തപാൽ സേവനത്തിന് മുൻകൂറായി പണം അടച്ചിട്ടുണ്ടെന്ന് കാണിക്കാനാൻ ഉപയോഗിക്കുന്ന ഉപാധിയാണ് തപാൽ മുദ്ര അല്ലെങ്കിൽ തപാൽ സ്റ്റാമ്പ്. തപാൽ മുദ്ര സാധാരണയായി ചതുരത്തിലുള്ള ചെറിയ കടലാസു താളുകളിൽ അച്ചടിച്ചതായിരിക്കും. ഇത് തപാലാപ്പീസുകളിൽ നിന്നും വാങ്ങി തപാൽ ഉരുപ്പടിയിൽ പതിക്കുന്നു.
പേരിനു പിന്നിൽ
മറാഠിയിലെ ഠപാൽ എന്ന പദത്തിൽ നിന്നാണ് മലയാളപദമായ തപാൽ ഉണ്ടായത്. കന്നഡയിലും കൊങ്ങിണിയിലും തപ്പാൽ എന്ന് തന്നെയാണ് [1] മുദ്ര എന്നത് അടയാളം എന്നർത്ഥമുള്ള സംസ്കൃതപദത്തിൽ നിന്നാണ് രൂപം കൊണ്ടത്.
ചരിത്രം
തപാൽ മുദ്രകൾ ആദ്യം നിലവിൽ വന്നത് 1840 മേയ് 1ആം തിയതി ബ്രിട്ടണിലാണ്. റൗളണ്ട് ഹിൽ എന്നയാളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. അദ്ദേഹത്തെ തപാൽ മുദ്രയുടെ പിതാവ് എന്നു വിളിക്കുന്നു. 1840 മേയ് 1ന് ആദ്യത്തെ തപാൽ മുദ്രയായ പെന്നി ബ്ലാക്ക് മേയ് 6 മുതൽ പൊതുഉപയോഗത്തിന് ലഭ്യമായി.ഇതിൽ വിക്ടോറിയ രാജ്ഞിയുടെ മുഖമാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്. തുടർന്ന് സ്വിറ്റ്സർലാന്റ്, ബ്രസീൽ എന്നീ രാജ്യങ്ങളും തപാൽ മുദ്രകൾ പുറപ്പെടുവിച്ചു. 1845ൽ അമേരിക്കൻ ഐക്യനാടുകളിലെ ചില പോസ്റ്റ് മാസ്റ്റർമാർ സ്വന്തമായി തപാൽ മുദ്രകൾ പുറപ്പെടുവിച്ചു. ഔദ്യോഗികമായി അവിടെ തപാൽ മുദ്ര നിലവിൽ വന്നത് 1847ലാണ്. 5 സെന്റിന്റെയും 10 സെന്റിന്റെയും ആ തപാൽ മുദ്രകളിൽ ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്റെയും ജോർജ് വാഷിങ്ടന്റെയും ചിത്രങ്ങളാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്. അതിനു ശേഷം ലോകമെമ്പാടുമുള്ള രാജ്യങ്ങൾ തപാൽ മുദ്രകൾ പുറപ്പെടുവിച്ചു. ഇൻഡ്യയിലെ ആദ്യത്തെ തപാൽ മുദ്ര പുറത്തിറക്കിയത് 1852 ജൂലൈ 1ന് സിന്ധ് പ്രവിശ്യയിലാണ്, സിന്ധ് ഡാക്ക് എന്നായിരുന്നു ആ തപാൽ മുദ്രയുടെ പേര്.[2] ലോകത്ത് ആദ്യമായി എയർമെയിൽ തപാൽ മുദ്രകൾ പുറപ്പെടുവിച്ച രാജ്യം ഇൻഡ്യയാണ്.[3] കേരളത്തിൽ തിരുവിതാംകൂർ നാട്ടുരാജ്യവും കൊച്ചി നാട്ടു രാജ്യവും അഞ്ചൽ മുദ്രകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
രൂപകല്പന
സാധാരണ കടലാസിൽ ചതുരത്തിലോ സമചതുരത്തിലോ ആണ് തപാൽ മുദ്രകൾ രൂപകൽപന ചെയ്യാറുള്ളത്, എങ്കിലും പലരൂപത്തിലും പല വസ്തുക്കൾ കൊണ്ടും നിർമിച്ചിട്ടുള്ള തപാൽ മുദ്രകൾ ലോകമെമ്പാടും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ തപാൽമുദ്രയായ സിന്ധ് ഡാക്ക് വൃത്താകൃതിയിലാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കേപ് ഒഫ് ഗുഡ്‌ഹോപ്പിലാണ് ആദ്യമായി ത്രികോണാകൃതിയിലുള്ള തപാൽ മുദ്രകൾ പുറത്തിറങ്ങുന്നത്.[4]
ഒട്ടിക്കാനായി പിൻഭാഗത്ത് പശയുള്ളതരം തപാൽ മുദ്രകൾ ആദ്യമായി 1963ൽ ടോങ്കയിലും 1964ലിൽ സീറാ ലിയോണിലും പുറത്തിറങ്ങി.[5] സിയേറ ലിയോണിലെ സ്റ്റാമ്പിന്റെ രൂപം സിയേറ ലിയോണിന്റെ ഭൂപടം പോലെയായിരുന്നു.
കടലാസുകൊണ്ടല്ലാതെ നിർമ്മിതമായ തപാൽമുദ്രകളൂം പുറത്തിറങിയിട്ടുണ്ട്. നേരിയ ലോഹ ഫലകങ്ങളാണ് ഇതിൽ പ്രധാനം അധികവും വെള്ളിയോ സ്വർണ്ണമോ ആണ് ഉപയോഗിക്കുക. പല രാജ്യങ്ങളും ഇത്തരത്തിൽപ്പെട്ട തപാൽ മുദ്രകൾ ഇറക്കിയിട്ടുണ്ട്.[6] സ്വിറ്റ്സർലാന്റ് മരം കൊണ്ടു നിർമ്മിച്ച തപാൽ മുദ്രകൾ 2004 സെപ്റ്റംബർ 7ന് പുറത്തിറക്കി.[7] അമേരിക്കൻ ഐക്യനാടുകൾ പ്ലാസ്റ്റിക്ക് കൊണ്ട് നിർമ്മിച്ച ഒരു തപാൽ മുദ്ര പുറത്തിറക്കിയിട്ടുണ്ട്.[8] ജർമ്മനി മനുഷ്യനിർമ്മിതമായ രാസവസ്തുക്കളുപയോഗിച്ചാണ് ഒരു തപാൽ മുദ്ര പുറത്തിറക്കിയത്.[8]
തപാൽ മുദ്രകളുടെ തരംതിരിവ്
- എയർമെയിൽ - വിമാനമാർഗ്ഗം വസ്തുക്കൾ തപാൽ ചെയ്യുമ്പോൾ എയർമെയിൽ തപാൽ മുദ്രകളാണ് ഉപയോഗിക്കുന്നത്. സാധാരണ എയർമെയിൽ (Airmail) എന്ന വാക്കോ തത്തുല്യമായ വാക്കുകളോ തപാൽ മുദ്രയിൽ അച്ചടിച്ചിരിക്കും.
- കമ്മൊറേറ്റീവ് - ശേഖരണത്തിനായി പുറപ്പെടുവിക്കുന്ന തപാൽ മുദ്രകൾ. പ്രത്യേക അവസരങ്ങൾക്കായി പുറത്തിറക്കുന്ന ഇവ കുറച്ചു മാത്രമേ അച്ചടിക്കാറുള്ളൂ.
- ഡെഫിനിറ്റീവ് - ദൈനംദിന ഉപയോഗങ്ങൾക്കുള്ള തപാൽ മുദ്രകളാണ് ഡെഫിനിറ്റീവ് വിഭാഗത്തിൽ വരുന്നത്. ഇവ കമ്മൊറേറ്റീവ് വിഭാഗം തപാൽ മുദ്രകളെ അപേക്ഷിച്ച് ആകർഷണീയത കുറഞ്ഞവയായിരിക്കും. ഒരേ രൂപകല്പന തന്നെ വർഷങ്ങളോളം പിന്തുടർന്നെന്നും വരാം. ഒരേ രൂപകല്പന വർഷങ്ങളോളം ഉപയോഗിക്കുന്നതുമൂലം ചിലപ്പോൽ ഇവയിൽ തെറ്റുകൾ കടന്നു കൂടാറുണ്ട്. ഇത്തരം തെറ്റുകളൂള്ള തപാൽ മുദ്രകൾ തപാൽ മുദ്ര ശേഖരിക്കുന്നവർ ആവേശത്തോടെ കയ്യടക്കുന്നു.
- മിലിറ്ററി സ്റ്റാമ്പ് - സായുധ സേനയുടെ തപാൽ ശൃംഖലയുടെ ഉപയോഗത്തിനായി ഇറക്കുന്ന തപാൽ മുദ്രകൾ.
തപാൽമുദ്ര ശേഖരണം
വളരെയധികം വികാസം പ്രാപിച്ചിട്ടുള്ള ഒരു ഒഴിവുസമയ വിനോദമാണ് തപാൽ മുദ്ര ശേഖരണം. ശേഖരണത്തിനായി മാത്രമുള്ള തപാൽ മുദ്രകൾ ഇന്ന് എല്ലാ രാജ്യങ്ങളും പുറത്തിറക്കുന്നുണ്ട്. ചില രാജ്യങൾ പ്രധാനമായും തപാൽ മുദ്ര പുറപ്പെടുവിക്കുന്നത് ശേഖരണാർഥമാണ്, ആ രാജ്യങ്ങളുടെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം തപാൽ മുദ്രകളുടെ വിപണനത്തിലൂടെയായിരിക്കും. ഉദാ: ലിക്റ്റൻസ്റ്റൈൻ.
വിതരണം
തപാൽ മുദ്രകൾ വിതരണം ചെയ്യാൻ പല മാർഗങ്ങളും ഉപയോഗിക്കുന്നു. സാധാരണ തപാൽ ആപ്പീസുകളിൽ നിന്ന് തപാൽ മുദ്രകൾ ജനങൾ വാങുന്നു. വലിയ കടലാസുകളിൽ ഒരുമിച്ച് കുറേ തപാൽ മുദ്രകൾ അച്ചടിച്ചിരിക്കും.തപാൽ മുദ്രകൾക്കിടയിലൂടെ കീറിയെടുക്കാൻ പാകത്തിന് തുളകൾ ഉണ്ടാകും.
പല രാജ്യങ്ങളിലും തപാൽ മുദ്ര വിതരണയന്ത്രങ്ങൾ ഉപയോഗിക്കുന്നു. ഇന്റെർ നെറ്റ് വഴിയും തപാൽ മുദ്രകൾ വിതരണം നടത്തുന്നുണ്ട്. ഇത്തരം തപാൽ മുദ്രകൾ വാങ്ങുന്നയാൾ തന്നെ അച്ചടിച്ച് തപാൽ കവറിൽ പതിക്കുനു. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, സ്ലൊവേന്യ എന്നീ രാജ്യങ്ങളാണ് ഇത്തരം തപാൽ മുദ്രകൾ വിതരണം ചെയ്യുന്നതിൽ പ്രധാനികൾ.[9] ബ്രിട്ടണിലെ തപാൽ വകുപ്പായ റോയൽ മെയിൽ ഇതുപോലെ പ്രിന്റ് യുവർ ഓൺ പോസ്റ്റേജ് എന്ന സേവനത്തിലൂടെ ജനങ്ങൾക്ക് സ്വന്തമായി തപാൽ മുദ്രകൾ കവറിലേക്ക് നേരിട്ട് അച്ചടിക്കാനുള്ള സൗകര്യം ഇന്റെർനെറ്റ് വഴി ലഭ്യമാക്കുന്നു.[10]
തപാൽമുദ്ര ശേഖരണ ദിനം
ഭാരത തപാൽ വകുപ്പ് ഒക്ടോബർ 13 ദേശീയ തപാൽമുദ്ര ശേഖരണ ദിനമായി ആചരിക്കുന്നു.[11]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.