From Wikipedia, the free encyclopedia
ഓട്ടോ എഡ്വാർഡ് ലിയോപോൾഡ്, പ്രിൻസ് ഓഫ് ബിസ്മാർക്ക്, ഡ്യൂക്ക് ഓഫ് ലോവൻബർഗ്ഗ്, കൌണ്ട് ഓഫ് ബിസ്മാർക്ക്-ഷൂൻഹൌസെൻ, ജനനപ്പേര് ഓട്ടോ എഡ്വാർഡ് ലിയോപോൾഡ് ഓഫ് ബിസ്മാർക്ക്-ഷൂൻഹൌസെൻ (ഏപ്രിൽ 1, 1815 – ജൂലൈ 30 1898) 19-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രഷ്യൻ, ജർമ്മൻ രാഷ്ട്രതന്ത്രജ്ഞനായിരുന്നു.1862 മുതൽ 1890 വരെ പ്രഷ്യയുടെ പ്രധാനമന്ത്രി ആയിരുന്ന ബിസ്മാർക്ക് ആണ് ജർമ്മനിയുടെ ഏകീകരണം നടപ്പിലാക്കിയത്. 1867 മുതൽ ബിസ്മാർക്ക് വടക്കൻ വടക്കൻ ജെർമ്മൻ കോൺഫെഡറേഷന്റെ ചാൻസലർ ആയിരുന്നു. 1871-ൽ ജർമ്മൻ സാമ്രാജ്യം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ബിസ്മാർക്ക് ജർമ്മനിയുടെ ആദ്യത്തെ ചാൻസലർ ആയി. ബിസ്മാർക്ക് "ഇരുമ്പ് ചാൻസലർ" എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു.
നെപ്പോളിയന്റെ യുദ്ധങ്ങൾക്കു ശേഷം യൂറോപ്പിൽ ഭരണപരമായ ക്രമങ്ങൾ കൊണ്ടുവന്ന ആസ്ത്രിയൻ രാജ്യതന്ത്രജ്ഞനായ ക്ലെമെൻസ് വോൺ മെറ്റെർണിച്ചിന്റെ മാതൃകയിൽ ബിസ്മാർക്ക് യാഥാസ്ഥിതിക രാജഭരണ വീക്ഷണങ്ങൾ പുലർത്തി. എങ്കിലും ഈ ഭരണക്രമങ്ങൾ ബിസ്മാർക്ക് അട്ടിമറിച്ചു. ബിസ്മാർക്കിന്റെ പ്രധാന ലക്ഷ്യങ്ങൾ മദ്ധ്യ യൂറോപ്പിൽ പ്രഷ്യൻ രാഷ്ട്രത്തിന്റെ മേൽക്കോയ്മയും പ്രഷ്യൻ രാഷ്ട്രത്തിലെ പ്രഭുഭരണവും ആയിരുന്നു. ബിസ്മാർക്കിന്റെ പരമപ്രധാനമായ നേട്ടം ആധുനിക ജർമ്മൻ രാഷ്ട്രത്തിന്റെ സ്ഥാപനം ആയിരുന്നു. 1860-കളിൽ രാഷ്ട്രീയ കരുനീക്കങ്ങളുടെ ഒരു പരമ്പരയുടെ അന്ത്യത്തിലാണ് ബിസ്മാർക്ക് ഈ നേട്ടം കൈവരിച്ചത്. 1870–1871-ൽ നടന്ന ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം യൂറോപ്യൻ ഭൂഖണ്ഡത്തിൽ പ്രഷ്യ ഫ്രാൻസിന്റെ മേൽക്കോയ്മ തകർക്കുന്നതിനു സാക്ഷ്യമായി.1862 മുതൽ 1888 വരെ ബിസ്മാർക്ക് പ്രഷ്യയുടെ അവസാന ചക്രവർത്തി ആയ വിൽഹെം I-നു കീഴിൽ ഭരിച്ചു.
ഒരു ഐക്യ ജർമ്മൻ രാഷ്ട്രം സ്ഥാപിക്കുന്നതിൽ ബിസ്മാർക്ക് വിജയിച്ചു എങ്കിലും ജർമ്മനിയിൽ ദേശീയത ഉണർത്തുന്നതിൽ ബിസ്മാർക്ക് അധികം വിജയിച്ചില്ല. ജർമ്മൻ ജനതയുടെ കൂറ് രാജ്യത്തിനുള്ളിലെ പല നാട്ടുരാജ്യങ്ങളോടും ആയിരുന്നു. ജർമ്മനിക്കുള്ളിലെ റോമൻ കത്തോലിക്കാ സഭയുടെ രാഷ്ട്രീയവും സാമൂഹികവുമായ ശക്തി കുറയ്ക്കുവാനുള്ള ശ്രമങ്ങൾ ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ. ബിസ്മാർക്കിന്റെ ഈ ശ്രമങ്ങൾ കുൾച്ചുർകാമ്ഫ് എന്ന് അറിയപ്പെട്ടു. ഈ ശ്രമങ്ങൾ പിന്നീട് ബിസ്മാർക്ക് തന്നെ പിൻവലിച്ചു. ബിസ്മാർക്കിന്റെ ഭരണത്തിൻ കീഴിൽ ജർമ്മനിയിൽ പുരോഗമന സാമൂഹിക നിയമങ്ങൾ നടപ്പാക്കി എങ്കിലും സോഷ്യൽ ഡെമോക്രാറ്റുകൾക്ക് എതിരേ ബിസ്മാർക്ക് നടപ്പിലാക്കിയ നിയമങ്ങളും നീക്കങ്ങളും പരാജയമായിരുന്നു.
സമാന കാഴ്ച്ചപ്പാടുകൾ ഉള്ള ഇവർ തമ്മിൽ ഊഷ്മളമായ ബന്ധം നിലനിന്നിരുന്നു. എന്നാൽ വിൽഹെം I-നു ശേഷം അദ്ദേഹത്തിന്റെ ചെറുമകനും ബിസ്മാർക്കിനെക്കാൾ 40 വയസ്സിൽ ഏറെ ഇളയവനുമായ വിൽഹെം II അധികാരത്തിൽ വന്നത് ബിസ്മാർക്കിന്റെ സ്വാധീനം കുറയുന്നതിനു നാന്ദികുറിച്ചു. പിന്നീട് 1890-ഓടെ സ്വകാര്യ ജീവിതത്തിലേക്ക് പിൻവലിയുവാൻ ബിസ്മാർക്ക് നിർബന്ധിതനായി.
പ്രഭു സമുദായത്തിന്റെ അംഗമായിരുന്ന ബിസ്മാർക്കിനു വീണ്ടും പല തവണ പ്രഭു പദവി നൽകപ്പെട്ടു. 1865-ൽ ഗ്രാഫ്-ന്റെ കൌണ്ട് ആയും 1871-ൽ ഫ്യൂർസ്റ്റ്-ന്റെ രാജകുമാരൻ ആയും ബിസ്മാർക്ക് അവരോധിക്കപ്പെട്ടു. 1890-ൽ ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിയവേ ബിസ്മാർക്ക് ഡ്യൂക്ക് ഓഫ് ലോവൻബർഗ്ഗ് എന്ന പദവിയിൽ അവരോധിക്കപ്പെട്ടു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.