ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം 1919-1920 -ൽ നടന്ന് പാരിസ് സമാധാന സമ്മേളനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യാന്തര സംഘടനയാണ് ലീഗ് ഓഫ് നേഷൻസ്. ഒന്നാം ലോകമഹായുദ്ധം പോലൊരു മഹാവിപത്ത് ആവർത്തിക്കപ്പെടാതിരിക്കുക എന്നുള്ളതായിരുന്നു ലീഗിന്റെ മുഖ്യലക്ഷ്യം.
Société des Nations (in French) Sociedad de Naciones (in Spanish) League of Nations (ഇംഗ്ലീഷ്) സർവ്വരാജ്യസഖ്യം | |||||||
---|---|---|---|---|---|---|---|
1919–1946 | |||||||
1920–1945 ലെ ലോകഭൂപടത്തിൽ സർവ്വരാജ്യസഖ്യാംഗങ്ങളായ രാജ്യങ്ങൾ. (ചിത്രം വലുതാക്കാവുന്നതാണ്.) | |||||||
പദവി | അന്താരാഷ്ട്ര സംഘടന | ||||||
പൊതുവായ ഭാഷകൾ | ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് | ||||||
• 1920–1933 | എറിക് ഡ്രുമ്മോണ്ട് | ||||||
• 1933–1940 | ജോസഫ് അവനോൾ | ||||||
• 1940–1946 | സീൻ ലെസ്റ്റെർ | ||||||
ചരിത്ര യുഗം | രണ്ട് ലോകമഹായുദ്ധങ്ങൾക്കിടെ | ||||||
1919 ജൂൺ 28 1919 | |||||||
• ആദ്യ യോഗം | 1920 ജനുവരി 16 | ||||||
• പിരിച്ചു വിട്ടത് | 1946 ഏപ്രിൽ 20 1946 | ||||||
| |||||||
ലീഗ് ഓഫ് നേഷൻസിനെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പിരിച്ചു വിടുകയും ഇതു ഐക്യരാഷ്ട്രസഭയുടെ പിറവിക്കു വഴിതെളിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ മുൻഗാമികളിൽ ഏറ്റവും പ്രധാനപ്പെട്ട് സംഘടന ഇതായിരുന്നു. യു.എൻ. സ്വാംശീകരിച്ച പല ക്രിയാത്മക ആശയങ്ങളും, രീതികളും മറ്റും ലീഗ് ഓഫ് നേഷൻസിന്റേതായിരുന്നു.
ചരിത്രം
അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടായിരുന്ന വൂഡ്രോ വിൽസനാണ് ലീഗ് ഓഫ് നേഷൻസ് എന്ന ആശയം കൊണ്ടു വന്നത്. യുദ്ധത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചുള്ള പതിനാലിന പ്രഖ്യാപനത്തിൽ അവസാനത്തേതായാണ് രാഷ്ട്രങ്ങളുടെ ഒരു പൊതുസഭയെക്കുറിച്ചുള്ള ആശയം അവതരിപ്പിക്കപ്പെട്ടത്. ഈ ആശയങ്ങളും, ബ്രിട്ടണും ഫ്രാൻസും ചേർന്നുണ്ടാക്കിയ ആശയങ്ങളുമാണ്, 1919-ൽ ഒന്നാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ച വേഴ്സായ് സമാധാനസമ്മേളനത്തിന്റെ സന്ധി സംഭാഷണങ്ങളിൽ അടിസ്ഥാനമായത്.
വേഴ്സായ് ഉടമ്പടിയിലെ ഒരു അവിഭാജ്യഘടകമായി അങ്ങനെ ലീഗ് ഓഫ് നേഷൻസിന്റെ രൂപവത്കരണത്തെ ഉൾക്കൊള്ളിച്ചു [1].
1920 ജനുവരി 10 ന് സർവ്വരാജ്യസഖ്യം നിലവിൽ വന്നു. സംഘടനയുടെ അംഗസംഖ്യ ഏറ്റവും കൂടുതൽ ആയിരുന്ന കാലയളവായ 1934 സെപ്റ്റംബർ 28 മുതൽ 1935 ഫെബ്രുവരി 23 വരെ 58 രാജ്യങ്ങൾ അംഗങ്ങളായിരുന്നു.
ലക്ഷ്യങ്ങൾ
സർവ്വരാജ്യസഖ്യത്തിന്റെ ലക്ഷ്യങ്ങൾ രാജ്യങ്ങളുടെ നിരായുധീകരണം, സുരക്ഷയുടെ കൂട്ടുത്തരവാദിത്തത്തിലൂടെ യുദ്ധങ്ങൾ തടയുക, അന്താരാഷ്ട്രതർക്കങ്ങളിൽ മാദ്ധ്യസ്ഥം വഹിക്കുക, ആഗോളതലത്തിൽ ജീവിത നിലവാരം ഉയർത്തുക എന്നിവയായിരുന്നു.
ഘടന
സ്വിറ്റ്സർലന്റിലെ ജനീവ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ലീഗ് ഓഫ് നേഷൻസിന് ഒരു സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള സ്ഥിരം ഉദ്യോഗസ്ഥരുണ്ടായിരുന്നു. ജനറൽ അസംബ്ലി, കൗൺസിൽ, അന്താരാഷ്ട്ര കോടതി, അന്താരാഷ്ട്ര തൊഴിൽ സംഘടന, ലോകാരോഗ്യ സംഘടന എന്നിവ ഇതിന്റെ സർവരാജ്യസഖ്യത്തിന്റെ ഭാഗമായിരുന്നു.
ജനറൽ അസംബ്ലി
സർവ്വരാജ്യസഖ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ജനറൽ അസംബ്ലി ആയിരുന്നു. സർവ്വരാജ്യസഖ്യത്തിലെ എല്ലാ അംഗങ്ങളും ജനറൽ അസംബ്ലിയിലെയും അംഗങ്ങൾ ആയിരുന്നു. ഒരു അംഗരാജ്യത്തിന് ജനറൽ അസംബ്ലിയിൽ മൂന്ന് പ്രതിനിധികൾ വീതം ഉണ്ടായിരുന്നു. വർഷത്തിലൊരിക്കൽ ജനീവയിൽ ഈ അസംബ്ലി സമ്മേളിച്ചിരുന്നു.
കൗൺസിൽ
സർവ്വരാജ്യസഖ്യത്തിന്റെ പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത് കൗൺസിൽ ആയിരുന്നു. ഇത് ഒരു ചെറിയ സമിതി ആയിരുന്നു. ഇതിൽ സ്ഥിരാംഗങ്ങളും താൽക്കാലിക അംഗങ്ങളും ഉണ്ടായിരുന്നു. ബ്രിട്ടൺ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ എന്നിവയായിരുന്നു ആദ്യത്തെ സ്ഥിരാംഗങ്ങൾ. പിന്നീട് റഷ്യയെയും ജർമനിയെയും കൂടി സ്ഥിരാംഗങ്ങളാക്കി. സ്ഥിരാംഗങ്ങൾക്ക് വീറ്റോ അധികാരം ഉണ്ടായിരുന്നു.
സെക്രട്ടേറിയറ്റ്
സർവ്വരാജ്യസഖ്യത്തിന്റെ ദൈനദിന ഭരണകാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് സെക്രട്ടറിയേറ്റ് ആയിരുന്നു. സെക്രട്ടറി ജനറൽ ആയിരുന്നു സെക്രട്ടറിയേറ്റിന്റെ തലവൻ.
അന്താരാഷ്ട്രകോടതി
മുൻകാല രാജ്യാന്തരസംഘടനകളിൽ നിന്നും വ്യത്യസ്തമായി അംഗരാഷ്ട്രങ്ങൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന് ഒരു അന്താരാഷ്ട്രകോടതി ലീഗ് ഓഫ് നേഷൻസിനു കീഴിൽ രൂപവത്കരിക്കപ്പെട്ടു. 15 ന്യായാധിപന്മാരടങ്ങുന്ന ഒരു ബെഞ്ച് ആണ് ഈ കോടതിയിൽ ഉണ്ടായിരുന്നത്. ഹേഗ് ആയിരുന്നു ഇതിന്റെ ആസ്ഥാനം.
അന്താരാഷ്ട്ര തൊഴിൽ സംഘടനയും ലോകാരോഗ്യസംഘടനയും
തൊഴിലാളികളുടെ സേവന വ്യവസ്ഥകൾ നീതിയുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന രൂപവത്കരിച്ചത്. അവികസിതരാജ്യങ്ങൾക്കും വൈദ്യശാസ്ത്രത്തിന്റെ നൂതന കണ്ടുപിടിത്തങ്ങളുടെ ഫലം ലഭിക്കുന്നതിനായി ലോകാരോഗ്യസംഘടന പ്രവർത്തിച്ചു.
സെക്രട്ടറി ജനറലുകൾ (1920 – 1946)
- യുണൈറ്റഡ് കിങ്ഡം — എറിക് ഡ്രുമ്മോണ്ട് (1920–1933)
- ഫ്രാൻസ് — ജോസഫ് അവനോൾ (1933–1940)
- അയർലന്റ് — സീൻ ലെസ്റ്റെർ (1940–1946)
പ്രവർത്തനം
അംഗരാഷ്ട്രങ്ങൾക്കിടയിൽ പരസ്പരസഹകരണം വർദ്ധിപ്പിക്കുന്നതിനും രാഷ്ട്രങ്ങളിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും രാഷ്ട്രങ്ങൾ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ടായിരുന്നു. അതായത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവ ലീഗിന്റെ സമിതികൾക്കു മുൻപാകെ സമർപ്പിച്ച് തീരുമാനമാക്കണമായിരുന്നു. ലീഗിന്റെ തീരുമാനം ലംഘിച്ച് യുദ്ധത്തിലേർപ്പെടുന്ന രാജ്യങ്ങൾക്കെതിരെ മറ്റംഗങ്ങൾ നയതന്ത്ര, സാമ്പത്തിക, സൈനിക ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്തു.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ജർമ്മനിയിൽ നിന്നും തുർക്കിയിൽ നിന്നും ലീഗിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത കോളനികൾ ലീഗിനു വേണ്ടി ഭരിക്കുന്നതിനായി ചില സാമ്രാജ്യത്വശക്തികളെ ഏല്പ്പിച്ചു. ഇങ്ങനെ ഭരിക്കുന്ന രാജ്യങ്ങൾ തദ്ദേശീയരുടെ താല്പര്യങ്ങൾ സമ്രക്ഷിച്ചും ലീഗ് നിശ്ചയിച്ചിട്ടുള്ള ഒരു നിയമാവലിയനുസരിച്ചും ഈ രാജ്യങ്ങളെ ഭരിക്കേണ്ടിയിരുന്നു. ഈ രീതിയെയാണ് മൻഡേറ്റ് സിസ്റ്റം എന്നു പറയുന്നത്.
സർവ്വരാജ്യസഖ്യത്തിന്റെ ഇടപെടൽ കൊണ്ടാണ് ഇറാക്കും തുർക്കിയും തമ്മിലുള്ള തർക്കവും പെറുവും കൊളംബിയയും തമ്മിലുള്ള തർക്കവും ഗ്രീസും ബൾഗേറിയയും തമ്മിലുള്ള തർക്കവും പരിഹരിച്ചത്.
യുദ്ധം മൂലം പാടേ തകർന്ന പല രാജ്യങ്ങളും സർവ്വരാജ്യസഖ്യത്തിന്റെ സഹായത്താൽ പുനരധിവാസത്തിനുള്ള പണം സംഭരിച്ചു.
തിരിച്ചടികൾ
സർവ്വരാജ്യസഖ്യത്തിന്റെ നയതന്ത്രപരമായ അടിത്തറ തൊട്ടുമുമ്പുള്ള നൂറ് വർഷത്തെ രീതികളിൽ നിന്നുള്ള ഒരു വലിയ മാറ്റമായിരുന്നു. സഖ്യത്തിന് സ്വന്തമായി ഒരു സായുധസേന ഇല്ലായിരുന്നു. അതുകൊണ്ട് സഖ്യത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും സാമ്പത്തികനടപടികൾ പ്രാവർത്തികമാക്കുന്നതിനും അവശ്യസമയത്ത് സൈന്യത്തിന്റെ സേവനം ലഭിക്കുന്നതിനും വൻശക്തികളെ ആശ്രയിക്കേണ്ടി വന്നു. എന്നാൽ അത്തരം സഹായം നൽകുന്നതിന് അവർ പലപ്പോഴും വിമുഖരായിരുന്നു.
ശ്രദ്ധേയമായ ഏതാനും വിജയങ്ങൾക്കും തുടക്കകാലത്തുള്ള ചില തിരിച്ചടികൾക്കും ശേഷം 1930- കളിൽ അച്ചുതണ്ട് ശക്തികൾ ഉയർത്തിയ കലാപക്കൊടി തടയാൻ കഴിയാതിരുന്നതിലൂടെ സർവ്വരാജ്യസഖ്യം ആത്യന്തികമായി അശക്തമാണെന്നു തെളിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തോടെ സർവ്വരാജ്യസഖ്യം മറ്റൊരു ലോകമഹായുദ്ധം തടയുക എന്ന അതിന്റെ പ്രാഥമികലക്ഷ്യം നിറവേറ്റുന്നതിൽ തന്നെ പരാജയമായി തീർന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഐക്യരാഷ്ട്രസഭ സർവ്വരാജ്യസഖ്യത്തിനു പകരമായി നിലവിൽ വന്നു. സർവ്വരാജ്യസഖ്യം തുടങ്ങിവച്ച ഏജൻസികളെയും സംഘടനകളെയും ഐക്യരാഷ്ട്രസഭ ഏറ്റെടുത്തു.
പരാജയകാരണങ്ങൾ
വൻശക്തികളുടെ അതിക്രമങ്ങളെ നിയന്ത്രിക്കാൻ സർവ്വരാജ്യസഖ്യത്തിന് കഴിഞ്ഞില്ല. നിരായുധീകരണം പൂർണമായി നടപ്പിലാക്കാൻ കഴിയാതിരുന്നതും പരാജയകാരണമായി. മഞ്ചൂറിയായുടെ മേലുള്ള ജപ്പാന്റെ ആക്രമണവും അബിസീനിയയുടെ മേലുള്ള ഇറ്റലിയുടെ ആക്രമണവും ഒഴിവാക്കാൻ സർവ്വരാജ്യസഖ്യത്തിന് കഴിഞ്ഞില്ല. ജർമനി വീണ്ടും ആയുധവൽക്കരണം നടത്തിയത് തടയാൻ സഖ്യത്തിനായില്ല. സഖ്യത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾക്കെതിരായി പ്രവർത്തിച്ചിട്ടും ഇറ്റലി, ജപ്പാൻ, റഷ്യ, ജർമനി എന്നീ രാജ്യങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കപ്പെട്ടില്ല.
അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസനാണ് മുൻകൈ എടുത്തതെങ്കിലും അമേരിക്ക സഖ്യത്തിൽ അംഗമാകാതിരുന്നത് മറ്റൊരു പരാജയകാരണമാണ്. ലീഗിന്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള കരുക്കൾ ലീഗിന് ഇല്ലായിരുന്നു.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.