From Wikipedia, the free encyclopedia
ഉജ്ജയിനിലെ രാജാവായിരുന്നു വിക്രമാദിത്യൻ എന്നാണ് ഐതിഹ്യം. ശ്രീഭദ്രകാളിയുടെ ഉപാസകനായിരുന്നു ഇദ്ദേഹം. ധൈര്യശാലിയായിരുന്ന അദ്ദേഹം, ലോകം മുഴുവവനും ചുറ്റിസഞ്ചരിക്കുകയും അനേകം അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്തിരുന്നു എന്ന് കരുതപ്പെടുന്നു. അനുജനായ ഭട്ടിയും, അനുചരനായ വേതാളവും എപ്പോഴും ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. കവിയും പണ്ഡിതശ്രേഷ്ഠനുമായ ഭർതൃഹരി വിക്രമാദിത്യന്റെ ജ്യേഷ്ഠനായിരുന്നു. പ്രിയപത്നിയുടെ വഞ്ചനയാൽ നൈരാശ്യം പൂണ്ട് വനവാസത്തിനു പോകുമ്പോൾ വിക്രമാദിത്യനെ രാജാവായി വാഴിക്കുകയായിരുന്നു.
വിക്രമാദിത്യൻ എന്ന പദവി ഇന്ത്യയിലെ പല രാജാക്കന്മാർക്കും ഉണ്ടായിരുന്നു. ഇവരിൽ ഏറ്റവും പ്രശസ്തൻ ഗുപ്തരാജാവായിരുന്ന സമുദ്രഗുപ്ത പരാക്രമാംഗൻറെ പുത്രൻ ചന്ദ്രഗുപ്തൻ II ആണ്. വിക്രമൻ (ധീരൻ), ആദിത്യൻ (അദിതിയുടെ മകൻ) എന്നീ പദങ്ങളിൽ നിന്നാണ് വിക്രമാദിത്യൻ എന്ന പദം ഉണ്ടായത്. അദിതിയുടെ മക്കളിൽ ഏറ്റവും പ്രശസ്തൻ സൂര്യൻ ആണ്. അതിനാൽ വിക്രമാദിത്യൻ എന്ന പദം സൂര്യനെ കുറിക്കുന്നു.ക്രമം എന്ന വാക്കിന് കാലടി എന്നും അർത്ഥമുണ്ട്. വിക്രമൻ എന്ന വാക്കിന് വലിയ കാലടിയുള്ളവൻ എന്നൊരു അർത്ഥം കൂടിയുണ്ട്.
വിക്രമാദിത്യ കഥകൾക്ക് ഇന്നും വളരെ പ്രചാരമുണ്ട്. കഥാപുസ്തകങ്ങളിലൂടെയും കുട്ടികൾക്കുള്ള പരമ്പരകളിലൂടെയും ഇവ ഇപ്പോഴും പ്രചരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സദസ്സിൽ നിരവധി പണ്ഢിതരുണ്ടായിരുന്നതായി കരുതപ്പെടുന്നു. ലോകകഥാസാഹിത്യത്തിൽ ഗുണാദ്ധ്യൻറെ ബൃഹദ് കഥ, ക്ഷേമേന്ദ്രൻറെ ബൃഹദ്കഥാമഞ്ജരി, സോമദേവൻറെ കഥാസരിത് സാഗരം, വേതാളപഞ്ചവിംശതി, ശുകസപ്തതി, സിംഹാസനദ്വത്രിംശക മുതലായ കഥകൾക്ക് വലിയ സ്ഥാനമുണ്ട്. ഇതിൽ വേതാളപഞ്ചവിംശതി, സിംഹാസനദ്വത്രിംശക എന്നിവയിലെ കഥകളുടെ പുനരാഖ്യാനങ്ങളാണ് പിൽക്കാലത്ത് വിക്രമാദിത്യകഥകൾ എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ടതെന്നു കരുതുന്നു. ക്രിസ്ത്വബ്ദം പതിനൊന്നും പതിമൂന്നും നുറ്റാണ്ടുകൾക്കിടയിലാണ് വിക്രമാദിത്യകഥകൾ രചിക്കപ്പെട്ടിരിക്കുന്നത്.
ഈ ഐതിഹ്യകഥകൾക്ക് ആധാരമായി ഒരു ചരിത്രപുരുഷനുണ്ടായിരുന്നിരിക്കണം. അത് ഗുപ്തരാജവംശത്തിലെ ചന്ദ്രഗുപ്തൻ രണ്ടാമനായിരിക്കാനാണ് സാദ്ധ്യത. കാരണം ഭരണം ഏറ്റെടുത്തശേഷം ചന്ദ്രഗുപ്തൻ (രണ്ടാമൻ) വിക്രമാദിത്യൻ എന്ന അഭിധാനം സ്വീകരിച്ചതായി ചരിത്രരേഖകളുണ്ട്. ചരിത്രപരമായി ഇദ്ദേഹത്തിൻറെ കാലം ക്രിസ്തുവിനു ശേഷം 380 മുതൽ 415 വരെയാണെന്ന് കരുതപ്പെടുന്നു. ഗുപ്തരാജവംശത്തിൻറെ കാലം പൊതുവേയും ഇദ്ദേഹത്തിൻറെ ഭരണകാലം പ്രത്യേകിച്ചും ഭാരതചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായാണ് ചരിത്രകാരന്മാർ ഗണിക്കുന്നത്. അതിനാൽ ചന്ദ്രഗുപ്തൻ രണ്ടാമൻറെ വീരാപദാനങ്ങളാണ് പിൽക്കാലത്ത് വിക്രമാദിത്യകഥകളായി പ്രചരിക്കുന്നതെന്നു കരുതാം.
ചരിത്രപുരുഷനായ ചന്ദ്രഗപ്ത വിക്രമാദിത്യൻറെ സദസ്യനായി വേതാളഭട്ടൻ എന്നൊരാളുണ്ടായിരുന്നതായി ചരിത്രരേഖകളുണ്ട്. ഈ വേതാളഭട്ടൻ മഹാമാന്ത്രികനായ ബ്രാഹ്മണനായിരുന്നുവെന്നും അദ്ദേഹം മന്ത്രശാസ്ത്രത്തെക്കുറിച്ച് ഗ്രന്ഥമെഴുതിയിട്ടുണ്ടെന്നും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഉജ്ജയിനി മഹാകാളീ ക്ഷേത്രത്തിലെ ജോലിക്കാരനായിരുന്നുവത്രേ ഇദ്ദേഹം. തൻറെ മാന്ത്രികസിദ്ധികൾ കൊണ്ട് മഹാരാജാവിനെ പല പ്രതിസന്ധികളിൽ നിന്നും രക്ഷപെടുത്തിയ വേതാളഭട്ടനായിരിക്കാം കഥകളിൽ അമാനുഷികശക്തികളുള്ള വേതാളമായി പ്രത്യക്ഷപ്പെടുന്നത്. പൂർവജന്മത്തിൽ വേതാളം ബ്രാഹ്മണനായിരുന്നുവെന്നും വിക്രമാദിത്യൻറെ ദേഹവിയോഗത്തിനു തൊട്ടു മുന്പ് അദ്ദേഹം വേതാളത്തെ ശാപമുക്തനാക്കിയെന്നും ഐതിഹ്യത്തിലുണ്ട്. രണ്ടാം ചന്ദ്രഗുപ്തൻറെ കാലശേഷം വേതാളഭട്ടൻ തിരികെ ക്ഷേത്രത്തിൽ ജോലിയിൽ പ്രവേശിച്ചതായിരിക്കാം ഈ ഐതിഹ്യത്തിനാസ്പദമായ ചരിത്രം.
മറ്റു ചില വിക്രമാദിത്യന്മാരുടെ പേരുകൾ കൂടി ചരിത്രത്തിലുണ്ട്. വാതാപിപുരം കേന്ദ്രമാക്കി ഭരിച്ച ചാലൂക്യവംശത്തിലെ പുലികേശി രണ്ടാമൻറെ മകൻറെ പേര് വിക്രമാദിത്യൻ (ഒന്നാമൻ)എന്നായിരുന്നു. ഇദ്ദേഹം ക്രിസ്തുവിനു ശേഷം 681 ൽ മരിച്ചു. ഈ വിക്രമാദിത്യൻറെ പൗത്രനായ വിജയാദിത്യൻറെ മകൻറെ പേരും വിക്രമാദിത്യൻ (രണ്ടാമൻ) എന്നായിരുന്നു. 733 മുതൽ 745 വരെയാണ് ഇദ്ദേഹത്തിൻറെ കാലം.
ഉജ്ജയിനിലെ രാജാവായ മഹേന്ദ്രാദിത്യന്റെ മകനായി പരമാര രാജവംശത്തിൽ ജനിച്ചു എന്നു പറയുന്നുണ്ടെങ്കിലും ഇതിന് അടിസ്ഥാനമില്ല. എങ്കിലും ഇത് ചന്ദ്രഗുപ്തൻ രണ്ടാമൻ ആണോ എന്ന കാര്യത്തിൽ ഇന്ത്യൻ ചരിത്രപണ്ഠിതന്മാർക്കിടയിൽ തീർപ്പായിട്ടില്ല.
ഭവിഷ്യ പുരാണത്തിൽ പറയുന്നത്, പത്തു ഹിന്ദു രാജാക്കന്മാരിൽ ശ്രേഷ്ഠനാണ് വിക്രമാദിത്യൻ. വിക്രമാദിത്യൻ ഗന്ധർവ സേനയുടെ മകനാണ്. അദേഹത്തിന്റെ ജനന സമയത്ത് ദേവന്മാർ പുഷ്പവൃഷ്ടി നടത്തിയതായും പറയുന്നു. 5 വയസിൽ തപസ്യ തുടങ്ങി, 12 വർഷം നീണ്ടു .
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.