From Wikipedia, the free encyclopedia
1914-ൽ ഒന്നാം ലോക യുദ്ധകാലത്ത് ജർമനിയിൽ താമസിച്ചിരുന്ന ഇന്ത്യൻ വിദ്യാർത്ഥികളും രാഷ്ട്രീയ പ്രവർത്തകരും ചേർന്ന് രൂപീകരിച്ച സംഘടനയാണ് ബെർലിൻ കമ്മിറ്റി. പിന്നീട് ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി (ജർമ്മൻ: Das Indische Unabhängigkeitskomitee) എന്ന് ഈ സംഘടന അറിയപ്പെട്ടു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടേണ്ടതിന്റെ ആവശ്യകത പ്രചരിപ്പിക്കുന്നതിനായാണ് ഈ സംഘടന രൂപീകരിക്കപ്പെട്ടത്. ആദ്യകാലത്ത് ബെർലിൻ - ഇന്ത്യൻ കമ്മിറ്റി എന്നറിയപ്പെട്ടിരുന്ന സംഘടന പിന്നീട് 1915 മുതൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി എന്നറിയപ്പെടുകയുണ്ടായി. ഹിന്ദു - ജർമ്മൻ ഗൂഢാലോചനയുടെ പ്രധാന ഭാഗമായിരുന്നു ബെർലിൻ കമ്മിറ്റി. വീരേന്ദ്രനാഥ് ചഥോപാധ്യായ, (ചാറ്റോ എന്നും അറിയപ്പെട്ടു), ചെമ്പകരാമൻ പിള്ള, അബിനാഷ് ഭട്ടാചാര്യ എന്നിവരായിരുന്നു ബെർലിൻ കമ്മിറ്റിയുടെ പ്രധാന നേതാക്കൾ.
1905-ൽ ഇംഗ്ലണ്ടിൽ വച്ച് ശ്യാംജി കൃഷ്ണ വർമ്മ ഉൾപ്പെടെയുള്ള ചില ഇന്ത്യക്കാർ ചേർന്ന് ഇന്ത്യാ ഹൗസ് എന്ന സംഘം രൂപീകരിച്ചു. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളായിരുന്ന ദാദാഭായ് നവറോജി, ലാലാ ലജ്പത് റായ്, മാഡം ഭിക്കാജി കാമ എന്നിവരുടെ പിന്തുണയോടുകൂടി ആരംഭിച്ച ഈ സംഘടന വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുകയും ദേശീയത പ്രചരിപ്പിക്കാനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ശ്യാംജി കൃഷ്ണ വർമ്മയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ദ ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്ന മാസിക, അക്കാലത്തെ പ്രധാനപ്പെട്ട ആന്റി - കൊളോണിയൽ പ്രസിദ്ധീകരണങ്ങളിലൊന്നായിരുന്നു. ദാമോദർ സവർക്കർ, വീരേന്ദ്രനാഥ് ചഥോപാധ്യായ, ഹർ ദയാൽ എന്നിവരും ഇന്ത്യാ ഹൗസുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.
ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പ്രവർത്തിച്ച കാരണത്താൽ ബ്രിട്ടീഷ് സർക്കാർ ഇന്ത്യാ ഹൗസിനെയും ദ ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്ന പ്രസിദ്ധീകരണത്തെയും നിരീക്ഷിച്ചുകൊണ്ടിരുന്നു. 1909-ൽ ഇന്ത്യാ സംസ്ഥാനത്തിന്റെ സെക്രട്ടറിയുടെ എ.ഡി.സി.യായിരുന്ന വില്യം ഹട്ട് കഴ്സൺ വൈലിയെ, ഇന്ത്യാ ഹൗസിന്റെ പ്രവർത്തകനായിരുന്ന മദൻ ലാൽ ഢീംഗ്റ വെടിവെച്ചുകൊന്നു. ഈ കൊലപാതകത്തിനു ശേഷം ഇന്ത്യാ ഹൗസ് അടിച്ചമർത്തപ്പെടുകയും ശ്യാംജി കൃഷ്ണ വർമ്മ അടക്കമുള്ള സംഘടനയുടെ നേതാക്കൾ യൂറോപ്പിലേക്ക് പോകാൻ നിർബന്ധിക്കപ്പെടുകയും ചെയ്തു. വീരേന്ദ്രനാഥ് ചഥോപാധ്യായ ഉൾപ്പെടെയുള്ള ചില നേതാക്കൾ ജർമനിയിലേക്കും, മറ്റ് ചില നേതാക്കൾ പാരീസിലേക്കും താമസം മാറ്റി. [1]
ഒന്നാം ലോകയുദ്ധത്തിന്റെ ആരംഭകാലത്തിൽ ഇന്ത്യൻ ദേശീയനേതാക്കൾ മറ്റ് രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിക്കാൻ തുടങ്ങി. 1912-ന്റെ തുടക്കത്തിൽ ജർമൻ വിദേശ ഓഫീസ്, ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കുന്നതിനായി ബംഗാളി വിപ്ലവ പ്രസ്ഥാനത്തെയും പാൻ - ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തെയും സഹായിക്കാൻ തീരുമാനിച്ചു. [2]
1914 ജൂലൈ 31-നാണ് ഇന്നത്തെ ജർമ്മൻ ഭരണാധികാരിയായിരുന്ന കൈസർ ഇത്തരത്തിൽ തീരുമാനമെടുത്തത്. ജർമനിയ്ക്കെതിരെയുള്ള ബ്രിട്ടന്റെ രഹസ്യനീക്കങ്ങളായിരുന്നു ഇതിന്റെ കാരണം. [2] 1914 സെപ്റ്റംബറിൽ ജർമൻ ചാൻസലറായിരുന്ന തിയോബാൾഡ് വോൻ ബെത്മാൻ - ഹോൾവെഗിനെ ബ്രിട്ടീഷ് ഇന്ത്യയ്ക്കെതിരെയുള്ള ജർമനിയുടെ പ്രവർത്തനങ്ങൾ ഏൽപ്പിക്കുകയുണ്ടായി. [2][3] ആർക്കിയോളജിസ്റ്റും പുതിയതായി രൂപീകരിച്ച ഇന്റലിജൻസ് ബ്യൂറോയുടെ തലവനുമായിരുന്ന മാക്സ് വോൺ ഓപ്പൻഹെയ്ം ആയിരുന്നു ജർമൻ ശ്രമങ്ങളുടെ മറ്റൊരു നേതാവ്. ഓപ്പൻഹെയ്ം, ഇന്ത്യൻ വിദ്യാർത്ഥികളുടെ ചെറിയ സംഘങ്ങളെ ഏകോപിപ്പിച്ചു. കൂടാതെ പദ്ധതി സുഗമമാക്കാൻ ഹർ ദയാലിനോടും സഹായം അഭ്യർത്ഥിച്ചു.
ജർമ്മനിയിൽ താമസിച്ചിരുന്ന ഒരു കൂട്ടം ഇന്ത്യക്കാർ, ഹെയ്ഡെൽബർഗ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ശേഷം അന്ന് ഡൂസൽഡോർഫിൽ അധ്യാപകനായി ജോലി ചെയ്തവന്നിരുന്ന എം. പ്രഭാകറിന്റെ നേതൃത്വത്തിൽ അബ്ദുർ റഹ്മാൻ, എ. സിദ്ദിഖി, എന്നിവരോടൊപ്പം ഇംഗ്ലണ്ടിനും ഫ്രാൻസിനുമെതിരെ പ്രസ്താവനകൾ ഇറക്കുകയുണ്ടായി. ഇവരെക്കൂടി സംയോജിപ്പിച്ചുകൊണ്ട് ഓപ്പൻഹെയ്ം തന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിച്ചു. ഇന്ത്യയിലും റഷ്യൻ അതിർത്തിയിലുമുള്ള വിപ്ലവ പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കാനുള്ള ചുമതല ഓട്ടോ ഗന്തർ വോൺ വെസെൻഡോൻക്കിനായിരുന്നു. [4] ഇവരുടെ സഹായത്തോടെ അന്ന മരിയ സൈമൺ, അബിനാഷ് ഭട്ടാചാര്യ, വീരേന്ദ്രനാഥ് ചഥോപാധ്യായ എന്നിവരും സമാനമായ പ്രഖ്യാപനങ്ങൾ ഇംഗ്ലണ്ടിനും ഫ്രാൻസിനുമെതിരെ നടത്തുകയുണ്ടായി. ഇവ ഓസ്ട്രിയ - ഹംഗറി, സ്വിറ്റ്സർലൻഡ്, നെതർലാന്റ്സ്, ജർമ്മനി എന്നിവിടങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ബെർലിൻ വിദേശ ഓഫീസിൽ വച്ച് ഇവരുടെ നേതൃത്വത്തിൽ യോഗങ്ങളും നടത്തിയിരുന്നു. [1]
ബെർലിനിൽ എത്തിച്ചേർന്നതിനു ശേഷം ഷോനെബർഗ് സബർബിലെ കെട്ടിടത്തിൽ അവർ പുതിയ ആസ്ഥാനം രൂപീകരിച്ചു. അന്നത്തെ വിദേശ ഓഫീസ് ലെയ്സൺ ആയിരുന്ന മാക്സ് വോൺ ഓപ്പൻഹെയ്മുമായി അവർ 1915 സെപ്റ്റംബർ 3-ന് നടത്തിയ യോഗത്തിൽ ചഥോപാധ്യായ, കമ്മിറ്റിയുടെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും അവതരിപ്പിക്കുകയുണ്ടായി. [1]
ഓപ്പൻഹെയ്മിന്റെ സഹായത്തോടെ ജർമ്മനിയിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും സ്വിറ്റ്സർലാൻഡ്, ഓസ്ട്രിയ, നെതർലാന്റ്സ് എന്നിവിടങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും ഈ സന്ദേശങ്ങൾ എത്തിക്കുകയുണ്ടായി. ഇക്കൂട്ടത്തിൽ ഡോ. ധീരേൻ സർക്കാർ, ചാൻജി കെർസാസ്പ്, എൻ.എസ്. മറാത്തെ, ഡോ. ജെ.എൻ. ദാസ്ഗുപ്ത, സി. പദ്മനാഭൻ പിള്ള, സഹോദരനായി ചെമ്പകരാമൻ പിള്ള തുടങ്ങിയവർ ഇതിനെത്തുടർന്ന് സംഘടനയിൽ പുതിയതായി വന്നുചേർന്നു. ഇതിനുശേഷം ബെർലിൻ കമ്മിറ്റി രൂപീകൃതമായി. [1]
സംഘടനാംഗങ്ങൾ അഭ്യർത്ഥിച്ചെങ്കിലും ഓപ്പൻഹെയിം, ജനീവയിൽ താമസിച്ചിരുന്ന ശ്യാംജി കൃഷ്ണ വർമ്മയെ സമീപിക്കാനോ അമേരിക്കൻ ഐക്യനാടുകളിൽ താമസിച്ചിരുന്ന ലാലാ ലജ്പത് റായിയെ സമീപിക്കാനോ തയ്യാറായി. [5] കൂടാതെ ഇംപീരിയലിസ്റ്റ് കക്ഷികളുമായി സഖ്യത്തിലേർപ്പെടാനും ഓപ്പൻഹെയിം വിമുഖത കാട്ടിയിരുന്നു. [4] 1915-ൽ ഹർ ദയാൽ, ബർക്കത്തുള്ള എന്നിവർ ബെർലിൻ കമ്മിറ്റിയിൽ കൂടുതൽ സജീവമായി. യൂറോപ്പിൽ കൂടാതെ ഇസ്താൻബുൾ, ബാഗ്ദാദ്, കാബൂൾ, എന്നിവിടങ്ങളിലും ബെർലിൻ കമ്മിറ്റിയുടെ ആശയങ്ങൾ പ്രചരിച്ചിരുന്നു. [6]
ഏതാനും വർഷങ്ങൾക്കു ശേഷം ബാഘ ജതിൻ ഉൾപ്പെടെയുള്ള ഇന്ത്യൻ വിപ്ലവകാരികളുമായി ബെർലിൻ കമ്മിറ്റി സമ്പർക്കത്തിലേർപ്പെട്ടു. യുദ്ധോപകരണങ്ങൾ ശേഖരിക്കുന്നതിനായി ഫാക്ടറികൾ സന്ദർശിക്കുകയും ജർമനിയിൽ ഉണ്ടായിരുന്ന മറ്റ് ഇന്ത്യക്കാരെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്തു. ലാലാ ഹർദയാൽ അമേരിക്കയിൽ അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം ജർമനിയിലേക്ക് പോവുകയും ബെർലിൻ കമ്മിറ്റിയെ സഹായിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഈ സമയം അമേരിക്കൻ ഐക്യനാടുകളിൽ പ്രവർത്തിച്ചിരുന്ന ഗദ്ദർ പാർട്ടിയുമായും ബെർലിൻ കമ്മിറ്റി ബന്ധം സ്ഥാപിച്ചു. 1915 സെപ്റ്റംബറിൽ ഡോ. ധീരേൻ സർക്കാർ, എൻ.എസ്. മറാത്തെ എന്നിവർ വാഷിങ്ടൺ ഡി.സി. സന്ദർശിക്കുകയും അന്നത്തെ ജർമ്മൻ അംബാസഡറായിരുന്ന ജോഹാൻ വോൺ ബെർൻസ്റ്റോഫ് ഗദ്ദർ പാർട്ടിയുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്തു.
ബെർലിൻ - ഇന്ത്യൻ കമ്മിറ്റി(1915-നു ശേഷം ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി), ഇൻഡോ - ജർമ്മൻ - ടർക്കിഷ് സഖ്യം രൂപീകരിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രക്ഷോഭം നടത്താൻ ഇൻഡോ - ഇറാനിയർ അതിർത്തികളിലെ നിവാസികളെ പ്രേരിപ്പിച്ചു. [7] ഇതേ സമയം ഇസ്താംബുളിൽ താമസിച്ചിരുന്ന ഖൈരി സഹോദരന്മാരുമായും ബെർലിൻ കമ്മിറ്റി ബന്ധപ്പെട്ടിരുന്നു. 1917-ൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ കാശ്മീർ, നോർത്ത് - വെസ്റ്റ് ഫ്രോന്റിയർ പ്രൊവിൻസ് എന്നിവിടങ്ങളിൽ സമരങ്ങൾ സംഘടിപ്പിക്കാൻ കമ്മിറ്റി നിർദ്ദേശിച്ചു. മൗലാനാ ഉബൈദ് അല്ലാ സിന്ധി, മഹ്മൂദ് അൽ ഹസൻ എന്നിവരടങ്ങുന്ന മറ്റൊരു സംഘം കാബൂളിലേക്ക് 1915 ഒക്ടോബറിൽ സഞ്ചരിച്ചു. ഉബൈദ് അല്ലാ അഫ്ഗാനിസ്താന്റെ അമീറിനോട് ബ്രിട്ടനുമായി യുദ്ധം പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു.
കാബൂളിൽ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ഇതേ സമയം ഉബൈദ് അല്ലാ നേതൃത്വം നൽകി. [8][9][10]ഇതിനെത്തുടർന്ന് ഒരു പ്രത്യേക മിഷന് ബെർലിൻ കമ്മിറ്റി രൂപം നൽകുകയുണ്ടായി. [9][11]
നസറുള്ള ഖാൻ, ഇനായത്തുള്ള ഖാൻ, അമാനുള്ള ഖാൻ തുടങ്ങിയവർ ബെർലിൻ കമ്മിറ്റിയെ സഹായിച്ചിരുന്നു. [9] അഫ്ഗാനിസ്താനിലെ പ്രധാനപ്പെട്ട ദിനപത്രങ്ങളിലൊന്നായ സിറാജ് അൽ അക്ബറിന്റെ ഔദ്യോഗിക എഡിറ്ററായി 1916-ൽ ബർക്കത്തുള്ള ഖാൻ ചുമതലയേറ്റു. ഈ ദിനപത്രത്തിന്റെ എഡിറ്റർ മഹ്മൂദ് തർസി, രാജാ മഹേന്ദ്ര പ്രതാപ് രചിച്ച ചില ലേഖനങ്ങളും ബ്രിട്ടീഷിനെതിരായുള്ള ലേഖനങ്ങളും പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. 1916-ഓടെ പത്രത്തിലെ ഇത്തരം ലേഖനങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ ആരംഭിച്ചു. [9] 1916 - ൽ കാബൂളിൽ വച്ച് ഒരു താൽക്കാലിക ഇന്ത്യൻ സർക്കാരിന് ബെർലിൻ കമ്മിറ്റി രൂപംനൽകി.
രാജാ മഹേന്ദ്ര പ്രതാപ് പ്രസിഡന്റായി പ്രവർത്തിച്ച ഈ സർക്കാരിന്റെ പ്രധാനമന്ത്രി ബർക്കത്തുള്ളയും, ഇന്ത്യയുടെ മന്ത്രി ഉബൈദ് അൽ സിന്ധിയും, യുദ്ധത്തിനായുള്ള മന്ത്രി മൗലവി ബഷീറും, വിദേശകാര്യ മന്ത്രി ചെമ്പകരാമൻ പിള്ളയുമായിരുന്നു. ഈ സർക്കാർ റഷ്യൻ ഭരണകൂടത്തിന്റെയും റിപ്പബ്ലിക്ക് ഓഫ് ചൈനയുടംയും ജപ്പാന്റെയും സഹായങ്ങൾ തേടിയിരുന്നു. [11]
1917-ൽ റഷ്യയിൽ നടന്ന ഫെബ്രുവരി വിപ്ലവത്തെത്തുടർന്ന് രാജാ മഹേന്ദ്ര പ്രതാപിന്റെ സർക്കാർ, പുതിയ സോവിയറ്റ് സർക്കാരുമായി ബന്ധം പുലർത്തിവന്നു. 1918-ൽ ലിയെഫ് ഡേവിഡോവിച് ട്രോട്സ്കിയെ പെട്രോഗ്രാഡിൽ വച്ച് പ്രതാപ് സന്ദർശിക്കുകയുണ്ടായി. തുടർന്ന് ബെർലിനിൽ ചെന്ന് കൈസറിനെയും സന്ദർശിച്ചു. ബ്രിട്ടീഷ് ഇന്ത്യയ്ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുവരോടും അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. [12] ബ്രിട്ടീഷുകാരുടെ സമ്മർദ്ദത്താൽ അഫ്ഗാൻകാർ മിഷന് നൽകിയിരുന്ന പിന്തുണ പിൻവലിക്കുകയും മിഷൻ അവസാനിക്കുകയും ചെയ്തു. ഈ മിഷന് അഫ്ഗാനിസ്താനിലെ രാഷ്ട്രീയ - സാമ്പത്തിക രംഗങ്ങളിൽ മാറ്റങ്ങളുണ്ടാക്കാൻ സാധിച്ചിരുന്നു. [12]
1918 നവംബറിൽ ബെർലിൻ കമ്മിറ്റിയെ ഔദ്യോഗികമായി പിരിച്ചുവിട്ടു. കമ്മിറ്റി അംഗങ്ങളിൽ ഭൂരിഭാദം പേരും പിന്നീട് സോവിയറ്റ് റഷ്യയിലേക്ക് പോവുകയുണ്ടായി. 1917 മുതൽ 1920 വരെയുള്ള കാലയളവിൽ ഇവരിൽ ഭൂരിഭാഗം പേരും കമ്മ്യൂണിസത്തിൽ സജീവമാവുകയും ചെയ്തിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.