്രമായിരുന്നു.[4] മതത്തിന്റെ സ്വാധീനം ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെയിടയിൽപ്പോലും ഇക്കാലഘട്ടത്തിൽ വർദ്ധിച്ചിരുന്നു. നൃത്തവും നാടകങ്ങളും മൽസരങ്ങളും പാർട്ടികളിൽ പങ്കെടുക്കുന്നതുമെല്ലാം മതവിരുദ്ധമാണെന്നും അവയൊന്നും പാടില്ലെന്നുമുള്ള ഒരു ബോധം ബ്രിട്ടീഷ് സമൂഹത്തിനിടയിൽത്തന്നെ വേരുപിടിച്ചുവന്നിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയെ ഭരിച്ചാൽ മാത്രം പോര, അവരെ വിശ്വാസപരമായി ഉദ്ധരിക്കണം എന്ന അഭിപ്രായവും 1840-കളിലും 50-കളിലും ഉയർന്നു. കമ്പനി അവരുടെ അധികാരം മതപരിവർത്തനത്തിനായി ഉപയോഗിക്കണം എന്ന് ഡെൽഹിയിലെ ചാപ്ലൈനായ ജോൺ ജെന്നിങ്സും, കൽക്കത്തയിലെ എഡ്മണ്ട്സും ആവശ്യപ്പെട്ടു.[5] കൽക്കത്തയിലെ ബിഷപ്പായിരുന്ന റെജിനോൾഡ് ഹെബറിന്റെ ആശയങ്ങളായിരുന്നു ഇവർ പിന്തുടർന്നിരുന്നത്.[6] പാതിരികൾക്കുപുറമേ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും മതപ്രചാരണം അവരുടെ ചുമതലയായി ഏറ്റെടുത്തു. ഹെർബെർട്ട് എഡ്വേഡ്സ്, ഫത്തേപ്പൂരിലെ ജില്ലാ ജഡ്ജായിരുന്ന റോബെർട്ട് ടക്കർ തുടങ്ങിയ ഉദ്യോഗസ്ഥർ ഇതിനുദാഹരണമാണ്.[5] ചാൾസ് ഗ്രാന്റ് പോലെയുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഡയറക്റ്റർമാർക്കും ഇതേ അഭിപ്രായമായിരുന്നു.[6] വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ പല ഉന്നതോദ്യോഗസ്ഥരും ജോൺ ജെന്നിങ്സിനെപ്പോലുള്ള മിഷണറിമാരുടെ ദൌത്യസംഘത്തിലെ അംഗങ്ങളായിരുന്നു എന്നതിനാൽ മിഷണറി പ്രവർത്തനങ്ങൾക്ക് ഔദ്യോഗികപരിവേഷം ലഭിക്കുകയും, പ്രവർത്തകർക്ക് ഏതൊരു മേഖലയിലേക്കും കടന്നുചെല്ലുവാൻ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു. തടവുകാർക്ക് മതപ്രഭാഷണം നൽകാൻ വരെ മിഷണറിമാർക്ക് സ്വാതന്ത്ര്യം നൽകുന്നു എന്ന ആരോപണം ഇക്കാലത്തുയർന്നിരുന്നു.[7]

ബ്രിട്ടീഷുകാരുടെ മനോഭാവത്തിലുണ്ടായ ഈ മാറ്റം ഇരുകൂട്ടർക്കുമിടയിൽ വെറുപ്പിലേക്കും വംശീയവിദ്വേഷത്തിലേക്കും കൊണ്ടെത്തിച്ചു. ഇത് 1857-ലെ ലഹളയുണ്ടാവാനുള്ള പ്രധാനപ്പെട്ട കാരണമായി വിലയിരുത്തുന്നു. 1850-കളുടെ തുടക്കത്തിൽ നിരവധി ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് ഇന്ത്യയിലെ മുഗൾ രാജസഭയെ ഇല്ലായ്മ ചെയ്യാനും, ബ്രിട്ടീഷ് നിയമങ്ങളും സാങ്കേതികവിദ്യയും ഇന്ത്യയിൽ കൊണ്ടുവരാനും ഇതിനുപുറമേ ക്രിസ്തുമതവും ഇന്ത്യയിൽ വളർത്താനുമുള്ള പദ്ധതികളുണ്ടായിരുന്നു.[3]

മിഷണറി പ്രവർത്തനങ്ങൾ ഒരുവശത്ത് തീവ്രമാകുന്ന സമയത്ത് ഇന്ത്യയിലെ ജനങ്ങൾ അനുഷ്ഠിച്ചുവന്ന സതി പോലുള്ള മതപരമായ ആചാരങ്ങൾ ബ്രിട്ടീഷുകാർ നിയമം മൂലം നിരോധിച്ചു. സർക്കാരിന്റെ അനാഥാലയങ്ങളിലെ കുട്ടികളെ ബ്രിട്ടീഷുകാർ മതം മാറ്റിക്കുന്നു എന്ന ആരോപണം നിലനിൽക്കുമ്പോൾ 1832-ൽ കൊണ്ടുവന്ന നിയമപ്രകാരം മതം മാറിയ കുട്ടികൾക്ക് പാരമ്പര്യസ്വത്തിൽ അവകാശം നൽകിയത് ഈ ആരോപണത്തെ ശക്തിപ്പെടുത്തി. ശരിയത്ത് അനുസരിച്ച് നിഷിദ്ധമായ കാര്യമായിരുന്നു ഇത്.[8]

ഇന്ത്യയുടെ ഭരണരംഗത്ത് ബ്രിട്ടീഷുകാരുടെ തന്നിഷ്ടപ്രകാരമുള്ള മറ്റൊരു നടപടിയായിരുന്നു ഭരണഭാഷാസ്ഥാനത്തുനിന്ന് പേർഷ്യനെ ഒഴിവാക്കി ഇംഗ്ലീഷിനെ പ്രതിഷ്ഠിച്ച നടപടി. പരമ്പരാഗതവിദ്യാഭ്യാസരീതികൾ പ്രാകൃതമാണെന്ന് കണക്കാക്കി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകി. എന്നാൽ പുതിയ ഇംഗ്ലീഷ് കോളേജുകളിൽ പഠിച്ച ഇന്ത്യക്കാർക്കു നേരെയുള്ള ബ്രിട്ടീഷുകാരുടെ പെരുമാറ്റം മോശമായിരുന്നു. അവഗണയും വിവേചനവും അവർക്ക് നേരിടേണ്ടിവന്നിരുന്നു.[9]

ലഹള നടന്ന വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ പല ഭാഗങ്ങളും പുതിയതായി ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തവയായിരുന്നു. ഇവിടങ്ങളിൽ ബ്രിട്ടീഷുകാരുടെ ഭൂമിയും നികുതിയും തിട്ടപ്പെടുത്തലിന്റെ ഭാഗമായി അമ്പലങ്ങൾക്കും മുസ്ലീം പള്ളികൾക്കും മദ്രസകൾക്കും സൂഫി ആശ്രമങ്ങൾക്കും പലതിനും അവർ അനുഭവിച്ചുപോന്നിരുന്ന ഭൂമി നഷ്ടമായി. പാതകളും മറ്റും നിർമ്മിക്കുന്നതിന് കമ്പനി, ആരാധനാലയങ്ങൾ പൊളിച്ചത് പ്രതിഷേധത്തിനിടയാക്കി. മോസ്കുകളിൽ നിന്ന് സ്ഥലം പിടിച്ചെടുത്ത് ക്രിസ്ത്യൻ പള്ളി പണിയുന്നതിനായി വരെ നൽകിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏറ്റെടുത്തതോ നാശോന്മുഖമായതോ ആയ മുസ്ലീം പള്ളികൾ ക്രിസ്ത്യൻ പാതിരിമാർക്കായി നൽകിയ സംഭവങ്ങളുമുണ്ടായി.[7]

ഷാ അബ്ദുൽ അസീസ്, ലക്നൌവിലെ ബീഗം ഹസ്രത് മഹൽ തുടങ്ങിയവർ ബ്രിട്ടീഷുകാരുടെ ഇത്തരം നടപടികളെ വിമർശിച്ചു. മിഷണറികളുടെ പ്രവർത്തനത്തിന് വടക്കേയിന്ത്യയിൽ ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല, ഇതിലുടെയുണ്ടായ പേടി മൂലം, ബ്രിട്ടീഷുകാരുടെ നിഷ്കളങ്കനടപടികൾ പോലും ജനങ്ങൾ സംശയത്തോടെ വീക്ഷിക്കാനാരംഭിച്ചു.[7] സ്ത്രീകളോട് ആശുപത്രികളിൽ ചികിൽസ തേടാൻ ആവശ്യപ്പെട്ടത് പർദ്ദ സംവിധാനത്തെ ദുർബലപ്പെടുത്താനാണെന്നും വിദ്യാഭ്യാസസ്ഥാപനങ്ങൾ മിഷണറികളുടെ പരിവർത്തനവിഭാഗങ്ങളാണെന്നും കണക്കാക്കപ്പെട്ടു.[10]

ബ്രിട്ടീഷ് സമൂഹവും തദ്ദേശീയരുമായുള്ള ബന്ധങ്ങൾ തന്നെ വിലക്കപ്പെട്ടു തുടങ്ങി. ഇന്ത്യൻ സംസ്കാരവുമായി യോജിച്ച് ജീവിച്ചിരുന്ന പഴയകാല ബ്രിട്ടീഷുകാർക്കുപോലും ഇത്തരം മാറ്റങ്ങൾ അസഹ്യമായിരുന്നു. വില്ല്യം ഗാർഡ്നർ, ഡേവിഡ് ഒക്റ്റർലോണി തുടങ്ങിയവരൊക്കെ ഈ മാറ്റത്തെക്കുറിച്ച് വിലപിച്ചിട്ടുണ്ട്.[11] പൊതുവിൽ, ഇന്ത്യക്കാരുടെ മനസറിയാതെയുള്ള ബ്രിട്ടീഷ് നടപടികളുടെ സ്വാഭാവികപ്രതികരണമായിരുന്നു ലഹള.[3]

ബ്രിട്ടീഷുകാരുടെ മതപരിവർത്തനശ്രമങ്ങൾ 1850-കളിൽ ശക്തമായപ്പോൾ ഇതിനു പ്രതിരോധിക്കാനെന്നവണ്ണം ഡെൽഹിയിലും മറ്റും മുസ്ലീങ്ങൾക്കിടയിൽ മൗലിക ഇസ്ലാമികവാദത്തിന് ശക്തി വർദ്ധിച്ചു. ആദ്യകാലങ്ങളിൽ ഡെൽഹിയിലെ മുസ്ലീം പണ്ഡിതരായിരുന്ന ഷാ അബ്ദുൽ അസീസ്, ആസുർദാ തുടങ്ങിയവർ ബ്രിട്ടീഷുകാരുമായി രമ്യതയിൽ പോകണമെന്ന് ആഹ്വാനം ചെയ്തിരുന്നിടത്ത്, കാഫിറുകളായ അവർക്കെതിരെ ആയുധമെടുത്ത് പോരാടി വിശ്വാസം കാത്തുസൂക്ഷീക്കണമെന്ന വാദത്തിന് ശക്തിയേറി.[12]

പെട്ടെന്നുള്ള കാരണം

ശിപായികൾ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യൻ സൈനികർക്ക് അവരുടെ മതമുപേക്ഷിച്ച് ക്രിസ്തുമതത്തിൽച്ചേരേണ്ടിവരുമോ എന്ന ഭയമായിരുന്നു പെട്ടെന്ന് ലഹളയിലേക്ക് നയിച്ചത്. മതത്തെക്കുറിച്ചുള്ള തീവ്രമായ പരിഭ്രാന്തി ഇന്ത്യൻ സൈനികർക്കിടയിൽ നിലനിന്നിരുന്നു. തദ്ദേശീയസൈനികർക്ക്, മുമ്പ് വിദേശസേവനം ഐച്ഛികമായിരുന്നത് ഡൽഹൗസി പ്രഭു പുറത്തിറക്കിയ പുതിയ നിയമങ്ങൾ പ്രകാരം നിർബന്ധിതമാക്കി. ഇത് കടൽ കടക്കുന്നത് അശുദ്ധിയായിക്കരുതിയിരുന്ന ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തി. കാട്രിഡ്ജ് പ്രശ്നമാണ് കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാൻ കാരണമായത്. 1857-ന്റെ തുടക്കത്തിൽ പുതിയ എൻഫീൽഡ് റൈഫിളുകളും, അതിന്റെ പവർ കാട്രിഡ്ജുകളും ഇന്ത്യൻ സൈനികർക്ക് നൽകിയിരുന്നു. ഈ കാട്രിഡ്ജിലെ വെടിമരുന്ന്, തോക്കിൽ നിറക്കുന്നതിന്, അതിന്റെ പൊതി സൈനികർ പല്ലുകൊണ്ട് കടിച്ചു കീറേണ്ടിയിരുന്നു. ഈ പൊതിയിലെ ഗ്രീസ് മുസ്ലിം അശുദ്ധമായി കരുതുന്ന പന്നിയുടേതും ഹിന്ദുക്കൾ പരിശുദ്ധമാണെന്ന് പരിഗണിക്കുന്ന പശുവിന്റെതുമാണെന്ന ധാരണ അവരെ രോഷാകുലരാക്കി. ഇന്ത്യൻ പട്ടാളക്കാരെ അശുദ്ധരാക്കി മതഭ്രഷ്ടരാക്കാനും അവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കാനും ഇത് ബ്രിട്ടീഷുകാർ കരുതിക്കൂട്ടി ചെയ്യുന്നതാണെന്ന പ്രചാരണവുമുണ്ടായി. ഈ കാർട്രിഡ്ജ് ഉപയോഗിക്കുന്നതിനെതിരെയുള്ള പ്രതിഷേധം 1857 മാർച്ച് അവസാനവും ഏപ്രിലിലുമായി പലയിടങ്ങളിലായി അരങ്ങറി. ഹിന്ദുക്കളെ മതഭ്രഷ്ടരാക്കുന്നതിന് അവർക്ക് നൽകുന്ന ധാന്യങ്ങളിൽ എല്ലുപൊടി കലർത്തുന്നു എന്ന പ്രചാരണവുമുണ്ടായി.

അശുദ്ധിയെയും ഭ്രഷ്ടിനെയുംകുറിച്ചുള്ള ഈ ഭയത്തെ ഗൂഢാലോചന മൂലമുള്ള കിംവദന്തികൾ ശക്തമാക്കി. അതിനുപുറമേ ദത്തപഹാരനയം പോലെയുള്ള വ്യവസ്ഥകളുപയോഗിച്ച് നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കലും, രാജാക്കന്മാരെ പുറത്താക്കലും നാടുകടത്തലും, ഉപദ്രവകരമായ ഭൂമി-നികുതി തിട്ടപ്പെടുത്തലും മൂലം ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് അനഭിമതരായി മാറുകയായിരുന്നു. വൈദേശികമതമായ ക്രിസ്തുമതത്തിന്റെ ആഗമനത്തെ പ്രതിരോധിക്കുന്നതിന് ഹിന്ദുക്കളും മുസ്ലീങ്ങളുമായ ഇന്ത്യൻ സൈനികർ ഒന്നുചേർന്നു. എല്ലാ യൂറോപ്യൻമാരെയും ഉന്മൂലനം ചെയ്യുക എന്നതായി അവരുടെ ലക്ഷ്യം. ഡെൽഹി, കാൻപൂർ, ലക്നൗ എന്നിവിടങ്ങളായിരുന്നു ലഹള നടന്ന പ്രധാന സ്ഥലങ്ങൾ.[2]

ഈ അനുസരണക്കേടിന് മംഗൾ പാണ്ഡെ എന്ന സൈനികനെ 1857 ഏപ്രിൽ 8ന് തൂക്കിലേറ്റി. ഇദ്ദേഹമാണ് ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി. [13]

കലാപം

ഡെൽഹി

മേയ് പത്തിന് മീറഠിൽ വൻതോതിലുള്ള കലാപം നടന്നു. ശിപായികൾ കന്റോൺമെന്റ് തകർക്കുകയും കുറഞ്ഞത് 50 യൂറോപ്യന്മാരെ കൊലപ്പെടുത്തുകയും ചെയ്തു.[2] തുടർന്ന് മുന്നൂറോളം പേരടങ്ങുന്ന ഇവർ ഡെൽഹിയിലേക്ക് നീങ്ങി, മുഗൾ രാജാവ് ബഹദൂർഷാ സഫറിന് പിന്തുണ പ്രഖ്യാപിച്ചു. അവർ കണ്ണിൽക്കണ്ട സ്ത്രീകളും പുരുഷൻമാരും കുട്ടികളുമായ എല്ലാ ക്രിസ്ത്യാനികളെയും കൊലപ്പെടുത്തി.[14] തുടർന്ന് ചുറ്റുവട്ടത്തുള്ള സേനാത്താവളങ്ങളിൽനിന്നെത്തിയ വിമതഭടന്മാരുടെ കേന്ദ്രമായി ഡെൽഹി മാറി.[2]

മുഗളരെ അധികാരത്തിൽ പുനഃസ്ഥാപിക്കാനും കാഫിർ അധിനിവേശകരെ തുരത്തുന്നതിനുമുള്ള ശിപായിമാരുടെ ലക്ഷ്യത്തിന്റെ പേരിൽ, ദില്ലിയിലെ കുറേപേരും ശിപായികളുടെ വരവിനെ തുടക്കത്തിൽ സ്വാഗതം ചെയ്തിരുന്നു. ബിഹാറിൽ നിന്നും കിഴക്കൻ ഉത്തർപ്രദേശിൽനിന്നുമുള്ള അപരിഷ്കൃതരും അക്രമാസക്തരുമായ കൃഷിക്കാരുടെ വൻസംഘമായ ഈ സേനയെക്കൊണ്ട് ഏറെത്താമസിയാതെതന്നെ ദില്ലിയിലെ ജനങ്ങൾ പൊറുതിമുട്ടി.[15] അങ്ങനെ തുടക്കത്തിൽ ലഹളയെ പിന്തുണച്ചിരുന്നവർ പോലും ശിപായികൾക്കെതിരായ നിലപാടുകളെടുത്തു.

ദില്ലി കലാപകാരികളുടെ കേന്ദ്രസ്ഥാനമായും മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫറിനെ കലാപകാരികൾ ഇന്ത്യയുടെ യഥാർത്ഥഭരണാധികാരിയായും അംഗീകരിക്കുകയും ലഹളക്ക് സഫറിന്റെ മൗനാനുവാദം ലഭിക്കുകയും ചെയ്തതോടെ വെറും പട്ടാളലഹളയായിത്തുടങ്ങിയ ഈ സംഭവത്തിന് വലിയ രാഷ്ട്രീയമാനം കൈവന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് അധീശത്വത്തിന് ഇതൊരു രാഷ്ട്രീയവെല്ലുവിളിയായി മാറി.[16] അങ്ങനെ, ദില്ലി പിടിച്ചടക്കുക എന്നത് ബ്രിട്ടീഷുകാർക്ക് ജീവൻമരണപ്പോരാട്ടമായി.[3] നാലുമാസത്തെ പോരാട്ടത്തിനു ശേഷം 1857 സെപ്റ്റംബറിൽ ശിപായിമാരിൽ നിന്ന് ദില്ലി പിടിച്ചെടുത്തു. പിടിച്ചടക്കിയ ദില്ലിയിൽ കൊള്ളയടിയും കൂട്ടക്കൊലയും ഭീമമായ തോതിൽ നടത്തുകയും ചെയ്തു. ബഹാദൂർഷാ സഫറിനെ മ്യാൻമറിലേക്ക് നാടുകടത്തുകയും അദ്ദേഹത്തിന്റെ മക്കളെ വധിക്കുകയും ചെയ്തു. പ്രധാനപ്പെട്ട നഗരവാസികൾ - കവികൾ, രാജകുമാരൻമാർ, മുല്ലമാർ, കച്ചവടക്കാർ, സൂഫികൾ, പണ്ഡിതർ - തുടങ്ങിയവരിൽ ബഹുഭൂരിപക്ഷവും ഇക്കാലത്ത് വേട്ടയാടപ്പെടുകയും തൂക്കിലേറ്റപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു.[17] അവശേഷിച്ച ദില്ലി നിവാസികൾ ദരിദ്രരായി മാറി. ലഹളക്കുശേഷം ദില്ലിയുടെ ഭരണം പഞ്ചാബിലെ ചീഫ് കമ്മീഷണറുടെ മേൽനോട്ടത്തിലായിരുന്നു നടത്തിയിരുന്നത്.[18]

കാൻപൂർ

കാൻപൂരിലെ ശിപായികളും മറ്റിടങ്ങളിലെന്നപോലെ കലാപമുയർത്തിയതിനുശേഷം ദില്ലിയിലേക്ക് നീങ്ങാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും നാനാസാഹിബിന്റെ നിർദ്ദേശപ്രകാരം തങ്ങളുടെ മേലധികാരികളായ ഇംഗ്ലീഷുകാരെ ആക്രമിക്കുന്നതിലേക്ക് തിരിഞ്ഞത്.[3] ഹ്യൂ വീലറുടെ നിയന്ത്രണത്തിലായിരുന്ന കാൻപൂരിലെ ബ്രിട്ടീഷ് നേതൃത്വം, നാനാ സാഹിബിന്റെ നേതൃത്വത്തിലുള്ള ലഹളക്കാർക്കുമുമ്പിൽ ജൂൺ അവസാനത്തോടെ കീഴങ്ങിയിരുന്നു. തുടർന്ന് ലഹളക്കാർ ബ്രിട്ടീഷുകാർക്ക് അലഹബാദിലേക്ക് പിൻവാങ്ങാൻ അനുമതി നൽകി ഈ പിൻമാറ്റത്തിനിടെ ജൂൺ 27-ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി യൂറോപ്യൻമാർ കൂട്ടക്കുരുതി ചെയ്യപ്പെട്ടു. ഈ സംഭവത്തെത്തുടർന്ന് ബ്രിട്ടീഷുകാരുടെ മനസ്സിലും ഭയവും പ്രതികാരചിന്തയും പ്രബലമായി. കാൻപൂർ ഓർക്കുക (Remember Cawnpore) എന്ന വാക്യം ബ്രിട്ടീഷുകാരുടെ ഒരു യുദ്ധമുദ്രാവാക്യവും, വകതിരിവില്ലാത്ത കൊലപാതകങ്ങൾക്കും കൊള്ളയടിക്കുമുള്ള ന്യായീകരണവുമായി മാറി.[18]

ലക്നൗ

ഡെൽഹിയിൽ നിന്നും വ്യത്യസ്തമായി ലക്നൗ ഉൾപ്പെടുന്ന അവധ് മേഖലയിൽ ഈ ലഹള മേഖലയിൽ മുഴുവനും വ്യാപിച്ച ഒരു ജനകീയലഹളയായിരുന്നു. ബ്രിട്ടീഷ് ശിപായിമാരിൽ ഏറിയ പങ്കും ഈ മേഖലയിൽനിന്നുള്ളവരായിരുന്നു എന്നതായിരുന്നു ഇതിന് കാരണം.[15]

വിലയിരുത്തൽ

ഈ ലഹള ഒരു കാർഷകവിപ്ലവമാണോ, ഒരു നാഗരികലഹളയാണോ, ഒരു സ്വാതന്ത്ര്യസമരമാണോ എന്ന കാര്യത്തെക്കുറിച്ച് ഇന്നും ചർച്ച ചെയ്യപ്പെടാറുണ്ട്. ഈ പറഞ്ഞ വിവിധ ഘടകങ്ങൾ ലഹളയുടെ കാരണങ്ങളായിരുന്നു. ഇത് ഒരൊറ്റ ഏകീകൃതമുന്നേറ്റമായിരുന്നില്ല, മറിച്ച് വളരെ വ്യത്യസ്തമായ കാരണങ്ങളും ലക്ഷ്യങ്ങളും തരങ്ങളിലുമുള്ള നിരവധി മുന്നേറ്റങ്ങളായിരുന്നു. ഓരോ പ്രദേശങ്ങളിലെയും സാഹചര്യങ്ങളും ലഹളയുടെ രൂപവും വ്യത്യസ്തങ്ങളായിരുന്നു.[15]

ഏഷ്യയിലെ അന്നത്തെ ഏറ്റവും വലിയ ആധുനികസേനയായിരുന്ന ബംഗാൾ സേനയിലെ 1,39,000 ശിപായിമാരിൽ 7,796 പേരൊഴികെയുള്ളവർ ബ്രിട്ടീഷ് മേലുദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞു. അവധ് പോലെയുള്ള വടക്കേയിന്ത്യയുടെ ചില ഭാഗങ്ങളിൽ സാധാരണ ജനങ്ങളും വൻതോതിൽ ശിപായിമാർക്കൊപ്പം ചേർന്നു.[3] എന്നാൽ അവധിൽ നിന്നും വ്യത്യസ്തമായി ദില്ലിയിൽ ശിപായിമാരും ജനങ്ങളും വിരുദ്ധചേരിയിലായിരുന്നു. ഈ ചേർച്ചയില്ലായ്മയെക്കുറിച്ചുള്ള രേഖകൾ പലതുമുണ്ടെങ്കിലും ഇതിനൊന്നും വലിയ പ്രാധാന്യം ലഭിച്ചിട്ടില്ല. ബ്രിട്ടീഷ് ചരിത്രകാരൻമാർക്ക്, ഈ ലഹള, അത് നന്ദികെട്ട തദ്ദേശീയർക്കെതിരെയുള്ള വിജയമായിരുന്നെങ്കിൽ ഇന്ത്യൻ ദേശീയവാദികൾക്ക് അത് രാജ്യസ്നേഹികൾ ഒത്തുചേർന്നുള്ള ഒരു സ്വാതന്ത്ര്യസമരമായിരുന്നു. 1947-ലെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം സ്വാതന്ത്ര്യസമരം എന്ന വീക്ഷണത്തിന് ശക്തിപ്രാപിക്കുകയും ചെയ്തു.[16]

1909-ൽ പുറത്തിറങ്ങിയ വി.ഡി. സവർക്കറുടെ ദ ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്, 1857 എന്ന പുസ്തകത്തിൽ 1857 മാർച്ചിൽ ബാരക്ക്പൂരിൽ നടന്ന കലാപത്തെ 1857 ലഹളയുടെ ഒരു സുപ്രധാനസംഭവമാക്കിയും മംഗൽ പാണ്ഡെയെ അതിലെ ഒരു പ്രധാന ബിംബമാക്കിയും അവതരിപ്പിച്ചിരുന്നു. മംഗൽ പാണ്ഡെയുടെ ഈ സ്ഥാനം, മംഗൽ പാണ്ഡെ - ദ റൈസിങ് എന്ന ചലച്ചിത്രത്തിൽ ഊട്ടിയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ രണ്ടു മാസത്തിനു ശേഷം മേയിൽ മീറഠിൽ നടന്ന ലഹളയുടെ പൊട്ടിപ്പുറപ്പെടലിന് മംഗൽ പാണ്ഡെക്ക് യഥാർത്ഥത്തിൽ ഒരു ബന്ധവുമുണ്ടായിരുന്നില്ല.[16][19]

ഡെൽഹിയിൽ തദ്ദേശീയർക്കും ശിപായികൾക്കും മുഗൾ സാമ്രാജ്യം പുനഃസ്ഥാപിക്കുക എന്ന വിഷയത്തിൽ ഒരുമയുണ്ടായിരുന്നു. മുഗൾ ചക്രവർത്തിക്ക് പിന്തുണ നൽകുക എന്ന കാര്യത്തിൽ ദില്ലിക്കുപുറമേ കാൻപൂരിലേയും ലക്നൗവിലെയും വിമതശിപായിമാർക്കും ഏകാഭിപ്രായമായിരുന്നു. അവധിലെ കുട്ടിയായിരുന്ന കിരീടാവകാശി ബിർജിസ് ഖാദിറിനെ വസീറായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ലക്നൗവിലെ ശിപായിമാർ ദില്ലിയിലെ മുഗൾ ചക്രവർത്തിക്ക് ഒരു ദൂതനെ അയച്ചിരുന്നു. മുഗൾ ചക്രവർത്തിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കാൻപൂരിലെ ശിപായിമാരും ലഹള നടത്തിയത്. എന്നാൽ ഇക്കാര്യം ഇന്ത്യൻ ദേശീയവാദി ചരിത്രകാരൻമാർക്ക് പൂർണമായി അംഗീകരിക്കുന്നില്ല. ഹിന്ദു ശിപായിമാർ മുഗൾ സാമ്രാജ്യത്തെ പുനഃസ്ഥാപിക്കാൻ ദില്ലിയിലേക്ക് ഒത്തുചേരുക എന്നതിനെ അവർ തള്ളിക്കളയുന്നു.[16]

ക്രിസ്തുമതത്തെ പ്രചരിപ്പിക്കാനുള്ള മിഷണറികളുടെ വരവിനെ പ്രതിരോധിക്കുന്ന രീതിയിൽ ലഹളയെ ഒരു മതത്തിനുവേണ്ടിയുള്ള യുദ്ധമായി വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. മറ്റു പല കാരണങ്ങളും ലഹളയുടെ കാരണമായി പറയുന്നുണ്ടെങ്കിലും ക്രിസ്തുമതത്തേയും ക്രിസ്തീയനിയമങ്ങളേയും ഇന്ത്യയിൽ അടിച്ചേൽപ്പിക്കാനുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ശ്രമങ്ങളെ പ്രതിരോധിക്കലായിരുന്നു ലഹളയിൽ പങ്കെടുത്തവരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രേരകശക്തി. ക്രിസ്തുമതത്തിലേക്ക് മതംമാറ്റം നടത്തിയ ദില്ലിയിലെ ഇന്ത്യക്കാരെവരെ ശിപായിമാർ ദില്ലിയുടെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം ഉടനടി കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഇസ്ലാം മതം സ്വീകരിച്ചിരുന്ന കുറേ ബ്രിട്ടീഷുകാർ ദില്ലിയിലുണ്ടായിരുന്നു. ഇവരെ വെറുതെ വിടുകയും ചെയ്തിയിരുന്നു. ഇതൊരു മതത്തിനുവേണ്ടിയുള്ള യുദ്ധമാണെന്ന് ബഹാദൂർഷാ സഫറും പ്രത്യക്ഷമായി പ്രഖ്യാപിച്ചിരുന്നു. ശിപായികളിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നെങ്കിലും ദില്ലിയിലെ മുസ്ലീങ്ങൾ ലഹളയെ ധർമ്മസമരമായി കണ്ടു. അവർ ജുമാ മസ്ജിദിനു മുകളിൽ ജിഹാദിന്റെ കൊടിയുയർത്തി. യുദ്ധത്തിൽ പങ്കെടുത്ത മുസ്ലീങ്ങൾ, അവർ സ്വയം ധർമ്മസമരക്കാർ, ഗാസി, എന്നിങ്ങനെ പേരുകളിൽ വിശേഷിപ്പിച്ചു. യുദ്ധം പുരോഗമിക്കുന്നതിനിടയിൽ ശമ്പളം ലഭിക്കാത്തതുകൊണ്ടും, പട്ടിണികൊണ്ടും ശിപായികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതിൽ ഗ്വാളിയറിൽ നിന്നുള്ള ആത്മഹത്യാഗാസികളുടെ ഒരു സംഘവുമുണ്ടായിരുന്നു. ഇവർ ബ്രിട്ടീഷുകാരുടെ കൈകൊണ്ട് മരിക്കുംവരെ ഭക്ഷണം പോലും കഴിക്കാതെ പോരാട്ടം തുടരുമെന്ന് പ്രതിജ്ഞയെടുത്തവരായിരുന്നു.[20]

^ സിറാജുദ്ദൗള, ഫ്രഞ്ചുകാർ, ടിപ്പു സുൽത്താൻ, മറാഠർ എന്നിവരെയും അവസാനം 1849-ൽ പഞ്ചാബികളെയും ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയിരുന്നു.[10]

സ്മാരകം

കലാപത്തിൽ പങ്കെടുത്ത സൈനികരുടെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച സ്മാരകമാണ് മ്യൂട്ടിനി മെമ്മോറിയൽ. ന്യൂഡെൽഹിയിലെ കാശ്മീരി ഗേറ്റിനു സമീപം പഴയ ടെലിഗ്രാഫ് കെട്ടിടത്തിനു മുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ബ്രിട്ടീഷ്കാർ

ഇതും കാണുക

അവലംബം

ഗ്രന്ഥങ്ങൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.