ലോകപ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ From Wikipedia, the free encyclopedia
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായാണ് സത്യജിത് റായ് (ബംഗാളി: সত্যজিৎ রায় Shottojit Rae) (1921 മേയ് 2 – 1992 ഏപ്രിൽ 23) അറിയപ്പെടുന്നത്. കൊൽക്കത്തയിലെ കലാപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സത്യജിത് റായ് അവിടുത്തെ പ്രസിഡൻസി കോളേജിലും ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവകലാശാലയിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അഭിനേതാവായാണ് റായ് കലാജീവിതം ആരംഭിച്ചത്. ഫ്രഞ്ച് ചലച്ചിത്രസംവിധായകനായ ഷോൺ റെന്വായെ കണ്ടതും ബൈസിക്കിൾ തീവ്‌സ് എന്ന ഇറ്റാലിയൻ നിയോറിയലിസ്റ്റ് ചലച്ചിത്രം കണ്ടതും അദ്ദേഹത്തെ ചലച്ചിത്രരംഗത്തേക്ക് തിരിയാൻ പ്രേരിപ്പിച്ചു.
സത്യജിത് റായ് | |
---|---|
ജനനം | |
മരണം | 23 ഏപ്രിൽ 1992 70) | (പ്രായം
തൊഴിൽ(s) | Film director, producer, screenwriter, writer, music director, lyricist |
സജീവ കാലം | 1950–92 |
ജീവിതപങ്കാളി | ബിജൊയ റായ് (m. 1949–92) |
ഒപ്പ് | |
പ്രമാണം:Satyajit Ray Signature.jpg |
ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടെ 37 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ആദ്യചിത്രമായ പഥേർ പാഞ്ചാലി (1955)[1] 11 അന്താരാഷ്ട്രപുരസ്കാരങ്ങൾ കരസ്ഥമാക്കി. കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമൻ ഡോക്യുമെന്റ് പുരസ്കാരവും ഇതിൽപ്പെടും. പഥേർ പാഞ്ചാലി, അപരാജിതോ, അപുർ സൻസാർ എന്നീ തുടർചിത്രങ്ങളാണ്[2] അപുത്രയം എന്ന പേരിൽ അറിയപ്പെടുന്നത്. തിരക്കഥാരചന, നടീനടന്മാരെ തെരഞ്ഞെടുക്കൽ (casting), പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം, പരസ്യകല എന്നിങ്ങനെ ചലച്ചിത്രനിർമ്മാണരംഗത്തെ എല്ലാ മേഖലകളിലും റായ് പ്രവർത്തിച്ചിട്ടുണ്ട്.
സത്യജിത് റായിയുടെ, കുറഞ്ഞത് പത്ത് തലമുറകൾ മുമ്പ് വരെയുള്ള കുടുംബചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.[3]. റായിയുടെ പിതാമഹനായ ഉപേന്ദ്രകിഷോർ റായ് ചൌധരി എഴുത്തുകാരൻ, ചിത്രകാരൻ, തത്ത്വചിന്തകൻ, പ്രസാധകൻ, വാനനിരീക്ഷകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. കൂടാതെ അദ്ദേഹം പത്തൊമ്പതാം നൂറ്റാണ്ടിൽ ബംഗാളിൽ ഉണ്ടായിരുന്ന ഒരു സാമുദായിക പ്രസ്ഥാനമായ ബ്രഹ്മസമാജിന്റെ നേതാവും ആയിരുന്നു. ഉപേന്ദ്രകിഷോറിന്റെ മകനായ സുകുമാർ റായി ബംഗാളി സാഹിത്യ ലോകത്ത് ഹാസ്യകവി, ബാലസാഹിത്യകാരൻ, ചിത്രകാരൻ, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. അങ്ങനെ സുകുമാർ - സുപ്രഭ റായ് ദമ്പതികളുടെ മകനായാണ് സത്യജിത് ജനിച്ചത്. സത്യജിത്തിന് മൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ സുകുമാർ റായ് മരണപ്പെടുകയും പിന്നീട് ആ കുടുംബം നില നിന്നത് അമ്മയായ സുപ്രഭ റായിയുടെ വരുമാനത്തിലുമായിരുന്നു. റായ്, കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ സാമ്പത്തിക ശാസ്ത്രം പഠിച്ചെങ്കിലും ലളിത കലയിലായിരുന്നു താത്പര്യം. 1940-ൽ അമ്മ അദ്ദേഹത്തെ രബീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ നിർബന്ധിച്ചു[4] . ശാന്തിനികേതനിലെ ബൌദ്ധികജീവിതത്തെപ്പറ്റി പൊതുവെയുണ്ടായിരുന്ന മോശം അഭിപ്രായം മൂലം റായിക്ക് അതിനോട് താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, അമ്മയുടെ നിർബന്ധവും ടാഗോറിനോടുള്ള ബഹുമാനവും മൂലം റായ് ആ വഴി തന്നെ തിരഞ്ഞെടുത്തു. ശാന്തിനികേതനിൽ വെച്ച് റായ് പൗരസ്ത്യ കലകളിൽ ആകർഷണീയനായി. പിന്നീട് ഡോക്യുമെന്ററി ഫിലിം നിർമ്മിച്ച പ്രശസ്ത ചിത്രകാരന്മാരായ നന്ദലാൽ ബോസ്, ബിനോദ് ബെഹരി മുഖർജി എന്നിവരിൽ നിന്ന് ധാരാളം പഠിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു[5]. അജന്ത, എല്ലോറ, എലിഫന്റ എന്നിവിടങ്ങളിലേക്കുള്ള യാത്രയിലൂടെ റായ് ഭാരതീയ കലകളുടെ ആരാധകനായി മാറി[6].
1943 -ൽ റായ് പഞ്ചവത്സര കോഴ്സ് മുഴുമിപ്പിക്കുന്നതിനു മുമ്പായി ശാന്തിനികേതൻ വിട്ടു തിരിച്ചു കൊൽക്കത്തയിലേക്ക് പോയി. അവിടെ അദ്ദേഹത്തിനു ഒരു ബ്രിട്ടീഷ് പരസ്യ കമ്പനിയായ ഡി. ജെ. കീമെറിൽ “ജൂനിയർ വിഷ്വലൈസർ” തസ്തികയിൽ കേവലം എൺപത് രൂപ മാസ ശമ്പളത്തിന് ഒരു ജോലി ലഭിച്ചു. കമ്പനിയിൽ ബ്രിട്ടീഷും ഇന്ത്യക്കാരുമായ തൊഴിലാളികളുടെ ഇടയിൽ ബ്രിട്ടീഷ് തൊഴിലാളികൾക്ക് അധികശമ്പളം നൽകുന്നതിനെ തുടർന്ന് അസഹിഷ്ണുത നിലനിന്നിരുന്നു. ചിത്രനിർമ്മാണം റായ് ഇഷ്ടപെട്ടിരുന്നെങ്കിലും ഇത് അദേഹത്തിൽ നീരസം ഉളവാക്കി[7]. ഡി. കെ. ഗുപ്ത ആരംഭിച്ച പ്രസാധക സ്ഥാപനമായ സിഗ്നെറ്റ് പ്രസ്സുമായി അദ്ദേഹം അക്കാലത്ത് ബന്ധപ്പെട്ടിരുന്നു. സിഗ്നെറ്റ് പ്രസ്സ് ഇറക്കുന്ന പുസ്തകങ്ങളുടെ മുഖചിത്രം ഡിസൈൻ ചെയ്യാൻ ഗുപ്ത റായിയോട് ആവശ്യപ്പെടുകയും അതിൽ പരിപൂർണ്ണ സ്വാതന്ത്ര്യം നൽകുകയും ചെയ്തു.ജീബനാനന്ദ ദാസിന്റെ, ബനലത സെൻ, രൂപൊഷി ബംഗ്ലാ, എന്നീ കവിതാ സമാഹാരങ്ങൾക്കും ജിം കോർബെറ്റിന്റെ “കുമവോണിലെ നരഭോജികൾ“, ജവഹർലാൽ നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തൽ തുടങ്ങിയ ധാരാളം പുസ്തകങ്ങൾക്കും മുഖചിത്രം ഡിസൈൻ ചെയ്തു. പ്രശസ്ത ബംഗാളി നോവലായ പഥേർ പാഞ്ചാലിയുടെ കുട്ടികൾക്കുള്ള പതിപ്പിറക്കുന്നതിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു. ഈ സൃഷ്ടിയിൽ വളരെയധികം ആകൃഷ്ടനായ റായിയുടെ ആദ്യ സിനിമ ഈ നോവലിനെ ആധാരമാക്കിയായിരുന്നു. അതിന്റെ മുഖചിത്രം ഡിസൈൻ ചെയ്യുന്നതിനു പുറമേ, അതിലെ പല ചിത്രീകരണങ്ങളും അദ്ദേഹം നടത്തി. അതിൽ പലതും പിന്നീട് അദ്ദേഹത്തിന്റെ സിനിമയിലെ രംഗങ്ങളായി മാറി[8].
1947-ൽ ചിദാനന്ദ ദാസ് ഗുപ്തയോടും മറ്റു പലരോടും ചേർന്ന് റായ് കൽക്കട്ട ഫിലിം സൊസൈറ്റി ആരംഭിക്കുകയും അതിലൂടെ പല വിദേശ ചിത്രങ്ങൾ പരിചയപ്പെടാൻ അവസരം ലഭിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് കൊൽക്കത്തയിൽ ഉണ്ടായിരുന്ന അമേരിക്കൻ സേനയുമായുണ്ടായിരുന്ന ബന്ധം വഴി നഗരത്തിലിറങ്ങുന്ന പുതിയ അമേരിക്കൻ സിനിമകളെ പറ്റി അദ്ദേഹത്തിന് വിവരം ലഭിച്ചിരുന്നു. വ്യോമസേനയിൽ അംഗമായിരുന്ന നോർമൻ ക്ല്ലെയർ, റായിയെ പോലെ സിനിമ, ചെസ്, പാശ്ചാത്യ സംഗീതം എന്നിവയിൽ തത്പരനായിരുന്നു[9].
1949 -ൽ റായ് തന്റെ ബന്ധുവും ദീർഘകാല പ്രണയിനിയുമായിരുന്ന ബിജോയ ദാസിനെ വിവാഹം കഴിച്ചു[10]. സിനിമാ സംവിധായകനായ സന്ദീപ് ഈ ദമ്പതികളുടെ മകനാണ്. അതേ വർഷം, “ദി റിവർ” എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഷോൺ റെന്വാ കൊൽക്കത്തയിലെത്തി. ചിത്രീകരണത്തിനനുയോജ്യമായ ഗ്രാമപ്രദേശത്തിലുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിന് റായ്, അദ്ദേഹത്തെ സഹായിച്ചു[11]. 1950-ൽ റായിയെ ഡി. ജെ. കീമെറിൽ നിന്നും ലണ്ടനിലെ പ്രധാന ഓഫീസിലേക്ക് അയച്ചു. ലണ്ടനിലെ മൂന്നു മാസത്തെ താമസത്തിനിടയിൽ അദ്ദേഹം 99 സിനിമകൾ കണ്ടു. അതിൽ ഇറ്റാലിയൻ സംവിധായകനായ വിറ്റോറിയോ ഡി സിക്കയുടെ റിയലിസ്റ്റിക്ക് ചിത്രം “ബൈസിക്കിൾ തീവ്സ്” റായിയിൽ കാര്യമായ സ്വാധീനമുണ്ടാക്കി. ഒരു സംവിധായകനാകുമെന്ന തീരുമാനവുമായാണ് തീയേറ്റർ വിട്ടിറങ്ങിയതെന്ന് റായ് പിന്നീട് പറഞ്ഞിട്ടുണ്ട്[12].
തന്റെ ആദ്യ ചലച്ചിത്രത്തിനു വേണ്ടി സത്യജിത് റായ് തെരഞ്ഞെടുത്തത്, ബംഗാളി സാഹിത്യത്തിലെ എക്കാലത്തേയും വിശിഷ്ട കലാസൃഷ്ടികളുടെ ഗണത്തിൽ പെടുത്താവുന്നതും 1928 -ൽ പ്രസിദ്ധീകരിക്കപ്പെട്ടതുമായ, ബിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ (Bibhutibhusan Bandopadhyay) പഥേർ പാഞ്ചാലി ആയിരുന്നു. അപു (Apu) എന്ന ഗ്രാമീണ ബാലന്റെ കഥ പറയുന്ന ആ നോവൽ ഭാഗികമായി ആത്മകഥാപരമായ ഒരു കൃതിയായിരുന്നു. ലണ്ടനിൽ നിന്നും ഇൻഡ്യയിലേക്കുള്ള കടൽ യാത്രയിലായിരുന്നു റായ് തന്റെ ചിത്രത്തെപ്പറ്റിയും അതിന്റെ രീതികളെപ്പറ്റിയും തീരുമാനിച്ചുറപ്പിച്ചത്[13] .
സിനിമാ സാങ്കേതിക ലോകത്ത് അത്രയൊന്നും പരിചയമില്ലാത്ത കുറേ കലാകാരന്മാരെ ഒന്നിച്ചുകൂട്ടിയായിരുന്നു റായ് തന്റെ ആദ്യ ചലച്ചിത്രം ആരംഭിച്ചതെങ്കിലും അദ്ദേഹത്തിന്റെ ക്യാമറാമാനായിരുന്ന സുബ്രതാ മിത്രയും (Subrata Mitra), കലാസംവിധായകനായിരുന്ന ബൻസി ചന്ദ്രഗുപ്തയും (Bansi Chandragupta) ഇതിലൂടെ എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രീഭൂതരായിത്തീർന്നു. അഭിനേതാക്കളായി തിരഞ്ഞെടുത്തത് രണ്ടാംനിര നടീനടൻമാരെയായിരുന്നു. സ്വന്ത സമ്പാദ്യം ചെലവിട്ടുകൊണ്ടായിരുന്നു 1952 -ൽ റായ് ചിത്രീകരണം ആരംഭിച്ചത്. പ്രാരംഭഘട്ടം കഴിഞ്ഞാൽ പിന്നെ കൂടുതൽ സാമ്പത്തിക ഉറവിടങ്ങൾ കണ്ടെത്താൻ കഴിയും എന്ന ഒരു പ്രതീക്ഷ അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിലും അതു പ്രാവർത്തികമായില്ല. പഥേർ പാഞ്ചാലിയുടെ ചിത്രീകരണം നീണ്ട മൂന്നു വർഷങ്ങൾ കൊണ്ടായിരുന്നു പൂർത്തിയായത്[13]. റായിയോ, നിർമ്മാണ ചുമതല വഹിക്കുന്ന അനിൽ ചൗധരിയോ പണം കണ്ടെത്തുന്ന, കുറച്ചു ദിവസങ്ങളിൽ മാത്രമേ ചിത്രീകരണം നടന്നിരുന്നുള്ളൂ എന്നതായിരുന്നു അതിനുള്ള പ്രധാന കാരണം. ഒടുവിൽ പശ്ചിമ ബംഗാൾ സർക്കാരിന്റെ വായ്പാ സഹായത്തോടു കൂടി 1955 -ൽ പഥേർ പാഞ്ചാലി പുറത്തിറങ്ങി. നിരൂപകരുടെയും ആസ്വാദകരുടെയും പ്രശംസ പിടിച്ചു പറ്റിയ ആ കലാസൃഷ്ടി ഇൻഡ്യയിലും വിദേശത്തും നീണ്ട കാലങ്ങൾ പ്രദർശിപ്പിക്കുകയും അനേകം പുരസ്കാരങ്ങൾ നേടുകയും ചെയ്തു. തിരക്കഥയിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുകയും നിർമ്മാതാവിന്റെ മേൽനോട്ടക്കാരൻ ഉണ്ടാവും എന്ന് വ്യവസ്ഥ വയ്ക്കുകയും ചെയ്തിരുന്നവരിൽ നിന്നുള്ള, സാമ്പത്തിക സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നിർദ്ദേശങ്ങളും (അവസാനം സർക്കാരിന്റെ ധനസഹായം സ്വീകരിച്ചിരുന്നെങ്കിൽപ്പോലും) നിർമ്മാണപ്രവർത്തനത്തിന്റെ തുടക്കത്തിൽ തന്നെ റായ് നിരസിക്കുകയും തള്ളിക്കളയുകയും ചെയ്തിരുന്നു[14].
ഇന്ത്യയിൽ പഥേർ പാഞ്ചാലിയോടുള്ള പ്രതികരണം വളരെ ആവേശഭരിതമായിരുന്നു. ദി ടൈംസ് ഓഫ് ഇൻഡ്യ എഴുതി "ഇതിനെ മറ്റേതെങ്കിലും ചലച്ചിത്രങ്ങളോടുപമിക്കുന്നത് അസംബന്ധമാകും ........ പഥേർ പാഞ്ചാലി ശുദ്ധമായ ചലച്ചിത്രമാണ്" ".[15] . ബ്രിട്ടണിൽ, പ്രമുഖ സ്കോട്ടിഷ് ചലച്ചിത്രസംവിധായകനായ ലിൻഡ്‌സേ ആൻഡേഴ്‌സണും (Lindsay Anderson) പ്രോജ്ജ്വലമായ ഒരു വിലയിരുത്തൽ പഥേർ പാഞ്ചാലിയെപ്പറ്റി നടത്തി.[15] പക്ഷേ എല്ലായിടത്തു നിന്നുമുള്ള പ്രതികരണം ഒരുപോലെ അനുകൂലമല്ലായിരുന്നു. പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരനായ ഫ്രാൻസ്വാ ത്രൂഫോ (François Truffaut) ഇങ്ങനെ എഴുതി. "ഒരു അധഃകൃതൻ കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് കാണിക്കുന്ന ചലച്ചിത്രം കാണുവാൻ എനിക്കു താൽപര്യമില്ല"[16]. അമേരിക്കയിൽ പഥേർ പാഞ്ചാലി പ്രദർശിപ്പിച്ച സമയത്ത്, ന്യൂയോർക്ക് ടൈംസിലെ പ്രശസ്ത നിരൂപകനായ ബോസ്‌ലി ക്രൗത്തറുടെ(Bosley Crowther) വളരെ നിശിതമായ വിമർശനം കൊണ്ട് പഥേർ പാഞ്ചാലിയുടെ വിതരണക്കാരനായ എഡ് ഹാരിസൺ (Ed Harison) ഫിലിം നശിപ്പിച്ചു കളയാൻ പോലും ആലോചിച്ചിരുന്നു. പക്ഷേ ഇതിനെയെല്ലാം അതിജീവിച്ച് പഥേർ പാഞ്ചാലി നിറഞ്ഞ സദസ്സുകളിൽ തന്നെ പ്രദർശനം തുടരുക തന്നെ ചെയ്തു.
രണ്ടാമത്തെ ചിത്രമായ അപരാജിതോയുടെ വിജയത്തോടു കൂടിയായിരുന്നു റായിയുടെ രാജ്യാന്തര തലത്തിലുള്ള സ്ഥാനം കുറേക്കൂടി ദൃഢമായത്.[17] . ജീവിതത്തിലെ ഉത്കർഷേച്ഛയുടെയും അമ്മയുടെ സ്നേഹത്തിന്റെയും ഇടയിൽ അപു അനുഭവിക്കുന്ന മാനസിക സംഘർഷത്തിന്റെ കഥ പറയുന്ന ഈ ചലച്ചിത്രം.[17], മൃണാൾ സെൻ(Mrinal Sen), ഋത്വിക് ഘട്ടക് (Ritwik Ghatak) മുതലായ, എണ്ണംപറഞ്ഞ നിരൂപകർ പഥേർ പാഞ്ചാലിയേക്കാൾ ഉയർന്ന കലാമൂല്യമുള്ള ചിത്രമായി ഇതിനെ ഗണിച്ചിരുന്നു.[17] . 1957 -ൽ വെനിസ് ചലച്ചിത്രോൽസവത്തിൽ വച്ച് ഗോൾഡൻ ലയൺ (Golden Lion) പുരസ്കാരം അപരാജിതോ നേടുകയുണ്ടായി. ഇതിന്റെ മൂന്നാം ഭാഗം പുറത്തിറക്കുന്നതിന് മുൻപ് റായ് മറ്റു രണ്ടു ചിത്രങ്ങൾ കൂടി പൂർത്തിയാക്കുകയുണ്ടായി. പരാഷ് പത്തർ എന്ന ഹാസ്യചിത്രവും ജന്മിമാരുടെ അധഃപതനത്തിന്റെ കഥ പറയുന്ന ജൽസാഘർ എന്ന ചിത്രവും.[18] .
അപരാജിതോ നിർമ്മിക്കുന്ന സമയത്തുപോലും ഒരു മൂന്നാം ഭാഗത്തെപ്പറ്റി റായ് ചിന്തിച്ചിരുന്നില്ല. വെനിസ് ചലച്ചിത്രോൽസവത്തിൽ വെച്ചാണ് അങ്ങനെയൊരാശയം അദ്ദേഹത്തോട് ചോദിക്കപ്പെടുന്നത്.[19] . 1959 -ൽ അങ്ങനെ ആ തുടർച്ചയുടെ അവസാന ഭാഗമായ അപുർ സൻസാർ (അപുവിന്റെ ലോകം) പുറത്തിറങ്ങി. കഴിഞ്ഞ രണ്ടു ചിത്രങ്ങളെപ്പോലെ തന്നെ ഈ ചിത്രത്തേയും റായിയുടെ ഏറ്റവും മഹത്തായ കലാസൃഷ്ടിയായി, റോബിൻ വുഡ് (Robin Wood), അപർണ്ണ സെൻ (Aparana Sen) മുതലായ പ്രമുഖർ ഉൾപ്പെടെ നിരവധി നിരൂപകർ ഉയർത്തിക്കാട്ടി. റായിയുടെ വളരെ പ്രിയപ്പെട്ട നടീനടന്മാരായ സൗമിത്ര ചാറ്റർജിയെയും (Soumitra Chatterjie), ഷർമ്മിളാ ടാഗോറിനേയും(Sharmila Tagore) ഈ ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയത്. കൽക്കട്ടയിലെ ഒരു സാധാരണ തെരുവിൽ പട്ടിണിയിൽ ജീവിക്കുന്ന അപുവിനെയാണ് ഈ ചിത്രത്തിൽ നാം കാണുന്നത്. അപർണ്ണയുമായി ഒരു അസാധാരണ വിവാഹജീവിതം അപു നയിക്കുന്നതും, അവരുടെ ജീവിതത്തിലെ രംഗങ്ങൾ "ദാമ്പത്യ ജീവിതത്തിനെ ദൃഢമായി ചിത്രീകരിക്കുന്ന ശ്രേഷ്ഠകരമായ ഒരു ചലച്ചിത്രമായി[20] രൂപാന്തരപ്പെടുമ്പോൾ അവരുടെ ജീവിതത്തിലേക്ക് ദുരന്തം കടന്നു വരികയുമാണ് ഈ ചിത്രത്തിൽ. ഈ ചിത്രത്തെപ്പറ്റിയുള്ള ഒരു ബംഗാളി നിരൂപകന്റെ വളരെ നിശിതമായ വിമർശനത്തിനെ പ്രതിരോധിക്കാനായി റായ് വളരെ ശക്തമായ ഒരു ലേഖനം എഴുതുകയുണ്ടായി-അദ്ദേഹത്തിന്റെ ചലച്ചിത്രനിർമ്മാണ ജീവിതത്തിലെ അസാധാരണമായ ഒരു സംഭവമായിരുന്നു അത് (മറ്റൊരു പ്രധാന സംഭവം അദ്ദേഹത്തിന് വ്യക്തിപരമായി വളരെയധികം പ്രിയപ്പെട്ടതായിരുന്ന ചാരുലത എന്ന ചിത്രത്തോട് ബന്ധപ്പെട്ടായിരുന്നു). നേട്ടങ്ങൾ അദ്ദേഹത്തിന്റെ പിൽക്കാലജീവിതത്തെ സ്വാധീനിച്ചിരുന്നില്ല. റായ്, തന്റെ അമ്മയോടും അമ്മാവനോടും മറ്റു കുടുംബാംഗങ്ങളോടും കൂടി ഒരു വാടക വീട്ടിലായിരുന്നു ശിഷ്ടകാലം കഴിച്ചു കൂട്ടിയത്[21].
ഈ കാലയളവിൽ ബ്രിട്ടീഷ് രാജിനെ അധികരിച്ച് 'ദേവി', തുടങ്ങിയ ചിത്രങ്ങളും രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും മഹാപുരുഷ് എന്ന ഒരു ഹാസ്യചിത്രവും, ലക്ഷണമൊത്തൊരു തിരക്കഥയിൽ നിന്നുമുള്ള ആദ്യസിനിമയായ 'കാഞ്ചൻജംഗ'യും റായ് ചെയ്യുകയുണ്ടായി . ഭാരതീയ സ്ത്രീത്വത്തിന്റെ അഭ്രാവിഷ്‌കാരത്തിലൂടെ ആസ്വാദകഹൃദയങ്ങളെ ആഴത്തിൽ സ്വാധീനിച്ചതെന്നു നിരൂപകർ വിലയിരുത്തുന്ന ഒരുപിടി ചിത്രങ്ങളും ഇക്കാലത്ത് റായ് അണിയിച്ചൊരുക്കി .[22] .
അപുർ സൻസാറിനു (അപുവിന്റെ ലോകം) ശേഷം ഹൈന്ദവ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ അന്വേഷണവിധേയമാക്കുന്ന ‘ദേവി’ എന്ന സിനിമയാണ് റായ് ചെയ്തത്. ഭർതൃപിതാവിനാൽ ആരാധിക്കപ്പെടുന്ന ദയാമയി എന്ന ചെറുപ്പക്കാരിയായ ഭാര്യയായി ഷർമ്മിള ടാഗോർ ഈ ചിത്രത്തിൽ വേഷമിട്ടു . സെൻസർ ബോർഡ് ഈ സിനിമ തടയുകയോ രംഗങ്ങൾ മുറിച്ചു മാറ്റാൻ തന്നെ നിർബന്ധിക്കുകയോ ചെയ്തേക്കുമെന്ന് റായ് ഭയപ്പെട്ടിരുന്നു. എന്നാൽ സെൻസർ ബോർഡ് ദയ കാണിച്ചു. 1960-ൽ 'ദേവി' പുറത്തിറങ്ങി.
പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ നിർബന്ധപ്രകാരം മഹാകവി രബീന്ദ്രനാഥ് ടാഗോറിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച്, ടാഗോറിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിനായി റായ് നിയോഗിക്കപ്പെട്ടു. റായിയെ സംബന്ധിച്ചിടത്തോളം, തന്നെ ഏറ്റവുമധികം സ്വാധീനിച്ച മഹാകവിക്കുള്ള സ്തുത്യുപഹാരം കൂടിയായിരുന്നു ഈ ഡോക്യുമെന്ററി ഇത് 1961ൽ പുറത്തിറങ്ങി [23].
ടാഗോറിനെക്കുറിച്ചുള്ള വീഡിയോ ചിത്രങ്ങൾ വളരെ പരിമിതമായിരുന്നതു മൂലം മിക്കവാറും അചേതനങ്ങളായ വിഭവങ്ങൾ ഉപയോഗിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നതിൽ റായ് നിരവധി വെല്ലുവിളികൾ അഭിമുഖീകരിച്ചു . മൂന്നു ഫീച്ചർ ഫിലിമുകൾക്കു വേണ്ടിവരുന്ന അദ്ധ്വാനം ഈ ഒരു ഡോക്യുമെന്ററിക്കായി വേണ്ടി വന്നു എന്നാണ് റായ് ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത് [24].
അതേവർഷം തന്നെ അദ്ദേഹം സുഭാഷ് മുഖോപാധ്യായുമായിച്ചേർന്ന് ഒരിക്കൽ തന്റെ മുത്തച്ഛൻ പ്രസിദ്ധീകരിച്ചിരുന്ന 'സന്ദേശ് ' എന്ന കുട്ടികളുടെ മാസിക പുനഃസ്ഥാപിച്ചു . സന്ദേശിന്റെ പുനഃപ്രസിദ്ധീകരണത്തിനായി കുറേ വർഷങ്ങളായി പണം സ്വരൂപിച്ചു വരികയായിരുന്നു റായി. സന്ദേശ് അതിന്റെ പേരിന്റെ പ്രത്യേകത കൊണ്ടും (ബംഗാളിലെ ജനപ്രിയമായ ഒരു മധുരപലഹാരത്തിനും സന്ദേശ് എന്നാണ് പേര്) വിനോദത്തിനും വിജ്ഞാനത്തിനും ഉതകുന്ന മാസിക എന്ന നിലയിലും പേരെടുത്തു .
റായി സന്ദേശിനു വേണ്ടി ചിത്രങ്ങൾ വരക്കാനും കുട്ടികൾക്കായുള്ള കഥകളും ലേഖനങ്ങളുമെഴുതാനും തുടങ്ങി. വരും വർഷങ്ങളിൽ അദ്ദേഹത്തിന്റെ വരുമാനത്തിന്റെ മുഖ്യസ്രോതസ്സ് ഈ എഴുത്തായിരുന്നു.
1962 -ൽ റായി കാഞ്ചൻ ജംഗ എന്ന ചിത്രം സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ ആദ്യത്തെ മൗലികമായ തിരക്കഥയും[2] കളർ സിനിമയും ആയിരുന്നു ഇത് . ലണ്ടനിൽ വിദ്യാഭ്യാസം ചെയ്ത ഉന്നതവരുമാനക്കാരനായ ഒരു എഞ്ചിനീയറുമായി ഇളയമകളുടെ വിവാഹമുറപ്പിക്കുവാൻ വേണ്ടി പശ്ചിമബംഗാളിലെ നയനമനോഹരമായ ഡാർജിലിംഗ് താഴ്‌വരയിൽ മധ്യാഹ്നം ചെലവഴിക്കാനെത്തിയ ധനികകുടുംബത്തിന്റെ കഥ പറയുന്നതാണ് 'കാഞ്ചൻജംഗ' [25].
വലിയൊരു ബംഗ്ലാവിൽ വെച്ച് ഈ സിനിമ ചിത്രീകരിക്കുവാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ നാടകീയതയും പിരിമുറുക്കവും പ്രതിഫലിപ്പിക്കുന്നതിനായി ഡാർജിലിംഗ് എന്ന അതിപ്രശസ്തമായ മലയോര പട്ടണത്തിലെ വെളിച്ചത്തിന്റെയും മൂടൽമഞ്ഞിന്റെയും നിറഭേദങ്ങൾ ഉപയോഗപ്പെടുത്തുവാൻ റായ് പിന്നീട് നിശ്‌ചയിക്കുകയായിരുന്നു . തന്റെ തിരക്കഥ ഏത് പ്രകാശാന്തരീക്ഷത്തിലും സിനിമ ചിത്രീകരിക്കുവാൻ അനുവദിക്കുന്നുണ്ടെങ്കിലും ഒരു കൊമേഴ്‌സ്യൽ സിനിമയ്ക്കു വേണ്ട രീതിയിൽ സൂര്യപ്രകാശത്തിലുള്ള ഒരു ഷോട്ട് പോലുമെടുക്കാൻ ഡാർജിലിംഗിലെ കാലാവസ്ഥയിൽ കഴിയില്ലെന്ന കാര്യം റായ് കൌതുകത്തോടെ ശ്രദ്ധിച്ചു .
അറുപതുകളിൽ ജപ്പാൻ സന്ദർശിച്ച റായ് താൻ ഏറെ ആദരിക്കുന്ന അകിര കുറസോവയെന്ന മഹാരഥനെ കണ്ടതിൽ ഏറെ ആനന്ദതുലിതനായിരുന്നു. ഇതേ കാലത്ത് ഒരു തിരക്കഥ പൂർത്തിയാക്കുന്നതിനായി ചടുലമായ നഗരജീവിതത്തിൽ നിന്നും ഒറ്റപ്പെട്ട് ഡാർജിലിംഗ്, പുരി മുതലായ സ്ഥലങ്ങളിലേക്ക് റായ് പോയിരുന്നു .
1964 -ൽ റായ് സംവിധാനം ചെയ്ത 'ചാരുലത' എന്ന മനോഹരചിത്രം ഈ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ സിനിമാപ്രവർത്തനങ്ങളുടെ പരിസമാപ്തിയായിരുന്നു [26]. റായിയുടെ പ്രതിഭാവൈദഗ്‌ദ്ധ്യ ത്തിന്റെ ഉത്തുംഗതയിലുള്ള ചിത്രമെന്ന് നിരൂപകർ വാഴ്ത്തിയ ഈ സിനിമ രവീന്ദ്രനാഥ ടാഗോറിന്റെ 'നഷ്‌ടനിർ' എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതായിരുന്നു . പത്തൊമ്പതാം നൂറ്റാണ്ടിൽ ബംഗാളിൽ ജീവിച്ചിരുന്ന ചാരു എന്ന ഏകാകിനിയായ ഭാര്യയുടെയും വളർന്നു വരുന്ന അമൽ എന്ന ഭർതൃസഹോദരനെക്കുറിച്ച് അവൾക്കുണ്ടായിരുന്ന ഉത്‌ക്കണ്ഠകളുടെയും കഥ പറയുന്ന ഈ ചിത്രം റായിയുടെ 'മൊസാർട്ടിയൻ മാസ്റ്റർപീസ് ' എന്നാണറിയപ്പെടുന്നത് . ഈ സിനിമയെക്കുറിച്ച് റായ് തന്നെ അഭിമാനപൂർവ്വം പറഞ്ഞിട്ടുള്ളത് തന്റെ സിനിമകളിൽ ഏറ്റവും അബദ്ധങ്ങൾ കുറഞ്ഞ ഒന്നാണിതെന്നും അങ്ങനെ ചെയ്യാൻ അവസരം നൽകിയ ഒരേയൊരു സിനിമയാണിതെന്നുമായിരുന്നു .[27]
ചാരു എന്ന കഥാപാത്രമായി വേഷമിട്ട മാധവി മുഖർജി, സുബ്രത മിത്ര, ബൻസി ചന്ദ്രഗുപ്ത എന്നിവരുടെ മികച്ച പ്രകടനം പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടി. ഈ കാലഘട്ടത്തിലെ റായിയുടെ മറ്റു സിനിമകളിൽ 'മഹാനഗർ ', 'തീൻ കന്യ' (മൂന്നു പുത്രിമാർ), അഭിജാൻ (ദൌത്യം), 'കപുരുഷ് ഓ മഹാപുരുഷ് ' (ഭീരുവും വിശുദ്ധനും) തുടങ്ങിയവയും ഉൾപ്പെടുന്നു.
ചാരുലത കാലഘട്ടത്തിനുശേഷം, ഫാന്റസി, സയൻസ് ഫിക്ഷൻ, ഡിറ്റക്റ്റീവ് ചലച്ചിത്രങ്ങൾ, പുരാണ ചിത്രങ്ങൾ എന്നിങ്ങനെ പല വ്യത്യസ്ത വിഷയങ്ങളും റായ് സ്വന്തം ചലച്ചിത്രത്തിനു വേണ്ടി ഉപയോഗിച്ചു. ഈ സമയത്ത് ഒരുപാട് പരീക്ഷണങ്ങളും അദ്ദേഹം നടത്തി. കൂടാതെ, തന്റെ ചലച്ചിത്രങ്ങളിൽ സമകാലീന ഭാരതീയ ജീവിതരീതികൾ ചിത്രീകരിക്കപ്പെടുന്നില്ല എന്ന ആരോപണത്തിനാൽ ആ വിഷയം കൂടുതലായി അടുത്തറിയുന്ന തരം സിനിമകളും അദ്ദേഹം നിർമ്മിച്ചു. ഈ സമയത്തെ പ്രധാനപ്പെട്ട ഒരു സിനിമയായിരുന്നു നായക് (നായകൻ). നായകൻ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു പത്രക്കാരിയെ പരിചയപ്പെടുന്ന കഥയായിരുന്നു ഈ സിനിമയുടേത്. ഉത്തം കുമാറും ഷർമ്മിള ടാഗോറും അഭിനയിച്ച ഈ സിനിമയിൽ, ഇരുപത്തിനാല് മണിക്കൂർ ദൈർഘ്യമുള്ള ഒരു ടെയിൻ യാത്രയിൽ കണ്ടുമുട്ടുന്ന, ജീവിതവിജയം നേടിയ രണ്ടുപേരുടെ മാനസിക പിരിമുറുക്കങ്ങളാണ് വിഷയമായത്. ബെർളിനിൽ വിമർശകരുടെ അവാർഡ് ലഭിച്ചുവെങ്കിലും ഈ സിനിമയോടുള്ള പ്രേക്ഷകരുടെ പ്രതികരണം തണുത്തതായിരുന്നു.[28]
1967 -ൽ റായ്, ദ ഏലിയൻ എന്ന പേരിൽ ഒരു തിരക്കഥ എഴുതുകയുണ്ടായി. സന്ദേശ് എന്ന തന്റെ കുടുംബമാസികയ്ക്ക് വേണ്ടി 1962-ൽ അദ്ദേഹം തന്നെ എഴുതിയ ബാങ്കുബാബുർ ബന്ധു (ബാങ്കു ബാബുവിന്റെ സുഹൃത്ത്) എന്ന ചെറുകഥയാണ് ഈ തിരക്കഥയ്ക്ക് ആധാരം. കൊളമ്പിയ പിക്ചേർസ് ആയിരുന്നു ദ ഏലിയൻ എന്ന് പേരിട്ട ഈ ഇന്ത്യൻ-അമേരിക്കൻ ചിത്രത്തിന്റെ നിർമ്മാതാക്കളായി തീരുമാനിക്കപ്പെട്ടിരുന്നത്. പീറ്റർ സെല്ലേർസ്, മാർലൺ ബ്രാൻഡോ എന്നിവർ അഭിനേതാക്കളും. പക്ഷെ തന്റെ ഈ തിരക്കഥ നേരത്തേ തന്നെ പകർപ്പവകാശനിയമപ്രകാരം മറ്റൊരാൾക്ക് അവകാശപ്പെടുത്തിയിരിക്കുന്നു എന്നറിഞ്ഞ് അദ്ദേഹം ആശ്ചര്യപ്പെടുകയാണുണ്ടായത്. ബ്രാന്റോ പിന്നീട് ഈ ഉദ്യമത്തിൽ നിന്ന് പിന്മാറി. ബ്രാന്റോയ്ക്ക് പകരം ജെയിംസ് കബ്ബേൺഎന്ന നടനെക്കൊണ്ട് ചിത്രം തുടരാൻ കുറച്ചുകാലം ശ്രമിക്കുകയുണ്ടായെങ്കിലും മനം മടുത്ത് റായ് കൊൽക്കത്തയ്ക്ക് തന്നെ മടങ്ങി.[29][30] ഈ സിനിമ വീണ്ടും തുടങ്ങുവാനായി കൊളമ്പിയ, 1970-1980 കാലഘട്ടത്തിൽ പല തവണ ശ്രമിച്ചുവെങ്കിലും ഈ പദ്ധതി മുന്നോട്ട് നീങ്ങിയതേയില്ല. 1982-ൽ എക്സ്ട്രാ ടെറസ്ട്രിയൽ (E.T. the Extra-Terrestrial) പുറത്തിറങ്ങിയപ്പോൾ തന്റെ തിരക്കഥയുമായി വളരെയധികം സാമ്യം റായ് ഈ സിനിമയിൽ കാണുകയുണ്ടായി. 1980-ൽ സൈറ്റ് & സൗണ്ട് (Sight & Sound) എന്ന പരിപാടിയിൽ റായ് തന്റെ ഉദ്യമത്തിന്റെ പരാജയകാരണം ചർച്ച ചെയ്യുകയും ചെയ്തു. 1989-ൽ റായിയുടെ ചരിത്രകാരൻ ആണ്ട്രൂ റോബിൻസൻ ദ ഇന്നർ ഐ എന്ന പുസ്തകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. ദ ഏലിയൻ എന്ന തന്റെ തിരക്കഥ അമേരിക്ക മുഴുവൻ ലഭ്യമായില്ലായിരുന്നുവെങ്കിൽ സ്റ്റീവൻ സ്പീൽബർഗിന് എക്സ്ട്രാ ടെറസ്ട്രിയൽ എന്ന സിനിമ നിർമ്മിക്കുവാനാകുമായിരുന്നില്ല എന്ന് റായ് പിന്നീട് ആരോപിച്ചെങ്കിലും സ്പീൽബർഗ് അത് നിഷേധിച്ചു.[31]
1969 -ൽ റായി, തന്റെ ചലച്ചിത്രങ്ങളിൽ ഏറ്റവും വിജയം നേടിയ ചിത്രം നിർമ്മിച്ചു. തന്റെ മുത്തച്ചൻ എഴുതിയ ഒരു ബാലസാഹിത്യകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നിർമ്മിച്ച ഗൂപ്പി ഗൈൻ ഭാഗ ബൈൻ (ഗൂപ്പിയുടേയും ഭാഗയുടേയും സാഹസങ്ങൾ), ഒരു സംഗീത സാന്ദ്രമായ ഫാന്റസി ചിത്രമാണ്. ഗൂപ്പി എന്ന പാട്ടുകാരനും ഭാഗ എന്ന ഡ്രമ്മറും, പ്രേതങ്ങളുടെ രാജാവ് തങ്ങൾക്ക് അനുവദിച്ചുതന്ന മൂന്ന് വരങ്ങൾ വച്ച് രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ ചിത്രങ്ങളിൽ ഏറ്റവും ചിലവേറിയ ഒന്നായ ഇതിന് ഒരു നിർമ്മാതാവിനെ ലഭിക്കാൻ റായ് ഒരുപാട് കഷ്ടപ്പെട്ടു. ഒരു ബോളിവുഡ് നടനെ മുഖ്യ അഭിനേതാവാക്കാമെങ്കിൽ ലഭിക്കുമായിരുന്ന പണം വേണ്ടെന്ന് വയ്ക്കുക വരെ ചെയ്തു. അവസാനം നിവൃത്തിയില്ലാതെ ചെലവ് കുറയ്ക്കാൻ റായ് ഈ ചിത്രം ബ്ലാക്ക് & വൈറ്റിലാണ് ചിത്രീകരിച്ചത്.[32] യുവകവിയും കഥാകാരനുമായ സുനിൽ ഗംഗോപാധ്യായയുടെ ഒരു നോവലായിരുന്നു അടുത്തതായി റായ് ചലച്ചിത്രമാക്കിയത്. ചാരുലതയേക്കാൾ സങ്കീർണ്ണമായ ഒരു സംഗീത പ്രമേയമായിരുന്നു ഈ സിനിമയ്ക്ക് .[33] അരന്യർ ദിൻ രാത്രി (ആരണ്യത്തിലെ ദിനങ്ങളും രാത്രികളും) എന്ന ഈ സിനിമയിൽ നാലു നാഗരിക യുവാക്കൾ വനത്തിലേയ്ക്ക് ഒരു വിനോദയാത്ര പോകുന്നതും അവിടെ തങ്ങളുടെ നാഗരികത ഉപേക്ഷിക്കാൻ ശ്രമിക്കുന്നതുമാണ് പ്രമേയമായത്. ഇതിൽ ഒരാളൊഴികെ മറ്റുള്ളവർ മുഴുവനും സ്തീകളുമായി ഇടപഴകുന്നത് ചിത്രീകരിച്ച ഈ സിനിമയെ വിമർശകർ ഇന്ത്യൻ മധ്യവർഗ്ഗങ്ങളുടെ ഒരു ആഴത്തിലുള്ള പഠനമായിട്ടാണ് വിശേഷിപ്പിച്ചത്. ഒരു ആദിവാസി വനിതയായി ഈ ചിത്രത്തിൽ അഭിനയിച്ച സിമി ഗരേവാൾ എന്ന മുംബൈ നടി, നഗരത്തിൽ ജീവിച്ചുവളർന്ന തന്നെ റായ് ഈ ആദിവാസിയുടെ റോളിനായി പരിഗണിച്ചതുകണ്ട് ആശ്ചര്യപ്പെട്ടിരുന്നു.
ആരണ്യർക്ക് ശേഷം, റായ് സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നി. ഇടതുപക്ഷ നക്സലൈറ്റ് പ്രസ്ഥാനങ്ങൾ കാരണം ബംഗാളികളുടെ ജീവിതം മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ഒരു സമയമായിരുന്നു അത്. കൽക്കട്ട ട്രൈലോജി എന്ന പേരിൽ പ്രതിധ്വന്തി (1970), സീമബദ്ധ (1971), ജന അരണ്യ (1975) എന്ന പേരിൽ കഥാതന്തുവിൽ സാമ്യമുള്ള മൂന്ന് ചിത്രങ്ങൾ അദ്ദേഹം നിർമ്മിക്കുകയുണ്ടായി. പ്രതിധ്വന്തി (പ്രതിയോഗി) ആദർശവാനായ ഒരു യുവബിരുദധാരിയുടെ കഥയാണ്. ഈ സിനിമയിലെ കഥാനായകൻ പല മോഹവലയങ്ങളിൽ പെട്ടിട്ടുപോലും അവസാനം വരെ കളങ്കിതനാകാതെ പിടിച്ചു നിന്നു. ഗണ അരണ്യ (ഇടത്തരക്കാരൻ), ജീവിക്കാനായി അഴിമതി ചെയ്യുന്ന ഒരു യുവാവിന്റേതും സീമബദ്ധ (ക്ലിപ്തം) (ഇൻ്റർനാഷനൽ ടൈറ്റിൽ: Company Limited) ജീവിതവിജയം നേടിയിട്ടും ആർത്തി കാരണം സ്വന്തം മൂല്യങ്ങളെ ബലി കഴിക്കുന്ന ഒരു വ്യക്തിയുടേയും കഥയാണ്. ഇതിൽ ആദ്യത്തേതായ പ്രതിധ്വന്തിയിൽ, റായിയുടെ ചലച്ചിത്രങ്ങളിൽ കാണാത്ത ഒരു എലിപ്റ്റിക്കൾ വിവരണ ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്; ഉദാ: നെഗറ്റീവിലുള്ള സീനുകൾ, ഉറക്ക സീനുകൾ, പൊടുന്നനെയുള്ള ഓർമ്മകൾ എന്നിവ. എഴുപതുകളിൽ തന്റെ തന്നെ പ്രശസ്തമായ രണ്ട് അന്വേഷണാത്മകമായ കഥകൾ റായ് സിനിമയാക്കുകയുണ്ടായി. മിക്കവയും കുട്ടികളേയും യുവാക്കളേയും ലക്ഷ്യം വച്ചിട്ടുള്ളതായിരുന്നുവെങ്കിലും സോനാർ കെല്ല (സ്വർണ്ണ കോട്ട) , ജോയ് ബാബ ഫെല്ലുനാഥ് (ഒരു ആന ദൈവം) എന്നിവ വിമർശന പ്രശംസ പിടിച്ചുപറ്റി.[34]
ബംഗ്ലാദേശ് മോചന സമരത്തെക്കുറിച്ച് ഒരു ചലച്ചിത്രം നിർമ്മിക്കുന്നതിനെക്കുറിച്ച് റായ് ആലോചിച്ചിരുന്നുവെങ്കിലും, അഭയാർത്ഥികളുടെ പലായനങ്ങളും യാത്രകളുമാണ് ഒരു ചലച്ചിത്രകാരൻ സിനിമയാക്കേണ്ടത്, അല്ലാതെ അതിന്റെ രാഷ്ട്രീയമല്ല എന്ന നിലപാടുകാരണം പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു.[35] 1977-ൽ, 'ശത്രഞ്ജ് കേ ഖിലാഡി (ചതുരങ്കം കളിക്കാർ) എന്ന ഉറുദു ചിത്രം അദ്ദേഹം പൂർത്തിയാക്കി. ഈ ചിത്രം മുൻഷി പ്രേംചന്ദ് എന്ന വ്യക്തിയുടെ കഥയെ ആസ്പദമാക്കിയായിരുന്നു എഴുതപ്പെട്ടത്. 1857-ലെ ഇന്ത്യൻ വിമോചന സമരത്തിനു ഒരു വർഷം മുൻപ് ലക്നൌവിലെഔധ് എന്ന സംസ്ഥാനത്ത് നടക്കുന്ന ഒരു കഥയായിരുന്നു അത്. റേയുടെ, ബംഗാളിയിൽ അല്ലാത്ത ആദ്യ ചലച്ചിത്രമായ ഇത്, ഇന്ത്യ ബ്രിട്ടീഷ് കോളനി ആകാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് പ്രതിപാതിക്കുന്ന ഒന്നായിരുന്നു. റായിയുടെ ഏറ്റവും ചെലവേറിയതും താരനിബിഡവുമായ ചിത്രവും ഇതായിരുന്നു. സഞ്ജീവ് കുമാർ, സയിദ് ജാഫ്രി, അംജദ് ഖാൻ, ശബാന ആസ്മി, വിക്റ്റർ ബാനർജി റിച്ചാർഡ് ആറ്റർബറോ എന്നിവർ ഈ സിനിമയിൽ അഭിനേതാക്കളായി അണിനിരന്നു. ഗൂപ്പി ഗൈനെ ഭാഗ ബൈനെ എന്ന സിനിമയ്ക്ക് 1980-ൽ റായ് രണ്ടാം ഭാഗം ഉണ്ടാക്കുകയുമുണ്ടായി. ഹിരക് രജർ ദേശേ (രത്നങ്ങളുടെ നഗരം) എന്ന ഈ സിനിമയിൽ, ദുഷ്ടനായ രത്നരാജാവ് ഹിരോക് രാജിന്റെ നഗരം എന്ന പേരിൽ അടിയന്തരാവസ്ഥക്കാലത്തെ ഇന്ത്യയെയായിരുന്നു റായ് ചിത്രീകരിക്കാൻ ശ്രമിച്ചത്.[36] ഇതുകൂടാതെ ഇക്കാലത്ത് പിക്കൂർ ഡയറി (പിക്കൂവിന്റെ ദിവസം) എന്ന ചെറുസിനിമയും ഒരു മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഹിന്ദി ചലച്ചിത്രം സദ്ഗതി എന്നിവയുമായിരുന്നു അദ്ദേഹം നിർമ്മിച്ച സിനിമകൾ.
1983 -ൽ, ഘരേ ബായിരേ (വീടും ലോകവും) എന്ന ചലച്ചിത്രത്തിന്റെ പണികളിൽ ഏർപ്പെട്ടിരുന്ന സമയത്ത് റായിയ്ക്ക് ഒരു ചെറിയ ഹൃദയാഘാതമുണ്ടായി. ഇത് അടുത്ത 9 വർഷത്തെ അദ്ദേഹത്തിന്റെ പ്രയത്നങ്ങളെ വലിയൊരളവ് വരെ കുറച്ചു. ഘരേ ബായിരേ എന്ന ചിത്രം 1984-ൽ, റായ് തന്റെ ശാരീരികാസ്വാസ്ഥ്യം കാരണം മകന്റെ സഹായത്തോടുകൂടിയാണ് പൂർത്തിയാക്കിയത്. അവിടുന്നങ്ങോട്ട് അദ്ദേഹത്തിന്റെ മകൻ തന്നെയായിരുന്നു പിന്നീടുള്ള ചലച്ചിത്രങ്ങൾക്കെല്ലാം ക്യാമറ ചലിപ്പിച്ചിരുന്നത്. തീക്ഷ്ണമായ ദേശീയവാദത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള ടാഗോറിന്റെ ഈ നോവൽ സിനിമയാക്കണമെന്നത് റായിയുടെ വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു. 1940 -ൽ ദുർബലമായ (അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ) ഒരു തിരക്കഥ ഈ കഥയെ ആസ്പദമാക്കി റായ് രചിക്കുകപോലുമുണ്ടായി.[37] തന്റെ അസ്വാസ്ഥ്യങ്ങൾക്കിടയിൽ നിർമ്മിച്ചതിന്റെ പോരായ്മകളുണ്ടായിട്ടും ഈ സിനിമ വിമർശന പ്രശംസ പിടിച്ചുപറ്റി. 1987-ൽ അദ്ദേഹം തന്റെ അച്ഛനായ സുകുമാർ റായിയെപ്പറ്റി ഒരു ഡോക്യുമെന്ററിയും ഉണ്ടാക്കുകയുണ്ടായി.
റായിയുടെ അസുഖം ഭേദമായതിനുശേഷം നിർമ്മിച്ച അവസാന മൂന്ന് ചിത്രങ്ങളും അധികവും പുറമേയല്ല ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. പ്രത്യേകമായ ഒരു ശൈലിയിൽ, സംഭാഷണങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് നിർമ്മിക്കപ്പെട്ട ഈ സിനിമകൾ അദ്ദേഹത്തിന്റെ മുൻകാല സിനിമകളെ അപേക്ഷിച്ചുനോക്കുമ്പോൾ നിലവാരത്തിൽ കുറവാണെന്ന് കരുതപ്പെടുന്നു. ആദ്യത്തേതായ ഗണശത്രു (ജനങ്ങളുടെ ശത്രു), ഇബ്സെന്റെ An Enemy of the People എന്ന നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതാണ്. ഈ സിനിമയാണ് അവസാന മൂന്നിൽ ഏറ്റവും മോശപ്പെട്ടതായി വിലയിരുത്തപ്പെടുന്നത്.[38] 1990-ലെ സിനിമയായ ശാഖ പ്രൊശാഖ (മരങ്ങളുടെ ശിഖരങ്ങൾ) എന്ന സിനിമയിൽ അദ്ദേഹം തന്റെ പ്രതാപം വീണ്ടെടുത്ത് തിരിച്ച് വന്നു.[39] ഇതിൽ സത്യസന്ധനായ ഒരു വൃദ്ധൻ, തന്റെ മൂന്ന് മക്കളുടെ അഴിമതികളെക്കുറിച്ചറിഞ്ഞ് അവരുമായി അകന്ന് തന്റെ മാനസികാസ്വാസ്ഥ്യമുള്ള നാലാം കുട്ടിയുടെ സംരക്ഷണത്തിനായി ഒതുങ്ങിക്കൂടുന്നതാണ് കഥ. ശഖ പ്രശഖയ്ക്ക് ശേഷം, ആഗന്തുക് (അപരിചിതൻ) എന്ന സിനിമയാണ് അദ്ദേഹം നിർമ്മിച്ചത്.
1992-ൽ ഹൃദയസംബന്ധമായ കാരണങ്ങളാൽ റായിയുടെ ആരോഗ്യം മോശമായി. ഇതേത്തുടർന്ന് ആശുപത്രിവാസിതനാക്കപ്പെട്ട അദ്ദേഹത്തിന് പിന്നീട് ആ അവസ്ഥയിൽ നിന്ന് കരകയറാനായില്ല. മരിക്കുന്നതിനു ആഴ്ചകൾക്ക് മുൻപ് ബഹുമാനസൂചകമായി ഒരു ഓസ്കാർ സമ്മാനിച്ച് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ഏപ്രിൽ 23, 1992-ന് ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മഹാനായ ഈ ചലച്ചിത്രകാരൻ ഈ ലോകത്തോട് വിട പറഞ്ഞു.
തിരക്കഥാരചന സംവിധാനരംഗത്ത് ഒരു അവിഭാജ്യഘടകമാണെന്ന് റായ് കരുതിയിരുന്നു. അതുകൊണ്ട് തന്നെയാണ് ആദ്യകാലങ്ങളിൽ ബംഗാളി ഒഴിച്ചുള്ള ഒരു ഭാഷയിലും ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യാതിരുന്നതും. അദ്ദേഹം സംവിധാനം ചെയ്ത രണ്ട് ബംഗാളി മറുഭാഷാ ചിത്രങ്ങളും റായ് തന്നെ ഇംഗ്ലീഷിൽ തിരക്കഥ എഴുതിയതായിരുന്നു. പിന്നീട് പരിഭാഷകർ റായിയുടെ നേതൃത്വത്തിൽ തന്നെ അവ ഹിന്ദിയിലേക്കോ ഉർദുവിലേക്കോ തർജ്ജമ ചെയ്തു. റായിയുടെ ഇതേ വീക്ഷണം തന്നെയായിരുന്നു ബംഗാളി അറിയാത്ത കലാസംവിധായകൻ ബൻസി ചന്ദ്രഗുപ്തയ്ക്കുമുണ്ടായിരുന്നത്. റായ് തന്റെ ചിത്രങ്ങളുടെ തിരക്കഥ ആദ്യം ഇംഗ്ലീഷിലെഴുതുകയും പിന്നീട് ബംഗാളിയിലേക്ക് തർജ്ജമ ചെയ്യുകയുമായിരുന്നു. അതുകാരണം ബംഗാളി മനസ്സിലാകാത്ത ചന്ദ്രഗുപ്ത ഇംഗ്ലീഷ് വായിച്ച് കഥാസന്ദർഭങ്ങൾ മനസ്സിലാക്കിക്കൊണ്ടുമിരുന്നു. അതുവരെ റായിയുടെ ചലച്ചിത്രങ്ങളിൽ ദൃശ്യഭാഷയ്ക്ക് ചാരുത നൽകിയിരുന്നത് ഛായാഗ്രാഹകനായിരുന്ന സുബ്രതാ മിത്ര ആയിരുന്നു. പിന്നീട് അദ്ദേഹം റായിയെ വിട്ട് മറ്റ് സംവിധായകരോടൊപ്പം കൂടിയപ്പോൾ അത് റായിയുടെ ചലച്ചിത്രങ്ങളുടെ ദൃശ്യചാരുത കുറച്ചുവെന്ന് പല നിരൂപകരും വിലയിരുത്തിയിട്ടുണ്ട്.[28]
സത്യജിത്ത് റായ് ബംഗാളി ബാലസാഹിത്യത്തിൽ വളരെ പ്രശസ്തരായ രണ്ട് കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ഫെലൂദ എന്ന കുറ്റാന്വേഷകനും പ്രൊഫസർ ഷോങ്കു എന്ന ശാസ്ത്രജ്ഞനും. റായ് എഴുതിയിരുന്ന ചെറുകഥകൾ 12 കഥകളുള്ള ഒരോ ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചിരുന്നത്. പുസ്തകത്തിന്റെ പേരുകൾ പന്ത്രണ്ട് എന്ന വാക്കിനെ കൊണ്ടുള്ള കളികളാണ് (ഉദാഹരണത്തിന് ഒന്നിന്റെ മുകളിൽ രണ്ട് എന്ന് അർത്ഥം വരുന്ന ഏകേർ പിധേ ദൊയ്). റായിയുടെ തമാശകളോടും കടങ്കഥകളോടുമുള്ള കൌതുകം പലപ്പോഴും അദ്ദേഹത്തിന്റെ കഥകളിൽ പ്രതിഫലിച്ചിരുന്നു, ഉദാഹരണത്തിന് ഫെലൂദ പലപ്പോഴും കടങ്കഥകളുടെ ഉത്തരം കണ്ടെത്തുന്നതിലൂടെയാണ് കേസുകളുടെ ചുരുളഴിച്ചിരുന്നത്. ഷെർലക് ഹോംസിന് വാട്സൺ എന്നപോലെ ഫെലൂദയുടെ ബന്ധു ടോപ്സാണ് (Topse)ഇവിടെ കഥ വിവരിക്കുന്നത്. ഷോങ്കുവിന്റെ നിഗൂഢമായ അപ്രത്യക്ഷമാകലിനു ശേഷം കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിലൂടെയാണ് സയൻസ് ഫിക്ഷൻ റായ് അവതരിപ്പിച്ചിരുന്നത്. റായിയുടെ ചെറുകഥകളെല്ലാം അദ്ദേഹത്തിന്റെ ഭീകരതയോടുള്ള താൽപര്യത്തെ പ്രബലമാക്കുന്നതും, മന:ശാസ്ത്രപരമായ പഠനങ്ങൾക്ക് താൽപര്യമുണർത്തുന്നതും ആണ്[40]. അദ്ദേഹത്തിന്റെ മിക്ക കൃതികളും ഇപ്പോൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളതു
കൊണ്ട് വിവിധ തലങ്ങളിലുള്ള വായനക്കാരിലേക്ക് അവ എത്തിച്ചേരുന്നുമുണ്ട്.
അദ്ദേഹത്തിന്റെ മിക്ക തിരക്കഥകളും ഏൿസാൻ(Eksan)എന്ന സാഹിത്യ പ്രസിദ്ധീകരണത്തിൽ, ബംഗാളി ഭാഷയിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. റായ് തന്റെ ആത്മകഥ എഴുതിയത്, അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെപ്പറ്റി വിവരിക്കുന്ന Jakhan ChoTo Chilam(1982) എന്ന പുസ്തകത്തിലും, Our Films Their Films(1976), Bishoy Chalachchitra(1976),Ekei Bole Shooting(1979) എന്നിവയിൽ എഴുതിയ ലേഖനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന തരത്തിലാണ്. 1990 കളുടെ മദ്ധ്യത്തിൽ റായിയുടെ ചലച്ചിത്ര ലേഖനങ്ങളും ചെറുകഥാസമാഹാരങ്ങളും വിദേശത്തും പ്രസിദ്ധീകരിക്കുകയുണ്ടായി. Our Films, Their Films എന്നുള്ളത് ചലച്ചിത്രനിരൂപണങ്ങളുടെ ഒരു സമാഹാരമായിരുന്നു. ലേഖനങ്ങളും, മുൻപ് പ്രസിദ്ധീകരിച്ചിരുന്നവയിൽ നിന്നുമുള്ള ഉദ്ധരണികളുമായിരുന്നു അതിന്റെ ഉള്ളടക്കം. രണ്ടു ഭാഗങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പുസ്തകത്തിൽ റായ് അദ്ദേഹത്തിന്റെ ശ്രദ്ധ ചാർളി ചാപ്ലിനെപ്പോലെയും (Chalie Chaplin)അകിറ കുറോസോവയേയും(Akira Kurosawa) പോലുള്ള ഹോളിവുഡ് ചലച്ചിത്രപ്രവർത്തകരിലേക്ക് തിരിയുന്നതിനു മുൻപുള്ള ഇൻഡ്യൻ ചലച്ചിത്രങ്ങളെപ്പറ്റിയും, ഇറ്റാലിയൻ നിയോ റിയലിസത്തിന്റെ മുന്നേറ്റത്തെപ്പറ്റിയും പ്രതിപാദിക്കുന്നു. അദ്ദേഹത്തിന്റെ Bishoy Chalachchitra എന്ന പുസ്തകം 2006 -ൽ Speaking of Films എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ഒപ്പം സിനിമയുടെ വിവിധ വശങ്ങളെപ്പറ്റിയുള്ള റായിയുടെ ദാർശനീക കാഴ്ചപ്പാടുകളെ ഉൾക്കൊള്ളിച്ച് ഒരു സംക്ഷിപ്ത വിശദീകരണം നൽകുകയും ചെയ്യുന്നു. ലെവിസ് കരോളിന്റെ (Lewis Carroll) "Jabberwokky" യുടെ വിവർത്തനം ഉൾപ്പെടെ, നിരർത്ഥക പദ്യങ്ങളുടെ ഒരു സമാഹാരവും റായി, Today Bandha Ghorar Dim എന്ന പേരിൽ പുറത്തിറക്കുകയുണ്ടായി. മുല്ലാ നസറുദ്ദീന്റെ അനേക ഹാസ്യനുറുങ്ങുകളും ബംഗാളി ഭാഷയിൽ ആദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Ray Roman എന്നും Ray Bizarre എന്നും രണ്ട് ഫോണ്ടുകൾ റായ് ഡിസൈൻ ചെയ്തിട്ടുണ്ട്[41][42] . 1971 -ൽ ഒരു അന്തർദ്ദേശീയ മത്സരത്തിൽ Ray Roman വിജയിക്കുകയും ചെയ്തു[43]. കൽക്കത്തയിലെ ചില ഭാഗങ്ങളിൽ അദ്ദേഹം ഒരു നല്ല ഗ്രാഫിക് ഡിസൈനർ ആയിട്ടാണ് കൂടുതലായും അറിയപ്പെട്ടിരുന്നത്. തന്റെ എല്ലാ പുസ്തകങ്ങളുടെയും പുറംചട്ടകൾ രൂപപ്പെടുത്തിയിരുന്നതും, ചലച്ചിത്രത്തിന്റെ പരസ്യങ്ങളുടെ മുഖ്യ പങ്കു വഹിച്ചിരുന്നതും റായ് തന്നെയായിരുന്നു.[44].
സത്യജിത് റായ് ലോകമാകമാനമുള്ള ബംഗാളികളുടെയും, ഇന്ത്യയുടെയും സാസ്കാരിക ചിഹ്നമാണ്.[45] അദ്ദേഹത്തിന്റെ മരണ വാർത്തയറിഞ്ഞതിനു ശേഷം കൊൽക്കത്ത നഗരം നിശ്ശബ്ദമാകുകയും ആയിരക്കണക്കിനാളുകൾ അന്ത്യാഞ്ജലികൾ അർപ്പിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലേക്കൊഴുകുകയും ചെയ്തു.[46] സത്യജിത് റായ് സിനിമകളുടെ സ്വാധീനം ബംഗാളി ചലച്ചിത്ര രംഗത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.,അപർണ സെൻ,ഋതുപർണ ഘോഷ്, ഗൗതം ഘോഷ് തുടങ്ങിയ ബംഗാളി സംവിധായകരെയും , താരെഖ് മസൂദ്, തൻവീർ മൊകമ്മെൽ തുടങ്ങിയ ബംഗ്ലാദേശ് സംവിധായകരെയും, അദ്ദേഹത്തിന്റെ ചലച്ചിത്രപാരമ്പര്യം വല്ലാതെ സ്വാധീനിച്ചിരുന്നു. ബുദ്ധദേവ് ദാസ്ഗുപ്ത,മൃണാൾ സെൻ [47] ,അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരിലും റായിയുടെ ചലച്ചിത്രപാരമ്പര്യം വീക്ഷിക്കാം. ഇന്ത്യക്ക് പുറത്ത്, മാർട്ടിൻ സ്കോർസസെ,[48] ജെയിംസ് ഐവറി,[49]അബ്ബാസ് കിയാരൊസ്തമി,[50] ഏലിയാ കസാൻ,ഫ്രാൻസ്വാ ത്രൂഫോ[50],ഡാനി ബോയൽ[51] തുടങ്ങിയ വിദേശ സംവിധായകരിലും റായ് സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഐറാ സാക്സിന്റെ 2005-ൽ പുറത്തിറങ്ങിയ ഫോർട്ടി ഷേഡ്‌സ് ഓഫ് ബ്ലൂ എന്ന ചലച്ചിത്രം ചാരുലതയുടെ ഒരു സ്വതന്ത്ര റീമേക്ക് ആണ്.Forty Shades of Blue , അതു പോലെ 1995 -ൽ പുറത്തിറങ്ങിയ മൈ ഫാമിലിയിലെ അവസാന രംഗങ്ങൾ അപുർ സൻസാറിലേത് അതേ പടി പകർത്തിയതായിരുന്നു. ഇതുപോലെ തന്നെ ഉള്ള ഒരു ഉദാഹരണമാണ് സ്കായേർഡ് ഡെവിൾ എന്ന ചലച്ചിത്രവും.,[52] the Elements trilogy of Deepa Mehta and even in films of Jean-Luc Godard.[53]
ദ സിംസൺസ് എന്ന അമേരിക്കൻ അനിമേറ്റഡ് പരമ്പരയിലെ അപു നഹസപീമപെറ്റ്ലിയൻ റെയുടെ വിഖ്യാതമായ അപു ത്രയങ്ങളിലെ കഥാപാത്രത്തോട് സാമ്യപ്പെടുത്താം. റെയും,മാധബി മുഖർജിയുമാണ് ചലച്ചിത്ര രംഗത്തു നിന്ന് വിദേശരാജ്യത്തെ(ഡൊമിനിക്ക) സ്റ്റാമ്പുകളിൽ ഇടം നേടിയ വ്യക്തികൾ. സാൾ ബെല്ലോസിന്റെ ഹെർസോഗ് ജെ.എം. കോറ്റെസീയുടെ യൂത്ത്, സൽമാൻ റുഷ്ദിയടെ ഹാറോൻ ആന്റ് ദ സീ ഓഫ് സ്റ്റോറീസ് തുടങ്ങിയ അനേകം കൃതികളിൽ ഗോപി ബാഘ തുടങ്ങിയ കഥാപാത്രങ്ങൾ വരുന്നുണ്ട്. 1993-ൽ യു,സി. സാന്താ ക്രൂസിൽ സത്യജിത് റായ് ഫിലിം ആന്റ് സ്റ്റഡി കലക്ഷൻ എന്നൊരു വിഭാഗവും, 1995 -ൽ സത്യജിത് റായ് ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യൻ ഗവൺമെന്റും, ചലച്ചിത്ര രംഗത്തെ പഠനങ്ങൾക്കായി രൂപവത്കരിച്ചിട്ടുണ്ട്. 2007-ൽ ബി.ബി.സി രണ്ട് ഫെലൂദ കഥകൾ റേഡിയോ പ്രോഗ്രാമുകൾ ആക്കുമെന്ന് പ്രഖ്യാപിച്ചു.[54] ലണ്ടൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്ത് , സത്യജിത് റായ് അവാർഡ് എന്നൊരു പുരസ്കാരം ഏറ്റവും മികച്ച നവാഗത സംവിധായകന് നൽകാറുണ്ട്.ദ ഡാർജലിംഗ് ലിമിറ്റഡ് എന്ന പേരിൽ വെസ് ആന്റേർസൺ സംവിധാനം ചെയ്ത ചലച്ചിത്രത്തിനു റായിയുടെ സ്വാധീനമുണ്ടെന്ന് സംവിധായകൻ പ്രഖ്യാപിക്കുകയും ഇന്ത്യയിൽ സംവിധാനം ചെയ്ത ഈ ചലച്ചിത്രം സത്യജിത് റായിക്കായിരുന്നു സമർപ്പിച്ചിരുന്നതും ഓർക്കാം.
തന്റെ നീണ്ട ചലച്ചിത്ര,സാഹിത്യ ജീവിതത്തിനിടയിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും റായിയെ തേടിയെത്തിയിട്ടുണ്ട്. ഇതിൽ ഇന്ത്യാ ഗവൺമെന്റ് നൽകുന്ന 32 ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും ഉൾപ്പെടുന്നു. മൂന്ന് 'പദ്മ' പുരസ്കാരങ്ങളും പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നവും നേടിയ രണ്ടു പേരിൽ ഒരാളാണ് റായി. ഓക്സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി ഡോക്ടറേറ്റ് നൽകിയപ്പോൾ ചാർലി ചാപ്ലിനു ശേഷം ചലച്ചിത്രരംഗത്തുനിന്നും അത് നേടുന്ന രാണ്ടാമത്തെ വ്യക്തിയായി സത്യജിത് റായി മാറി .[55] 1987-ൽ ഫ്രഞ്ച് ഗവൺമെന്റ് അദ്ദേഹത്തിന് ലീജിയൻ ഓഫ് ഓണറും, 1985-ൽ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരവും റായിക്ക് ലഭിക്കുകയുണ്ടായി.[56] അദ്ദേഹം മരിക്കുന്നതിനു അടുത്ത നാളുകളിൽ ഇന്ത്യാ ഗവൺമെന്റ് ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരത രത്നം സമ്മാനിച്ചു.[56] അക്കാദമി ഓഫ് മോഷൻ പിച്ചർ ആന്റ് സയൻസസ് ( Academy of Motion Picture Arts and Sciences)അദ്ദേഹത്തിനു സമഗ്രസംഭാവനയ്ക്കുള്ള ഓസ്കാർ പുരസ്കാരം 1992 -ൽ സമ്മാനിച്ചു. 1992-ൽ തന്നെ സംവിധാന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അകിര കുറസോവ പുരസ്കാരം(Akira Kurosawa Award for Lifetime Achievement in Directing) സാൻഫ്രാൻസിസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ലഭിക്കുകയുണ്ടായി. അന്ന് ശർമിള ടാഗോർ റായിക്ക് വേണ്ടി പുരസ്കാരം സ്വീകരിക്കുകയും ചെയ്തു.[57]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.