Remove ads
From Wikipedia, the free encyclopedia
18-ആം നൂറ്റാണ്ടിൽ ബ്രിട്ടൻ ഇന്ത്യയിലെ അധീശശക്തിയാകുന്നതിന് നൂറ്റാണ്ടുകൾക്കുമുൻപേ, ഇന്ത്യയിൽ നിലനിന്നിരുന്നതും തുടർന്ന് 1940-കൾവരെ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കുവിധേയമായി രാജാക്കന്മാർ ഭരിച്ചിരുന്നതുമായ രാജ്യങ്ങളെയാണ് ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ എന്നു പറയുന്നത്.
1935-ലെ ഇന്ത്യാ ഗവൺമെന്റ് നിയമത്തിൽ ബ്രിട്ടീഷ് ചക്രവർത്തിയുടെ അധീശാധികാരത്തിൻകീഴിൽപ്പെടുന്നതും, ബ്രിട്ടീഷിന്ത്യയുടെ ഭാഗമല്ലാത്തതും, ഏതെങ്കിലും നാടുവാഴിയുടെ അധികാരമേഖലയ്ക്കകത്ത് നിലനിൽക്കുന്നതും, സംസ്ഥാനം, എസ്റേറ്റ്, ജാഗീർ തുടങ്ങിയ പേരുകളാൽ വിവക്ഷിക്കപ്പെടുന്നതുമായ ഭൂപ്രദേശത്തെയാണ് നാട്ടുരാജ്യമായി നിർവചിച്ചിരിക്കുന്നത്. സ്വാതന്ത്ര്യലബ്ധിയുടെ കാലത്തെ ഇന്ത്യയിൽ 562 നാട്ടുരാജ്യങ്ങൾ നിലനിന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
തുടങ്ങിയവയായിരുന്നു പ്രധാന നാട്ടുരാജ്യങ്ങൾ.
ഭരണഘടനാപരമായി നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷിന്ത്യയുടെ ഭാഗമോ നാട്ടുരാജ്യങ്ങളിലെ ജനങ്ങൾ ബ്രിട്ടീഷ് പ്രജകളോ ആയിരുന്നില്ല. എന്നാൽ ഇന്ത്യയുടെ പരമാധികാരശക്തി എന്ന നിലയിൽ ബ്രിട്ടീഷ് രാജാവിന്റെ മേൽക്കോയ്മയെ നാട്ടുരാജ്യങ്ങൾ അംഗീകരിച്ചിരുന്നു. ബ്രിട്ടീഷുകാർ നേരിട്ടു ഭരണം നടത്തിയിരുന്ന പ്രവിശ്യകളും (ബ്രിട്ടീഷിന്ത്യ) ബ്രിട്ടീഷ് അധീശത്വം സ്വീകരിച്ച നാട്ടുരാജ്യങ്ങളും (ഇന്ത്യൻ ഇന്ത്യ) ചേർന്നതായിരുന്നു സ്വാതന്ത്ര്യലബ്ധിയുടെ കാലത്തെ ഇന്ത്യ. ബ്രിട്ടീഷ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭൂപ്രദേശങ്ങളെ 11 പ്രവിശ്യകളായി വിഭജിച്ചാണ് ബ്രിട്ടീഷ് ഗവൺമെന്റ് ഭരണം നടത്തിവന്നത്.
എന്നിവയായിരുന്നു ഈ പ്രവിശ്യകൾ.
ബ്രിട്ടീഷിന്ത്യ വൈസ്രോയിയുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു. ഈ പ്രവിശ്യകളിൽപ്പെടാത്ത പ്രദേശങ്ങളെ ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങൾ എന്നാണ് വിളിച്ചത് (ചുരുക്കം ചില നാട്ടുരാജ്യങ്ങൾ ഒഴിച്ചാൽ ഭൂരിപക്ഷം നാട്ടുരാജ്യങ്ങളിലും സ്വേച്ഛാധിപത്യഭരണമാണ് നിലനിന്നിരുന്നത്). ബ്രിട്ടീഷിന്ത്യൻ പ്രവിശ്യകളുമായി ഇടകലർന്ന് കിടന്ന ഈ നാട്ടുരാജ്യങ്ങൾ വിസ്തൃതിയിലും ജനസംഖ്യയിലും വ്യത്യസ്തത പുലർത്തിയിരുന്നു. ഉദാഹരണത്തിന്, കാശ്മീർ, ഹൈദരാബാദ് തുടങ്ങിയ നാട്ടുരാജ്യങ്ങൾ ഫ്രാൻസിനെക്കാൾ വലുതായിരുന്നപ്പോൾ ബിൻബാറി എന്ന നാട്ടുരാജ്യത്തിന്റെ വിസ്തീർണം കേവലം 14 ഏക്കർ മാത്രമായിരുന്നു.
ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ചരിത്രകാരന്മാർ പൊതുവേ മൂന്നായി തരംതിരിച്ചിരിക്കുന്നു അവ ഇപ്രകാരമാണ്.
എന്നിങ്ങനെ
എ.ഡി. 3-ആം നൂറ്റാണ്ടിൽ മധ്യേഷ്യയിൽനിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തിയവരുടെ പിൻതലമുറക്കാരായ രജപുത്രർ ഭരിച്ച രാജ്യങ്ങളാണ് പ്രാകൃതരാജ്യങ്ങൾ എന്നറിയപ്പെട്ടത്. ഉദയ്പൂർ, ജോധ്പൂർ, ജയ്പൂർ തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട പ്രാകൃത നാട്ടുരാജ്യങ്ങൾ.
മുഗൾ ചക്രവർത്തിയുടെ അധികാരത്തെ അംഗീകരിച്ചെങ്കിലും എല്ലാ അർഥത്തിലും സ്വതന്ത്രരായി വർത്തിച്ച മുഗൾ പ്രവിശ്യകൾ പിൻതുടർച്ചാരാജ്യങ്ങൾ എന്നറിയപ്പെട്ടു. ഉദാ. അവ്ധ്, ഹൈദരാബാദ്.
മുഗൾ സാമ്രാജ്യത്തിന്റെ അപചയത്തെത്തുടർന്ന് ഉദയം ചെയ്ത രാജ്യങ്ങളാണ് പോരാളി രാജ്യങ്ങൾ. ഉദാ. പട്യാല, ബറോഡ, ഗ്വാളിയർ.
വ്യാപാരാവശ്യത്തിനായി 17-ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ എത്തിയ ഈസ്റിന്ത്യാക്കമ്പനി ക്രമേണ ഈ രംഗത്തെ മറ്റ് യൂറോപ്യൻ ശക്തികളെ പിന്നിലാക്കികൊണ്ട് തങ്ങളുടെ വാണിജ്യവ്യാപാരബന്ധങ്ങൾ വിപുലമാക്കി. പ്രാരംഭഘട്ടത്തിൽ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുമായി കമ്പനി ഏർപ്പെട്ടിരുന്ന കരാറുകൾ പ്രധാനമായും തങ്ങളുടെ വാണിജ്യവ്യാപാര ആനുകൂല്യങ്ങളുടെ സംരക്ഷണം ലക്ഷ്യംവച്ചുള്ളതായിരുന്നു. വാണിജ്യ കുത്തക നിലനിർത്താനുള്ള യുദ്ധങ്ങൾക്കിടയിലാണ് ബംഗാളിലെ ഭരണാധികാരം കമ്പനിയിൽ നിഷിപ്തമാകുന്നത്. ബക്സാർ യുദ്ധത്തിനുശേഷം മുഗൾസാമ്രാജ്യത്തിന്റെ അനന്തരാവകാശികളായി രൂപാന്തരപ്പെട്ട കമ്പനി ഇന്ത്യൻ ഭൂമികയിലെ നാട്ടുരാജ്യങ്ങളുടെ ഭാഗധേയത്തെ ഗണ്യമായി സ്വാധീനിച്ചു.
ഹൈദരാബാദ് നൈസാം തന്റെ രക്ഷയ്ക്കായി നിർത്തുന്ന ഇസ്റ്ഇന്ത്യാക്കമ്പനി സേനയുടെ സംരക്ഷണച്ചെലവ് വഹിച്ചുകൊള്ളാമെന്നേറ്റ ഒരു കരാറിൽ ഒപ്പ് വച്ചത് 1761-ലാണ്. കമ്പനി പിന്നീട് അവ്ധ്, കൂച്ച് ബിഹാർ, കർണാട്ടിക് എന്നീ നാട്ടുരാജ്യങ്ങളുമായി ഒപ്പുവച്ച മറ്റു കരാറുകൾക്ക് മാതൃകയായത് 1761-ലെ ഈ കരാറാണ്. 1773-ൽ അവ്ധുമായി ഒപ്പിട്ട ബനാറസ് കരാർ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ തന്ത്രപരമായ നീക്കത്തിന്റെ ഫലമായിരുന്നു. കമ്പനി പ്രദേശങ്ങളെ മറാത്തരുടെയും അഫ്ഗാൻകാരുടെയും ആക്രമണങ്ങളിൽനിന്നും പരിരക്ഷിക്കുന്നതിനായി അവ്ധിനെ ഒരു ഇടരാജ്യമായി നിലനിർത്തുകയെന്ന നയം സ്വീകരിച്ചതിനെത്തുടർന്ന് അവ്ധുമായി സൌഹൃദം നിലനിർത്തുന്നതിന്റെ ഭാഗമായി എത്തിച്ചേർന്നതായിരുന്നു 1773-ലെ ബനാറസ് കരാർ. മുഗൾ ചക്രവർത്തിയിൽനിന്നും പിടിച്ചെടുത്ത അലഹബാദ്, കോറ എന്നീ ജില്ലകൾ അവ്ധിലെ നവാബിന് നൽകിയതിനുപകരമായി 50 ലക്ഷം രൂപയും, നവാബിന്റെ രക്ഷയ്ക്കായി നിർത്തുന്ന കമ്പനിസേനയുടെ സംരക്ഷണച്ചെലവും നവാബ് നൽകണമെന്ന് ഈ കരാർ വ്യവസ്ഥചെയ്തിരുന്നു. 18-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ കമ്പനിയും നാട്ടുരാജാക്കന്മാരും തമ്മിൽ എത്തിച്ചേർന്ന ഇത്തരം ഉടമ്പടികൾ സഹായസഖ്യ വ്യവസ്ഥകൾ എന്ന പേരിലാണ് അറിയപ്പെട്ടത്. ആദ്യത്തെ ഗവർണർ ജനറലായ വാറൺ ഹേസ്റിങ്ങ്സാണ് സഹായവ്യവസ്ഥ കൂട്ടുകെട്ടുകൾക്ക് തുടക്കംകുറിച്ചതെങ്കിലും, ഇതിനെ ബ്രിട്ടീഷ് അധീശശക്തിയുടെ വ്യാപനത്തിനായുതകുന്ന മികവുറ്റ ഉപാധിയാക്കിമാറ്റിയത് വെല്ലസ്ലിയാണ് (1798-1805). നാട്ടുരാജ്യങ്ങളുമായി പരസ്പരസഹായത്തിന്റെയും പരസ്പര സൌഹൃദത്തിന്റെയും അടിസ്ഥാനത്തിൽ ഇദ്ദേഹം ഒപ്പിട്ട 100-ഓളം കരാറുകൾപ്രകാരം കമ്പനിയുടെ അറിവോ സമ്മതമോ കൂടാതെ നാട്ടുരാജാക്കന്മാർക്ക് മറ്റ് രാജാക്കന്മാരുമായി യുദ്ധം ചെയ്യാനോ കൂടിയാലോചനകളിൽ ഏർപ്പെടാനോ അനുവാദമില്ലായിരുന്നു. എന്നുമാത്രമല്ല, പൊതുസമാധാനം പാലിക്കുന്നതിന് വലിയ രാജ്യങ്ങൾ ഓരോന്നിനും നാട്ടുകാരുടെ ഓരോ സേന ഉണ്ടായിരിക്കേണ്ടതും അതിന്റെ കമാൻഡ് ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാർ വഹിക്കേണ്ടതുമാണ് എന്ന നിബന്ധനയും ഉണ്ടായിരുന്നു. ഈ സേനകളുടെ വാർഷിക ചെലവുകൾ നേരിടുന്നതിന് ഓരോ രാജ്യവും തങ്ങളുടെ രാജ്യത്തിന്റെ ഓരോ ഭാഗം ബ്രിട്ടീഷ് പരമാധികാരത്തിന് വിട്ടുകൊടുക്കണമെന്ന് നിഷ്കർഷിക്കുകയുണ്ടായി. അതേസമയം ചെറിയ രാജ്യങ്ങൾ കപ്പം നല്കേണ്ടതാണെന്നും വ്യവസ്ഥ ചെയ്തിരുന്നു. പകരമായി ബാഹ്യ ആക്രമണങ്ങളിൽനിന്നും ആഭ്യന്തരകലാപങ്ങളിൽനിന്നുമുള്ള സംരക്ഷണമായിരുന്നു കമ്പനി വാഗ്ദാനം ചെയ്തത്.
സഹായവ്യവസ്ഥ സഖ്യത്തിലേർപ്പെട്ടിരുന്ന രാജ്യങ്ങളിൽ കമ്പനി ബ്രിട്ടീഷ് റസിഡന്റുമാരെ നിയമിച്ചിരുന്നു. ഹൈദരാബാദ്, തിരുവിതാംകൂർ, കൊച്ചി. മൈസൂർ, ബറോഡ തുടങ്ങിയവയാണ് സഹായവ്യവസ്ഥ സഖ്യത്തിൽ ചേർന്ന പ്രധാന രാജ്യങ്ങൾ. ടിപ്പുവിന്റെ ആക്രമണം ഉയർത്തിയ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് തിരുവിതാംകൂറും കൊച്ചിയും ഇംഗ്ലീഷുകാരുമായി സഹായവ്യവസ്ഥ കരാറിൽ ഒപ്പ് വച്ചത്. ബ്രിട്ടീഷ് പരിരക്ഷ നാട്ടുരാജാക്കന്മാരിൽ സുരക്ഷിതത്വബോധം ഉളവാക്കിയെങ്കിലും വിദേശശക്തിയെ ആശ്രയിച്ചുള്ള ഭരണം ഫലത്തിൽ അവരെ ദുർബലരാക്കുകയാണുണ്ടായത്. ബ്രിട്ടീഷുകാരുമായി ഉടമ്പടിബന്ധങ്ങൾ സ്ഥാപിക്കപ്പെട്ടതോടെ നാട്ടുരാജ്യങ്ങളുടെ ആഭ്യന്തര-വിദേശബന്ധങ്ങളിലും വിനിമയശൃംഖലകളിലും വിദേശ ഭരണകൂടത്തിന്റെ വ്യക്തമായ നിയന്ത്രണവും സ്വാധീനവും പ്രതിഫലിച്ചു തുടങ്ങി.
1813-ൽ ഗവർണർ ജനറലായി അധികാരമേറ്റ ഹേസ്റ്റിംഗ്സ് പ്രഭു വെല്ലസ്ലിയുടെ സാമ്രാജ്യത്വവികസനനയം തുടർന്നു. യുദ്ധം ചെയ്യാനും സമാധാനം പാലിക്കാനും അയൽരാജ്യങ്ങളുമായി കൂടിയാലോചനകൾ നടത്താനുമുള്ള അധികാരത്തെ അടിയറവയ്പ്പിച്ചുകൊണ്ട് രജപുത്രരാജ്യങ്ങടക്കം മിക്ക ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെയും മേൽ ബ്രിട്ടീഷ് പരമാധികാരം സ്ഥാപിച്ചത് ഇദ്ദേഹമാണ്. പ്രതിരോധത്തിനും ആക്രമണത്തിനും രജപുത്രരാജ്യങ്ങളുടെ വിഭവശേഷി ഒരു മുതൽക്കൂട്ടായിരിക്കും എന്ന കാഴ്ചപ്പാടാണ് അവരുമായി സഖ്യത്തിലേർപ്പെടാൻ കമ്പനിയെ പ്രേരിപ്പിച്ച പ്രധാന ഘടകം. കോട്ടാ, ഉദയ്പൂർ, ബിക്കാനീർ, ജയ്പൂർ, ജയ്സാൽമർ തുടങ്ങിയവയാണ് കമ്പനിയുമായി രാജ്യരക്ഷാപരവും വിധേയത്വം സമ്മതിക്കുന്നതുമായ ഉടമ്പടികളിൽ ഒപ്പിട്ട പ്രധാന രജപ്രുത്രരാജ്യങ്ങൾ. പരസ്പര സഹായത്തിന്റെയും പരസ്പര സൌഹൃദത്തിന്റെയും അടിസ്ഥാനത്തിലുള്ള കരാറുകളെ വിധേയത്വസഹകരണത്തിന്റെ അടിസ്ഥാനത്തിൽ രൂപാന്തരപ്പെടുത്തിയത് ഹേസ്റിങ്സ് പ്രഭുവാണ്.
ബ്രിട്ടീഷ് ആധിപത്യം അംഗീകരിച്ച നാട്ടുരാജ്യങ്ങൾ താത്ത്വികമായി ആഭ്യന്തര പരമാധികാരം നിലനിർത്തിപ്പോന്നെങ്കിലും പ്രായോഗികതലത്തിൽ റസിഡന്റുമാരുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടൽ ആശങ്കാജനകമായ സ്ഥിതിവിശേഷമുളവാക്കി; തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായ കേണൽ മെക്കാളെയുടെ അമിതമായ ഇടപെടലായിരുന്നു ബ്രിട്ടീഷ് ആധിപത്യത്തെ എതിർക്കാൻ വേലുത്തമ്പി ദളവയെ പ്രേരിപ്പിച്ചത്. വിദേശശക്തിയെ പ്രതിനിധീകരിക്കുന്ന നയതന്ത്ര ഉദ്യോസ്ഥരിൽനിന്നും രാജ്യത്തെ ഭരണനിർവാഹകരായി റസിഡന്റുമാർ ക്രമേണ രൂപാന്തരപ്പെട്ടതോടെ അവരുടെ നിർദ്ദേശമനുസരിച്ചായി തിരുവിതാംകൂറും കൊച്ചിയുമടക്കം മിക്ക നാട്ടുരാജ്യങ്ങളിലെയും ഭരണം. തിരുവിതാംകൂർ രാജാവ് സ്വാതിതിരുനാളിന്റെ ഭരണകാലത്ത് (1829-47) ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ കല്ലൻ രാജാവിന്റെമേൽ സമ്മർദം ചെലുത്തി അദ്ദേഹത്തിന്റെ വിശ്വസ്തനായ ദിവാനുപകരം തനിക്ക് സമ്മതനായ ദിവാൻ കൃഷ്ണറാവുവിനെ നിയമിച്ചതും, പുതിയ ദിവാൻ രാജാവിന്റെ നിർദ്ദേശങ്ങളെ അവഗണിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.
കമ്പനിയുടെ വ്യാപാരപ്രവർത്തനങ്ങൾ നിർത്തലാക്കുകയും കമ്പനിയെ സർക്കാർ പദവിയിലേക്ക് ഉയർത്തുകയും ചെയ്ത 1833-ലെ ചാർട്ടർ ആക്റ്റിനുശേഷം കമ്പനി വ്യക്തമായ ഒരു സംയോജനനയം സ്വീകരിച്ചത് നാട്ടുരാജാക്കന്മാരെ പരിഭ്രാന്തരാക്കി. ഡൽഹൌസി പ്രഭുവായിരുന്നു ഈ നയത്തിന്റെ പ്രധാന പ്രയോക്താവ്; ദത്താപഹാരനയം എന്ന സിദ്ധാന്തമനുസരിച്ച് സത്താറ (1848), നാഗ്പൂർ (1853), ഝാൻസി (1854), സാംബൽപ്പൂർ (1849) എന്നീ രാജ്യങ്ങളെ ഇദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തോടുകൂട്ടിച്ചേർത്തു. ഇന്ത്യാക്കാർക്ക് തികച്ചും അന്യമായിരുന്ന ഈ സിദ്ധാന്തമനുസരിച്ച് കമ്പനിയുടെ ആശ്രിതരായ ഹിന്ദുനാട്ടുരാജ്യങ്ങളിൽ അനന്തരാവകാശികളില്ലാത്ത പക്ഷം അവ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ലയിക്കുന്നതാണ്. ബ്രിട്ടീഷ് സർക്കാർ സൃഷ്ടിച്ചതോ, അതിനുകീഴിൽ നിശ്ചിത വ്യവസ്ഥകളനുസരിച്ച് നിലനിന്നുപോരുന്നതോ ആയ രാജ്യങ്ങളാണ് ആശ്രിതരാജ്യങ്ങൾ എന്നറിയപ്പെട്ടത്. സംരക്ഷിത സംഖ്യരാജ്യങ്ങൾക്കും മുസ്ലിം രാജ്യങ്ങൾക്കും ഈ സിദ്ധാന്തം ബാധകമായിരുന്നില്ല. എന്നാൽ ദത്താപഹരണസിദ്ധാന്തത്തിനുപുറമേ ദുർഭരണത്തിന്റെ പേരിലും
നാട്ടുരാജ്യങ്ങളെ പിടിച്ചെടുക്കാൻ ഡൽഹൌസി തുടങ്ങിയത് മറ്റുള്ളവരെയും മുൾമുനയിൽ നിർത്തി. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച 1857-ലെ കലാപമായിരുന്നു സംയോജനനയത്തെ സംബന്ധിച്ച അവരുടെ ആകുലതകൾക്ക് വിരാമമിട്ടത്. കലാപശേഷം നാട്ടുരാജ്യങ്ങളോടുള്ള ബ്രിട്ടീഷ് നിലപാടിൽവന്ന ദിശാമാറ്റം ഭാവിയെ പ്രതീക്ഷയോടു ഉറ്റുനോക്കാൻ അവരെ പ്രേരിപ്പിച്ചു. ഭൂരിപക്ഷം നാട്ടുരാജാക്കന്മാരും കലാപത്തിൽനിന്നും വിട്ടുനിന്നത് ബ്രിട്ടീഷുകാർ സ്വാഗതം ചെയ്തു. തങ്ങൾക്കെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തടഞ്ഞുനിർത്തിയ പ്രതിരോധം എന്നാണ് കഴ്സൺ നാട്ടുരാജ്യങ്ങളെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ തങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിന് നാട്ടുരാജ്യങ്ങളെ പ്രയോജനപ്പെടുത്താൻ കഴിയും എന്ന തിരിച്ചറിവ് പുതിയ നയരൂപീകരണത്തിനു കാരണമായി. ഇന്ത്യാ ഗവൺമെന്റിന്റെ നിയന്ത്രണം കമ്പനിയിൽനിന്നും ബ്രിട്ടീഷ് ചക്രവർത്തി ഏറ്റെടുത്തശേഷം നടത്തിയ വിളംബരം മറ്റുള്ളവരുടെ ഭൂപ്രദേശങ്ങൾ പിടിച്ചെടുത്ത് ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യം വിസ്തൃതമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, നാട്ടുരാജാക്കന്മാരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ടാ എന്നു വിശേഷിപ്പിക്കപ്പെട്ട വിളംബരം ഈസ്റിന്ത്യാക്കമ്പനിയും നാട്ടുരാജാക്കന്മാരും തമ്മിലുണ്ടായ കരാറുകളെയും ബന്ധങ്ങളെയും സ്ഥിരീകരിച്ചു. നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്തോടുകൂട്ടിച്ചേർക്കുന്ന ഡൽഹൌസിയുടെ നയത്തിനുപകരം അവരെ പ്രത്യേക ഘടകങ്ങളായി നിലനിർത്തുന്ന നയം സ്വീകരിക്കപ്പെട്ടത് 1857-ലെ കലാപത്തോടെയാണ് എന്ന കാരണത്താൽ ഈ കലാപം ഇന്ത്യാചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവിനെ സൂചിപ്പിക്കുന്നു.
ലളിതമായ ഭരണസംവിധാനമാണ് നാട്ടുരാജ്യങ്ങളിൽ നിലനിന്നത്. ഭരണകാര്യങ്ങളിൽ നാട്ടുരാജാക്കന്മാരെ സഹായിക്കാൻ ദിവാനും (മുഖ്യമന്ത്രി) മറ്റു മന്ത്രിമാരുമുണ്ടായിരുന്നു. രാജാവിന്റെ തൊട്ടുതാഴെയായിരുന്നു ദിവാന്റെസ്ഥാനം. ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചശേഷം നാട്ടുരാജ്യങ്ങൾ ഗവർണർ ജനറലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊളിറ്റിക്കൽ ഡിപ്പാർട്ടുമെന്റിന്റെ കീഴിലായി. എല്ലാ പ്രധാന നാട്ടുരാജ്യങ്ങളിലും പൊളിറ്റിക്കൽ ഡിപ്പാർട്ടുമെന്റ് റസിഡന്റുമാരെ നിയമിച്ചിരുന്നു. (നാട്ടുരാജ്യങ്ങളിലെ ബ്രിട്ടീഷ് പ്രതിനിധികളാണ് റസിഡന്റുമാർ എന്നറിയപ്പെട്ടത്്). തങ്ങളുടെ നിയന്ത്രണങ്ങൾക്കുമേൽ രാഷ്ട്രീയവകുപ്പ് നിയമിക്കുന്ന റസിഡന്റുമാരും പൊളിറ്റിക്കൽ ഏജന്റുമാരുംകൂടിച്ചേർന്ന് അധീശാധികാരം നടപ്പിലാക്കിയതോടെ നാട്ടുരാജാക്കന്മാർ ക്രമേണ പാവ ഭരണകർത്താക്കളായിമാറി. മാത്രമല്ല ബ്രിട്ടീഷ് താത്പര്യങ്ങളുടെ സംരക്ഷകനായ ദിവാന്റെ ഉപദേശമനുസരിച്ചുവേണം രാജാവ് ഭരണം നടത്തേണ്ടത് എന്നതും അലിഖിതനിയമമായി അംഗീകരിക്കപ്പെട്ടിരുന്നു.
ഇന്ത്യയുടെ ഭരണം കമ്പനിയിൽനിന്നും ഏറ്റെടുത്ത ബ്രിട്ടീഷ് രാജാവ് ഇന്ത്യയുടെ പരമാധികാരശക്തിയായി നിലകൊണ്ടശേഷം ബ്രിട്ടീഷ് ഗവൺമെന്റും ഇന്ത്യൻ നാട്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഊഷ്മളതയും ദൃഢതയും കൈവന്നു. കലാപകാലത്ത് തങ്ങളെ പിന്തുണച്ചതിന് പ്രത്യുപകാരമായി സംയോജന നയം ഉപേക്ഷിച്ച ബ്രിട്ടീഷ് നടപടി ഇരുപക്ഷവും തമ്മിലുള്ള ദൂരം കുറയ്ക്കുകയും നാട്ടുരാജാക്കന്മാരിൽ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും ഉളവാക്കുകയും ചെയ്തു. മാറിയ സാഹചര്യങ്ങളിൽ ബ്രിട്ടീഷുകാരുടെ വിശ്വസ്ത സഹയാത്രികരായി മാറിയ ഇവർ ഒന്നാം ലോകയുദ്ധത്തിൽ ആളും അർഥവും നൽകിക്കൊണ്ട് ബ്രിട്ടീഷ് യുദ്ധയത്നങ്ങളെ സഹായിച്ചു.
നാട്ടുരാജാക്കന്മാരെ സാമ്രാജ്യഭരണത്തിന്റെ മഹത്തായ കർത്തവ്യത്തിലെ സഹായികളും സഹപ്രവർത്തകരും എന്നാണ് ഹാർഡിഞ്ജ് പ്രഭു വിശേഷിപ്പിച്ചത്. നാട്ടുരാജാക്കന്മാരോട് ആദരവ് പ്രകടിപ്പിക്കാൻ ബ്രിട്ടീഷുകാർ അവർക്ക് ബഹുമതികളും ആചാരവെടികളും നൽകിയിരുന്നു. നാട്ടുരാജ്യങ്ങളുടെ പ്രാധാന്യത്തെ ആശ്രയിച്ച് ആചാരവെടിയുടെ എണ്ണത്തിലും വ്യത്യാസമുണ്ടായിരുന്നു. ഏറ്റവും വലിയ അംഗീകാരമായ 21 ആചാരവെടി ലഭിച്ച രാജ്യങ്ങൾ ഫസ്റ് ക്ളാസ് രാജ്യങ്ങളെന്നപേരിൽ അറിയപ്പെട്ടു. ഹൈദരാബാദ്, കാശ്മീർ, ബറോഡ, ഗ്വാളിയർ, മൈസൂർ എന്നിവയാണ് ഈ വിഭാഗത്തിൽപ്പെട്ട രാജ്യങ്ങൾ. 19 ആചാരവെടി ലഭിച്ച തിരുവിതാംകൂർ, സെക്കൻഡ് ക്ലാസ് വിഭാഗത്തിലും 17 ആചാരവെടി ലഭിച്ച കൊച്ചി, തേർഡ് ക്ളാസ് വിഭാഗത്തിലും ഉൾപ്പെട്ടു.
ഭരണാധികാരം കമ്പനിയിൽ നിന്നും ചക്രവർത്തിയിലേക്ക് മാറിയത് നാട്ടുരാജാക്കന്മാർക്ക് സുരക്ഷിതത്വം നൽകിയെങ്കിലും ഈ അധികാരമാറ്റത്തിന്റെ അനന്തരഫലമായി നാട്ടുരാജ്യങ്ങളിലെ ബ്രിട്ടീഷ് ഇടപെടൽ വ്യാപകമായി. നാട്ടുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ അവകാശത്തിന് നീതീകരണവും അടിസ്ഥാനവുമായി വർത്തിച്ചത് പരമാധികാര തത്ത്വമായിരുന്നു. 1857-ന് മുൻപ് അപ്രാപ്തരായ നാട്ടുരാജാക്കന്മാരോട് കമ്പനി മൌനം ദീക്ഷിച്ചിരുന്നു. അത്യപൂർവമായ സന്ദർഭങ്ങളിൽ മാത്രമാണ് ദുർഭരണത്തിന്റെ പേരിൽ രാജ്യങ്ങളെ ബ്രിട്ടീഷ് ഭരണത്തിൽ ലയിപ്പിച്ചത്. കലാപത്തിനുശേഷം ദുർഭരണത്തിന്റെ പേരിൽ രാജ്യത്തെ പിടിച്ചെടുക്കുന്ന നയം ഉപേക്ഷിച്ച ബ്രിട്ടീഷുകാർ ദുർഭരണം നടത്തുന്ന ഭരണാധികാരിയെ ശിക്ഷിക്കുക അല്ലെങ്കിൽ സ്ഥാനഭ്രഷ്ടനാക്കുകയെന്ന നയമാണ് അവലംബിച്ചത്. മാത്രമല്ല ബ്രിട്ടീഷ് പരമാധികാരശക്തിയുടെ കീഴിൽ ഉന്നതനിലവാരത്തിലുള്ള ഭരണം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം നാട്ടുരാജ്യങ്ങൾക്കായി. എന്നാൽ ഇതിൽ പരാജയപ്പെടുന്നപക്ഷം പരമാധികാരശക്തി എന്നനിലയിൽ ആഭ്യന്തരഭരണത്തിൽ ഇടപെടാനും പരിഹാരനടപടികൾ കൈകൊള്ളാനുമുള്ള അധികാരം ബ്രിട്ടീഷ് ചക്രവർത്തിക്കായിരുന്നു. നാട്ടുരാജ്യങ്ങളിൽ പുരോഗമനപരവും ക്ഷേമോന്മുഖവുമായ ഭരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആധുനികഭരണ നിർവഹണരീതികൾ സ്വീകരിക്കാനും ബാഹ്യലോകവുമായി അടുത്തിടപഴകാനും ബ്രിട്ടീഷ് അധികാരികൾ നാട്ടുരാജാന്മാരെ പ്രേരിപ്പിക്കുകയുണ്ടായി. ബ്രിട്ടീഷ് ഇന്ത്യയുമായുള്ള സമ്പർക്കം നാട്ടുരാജാക്കന്മാരുടെ വീക്ഷണത്തിലും നയരൂപീകരണത്തിലും ഗണ്യമായ സ്വാധീനമാണ് ചെലുത്തിയത്. പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കിയ ബറോഡ രാജാവ് ഗയക്വാഡ്, മൈസൂറിന്റെ വ്യാവസായിക വളർച്ചയ്ക്ക് അടിത്തറയിട്ട മൈസൂർ രാജാവ് കൃഷ്ണരാജാ, ഇന്ത്യയിൽ ആദ്യമായി പിന്നോക്ക സമുദായങ്ങൾക്ക് സർക്കാർ സർവീസിൽ 50 ശ.മാ. സംവരണം നൽകിയ കോൽഹാപൂർ മഹാരാജാ രാജർഷിഷാഹുജി തുടങ്ങിയവർ സാമൂഹികവും രാഷ്ട്രീയവുമായ പ്രബുദ്ധത പ്രദർശിപ്പിച്ച ഭരണാധികാരികളായിരുന്നു. ആധുനികതയെയും പാരമ്പര്യത്തെയും വിജയകരമായി സന്നിവേശിപ്പിച്ച മൈസൂർ, തിരുവിതാംകൂർ, കൊച്ചി പോലുള്ള നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷ് ഇന്ത്യയെ വിസ്മയിപ്പിക്കുന്ന ഭരണമാണ് കാഴ്ചവച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലെ മാതൃകയിൽ ഒരു നിയമസംഹിത ക്രോഡീകരിച്ച ആദ്യത്തെ നാട്ടുരാജ്യം തിരുവിതാംകൂറാണ്. ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി നിമയനിർമ്മാണസഭ രൂപംകൊണ്ടത് മൈസൂറിലാണ്. ബഡ്ജറ്റിനെക്കുറിച്ച് ചർച്ച നടത്താനും, ഭരണവൈകല്യങ്ങൾ ചൂണ്ടിക്കാണിക്കാനും മാത്രമായി ഇവയുടെ അധികാരം പരിമിതപ്പെട്ടിരുന്നെങ്കിലും, ജനങ്ങളുടെ അധികാരത്തെ വികസിപ്പിക്കുന്നതിനുള്ള ആദ്യത്തെ ചുവടുവയ്പായിരുന്നു ഈ സഭകൾ. എന്നിരുന്നാലും അധികാരം പൂർണമായും ജനങ്ങളിലേക്ക് കൈമാറാൻ നാട്ടുരാജ്യങ്ങൾ തയ്യാറായിരുന്നില്ല. മാത്രമല്ല നാട്ടുരാജാക്കന്മാർ പലപ്പോഴും ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ തലങ്ങളിലേക്ക് നീങ്ങിയതുനിമിത്തം നാട്ടുരാജ്യങ്ങളിൽ നിയമവാഴ്ച എന്നതൊക്കെ ഒരു പ്രഹസനമായി മാറിയിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ ഒരു രാജകീയ വിളംബരത്തിന്റെ പിൻബലത്തിൽ തിരുവിതാംകൂറിൽനിന്നും നാടുകടത്തിയത് ഇത്തരുണത്തിൽ എടുത്തു പറയേണ്ടതാണ്.
പ്രത്യക്ഷമായി അനുഭവപ്പെട്ടില്ലെങ്കിലും, ബ്രിട്ടീഷിന്ത്യയും നാട്ടുരാജ്യങ്ങളും തമ്മിൽ അകലാൻ തുടങ്ങിയത് 1917 മുതൽക്കാണ്. കോൺഗ്രസ്സിനെ തൃപ്തിപ്പെടുത്താനായി ഇന്ത്യയിൽ സ്വയംഭരണസ്ഥാപനങ്ങൾ വളർത്തിയെടുക്കുകയെന്ന ബ്രിട്ടീഷ് നയവുമായുള്ള പൊരുത്തക്കേടായിരുന്നു അകൽച്ചയ്ക്ക് തുടക്കം കുറിച്ചത്. പഴയ മാമൂലുകളെയും പാരമ്പര്യത്തെയും മുറുകെ പിടിച്ച ഇന്ത്യനിന്ത്യ, ബ്രിട്ടീഷിന്ത്യയിലെ ഭരണഘടനാ പരിഷ്കാരങ്ങളെയും ജനാധിപത്യപ്രവണതകളെയും ആശങ്കയോടെയാണ് വീക്ഷിച്ചത്. ചരിത്രത്തിലെ തങ്ങളുടെ സുപ്രധാന ഇടം നഷ്ടമായേക്കാം എന്ന ചിന്ത ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ട കോൺഗ്രസ്സിനെ ശത്രുതയോടെ വീക്ഷിക്കുവാൻ നാട്ടുരാജ്യങ്ങളെ പ്രേരിപ്പിച്ചു. ഈ സാഹചര്യത്തിൽ കോൺഗ്രസ്സിനെതിരെ ബ്രിട്ടന്റെ പക്ഷം നില്ക്കുന്ന നയമാണ് നാട്ടുരാജ്യങ്ങൾ അവലംബിച്ചത്. അതേസമയം ബ്രിട്ടീഷുകാരാകട്ടെ ദേശീയ പ്രസ്ഥാനത്തെ നേരിടാനും ദേശീയഐക്യത്തിന്റെ വളർച്ചയെ തടയാനും നാട്ടുരാജാക്കന്മാരെ ഉപയോഗപ്പെടുത്തി. ഇന്ത്യൻ ദേശീയതയ്ക്കെതിരെ പ്രവർത്തിക്കുന്ന ഒരു യാഥാസ്ഥിതിക ശക്തിയായി നാട്ടുരാജാക്കന്മാരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടുകൊണ്ടാണ് ബ്രിട്ടീഷുകാർ നരേന്ദ്ര മണ്ഡലം എന്ന സമിതി രൂപീകരിച്ചത് (1921). നാട്ടുരാജാക്കന്മാരുടെ പ്രതിനിധികൾ ഉൾപ്പെട്ട ഒരുപദേശക സമിതിയായിരുന്നു നരേന്ദ്രമണ്ഡലം. നാട്ടുരാജ്യങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ ബ്രിട്ടീഷ് ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും കോൺഗ്രസ് വിരുദ്ധ ചേരിയിൽ നാട്ടുരാജാക്കന്മാരെ അണിനിരത്തുക എന്ന നയം നരേന്ദ്രമണ്ഡലത്തിന്റെ രൂപീകരണത്തിനു പിന്നിലെ പ്രേരണയായി വർത്തിച്ചിരുന്നു. ദേശീയപ്രസ്ഥാനം ശക്തിയാർജിച്ച 20-ആം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ കൈക്കൊണ്ട ഈ നയത്തിനനുബന്ധമായി രാജാക്കന്മാരുടെ സ്വേച്ഛാധിപത്യ പ്രവണതകളെയും ദുഷ്പ്രവർത്തികളെയും ഇവർ സംരക്ഷിച്ചുപോന്നത് ഭൂരിപക്ഷം നാട്ടുരാജ്യങ്ങളെയും പിന്നോക്കാവസ്ഥയിലേക്ക് തള്ളി.
1917-ൽ ബ്രിട്ടീഷ് ഗവൺമെന്റ് നടപ്പിലാക്കിയ ഭരണപരിഷ്കരണങ്ങൾ ബ്രിട്ടീഷിന്ത്യ കൂടുതൽ ജനാധിപത്യപരമാകും എന്ന യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടിയത്. ഇന്ത്യയിൽ ഒരു ജനാധിപത്യ ഗവൺമെന്റ് സ്ഥാപിതമാകുന്നപക്ഷം പരമാധികാരം പുതിയ ഗവൺമെന്റിലേക്ക് സംക്രമിക്കണം എന്ന ദേശീയവാദികളുടെ നിലപാട് നാട്ടുരാജാക്കന്മാരിൽ അരക്ഷിതാവസ്ഥ ഉളവാക്കി. തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ബ്രിട്ടന്റെ വർധിച്ചസഹകരണംനേടിയ ഇവർ പരമാധികാരശക്തിയും ഇന്ത്യൻ രാജാക്കന്മാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കണമെന്നാവശ്യപ്പെട്ടു. പരമാധികാര ശക്തിയും ഇന്ത്യൻ നാട്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ നിയമിക്കപ്പെട്ട ബട്ട്ലർ കമ്മിറ്റി 1927-ൽ സമർപ്പിച്ച റിപ്പോർട്ട് വിവാദമായി. പരമാധികാരശക്തിയും നാട്ടുരാജാക്കന്മാരും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രപരമായ പശ്ചാത്തലംവച്ചുനോക്കുമ്പോൾ ഇന്ത്യൻ നിയമസഭയോട് ഉത്തരവാദപ്പെട്ട ഒരു ഇന്ത്യാ ഗവൺമെന്റ് രൂപംകൊള്ളുന്ന സന്ദർഭത്തിൽ, നാട്ടുരാജ്യങ്ങളെ അവയുടെ സമ്മതംകൂടാതെ പുതിയ ഗവൺമെന്റുമായുള്ള ബന്ധത്തിലേക്ക് സംക്രമിപ്പിക്കുവാൻ പാടുള്ളതല്ല എന്ന പ്രധാന ശിപാർശ ദേശീയവാദികളുടെ നിശിതമായവിമർശനത്തിനു പാത്രമായി. ബ്രിട്ടീഷ് ഇന്ത്യയിൽ ശക്തിപ്രാപിച്ചുവന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽനിന്നും നാട്ടുരാജ്യങ്ങളെ അകറ്റിനിർത്താനും നാട്ടുരാജാക്കന്മാരെ പ്രീതിപ്പെടുത്താനുമുള്ള നീക്കമായിട്ടാണ് ഈ ശുപാർശയെ അവർ വിലയിരുത്തിയത്. ബ്രിട്ടീഷിന്ത്യയും ഇന്ത്യൻ നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്ന ചരിത്രപരവും മതപരവും, സാമൂഹികവുമായ അഭേദ്യബന്ധത്തിന്റെ പശ്ചാത്തലത്തിൽ രണ്ടിന്ത്യകളും ഉൾപ്പെട്ട ഒരു ഫെഡറേഷൻ നിലവിൽവരണമെന്നാണ് ഇന്ത്യക്ക് ഒരു പുതിയ ഭരണഘടന രൂപീകരിക്കാൻ നിയോഗിക്കപ്പെട്ട നെഹ്റു കമ്മിറ്റി നിർദ്ദേശിച്ചത് 1919-ലെ മൊൺടേഗ് പരിഷ്കാരങ്ങളെ വിലയിരുത്താനും പുതിയ ഭരണപരിഷ്കരണങ്ങൾ നിർദ്ദേശിക്കാനും നിയോഗിക്കപ്പെട്ട സൈമൺ കമ്മീഷനും നാട്ടുരാജ്യങ്ങളും ബ്രിട്ടീഷിന്ത്യയും ഉൾപ്പെട്ട ഒരഖിലേന്ത്യാ ഫെഡറേഷനാണ് ശിപാർശ ചെയ്തത്.
ഇന്ത്യയുടെ ഭാവി ഭരണഘടനയെക്കുറിച്ച് ചർച്ചചെയ്യാൻ വിളിച്ചുകൂട്ടിയ വട്ടമേശസമ്മേളനത്തിലേക്ക് ബ്രിട്ടീഷ് സർക്കാർ നാട്ടുരാജാക്കന്മാരെ ക്ഷണിക്കുകയുണ്ടായി. വട്ടമേശ സമ്മേളനത്തിന്റെ ഒന്നാംയോഗത്തിൽ നാട്ടുരാജ്യങ്ങൾ ഉൾപ്പെട്ട ഒരിന്ത്യൻ ഫെഡറേഷൻ രൂപീകരിക്കുവാൻ ബ്രിട്ടീഷ് ഇന്ത്യൻ അംഗങ്ങളും നാട്ടുരാജാക്കന്മാരും സമ്മതിച്ചു. തികച്ചും വിപ്ലവകരമായ ഈ സങ്കല്പനത്തിലൂടെ ഇന്ത്യയുടെ ഏകീകരണം യഥാർഥ്യമായിത്തീരുമായിരുന്നു. എന്നാൽ ഫെഡറേഷൻ നിലവിൽവരുന്നതിനുവേണ്ട ശുഷ്കാന്തി പിന്നീട് നാട്ടുരാജ്യങ്ങളും കോൺഗ്രസ്സും പ്രദർശിപ്പിക്കാതിരുന്നതിനാൽ ഫെഡറേഷൻ പ്രാവർത്തികമായില്ല.
ദേശീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റം നാട്ടുരാജ്യങ്ങളിൽ വിപ്ലവകരമായ പ്രതികരണങ്ങൾ സൃഷ്ടിച്ചു; ജനാധിപത്യം, ഉത്തരവാദ സർക്കാർ, പൌരാവകാശം എന്നീ പുരോഗമനാശയങ്ങൾ ചെലുത്തിയ സ്വാധീനംമൂലം ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള നീക്കങ്ങൾ നാട്ടുരാജ്യങ്ങളിൽ ശക്തിയാർജിച്ചു. ഉത്തരവാദഭരണത്തിനുവേണ്ടി വാദിച്ച നാട്ടുരാജ്യങ്ങളിലെ സംഘടനകൾ പ്രജാമണ്ഡലം എന്ന പേരിലാണ് അറിയപ്പെട്ടത്. നാട്ടുരാജാക്കന്മാരുടെ ഭരിക്കാനുള്ള അവകാശത്തെയല്ല മറിച്ച്, അവരുടെ പേരിൽ ദിവാനും അവരുടെ അനുയായികളായ ജന്മിമാരും നടത്തിയ ദുർഭരണത്തെയാണ് പ്രധാനമായും ഈ സംഘടനകൾ എതിർത്തത്. 1930-കളുടെ അവസാനംവരെ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയത്തിൽനിന്നും വിട്ടുനിൽക്കുന്ന നയമാണ് കോൺഗ്രസ് സ്വീകരിച്ചതെങ്കിലും നാട്ടുരാജ്യങ്ങളിലെ ജനങ്ങൾക്കിടയിലുണ്ടായ പുതിയ ഉണർവിന്റെ പശ്ചാത്തലത്തിൽ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ സമരത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്താങ്ങാൻ തുടങ്ങി.
രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടന്റെ യുദ്ധയത്നങ്ങളുമായി സഹകരിക്കുന്നതിന് ബ്രിട്ടീഷ്ഇന്ത്യ വിസമ്മതിച്ചപ്പോൾ ആളും അർഥവും നൽകികൊണ്ട് നാട്ടുരാജ്യങ്ങൾ ബ്രിട്ടന്റെ യുദ്ധയത്നങ്ങളിൽ പങ്കാളികളായി. പകരം ഇന്ത്യയുടെ ഭാവി ഭരണഘടനയിൽ തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവച്ചത്. യുദ്ധരംഗം വഷളായതോടെ ഇന്ത്യാക്കാരുടെ സഹകരണം ഉറപ്പാക്കുന്നതിനുവേണ്ടി ബ്രിട്ടൻ നിയോഗിച്ച സർ ക്രിപ്സ് നാട്ടുരാജ്യങ്ങളുടെ പ്രശ്നത്തിൽ സ്വീകരിച്ച സമീപനം നാട്ടുരാജാക്കന്മാരിൽ ആശങ്ക ഉളവാക്കാൻ പര്യാപ്തമായിരുന്നു. പുതിയ ഇന്ത്യൻ യൂണിയൻ രൂപീകരിക്കുക എന്നതായിരുന്നു ക്രിപ്സിന്റെ പ്രധാന നിർദ്ദേശം. പുതിയ ഇന്ത്യൻ യൂണിയൻ രൂപീകരിക്കാനുള്ള ശ്രമങ്ങൾക്കു എല്ലാവിധ പിന്തുണയും നാട്ടുരാജ്യങ്ങൾ വാഗ്ദാനം ചെയ്തു. അതേസമയം യൂണിയനിൽ ചേരാത്ത നാട്ടുരാജ്യങ്ങൾക്കു തങ്ങളുടേതായ ഒരു യൂണിയൻ രൂപീകരിക്കാനുള്ള അവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിക്കുന്ന പ്രവശ്യകൾക്കു സ്വന്തമായ യൂണിയൻ രൂപീകരിക്കുവാൻ വ്യവസ്ഥ ചെയ്ത ക്രിപ്സ് നിർദ്ദേശം. പക്ഷേ നാട്ടുരാജ്യങ്ങളുടെ അതേ ആവശ്യത്തെ തിരസ്കരിച്ചത് അവർക്ക് തിരിച്ചടിയായി. ഇന്ത്യയുടെ ഭാവി ഭരണഘടനയിൽ ബ്രിട്ടീഷ് ഇന്ത്യയുടെ താത്പര്യങ്ങൾക്കായിരിക്കും മുൻഗണന എന്ന ചിന്ത ക്രിപ്സിന്റെ സന്ദർശനത്തോടെ അവരിൽ രൂഢമായി. ഇന്ത്യയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കു പരിഹാരമായി നിർദ്ദേശിക്കപ്പെടുന്ന ഏതൊരു ഒത്തുതീർപ്പിന്റെയും ചട്ടക്കൂടിനുള്ളിൽ തങ്ങൾക്കു ഒതുങ്ങേണ്ടിവരുമെന്ന് അവർ വ്യാകുലപ്പെട്ടു. മാത്രമല്ല, നാട്ടുരാജ്യങ്ങളിലെ ജനങ്ങളുടെ ന്യായമായ അവകാശങ്ങളും പരാതികളും പൊതുശ്രദ്ധയിൽകൊണ്ടുവരാനുള്ള ഒരു സംവിധാനം നാട്ടുരാജ്യങ്ങളിൽ പ്രാബല്യത്തിൽ വരുത്തണമെന്ന ക്രിപ്സിന്റെ നിർദ്ദേശവും ഇവർക്ക് അസ്വീകാര്യമായിരുന്നു. ഇതിനിടെ, ബ്രിട്ടീഷ് ചക്രവർത്തിയും നാട്ടുരാജ്യങ്ങളും തമ്മിൽ ഏർപ്പെട്ടിരുന്ന ഉടമ്പടി കരാറുകൾ റദ്ദ് ചെയ്യണമെന്ന നെഹ്റുവിന്റെ പ്രസ്താവന തങ്ങളുടെ രാഷ്ട്രീയഭാവിയെക്കുറിച്ച് അവരിൽ സന്ദേഹമുണ്ടാക്കി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, തങ്ങളുടെ താത്പര്യങ്ങൾ ബലികഴിക്കപ്പെടില്ല എന്ന നിയതമായ ഉറപ്പ് ബ്രിട്ടീഷ് സർക്കാരിൽനിന്നും കിട്ടാനുള്ള ശ്രമങ്ങളിൽ 1942-44 കാലയളവിൽ അവർ ഏർപ്പെട്ടു. നാട്ടുരാജാക്കന്മാരുടെ സമ്മതം കൂടാതെ അവരും ബ്രിട്ടീഷ് ചക്രവർത്തിയുമായുള്ള ബന്ധത്തിൽ ഭാവിയിൽ യാതൊരു മാറ്റവും വരുത്തുകയില്ല; അത് മറ്റൊരു അധികാരശക്തിക്കും കൈമാറുകയില്ല എന്ന വേവൽ പ്രഭു നല്കിയ ഉറപ്പ് ബ്രിട്ടീഷുകാർ തുടർന്നും തങ്ങളെ സംരക്ഷിച്ചുപോരും എന്ന പ്രതീക്ഷ അവരിലുളവാക്കി.
യൂറോപ്പിൽ സഖ്യകക്ഷികൾക്കുണ്ടായ വിജയവും 1945-ലെ പൊതു തെരഞ്ഞെടുപ്പിൽ ബ്രിട്ടനിലെ ലേബർ പാർട്ടി അധികാരത്തിൽ വന്നതും ഇന്ത്യാ ചരിത്രത്തിലെ അടുത്തഘട്ടത്തിനു തുടക്കം കുറിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമ്പാദനം മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി അധികാരമേറ്റ ലേബർ പാർട്ടി, ഇന്ത്യയിലെ നേതാക്കന്മാരുമായി കൂടിയാലോചിച്ച് ഇന്ത്യാക്കാർക്ക് അധികാരം കൈമാറാനുള്ള വ്യവസ്ഥകൾ തീരുമാനിക്കാൻ 1946 മാർച്ചിൽ ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ചു. ഇന്ത്യയിലെ വിവിധ കക്ഷികളുമായി ചർച്ച ചെയ്ത് അവർക്കുകൂടി സ്വീകാര്യമായ രീതിയിൽ ഭരണഘടനയും ഗവൺമെന്റും രൂപീകരിക്കുന്നതിന്റെ ഭാഗമായി നാട്ടുരാജാക്കന്മാരുടെ പ്രതിനിധികളുമായി മിഷൻ നടത്തിയ ചർച്ചകളിൽ നാട്ടുരാജ്യങ്ങൾ സ്വീകരിച്ച നിലപാട് ഇതായിരുന്നു.
ഇന്ത്യയിലെ ഇതര കക്ഷികളുമായും നടത്തിയ ചർച്ചകൾക്കുശേഷം ഇന്ത്യയുടെ ഭാവിഭരണ സംവിധാനത്തിന്റെ രൂപരേഖ നൽകികൊണ്ടുള്ള ഒരു റിപ്പോർട്ട് ക്യാബിനറ്റ് മിഷൻ പുറത്തിറക്കി. നാട്ടുരാജ്യങ്ങളും ബ്രിട്ടീഷിന്ത്യയും ഉൾപ്പെട്ട ഒരു ഇന്ത്യൻ യൂണിയനാണ് ഇവർ നിർദ്ദേശിച്ചത്. നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് കിരീടവുമായി ഇന്നോളം നിലനിന്നബന്ധം ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും തുടരുക അസാധ്യമാണ് എന്ന് പ്രസ്താവിച്ച മിഷൻ പരമാധികാരം ബ്രിട്ടീഷ് കിരീടത്തിന് നിലനിർത്താനോ പുതിയ ഒരു സർക്കാരിനു കൈമാറാനോ കഴിയില്ല എന്ന് വ്യക്തമാക്കി. നാട്ടുരാജ്യങ്ങൾ ഒരു ഭാഗത്തും ബ്രിട്ടീഷ് രാജാവ് മറുഭാഗത്തും ചേർന്നുണ്ടാക്കിയിട്ടുള്ള രാഷ്ട്രീയ സംവിധാനങ്ങൾ അവസാനിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് ഇന്ത്യയിൽ തുടർന്ന് സ്ഥാപിതമാകുന്ന പുതിയ ഗവൺമെന്റുമായോ, ഗവൺമെന്റുകളുമായോ നാട്ടുരാജ്യങ്ങൾ ഫെഡറൽ ബന്ധം സ്ഥാപിക്കേണ്ടതാണ് എന്ന് കമ്മീഷൻ നിരീക്ഷിച്ചു. ചില ഉപാധികളുടെ അടിസ്ഥാനത്തിൽ ക്യാബിനറ്റ് പദ്ധതി അംഗീകരിക്കുന്നതിന് നാട്ടുരാജ്യങ്ങൾ സന്നദ്ധരായി. (യൂണിയനിൽ നാട്ടുരാജ്യങ്ങൾ ചേരുന്നത് കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. നാട്ടുരാജ്യങ്ങൾ അധീശാധികാരത്തിനു കീഴടക്കിയ എല്ലാ അധികാരങ്ങളും നാട്ടുരാജ്യങ്ങൾക്കു തിരികെ ലഭിക്കേണ്ടതാണ്. ഓരോ നാട്ടുരാജ്യത്തിന്റെയും ഭരണഘടന, ഭൂപരമായ അതിർത്തി, രാജവംശത്തിന്റെ പിന്തുടർച്ച എന്നീ കാര്യങ്ങളിൽ യൂണിയൻ ഇടപെടാൻ പാടില്ല എന്നിവയായിരുന്നു നാട്ടുരാജ്യങ്ങൾ മുന്നോട്ടുവച്ച ഉപാധികൾ). എന്നാൽ രാജ്യത്തെ ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാഷ്ട്രങ്ങളായി വിഭജിക്കാനുള്ള മൌണ്ട്ബാറ്റന്റെ പ്രഖ്യാപനത്തെത്തുടർന്ന് 1947 ജൂൺ 3 ഏകീകൃത ഇന്ത്യയുടെ അടിസ്ഥാനത്തിൽ തങ്ങൾ അംഗീകരിച്ച ക്യാബിനറ്റ് മിഷൻ പദ്ധതി സ്വീകരിക്കുവാൻ ഹൈദരാബാദ്, തിരുവിതാംകൂർ തുടങ്ങിയ ചില നാട്ടുരാജ്യങ്ങൾ വിസമ്മതിച്ചു. പാകിസ്താനിലോ ഇന്ത്യയിലോ ചേരാതെ സ്വതന്ത്രമായി നിൽക്കാനാണ് ഈ നാട്ടുരാജ്യങ്ങൾ ആഗ്രഹിച്ചത്. ജൂൺ 11-ന് തിരുവിതാംകൂർ രാജാവും ജൂൺ 12-ന് നൈസാമും സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിനെ കോൺഗ്രസ് ഗൌരവമായാണ് വീക്ഷിച്ചത് (മുൻ പൊലിസ് ഐ.ജി. കരീം സാഹിബിനെ പാകിസ്താനിലെ അംബാസിഡറായി നിയമിക്കുന്നതാണ് എന്ന പ്രഖ്യാപനവും സി.പി. രാമസ്വാമി അയ്യർ നടത്തി). മറ്റ് നാട്ടുരാജ്യങ്ങൾ ഇവരുടെ മാതൃക പിന്തുടർന്നാൽ അത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഗുരുതരമായ ഭീഷണിയായിത്തീരുമെന്ന കാരണത്താൽ ഇന്ത്യയിൽനിന്നും ഒറ്റപ്പെട്ടുനിൽക്കാനുള്ള ഇവരുടെ തീരുമാനത്തെ ഇന്ത്യാചരിത്രത്തിന്റെ നിഷേധമെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്.
1947 ആഗസ്റ്റ് 15-ന് ഇന്ത്യൻ ഡൊമിനിയനും പാകിസ്താൻ ഡൊമിനിയനും സ്ഥാപിക്കപ്പെടുന്നതിന് സഹായകരമായ ഇന്ത്യൻ സ്വാതന്ത്ര്യനിയമം ബ്രിട്ടീഷ് പാർലമെന്റ് 1947 ജൂലൈ 8-ന് പാസ്സാക്കി. ഇതിലെ പ്രധാന വ്യവസ്ഥയനുസരിച്ച് അധികാരകൈമാറ്റത്തിനു നിശ്ചയിച്ച ആഗസ്റ്റ് 15-നുതന്നെ ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ മേൽ ചക്രവർത്തിക്കുണ്ടായിരുന്ന അധീശാധികാരവും ഇല്ലായിത്തീരുന്നതാണ്. സാങ്കേതികമായി പറഞ്ഞാൽ ആഗസ്റ്റ് 15-ന് നാട്ടുരാജ്യങ്ങൾ സ്വതന്ത്രരാവുന്നതാണ്. നാട്ടുരാജ്യങ്ങൾ സ്വതന്ത്രരാവുന്ന അതിസങ്കീർണമായ പ്രശ്നത്തെ സമർഥമായി കൈകാര്യം ചെയ്തത് സ്റേറ്റ്സ് ഡിപ്പാർട്ടുമെന്റിന്റെ ചുമതല വഹിച്ച സർദാർ പട്ടേലും അതിന്റെ സെക്രട്ടറി വി.പി. മേനോനുമാണ്. കേന്ദ്ര ഗവൺമെന്റും ഇന്ത്യൻ നാട്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാണ് ഇന്ത്യാഗവൺമെന്റ് സ്റേറ്റ്സ് ഡിപ്പാർട്ടുമെന്റ് രൂപീകരിച്ചത്. നാട്ടുരാജ്യങ്ങളുടെ ആകുലതകളെ അകറ്റി, അവയെ ഇന്ത്യൻ യൂണിയനിൽ ചേർക്കുക എന്നതായിരുന്നു സ്റേറ്റ്സ് ഡിപ്പാർട്ടുമെന്റിന്റെ മുഖ്യ അജണ്ട. നാട്ടുരാജ്യങ്ങളോടുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നയം വ്യക്തമാക്കുന്ന പ്രസ്താവന തയ്യാറാക്കിയ വി.പി. മേനോന് പ്രചോദനായത് എബ്രഹാം ലിങ്കന്റെ ആദ്യത്തെ അഭിസംബോധനയായിരുന്നു.
അത്യുജ്ജ്വലമായ ഒരു പാരമ്പര്യത്തിന്റെ അവകാശികളാണ് നാമെല്ലാം. നമ്മിൽ ചിലർ നാട്ടുരാജ്യങ്ങളിലും മറ്റുചിലർ ബ്രിട്ടീഷിന്ത്യയിലും താമസിക്കുന്നത് യാദൃച്ഛികമായാണ്. എന്നാൽ നമ്മുടെ സിരകളിൽ ഒഴുകുന്നത് ഒരേതരം രക്തമാണ്. അന്യരുമായി സൈനികശക്തിയുടെ അടിസ്ഥാനത്തിലുള്ള ഉടമ്പടി വ്യവസ്ഥകളല്ലാ, സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ സഹോദരർ തമ്മിൽ നടത്തുന്ന ധാരണയായിരിക്കണം, ഇന്ത്യാഗവൺമെന്റും നാട്ടുരാജ്യങ്ങളും തമ്മിൽ ഉണ്ടാകേണ്ടത്.
വിദേശകാര്യം, രാജ്യരക്ഷ, വാർത്താവിനിമയം എന്നീ മൂന്നു വിഷയങ്ങളിൽ ഇന്ത്യൻ യൂണിയനോട് വിധേയത്വം പുലർത്താൻ നാടുവാഴികളോട് ആവശ്യപ്പെടുന്ന ഒരു പദ്ധതിയാണ് സ്റേറ്റ്സ് ഡിപ്പാർട്ടുമെന്റ് തയ്യാറാക്കിയത്. ഇന്ത്യൻ യൂണിയനിൽ ചേരാൻ രാജാക്കന്മാരോട് അഭ്യർഥിച്ച പട്ടേൽ യൂണിയനിൽനിന്ന് ഒറ്റപ്പെട്ടുനിന്നാലുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ചൂണ്ടിക്കാണിച്ചു. ഞങ്ങളിൽനിന്നും സ്വതന്ത്രരായിട്ടുള്ള നിങ്ങളുടെ നിലനില്പ് അസാധ്യമെന്ന് സ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ സന്ദേശത്തെ അതിന്റെ സമഗ്രതയിൽ ഉൾകൊള്ളാൻ ഭൂരിപക്ഷം നാട്ടുരാജ്യങ്ങൾക്കും കഴിഞ്ഞത് ഡിപ്പാർട്ടുമെന്റിന്റെ ദൌത്യം സുഗമമാക്കി. അവസാനനിമിഷത്തിലും ലയനപദ്ധതിക്കു തുരങ്കംവയ്ക്കാൻ ജിന്നയും പൊളിറ്റിക്കൽ അഡ്വൈസർ കോൺറാഡും ശ്രമിച്ചെങ്കിലും പട്ടേലിന്റെയും വി.പി. മേനോന്റെയും ശ്രമങ്ങൾക്കു മൌണ്ട് ബാറ്റൺ നൽകിയ പിന്തുണ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിൽ പ്രധാന പങ്കാണ് വഹിച്ചത്. വാർത്താവിനിമയം, രാജ്യരക്ഷ, വിദേശകാര്യം എന്നീ മൂന്നു വിഷയങ്ങൾ നാട്ടുരാജ്യങ്ങൾക്ക് സ്വന്തമായനിലയിൽ കൈകാര്യം ചെയ്യാൻ പ്രയാസമായതിനാൽ ഈ വിഷയങ്ങളിൽ ഇന്ത്യൻ യൂണിയനോട് വിധേയത്വം പുലർത്താൻ നാട്ടുരാജ്യങ്ങളെ ഇദ്ദേഹം പ്രേരിപ്പിച്ചു. ഇന്ത്യയിലോ, പാകിസ്താനിലോ ചേരാൻ നാട്ടുരാജ്യങ്ങൾക്കു അവകാശമുണ്ടെങ്കിലും, ഭൂരിപക്ഷം നാട്ടുരാജ്യങ്ങളും ഭൂമിശാസ്ത്രപരമായി ഇന്ത്യയുമായിട്ടാണ് കൂടുതൽ ബന്ധപ്പെട്ടു കിടക്കുന്നത് എന്ന മൌണ്ട് ബാറ്റണിന്റെ നിരീക്ഷണവും യഥോചിതമായിരുന്നു. മൌണ്ട് ബാറ്റണിന്റെ മാസ്മരിക വ്യക്തിത്വവും, നാട്ടുരാജാക്കന്മാരുമായുള്ള അടുത്ത സൌഹൃദവും ഇന്ത്യയ്ക്കനുകൂലമായ നിലപാടെടുക്കാൻ നാട്ടുരാജ്യങ്ങളെ പ്രേരിപ്പിച്ച പ്രധാന ഘടകമായിരുന്നു. സ്റേറ്റ്സ് ഡിപ്പാർട്ടുമെന്റിന്റെയും മൌണ്ട് ബാറ്റൺ പ്രഭുവിന്റെയും നിർദ്ദേശമനുസരിച്ച് ചില നാട്ടുരാജ്യങ്ങളൊഴികെ മറ്റെല്ലാം സംയോജന നിയമമനുസരിച്ച് ഇന്ത്യൻ യൂണിയനിൽ ചേർന്നു. തിരുവിതാംകൂർ, ഇൻഡോർ, ഭോപ്പാൽ, ഹൈദരാബാദ്, ജുനഗഡ്, കാശ്മീർ എന്നീ രാജ്യങ്ങളാണ് ലയനക്കരാറിൽനിന്നും വിട്ടുനിന്നത്. മൌണ്ട് ബാറ്റൺ പ്രഭു നടത്തിയ സുദീർഘമായ ചർച്ചകൾക്കുശേഷം ആഗസ്റ്റ് 15-ന് മുൻപ് ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ ഇൻഡോർ, ഭോപ്പാൽ, ജോധ്പൂർ, തിരുവിതാംകൂർ എന്നീ രാജ്യങ്ങൾ തയ്യാറായി.
ജുനഗഡ്, കാശ്മീർ, ഹൈദരാബാദ് എന്നീ നാട്ടുരാജ്യങ്ങൾ മാത്രമാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഇന്ത്യയിൽ ലയിക്കാതെ അവശേഷിച്ചത്. ഭൂമിശാസ്ത്രപരമായി പാകിസ്താനിൽ നിന്നും അകന്നു കിടന്ന ജുനഗഡിനെ പാകിസ്താനിൽ ലയിപ്പിക്കാൻ അവിടത്തെ നവാബ് തീരുമാനിച്ചെങ്കിലും, ഇതിനെതിരെയുണ്ടായ ജനരോഷത്തിന്റെ പശ്ചാത്തലത്തിൽ നവാബ് പാകിസ്താനിലേക്ക് പലായനം ചെയ്തതോടുകൂടി ജുനഗഡ് ഇന്ത്യയിൽ ലയിച്ചു.
സ്വതന്ത്രരാജ്യമായി നിൽക്കാൻ താത്പര്യം പ്രകടിപ്പിച്ച ഹൈദരാബാദിനെ സൈനിക നടപടിയിലൂടെയാണ് ഇന്ത്യൻ യൂണിയനിൽ ചേർത്തത്. 1948-ലുണ്ടായ പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ലയിപ്പിച്ചുകൊണ്ടുള്ള കരാറിൽ കാശ്മീർ രാജാവ് ഒപ്പുവച്ചു.
ഭൂരിപക്ഷം നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചതോടെ ഇന്ത്യയുടെ ഏകീകരണം പൂർത്തിയാവുകയും ഇന്ത്യാചരിത്രത്തിലെ ഒരു പുതിയ യുഗം ആരംഭിക്കുകയും ചെയ്തു. ഇന്ത്യൻ യൂണിയനുമായുള്ള നാട്ടുരാജ്യങ്ങളുടെ ലയനം ഇന്ത്യാചരിത്രത്തിലെ യഥാർഥ രക്തരഹിത വിപ്ലവമെന്നാണ് വിശേഷിക്കപ്പെട്ടത്. വിഭജനം ഇന്ത്യയുടെ ആത്മാവിൽ ഏല്പിച്ച ആഘാതത്തിൽനിന്നും ഒരു പരിധിവരെ മോചനംനേടാൻ ലയനത്തിലൂടെ രാജ്യത്തിനു കഴിഞ്ഞു.
ലയനത്തിനുശേഷം ചെറിയ നാട്ടുരാജ്യങ്ങളെ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിൽ ലയിപ്പിച്ചും നാട്ടുരാജ്യങ്ങളെ തമ്മിൽ സംയോജിപ്പിച്ചും അവയുടെ എണ്ണം ഗണ്യമായി കുറക്കാൻ കേന്ദ്ര ഗവൺമെന്റിന് സാധിച്ചു (തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപംകൊണ്ടത് 1949 ജൂലൈ ഒന്നിനാണ്). പഴയ ഘടനയുടെ നവീകരണത്തിനു സമാന്തരമായി ആഭ്യന്തര ഘടനയിൽ നടന്ന പരിവർത്തനങ്ങളുടെ ഫലമായി നാട്ടുരാജ്യങ്ങളിൽ ഉത്തരവാദിത്തഭരണം സ്ഥാപിക്കപ്പെടുകയും അങ്ങനെ അധികാരം ജനങ്ങളിലേക്കു സംക്രമിക്കുകയും ചെയ്തു.
നാട്ടുരാജ്യങ്ങളുടെ സംയോജനത്തോടെ ഇന്ത്യയിലെ ഭരണ യൂണിറ്റുകളുടെ സംഖ്യ ഗണ്യമായി കുറഞ്ഞു. പഴയ ബ്രിട്ടീഷ് പ്രവിശ്യകൾ പാർട്ട് എ സംസ്ഥാനങ്ങളായും നാട്ടുരാജ്യങ്ങൾ സംയോജിച്ചുണ്ടായ പുതിയ പ്രാദേശിക ഘടകങ്ങൾ പാർട്ട് ബി, പാർട്ട് സി സംസ്ഥാനങ്ങളായും പുനഃസംഘടിപ്പിക്കപ്പെട്ടു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നാട്ടുരാജ്യങ്ങൾ, ഇന്ത്യയിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.