Remove ads
ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
മലയാള സിനിമയിലെ ഒരു അഭിനേതാവായിരുന്നു സത്യൻ (ജീവിതകാലം: നവംബർ 9, 1912 - ജൂൺ 15, 1971). മാനുവേൽ സത്യനേശൻ എന്നാണ് അദ്ദേഹത്തിൻറെ യഥാർത്ഥപേര്.
സത്യൻ | |
---|---|
ജനനം | മാനുവേൽ സത്യനേശൻ നവംബർ 9, 1912 |
മരണം | ജൂൺ 15, 1971 58) | (പ്രായം
അന്ത്യ വിശ്രമം | തിരുവനന്തപുരം LMS ഗ്രൗണ്ട് |
തൊഴിൽ | നടൻ, പോലീസ് ഇൻസ്പെക്ടർ, പട്ടാളകാരൻ, ക്ലാർക്ക്, സ്കൂൾ അദ്ധ്യാപകൻ |
സജീവ കാലം | 1952-1971 |
ജീവിതപങ്കാളി(കൾ) | ജെസ്സി |
കുട്ടികൾ | പ്രകാശ്, സതീഷ്, ജീവൻ |
മാതാപിതാക്ക(ൾ) | മാനുവേൽ, ലില്ലി അമ്മ |
പുരസ്കാരങ്ങൾ | കേരളസംസ്ഥാന ചലചിത്ര അവാർഡ് 1969 - പല സിനിമകൾ കൂടി 1971 - കരകാണാക്കടൽ |
രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുള്ള സത്യൻ[1] തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും തന്റെ കാലഘട്ടത്തിൽ വളരെ പ്രസിദ്ധനായിരുന്നു. ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാളചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു. മലയാള നടന്മാരിൽ ഒട്ടനവധി പേർ അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. സത്യൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം അദ്ദേഹം മികവു പുലർത്തി. മലയാളചലച്ചിത്രരംഗത്ത് അക്ഷരാർഥത്തിൽ സത്യന്റെ സിംഹാസനമുണ്ട്. പ്രമുഖ സ്റ്റുഡിയോകളിലും സത്യന്റെ വീട്ടിലും അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന കസേരകളിൽ ഒന്നിരിക്കാനുള്ള മോഹവുമായി നടന്ന നടന്മാർ എക്കാലത്തും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അതേപ്പറ്റി പലകഥകളും ഉണ്ടായിട്ടുണ്ട്. ആരൊക്കെ അതിൽ കയറിയിരുന്നാലും സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും.
ശ്രീമതി ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. 1946 മെയ് 3നായിരുന്നു വിവാഹം. മൂന്ന് ആണ്മക്കൾ അവർക്കുണ്ടായി - പ്രകാശ്, സതീഷ്, ജീവൻ. സത്യന്റെ മൂന്ന് മക്കളും അന്ധരായിരുന്നു. അതിൽ മൂത്തവനായ പ്രകാശ് സത്യൻ 2014 ഏപ്രിൽ 15ന് അന്തരിച്ചു. അദ്ദേഹത്തിന്റെ കാഴ്ച വളരേ നേർത്തത് മാത്രമായിരുന്നു.[2]
1912 നവംബർ 9-ന് തെക്ക് തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആറാമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രനായിട്ടാണ് സത്യൻ ജനിച്ചത്.[3] അക്കാലത്തെ ഉയർന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാൻ പരീക്ഷ പാസായതിനു[3] ശേഷം സത്യൻ സ്കൂൾ അദ്ധ്യാപകനായി സെ. ജോസഫ് സ്കൂളിൽ ജോലി നോക്കി. കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹത്തിന് സെക്രട്ടറിയേറ്റിൽ ജോലി കിട്ടി.[3] അവിടെ അദ്ദേഹം ഒരു വർഷത്തോളം ജോലി നോക്കി. അതിനു ശേഷം സത്യൻ 1941 ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അംഗമായി സേവനമനുസരിച്ചിരുന്നു.[4]. പട്ടാളസേവനത്തിനുശേഷം അദ്ദേഹം തിരിച്ചുപോരുകയും തിരുവിതാംകൂറിൽ പോലീസ് ആയി ചേരുകയും ചെയ്തു. 1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് സത്യൻ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു.[5] അവിടെ അദ്ദേഹം നാടാർ ഇൻസ്പെക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്.[5]
അദ്ദേഹം പോലീസിലായിരുന്നപ്പോഴാണ് സിനിമയിലേക്ക് വരുന്നത്. അക്കാലത്ത് നാടകങ്ങളിലും അഭിനയിച്ചിരുന്നു.[3] ഈ നാടകാഭിനയങ്ങൾ അദ്ദേഹത്തിന് അഭിനയത്തിൽ കൂടുതൽ താല്പര്യമുണ്ടാക്കി. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ എന്ന സംഗീത സംവിധായകൻ വഴി പല സിനിമ പ്രവർത്തകരേയും സത്യൻ കണ്ടു. പക്ഷേ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചില്ല.[6]. അക്കാലത്ത് കെ. ബാലകൃഷ്ണൻ കൗമുദി എന്ന സിനിമക്ക് വേണ്ടി തയ്യാറെടുക്കുന്നു എന്നറിഞ്ഞ്, സത്യൻ അദ്ദേഹത്തെ പോയി കാണുകയും അദ്ദേഹത്തിൽ മതിപ്പുളവാക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് 1951ൽ സത്യന് ത്യാഗസീമ എന്ന സിനിമയിൽ അവസരം ലഭിച്ചു. അതിനുശേഷം സത്യൻ പോലീസ് ജോലി ഉപേക്ഷിക്കുകയും സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. തന്റെ പേർ ചുരുക്കി സത്യൻ എന്നാക്കുകയും ചെയ്തു. പക്ഷേ സത്യൻ അഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല.[7].
1952 ലാണ് സത്യന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ആത്മസഖി എന്ന പേരിൽ പുറത്തിറങ്ങിയ ഈ സിനിമ ഒരു വിജയമാവുകയും ചെയ്തു. പക്ഷേ സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954 ൽ ഇറങ്ങിയ നീലക്കുയിൽ ആയിരുന്നു. മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി ഈ ചിത്രത്തെ കണക്കാക്കപ്പെടുന്നു. അതായിരുന്നു മലയാളത്തിൽ തന്നെ രചിക്കപ്പെട്ട ആദ്യത്തെ മലയാളം സിനിമ.[8] ആ സിനിമ രചിച്ചത് പ്രശസ്ത കഥകാരനായ ഉറൂബ് ആയിരുന്നു. സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ രാമു കാര്യാട്ട്- പി. ഭാസ്കരൻ സഖ്യം ആയിരുന്നു. പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ സംഗീതം നൽകിയ ഈ സിനിമയിലെ ഗാനങ്ങൾ വളരെ പ്രശസ്തമായി. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു നീലക്കുയിൽ. ഈ ചിത്രത്തിന്റെ വിജയം സത്യനേയും കൂടെ അഭിനയിച്ച നായിക മിസ്. കുമാരിയേയും പ്രശസ്തരാക്കി.[8].
സത്യൻ ഒരുപാട് പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. കെ.എസ്. സേതുമാധവൻ, എ. വിൻസെന്റ്, രാമു കാര്യാട്ട് എന്നിവർ അവരിൽ ചിലരാണ്. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സത്യൻ അഭിനയിച്ച ഒരു പാട് വേഷങ്ങൾ ജനങ്ങൾക്കിടയിൽ അക്കാലത്ത് പ്രശസ്തമായി. ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ പപ്പു, ദാഹം എന്ന ചിത്രത്തിലെ ജയരാജൻ, യക്ഷി എന്ന ചിത്രത്തിലെ പ്രൊ. ശ്രീനി എന്നിവ സത്യന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്.[6]. വളരെ പ്രശസ്തമായ മറ്റു ചില സത്യൻ ചിത്രങ്ങൾ സ്നേഹസീമ, നായർ പിടിച്ച പുലിവാൽ, മുടിയനായ പുത്രൻ, ഭാര്യ, ശകുന്തള, കായംകുളം കൊച്ചുണ്ണി, അടിമകൾ, കരകാണാകടൽ എന്നിവയാണ്.[7]. മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു നടനായിട്ടാണ് സത്യനെ കണക്കാക്കുന്നത്. ചെമ്മീൻ എന്ന സിനിമയിലെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച വേഷമായിരുന്നു. മലയാളത്തിൽ സത്യൻ 150ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കൂടാതെ 2 ചിത്രങ്ങൾ തമിഴിലും അഭിനയിച്ചു.[7].
1969 ൽ അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. അതിനു ശേഷം 1971 ൽ കരകാണാക്കടൽ എന്ന ചിത്രത്തിലെ പ്രകടനത്തിനും അദ്ദേഹത്തിന് മരണാനന്തരബഹുമതിയായി സംസ്ഥാന അവാർഡ് ലഭിച്ചു.[7].
ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കേ 1970 ഫെബ്രുവരിയിൽ സത്യന് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചു. ഏറെ ദിവസങ്ങളായി പനിയും വിളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടർന്നു. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. തുടർന്ന് അദ്ദേഹം സ്വയം കാറോടിച്ചുപോയി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തെ കാണാൻ വന്ന മക്കളോട് 'എനിക്കൊന്നുമില്ല. ഞാനൊന്നുറങ്ങട്ടെ' എന്ന് അദ്ദേഹം പറഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. ഒടുവിൽ, 1971 ജൂൺ 15-ന് പുലർച്ചെ നാലരയോടെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 59 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
മലയാളക്കര ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. കത്തിനിൽക്കുന്ന സമയത്ത് ഒരു മരണം അക്കാലത്ത് അപരിചിതമായിരുന്നു. മൃതദേഹം പ്രത്യേക വിമാനത്തിൽ മദ്രാസിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചപ്പോൾ നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. തുടർന്ന് സത്യന്റെ വീട്ടിലും വി.ജെ.ടി. ഹാളിലും പൊതുദർശനത്തിനുവച്ചശേഷം പാളയം എൽ.എം.എസ്. കോമ്പൗണ്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്കരിച്ചു.
മഹത്തായ ഒരു അഭിനേതാവായിരുന്ന സത്യന്റെ പേരിൽ മലയാള സിനിമയിലെ നല്ല പ്രകടനങ്ങൾക്ക് പുരസ്കാരങ്ങൾ നൽകി പോരുന്നു.
സത്യൻ ഫൗണ്ടേഷൻ സിനിമയിലെ വിവിധ മേഖലകളിൽ ഉന്നത പ്രകടനം കാഴ്ച വെക്കുന്നവർക്ക് വേണ്ടി നൽകുന്നത്.
കേരള സാംസ്കാരിക വേദി നൽകുന്ന ഈ അവാർഡ് 10000 രൂപയും ഫലകവും ഉൾപ്പെടുന്നതാണ്.
സത്യൻ മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ് നൽകി വരുന്ന ഈ അവാർഡ് നൽകുന്നത് മലയാള സിനിമയിലെ മികച്ച നടൻ, മികച്ച നടി, മികച്ച വില്ലൻ, മികച്ച ഹാസ്യനടൻ, മികച്ച പുതുമുഖം, മികച്ച ഗായകൻ, ഗായിക എന്നിവർക്കാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.