പാകിസ്ഥാനും ഇന്ത്യയും തമ്മിൽ വിഭജിച്ചിരിക്കുന്ന ഭൂമിശാസ്ത്രപരമായ പ്രദേശം From Wikipedia, the free encyclopedia
അഞ്ചുനദികളുടെ നാട് എന്ന് അർത്ഥം വരുന്ന പഞ്ചാബ് [ˈpʌnʤɑb] (പഞ്ചാബി: ਪੰਜਾਬ, پنجاب, ഹിന്ദി: पंजाब, ഉർദു: پنجاب) ഇന്ത്യയിലും പാകിസ്താനിലുമായി വ്യാപിച്ചു കിടക്കുന്ന ഭൂപ്രദേശമാണ് [1],[2],[3]. "അഞ്ചുനദികൾ" ബിയാസ്, രവി, സത്ലജ്, ചെനാബ്, ഝലം എന്നിവയാണ്; ഇവ എല്ലാം സിന്ധുനദിയുടെ പോഷകനദികളാണ്. 1947-ലെ ഇന്ത്യയുടെ വിഭജനത്തോടെ ഈ പ്രദേശം പാകിസ്താനും ഇന്ത്യക്കുമിടയിൽ വിഭജിക്കപ്പെട്ടു. പ്രദേശത്തിന്റെ ഭൂരിഭാഗവും ഇന്നത്തെ പാകിസ്താനിലാണ്. പഞ്ചാബിന് സുദീർഘമായ ചരിത്രവും സമ്പന്നമായ സാംസ്കാരിക പാരമ്പര്യവുമുണ്ട്. പഞ്ചാബിലെ ജനങ്ങൾ പഞ്ചാബി ഭാഷ സംസാരിക്കുന്നു. ഇവർ പഞ്ചാബികൾ എന്ന് അറിയപ്പെടുന്നു. പഞ്ചാബിലെ പ്രധാന മതങ്ങൾ ഇസ്ലാം, സിഖ് മതം, ഹിന്ദുമതം, ക്രിസ്തുമതം എന്നിവയാണ്.
പഞ്ചാബ് پنجاب ਪੰਜਾਬ पंजाब | |
വലിയ നഗരങ്ങൾ | ഡെൽഹി ലാഹോർ ഫൈസലാബാദ് |
രാജ്യങ്ങൾ |
|
ഔദ്യോഗിക ഭാഷകൾ | |
വിസ്തീർണ്ണം | 445,007 കി.m2 (171,818 ച മൈ) |
ജനസംഖ്യ (2011) | ~200 ദശലക്ഷം |
സാന്ദ്രത | 449/km2 |
മതങ്ങൾ | |
വിളിപ്പേര് | പഞ്ചാബി |
സംസ്കൃതത്തിൽ പഞ്ചനദഃ (पञ्चनदः) എന്നറിയപ്പെട്ടിരുന്ന പ്രദേശമായിരുന്നു ഇത്[4]. അഞ്ചു നദികളുടെ നാട് എന്നാണ് പഞ്ചനദഃ എന്ന പേരിനർഥം. പഞ്ചാബ് എന്ന പേർഷ്യൻ പദത്തിനും ഇതേ വിവക്ഷ തന്നെ. പഴയകാല മലയാള ഗ്രന്ഥങ്ങളിൽ പഞ്ചനദം എന്നപേരിലായിരുന്നു പഞ്ചാബ് സൂചിപ്പിക്കപ്പെട്ടിരുന്നത്. വടക്ക് പീർ-പഞ്ചൽ മലനിരകൾ, തെക്കും തെക്കു പടിഞ്ഞാറുമായി അരാവലി മലനിരകൾ, വടക്കുകിഴക്ക് ഹിമാലയൻ നിരകൾ, കിഴക്ക് യുമനാനദി പടിഞ്ഞാറും വടക്കു പടിഞ്ഞാറും സിന്ധു നദി എന്നിങ്ങനെയാണ് പഞ്ചാബ് ഭൂപ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾ. [5],[6] മണ്ണിന്റെ സ്വഭാവമനുസരിച്ചും പഞ്ചാബ് പ്രദേശത്തെ അഞ്ചായി തരംതിരിക്കാം. ഹിമാലയ പർവതപ്രദേശം, ഹിമാലയത്തിന്റെ അടിവാരപ്രദേശങ്ങൾ, പീഠഭൂമികൾ, പടിഞ്ഞാറും തെക്കു പടിഞ്ഞാറുമുള്ള വരണ്ട സമതല പ്രദേശം. ഇതിൽ ഹിമാലയത്തിന്റെ അടിവാരപ്രദേശങ്ങളാണ് ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങൾ[7].
വിതസ്താ, ചന്ദ്രഭാഗാ, ഇരാവതീ, വിപാശാ, ശതദ്രുഃ എന്നിവയാണ് പേരിനു കാരണമായ അഞ്ചുനദികൾ. നദികളോടനുബന്ധിച്ച് പുരാണകഥകളുമുണ്ട്. ഉദാഹരണത്തിന് ഒരു ചാൺ (വിതസ്തി) വീതിയുള്ള പിളർപ്പിലൂടെ പുറത്തേക്കു ചാടുന്ന സ്രോതസ്സാണത്രെ വിതസ്ത. ഈ പേര് ഝലം എന്നായിത്തീർത്തനെങ്ങനെയെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ല[8]. ഹിമക്കട്ടകളുരുകിയുണ്ടാകുന്ന പ്രവാഹമാകയാൽ [9] ജലം, ഹിമം എന്ന പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാവാമെന്ന് ഊഹം. വിപാശക്ക് പാശമുക്ത എന്നു വിവക്ഷ. സന്താനശോകം താങ്ങാനാവാതെ വസിഷ്ഠൻ കൈകാലുകൾ കയറു(പാശം) കൊണ്ട് വരിഞ്ഞുകെട്ടി നദിയിലേക്കെടുത്തു ചാടി ആത്മഹത്യക്കു ശ്രമിച്ചു. എന്നാൽ നദിയുടെ പ്രവാഹത്തിൽ കെട്ടുകളഴിഞ്ഞു പോയി, വസിഷ്ഠൻ സ്വതന്ത്രനായി. അങ്ങനെയാണ് നദിക്കു വിപാശാ എന്ന പേര് ലഭിച്ചതെന്നു കഥ[10]. അതല്ല വ്യാസകുണ്ഡത്തിൽ നിന്നുദ്ഭവിക്കുന്നതിനാലാണ് ബിയസ് എന്ന പേരു വീണതെന്നും പറയപ്പെടുന്നു[11]. അതേവിധത്തിൽ ശതദാ ദ്രവതീതി ശതദ്രുഃ എന്ന് വസ്ഷ്ഠൻ ശപിച്ചതു കാരണം അനേകം കൈവഴികളായി ഒഴുകിയ നദിയാണത്രെ ശതദ്രു[12]. ഈ നദികൾക്ക് പുരാതന ഗ്രീക്കുകാർ അവരുടേതായ പേരുകളും നല്കി.
ഈ അഞ്ചു നദികളുടേയും ഉദ്ഭവം ഹിമാലയ പർവതത്തിന്റെ വടക്കുപടിഞ്ഞാറൻ മലനിരകളിൽ നിന്നാണ്. ഏറ്റവും വടക്കുള്ള ഝലം നദി ചെനാബിലേക്ക് ഒഴുകുച്ചേരുന്നത് ട്രിമ്മു എന്ന സ്ഥലത്തുവെച്ചാണ്. അതില്പിന്നീട് ഈ പ്രവാഹം ചെനാബ് എന്ന പേരിൽ അറിയപ്പെടുന്നു. ഇതിലേക്ക് അഹ്മദിപൂർ സിയാലിൽ വെച്ച് രാവി നദി കൂടിച്ചേരുന്നു, പേര് ചിനാബ് എന്നു തന്നെ. സത്ലജ് നദിയിലേക്ക് കൊച്ചു നദിയായ ബിയസ് ഒഴുകിച്ചേരുന്നത് കപൂർതലക്കടുത്തു വെച്ചാണ്. ബഹവൽപൂരിനടുത്തു വെച്ച് ചിനാബും സത്ലജും സംയോജിക്കുന്നതോടെ ജലപ്രവാഹത്തിന്റെ പേര് പഞ്ചനദിഎന്നായി മാറുന്നു. പിന്നീട് 60 കിലോമീറ്ററോളം തെക്കു പടിഞ്ഞാറായി ഒഴുകി മിഠാൻകോട്ട് എന്ന സ്ഥലത്തുവെച്ച് പഞ്ചനദി, സിന്ധുനദിയിലേക്ക് ഒഴുകിച്ചേരുന്നു.
സിന്ധു-സത്ലജ് നദികൾക്കിടയിലായി മറ്റു നാലുനദികളാൽ വേർപെടുത്തപ്പെട്ട മൊത്തം അഞ്ച് ഇടനിലങ്ങളുണ്ട്. ദ്വാബ് എന്ന പേർഷ്യൻ പദത്തിന്റെയർഥം രണ്ട് (ദോ) നീരൊഴുക്കുകൾക്കിടയിലുള്ള സ്ഥലം(അബ്) എന്നാണ്. ഇടനിലങ്ങൾക്ക് നദികളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് പേരു നല്കിയത് അക്ബറാണെന്നു പറയപ്പെടുന്നു.[7] [6].പിന്നീട് ഇംഗ്ലീഷുകാരും ഈ പേരുകൾ തന്നെ ഉപയോഗിച്ചു. പൊതുവേ പഞ്ചാബിയാണ് ഭാഷയെങ്കിലും ദ്വാബുകൾക്ക് തനതായ ഭാഷാഭേദങ്ങൾ(dialects) ഉണ്ട്.
സിന്ധു-ഝലം നദികൾക്കിടയിലുള്ള ഈ പ്രദേശമാണ് ഏറ്റവും വിസ്താരമേറിയ ഇടനിലം.ഏറ്റവും കൂടിയ വീതി ഏതാണ്ട് 235കിലോമീറ്റർ.[14] ഇതിന്റെ വടക്കൻ ഭാഗം പോട്ടോഹാർ (പോട്വാർ എന്നും പറയും) എന്ന പീഠഭൂമിയാണ്. കുത്തിയൊഴുകുന്ന നീർച്ചാലുകൾ അനേകം മലയിടുക്കുകൾക്ക് രൂപം കൊടുത്തിരിക്കുന്നു.[15]. തക്ഷശിലയും പുരുവിന്റെ പൗരവ എന്ന രാജ്യവും ഇവിടെയായിരുന്നെന്ന് അനുമാനിക്കപ്പെടുന്നു[16]. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഇവിടെ എണ്ണ നിക്ഷേപം കണ്ടെത്തുകയുണ്ടായി. റാവൽപിണ്ടിയും പാകിസ്താന്റെ തലസ്ഥാന നഗരിയായഇസ്ലാമാബാദും ഇവിടെയാണ്. കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പോട്ടോഹാർ പീഠഭൂമിക്ക് തെക്കായിട്ടാണ് വിഖ്യാതമായ ഉപ്പു മലകൾ( Salt Ranges) [17], [18].ഇതിനു തെക്കുള്ളത് താൽ എന്നറിയപ്പെടുന്ന മരുഭൂമിയാണ്.[19],[20]. ജലസേചന പദ്ധതികൾ നടപ്പിലാക്കിയതിനാൽ ഇന്ന് ഈ പ്രദേശം കൃഷിയോഗ്യമാണ്.
ഝലം-ചെനാബ് നദികൾക്കിടയിലായി ചെജ്, ചാജ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ ദ്വാബ് ഇന്ന് പാകിസ്താനിലുൾപ്പെടുന്നു. ഉപ്പുമലനിരകൾ ഝലം നദിയുടെ ഇടതുതീരം വരെ നീണ്ടു കിടക്കുന്നു[21]. ഗുജ്റട്, സർഗോധാ, മണ്ടി എന്നിവയാണ് ചെല പ്രധാന നഗരങ്ങൾ
രാവി-ചെനാബ് നദികൾക്കിടയിലുള്ള സ്ഥലം[22], പാകിസ്താനിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടിയ വീതി 120 കിലോമീറ്റർ.[23]. മുൾട്ടാൻ, ഗുജ്രൻവാല, ഫൈസലാബാദ് എന്നിവയാണ് ചെല പ്രധാനനഗരങ്ങൾ.
ബിയസിനും(സത്ലജും)-രാവി നദികൾക്കിടയിലുള്ള ഭൂപ്രദേശം മാഝി എന്നും നിവാസികളുടെ ഭാഷ മാഝാ എന്നും അറിയപ്പെടുന്നു. അമൃതസറും അമ്പതു കിലോമീറ്റർ പടിഞ്ഞാറായി ലാഹോറും ഈ ദ്വാബിലാണ്.
ബിയസിനും സത്ലജിനുമിടക്കുള്ള ഈ പ്രദേശം ജലന്ധർ ദ്വാബ് എന്നും അറിയപ്പെടുന്നു. ദ്വാബുകളിൽ ഏറ്റവും ചെറിയതാണ് ഇത്. പൂർണമായും ഇന്ന് ഇന്ത്യയിൽ ഉൾപെടുന്നു. ഈ ഭൂപ്രദേശം അത്യന്തം ഹരിതാഭമാണെന്നും അല്ലെന്നും ബ്രിട്ടിഷ് ലേഖകർ രേഖപ്പെടുത്തിയിട്ടുണ്ട്. [24]. ജലന്ധർ, കപൂർത്തല, ഹോഷിയാർപൂർ എന്നിവയാണ് പ്രധാന നഗരങ്ങൾ.
പൊതുവേ വരണ്ട കാലാവസ്ഥയാണ്. ഹിമാലയൻ അടിവാരങ്ങളിലും സമുദ്രതീരത്തും കൂടിയതോതിലും സമതല പ്രദേശങ്ങളിൽ കുറഞ്ഞതോതിലും മഴ ലഭിക്കുന്നു. ശൈത്യകാലങ്ങളിൽ അതി കഠിനമായ തണുപ്പും, ചൂടു കാലങ്ങളിൽ അതി കഠിനമായ ചൂടും അനുഭവപ്പെടുന്നു.[25], [26].
ഹരപ്പൻ അവശിഷ്ടങ്ങൾ പഞ്ചാബിന്റെ പൗരാണികതക്ക് തെളിവാണ് [27] ആറും ഏഴും ശതകങ്ങളിൽ ബൗദ്ധമതം പ്രചാരത്തിലുണ്ടായിരുന്നതായി രേഖകളുണ്ട്.[28]. .ദില്ലി സൽത്തനത് കാലഘട്ടത്തിൽ പഞ്ചാബിൽ ബ്രാഹ്മണർ, ക്ഷത്രിയർ(രജപുത്രർ), കർഷകർ(ജാഠ്, സൈനി), ഇടയർ(ഗുജ്ജർ, രംഗർ), വണിക്കുകൾ(അറോറ, ബനിയ, ഖത്രി), അധഃകൃതർ(ചാമർ, ചുഹ്രാ, ജുലാഹാ), ഇസ്ലാം മതപണ്ഡിതർ(ഷെയിഖ്), പ്രവാചകന്റെ നേർവംശജർ(സയ്യദ്), അഫ്ഗാൻ-അറബ്-പേർഷ്യൻ-തുർക്കി-ബലൂചി-പഷ്തൂൺ-കാഷ്മീരി വംശജർ എന്നിങ്ങനെ പല തരക്കാർ ഇടകലർന്നു സഹവസിച്ചിരിക്കുമെന്ന് അനുമാനിക്കപ്പെടുന്നു.[27],[29],[30].
1855-ലാണ് പഞ്ചാബ് പ്രദേശത്തിന്റെ ആദ്യത്തെ സെൻസസ് നടന്നത് [31]. സത്ലജിനു ഇരുകരകളോടും ചേർന്നു കിടക്കുന്ന സ്ഥലങ്ങൾ( Cis /trans Sutlej states) ), ലാഹോർ,ഝലം, മുൾട്ടാൻ, ലെയിസ്, പെഷവാർ എന്നീ ജില്ലകളാണ് പഞ്ചാബ് ടെറിട്ടെറിയിൽ ഉൾക്കൊള്ളിച്ചിരുന്നത്[32]. മൊത്തം 81000, ചതുരശ്ര അടി വിസ്തീർണമുള്ള ഈ പ്രദേശത്ത് 29 ഗ്രാമങ്ങളിലായി 13 ലക്ഷം ജനങ്ങൾ നിവസിച്ചിരുന്നതായി രേഖകൾ പറയുന്നു.[33]. ലാഹോർ ചുറ്റുവട്ടത്തൊഴികെ സിഖു വംശജരുടെ പ്രത്യക കണക്കെടുപ്പ് നടത്തിയില്ല, അവരെ ഹിന്ദുക്കളോടൊപ്പം ചേർത്തുകയാണുണ്ടായത്[34]. ഹിന്ദുക്കളും സിഖുകളുമടക്കം എണ്ണം 5,352874 എന്നും , ഇസ്ലാം 7,364974 എന്നും കാണുന്നു [35]കൂടാതെ സത്ലജിനു വടക്ക് മുസ്ലീങ്ങൾക്കും കിഴക്ക് (ഹിന്ദു+സിഖ്) വംശജർക്കുമാണ് ഭൂരിപക്ഷമെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്[36].
ഓരോ ദ്വാബിലും പഞ്ചാബി ഭാഷയുടെ തനതായ വകഭേദങ്ങൾ ആണ് നിലവിലുള്ളത്. ഇന്ത്യയിൽ ഗുരുമുഖിയും പാകിസ്താനിൽ ഷാമുഖിയും ആണ് ലിപി. ഇന്ത്യയിലെ ഹരിയാനയിലും ഹിമാചൽപ്രദേശിലും ദേവനാഗരിയും ഉപയോഗിക്കപ്പെടുന്നു.
സഹസ്രാബ്ദങ്ങളിലൂടെ പഞ്ചാബ് എന്ന പേരിലറിയപ്പെട്ട പ്രദേശത്തിന്റെ അതിരുകൾക്ക് പല മാറ്റങ്ങളുമുണ്ടായി.രഞ്ജിത് സിങ്ങിന്റെ സിഖ് സാമ്രാജ്യം പഞ്ചാബ് എന്ന ഭൂപ്രദേശത്തിൽ കവിഞ്ഞു കിടന്നിരുന്നു.മുഗൾവാഴ്ചക്കാലത്ത് പഞ്ചാബ് ഭൂപ്രദേശം, ലാഹോർ, മുൾട്ടാൻ സൂബകളായി വിഭജിക്കപ്പെട്ടു. [37],[38] ബ്രിട്ടീഷ്ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യ ഇവ രണ്ടും ഉൾപ്പെട്ടതായിരുന്നു. 1947-ൽ ബ്രിട്ടീഷു പ്രവിശ്യ രണ്ടായി വീതിക്കപ്പെട്ടു. പാകിസ്താനിലുൾപ്പെട്ട പടിഞ്ഞാറൻ പഞ്ചാബും ഇന്ത്യയിലെ കിഴക്കൻ പഞ്ചാബും. ഇന്ത്യൻ പഞ്ചാബ് പിന്നീട് പല ഘട്ടങ്ങളിലായി പഞ്ചാബ്, ഹിമാചൽപ്രദേശ് ഹരിയാന എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടു.[27]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.