ചലച്ചിത്ര സംവിധായകൻ From Wikipedia, the free encyclopedia
മലയാള സിനിമയിലെ പ്രതിഭാശാലിയായ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ.ഇദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ എല്ലാം തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
അടൂർ ഗോപാലകൃഷ്ണൻ | |
---|---|
ജനനം | മൗട്ടത്തു ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ |
മറ്റ് പേരുകൾ | അടൂർ |
തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് |
സജീവ കാലം | 1972 – തുടരുന്നു |
മാതാപിതാക്ക(ൾ) | മാധവൻ ഉണ്ണിത്താൻ,ഗൗരിക്കുഞ്ഞമ്മ |
വെബ്സൈറ്റ് | http://www.adoorgopalakrishnan.com |
ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ അടൂർ ഗോപാലകൃഷ്ണൻവാണിജ്യ സിനിമകളിൽ നിന്നു വ്യത്യസ്തമായി സമാന്തര സിനിമയുടെ ആളാണ്. പത്തനംതിട്ട ജില്ലയിലെ അടൂരിൽ 1941 ജൂലൈ 3 നു ജനിച്ചു[1]. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.
നാടകത്തിലുള്ള കമ്പം കാരണം അടൂർ 1962 ഇൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കുവാൻ പോയി. ചലച്ചിത്ര സംവിധാനം പഠിക്കുന്നത് തന്നെ ഒരു നല്ല നാടകസംവിധായകൻ ആക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പ്രചോദനം. പക്ഷേ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ കഴിവുകളെ അവിടെവെച്ച് അടൂർ കണ്ടെത്തുകയായിരുന്നു. തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമയുമായി 1965-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രപഠനം പൂർത്തിയാക്കിയ അടൂർ ഗോപാലകൃഷ്ണൻ, അതേ വർഷം തന്നെ കുളത്തൂർ ഭാസ്കരൻ നായരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയും, സ്വതന്ത്രമായി സിനിമകളുടെ നിർമ്മാണവും വിതരണവും പ്രദർശനവും നിർവഹിക്കാനായി ചിത്രലേഖ ഫിലിം കോപ്പറേറ്റീവും സ്ഥാപിക്കുകയുണ്ടായി.[2] ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്രസ്ഥാപനമാണു ചിത്രലേഖ ഫിലിം കോപ്പറേറ്റീവ്.
അടൂരിന്റെ സ്വയംവരത്തിനു മുൻപുവരെ സിനിമകൾ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് ഒരുപാട് പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകൾ ചിന്തിക്കുവാൻ പോലുമാവാത്ത ഒരു കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര‘ത്തെ സാധാരണ സിനിമാ പ്രേക്ഷകർ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങൾ മാത്രം ഈ പുതിയ രീതിയെ സഹർഷം എതിരേറ്റു.
കേരളത്തിൽ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂർ മുൻകൈ എടുത്ത് രൂപവത്കരിച്ചതാണ്. അരവിന്ദൻ, പി.എ.ബക്കർ, കെ.ജി. ജോർജ്ജ്, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാൻ ചിത്രലേഖയ്ക്കു കഴിഞ്ഞു.
അടൂരിന്റെ ചലച്ചിത്രങ്ങൾ ഇന്ത്യയിലും വിദേശത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള ജേർണലിസ്റ്റിക് നിരൂപണങ്ങളും അഭിമുഖങ്ങളും അല്ലാതെ അക്കാദമിക് പഠനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.[2] അടൂർ സിനിമകളെക്കുറിച്ചുള്ള ഇംഗ്ലീഷിലെ ആദ്യത്തെ ലേഖനസമാഹാരം പ്രസിദ്ധീകൃതമായത് 2006-ലാണ്.[3]
ആജീവനാന്ത സംഭാവനകളെ മുൻനിർത്തി ഇന്ത്യാ ഗവർണ്മെന്റിന്റെ ദാദാ സാഹെബ് ഫാൽകെ അവാർഡ് (2005) ദേശീയ, സംസ്ഥാന സിനിമാ അവാർഡുകൾ - സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, ഒരു പെണ്ണും രണ്ടാണും. ദേശീയ അവാർഡ് ഏഴു തവണ ലഭിച്ചു[5]. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാർഡ് (FIPRESCI) അഞ്ചു തവണ തുടർച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982-ൽ ലണ്ടൻ ചലച്ചിത്രോത്സവത്തിൽ സതർലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാപൂർണ്ണവുമായ ചിത്രത്തിന് 1982 ഇൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുൻനിർത്തി ഇന്ത്യാ ഗവർണ്മെന്റിൽനിന്നു പത്മശ്രീ ലഭിച്ചു.
സ്വയംവരത്തിനു മുൻപ് ഒട്ടനവധി ഹ്രസ്വചിത്രങ്ങൾ അടൂർ സംവിധാനം ചെയ്തിട്ടുണ്ട്. ‘മിത്ത്’ എന്ന 50 സെക്കന്റ് ദൈർഘ്യം ഉള്ള ഹ്രസ്വചിത്രം മോണ്രിയാൽ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. 25 ഓളം ഡോക്യുമെന്ററികളും അടൂർ സംവിധാനം ചെയ്തിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.