ഒമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ കവിയും നിരൂപകനും ദാർശനികനുമാണ് ആനന്ദവർദ്ധനൻ. ഇദ്ദേഹത്തിന്റെ പ്രധാനകൃതിയായ ധ്വന്യാലോകം എന്ന അലങ്കാരഗ്രന്ഥം പൗരസ്ത്യ കാവ്യമീമാംസയിലെ നെടുംതൂണാണ്. ദേവീശതകം, വിഷമബാണലീല, അർജ്ജുനചരിതം, തത്ത്വാലോകം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു കൃതികൾ.
വ്യാകരണത്തിൽ പാണിനിക്കും അദ്വൈതത്തിൽ ശങ്കരാചാര്യർക്കുമുള്ള സ്ഥാനമാണ് സാഹിത്യശാസ്ത്രരംഗത്ത് ആനന്ദവർദ്ധനന് കൽപ്പിച്ചിട്ടുള്ളത്.[അവലംബം ആവശ്യമാണ്] കൽഹണന്റെ രാജതരംഗിണിയിൽ അവന്തിവർമ്മന്റെ സാമ്രാജ്യത്തിൽ മുക്താകണൻ, ശിവസ്വാമി, ആനന്ദവർദ്ധനൻ, രത്‌നാകരൻ എന്നിവർ പ്രശസ്തി നേടി എന്ന് പ്രസ്താവമുണ്ട്.[1]
ഇദ്ദേഹം കശ്മീരിൽ അവന്തിവർമ്മ മഹാരാജാവിന്റെ കാലത്താണ് ജീവിച്ചിരുന്നതെന്ന് കൽഹണന്റെ രാജതരംഗിണിയിൽ പ്രസ്താവിക്കുന്നുണ്ട്. അവന്തിവർമ്മൻ ജീവിച്ചിരുന്നത് എ.ഡി. 855-883 കാലഘട്ടത്തിൽ ആണെന്ന് പരിഗണിക്കപ്പെട്ടിരിക്കുന്നു.
കവി, വിമർശകൻ, കാവ്യമീമാംസകൻ എന്നീ നിലകളിൽ പണ്ഡിതന്മാരുടെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രമായ ഇദ്ദേഹം കാശ്മീരിൽ
“ | ധ്വനിനാതിഗഭീരേണ
കാവ്യതത്ത്വനിവേശിനാ ആനന്ദവർധനഃ കസ്യ നാസീദാനന്ദവർധനഃ |
” |
എന്നാണ്,
ഏതാണ്ട് സി.ഇ. 900-നടുത്ത് ജീവിച്ചിരുന്ന കാവ്യമീമാംസാകർത്താവായ രാജശേഖരൻ ആനന്ദവർദ്ധനനെപ്പറ്റി പരാമർശിച്ചിരിക്കുന്നത്. ഇതിനെ ആസ്പദമാക്കി പി.വി. കാണെ മുതലായ ഗവേഷകൻമാർ ആനന്ദവർദ്ധനന്റെ ഗ്രന്ഥനിർമ്മാണകാലം 860-നും 890-നും ഇടയ്ക്കാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഈ ആചാര്യസത്തമന്റെ കുലത്തെയും ഗുരുക്കന്മാരെയും പറ്റി പ്രാമാണികരേഖകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ദേവീശതകത്തിലെ,
“ | ദേവ്യാ സ്വപ്നോദ്ഗമാദിഷ്ട-
ദേവീശതകസംജ്ഞയാ ദേശിതാനുപമാമാധാ- ദതോ നോണസുതോ നുതിം |
” |
എന്ന അവസാനപദ്യത്തിൽനിന്ന് ആനന്ദവർദ്ധനന്റെ അച്ഛൻ നോണൻ എന്ന ഒരാളായിരുന്നുവെന്നു മാത്രം അറിയാൻ കഴിഞ്ഞിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ കൃതികളായി വിഷമബാണലീല, അർജുനചരിതം, ദേവീശതകം എന്നീ മൂന്നു കാവ്യപ്രബന്ധങ്ങളും ധ്വന്യാലോകം, നിശ്ചയടീകാവിവൃതി, തത്ത്വാലോകം എന്ന മൂന്നു ശാസ്ത്രപ്രബന്ധങ്ങളും പ്രസിദ്ധങ്ങളാണ്. കൂടാതെ-'യാ, വ്യാപാരവതീ രസാൻ രസയിതും' എന്നു തുടങ്ങിയുള്ള ഒട്ടേറെ ശ്ലോകങ്ങളും ധ്വന്യാലോകത്തിൽ കാണപ്പെടുന്നുണ്ട്.വാല്മീകി, വ്യാസൻ, കാളിദാസൻ, അമരുകൻ, ഉദ്ഭടൻ, ബാണഭട്ടൻ, ഭരതൻ, ഭാമഹൻ, സർവസേനൻ, ധർമകീർത്തി തുടങ്ങിയ അനേകം ഗ്രന്ഥകാരന്മാരുടെ കൃതികളെ ഈ കൃതിയിൽ പരാമർശിച്ചിട്ടുണ്ട്.
അവലംബം
പുറംകണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.