പുരാതന കവികളിൽ അഗ്രഗണ്യനാണ് ഭാരതീയനായ കാളിദാസൻ. From Wikipedia, the free encyclopedia
പുരാതന കവികളിൽ അഗ്രഗണ്യനാണ് ഭാരതീയനായ കാളിദാസൻ. പ്രാചീനകവികളും ആധുനിക കവികളും കാളിദാസനെ ഒരു പോലെ ആദരിക്കുന്നു. പുരാണകഥകളും നാട്ടുകഥകളും ഒരേപാടവത്തോടെ പുനരാവിഷ്കരിച്ച കവിയായിട്ടാണ് നിരൂപകർ കാളിദാസനെ കാണുന്നത്. സംസ്കൃതഭാഷയ്ക്ക് കാളിദാസൻ നൽകിയ സംഭാവനകൾ മൂലം അദ്ദേഹത്തെ ഇന്ത്യൻ ഷേക്സ്പിയർ എന്നു വിശേഷിപ്പിക്കാറുണ്ട്. സത്യത്തിൽ ഷേക്സ്പിയർ കാളിദാസന്റെ കാവ്യപ്രതിഭയുടെ ഒരു നിഴൽ മാത്രമാണ്
കാളിദാസൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാളിദാസൻ (വിവക്ഷകൾ) എന്ന താൾ കാണുക. |
ബുദ്ധിവളർച്ചയില്ലാത്തവനായി വളർന്ന കാളിദാസനെ പണ്ഡിതയായ ഒരു യുവതി വിവാഹം ചെയ്തെന്നും അധികം താമസിയാതെ കാളിദാസനു സാമാന്യബുദ്ധിപോലും ഇല്ലെന്നു മനസ്സിലാക്കി വീടിനു പുറത്താക്കുകയും ചെയ്തു എന്നാണ് കഥ അങ്ങനെ അലഞ്ഞുതിരിയുമ്പോൾ ഒരു വൃദ്ധയുടെ ഉപദേശമനുസരിച്ച് ബുദ്ധിവളർച്ചയുണ്ടാകാനായി കാളിദാസൻ തൊട്ടടുത്ത കാളീക്ഷേത്രത്തിൽ എത്തി. തത്സമയം ദേവി പുറത്തുപോയിരുന്നതിനാൽ കാളിദാസൻ അകത്തുകയറി വാതിലടച്ചത്രെ. തിരിച്ചുവന്ന ദേവി അകത്താര് എന്നു ചോദിച്ചപ്പോൾ കാളിദാസൻ പുറത്താര് എന്ന മറുചോദ്യമുന്നയിച്ചു. പുറത്തു കാളി എന്നു ദേവി പറഞ്ഞപ്പോൾ അകത്തു ദാസൻ എന്നു കാളിദാസൻ മറുപടി നൽകി. കാളിദാസന്റെ ബുദ്ധിശൂന്യത തിരിച്ചറിഞ്ഞ ദേവി നാക്കുപുറത്തു നീട്ടാനാവശ്യപ്പെടുകയും അപ്രകാരം ചെയ്ത കാളിദാസനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുകയും ചെയ്തത്രെ. വിദ്യാരംഭം ദേവിയിൽ നിന്നു ലഭിച്ചതിനാലാണ് കാളിദാസന്റെ കവിതകൾക്കിത്ര മഹത്ത്വം വന്നതെന്നാണ് വിശ്വാസം.
കാളിയുടെ അനുഗ്രഹത്താൽ പണ്ഡിതനായിത്തീർന്ന കാളിദാസൻ തിരിച്ച് ഗൃഹത്തിലെത്തിയപ്പോൾ പത്നി അസ്തി കശ്ചിത് വാഗർത്ഥ: (പ്രത്യക്ഷമായ ജ്ഞാനം അങ്ങേക്ക് കൈവന്നിട്ടുണ്ടോ) എന്ന് അന്വേഷിച്ചു. പത്നിയോടുള്ള ബഹുമാനം ഇദ്ദേഹം തന്റെ മൂന്നു കൃതികളുടെ ആരംഭത്തിൽ ഇപ്രകാരം പ്രദർശിപ്പിക്കുന്നു. ഈ മൂന്നു പദങ്ങളുപയോഗിച്ചാണ് ഈ കൃതികൾ ആരംഭിക്കുന്നത്. കുമാരസംഭവം 'അസ്തി' (അസ്ത്യുത്തരസ്യാം..) എന്ന പദത്തോടെയും മേഘദൂതം 'കശ്ചിത്' (കശ്ചിത് കാന്താവിരഹഗുരുണാ..) എന്ന പദത്തോടെയും രഘുവംശം 'വാഗർത്ഥ': (വാഗർത്ഥാവിവ സമ്പൃക്തൗ..) എന്ന പദത്തോടെയും ആരംഭിക്കുന്നു.
കാളിദാസൻ ജീവിച്ചിരുന്ന കാലം ക്രിസ്തുവിനു മുൻപ് രണ്ടാം നൂറ്റാണ്ടുമുതൽ --- ക്രിസ്തുവിനു പിൻപ് ആറാം നൂറ്റാണ്ടുവരെ ആരോപിക്കപ്പെട്ടിരിക്കുന്നു. കൃത്യമായ കാലം ഏതെന്ന കാര്യത്തിൽ പലപണ്ഡിതന്മാർക്കും പല അഭിപ്രായമാണുള്ളത്. അക്കാലത്തെ ലിഖിത ചരിത്രത്തിൽ ഏറിയ പങ്കും ഇന്ന് അവശേഷിക്കാത്തതു വിക്രമാദിത്യ മഹാരാജാവിന്റെ സഭാംഗമായിരുന്നു കാളിദാസൻ എന്ന ഐതിഹ്യത്തെ മുഖവിലക്കെടുത്താൽ തന്നെ, ഇരുവരുടേയും കാലശേഷം വിക്രമാദിത്യൻ എന്നും കാളിദാസൻ എന്നുo പറയുന്നത് ഒരു ബിരുദമോ, വിശേഷണമോ എന്ന നിലയിലേക്കുയർന്നിരുന്നു. അതുകൊണ്ടുതന്നെ അങ്ങനെ ശരിയായ കാലം കണ്ടെത്താനും കഴിയുകയില്ല.
പ്രസിദ്ധ പണ്ഡിതനായ ഹിപ്പോലിട്ട് ഫെനജ് കാളിദാസൻ ക്രി. മു. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്നു കരുതുന്നു. ലേസൽ എന്ന മറ്റൊരു പാശ്ചാത്യ പണ്ഡിതനാലാകട്ടെ ക്രി. പി. മൂന്നാം നൂറ്റാണ്ടാണ് കാളിദാസന്റെ കാലഘട്ടം എന്നാരോപിക്കപ്പെട്ടിരിക്കുന്നു. ശ്രീ കെ. ബി. പാഠക് പറയുന്നതനുസരിച്ച് ക്രി. പി. അഞ്ചാം നൂറ്റാണ്ടിൽ കാളിദാസൻ ജീവിച്ചിരുന്നു. ഫെർഗൂസൻ, മാക്സ്മുള്ളർ മുതലായവരുടെ അഭിപ്രായത്തിൽ കാളിദാസൻ ക്രി. പി. ആറാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്.
ബഹു ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായപ്രകാരം കാളിദാസൻ വിക്രമാദിത്യന്റെ സദസ്യനാണ്. വിക്രമാദിത്യൻ ശാകന്മാരെ തോൽപ്പിച്ച് ക്രി. മു. അമ്പത്തേഴിൽ വിക്രമവർഷം ആരംഭിച്ചു. വിക്രമാദിത്യൻ ഒരു കാവ്യമർമ്മജ്ഞൻ ആയതുകൊണ്ട് കാളിദാസൻ വിക്രമാദിത്യ- സദസ്സിലുണ്ടാകാൻ വഴിയുണ്ട്. ശൈവ മതക്കാരനായ രാജാവായ വിക്രമാദിത്യന്റെ സദസ്യനായതുകൊണ്ടാകണം കാളിദാസൻ തന്റെ കൃതികളിൽ ശിവനെ ആരാധിക്കുന്നത്. മാളവികാഗ്നിമിത്രം എന്ന തന്റെ കൃതിയിൽ ക്രി.മു. ഒന്നാം നൂറ്റാണ്ടിലെ പല തത്ത്വങ്ങളും ഭരതനെ കൊണ്ടു പറയിക്കുന്നുണ്ട്. അക്കാലത്തെ രാജാവായിരുന്ന അഗ്നിമിത്രനെ നായകനാക്കിയതുകൊണ്ട് അഗ്നിമിത്രനും കാളിദാസനും സമ കാലികനായിരുന്നു എന്നു അനുമാനിക്കാം. കാളിദാസൻ എ.ഡി. നാലാം നൂറ്റാണ്ടിൽ ആണ് ജീവിച്ചത് എന്ന് ചിലർ അഭിപ്രായപ്പെടുന്നു.
എന്തായാലും ക്രി. പി ആറാം നൂറ്റാണ്ടിനു ശേഷമല്ല കാളിദാസൻ ജീവിച്ചിരുന്നത്, കാരണം ആറാം നൂറ്റാണ്ടിലെ ഐഹോളയിലെ ശിലാലേഖനത്തിൽ കാളിദാസനെ വ്യക്തമായി പരാമർശിക്കുന്നുണ്ട്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലങ്ങോളമിങ്ങോളമുള്ള പല സ്ഥലങ്ങളും കാളിദാസന്റെ സ്വദേശങ്ങളായി പലരും അഭിപ്രായപ്പെടുന്നു. എങ്കിലും പൊതുവേയുള്ള നിഗമനം ഉജ്ജയിനി(അവന്തി) ആണ് കാളിദാസന്റെ ജീവിതസ്ഥലം എന്നാണ്. കാശ്മീരും കവിയുടെ സ്വദേശമായി ചില പണ്ഡിതർ ആരോപിക്കുന്നുണ്ടെങ്കിലും ഉജ്ജയിനിക്കായി ശ്ലോകങ്ങൾ തന്നെ മാറ്റിവച്ച കവി കാശ്മീരിനെ അപൂർവ്വമായി പരാമർശിക്കുന്നതെന്ത് എന്ന ചോദ്യമുയരുന്നു. അദ്ദേഹം വർണ്ണിക്കുന്ന ഭൂപ്രകൃതിയും അന്തരീക്ഷവുമെല്ലാം ഉജ്ജയിനിക്കു സമാനമാണ്. കാളിദാസകൃതികളിൽ ഉജ്ജയിനീ പക്ഷപാതം സുവ്യക്തമാണ്. ഉജ്ജയിനിയിലേയും സമീപപ്രദേശങ്ങളിലേയും ഐതിഹ്യങ്ങളും പർവ്വതങ്ങളുടെ പേരുകളുമെല്ലാം കവിക്കറിയാം. മേഘസന്ദേശത്തിലും ഋതുസംഹാരത്തിലും കവി വിന്ധ്യനിലെ പല പ്രദേശങ്ങളും വർണ്ണിച്ചിരിക്കുന്നു. കാളിദാസൻ വിക്രമാദിത്യസദസ്യനായിരുന്നു എന്നും വിക്രമാദിത്യന്റെ തലസ്ഥാനം ഉജ്ജയിനി ആയിരുന്നു എന്നും ഉജ്ജയിനിയിൽ വിക്രമാദിത്യൻ ഒരു കാളീക്ഷേത്രം പണികഴിപ്പിച്ചിരുന്നു എന്നതും ഇവിടെ സ്മരണീയമാണ്.
പണ്ഡിത-പാമര ഭേദമില്ലാതെ ആർക്കും ആസ്വദിക്കാവുന്നവയാണ് കാളിദാസകൃതികൾ. തത്ത്വവിചാരങ്ങൾക്കും, ശാസനകൾക്കുമപ്പുറം കവിയുടെ ഭാവനാവിലാസമാണ് അവയിൽ കാണാൻ കഴിയുക. തനിക്കു ദേശാടനത്തിലൂടെയും ലോകനിരീക്ഷണത്തിലൂടെയും ലഭിച്ച അറിവാണ് കവി തന്റെ കൃതികളിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് നിരൂപകരുടെ അഭിപ്രായം.
വേദം, വേദാന്തം, രാഷ്ട്രീയം, ഭൂമിശാസ്ത്രം, നീതിശാസ്ത്രം, തർക്കശാസ്ത്രം എന്നിവയിൽ കാളിദാസനു വ്യക്തമായ അവബോധമുണ്ടായിരുന്നു. അഭിജ്ഞാനശാകുന്തളം വേദം, വേദാന്തം, രാഷ്ട്രീയം, നീതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ സ്പർശിക്കുന്നു. മേഘസന്ദേശത്തിൽ ഭൂമിശാസ്ത്രജ്ഞാനവും, പ്രകൃതിനിരീക്ഷണവും പ്രകടമാകുന്നു. കുമാരസംഭവം കവിക്കു പുരാണങ്ങളോടുള്ള പ്രതിപത്തി പ്രതിഫലിപ്പി ക്കുന്നു.
ദേശാടനത്തിലൂടെ ലഭിച്ച അറിവുകൊണ്ടാകണം കവി തന്റെ കാവ്യങ്ങളിലെല്ലാം ഭൂവർണ്ണന നടത്തിയിട്ടുള്ളത് . കുമാരസംഭവത്തിലും രഘുവംശത്തിലും കവി ഹിമാലയത്തെ അതിമനോഹരമായി വർണ്ണിച്ചിരിക്കുന്നു. മേഘസന്ദേശത്തിലാകട്ടെ രാമഗിരി മുതൽ അളകാനഗരി വരെയുള്ള വഴി യക്ഷൻ മേഘത്തിനു വ്യക്തമായി പറഞ്ഞു കൊടുക്കുന്നുണ്ട്.
തർക്കശാസ്ത്രസംബന്ധമായ വിഷയങ്ങളും കവി മേഘസന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്.
പ്രകൃത്യുപാസകനായ കാളിദാസൻ, തന്റെ കൃതികളിൽ വലിയൊരു ഭാഗം പ്രകൃതി വർണ്ണനയ്ക്കായി നീക്കിവെച്ചിരിക്കുന്നു. മാനവീയതയും പ്രകൃത്യാവബോധവും ശരിയായ അനുപാതത്തിൽ ഉൾക്കൊണ്ടിരുന്ന കവിയാണ് കാളിദാസൻ എന്നാണ് കാളിദാസകൃതികളെ ആഴത്തിൽ പഠിച്ചവരുടെ അഭിപ്രായം. മേഘസന്ദേശം, അഭിജ്ഞാന ശാകുന്തളം എന്നിവയിൽ കവിയുടെ പ്രകൃതിവർണ്ണന കൂടുതൽ കാണാം.
പ്രകൃതിവർണ്ണനയിൽ കാളിദാസനെ അതിശയിക്കുന്നത് മാഘൻ എന്ന കവി മാത്രമാണെന്നാണ് പറയപ്പെടുന്നത്.
സുന്ദരമായ എന്തിനേയും വർണ്ണിക്കുക എന്നതായിരുന്നു കാളിദാസന്റെ ശൈലി. യുവതികളെ വർണ്ണിക്കുന്നതിൽ കാളിദാസൻ അദ്വിതീയനാണ്. മേഘസന്ദേശം, മാളവികാഗ്നിമിത്രം, അഭിജ്ഞാനശാകുന്തളം മുതലായവയിൽ കവി തന്റെ ഈ കഴിവു പ്രകടിപ്പിച്ചിരിക്കുന്നതായി കാണാം. അലൗകിക സൗന്ദര്യത്തെ വർണ്ണിക്കാനുള്ള കാളിദാസന്റെ കഴിവിനെ നിരൂപകർ ഏറെ പ്രശംസിച്ചിട്ടുണ്ട്. സൗന്ദര്യസാക്ഷാത്കാരം അനുവാചകന്റെ ഹൃദയത്തിലാണ് എന്നതാണത്രെ കാളിദാസന്റെ പക്ഷം.
പ്രേമാദർശത്തെ വളരെ ശ്രേഷ്ഠമായി കണക്കാക്കുന്ന കവിയാണ് കാളിദാസൻ. മഹാഭാരതത്തിൽ കേവലം രണ്ടോ മൂന്നോ വരികളിൽ പറഞ്ഞിട്ടുള്ള ശകുന്തളയുടെ കഥയെ അഭിജ്ഞാന ശാകുന്തളം എന്ന അനശ്വര പ്രേമകാവ്യമാക്കി മാറ്റിയതിൽ കാളിദാസന്റെ പങ്ക് ചെറുതല്ല. പൂർവ്വകഥയേക്കാളും പ്രസിദ്ധി പുതിയ കഥയ്ക്കു ലഭിക്കുകയും ചെയ്തിരിക്കുന്നു.
കാളിദാസകൃതികൾ മുഴുവനും തന്നെ വർണ്ണനകളാൽ നിറഞ്ഞിരിക്കുന്നു. പ്രധാനമായും ഉപമയാണ് കവി വർണ്ണനയ്ക്കുപയോഗിക്കുന്നത്. "ഉപമാ കാളിദാസസ്യ" എന്നാണല്ലോ പുരാതന കാലം മുതലേ പറഞ്ഞു വരുന്നത്. വിവിധ തരത്തിലുള്ള ഉപമാന ഉപമേയങ്ങൾ കൊണ്ട് തന്റെ കൃതികളെ വളരെ ഉയർന്ന ഒരു തലത്തിലേക്കുയർത്താൻ കവിക്കു കഴിയുന്നുണ്ടെന്നതാണ് വലിയ സവിശേഷത.
മറ്റു സംസ്കൃത കൃതികളുടെ കാര്യത്തിലെന്ന പോലെ കാളിദാസ കൃതികളുടെ കാര്യത്തിലും ഔത്തരാഹ ദാക്ഷിണാത്യ വ്യത്യാസങ്ങൾ കാണാവുന്നതാണ്. ഉത്തരാഹ പാഠങ്ങളിൽ കൂട്ടിച്ചേർക്കലുകൾ കൂടുതലാണെന്നു കരുതപ്പെടുന്നു. അരുണഗിരി നാഥൻ, നാരായണ പണ്ഡിതർ, അഭിരാമൻ പരീക്ഷിത് തമ്പുരാൻ, രാമപ്പിഷാരടി എന്നീ വ്യാഖ്യാതാക്കൾ അംഗീകരിച്ച പാഠങ്ങളാണ് കേരളത്തിൽ പ്രാചാരത്തിലുള്ളത്. എന്നാൽ അഭിഞാനശാകുന്തളത്തിന്റെ തർജ്ജമയ്ക്ക് കേരളവർമ്മവലിയകോയിത്തമ്പുരാൻ അധാരമാക്കിയതു ഔത്തരാഹ പാഠത്തെയാണ്. അഭിജ്ഞാനശാകുന്തളത്തിന്റെ ഏറ്റവും പ്രമുഖമായ കേരളീയ വ്യഖ്യാനം
പല പണ്ഡിതന്മാരും കാളിദാസകൃതികളുടെ നിരൂപണങ്ങളെഴുതിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ വിജയനഗര രാജാവ് ദേവ രായ രണ്ടാമന്റെ കാലഘട്ടത്തിൽ മല്ലീകാന്ത സൂരി രചിച്ച വ്യാഖ്യാനം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പത്താം നൂറ്റാണ്ടിലെ കാശ്മീരി പണ്ഡിതൽ വല്ലഭദേവൻ രചിച്ച ഭാക്ഷ്യമാണ് ഇത്തരത്തിൽ ആദ്യത്തേത്. [1] ബാണഭട്ടൻ, ജയദേവൻ, രാജശേഖരൻ തുടങ്ങിയ പ്രമുഖ സംസ്കൃതകവികൾ കാളിദാസനെ തങ്ങളുടെ കൃതികളിൽ പുകഴ്ത്തി. 'ഉപമ കാളിദാസസ്യ' എന്ന പ്രയോഗം കാളിദാസന്റെ ഉപമയിലുള്ള സാമർത്ഥ്യത്തെ വാഴ്ത്തുന്നു. ആനന്തവർദ്ധനൻ എന്ന വിമർശകൻ കാളിദാസനെ എക്കാലത്തെയും മികച്ച കവികളിൽ ഒരാളായാണ് കണക്കാക്കുന്നത്. ആധുനിക കാലത്തിനു മുൻപെഴുതപ്പെട്ട കാളിദാസകൃതികളുടെ നൂറുകണക്കിന് നിരൂപണങ്ങളിൽ വളരെക്കുറച്ചെണ്ണം മാത്രമേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ. കാളിദാസ കൃതികൾ ആദ്യ രൂപത്തിൽ നിന്ന് പകർപ്പുകളിലൂടെ വന്ന മാറ്റങ്ങൾ ഈ നിരൂപണങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.
യൂറോപ്പിൽ അറിയപ്പെട്ട ഇന്ത്യൻ കൃതികളിൽ ആദ്യത്തേതിലൊന്നാണ് കാളിദാസന്റെ അഭിജ്ഞാനശാകുന്തളം. ആദ്യം ഇംഗ്ലീഷിലേയ്ക്കും പിന്നീട് ഇംഗ്ലീഷിൽ നിന്ന് ജർമൻ ഭാഷയിലേയ്ക്കും ഇത് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഹെർഡർ, ഗോഥെ മുതലായ കവികളിൽ ഈ കൃതി സ്വാധീനം ചെലുത്തിയിരുന്നു.[2]
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന സമയത്തും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കാളിദാസകൃതികൾ യൂറോപ്പിലെ കലാസാഹിത്യരംഗത്ത് സ്വാധീനം ചെലുത്തിയിരുന്നു. കാമില്ലെ ക്ലൗഡലിന്റെ ശില്പമായ ശകുന്തള ഇതിനൊരുദാഹരണമാണ്.
കൂടിയാട്ടം കലാകാരനും നാട്യ ശാസ്ത്ര പണ്ഡിതനുമായ മാണി മാധവ ചാക്യാർ (1899–1990) കാളിദാസകൃതികളായ അഭിജ്ഞാനശാകുന്തളം, വിക്രമോർവശീയം, മാളവികാഗ്നിമിത്രം എന്നീ കൃതികൾ അവതരിപ്പിച്ചിട്ടുണ്ട്.
മോഹൻ രാകേശിന്റെ ഹിന്ദി നാടകമായ ആഷാട് കാ ഏക് ദിൻ (1958), കാളിദാസകൃതികളിൽ ആവർത്തിച്ചു വിവരിക്കുന്ന അഭൗമ സൗന്ദര്യവും അദ്ദേഹത്തിന്റെ കാലത്തെ ജീവിത യാഥാർത്ഥ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഒന്നായിരുന്നു. സുരേന്ദ്ര വർമയുടെ ഹിന്ദി നാടകം അഥവൻ സർഗ (1976), പാർവ്വതീദേവിയുടെ ശാപം മൂലമാണ് കാളിദാസന് തന്റെ ഇതിഹാസമായ കുമാരസംഭവം പൂർത്തിയാക്കാൻ സാധിക്കാതിരുന്നത് എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടതാണ്. പാർവ്വതിയും ശിവനും തമ്മിലുള്ള ലൈംഗിക കേളികളുടെ (എട്ടാം കാണ്ഡത്തിലെ) അശ്ലീലം നിറഞ്ഞ വിവരണം കാരണമാണ് പാർവ്വതി കോപിക്കാനിടയായതെന്നാണ് ഐതീഹ്യം.
കന്നട ഭാഷയിലെ ചലച്ചിത്രങ്ങളായ മഹാകവി കാളിദാസ (1955), കവിരത്ന കാളിദാസ (1983) [3] എന്നിവ കാളിദാസന്റെ ജീവിതത്തെയും കൃതികളെയും ആധാരമാക്കി നിർമിച്ചവയാണ്. വി. ശാന്താറാം സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രം സ്ത്രീ (1961) കാളിദാസന്റെ ശകുന്തളയെ ആസ്പദമാക്കിയാണ് നിർമിച്ചത്. ആർ.ആർ. ചന്ദ്രന്റെ തമിഴ് സിനിമയായ മഹാകവി കാളിദാസ് (1966) കാളിദാസന്റെ ജീവിതത്തെ സംബന്ധിച്ച കലാസൃഷ്ടിയാണ്. മഹാകവി കാളിദാസു എന്ന പേരിൽ തെലുങ്കിലും (1960) കാളിദാസന്റെ ജീവിതം ചലച്ചിത്രമായിട്ടുണ്ട്. [4]
ഡോ. ബിഷ്ണുപാദ ഭട്ടാചാര്യയുടെ "കാളിദാസ് ഒ റൊബീന്ദ്രൊനാഥ്" കാളിദാസനെയും ടാഗോറിനെയും താരതമ്യം ചെയ്യുന്ന ഒരു പഠനമാണ്.
പുരാതന കവികളിൽ അഗ്രഗണ്യനാണ് ഭാരതീയനായ കാളിദാസൻ. പ്രാചീനകവികളും ആധുനിക കവികളും കാളിദാസനെ ഒരു പോലെ ആദരിക്കുന്നു. പുരാണകഥകളും നാട്ടുകഥകളും ഒരേപാടവത്തോടെ പുനരാവിഷ്കരിച്ച കവിയായിട്ടാണ് നിരൂപകർ കാളിദാസനെ കാണുന്നത്. സംസ്കൃതഭാഷയ്ക്ക് കാളിദാസൻ നൽകിയ സംഭാവനകൾ മൂലം അദ്ദേഹത്തെ ഇന്ത്യൻ ഷേക്സ്പിയർ എന്നു വിശേഷിപ്പിക്കാറുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.