From Wikipedia, the free encyclopedia
തെക്കേ ആഫ്രിക്കയിൽ അറ്റ്ലാന്റിക് സമുദ്രതീരത്തുള്ള ഒരു രാജ്യമാണ് നമീബിയ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് നമീബിയ). അംഗോള ,സാംബിയ (വടക്ക്), ബോട്സ്വാന (കിഴക്ക്), സൌത്ത് ആഫ്രിക്ക (തെക്ക്) എന്നീ രാജ്യങ്ങളാണ് നമീബിയയുടെ അതിരുകൾ. സൌത്ത് ആഫ്രിക്കയിൽ നിന്ന് 1990-ൽ നമീബിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. തലസ്ഥാനനഗരം വിൻഡൂക്ക് ആണ്. ഐക്യരാഷ്ട്രസഭ, സതേൺ ആഫ്രിക്കൻ ഡെവലപ്മെന്റ് കമ്യൂണിറ്റി, (എസ്.എ.ഡി.സി), ആഫ്രിക്കൻ യൂണിയൻ (എ.യു), കോമൺവെൽത്ത് ഓഫ് നേഷൻസ് എന്നീ സംഘടനകളിൽ അംഗമാണ് നമീബിയ.
Republic of Namibia | |
---|---|
ദേശീയ മുദ്രാവാക്യം: "Unity, Liberty, Justice" | |
ദേശീയ ഗാനം: Namibia, Land of the Brave | |
തലസ്ഥാനം and largest city | Windhoek |
ഔദ്യോഗിക ഭാഷകൾ | English1 |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | Afrikaans, Oshiwambo, German[1] |
നിവാസികളുടെ പേര് | Namibian |
ഭരണസമ്പ്രദായം | Republic |
• President | Hifikepunye Pohamba |
• Prime minister | Nahas Angula |
Independence from South Africa | |
• Date | March 21 1990 |
• ആകെ വിസ്തീർണ്ണം | 825,418 കി.m2 (318,696 ച മൈ) (34th) |
• ജലം (%) | negligible |
• July 2005 estimate | 2,031,0002 (144th) |
• 2002 census | 1,820,916 |
• ജനസാന്ദ്രത | 2.5/കിമീ2 (6.5/ച മൈ) (225th) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $15.14 billion (123rd) |
• പ്രതിശീർഷം | $7,478 (77th) |
ജിനി (2003) | 70.7 Error: Invalid Gini value · 1st |
എച്ച്.ഡി.ഐ. (2007) | 0.650 Error: Invalid HDI value · 125th |
നാണയവ്യവസ്ഥ | Namibian dollar (NAD) |
സമയമേഖല | UTC+1 (WAT) |
UTC+2 (WAST) | |
കോളിംഗ് കോഡ് | 264 |
ISO കോഡ് | NA |
ഇൻ്റർനെറ്റ് ഡൊമൈൻ | .na |
1 German and Afrikaans were official languages until independence in 1990. The majority of the population speaks Afrikaans as a second language, while Oshiwambo is the first language of half the population. German is spoken by 32% of the European community whereas English is only spoken by 7%.[2] Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected. |
ഭൂപ്രകൃതിയനുസരിച്ച് നമീബിയയെ രണ്ട് നൈസർഗിക മേഖലകളായി വിഭജിക്കാം. നമീബ് മരുഭൂമി ഉൾപ്പെടുന്ന തീരദേശ വലയവും മധ്യപീഠഭൂമിയും. മധ്യ ഉന്നതതടവും കലഹാരി വലയവും ഉൾപ്പെടുന്നതാണ് മധ്യപീഠഭൂമിപ്രദേശം.
നൈസർഗികമായി നദികളാൽ അതിരുകൾ നിർണയിക്കുന്ന ഒരു ഭൂപ്രദേശം എന്ന പ്രത്യേകത നമീബിയയ്ക്കുണ്ട്. കുനെനെ,[3] ഒകവാൻഗോ[4] എന്നീ വമ്പൻ നദികൾ നമീബിയയുടെ ഉത്തര അതിർത്തിയിലൂടെ ഒഴുകുമ്പോൾ കവാൻഡോ നദി[5] കപ്രിവി മുനമ്പിനെ മുറിച്ചുകടന്നൊഴുകുന്നു. സാംബസി[6] നദി രാജ്യത്തിന്റെ വടക്കു കിഴക്കൻ അതിർത്തിയിലൂടെ പ്രവഹിക്കുമ്പോൾ ഓറഞ്ചു നദി[7] നമീബിയയുടെ ദക്ഷിണാതിർത്തിയിലൂടെ ഒഴുകുന്നു. തീരദേശത്തോടടുത്ത പ്രദേശങ്ങളിൽ ഉയർന്നുനിൽക്കുന്ന വമ്പൻമണൽക്കൂനകൾ (ഡ്യൂൺ) നമീബിയയുടെ തീരദേശഭൂപ്രകൃതിയെ വ്യത്യസ്തമാക്കുന്നു. തീരദേശത്തുനിന്നകന്നു സ്ഥിതിചെയ്യുന്ന ഉൾപ്രദേശങ്ങൾക്ക് സമുദ്രനിരപ്പിൽനിന്ന് സു. 1,200 മീ. വരെ ഉയരമുണ്ട്. ഇവിടങ്ങളിലെ പുൽമേടുകൾ കാലിമേയ്ക്കലിന് അത്യന്തം അനുയോജ്യമാണ്. ചോളമാണ് ഈ മേഖലയിലെ പ്രധാന വിള.
നമീബിയയുടെ ഉൾപ്രദേശങ്ങളിൽ, പ്രത്യേകിച്ചും വിസ്തൃതമായ സമതലപ്രദേശങ്ങളിൽ വലിപ്പമേറിയ മാനുകൾ സർവസാധാരണമാണ്. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറൻ അതിർത്തിപ്രദേശങ്ങളിൽ മരുഭൂമിയിലെ ആവാസവ്യവസ്ഥയോട് ഇണങ്ങിച്ചേർന്നു ജീവിക്കുന്ന ആഫ്രിക്കൻ ആനക്കൂട്ടങ്ങളെയും കാണാൻ കഴിയും. ഉത്തര-മധ്യ നമീബിയയിലെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രമായ ഏറ്റോഷ ഗെയിം പാർക്ക് വന്യജീവികളുടെ ഒരു പ്രധാന ആവാസകേന്ദ്രമാണ്. ആഫ്രിക്കൻ ആന, ജിറാഫ്, സിംഹം, മാൻ, വരയൻകുതിര തുടങ്ങിയ ഒട്ടുമിക്ക വന്യമൃഗങ്ങളെയും ഇവിടെ കാണാൻ കഴിയും.
രണ്ടുവിധത്തിലുള്ള ഹരിതപ്രകൃതിയാണ് മുഖ്യമായും നമീബിയയിൽ പ്രകടമാകുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറൻ കലഹാരി മേഖലകളിൽ മരുപ്രദേശ, അർധ മരുപ്രദേശ സസ്യകുടുംബത്തിൽ ഉൾപ്പെട്ട, വരൾച്ചയെ അതിജീവിക്കാൻ ശേഷിയുള്ള കുറ്റിച്ചെടികളും പുൽവർഗങ്ങളുമാണ് കാണപ്പെടുന്നത്. എന്നാൽ രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലകളിൽ പ്രധാനമായും സാവന്ന മാതൃകയിൽ ഉൾപ്പെട്ട സസ്യ പ്രകൃതിയാണ് പൊതുവേ ദൃശ്യമാകുന്നത്.
സഹാറയ്ക്ക് തെക്ക് സ്ഥിതിചെയ്യുന്ന മരുപ്രദേശമായതിനാൽ ചൂടേറിയ വരണ്ട കാലാവസ്ഥയാണ് പൊതുവേ നമീബിയയിൽ അനുഭവപ്പെടുന്നത്. പകൽസമയതാപനിലയുടെ ശരാശരി 240 C -നും (ജനുവരി), 200C -നും (ജൂൺ) മധ്യേയാണ്. ഡിസംബറിനും ജൂണിനും മധ്യേയാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ വർഷത്തിൽ 50 സെന്റീമീറ്ററും മധ്യമേഖലകളിൽ 20 സെ.മീ. മുതൽ 50 സെ.മീ. വരെയും ശരാശരി മഴലഭിക്കുമ്പോൾ നമീബിയയുടെ ദക്ഷിണഭാഗങ്ങളിൽ വർഷത്തിൽ 2.5 സെ.മീ. മുതൽ 15 സെ.മീ. വരെ മാത്രമേ മഴ ലഭിക്കാറുള്ളു.
ബോട്സ്വാനയിൽ നിന്നു കുടിയേറിയ നമ ഭാഷ സംസാരിച്ചിരുന്ന ഖോയ്സാൻ നായാടികളായിരുന്നു നമീബിയയിൽ ആദ്യം അധിവാസമുറപ്പിച്ച ജനവിഭാഗം എന്നു കരുതുന്നു. അറ്റ്ലാന്റിക്കിനും, കലഹാരിക്കും മധ്യേയുള്ള മധ്യ നമീബിയൻ മേഖലകളിലാണ് ഇവർ മുഖ്യമായും കേന്ദ്രീകരിച്ചത്. 17-ഉം, 18-ഉം നൂറ്റാണ്ടുകളിൽ ഇവർ ഓർലം ജനവിഭാഗങ്ങളുമായി ഇടകലർന്നു.
ആധുനിക നമീബിയൻ ജനസമൂഹത്തിൽ കറുത്തവർക്കാണ് ഭൂരിപക്ഷം (90 ശ.മാ.). ജനസംഖ്യയുടെ 50 ശതമാനത്തോളം വരുന്ന ഒവാംബോ വിഭാഗമാണ് കറുത്തവരിൽ കൂടുതൽ. ഡമാര, ഹെരേരോ; കവാൻഗോ എന്നിവ മറ്റു പ്രബല വിഭാഗങ്ങളാണ്. ജനസംഖ്യയുടെ 72 ശതമാനം ഗ്രാമങ്ങളിലും 28 ശതമാനം നഗരങ്ങളിലും നിവസിക്കുന്നു. നിരവധി ഗോത്രവിഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് നമീബിയയിലെ കറുത്തവർ. രാജ്യത്തിന്റെ വടക്ക് അംഗോളയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് ഒവാംബോ വിഭാഗക്കാർ കുടുതലും തിങ്ങിപ്പാർക്കുന്നത്. ഈ പ്രദേശം പൊതുവേ ഒവാംബോലൻഡ് അഥവാ ഒവാംബോ എന്ന പേരിൽ അറിയപ്പെടുന്നു. രാജ്യത്തിന്റെ വടക്ക് ഒകവാൻഗോ നദീതടത്തിലാണ് കവാൻഗോ, കാപ്രിവിയൻസ് വിഭാഗങ്ങൾ അധികവും നിവസിക്കുന്നത്. ധമാര, ഹെരേരോ ഗോത്രവിഭാഗങ്ങൾ മധ്യനമീബിയൻ പ്രദേശങ്ങളിലും സൻ (ബുഷ്മെൻ) ഗോത്രവും ടിസ്വാനയുമാണ് രാജ്യത്തിന്റെ കിഴക്കൻ അതിർത്തിപ്രദേശങ്ങളിൽ നിവസിക്കുന്ന പ്രബല ഗോത്രവിഭാഗങ്ങൾ.
കൊളോണിയലിസത്തിന്റെ കാലഘട്ടത്തിൽ കച്ചവടത്തിനും മതപ്രചാരണത്തിനും മറ്റുമായി നമീബിയയിലെത്തിയ ഡച്ച്, ഇംഗ്ലീഷ്, ജർമൻ വംശജരുടെ പിൻഗാമികളാണ് ആധുനിക നമീബിയയിലെ വെള്ളക്കാർ. ഇവർ നമീബിയൻ ജനസംഖ്യയുടെ ആറ് ശതമാനത്തോളം വരും. വർണവർ (coloured) എന്ന പേരിൽ അറിയപ്പെടുന്ന ചെറിയൊരു വിഭാഗം വംശജരും നമീബിയയിലുണ്ട്. വെള്ളക്കാരിൽ ഭൂരിഭാഗവും വർണവരിൽ നല്ലൊരു ഭാഗവും നഗരങ്ങളിലോ പട്ടണങ്ങളിലോ ആണ് നിവസിക്കുന്നത്. നമീബിയയിലെ വെള്ളക്കാർ പൊതുവേ ആഫ്രിക്കൻസ്, ജർമൻ, ഇംഗ്ലീഷ് എന്നീ ഭാഷകളാണ് പ്രധാനമായും ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്.
മത്സ്യബന്ധനം, കൃഷി, കന്നുകാലി വളർത്തൽ എന്നിവയാണ് ഉത്തര നമീബിയയിലെ ജനങ്ങളുടെ മുഖ്യ ഉപജീവന മാർഗങ്ങൾ. ഒവാംബോ, കൻവാൻഗോ വിഭാഗങ്ങളിൽപ്പെട്ട പുരുഷന്മാരിൽ നല്ലൊരു ഭാഗം ചെമ്പുഖനികളിലും വജ്രഖനികളിലും തൊഴിൽ ചെയ്യുന്നു. ഒവാംബോലൻഡിന്റെ തെക്കൻ പ്രദേശങ്ങളിലെ ഗ്രാമീണരിലധികവും കൃഷിയെയും കന്നുകാലി വളർത്തലിനെയും ആശ്രയിച്ചാണ് ഉപജീവനം സാധ്യമാക്കുന്നത്. എന്നാൽ വെള്ളക്കാർ പൊതുവേ സർക്കാർ ഉദ്യോഗം ഉൾപ്പെടെയുള്ള സർവീസ് മേഖലയിലാണ് തൊഴിൽ ചെയ്യുന്നത്. ജീവിതനിലവാരത്തിലും വിദ്യാഭ്യാസത്തിലും വെളുത്തവർ കറുത്തവരെക്കാൾ മുന്നിലാണെന്ന പ്രത്യേകതയും നമീബിയയിലുണ്ട്, കറുത്തവരുടെ ജീവിതനിലവാരം ഓരോ വിഭാഗത്തിനും വ്യത്യസ്തമാണ്. വലിയൊരു വിഭാഗം കറുത്തവരും ദാരിദ്ര്യ രേഖയ്ക്കു താഴെയുമാണ്. സ്വാതന്ത്ര്യാനന്തരം കറുത്തവരുടെ വികസനത്തിനും സാമ്പത്തിക നിലവാരവും ഉയർത്തുന്നതിനും ഗവൺമെന്റ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നു.
നമീബിയയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണെങ്കിലും കറുത്തവർ അധികവും തങ്ങളുടെ തനതായ ആഫ്രിക്കൻ ഭാഷകളാണ് പ്രധാനമായും ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. പതിനഞ്ചോളം ആഫ്രിക്കൻ ഗോത്രഭാഷകൾ ഇപ്പോൾ നമീബിയയിൽ പ്രചാരത്തിലുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ജനസംഖ്യയുടെ 90 ശതമാനവും ക്രിസ്തുമതവിശ്വാസികളാണ്. ക്രിസ്തുമതവിശ്വാസികൾക്കിടയിൽ ലൂഥറെൻസ് വിഭാഗത്തിനാണു മുൻതൂക്കം. റോമൻ കതോലിക്കർ, ആംഗ്ലിക്കൻസ്, ഡച്ച് റിഫോർമിസ്റ്റ് ചർച്ച് തുടങ്ങിയ സഭകളും നമീബിയയിൽ പ്രചാരത്തിലുണ്ട്.
ദക്ഷിണാഫ്രിക്കൻ ആധിപത്യകാലഘട്ടത്തിൽ വെളുത്തവർക്കുമാത്രം നിർബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്ന വിദ്യാഭ്യാസ പദ്ധതികളാണ് നമീബിയയിൽ നടപ്പിലാക്കിയിരുന്നത്. ഇക്കാരണത്താൽ ഈ കാലഘട്ടത്തിൽ ആഫ്രിക്കൻ വംശജർക്കിടയിൽ നിരക്ഷരതയുടെ തോത് വളരെ കൂടുതലായിരുന്നു. 1958-ലാണ് നമീബിയയിൽ ഒരു കറുത്ത വംശജന് ഹൈസ്കൂൾ ഡിപ്ലോമ ലഭിക്കുന്നത്. 1980 വരെ നമീബിയയിൽ കറുത്തവർക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം നിലവിൽവന്ന ഭരണകൂടം വർഗ-വർണഭേദമില്ലാതെ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നു. ഇപ്പോൾ നമീബിയയിലെ സ്റ്റേറ്റ് സ്കൂളുകളെല്ലാം സൗജന്യവിദ്യാഭ്യാസം പ്രദാനം ചെയ്യുന്നു. നമീബിയ സർവകലാശാലയാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രം.
പ്രധാനമായും കയറ്റുമതിയെ കേന്ദ്രീകരിച്ചുള്ള ഒരു സമ്പദ്ഘടനയാണ് നമീബിയയുടേത്.
ഖനനവും മത്സ്യബന്ധനവും നമീബിയൻ സമ്പദ്ഘടനയ്ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നു. രാജ്യത്തെ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങളിൽ ഖനനത്തിനാണ് പ്രഥമസ്ഥാനം. മത്സ്യബന്ധനം രണ്ടാംസ്ഥാനത്ത്. വജ്രം, യുറേനിയം, ചെമ്പ്, ലെഡ്ഡ്, സിങ്ക് എന്നിവയാണ് വ്യാവസായികാടിസ്ഥാനത്തിൽ ഖനനം ചെയ്യപ്പെടുന്ന പ്രധാന ഖനിജങ്ങൾ. രാജ്യത്തിന്റെ മൊത്തം പ്രതിശീർഷ വരുമാനത്തിന്റെ 25 ശതമാനത്തിലധികം ഖനനവ്യവസായത്തിൽ നിന്നു ലഭിക്കുന്നു. പരമ്പരാഗത ധനാഗമമാർഗങ്ങളിൽ കൃഷിക്കും കന്നുകാലി വളർത്തിലിനുമാണ് പ്രാമുഖ്യം.
നമീബിയയിലെ കർഷകരിൽ ഭൂരിഭാഗവും നിത്യോപയോഗത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ മാത്രം ഉത്പാദിപ്പിക്കുന്ന കൃഷിരീതിയാണ് അവലംബിച്ചുകാണുന്നത്. ചോളം, മില്ലെറ്റ്, പച്ചക്കറികൾ എന്നിവ മുഖ്യവിളകളിൽപ്പെടുന്നു. കൃഷിക്കൊപ്പം കന്നുകാലി വളർത്തലും വ്യാപകമായിട്ടുണ്ട്. നമീബിയയുടെ കാലിസമ്പത്തിൽ കന്നുകാലികളും ചെമ്മരിയാടുകളുമാണ് കൂടുതൽ.
രാജ്യത്തിന്റെ വിദേശനാണയ വരുമാനത്തിൽ 75 ശതമാനവും ഖനിജങ്ങളുടെ കയറ്റുമതിയിൽനിന്നു ലഭിക്കുന്നു. വജ്രം, യുറേനിയം ഓക്സൈഡ്, ചെമ്പ്, ലെഡ്ഡ്, സിങ്ക് എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഖനിജങ്ങൾ. കയറ്റുമതി ചെയ്യുന്ന വജ്രത്തിന്റെ നല്ലൊരു ശതമാനവും ആഭരണനിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. ഇറക്കുമതി വിഭാഗങ്ങളിൽ ഗോതമ്പ്, സംസ്കരിച്ച ആഹാര പദാർഥങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ദക്ഷിണാഫ്രിക്കയിൽനിന്ന് നമീബിയ വൻതോതിൽ വൈദ്യുതിയും വിലയ്ക്കു വാങ്ങുന്നുണ്ട്. ദക്ഷിണാഫ്രിക്ക, ജപ്പാൻ, അമേരിക്ക. ബ്രിട്ടൻ എന്നീ രാജ്യങ്ങളുമായാണ് നമീബിയ വിദേശവാണിജ്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടന, ഡബ്ലിയു. ടി.ഒ., കോമൺവെൽത്ത്, ആഫ്രിക്കൻ യൂണിയൻ, ആഫ്രിക്കൻ ഡവലപ്മെന്റ് ബാങ്ക് തുടങ്ങിയ അന്തർദേശീയ സംഘടനകളിൽ അംഗം കൂടിയാണ് നമീബിയ.
വാൽവിസ്ബേ ആണ് നമീബിയയിലെ മുഖ്യതുറമുഖം. നമീബിയൻ വിദേശവാണിജ്യത്തിന്റെയും മത്സ്യവ്യവസായത്തിന്റെയും സിരാകേന്ദ്രവും വാൽവിസ്ബേ തന്നെ. നമീബിയയുടെ നിയന്ത്രണത്തിലുള്ള ലുഡറിസ്റ്റ് തുറമുഖം അവികസിതമാണ്. രാജ്യത്തെ നഗരങ്ങൾ തമ്മിലും ദക്ഷിണാഫ്രിക്കയുമായും ബന്ധിപ്പിക്കുന്ന നമീബിയൻ റെയിൽ ശൃംഖലയ്ക്ക് 2,330 കി.മീ. ദൈർഘ്യമുണ്ട്. വിന്ധോക്കാണ് അന്താരാഷ്ട്ര വിമാനത്താവളം.
1990-ൽ നിലവിൽ വന്ന ഭരണഘടന അനുസരിച്ചാണ് റിപ്പബ്ലിക്കിന്റെ ഭരണം നിർവഹിക്കപ്പെടുന്നത്. അതു പ്രകാരം പ്രസിഡൻഷ്യൽ രീതിയിലധിഷ്ഠിതമായ പ്രാതിനിധ്യജനാധിപത്യ ഭരണ സംവിധാനമാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. രാഷ്ട്രത്തിന്റെ അധികാരം
എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു.
റിപ്പബ്ലിക്കിന്റെ ഭരണനിർവാഹകാധികാരം പ്രസിഡന്റിൽ നിക്ഷിപ്തമാണ്. ഭൂരിപക്ഷം കിട്ടുന്ന രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധികളെ ചേർത്ത് പ്രസിഡന്റ് മന്ത്രിസഭയുണ്ടാക്കുന്നു. പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും അടങ്ങുന്ന മന്ത്രിസഭയെ നിയമിക്കുന്നത് പ്രസിഡന്റാണ്. പ്രസിഡന്റ് രാഷ്ട്രത്തിന്റെയും ഗവൺമെന്റിന്റെയും തലവനാണ്. അഞ്ച് വർഷമാണ് ഗവൺമെന്റിന്റെ കാലാവധി.
നിയമനിർമ്മാണ അധികാരങ്ങൾ ദേശീയ അസംബ്ലി, ദേശീയ കൗൺസിൽ എന്നീ ദ്വിമണ്ഡലങ്ങൾ ഉൾപ്പെട്ട പാർലമെന്റിൽ നിക്ഷിപ്തമാണ്. 78 അംഗങ്ങളാണ് ദേശീയ അസംബ്ലിയുടെ അംഗസംഖ്യ. ഇതിൽ 72 പേർ ആനുപാതിക പ്രാതിനിധ്യത്തിലൂടെയും ആറു പേർ വിവിധ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലും നിയമിക്കപ്പെടുന്നു. 26 അംഗങ്ങളുള്ള ദേശീയ കൗൺസിലിന്റെ കാലാവധി ആറ് വർഷമാണ്. ദേശീയ കൗൺസിലേക്ക് രാജ്യത്തെ 13 പ്രവിശ്യകൾ ഓരോന്നും രണ്ടംഗങ്ങളെ വീതം തെരഞ്ഞെടുക്കുന്നു. ഭരണസൗകര്യാർഥം 13 പ്രവിശ്യകൾക്കു കീഴിൽ 102 മണ്ഡലങ്ങളായി നമീബിയയെ വിഭജിച്ചിട്ടുണ്ട്.
അൻപതുകളിൽ നമീബിയൻ തൊഴിലാളികൾ ദക്ഷിണാഫ്രിക്കയിലെ വർണവിവേചന സർക്കാരിന്റെ കരിനിയമങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിലൂടെയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രൂപംകൊണ്ടത്. നമീബിയയിലെ രാഷ്ട്രീയ പ്രക്രിയയിൽ വിവിധ രാഷ്ട്രീയ കക്ഷികൾ സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിൾസ് ഓർഗനൈസേഷൻ കോൺഗ്രസ്സ് ഒഫ് ഡെമോക്രാറ്റ്സ്, ഡെമോക്രാറ്റിക് ടേൺഹാൾ അലയൻസ്, ഡെമോക്രാറ്റിക് ഫ്രണ്ട് തുടങ്ങിയവയാണ് പ്രധാന രാഷ്ട്രീയ കക്ഷികൾ.
റോമൻ-ഡച്ച് നിയമസംഹിതകളുടെയും രാജ്യത്തെ പരമ്പരാഗത നിയമാവലിയുടെയും അടിസ്ഥാനത്തിലാണ് നീതി നിർവഹണം നടത്തുന്നത്. സ്വതന്ത്രമായി വർത്തിക്കുന്ന ഒരു നീതിന്യായ ഭരണസംവിധാനം ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി, ഹൈക്കോടതി, കീഴ്ക്കോടതി എന്നിവ അടങ്ങിയ ഒരു ത്രിതല നിയമസംവിധാനമാണ് ഇവിടെ നിലവിലുള്ളത്.
നമീബിയയിലെ തദ്ദേശീയർ പ്രധാനമായും സാൻ, നാമ, ദമാര എന്നീ വംശജരാണ്. പോർച്ചുഗീസ് പര്യവേക്ഷകനായ ബർത്തിലോമിയോ ഡയസായിരുന്നു നമീബിയയിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ (15-ആം നൂറ്റാണ്ട്).
മിഷനറി പ്രവർത്തനങ്ങൾക്കും വ്യാപാരാവശ്യങ്ങൾക്കുമായി ബ്രിട്ടൻ, ജർമനി എന്നിവിടങ്ങളിൽനിന്നും നിരവധി വിദേശികൾ തുടർന്ന് ഇവിടെ എത്തിയിരുന്നു. 1878-ൽ ബ്രിട്ടൻ വാൽവിസ് ബേ പ്രദേശം പിടിച്ചെടുത്തതോടെ യൂറോപ്യൻ സാമ്രാജ്യത്വത്തിന്റെ ഇരുണ്ട അധ്യായത്തിനു തുടക്കമായി, 1883-ൽ അഡോൾഫ് ലൂഡറിട്ട്സ് എന്ന ജർമൻകാരന്റെ ഉടമസ്ഥതയിലുള്ള വ്യാപാരക്കമ്പനി ഒരു പ്രാദേശിക ഗോത്രത്തലവനുമായി നടത്തിയ ഇടപാടുകളുടെ ഫലമായി വാൽവിസ്ബേ ഒഴിച്ചുള്ള തീരപ്രദേശങ്ങൾ കമ്പനിയുടെ നിയന്ത്രണത്തിൽ വന്നു. 1884-ൽ ബിസ്മാർക്കിന്റെ നേതൃത്വത്തിലുള്ള ജർമൻ ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു ജർമൻ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കുകയുണ്ടായി. തങ്ങളുടെ സ്വാധീന മണ്ഡലം ക്രമേണ വിപുലപ്പെടുത്തിയ ജർമൻകാർ വാൽവിസ്ബേ ഒഴികെയുള്ള നമീബിയയിലെ എല്ലാ പ്രദേശങ്ങളും അധീനപ്പെടുത്തി.
1904-ൽ ജർമൻ അധിനിവേശത്തിനെതിരെ കലാപത്തിനു മുതിർന്ന ഹിറെറോ (Herero) വർഗക്കാരെ ജർമൻസേന കൊന്നൊടുക്കി. 20-ആം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യ എന്ന് വിശേഷിക്കപ്പെട്ട ഹിറെറോ കൂട്ടക്കൊലയിൽ ഏതാണ്ട് 80,000 പേർ വധിക്കപ്പെട്ടു എന്നാണു കരുതപ്പെടുന്നത് (2004-ൽ 100 വർഷങ്ങൾക്കുമുമ്പ് നടന്ന ഈ വംശഹത്യയിൽ ജർമനി ഖേദം പ്രകടിപ്പിക്കുകയും നമീബിയയോട് ഔദ്യോഗികമായി മാപ്പുപറയുകയും ചെയ്തു).
ഒന്നാം ലോകയുദ്ധത്തിൽ സഖ്യകക്ഷികൾക്കുവേണ്ടി പൊരുതിയ ദക്ഷിണാഫ്രിക്കൻ സേന നമീബിയ അധീനപ്പെടുത്തിയതോടെ നമീബിയയിലെ ജർമൻ ഭരണം അവസാനിച്ചു (1915). യുദ്ധാനന്തരം നമീബിയയിൽ ഭരണം നിർവഹിക്കാനുള്ള മാൻഡേറ്റ് ലീഗ് ഒഫ് നേഷൻസ് ദക്ഷിണാഫ്രിക്കയ്ക്കു നൽകി (മുൻ ജർമൻ കോളനികളുടെ ഭരണം നിർവഹിക്കുവാനായി അംഗരാഷ്ട്രങ്ങൾക്കു ലീഗ് നൽകിയ അധികാരത്തെയാണ് മാൻഡേറ്റ് എന്ന് വിശേഷിപ്പിക്കുന്നത്).
ലീഗ് പിരിച്ചുവിട്ടശേഷം നിലവിൽവന്ന ഐക്യരാഷ്ട്രസഭയെ അംഗീകരിക്കുവാൻ വിസമ്മതിച്ച ദക്ഷിണാഫ്രിക്ക, നമീബിയയെ ഐക്യരാഷ്ട്രസഭയ്ക്കു കൈമാറാൻ തയ്യാറായില്ല. 1966-ൽ ദക്ഷിണാഫ്രിക്കയ്ക്കു നൽകിയ ലീഗ് മാൻഡേറ്റ് റദ്ദാക്കിയ ഐക്യരാഷ്ട്രസഭ നമീബിയയിൽനിന്നും ഉടനടി പിന്മാറണമെന്ന് ആ രാജ്യത്തോടു ആവശ്യപ്പെട്ടു. എന്നാൽ ഐക്യരാഷ്ട്രസഭയ്ക്കെതിരെ നിഷേധാത്മക നിലപാട് സ്വീകരിച്ച ദക്ഷിണാഫ്രിക്കൻ സർക്കാർ നമീബിയയുടെ ഭരണച്ചുമതല ഏൽക്കുകയും അവിടെ അപാർതീഡ് നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നമീബിയയിലെ സ്വാപോ (സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിൾസ് ഓർഗനൈസേഷൻ) എന്ന സംഘടന നമീബിയൻ സ്വാതന്ത്ര്യത്തിനായി സായുധ പോരാട്ടം ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇവരുടെ പോരാട്ടത്തിന് ആവശ്യമായ സഹായസഹകരണങ്ങൾ നൽകിയത് അങ്കോളയിലെ മാർക്സിസ്റ്റ് സർക്കാരാണ്. ദക്ഷിണാഫ്രിക്കൻ സേന അങ്കോളയിലെ തങ്ങളുടെ താവളങ്ങൾ ആക്രമിച്ചതിനുപകരമായി നമീബിയയിലെ വെള്ളക്കാർക്കെതിരെ സ്വാപോ പ്രതികാര നടപടികൾ സ്വീകരിച്ചത് 80-കളെ പ്രക്ഷുബ്ധമാക്കിയിരുന്നു.
1973-ൽ സ്വാപോയെ നമീബിയൻ ജനതയുടെ യഥാർഥ പ്രതിനിധിയായി അംഗീകരിച്ച ഐക്യരാഷ്ട്രസഭ സ്വാപോയുടെ അഭ്യർഥനപ്രകാരം തെക്കു പടിഞ്ഞാറൻ ആഫ്രിക്കയുടെ പേര് നമീബിയ എന്നാക്കി മാറ്റി. 1971-ൽ അന്താരാഷ്ട്ര കോടതി നമീബിയയിലെ ദക്ഷിണാഫ്രിക്കൻ അധിനിവേശം അനധികൃതമാണെന്നും ഉടനടി ആ രാജ്യത്തുനിന്നു പിന്മാറണമെന്നും നിർദ്ദേശിച്ചെങ്കിലും ദക്ഷിണാഫ്രിക്ക അവിടെ നിന്നും ഒഴിയാൻ തയ്യാറായില്ല. നമീബിയൻ പ്രശ്നം പരിഹരിക്കുന്നതിനായി 1977-ൽ ഐക്യരാഷ്ട്രസഭ യു.എസ്., കാനഡ, ബ്രിട്ടൻ, ഫ്രാൻസ്, ഫെഡറൽ റിപ്പബ്ളിക് ഒഫ് ജർമനി എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഒരു ഗ്രൂപ്പ് രൂപീകരിച്ചു. നമീബിയയുടെ സ്വാതന്ത്ര്യത്തിനായി ഇവർ മുന്നോട്ടുവച്ച പദ്ധതി ഐക്യരാഷ്ട്രസഭയുടെ 435-ആം പ്രമേയമായി അംഗീകരിക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിൽ നമീബിയയിൽ തെരഞ്ഞെടുപ്പു നടത്താനുള്ള ഈ പദ്ധതി നീണ്ട ചർച്ചകൾക്കു ശേഷമാണ് സ്വാപോയും ദക്ഷിണാഫ്രിക്കയും അംഗീകരിച്ചത്. പദ്ധതിയുടെ വിജയത്തിന് സഹകരിക്കാമെന്ന് ദക്ഷിണാഫ്രിക്ക വാഗ്ദാനം ചെയ്തെങ്കിലും യു.എൻ. പദ്ധതിയെ നിരാകരിച്ചുകൊണ്ട് ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് നടത്തിയത് പ്രശ്നപരിഹാരത്തിന് പ്രതിബന്ധമായി. സ്വാപോ ഈ തിരഞ്ഞെടുപ്പിനെ ബഹിഷ്കരിക്കുകയുണ്ടായി. നമീബിയൻ പ്രശ്നത്തിൽ ഉൾപ്പെട്ട കക്ഷികൾ തമ്മിലുള്ള ചർച്ചകൾ 1978-88 കാലയളവിൽ തുടർന്നു. ഈ ചർച്ചകളിൽ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി മാർത്തി അഹ്തിസാരി വഹിച്ച പങ്ക് സുപ്രധാനമായിരുന്നു. യു.എസ്സിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളുടെ ഫലമായി ഒടുവിൽ ചില ധാരണകളുടെ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്രസഭയുടെ 435-ആം നമ്പർ പ്രമേയം നടപ്പിലാക്കാൻ ദക്ഷിണാഫ്രിക്ക തയ്യാറായി. അങ്കോളയിൽ നിന്നും ക്യൂബൻ സേനയെ പിൻവലിക്കുന്ന പക്ഷം നമീബിയയ്ക്ക് സ്വാതന്ത്ര്യം നൽകാം എന്ന ഉപാധിയാണ് ദക്ഷിണാഫ്രിക്ക മുന്നോട്ടു വച്ചത്. (ക്യൂബൻ സേനയുടെ പിന്തുണയോടെയാണ് അങ്കോളയിലെ മാർക്സിസ്റ്റ് സർക്കാർ അധികാരത്തിലിരുന്നത്). വർധിച്ചുവന്ന സൈനിക ചെലവിന്റെ പശ്ചാത്തലത്തിൽ നമീബിയയിലും അങ്കോളയിലും യുദ്ധം തുടർന്നു കൊണ്ടുപോകുന്നതിലുള്ള ആശങ്കയായിരുന്നു സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുവാൻ ദക്ഷിണാഫ്രിക്കയെ പ്രേരിപ്പിച്ചത്. 1988-ൽ ദക്ഷിണാഫ്രിക്കൻ സർക്കാരും അങ്കോളൻ സർക്കാരും യുദ്ധവിരാമം പ്രഖ്യാപിച്ചതോടെ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കൻ സേനയെയും അങ്കോളയിൽനിന്നും ക്യൂബൻ സേനയെയും പിൻവലിക്കാൻ തീരുമാനമായി.
1989 ഏപ്രിൽ 1-ന് യു.എൻ. മേൽനോട്ടത്തിൽ നമീബിയയിൽ തെരഞ്ഞെടുപ്പു നടത്താനുള്ള പ്രക്രിയ ആരംഭിച്ചു. യു.എൻ. നിരീക്ഷണ സമിതിയുടെ തലവൻ മാർട്ടി അഹ്തിസാരിയായിരുന്നു. (നമീബിയ, കൊസോവ, ആച്ചെ (ഇന്തോനേഷ്യ) എന്നിവിടങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ മാർത്തി അഹ്തിസാരി വഹിച്ച മധ്യസ്ഥശ്രമങ്ങൾ കണക്കിലെടുത്ത് ഇദ്ദേഹത്തിന് 2008-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകി).
1989 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭരണഘടനാ നിർമ്മാണസമിതിയിലെ 57 ശതമാനം സീറ്റുകൾ സ്വാപോ നേടി. ഭരണഘടനയ്ക്കു രൂപം നൽകിയശേഷം ഭരണഘടനാ നിർമ്മാണസമിതി രാജ്യത്തെ ആദ്യത്തെ പാർലമെന്റായി മാറി. പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ബഹുകക്ഷി ജനാധിപത്യമാണ് ഭരണഘടന വിഭാവന ചെയ്തത്. അസംബ്ലി സ്വാപോ നേതാവായ സാം നുജോമയെ നമീബിയയുടെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. 1990 മാർച്ച് 21-ന് നമീബിയ സ്വതന്ത്രരാജ്യമായി നിലവിൽവന്നു. കൊളോണിയൽ ഭരണത്തിൽ നിന്നും വിമോചനം നേടിയ അവസാനത്തെ ആഫ്രിക്കൻ രാജ്യമാണ്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.