Remove ads
From Wikipedia, the free encyclopedia
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടിഷ് അധീശത്വത്തിനെതിരായി പൊരുതി രക്തസാക്ഷിത്വം വരിച്ച ഭാരതീയ യുവാവാണ് മദൻ ലാൽ ഢീംഗ്റ.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Madan Lal Dhingra | |
---|---|
Madanlal Dhingra | |
ജന്മസ്ഥലം: | Punjab, British India |
മരണസ്ഥലം: | Pentonville Prison. London, Britain |
പ്രസ്ഥാനം: | Indian Independence movement |
പ്രധാന സംഘടനകൾ: | India House |
അമൃത്സറിലെ ഒരു ധനിക കുടുംബത്തിൽ 1883 സെപ്റ്റംബർ 18-ന് ജനിച്ചു.[അവലംബം ആവശ്യമാണ്] പഞ്ചാബ് മെഡിക്കൽ സർവീസിൽ സിവിൽ സർജനായിരുന്ന ഡോ. സാഹിബ് ദിത്തമൽ ആയിരുന്നു പിതാവ്. അമൃത്സറിലെ മുനിസിപ്പൽ കോളജിലും ലാഹോറിലെ ഗവൺമെന്റ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. പഠിത്തം പൂർത്തിയാക്കാതെ കുറേനാൾ പഞ്ചാബ് ഗവണ്മെന്റിന്റെ കാശ്മീർ സെറ്റിൽമെന്റ് ഡിപ്പാർട്ട്മെന്റിലും പിതൃസഹോദരന്റെ ട്രാൻസ്പോർട്ട് കമ്പനിയിലുമായി ജോലി നോക്കി. പിന്നീട് ബോംബേ(മുംബൈ)യിലേക്കുപോയി ഒരു കപ്പലിൽ നാവികനായി ജോലിക്കു ചേർന്നു. ഇതിൽ അസംതൃപ്തരായ വീട്ടുകാർ ഇദ്ദേഹത്തെ എൻജിനീയറിങ് പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് അയച്ചു.
1906-ൽ ഇദ്ദേഹം ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിൽ ചേർന്നു. അന്ന് ശ്യാംജി കൃഷ്ണവർമയുടെ നേതൃത്വത്തിൽ 'ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി'എന്ന വിപ്ളവസംഘടന ഇംഗ്ലണ്ടിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ ചില നാട്ടുരാജാക്കന്മാരുടെ ദിവാനായും ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചശേഷം യൂറോപ്പിലെത്തിയ ശ്യാംജി കൃഷ്ണ വർമ്മ തന്റെ സ്വത്തു മുഴുവൻ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരുന്നു. അദ്ദേഹത്തിന്റെ ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്ന പത്രവും ഇംഗ്ലണ്ടിൽ പഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കുവേണ്ടി അദ്ദേഹം സ്ഥാപിച്ച ഇന്ത്യാ ഹൗസ് ഹോസ്റ്റലും വിപ്ലവകാരികളെ ആകർഷിച്ചു. മദൻലാൽ കുറേനാൾ ഇന്ത്യാ ഹൗസിൽ താമസിച്ചു. അന്ന് ശ്യാംജി കൃഷ്ണവർമയോടൊപ്പം പ്രവർത്തിച്ചിരുന്ന വിനായക് ദാമോദർ സാവർക്കർ എന്ന വിപ്ളവകാരിയുടെ സ്വാധീനത്താൽ മദൻലാൽ വിപ്ളവമാർഗ്ഗത്തിൽ എത്തിച്ചേരുകയും അഭിനവ ഭാരത് സൊസൈറ്റി, ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടുന്ന പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഇക്കാലത്ത് ഇദ്ദേഹം തോക്ക് ഉപയോഗിക്കാൻ പ്രത്യേക പരിശീലനം നേടി.
തങ്ങളെപ്പോലെ മദൻലാലും ഒരു സാമ്രാജ്യ ഭക്തനാകണമെന്നതായിരുന്നു കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ആഗ്രഹം. അതിനാൽ കുടുംബസുഹൃത്തും ഇന്ത്യാ സെക്രട്ടറിയുടെ പൊളിറ്റിക്കൽ എ.ഡി.സി.യുമായിരുന്ന സർ കഴ്സൺ വൈലിയോട് മദൻലാലിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധവയ്ക്കണമെന്ന് അവർ അഭ്യർഥിച്ചു. വിദ്യാർത്ഥികളുടെ ഇടയിൽ ചാരപ്രവർത്തനം സംഘടിപ്പിക്കുന്നതിന്റെ പേരിൽ കുപ്രസിദ്ധനായിരുന്നു കഴ്സൺ വൈലി. തമ്മിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കഴ്സൺ വൈലി മദൻലാലിന് കത്തെഴുതി. അത് വിപ്ലവ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ പിന്തിരിപ്പിക്കുവാനുള്ള ശ്രമമാണെന്നും അതിനാൽ വ്യക്തി സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും മദൻലാൽ കരുതി. 1909 ജൂലൈ 1-ന് ഇന്ത്യൻ നാഷണൽ അസ്സോസിയേഷന്റെ വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇമ്പീരിയൽ സ്റ്റഡീസിൽ ഒരു സമ്മേളനമുണ്ടായിരുന്നു. ചടങ്ങു കഴിഞ്ഞ് വിദ്യാർത്ഥികളുമായി കുശലപ്രശ്നം നടത്തുകയായിരുന്ന കഴ്സൺ വൈലിയെ മദൻലാൽ വെടിവച്ചുകൊന്നു. തുടർന്നിദ്ദേഹം പൊലീസിനു കീഴടങ്ങി. ഈ സംഭവത്തോടെ മദൻലാൽ ദേശസ്നേഹികളായ ഭാരതീയ യുവാക്കളുടെ ആരാധനാപാത്രമായിത്തീർന്നു. എന്നാൽ മദൻലാലിന്റെ പിതാവാകട്ടെ, തികച്ചും വ്യത്യസ്തമായ നിലപാടാണ് കൈക്കൊണ്ടത്. തന്റെ മകന്റെ ഭീകരമായ പ്രവൃത്തിയിൽ കുടുംബത്തിനുള്ള വെറുപ്പും അമർഷവും ദുഃഖവും അറിയിച്ചുകൊണ്ട് അദ്ദേഹം വൈസ്രോയിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കത്തെഴുതി. ബ്രിട്ടിഷ് ഗവണ്മെന്റിനോട് തനിക്കുള്ള ഭക്തിയും കൂറും ആ കത്തിലൂടെ അദ്ദേഹം പ്രത്യേകം പ്രകടമാക്കുകയും ചെയ്തു.
മദൻലാലിനെ ഓൾഡ് ബെയ്ലി കോർട്ടിൽ വിചാരണ ചെയ്തു. ഇദ്ദേഹം സ്വയം കേസുവാദിക്കുകയാണുണ്ടായത്. തന്നെ ശിക്ഷിക്കുവാൻ ബ്രിട്ടിഷ് കോടതിക്ക് അധികാരമുണ്ടെന്ന് അംഗീകരിക്കുന്നില്ലെന്നും അതുകൊണ്ടാണ് തനിക്കുവേണ്ടി വാദിക്കുവാൻ വക്കീലിനെ നിയോഗിക്കാത്തതെന്നും ആയിരുന്നു മദൻലാലിന്റെ നിലപാട്. ഇംഗ്ലീഷുകാരോട് പോരാടുന്നത് രാജ്യസ്നേഹപരവും സാധൂകരിക്കത്തക്കതുമാണെന്ന് ഇദ്ദേഹം സമർഥിച്ചു. ദയ യാചിക്കുവാൻ വേണ്ടിയുള്ളതല്ല തന്റെ പ്രസ്താവനകളെന്ന് കോടതി മുമ്പാകെ തുറന്നു പറയുവാൻ മദൻലാൽ മടിച്ചില്ല. ഇംഗ്ളീഷുകാർ തന്നെ തൂക്കിക്കൊല്ലണമെന്ന് താൻ ആഗ്രഹിക്കുന്നതായും തന്മൂലം ഇന്ത്യാക്കാരുടെ പ്രതികാരവാഞ്ഛ കൂടുതൽ മൂർച്ചയേറിയതാകാനിടവരുമെന്ന് താൻ ആശിക്കുന്നതായും ഇദ്ദേഹം വ്യക്തമാക്കി. ഇരുപതു മിനിറ്റിനുള്ളിൽ കോടതിനടപടികൾ പൂർത്തിയാക്കി. മദൻലാലിനെ തൂക്കിക്കൊല്ലാൻ വിധിച്ചു. 1909 ഓഗസ്റ്റ് 17-ന് പെന്റൻവിൽ ജയിലിൽ വധശിക്ഷ നടപ്പിലാക്കി. ഇദ്ദേഹം ആഗ്രഹിച്ചിരുന്ന രീതിയിൽ മൃതദേഹം ദഹിപ്പിക്കുവാനോ സുഹൃത്തുക്കൾക്കു വിട്ടുകൊടുക്കുവാനോ അധികാരികൾ തയ്യാറായില്ല. പെന്റൻവിൽ സെമിത്തേരിയിൽ ശരീരം മറവു ചെയ്തു. വളരെക്കാലം അജ്ഞാതമായിക്കിടന്ന ഇദ്ദേഹത്തിന്റെ ശവകുടീരം 1976-ൽ കണ്ടെത്തുകയും ഭൗതികശരീരം ദഹിപ്പിച്ച് ചിതാഭസ്മം ഔദ്യോഗിക ബഹുമതികളോടെ നാട്ടിലെത്തിക്കുകയും ചെയ്തു. 1909-ൽ മാഡം കാമ ആരംഭിച്ച തൽവാർ എന്ന പ്രസിദ്ധീകരണത്തിന് മദൻ ലാലിനോടുള്ള സ്മരണാർത്ഥം മദൻസ് തൽവാർ എന്ന പേര് നൽകുകയുണ്ടായി.
മലയാളം സർവ്വവിജ്ഞാനകോശം Archived 2020-09-29 at the Wayback Machine.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.