യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫെഡറൽ പാർലമെന്റ്ററി രാജ്യമാണ് ജർമ്മനി (ഔദ് From Wikipedia, the free encyclopedia
യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫെഡറൽ പാർലമെന്റ്ററി രാജ്യമാണ് ജർമ്മനി (ഔദ്യോഗിക നാമം: ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി, ജർമൻ ഭാഷയിൽ : Bundesrepublik Deutschland) . ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാജ്യങ്ങളിലൊന്നാണിത്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണു ജർമ്മനി. ഡെന്മാർക്ക്, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ്, ഫ്രാൻസ്, ബെൽജിയം, നെതർലന്റ്സ്, ലക്സംബർഗ്, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് എന്നിവയാണ് അയൽ രാജ്യങ്ങൾ. 357,021 ചതുരശ്ര കി മീറ്ററിൽ (137,847 ചതുരശ്ര മൈൽ) പരന്നു കിടക്കുന്ന ഈ രാജ്യം 16 സംസ്ഥാനങ്ങൾ ചേർന്നവയാണ്. പരക്കെ മിതശീതോഷ്ണകാലാവസ്ഥയാണ് ഇവിടെ ഉള്ളത്.81.5 ദശലക്ഷം നിവാസികളുമായി ജർമ്മനിയാണ് യൂറോപ്യൻ യൂണിയന്റെ ഏറ്റവും ജനസംഖ്യയുള്ള അംഗം. ബെർലിൻ ആണ് രാജ്യതലസ്ഥാനവും ഏറ്റവും വലിയ നഗരവും.രാഷ്ട്രപതി രാജ്യത്തലവനും ചാൻസ്‍ലർ ഭരണത്തലവനും ആണ്. അമേരിക്ക കഴിഞ്ഞാൽ കുടിയേറ്റക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലവും ജർമ്മനിയാണ്. നഴ്സിംഗ്, എഞ്ചിനീയറിംഗ് മേഖലകളിലേക്ക് വിദഗ്ദ തൊഴിലാളികളെ ഇവിടെ വിദേശത്തു നിന്നും എടുക്കാറുണ്ട്. ജർമൻ ഭാഷയിൽ ഉള്ള പ്രാവീണ്യം ഇതിന് ആവശ്യമാണ്. കൂടാതെ ജർമ്മനിയിൽ പൊതു സർവകലാശാലകളിൽ വിദ്യാഭ്യാസം സൗജന്യമാണ്. വിദ്യാഭ്യാസത്തിന് വേണ്ടിയും വിദേശ വിദ്യാർഥികൾ ഇവിടേക്ക് എത്താറുണ്ട്. മലയാളി നഴ്സുമാരുടെ ഒരു കുടിയേറ്റ രാജ്യം കൂടിയാണ് ജർമ്മനി.
Federal Republic of Germany | |
---|---|
മുദ്രാവാക്യം: "Einigkeit und Recht und Freiheit" (de facto) (ഇംഗ്ലീഷ്: "Unity and Justice and Freedom") | |
ദേശീയഗാനം: "Deutschlandlied"[b] (ഇംഗ്ലീഷ്: "Song of Germany") | |
തലസ്ഥാനം | Berlin[c] 52°31′N 13°23′E |
Official language and national language | German[d] |
Ethnic groups |
|
മതം |
|
Demonym(s) | German |
സർക്കാർ | Federal parliamentary republic |
• President | Frank-Walter Steinmeier |
• Chancellor | Angela Merkel |
• President of the Bundestag | Wolfgang Schäuble |
• President of the Bundesrat | Reiner Haseloff |
• President of the Federal Constitutional Court | Andreas Voßkuhle |
നിയമനിർമ്മാണസഭ | |
• Upper house | Bundesrat |
• Lower house | Bundestag |
Formation | |
• German Empire | 18 January 1871 |
9 November 1918 | |
30 January 1933 | |
1945–1990 | |
• Basic Law adopted | 8 May 1949 |
1 January 1958 | |
• Reunification | 3 October 1990 |
വിസ്തീർണ്ണം | |
• മൊത്തം | 357,386 കി.m2 (137,988 ച മൈ)[7] (62nd) |
ജനസംഖ്യ | |
• 2018 estimate | 83,019,200[8] (17th) |
• Density | 232/കിമീ2 (600.9/ച മൈ) (58th) |
ജിഡിപി (പിപിപി) | 2019 estimate |
• Total | $4.555 trillion[9] (5th) |
• പ്രതിശീർഷ | $54,983[9] (18th) |
ജിഡിപി (നോമിനൽ) | 2019 estimate |
• ആകെ | $4.117 trillion[9] (4th) |
• പ്രതിശീർഷ | $49,692[9] (17th) |
Gini (2017) | 29.1[10] low inequality |
HDI (2017) | 0.936[11] very high (5th) |
നാണയം | Euro (€) (EUR) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
ഡ്രൈവ് ചെയ്യുന്നത് | Right |
ടെലിഫോൺ കോഡ് | +49 |
ISO 3166 കോഡ് | DE |
ഇന്റർനെറ്റ് TLD | .de and .eu |
വിവിധ ജർമ്മൻ ഗോത്രങ്ങൾ ക്ലാസിക്കൽ യുഗം മുതൽക്കു തന്നെ ഉത്തരജർമ്മനിയെ സ്വായത്തമാക്കിയിരുന്നു. ജർമ്മാനിയ എന്ന ഒരു പ്രദേശത്തെ പറ്റി 100 എ ഡി ക്ക് മുമ്പ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റ കാലഘട്ടത്തിൽ ജർമ്മൻ ഗോത്രങ്ങൾ ദക്ഷിണ ദിശയിലേക്കു വ്യാപിക്കാൻ തുടങ്ങി. 10 ആം നൂറ്റാണ്ടിന്റെ ആരംഭകാലത്തിൽ ജർമ്മൻ പ്രദേശങ്ങൾ വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ കേന്ദ്രമായി രൂപീകരിച്ചിരുന്നു. 16 ആം നൂറ്റാണ്ടിൽ ഉത്തരജർമ്മനിയിലെ പ്രദേശങ്ങൾ പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ കേന്ദ്രമാവുകയും ചെയ്തു.
ജർമ്മൻ കോൺഫെഡറേഷന്റെ അകത്തുണ്ടായ പാൻ-ജർമ്മനിസത്തിന്റെ ഉദയം 1871ൽ പല ജർമ്മൻ സംസ്ഥാനങ്ങളും ഏകീകരിച്ചു പ്രഷ്യൻ ആധിപത്യ ജർമ്മനി ഉടലെടുക്കാൻ കാരണമായി. ഒന്നാം ലോക മഹായുദ്ധത്തിനും 1918-1919 ലെ ജർമ്മൻ വിപ്ലവത്തിനും ശേഷം, പ്രസ്തുത സാമ്രാജ്യത്തെ പാർലമെൻററി വയ്മർ റിപബ്ലിക് പകരം വക്കുകയാണുണ്ടായത്. 1933 ഇൽ സ്ഥാപിതമായ നാഷണൽ സോഷ്യലിസ്റ്റ് ഏകാധിപത്യം രണ്ടാം ലോകമഹായുദ്ധത്തിലേക്കും ചിട്ടയായ വംശഹത്യക്കും വഴി തെളിച്ചു. 1945 നു ശേഷം ജർമ്മനി കിഴക്കൻ ജർമ്മനി എന്നും പശ്ചിമ ജർമ്മനി എന്നും രണ്ടായി വിഭജിക്കപ്പെട്ടു. 1990 ഇൽ രാജ്യം വീണ്ടും ഏകീകരിക്കപ്പെട്ടു.
21ആം നൂറ്റാണ്ടിൽ, ജർമ്മനി ഒരു പ്രമുഖശക്തിയും മൊത്ത ആഭ്യന്തര ഉത്പാദനം വഴി ലോകത്തിലെ നാലാമത്തെയും പർച്ചേസിങ്ങ് പവർ പാരിറ്റി (പി പി പി) വഴി അഞ്ചാമത്തെയും വലിയ സമ്പദ് വ്യവസ്ഥക്ക് ഉടമയുമാണ്. നിരവധി വ്യവസായ സാങ്കേതിക മേഖലകളിലെ ഒരു ആഗോള നേതാവ് എന്ന നിലക്ക് ഈ രാജ്യം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി ഇറക്കുമതി രാജ്യമാണ്. ഇന്ന് ഒരു വിദഗ്ദ്ധവും സൃഷ്ടിപരവുമായ ഒരു സമൂഹത്താൽ സൃഷ്ട്ടിക്കപ്പെട്ട വളരെ ഉയർന്ന ജീവിതസാഹചര്യങ്ങളുള്ള രാജ്യമായി ജർമ്മനി മാറി കഴിഞ്ഞിരിക്കുന്നു. സാമൂഹികസുരക്ഷയെയും സാർവത്രിക ആരോഗ്യ സംരക്ഷണത്തെയും പരിസ്ഥിതി സംരക്ഷണത്തെയും സൗജന്യവിദ്യാഭ്യാസത്തെയും ഈ രാജ്യം ഉയർത്തിപ്പിടിക്കുന്നു.
1993 ലെ യൂറോപ്യൻ യൂണിയന്റെ ഒരു സ്ഥാപകാംഗമാണ് ജർമ്മനി. ഐക്യരാഷ്ട്രസഭ, നാറ്റോ, ജി8, ജി20 എന്നിവയിൽ അംഗമാണ്. ദേശീയ സൈനിക ചെലവ് ലോകത്തിലെ ഉയർന്ന ഒമ്പതാമ്മത്തെയാണ്. സമ്പന്നമായ സാംസ്കാരിക ചരിത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന ജർമ്മനി എക്കാലവും കലാകാരന്മാർ, [[തത്ത്വചിന്തകർ, സംഗീതജ്ഞർ, കളിക്കാർ, സംരംഭകർ, ശാസ്ത്രജ്ഞർ തുടങ്ങിയവരെ സ്വാധീനിച്ചിട്ടുണ്ട്.
ജർമ്മനി എന്ന ആംഗലേയ പദത്തിന്റെ ഉദ്ഭവം ലാറ്റിൻ പദമായ ജെർമാനിയയിൽ നിന്നാണ്. റൈനിന്റെ പൂർവ ഭാഗത്തു ജർമ്മാനിക് ജനതകൾ ജീവിച്ചിരുന്ന പ്രദേശത്തെ വിശേഷിപ്പിക്കാൻ ജൂലിയസ് സീസർ മുതലുള്ളവർ ഉപയോഗിച്ചിരുന്ന വാക്കാണിത്.
ജർമ്മനിയുടെ ജർമ്മൻ പദമാണ് ഡോയ്ച്ച്ലാൻഡ് ("ജർമ്മൻ ഭൂമി"). അതിലെ "ഡോയ്ച്ച്" ആദ്യം ജർമ്മൻ ഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിച്ചു തുടങ്ങി. "ജനങ്ങളുടെ" എന്നായിരുന്നു അതിന്റെ ആദ്യത്തെ അർഥം. റോമാക്കാരുടെ ഭാഷയും സംസ്കാരവും സ്വീകരിച്ച പടിഞ്ഞാറൻ അതിരിലെ ജർമ്മാനിക് വംശജരിൽ നിന്നും (അതായത് ലത്തീനും തുടർന്ന് ഫ്രഞ്ചും സംസാരിച്ചവരിൽ നിന്നും) ജർമ്മാനിക് ജനങ്ങളുടെ സ്വന്തം ഭാഷയെ അടയാളപ്പെടുത്തുകയായിരുന്നു ഉദ്ദേശം.
മാവർ 1 തരത്തിൽ പെട്ട താടിയെല്ലുകളുടെ കണ്ടുപിടിത്തം കാണിക്കുന്നത് 600,000 വർഷങ്ങൾക്കു മുമ്പ് തന്നെ പ്രാചീന മനുഷ്യർ ജർമ്മനിയിൽ ഉണ്ടായിരുന്നു എന്നാണ്. കണ്ടുപിടിക്കപ്പെട്ടത്തിൽ ലോകത്തിൽ തന്നെ വച്ചേറ്റവും പഴയ നായാട്ടായുധങ്ങൾ കണ്ടെടുത്തത് ഷോനിഗനിലെ ഒരു കല്ക്കരി ഖനിയിൽ നിന്നാണ്. 6-7.5 അടി നീളം വരുന്നതും 380,000 വർഷങ്ങൾ പഴക്കം വരുന്നതുമായ 3 കുന്തങ്ങളാണ് അവിടെ നിന്നും ഖനനം ചെയ്തെടുത്തിട്ടുള്ളത്.ആധുനിക മനുഷ്യരല്ലാത്തതും നിയാണ്ടർത്താൽ മനുഷ്യരെന്നും വിളിക്കപ്പെടുന്ന മനുഷ്യജാതിയുടെ ഫോസിലുകൾ ഏറ്റവും ആദ്യം കുഴിച്ചെടുത്തത് നിയാണ്ടർ താഴ്വരയിൽ നിന്നാണ്. 40,000 വർഷത്തോളം പഴക്കം വരുന്നവയാണ് നിയാണ്ടർത്താൽ 1 ഇൽ പെട്ട ഫോസിലുകൾ.ഏതാണ്ട് അത്രതന്നെ പഴക്കം വരുന്ന ആധുനിക മാനവന്റെ തെളിവുകൾ ഉല്മിനടുത്തുള്ള സ്വാബിയൻ ജുറയിലെ ഗുഹകളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മാമ്മത്തുകളുടെ കൊമ്പിലും കിളികളുടെ എല്ലിലും നിർമ്മിച്ചതും 42,000 വർഷം പഴക്കം വരുന്നതും ആയ കണ്ടെടുക്കപ്പെട്ടവയിൽ വച്ചേറ്റ് പഴക്കം ഉള്ള സംഗീതോപകരണങ്ങളും, 40,000 വർഷം പഴക്കമുള്ള ഹിമയുഗ സിംഹമനുഷ്യനും (കേടുകൂടാതെ ലഭിച്ചിട്ടുള്ള ഏറ്റവും പുരാതനമായ ലക്ഷണയുക്തമായ കലാശില്പം) 35,000 വർഷം പഴക്കമുള്ള ഹോളെ ഫെല്സിലെ വീനസും (കേടുകൂടാതെ ലഭിച്ചിട്ടുള്ള ഏറ്റവും പുരാതനമായ മനുഷ്യരൂപത്തിലുള്ള ലക്ഷണയുക്തമായ കലാശില്പം) തുടങ്ങിയവ ഇവയിൽ പെടുന്നു.നെബ്രക്ക് അടുത്തുള്ള സക്സൊണി-അൻഹാൾട്ടിൽ യുറോപ്പ്യൻ വെങ്കല യുഗത്തിൽ നിർമ്മിക്കപ്പെട്ട വെങ്കല ശില്പ്പമാണ് നെബ്ര ആകാശ ഫലകം. UNESCOയുടെ Memory of world registerഇലെ ഒരു ഭാഗമാണ് ഇന്നത്.
നോർഡിക് വെങ്കലയുഗത്തോളമോ പ്രീ-റോമൻ ഇരുമ്പ് യുഗത്തോളമോ പുരാതനമാണ് ജർമ്മൻ ഗോത്രങ്ങൾ എന്ന് കരുതപ്പെടുന്നു. ബി സി ഒന്നാം നൂറ്റാണ്ട് തൊട്ടു ദക്ഷിണ സ്കാൻഡിനേവിയയും ഉത്തര ജർമ്മനിയും കടന്നു നാനാദിക്കുകളിലേക്കും വികസിച്ച അവർ ഗൌളിലെ കെൽറ്റിക് ഗോത്രങ്ങളായും അതുപോലെ തന്നെ മധ്യ-പൂർവ യൂറോപ്പിലെ ഇറാനിയൻ, ബാൾടിക്,സ്ലാവിക് ഗോത്രങ്ങളുമായി ബന്ധം പുലർത്തി. അഗസ്റ്റസിന്റെ കീഴിൽ റോം റൈൻ തൊട്ടു യുറാൾ മലനിരകൾ വരെയുള്ള ജെർമാനിയയെ പിടിച്ചെടുക്കുവാൻ തുടങ്ങി. എ ഡി 9 ൽ, മൂന്നു റോമൻ ലീജനുകളെയും നയിച്ചുകൊണ്ട് വന്ന വാരുസിനെ ചെറുസ്കാൻ നേതാവായ ആർമിനിയുസ് തോല്പ്പിക്കുകയുണ്ടായി. എ ഡി 100 ൽ ടാച്ചിറ്റുസ് "ജർമ്മാനിയ" എഴുതുമ്പോഴേക്കും ജർമ്മൻ ഗോത്രങ്ങൾ ആധുനിക ജർമ്മനിയുടെ സിംഹഭാഗവും കീഴടക്കിക്കൊണ്ട് റൈനിന്റെയും ഡാന്യുബിന്റെയും കരകളിൽ താമസം തുടങ്ങി കഴിഞ്ഞിരുന്നു. എന്നിരുന്നാലും ആസ്ത്രിയ, ബാഡെൻ വ്യൂർട്ടെൻബെർഗ്, തെക്കൻ ബവാറിയ, തെക്കൻ ഹെസ്സൻ,പടിഞ്ഞാറൻ റൈൻലാൻഡ് തുടങ്ങിയ അപ്പോഴും റോമൻ പ്രവിശ്യകളായിരുന്നു.
മൂന്നാം നൂറ്റാണ്ടിൽ അലെമാന്നി, ഫ്രാങ്ക്സ്, ചാറ്റി, സാക്സണുകൾ, ഫ്രിസി, സികാംബ്രി, തുറിങ്ങി തുടങ്ങിയ ഒരുപാട് പൂർവ ജർമ്മൻ ഗോത്രങ്ങൾ ഉടലെടുക്കുകയുണ്ടായി. 260ഓടു കൂടി ജനങ്ങൾ റോമൻ നിയന്ത്രിത ഭൂമി കയ്യേറാൻ തുടങ്ങി. 375 ലെ ഹുൺ അധിനിവേശങ്ങൾക്കും 395 ലെ റോമൻ തകർച്ചയെ തുടർന്നും ജർമ്മൻ ഗോത്രങ്ങൾ കൂടുതലായി ദക്ഷിണ-പൂർവ ദിക്കുകളിലേക്ക് നീങ്ങാൻ തുടങ്ങി. സമകാലികമായി ഇന്നത്തെ ജർമ്മനിയിൽ വലിയ ഗോത്രങ്ങൾ ഉടലെടുക്കുകയും അവ ചെറിയ ഗോത്രങ്ങളെ പകരം വക്കുകയും ചെയ്തു. മെറോവിന്ജിയൻ കാലഘട്ടത്തോടെ ആസ്ട്രേഷ്യ, നോയ്സ്ട്രിയ, അക്വിറ്റെയിൻ തുടങ്ങിയവ കീഴടക്കിയ ഫ്രാങ്കുകൾ ഫ്രാൻസിന്റെ മുന്നോടിയായ ഫ്രാങ്കിഷ് രാജ്യം സ്ഥാപിച്ചു. വടക്കൻ ജർമ്മനി സാക്സണുകളും സ്ലാവുകളും ആണ് ഭരിച്ചിരുന്നത്.
എഡി 800 ൽ ഫ്രാങ്കുകളുടെ രാജാവായിരുന്ന മഹാനായ ഷാർലെമെയിൻ ചക്രവർത്തിയാകുകയും കരോലിന്ഗിയൻ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് 843 ൽ അത് അവകാശികൾക്ക് വിഭജിക്കപ്പെട്ടു. അതിലെ കിഴക്കൻ ഭാഗമാണ് പിന്നീട് വിശുദ്ധ റോമാ സാമ്രാജ്യമായി നിലനിന്നത്. ഏതാണ്ട് 900 വർഷത്തോളം ജർമനിയുടെ ചരിത്രം വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ ചരിത്രവുമായി കൂടിപിണഞ്ഞാണ് കിടന്നത്. വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അതിരുകൾ ഐദെർ നദി മുതൽ മെഡിറ്ററേനിയൻ തീരം വരെ വ്യാപിച്ചു കിടന്നു.
ഓട്ടോണിയൻ ഭരണാധികാരികൾ (919-1024) പല ജർമ്മൻ ഡച്ചികളെ ഒന്നിപ്പിക്കുകയും അങ്ങനെ ജർമ്മൻ രാജാവായ മഹാനായ ഓട്ടോ (ഓട്ടോ I) 962 ൽ വിശുദ്ധ റോമാ സാമ്രാജ്യത്തിൻറെ ചക്രവർത്തിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 996-ൽ ഓട്ടോ III ബന്ധുവായ ഗ്രിഗറി V നെ ആദ്യ ജർമൻ പോപ്പായി നിയമിച്ചു. അവകാശികൾ ഇല്ലാതെ ഓട്ടോനിയൻ രാജവംശം അവസാനിച്ച ശേഷം സാലിയൻ രാജവംശം (1024-1125) വിശുദ്ധ റോമൻ ചക്രവർത്തിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഉത്തര ഇറ്റലിയെയും ബർഗണ്ടിയെയും അവർ ആഗിരണം ചെയ്തു.
12 ആം നൂറ്റാണ്ടിൽ, ഹോഹെൻസ്റ്റൗഫെൻ ഭരണത്തിന്റെ (1138-1254) കീഴിൽ ജർമൻ രാജകുമാരന്മാർ തങ്ങളുടെ സ്വാധീനം സ്ലാവുകൾ ഭരിച്ചിരുന്ന കിഴക്ക് തെക്ക് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും അവിടത്തെ കുടിയേറ്റങ്ങളെ പ്രൊഹൽസാഹിപ്പിക്കുകയും ചെയ്തു. ഇതിനെ കിഴക്കൻ കുടിയേറ്റ പ്രസ്ഥാനം (Ostsiedlung) എന്ന് വിളിക്കുന്നു.കൂടുതലായും വടക്കൻ ജർമ്മനിയിലെ നഗരങ്ങൾ ഉൾപ്പെടുന്ന ഹാൻസെറ്റിക് ലീഗിലെ അംഗങ്ങൾ ഈ വ്യാപാര വികാസങ്ങളിൽ അഭിവൃദ്ധി പ്രാപിച്ചു. തെക്കൻ ജർമ്മനിയിൽ ഏതാണ്ടതേ പ്രവർത്തനം നൽകിയത് ഗ്രേറ്റർ റാവെൻസ്ബർഗ് ട്രേഡ് കോർപ്പറേഷൻ ആയിരുന്നു. ചക്രവർത്തിയുടെ തിരഞ്ഞെടുപ്പ് ഏറ്റവും ശക്തരായ ഏഴ് പ്രധാനികളും ആർച്ബിഷപ്പുകളും അടങ്ങുന്ന പ്രഭു വോട്ടർമാരിൽ ക്രോഡീകരിച്ചും അടിസ്ഥാന ഭരണഘടനയെ ഉൾക്കൊള്ളിച്ചുക്കൊണ്ടും ചാൾസ് IV 1356 ൽ ഗോൾഡൻ ബുൾ പുറത്തിറക്കുകയുണ്ടായി.
1315 ലെ മഹാക്ഷാമത്തെയും 1348-50 കളിലെ പ്ലേഗിനെയും തുടർന്ന് 14ആം നൂറ്റാണ്ടിന്റെ പകുതിയോടു കൂടി ജനസംഖ്യ കുറയുകയുണ്ടായി. കുറവുണ്ടായിട്ടും ജർമ്മനിയിലെ കലാകാരന്മാരും എഞ്ചിനീയർമാരും ശാസ്ത്രഞ്ജരും അക്കാലത്തു വെനിസ്, ഫ്ലോറൻസ്, ജെനോവതുടങ്ങിയ ഇറ്റാലിയൻ വ്യാപാര നഗരങ്ങളിൽ അവിടത്തെ കലാകാരന്മാരും രൂപകല്പ്പകരും വികസിപ്പിച്ചെടുത്തതിന് സമാനമായ വിദ്യകൾ വികസിപ്പിച്ചെടുക്കുകയുണ്ടായി. ജർമ്മൻ സംസ്ഥാനങ്ങളിലെ കലാ-സാംസ്കാരിക കേന്ദ്രങ്ങൾ ഹാൻസ് ഹോൾബൈൻ, അദ്ദേഹത്തിന്റെ മകനായ ആൽബ്രെച്റ്റ് ഡ്യുറർ തുടങ്ങിയ ഓഗ്സ്ബെർഗ് ചിത്രകാരന്മാരെ സംഭാവന ചെയ്തു.നവോത്ഥാനപ്രസ്ഥാനത്തിനും നവീകരണത്തിനും ബോധവത്കരണ കാലഘട്ടത്തിനും ശാസ്ത്രീയ വിപ്ലവത്തിനും പിറകിൽ ചുക്കാൻ പിടിക്കുകയും ജ്ഞാനാധിഷ്ട്ടിത സമ്പദ് വ്യവസ്ഥക്ക് അടിത്തറ പാകുകയും ചെയ്ത അച്ചടിയന്ത്രം ജോഹന്നാസ് ഗുട്ടൻബർഗ് യൂറോപ്പിന് പരിചയപ്പെടുത്തി കൊടുത്തു.
1517ൽ വിട്ടൻബർഗിലെ സന്ന്യാസി ആയിരുന്ന മാർട്ടിൻ ലൂഥർ തൊണ്ണൂറ്റഞ്ചു വാദങ്ങൾ പ്രസിദ്ധീകരിക്കുകയും റോമൻ കത്തോലിക്കാ സഭയെ വെല്ലുവിളിച്ചുകൊണ്ട് പ്രൊട്ടസ്റ്റൻറ് നവീകരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. 1555ൽ ലൂതെറിനിസം കത്തോലിക്കാ വിശ്വാസങ്ങൾക്കുള്ള ഒരു അംഗീകൃത ബദൽ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഓഗ്സ്ബെർഗ് സമാധാനകരാർ പുറത്തിറക്കി. എന്നാൽ പ്രഭുവിന്റെ വിശ്വാസം ക്യുയിയസ് റെജിയോ, എന്നതിനെ അടിസ്ഥാനമാക്കിയാവണം എന്നും ആ കരാർ വിധിക്കുകയുണ്ടായി. മറ്റു മതവിശ്വാസങ്ങളെ അഭിമുഖീകരിക്കുന്നതിൽ പ്രസ്തുത കരാർ പരാജയപ്പെടുകയാണുണ്ടായത്. കൊളോൺ യുദ്ധം തൊട്ടു മുപ്പതു വർഷത്തെ യുദ്ധത്തിന്റെ (1618–1648) അന്ത്യം വരെയും മതസ്പർദ്ധ ജർമ്മൻ ഭൂമിയെ നശിപ്പിക്കുകയാണ് ചെയ്തത്. ഇത് ജർമ്മൻ സംസ്ഥാനങ്ങളിലെ ജനസംഖ്യ 30 ശതമാനം, ചിലയിടങ്ങളിൽ 80 ശതമാനം വരേയ്ക്കും, കുറയ്ക്കുകയുണ്ടായി.ഒടുവിൽ വെസ്റ്റ്ഫാലിയ സമാധാനകരാർ ജർമ്മൻ സംസ്ഥാനങ്ങൾ തമ്മിലുള്ള മതയുദ്ധങ്ങൾ അവസാനിപ്പിച്ചു. 1648 നു ശേഷം ജർമ്മൻ അധികാരികൾക്ക് റോമൻ കത്തോലിക്കാ വിശ്വാസമോ ലുത്തെറിയനിസമോ നവീകരിച്ച വിശ്വാസമോ അവരുടെ ഔദ്യോകിക മതമായി തിരഞ്ഞെടുക്കാൻ സാധിച്ചു.
18 ആം നൂറ്റാണ്ടിൽ വിശുദ്ധ റോമൻ സാമ്രാജ്യം 1800 ഓളം പ്രദേശങ്ങളായി വിഭജിച്ചാണ് കിടന്നിരുന്നത്. ഏതാണ്ട് 1450-1555 കാലയളവിൽ നടന്ന സാമ്രാജ്യപരമായ മാറ്റങ്ങളുടെ പരമ്പര ഒരു വിശദമായ നിയമവ്യവസ്ഥിതിക്കു തുടക്കം കുറിച്ചു. ഈ പുത്തൻ വ്യവസ്ഥിതി സാമ്രാജ്യ എസ്റ്റെറ്റുകൾ തുടങ്ങാനും അവയ്ക്കെല്ലാം പ്രാദേശിക സ്വയം ഭരണാവകാശം നൽകാനും വഴിവച്ചു. 1438 മുതൽ ചാൾസ് VI ൻറെ മരണം വരെയും ഹൌസ് ഓഫ് ഹാബ്സ്ബർഗായിരുന്നു കിരീടം കയ്യടക്കി വച്ചിരുന്നത്. പിന്തുടര്ച്ചയിൽ ആണവകാശി ഇല്ലാത്തതിനാൽ അധികാരം ചക്രവർത്തിയുടെ കാര്യാലയത്തിനു തന്നെ ആകുമെന്ന് പ്രാഗ്മാടിക് ഉടമ്പടി പ്രകാരം തിരുമാനിക്കുകയുണ്ടായി. ഇത് തീർപ്പാക്കിയതു ഓസ്ട്രിയൻ യുദ്ധത്തോട് കൂടിയാണ്. ഐക്സ്-ലാ-ഉടമ്പടി പ്രകാരം മരിയ തെരേസയുടെ ഭർത്താവ് റോമൻ ചക്രവർത്തിയാവുകയും അവർ ചക്രവർത്തിനി ആയിരുന്നുകൊണ്ട് രാജ്യം ഭരിക്കുകയും ചെയ്തു. 1740 മുതൽ ഓസ്ട്രിയൻ ഹാബ്സ്ബർഗ് രാജ്യഭരണവും പേർഷ്യൻ രാജ്യവും കൂടി ജർമ്മൻ സംസ്ഥാനങ്ങളെ ഭരിക്കാൻ തുടങ്ങി. ഫ്രഞ്ച് വിപ്ലവത്തിൻറെ ഫലമായി മതേതര സ്വതന്ത്ര ഇംപീരിയൽ നഗരങ്ങൾ ഇവർ പിടിച്ചെടുത്തു. 1806 ൽ സാമ്രാജ്യത്വം അവസാനിക്കുകയും ജർമ്മൻ സംസ്ഥാനങ്ങൾ ഫ്രഞ്ച് സ്വാധീനത്തിൽ വീഴുകയും ചെയ്തു. 1815 വരെ ഫ്രാൻസ്, റഷ്യ,പേർഷ്യ ഹാബ്സ്ബർഗ് തുടങ്ങിയവർ ജർമ്മൻ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ മത്സരിക്കുകയായിരുന്നു.
നെപ്പോളിയന്റെ വീഴ്ചയെ തുടർന്ന് 1814 ൽ വിയന്നാ കോൺഗ്രസ് സമ്മേളിക്കുകയും 39 സംസ്ഥാനങ്ങൾ അടങ്ങിയ ജർമ്മൻ സഖ്യത്തെ സ്ഥാപിക്കുകയും ചെയ്തു.ഓസ്ട്രിയൻ ചക്രവർത്തിയെ ഇതിന്റെ സ്ഥിരമായ പ്രസിഡന്റ് ആയി നിയമിച്ചത് ജർമ്മൻ സംസ്ഥാനങ്ങളിലെ പേർഷ്യൻ സ്വാധീനം തിരിച്ചറിയുന്നതിൽ പ്രസ്തുത കോൺഗ്രസിന് പറ്റിയ പരാജയമായിരുന്നു.ഒപ്പം ഓഹെൻസോല്ലെർണുകളും ഹാബ്സ്ബർഗും തമ്മിലുള്ള ദീർഘകാല മത്സരം വർധിപ്പിയ്ക്കുകയും ചെയ്തു. പുനഃസ്ഥാപന രാഷ്ട്രീയത്തിന്റെ ഉള്ളിലുള്ള വിയോജിപ്പ് ലിബറൽ മുന്നേറ്റങ്ങളുടെ ഉദയത്തിനു കാരണമായി, ഇത് ഓസ്ട്രിയൻ സ്റ്റേറ്റ്സ്മാൻ മട്ടെർണിച് അടിച്ചമർത്തൽ തുടങ്ങുന്നതിനും കാരണമായി. സോൾവിറീൻ എന്ന ഒരു താരിഫ് യൂണിയൻ ജർമ്മൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഐക്യത്തെ മുന്നോട്ടു കൊണ്ടു പോയി. ഫ്രഞ്ച് വിപ്ലവത്തിന്റെ ദേശീയ ആദർശങ്ങളും ലിബറൽ ആദർശങ്ങളും പലരിലും പ്രത്യേകിച്ച് ജർമ്മൻ യുവാക്കൾക്കിടയിൽ മികച്ച പിന്തുണ നേടി. 1832 മെയിലെ ഹംബാക് ഉത്സവം ജർമ്മൻ ഐക്യത്തിനെയും സ്വാതന്ത്രത്തിനെയും ജനാധിപത്യത്തിനെയും സംബന്ധിച്ച് ഒരു സുപ്രധാന സംഭവമായിരുന്നു. ഫ്രാൻസിനെ ഒരു റിപബ്ലിക് ആക്കാൻ ഇടയായ യൂറോപ്പിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ പരമ്പരയുടെ വെളിച്ചത്തിൽ ബുദ്ധിജീവികളും സാധാരണക്കാരും 1848 ലെ വിപ്ലവത്തിന് തുടക്കം കുറിച്ചു. ഫ്രെഡ്രിക്ക് വില്യം VI ന് ചക്രവർത്തി പദം വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും അധികാരം നഷ്ട്ടമായതിനെ തുടർന്ന് അദ്ദേഹം കിരീടം നിരസിക്കുകയും ഭരണഘടന നിർദ്ദേശിക്കുകയും ചെയ്തു. ഇത് പ്രസ്ഥാനത്തിന് ഒരു താല്കാലിക തിരിച്ചടിയായിരുന്നു.
വില്യം I 1862-ൽ ഓട്ടോ വോൺ ബിസ്മാർക്കിനെ പേർഷ്യയുടെ പ്രസിഡണ്ടായി നിയമിച്ചു.ഡെന്മാർക്കിന് മുകളിലുള്ള യുദ്ധം ബിസ്മാർക്ക് വിജയകരമായി ഉപസംഹരിച്ചു. 1866ലെ ഒസ്ട്രോ-പേർഷ്യൻ യുദ്ധത്തിൽ പേർഷ്യ നേടിയ വിജയം ഓസ്ട്രിയയെ ഒഴിവാക്കിക്കൊണ്ട് ഉത്തര ജർമൻ സംഖ്യം (Norddeutscher Bund) നിർമ്മിക്കാൻ അദ്ദേഹത്തെ സഹായിച്ചു. ഫ്രഞ്ച്-പേർഷ്യൻ യുദ്ധത്തിൽ ഫ്രഞ്ച് നേരിട്ട പരാജയത്തിനു ശേഷം ജർമൻ രാജാക്കന്മാർ 1871 ൽ ഓസ്ട്രിയയെ ഒഴിവാക്കികൊണ്ടുള്ള ജർമ്മൻ സാമ്രാജ്യത്തിന്റെ ഉത്ഭവം വാഴ്സൈലിൽ വച്ച് പ്രഖ്യാപിച്ചു. പുതിയ രാജ്യത്തിന്റെ ആധിപത്യ ഘടകമായ സംസ്ഥാനം പേർഷ്യ ആയിരുന്നു. ബർലിനെ അതിന്റെ തലസ്ഥാനമാക്കിക്കൊണ്ട് പ്രേഷ്യയിലെ വിൽഹം ഓഹെൻസോല്ലെർൺ രാജാവ് ഭരിക്കാൻ തുടങ്ങി.
ജർമ്മനിയുടെ ഏകീകരണത്തിന്റെ പിന്തുടർന്ന് വന്ന ഗ്രന്ദർസെത് കാലഘട്ടത്തിൽ, വില്ല്യം I ൻറെ കീഴിൽ ജർമ്മനിയുടെ ചാൻസലർ ആയിട്ടുള്ള ബിസ്മാർക്കിന്റെ വിദേശനയം ഫ്രാൻസിനെ നയതന്ത്രപരമായി വേർതിരിച്ചു കൊണ്ടും യുദ്ധം ഒഴിവാക്കികൊണ്ടും ജർമ്മനി സഖ്യങ്ങളിലൂടെ ഒരു വലിയ രാഷ്ട്രമായി നിലകൊണ്ടു. 1884 ലെ ബർലിൻ സമ്മേളനത്തിൽ ജർമ്മനി പൂർവ ആഫ്രിക്ക, ദക്ഷിണ-പശ്ചിമ ആഫ്രിക്ക, ടോഗോ, കാമറൂൺ തുടങ്ങിയവ തങ്ങളുടെ കോളനികളാണെന്ന് അവകാശപ്പെട്ടു. വിൽഹെം II ൻറെ കീഴിൽ ജർമ്മനി ഒരു സാമ്രാജ്യത്വ മാർഗ്ഗം സ്വീകരിക്കാൻ തുടങ്ങി. ഇത് അയൽ രാഷ്ട്രങ്ങളുമായി ഉരസലിന് കാരണമായി. മുമ്പുണ്ടായിരുന്ന പല സഖ്യങ്ങളും പുതുക്കാൻ വരികയുണ്ടായില്ല. ഇത് ആസ്ട്രിയ-ഹംഗറിഉൾപ്പെടുന്ന ഒരു ദ്വന്ദ്വ സഖ്യത്തിൻറെ ഉത്ഭവത്തിനു കാരണമായി.തുടർന്ന് 1882 ൽ ഇറ്റലിയെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ത്രിത്രയ സഖ്യം ഉടലെടുത്തു. 1914 ജൂൺ 28 ൽ ഓസ്ട്രിയയുടെ കിരീടാവകാശി വധിക്കപ്പെടുകയും തുടർന്ന് ഓസ്ട്രിയൻ സാമ്രാജ്യം സെർബിയയെ ആക്രമിക്കുകയും ചെയ്തു. ഇത് ഒന്നാം ലോക മഹായുദ്ധം തുടങ്ങാൻ കാരണമായി.നാല് വർഷം നീണ്ട യുദ്ധത്തിൽ ഏതാണ്ട് രണ്ടു ദശലക്ഷം സൈനികർ വധിക്കപ്പെട്ടു. 11 നവംബറിലെ വെടിനിർത്തലിനെ തുടർന്ന് സൈനികർ തിരിച്ചു യുദ്ധമുന്നണിയിൽ നിന്നും പിൻവാങ്ങി. 1918ലെ ജർമ്മൻ വിപ്ലവത്തിൽ വിൽഹെം II നും മറ്റു ഭരണകർത്താക്കളും തങ്ങളുടെ സ്ഥാനങ്ങളും ഉത്തരവാദിത്ത്വങ്ങളും ഉപേക്ഷിച്ചു. ജർമ്മനിയുടെ പുതിയ രാഷ്ട്രീയ നേതൃത്വം 1919 ലെ വാഴ്സൈൽ ഉടമ്പടിയിൽ ഒപ്പുവച്ചു. ഈ ഉടമ്പടി പ്രകാരം അന്നേവരെയുള്ള ഏറ്റവും രക്തരൂഷിതമായ പോരാട്ടങ്ങളിൽ ഒന്നായ ഒന്നാം ലോക മഹായുദ്ധത്തിൽ പരാജയം സമ്മതിച്ചു. ജർമ്മൻകാർ പ്രസ്തുത ഉടമ്പടിയെ അപമാനകരമായും അനീതിപൂർവവും ആയാണ് കണക്കാക്കിയത്. പിന്നീട് ചരിത്രകാരന്മാർ നിരീക്ഷിച്ചത് പോലെ ഇത് അഡോൾഫ് ഹിറ്റ്ലറുടെ ഉദയത്തെ സ്വാധീനിച്ചു.
1918 നവംബറിലെ ജർമ്മൻ വിപ്ലവത്തിന്റെ തുടക്കത്തിൽ തന്നെ ജർമ്മനിയെ ഒരു ജനാധിപത്യരാഷ്ട്രമായി പ്രഖ്യാപിച്ചു. 1919 ഓഗസ്റ്റ് 11 ന് അന്നത്തെ പ്രസിഡന്റ് ആയിരുന്ന ഫ്രീഡ്രിച്ച് എബെർട്ട് വയ്മർ ഭരണഘടനയിൽ ഒപ്പ് വച്ചു. അധികാരത്തിനു വേണ്ടി നടന്ന തുടർന്നുള്ള പോരാട്ടത്തിൽ റാഡിക്കൽ-ഇടത് കമ്യൂണിസ്റ്റുകാർ ബവറിയയിലെ അധികാരം പിടിച്ചെടുത്തു. പക്ഷെ ജർമ്മനിയിലെ മറ്റു ഭാഗങ്ങളിൽ ഉണ്ടായിരുന്ന യാഥാസ്ഥിതിക ഘടകങ്ങൾ കാപ്പ് പുട്സിലെ റിപ്പബ്ലികിനെ പരാജയപ്പെടുത്താനായി ശ്രമിച്ചു. ഇതിനെ ചില സൈനികരും (Reichswehr) മറ്റ് യാഥാസ്ഥിതിക, ദേശീയ, രാജവാഴ്ചാ കക്ഷികളും പിന്തുണച്ചു. പ്രധാന വ്യവസായ കേന്ദ്രങ്ങളിലെ രക്തരൂക്ഷിത തെരുവുയുദ്ധങ്ങൾ, ഫ്രഞ്ച്-ബെൽജിയൻ സൈന്യത്തിന്റെ റുഹ്റിന്റെ പിടിച്ചടക്കൽ, 1922-23ലെ പണപ്പെരുപ്പം, പുതിയ നാണ്യത്തിന്റെ സൃഷ്ടി എന്നിവയ്ക്ക് ശേഷം വന്ന സുവർണ ഇരുപതുകൾ സാംസ്കാരിക കലാപരമായ നവീകരണത്തിന്റെ ഒരു കാലഘട്ടമായിരുന്നു. എല്ലാറ്റിനും താഴെയായി വെഴ്സായ് ഉടമ്പടിയോടുള്ള ശത്രുതയും നൈരാശ്യവും അടുത്ത രണ്ടു ദശാബ്ദത്തിലെ യഹൂദവിരുദ്ധതക്ക് അടിത്തറ പാകുകയായിരുന്നു.സാമ്പത്തിക സാഹചര്യം അസ്ഥിരമായി തുടർന്നു. ചരിത്രകാരന്മാർ 1924-1929 കാലഘട്ടത്തെ ഭാഗിക സ്ഥിരതയുടെ കാലഘട്ടമായി വിശേഷിപ്പിക്കുന്നു. മഹാസാമ്പത്തികമാന്ദ്യം 1929 ൽ ജർമ്മനിയും ആഞ്ഞടിച്ചു. 1930ലെ ഫെഡറൽ തിരഞ്ഞെടുപ്പിനെ തുടർന്ന് തുടർന്ന് ചാൻസലർ ഹെന്രിച്ച് ബ്രൂണിങ്ങിന്റെ സർക്കാർ പാർലമെന്ററി അനുമതിയില്ലാതെ പ്രസിഡന്റ്പോ ൾ ഫൊൺ ഹിൻഡൻബുർഗിനു പ്രവർത്തിക്കാനുള്ള അധികാരം നല്കി.
നാസി പാർട്ടി 1932ലെ പ്രത്യേക ഫെഡറൽ തെരഞ്ഞെടുപ്പ് വിജയിച്ചു. വിജയകരമല്ലാത്ത കേന്ദ്രമന്ത്രിസഭകളുടെ ഒരു പരമ്പരക്കു ശേഷം ഹിണ്ടൻബർഗ് അഡോൾഫ് ഹിറ്റ്ലറെ 1933ൽ ജർമ്മനിയുടെ ചാൻസലറായി പ്രഖ്യാപിച്ചു. റീച്സ്റ്റാഗിലെ തീപ്പിടുത്തത്തിനു ശേഷം പൊതു അവകാശങ്ങൾ റദ്ദ് ആക്കിക്കൊണ്ട് വിധി വരികയും ആഴ്ചകൾക്കുളിൽ ആദ്യ നാസി കോൺസൻട്രേഷൻ ക്യാമ്പ് ഡചാവിൽ തുറക്കുകയും ചെയ്തു. 1933 ലെ ആക്ട് ഹിറ്റ്ലർക്കു പരിധികളില്ലാത്ത നിയമാധികാരം കൊടുത്തു. തുടർന്ന് ഹിറ്റ്ലറുടെ ഗവണ്മെന്റ് ഒരു കേന്ദ്രീകൃത സർവ്വാധിപത്യ രാജ്യം സ്ഥാപിക്കുകയും ലീഗ് ഓഫ് നാഷൻസിൽ നിന്ന് പിൻവാങ്ങുകയും സൈനിക പുനരായുധീകരണം ആരംഭിക്കുകയും ചെയ്തു.
കമ്മി തുകയുപയോഗിച്ചുകൊണ്ടുള്ള സർക്കാരിന്റെ സാമ്പത്തിക നവീകരണ പരിപാടികൾ കേന്ദ്രീകരിച്ചത് പൊതുമരാമത്ത് പദ്ധതികളിലായിരുന്നു. 1934ലെ പൊതുമരാമത്ത് പദ്ധതിയിൽ 1.7 ദശലക്ഷം ജർമ്മൻകാർക്ക് ഉടനെ തൊഴിൽ ലഭിക്കുകയുണ്ടായി.ഇത് അവർക്ക് ഒരു വരുമാനവും സാമൂഹിക ആനുകൂല്യങ്ങളും ലഭിക്കാൻ കാരണമായി. ജർമ്മൻ വാഹനവീഥി എന്നറിയപ്പെടുന്ന റൈച്ഓട്ടോബാൻ ആയിരുന്നു ഏറ്റവും പ്രധാന പദ്ധതി. റൂർ ഡാം തുടങ്ങിയ ജലവൈദ്യുത പദ്ധതികളും ജലസേചന പദ്ധതികളായ സിലെർബാക് ഡാമും ബാക്കിയുള്ളവയിൽ ഉൾപ്പെടുന്നു. അടുത്ത അഞ്ചു വർഷങ്ങൾ കൊണ്ട് തൊഴിലില്ലായ്മ ചുരുങ്ങുകയും ശരാശരി വേതനം ഉയരുകയും ചെയ്തു. 1935ൽ ഭരണകൂടം വെഴ്സായ് ഉടമ്പടിയിൽ നിന്നകലുകയും യഹൂദരെയും മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുന്ന നുറംബർഗ് നിയമങ്ങൾ കൊണ്ട് വരികയും ചെയ്തു. 1935ൽ ഓസ്ട്രിയയോട് ചേർക്കപ്പെട്ട സാറിന്റെയും ചെക്കോസ്ലൊവാക്യയുടെയും നിയന്ത്രണം ജർമ്മനി ഏറ്റെടുത്തു. ജർമ്മൻ ഗവണ്മെന്റ് സ്റ്റാലിന്റെ ഒപ്പം മോളോട്ടൊവ്-റിബ്ബൺട്രോപ് ഉടമ്പടി ഒപ്പ് വച്ചു. 1939ൻറെ അവസാനത്തിൽ ജർമ്മനിയും സോവിയറ്റ്സും കൂടെ പോളണ്ടിനെ കീഴ്പ്പെടുത്തി.ബ്രിട്ടണും ഫ്രാൻസും സോവിയറ്റ് യുണിയനെ ഒഴിവാക്കിക്കൊണ്ട് ജർമ്മനിയോട് യുദ്ധം പ്രഖ്യാപിച്ചു. ഇതിനെ രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കമായി കണക്കാക്കുന്നു.
1940 ലെ വസന്തത്തിൽ ജർമനി ഡെന്മാർക്ക്, നോർവേ, നെതർലാൻഡ്സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെ അധീനതയിലാക്കി. ജർമൻ സൈന്യം രാജ്യത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തു കഴിഞ്ഞതോടെ യുദ്ധവിരാമകരാറിൽ ഒപ്പ് വക്കാൻ ഫ്രഞ്ച് ഗവണ്മെന്റിനെ നിർബന്ധിച്ചു. അതെ സമയം ബ്രിട്ടൺ ജർമ്മൻ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ടിരുന്നു. 1941-ൽ ജർമ്മൻ സൈന്യം യൂഗോസ്ലാവ്യ, ഗ്രീസ് സോവിയറ്റ് യൂണിയൻ എന്നിവയെ ആക്രമിച്ചു. 1942ഓടു കൂടി അച്ചുതണ്ട് ശക്തികളും ജർമ്മനിയുമാണ് യുറോപ്പിന്റെയും ഉത്തരആഫ്രിക്കയുടെയും ഭൂരിഭാഗവും നിയന്ത്രിച്ചിരുന്നത്. പക്ഷെ സ്റ്റാലിൻഗ്രാഡിലെ യുദ്ധത്തിൽ സോവിയറ്റ് നേടിയ വിജയവും സഖ്യകക്ഷികളുടെ വടക്കൻ ആഫ്രിക്കയുടെ തിരിച്ചു പിടിക്കലും 1943ലെ ഇറ്റലിയുടെ അധിനിവേശവും ജർമ്മൻ ശക്തിക്കേറ്റ തിരിച്ചടികളായിരുന്നു. 1944ൽ പടിഞ്ഞാറൻ സഖ്യകക്ഷികൾ ഫ്രാൻസിനെയും സോവിയറ്റ് യുണിയൻ കിഴക്കൻ യുറോപ്പിനെയും തിരിച്ചു പിടിച്ചു. 1944ൻറെ അവസാനത്തോട് കൂടി സഖ്യകക്ഷികൾ ജർമ്മനിയിൽ പ്രവേശിച്ചു. ബെർലിനിലെ യുദ്ധസമയത്തുണ്ടായ ഹിറ്റ്ലറുടെ ആത്മഹത്യയോടു കൂടെ രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിച്ചുകൊണ്ട് 8 മെയ് 1945 ൽ ജർമ്മൻ സായുധസേന കീഴടങ്ങി.
ഹോളോകോസ്റ്റ് എന്ന പേരിൽ പിന്നീട് കുപ്രസിദ്ധി ആർജിച്ചതിൽ,ജർമ്മൻ സർക്കാർ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും താഴ്ന്ന ജാതിക്കാരായി പരിഗണിച്ചവരെ കോൺസൻട്രേഷൻ ക്യാമ്പുകളിലൂടെ കൊന്നൊടുക്കുകയും ചെയ്തു. 6 ദശലക്ഷം യഹൂദരും 220,000 നും 1,500,000നും ഇടയ്ക്ക് റൊമാനികളും 275,000 ഓളം ഭിന്നശേഷിക്കാരും അടക്കം 10 ദശലക്ഷത്തിൽ കൂടുതൽ പേർ അന്ന് കൂട്ടകൊലയ്ക്ക് ഇരയായി. ആയിരക്കണക്കിന് യഹോവയുടെ സാക്ഷികളും, സ്വവർഗാനുരാഗികളും മത രാഷ്ട്രീയ പ്രതിപക്ഷ അംഗങ്ങളും ഇതിൽ പെടുന്നു. പിടിച്ചടക്കിയ രാജ്യങ്ങളിൽ അടിച്ചേൽപ്പിച്ച നാസി നയങ്ങൾക്ക് ഇരയായത് 2.7 ദശലക്ഷം പോളണ്ടുകാരും 1.3 ദശലക്ഷം ഉക്രൈൻകാരും ഏതാണ്ട് 2.8 ദശലക്ഷം സോവിയറ്റ് യുദ്ധതടവുകാരും ആയിരുന്നു. ഏതാണ്ട് 40 ദശലക്ഷം യുറോപിയക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. ജർമ്മനിയുടെ യുദ്ധക്കെടുതി 3.2 - 5.3 ദശലക്ഷം സൈനികരും 2 ദശലക്ഷം സാധാരണക്കാരും ആയിരുന്നു.
ജർമ്മനിയുടെ കീഴടങ്ങലിനുശേഷം, സഖ്യകക്ഷികൾ ജർമ്മനിയുടെ അവശേഷിക്കുന്ന പ്രദേശത്തെ നാല് സൈനിക അധിനിവേശ മേഖലകളായി തിരിച്ചു. ഫ്രാൻസ്, ബ്രിട്ടൺ,അമേരിക എന്നിവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പടിഞ്ഞാറൻ മേഖലകൾ 23 മെയ് 1949ൽ സംയോജിപ്പിച്ച് ഫെഡറൽ റിപബ്ലിക് ഓഫ് ജർമ്മനി എന്നും 7 ഒക്ടോബർ 1949 ൽ സോവിയറ്റ് മേഖല ജർമ്മൻ ഡെമോക്രാറ്റിക് റിപബ്ലിക് എന്നും ആയി മാറി. അവ അനൗപചാരികമായി "പശ്ചിമ ജർമ്മനി" എന്നും "കിഴക്കൻ ജർമനി" എന്നും അറിയപ്പെട്ടു. കിഴക്കൻ ജർമനി അതിന്റെ തലസ്ഥാനമായി ഈസ്റ്റ് ബെർലിനെയും പശ്ചിമ ജർമ്മനി ഒരു താൽക്കാലിക തലസ്ഥാനമായി ബോണിനെയും തിരഞ്ഞെടുത്തു. പടിഞ്ഞാറൻ ജർമ്മനി ഒരു സോഷ്യൽ വിപണി സമ്പദ് വ്യവസ്ഥയുള്ള" ഒരു ഫെഡറൽ പാർലമെന്ററി റിപ്പബ്ലിക്കായി സ്ഥാപിതമായി. 1948 മുതൽ പശ്ചിമ ജർമ്മനി മാർഷൽ പദ്ധതിയുടെ ഒരു പ്രധാന സ്വീകർത്താവായി മാറുകയും ഇത് അതിന്റെ വ്യവസായം പുനർനിർമ്മിക്കാൻ ഈ ഉപയോഗിക്കുകയും ചെയ്തു. കൊണാഡ് അഡിനോറിനെ 1949ൽ ആദ്യ ഫെഡറൽ ചാൻസലറായി തിരഞ്ഞെടുക്കുകയും 1963 വരെ തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെയും ലുഡ് വിഗ് എർഹാഡിന്റെയും നേത്രത്വത്തിൽ രാജ്യം 1950കൾ മുതൽ സാമ്പത്തിക വളർച്ച നേടി. ഇത് പില്ക്കാലത്ത് "സാമ്പത്തിക അത്ഭുതം" (Wirtschaftswunder) എന്നറിയപ്പെട്ടു.പശ്ചിമ ജർമ്മനി 1955 ൽ നാറ്റോവിൽ ചേരുകയും 1957 ൽ യൂറോപ്യൻ സാമ്പത്തിക സമൂഹത്തിന്റെ ഒരു സ്ഥാപകാംഗമാവുകയും ചെയ്തു.
വാർസോ ഉടമ്പടി കൊണ്ട് രാഷ്ട്രീയവും സൈനികവും ആയി USSR നിയന്ത്രണ പൂർവ സംസ്ഥാനം ആയിരുന്നു കിഴക്കൻ ജർമ്മനി. ഒരു ജനാധിപത്യരാഷ്ട്രമായി അവകാശപ്പെട്ടെങ്കിലും സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടി ഓഫ് ജർമ്മനിയുടെ നേതാക്കളായിരുന്നു പൂർണമായും രാഷ്ട്രീയഅധികാരങ്ങൾ നടപ്പിലാക്കിയിരുന്നത്. സമൂഹത്തിലെ പലവശങ്ങളും നിയന്ത്രിച്ചിരുന്ന സ്റ്റാസി എന്നറിപ്പെടുന്ന രഹസ്യ സംഘടനയുടെ പിന്തുണയും അവർക്കുണ്ടായിരുന്നു. ഒരു സോവിയറ്റ് രീതിയിലുള്ള സമ്പദ് വ്യവസ്ഥ നടപ്പിലാക്കുകയും പിന്നീട് GDR കോമേകോണിലെ അംഗമാവുകയും ചെയ്തു. പൂർവ ജർമ്മൻ പ്രചാരണങ്ങൾ GDRന്റെ നേട്ടങ്ങളുടെയും ഒരു പശ്ചിമ ജർമ്മനിയിയുടെ ആക്രമണത്തെയും അടിസ്ഥാനമാക്കിയതോടെ പല പൗരന്മാരും സ്വാതന്ത്ര്യത്തിനും ഐശ്വര്യത്തിനും വേണ്ടി പശ്ചിമ ജർമ്മനിയിലേക്ക് പോകാൻ ആഗ്രഹിച്ചു. ഇത് തടയാനായി 1961ൽ ബെർലിനിലെ മതിൽ നിർമ്മിക്കപ്പെട്ടു. ഇത് ശീതയുദ്ധത്തിന്റെ പ്രതീകമായി മാറി. മിസ്റ്റർ.ഗോർബച്ചേവ് ഈ മതിൽ ഇടിച്ചുകളയുവിൻ! എന്ന് റൊണാൾഡ് റീഗൻ 12 ജൂൺ 1987ൽ ഇവിടെ നിന്ന് പ്രസംഗിച്ചത് 26 ജൂൺ 1963ൽ ജോൺ എഫ് കെന്നഡി നടത്തിയ പ്രസിദ്ധമായ ഇഷ് ബിൻ ഐൻ ബെർലിനെർ പ്രസംഗത്തിലും പ്രതിധ്വനിച്ചു. 1989ലെ ബർലിൻ മതിലിന്റെ പതനം കമ്മ്യൂണിസത്തിന്റെ വീഴ്ചയുടെയും ജർമ്മൻ പുനരേകീകരണത്തിൻറെയും പ്രതീകമായി തീർന്നു.
1970കളുടെ തുടക്കങ്ങളിൽ തന്നെ കിഴക്കൻ ജർമ്മനിയുടെയും പടിഞ്ഞാറൻ ജർമ്മനിയുടെയും ഇടയിലുണ്ടായിരുന്ന പിരിമുറുക്കങ്ങൾ ചാൻസ്ലർ വില്ലി ബ്രാൻഡ് കൊണ്ട് വന്ന ഓസ്റ്റ്പോളിടിക് എന്നറിയപ്പെടുന്ന നടപടികളുടെ ഫലമായി കുറഞ്ഞിരുന്നു. 1989ൽ ഹംഗറി ഇരുമ്പ് യവനിക പൊളിച്ചു മാറ്റാനും അതിർത്തികൾ തുറന്നിടാനും തിരുമാനിച്ചതോട് കൂടി ആയിരക്കണക്കിന് ആളുകൾ ഹംഗറി വഴി കിഴക്കൻ ജർമ്മനിയിൽ നിന്ന് പടിഞ്ഞാറൻ ജർമ്മനിയിലേക്ക് കുടിയേറി.
ഏകീകൃത ജർമ്മനി ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയുടെ വികസിത രൂപമായിട്ടാണ് കരുതപ്പെടുന്നത്. പശ്ചിമ ജർമ്മനിക്ക് അന്താരാഷ്ട്ര സംഘടനകളിൽ ഉണ്ടായിരുന്ന അംഗത്വം ഏകീകൃത ജർമ്മനി നിലനിർത്തുകയും ചെയ്തു.
കിഴക്കൻ ജർമ്മനിയുടെ സമ്പദ് വ്യവസ്ഥയുടെ നവീകരണവും ഏകീകരണവും 2019 വരേയ്ക്കും തിരുമാനിക്കപ്പെട്ടിട്ടുള്ള ദീർഘകാല പ്രക്രിയയാണ്. പടിഞ്ഞാറ് നിന്നും കിഴക്കോട്ടുള്ള വാർഷിക കൈമാറ്റം ഏതാണ്ട് $8000 കോടിയാണ്.
1994ലെ ബർലിൻ/ബോൺ ആക്റ്റ് പ്രകാരം, ബർലിൻ വീണ്ടും ഏകീകൃത ജർമ്മനിയുടെ തലസ്ഥാനമാകുകയും ബോൺ കുറച്ചു ഫെഡറൽ മന്ത്രിമാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫെഡറൽ നഗരമായി മാറുകയും ചെയ്തു. ഗവണ്മെന്റിന്റെ സ്ഥാനം 1999ലാണ് പൂർത്തിയായത്. തുടർന്നുണ്ടായ 1998ലെ തിരഞ്ഞെടുപ്പിൽ SPD പാർട്ടിക്കാരനായ ഗെർഹാഡ് ഷ്രോഡർ ആദ്യത്തെ ചാൻസലർ ആയി.
ഏകീകരണത്തിന് ശേഷം ജർമ്മനി യുറോപ്യൻ യുണിയനിൽ സജീവമായി. തന്റെ യൂറോപ്യൻ പങ്കാളികളോടൊപ്പം ജർമ്മനി 1992ൽ മാസ്ട്രിച്റ്റ് ഉടമ്പടി ഒപ്പുവക്കുകയും 1999ൽ യൂറോമേഖല സ്ഥാപിക്കുകയും 2007ൽ ലിസ്ബൺ ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തു.
ബാൾക്കനിൽ സ്ഥിരത ഉറപ്പാക്കാൻ ജർമ്മനി ഒരു സമാധാനസേനയെ അയക്കുകയും NATOവിന്റെ ശ്രമങ്ങളുടെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് സുരക്ഷാസേനയും അയക്കുകയുണ്ടായി. പ്രതിരോധത്തിന് മാത്രം സൈന്യത്തെ വിന്യസിക്കാൻ ആഭ്യന്തരനിയമമുള്ള ജർമ്മനിയിൽ ഇത്തരം വിന്യാസങ്ങൾ വിവാദങ്ങൾക്ക് വഴി വച്ചു.
2005ലെ തിരഞ്ഞെടുപ്പിൽ, ആംഗല മെർക്കൽ ജർമ്മനിയുടെ ആദ്യ വനിതാ ചാൻസെലർ ആയി. 2009ൽ ജർമ്മൻ സർക്കാർ നിരവധി മേഖലകളെ മാന്ദ്യത്തിൽ പരിരക്ഷിക്കാൻ €5000 കോടിയുടെ സാമ്പത്തിക ഉത്തേജന പരിപാടികൾക്ക് അംഗീകാരം നൽകി.
2009ലെ ലിബറൽ-യാഥാസ്ഥിതിക സഖ്യം മൂലം മെർക്കൽ അധികാരം തുടർന്ന് വഹിച്ചു. 2013ലെ മഹത്തായ ഒരു മുന്നണി ഒരു മൂന്നാം മെർക്കൽ മന്ത്രിസഭ സ്ഥാപിച്ചു. യൂറോപ്യൻ ഏകീകരണത്തിന്റെ പുരോഗതി, സുസ്ഥിര ഊർജ്ജ വിതരണത്തിനു വേണ്ടിയുള്ള ഊർജ്ജം സംക്രമണം(Energiewende), പരിമിത ബഡ്ജെറ്റുകൾക്കായുള്ള ഡെറ്റ് ബ്രേക്ക്(കടനിയന്ത്രണം), ഗണ്യമായ ജനസംഖ്യാ വർധനവിന് വേണ്ടിയുള്ള നടപടികൾ(pronatalism),ചുരുക്കത്തിൽ വ്യവസായം 4.0 എന്ന പേരിൽ അറിയപ്പെടുന്ന ജർമൻ സമ്പദ് വ്യവസ്ഥയുടെ ഭാവി സംക്രമണത്തിനായിട്ടുള്ള തന്ത്രങ്ങൾ, തുടങ്ങിയവയാണ് 21ആം നൂറ്റാണ്ടിലെ പ്രധാന ജർമ്മൻ രാഷ്ട്രീയ പദ്ധതികൾ.
യൂറോപ്യൻ യൂണിയനിലെക്ക് കടന്നു വന്ന കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി ജർമ്മനി മാറിയതോടെ 2015ലെ യൂറോപ്യൻ കുടിയേറ്റ പ്രതിസന്ധി ജർമ്മനിയെ ബാധിച്ചു. ഫെഡറൽ സംസ്ഥാനങ്ങളുടെ നികുതിയുടെയും നിലവിലുള്ള ജനസാന്ത്രതയും കണക്കാക്കികൊണ്ട് ഏതാണ്ട് ഒരു ദശലക്ഷത്തോളം കുടിയേറ്റക്കാരെ രാജ്യം സ്വീകരിക്കുകയും വിന്യസിക്കുകയും ചെയ്തു.
ഈ കുടിയേറ്റത്തിന്റെ അനുരണങ്ങൾ 2017'ലെ പൊതുതെരഞ്ഞെടുപ്പിലും ഫലിച്ചു. ജനപ്രീതിയിൽ വൻ ഇടിവുണ്ടായ ആംഗല മെർക്കലിന്റെ സി.ഡി.യു - സി.എസ്.യു സഖ്യത്തിന് മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8.6% സീറ്റുകൾ നഷ്ടപ്പെട്ടു. മുൻ ഗവണ്മെന്റിലെ പങ്കാളികളായിരുന്ന എസ്.പി.ഡി പാർട്ടി 5.2% സീറ്റുകൾ നഷ്ടപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്തു തന്നെ തുടർന്നു. കുടിയേറ്റത്തെ എതിർത്ത് നിലവിൽ വന്ന വലതുപക്ഷകക്ഷിയായ എ.എഫ്.ഡി പാർട്ടി 7.9% സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തെത്തകയും ചെയ്തു.[12][13]
തുടർന്നു നടന്ന സഖ്യകക്ഷി ചർച്ചകൾ ദീർഘകാലം ഒരു തീരുമാനത്തിലെത്താതെ തുടർന്നു. മെർക്കൽ ഗവണ്മെന്റിനെ ഇത്തവണ പിന്തുണയ്ക്കില്ല എന്ന് മുൻകൂട്ടി തീരുമാനിച്ചെങ്കിലും[14] തുടർന്നു നടന്ന സുദീർഘമായ സഖ്യകക്ഷി ചർച്ചകളിൽ മെർക്കലിന്റെ പിന്തുണയ്ക്കാൻ എസ്.പി.ഡി നിർബന്ധിതരായി.[15] അഞ്ചു മാസത്തെ ചർച്ചകൾക്കൊടുവിൽ 2018 മാർച്ചിൽ മെർക്കലിന്റ കീഴിലുള്ള നാലാം ഗവണ്മെന്റ് അധികാരമേറ്റു.[16]
മധ്യ പടിഞ്ഞാറൻ യൂറോപ്പിലാണ് ജർമ്മനിയുടെ കിടപ്പ്. ഡെന്മാർക്ക് വടക്കും പോളണ്ടും ചെക്കും കിഴക്കും ഓസ്ട്രിയ തെക്കുകിഴക്കും സ്വിറ്റ്സർലൻഡ് തെക്കും തെക്കുപടിഞ്ഞാറും ഫ്രാൻസ് ,ലക്സെംബർഗ്, ബെൽജിയം പടിഞ്ഞാറും നെതെർലാൻഡ്സ് വടക്കുപടിഞ്ഞാറും അതിർത്തികളായി നിലകൊള്ളുന്നു. രാജ്യത്തിന്റെ കൂടുതൽ ഭാഗവും 47° യുടെയും 55° വ അക്ഷാംശരേഖയുടെയും 5° യുടെയും 16° കി രേഖാംശത്തിന്റെയും ഇടക്ക് സ്ഥിതി ചെയ്യുന്നു. ജർമ്മനിക്ക് നോർത്ത് കടലും വടക്ക്-വടക്ക് കിഴക്കായി ബാൾടിക്ക് കടലും അതിർത്തികളായുണ്ട്. മധ്യ യൂറോപ്പിലെ മൂന്നാമത്തെ ഏറ്റവും വലിയ തടാകമായ കോൺസ്റ്റൻസ് തടാകവുമായി സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവയ്ക്കൊപ്പം അതിർത്തി പങ്കിടുന്നു. 349,223 ച.കിലോമീറ്റർ കരയും 7,798 ച.കിലോമീറ്റർ വെള്ളവും ഉൾപ്പെടെ മൊത്തം 357,021 ച.കിലോമീറ്ററിൽ ജർമ്മൻ പ്രദേശം പരന്നു കിടക്കുന്നു. വിസ്തൃതിയിൽ ഇത് യൂറോപ്പിലെ ഏഴാമത്തേതും ലോകത്തിൽ 62 സ്ഥാനമാണുള്ളത്. ഉയരങ്ങളിലെ വ്യതിയാനം തെക്കുള്ള ആൽപ്സ് പർവതനിരകളിൽ തുടങ്ങി (ഏറ്റവും ഉയർന്നത്: സഗ്സ്പിറ്റ്സ്, 2,962 മീറ്റർ) വടക്കുപടിഞ്ഞാറുള്ള നോർത്ത് കടലിലും വടക്ക്കിഴക്കുള്ള ബാൾടിക് കടലിലും അവസാനിക്കുന്നു. കാടുകൾ നിറഞ്ഞ മധ്യ ജർമ്മനിയെയും താഴ്ന്ന പ്രദേശമായ വടക്കൻ ജർമ്മനിയെയും മുറിച്ചു കടക്കുന്ന പ്രധാന നദികളാണ് റൈൻ, ഡാന്യുബ്, എൽബെ. ജർമനിയുടെ ആൽപൈൻ ഹിമാനികൾ ഹിമാനിരൂപീകരണം നേരിടുകയാണ്. പ്രധാന പ്രകൃതി വിഭവങ്ങൾ ഇരുമ്പയിര്, കൽക്കരി, പൊട്ടാഷ്, തടി, ലിഗ്നൈറ്റ്, യുറേനിയം, ചെമ്പ്, പ്രകൃതി വാതകം, ഉപ്പ്, നിക്കൽ, കൃഷിയോഗ്യമായ വെള്ളം എന്നിവയാണ്.
ജർമ്മനി പതിനാറ് ഫെഡറൽ സംസ്ഥാനങ്ങളും 401 ജില്ലകളുമായി തിരിച്ചിരിക്കുന്നു. സംസ്ഥാനങ്ങൾ ബുണ്ടെസ്ലേണ്ടർ (ജർമ്മൻ: Bundesländer) എന്ന പേരിലാണ് അറിയപ്പെടുന്നത്.[17] സ്വന്തം ഭരണഘടനയും വലിയതോതിലുള്ള സ്വയംഭരണാധികാരവും സംസ്ഥാനങ്ങൾക്കുണ്ട്.[18] ബർലിൻ, ഹാംബുർഗ്, ബ്രമൻ എന്നിവ നഗര സംസ്ഥാനങ്ങളാണ്.
|
വടക്കുപടിഞ്ഞാറൻ-തീരദേശ ഭൂഭാഗങ്ങളിലെ കാലാവസ്ഥ മിതശീതോഷ്ണകാലാവസ്ഥയാണ്. നോർത്ത് സീയിൽ നിന്നുള്ള പടിഞ്ഞാറുദിശയിലുള്ള കാറ്റുകളാണ് ഇതിന് ഒരു കാരണം. ഇവിടങ്ങളിൽ ചൂടുള്ള വേനൽക്കാലവും അധികം തണുപ്പില്ലാത്ത എന്നാൽ മൂടിക്കെട്ടിയ തണുപ്പുകാലവും ആണ്. എന്നാൽ ഉൾപ്രദേശങ്ങളിലേയ്ക്ക് നീങ്ങുംതോറും കാലാവസ്ഥ കോണ്ടിനെന്റൽ സ്വഭാവം ആർജിയ്ക്കുന്നു. ഇവിടങ്ങളിൽ ചൂടുള്ള വേനൽക്കാലവും നന്നേ തണുത്ത തണുപ്പുകാലവും ആണ്.[21] ജർമ്മനിക്ക് ഒരു വർഷം ഏതാണ്ട് 789 മി.മീറ്റർ മഴ ലഭിക്കുന്നു.[22] ചൂട് 30 °C (86 °F)ൽ കൂടാറുണ്ട്.[22]
ജർമ്മൻ പ്രദേശത്തെ യൂറോപ്യൻ-മെഡിറ്ററേനിയൻ വനങ്ങൾ,വടക്കുകിഴക്കൻ-അറ്റ്ലാന്റിക് കടൽ എന്നിങ്ങനെ രണ്ടു പാരിസ്ഥിതികപ്രദേശങ്ങളായി തിരിക്കാം:. 2008ലെ കണക്കുകൾ അനുസരിച്ച് ഭൂഭാഗത്തിന്റെ 34% കൃഷിയോഗ്യമായ ഭൂമിയാണ്. 30.1% വനങ്ങളും 13.4% പുല്പുറങ്ങളും 11.8% വാസസ്ഥലങ്ങളും ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.