From Wikipedia, the free encyclopedia
ദക്ഷിണ ജർമ്മനിയിലെ ഒരു പ്രധാന നഗരമാണ് സ്റ്റുട്ട്ഗാർട്ട്. ജർമ്മനിയിലെ മൂന്നാമത്തെ വലിയ സംസ്ഥാനമായ ബാഡൻ-വ്യൂർട്ടംബർഗിന്റെ തലസ്ഥാനവും വലിയ നഗരവുമാണ് സ്റ്റുട്ട്ഗാർട്ട്. നെക്കാർ നദീതീരത്ത് സ്റ്റുട്ട്ഗാർട്ട് കൌൾഡ്രൺ എന്നറിയപ്പെടുന്ന ഫലഭൂയിഷ്ഠമായ താഴ്വരയിൽ ആണ് സ്റ്റുട്ട്ഗാർട്ട് സ്ഥിതി ചെയ്യുന്നത്. സ്വാബിയൻ ആൽബ്സ്, ബ്ലാക്ക് ഫോറസ്റ്റ് എന്നീ മലനിരകൾ സമീപത്തു സ്ഥിതി ചെയ്യുന്നു. നഗരത്തിന്റെ ജനസംഖ്യ 609,219 ആണ്. 27 ലക്ഷം ജനങ്ങൾ നഗരത്തിന്റെ ഭരണ പ്രദേശത്തും 53 ലക്ഷം പേർ മെട്രോപ്പോളിറ്റൻ പ്രദേശത്തും വസിക്കുന്നു. ജർമ്മനിയിലെ ആറാമത്തെ വലിയ നഗരവും നാലാമത്തെ വലിയ മെട്രോപ്പോളിറ്റൻ പ്രദേശവുമാണ് സ്റ്റുട്ട്ഗാർട്ട്. മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ യൂറോപ്പിലെ മികച്ച 20 മെട്രോപ്പോളിറ്റൻ പ്രദേശങ്ങളിൽ ഒന്നാണ് സ്റ്റുട്ട്ഗാർട്ട്. ജീവിതനിലവാരം അടിസ്ഥാനമാക്കി മെർസർ തയ്യാറാക്കിയ 2015 ലെ നഗരങ്ങളുടെ പട്ടികയിൽ സ്റ്റുട്ട്ഗാർട്ട് 21-ാം സ്ഥാനത്തായിരുന്നു. മറ്റൊരു ഏജൻസിയുടെ പട്ടികയിൽ 24-ാം സ്ഥാനത്തും ഇടം പിടിച്ചു. ഗ്ലോബലൈസേഷൻ ആന്റ് വേൾഡ് സിറ്റീസ് റിസർച്ച് നെറ്റ് വർക്ക് 2014 സർവേയിൽ ബീറ്റ്-സ്റ്റാറ്റസ് ലോക നഗരമായി സ്റ്റുട്ട്ഗാർട്ടിനെ ഉൾപ്പെടുത്തി.
സ്റ്റുട്ട്ഗാർട്ട് | ||
---|---|---|
Country | Germany | |
State | Baden-Württemberg | |
Admin. region | Stuttgart | |
District | Stadtkreis | |
Founded | 10th century | |
Subdivisions | 23 districts | |
സർക്കാർ | ||
• Lord Mayor | Wolfgang Schuster (CDU) | |
വിസ്തീർണ്ണം | ||
• ആകെ | 207.36 ച.കി.മീ. (80.06 ച മൈ) | |
ഉയരം | 245 മീ (804 അടി) | |
ജനസംഖ്യ (2012-12-31)[1] | ||
• ആകെ | 5,97,939 | |
• ജനസാന്ദ്രത | 2,900/ച.കി.മീ. (7,500/ച മൈ) | |
സമയമേഖല | CET/CEST (UTC+1/+2) | |
Postal codes | 70173–70619 | |
Dialling codes | 0711 | |
Vehicle registration | S | |
വെബ്സൈറ്റ് | stuttgart.de |
ബി.സി. 6-ാം നൂറ്റാണ്ടു മുതൽ തന്നെ സ്റ്റുട്ട്ഗാർട്ട് ഒരു പ്രധാന കാർഷിക പ്രദേശമായിത്തീർന്നിട്ടുണ്ട്. നെക്കാർ താഴ്വരയുടെ ഫലഭൂയിഷ്ടമായ മണ്ണ് പ്രയോജനപ്പെടുത്തി നിരവധി ജനവിഭാങ്ങൾ സ്റ്റുട്ട്ഗാർട്ടിലേക്കെത്തി. 83 എ.ഡി യിൽ റോമാ സാമ്രാജ്യം ഈ പ്രദേശം കീഴടക്കി ബാഡ് കാൻസ്റ്റാറ്റിനു അടുത്ത് ഒരു വലിയ കാസ്ട്രം നിർമ്മിച്ചു. ഇത് നൂറ്റാണ്ടുകളായി സ്റ്റുട്ട്ഗാർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാണിജ്യകേന്ദ്രമാണ്. സ്വാബിയൻ പ്രഭു 10-ാം നൂറ്റാണ്ടിൽ തന്റെ പടക്കുതിരകൾക്കായി സ്റ്റുട്ട്ഗാർട്ടിൽ ഒരു ഫാം ആരംഭിച്ചു. കാൻസ്റ്റാറ്റ് കേന്ദ്രീകരിച്ച് നഗരം പതിയെ വളർന്നു. 1320-ൽ ഒരു ചാർട്ടറും നൽകി. 15-ാം നൂറ്റാണ്ടിൽ വ്യൂർട്ടംബർഗ് രാജാക്കന്മാർ സ്റ്റുട്ട്ഗാർട്ടിനെ തങ്ങളുടെ തലസ്ഥാനമാക്കി. മുപ്പതുവർഷ യുദ്ധത്തിലും പ്ലേഗിലും രണ്ടാം ലോകമഹായുദ്ധത്തിലും തിരിച്ചടികൾ സംഭവിച്ചെങ്കിലും 1952 ആയപ്പോഴേക്കും നഗരം വളർച്ചയുടെ പാതയിൽ തിരിച്ചെത്തി. ഇന്ന് യൂറോപ്പിലെ പ്രധാന സാമ്പത്തിക, വ്യവസായ, ടൂറിസം, പ്രസിദ്ധീകരണ കേന്ദ്രമാണ് സ്റ്റുട്ട്ഗാർട്ട്. "യൂറോപ്പിന്റെ പുതു ഹൃദയം" (ജർമ്മൻ: "Das neue Herz Europas") എന്ന് സ്റ്റുട്ട്ഗാർട്ട് വിശേഷിപ്പിക്കപ്പെടുന്നു. പോർഷെ, ബോഷ്, ഡൈമ്ലർ (മെഴ്‌സിഡസ് ബെൻസ്) തുടങ്ങി നിരവധി പ്രധാന കമ്പനികളുടെ ആസ്ഥാനമാണ് സ്റ്റുട്ട്ഗാർട്ട്. സ്റ്റുട്ട്ഗാർട്ട് ഒരു ട്രാൻസ്പോർട്ട് ജംഗ്ഷനും ജർമ്മനിയിലെ ആറാമത്തെ ഏറ്റവും വലിയ വിമാനത്താവളവുമാണ്.
കുന്നുകളിലും താഴ്വരകളിലുമായി വ്യാപിച്ചു കിടക്കുന്ന സ്റ്റുട്ട്ഗാർട്ട് നഗരം മറ്റു ജർമ്മൻ പട്ടണങ്ങളിൽ നിന്നു ചില വ്യത്യസ്തതകൾ പുലർത്തുന്നു. നഗരപ്രദേശത്ത് മുന്തിരിത്തോട്ടങ്ങളുള്ള ഒരേയൊരു പ്രധാന നഗരമാണ് സ്റ്റുട്ട്ഗാർട്ട്. നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും വ്യാപിച്ചു കിടക്കുന്ന പാർക്കുകളും പൂന്തോട്ടങ്ങളും "വാഹനങ്ങളുടെ കളിതൊട്ടിൽ" എന്നു വിശേഷിപ്പിക്കുന്ന നഗരം സന്ദർശിക്കാനെത്തുന്നവരെ ആശ്ചര്യപ്പെടുത്തുന്നു. നഗരത്തിന്റെ വിനോദസഞ്ചാര മുദ്രാവാക്യം "സ്റ്റുട്ട്ഗാർട്ട് കൂടുതൽ നൽകുന്നു" എന്നാണ്.
കുടിയേറ്റക്കാരുടെ എണ്ണം ദേശീയ ശരാശരിയിലും കൂടുതലുള്ള ഒരു നഗരമാണ് സ്റ്റുട്ട്ഗാർട്ട്. ഡോർലിംഗ് കിന്റേഴ്സ്ലി തന്റെ അയ് വിറ്റ്നസ് ട്രാവൽ ഗൈഡ് റ്റു ജർമനി എന്ന പുസ്തകത്തിൽ, "സ്റ്റുട്ട്ഗാർട്ട് പട്ടണത്തിൽ മൂന്നിൽ ഒരാൾ വിദേശിയാണെന്നു" പരാമർശിക്കുന്നു. സ്റ്റുട്ട്ഗാർട്ടിലെ ജനസംഖ്യയുടെ 40 ശതമാനവും, അഞ്ച് വയസ്സിനുതാഴെയുള്ള ജനസംഖ്യയുടെ 64 ശതമാനവും, കുടിയേറ്റ പശ്ചാത്തലമുള്ളവരാണ്.
കുതിര ഫാം (സ്റ്റഡ് ഫാം) എന്ന് അർത്ഥം വരുന്ന ആൾട്ട് ഹോഖ് ജർമ്മൻ (Althochdeutsch) പദമായ "സ്റ്റ്വൊട്ട്ഗാർട്ടൻ" (Stuotgarten) ൽ നിന്നാണ് സ്റ്റുട്ട്ഗാർട്ട് എന്ന പേർ വരുന്നത്. സ്വാബിയൻ പ്രദേശത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ സ്വാബിയൻ മെട്രോപോളിസ് (Schwabenmetropole) എന്നൊരു വിളിപ്പേരും സ്റ്റുട്ട്ഗാർട്ടിനുണ്ട്.
തുടക്കത്തിൽ നെക്കാർ നദീതടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം സ്റ്റുട്ട്ഗാർട്ട് തടത്തിനു ചുറ്റുമുള്ള ഇന്നത്തെ ബാഡ് കാൻസ്റ്റാറ്റ് ഉൾപ്പെടുന്ന മലയിടുക്കായിരുന്നു. റോമാക്കാർ സ്ഥാപിച്ച ബാഡ് കാൻസ്റ്റാറ്റിലെ കാസ്റ്റ്രം ആയിരുന്നു സ്റ്റുട്ട്ഗാർട്ടിലെ ആദ്യ പ്രധാന കേന്ദ്രം. മയ്ൻസ് മുതൽ ഔഗ്സ്ബുർഗ് വരെയുള്ള വില്ലകളും മുന്തിരിത്തോട്ടികളും സംരക്ഷിക്കുന്നതിനായി എ.ഡി. 90 ലാണ് ഇതിന്റെ നിർമ്മാണം. പല സൈനികസ്ഥാപനങ്ങളും റോമാക്കാർ ഇതിനോടനുബന്ധിച്ച് നിർമ്മിച്ചു. റോമാക്കാർ കൂടുതൽ കിഴക്കോട്ട് സഞ്ചരിച്ചതിനുശേഷവും ഇതിനടുത്തു വാസമുറപ്പിച്ച ജനങ്ങൾ അവിടെത്തന്നെ തുടർന്നു. ഭംഗിയുള്ള കരകൗശലവസ്തുക്കളുടെ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ളവരായിരുന്നു അവർ. മൂന്നാം നൂറ്റാണ്ടിൽ അലാമണിക്കാരോടു പരാജയപ്പെട്ടു റോമാക്കാർ തിരികെയെത്തിയപ്പോൾ, ആ കുടിയേറ്റം താൽക്കാലികമായി ചരിത്രത്തിൽ നിന്നും 7-ആം നൂറ്റാണ്ട് വരെ അപ്രത്യക്ഷമായി.
എ.ഡി 950-ൽ, വിശുദ്ധ റോമാസാമ്രാജ്യ ചക്രവർത്തി ഓട്ടോ ഒന്നാമന്റെ മകനായ ലിയുഡോൾഫ് പ്രഭു, യൂറോപ്പിലെ ഹംഗേറിയൻ കടന്നുകയറ്റത്തെ നേരിടാൻ തന്റെ കുതിരപ്പടയുടെ ഒരു സ്റ്റഡ് ഫാം സ്ഥാപിക്കാൻ തീരുമാനിച്ചു. നെസൻബാഹ് നദീതടത്തിന്റെ തെക്ക് 5 കി മീ തെക്ക് പഴയ റോമൻ കാസ്റ്റ്രം അദ്ദേഹം ഇതിനായി തിർഞ്ഞെടുത്തു. 1089 ൽ, കാല്വിലെ ബ്രൂണോ പ്രഭു സ്റ്റുട്ട്ഗാർട്ടിലെ പഴയ കോട്ടയുടെ മുൻകാല കെട്ടിടം നിർമിച്ചു.
1108 എ.ഡി.യിൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ട, സ്റ്റുട്ട്ഗാർട്ടിലെ മുന്തിരിത്തോട്ടങ്ങൾ ആ കാലഘട്ടത്തിൽ സ്റ്റഡ് ഫാമിനടുത്ത പ്രദേശങ്ങളിലേക്ക് ജനങ്ങളെ ആകർഷിച്ചു. എന്നാൽ കാൻസ്റ്റാറ്റിനടുത്ത ഈ പ്രദേശം പല യൂറോപ്യൻ വ്യാപാര പാതകളും കടന്നുപോയിരുന്ന സ്ഥലമായതിനാൽ ഇതിനു പുറത്തേയ്ക്ക് വ്യാപിക്കാൻ അപ്പോഴും നഗരത്തിനു കഴിഞ്ഞില്ല. എ.ഡി. 1219 ൽ, സ്റ്റുട്ട്ഗാർട്ട് (അന്നത്തെ പേർ സ്റ്റുവോട്ട്ഗാർട്ടൻ) ബാഡനിലെ ഹെർമൻ അഞ്ചാമന്റെ കീഴിലായി. ബെസിഗ്ഹൈം, ഫോർസൈം എന്നീ നഗരങ്ങൾക്കൊപ്പം ഇന്നത്തെ സ്റ്റുട്ട്ഗാർട്ട് നഗരത്തിന്റെയും സ്ഥാപകൻ അദ്ദേഹമാണെന്നു പറയാനാകും. 1251 ൽ സ്റ്റുട്ട്ഗാർട്ടിന്റെ ഉടമസ്ഥത ബാഡനിൽ നിന്നുള്ള സ്ത്രീധനമായി വ്യൂർട്ടംബർഗിലെ ഉൾറിച്ച് ഒന്നാമനു ലഭിച്ചു. അദ്ദേഹത്തിന്റെ മകൻ എബെർഹാർഡ് ഒന്നാമൻ സ്റ്റുട്ട്ഗാർട്ടിൽ തന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചു. എബെർഹാർഡ് യുദ്ധത്തിൽ പരാജയപ്പെടുകയും സ്റ്റുട്ട്ഗാർട്ടിന്റെ നിയന്ത്രണം 1312 മുതൽ 1315 വരെ എസ്സ്ലിൻഗന്റെ കീഴിൽ ആകുകയും ചെയ്തു. വിശുദ്ധ റോമാസാമ്രാജ്യ ചക്രവർത്തി ഹെൻറി ഏഴാമന്റെ മരണശേഷം 1316 ൽ സ്റ്റുട്ട്ഗാർട്ടിന്റെ ഭരണം എബെർഹാർഡ് തിരിച്ചുപിടിച്ചു. എബെർഹാർഡ് വ്യൂർട്ടംബർഗ് കോട്ട ശക്തിപ്പെടുത്തുകയും 1320 ൽ തലസ്ഥാനം സ്റ്റുട്ട്ഗാർട്ടിലേക്ക് മാറ്റുകയും ചെയ്തു. വ്യൂർട്ടംബർഗ് പ്രഭുക്കന്മാരുടെ കീഴിൽ സ്റ്റുട്ട്ഗാർട്ട് ബാഡ് കാൻസ്റ്റാറ്റിനു പുറത്തേക്കും വളർന്നു. 1542-44 കാലഘട്ടത്തിൽ ഇന്നത്തെ ഷില്ലർപ്ലാറ്റ്സ് നഗരസമുച്ചയം നിർമ്മാണം പൂർത്തിയായി. ഫാഫ് തടാകം, ഗ്ലെംസ്, നെസൻബാഹ് നദി എന്നിവിടങ്ങളിൽ നിന്നും നഗരത്തിലേക്ക് വെള്ളം എത്തിക്കാനുള്ള പദ്ധതികൾ പൂർത്തിയായി. 1575 ൽ കൊട്ടാരം ശില്പിയായ ഗിയൊർഗ് ബെയറിന്റെ നേതൃത്വത്തിൽ ലുസ്റ്റ്ഹൗസിന്റെ നിർമ്മാണം പൂർത്തിയാക്കി. സ്റ്റാംഹയിം കോട്ടയുടെയും ഷില്ലർപ്ലാറ്റ്സിലെ ഫ്രുക്റ്റ്കാസ്റ്റന്റെയും നിർമ്മാണം പിന്നീട് പൂർത്തിയാക്കി.
1618–1648 കാലത്തെ മുപ്പതുവർഷ യുദ്ധം നഗരത്തെ ഏറെക്കുറെ തകർത്തു. വ്യൂർട്ടംബർഗ് പ്രഭു എബെർഹാർഡ് മൂന്നാമൻ ഫ്രാൻസിലെ സ്റ്റ്രാസ്ബൗർഗിലേക്ക് പലായനം ചെയ്യുകയും നഗരത്തിന്റെ ഭരണം ഓസ്ട്രിയയിലെ ഹാബ്സ്ബുർഗ് പ്രഭുക്കന്മാരുടെ കീഴിൽ വരികയും ചെയ്തു. ഹാബ്സ്ബുർഗ് ഭരണകാലത്താണ് പ്രൊട്ടസ്റ്റന്റ് സഭ നഗരത്തിൽ പ്രബലമാകുന്നത്. എന്നാൽ വൈകാതെ തന്നെ നഗരത്തിന്റെ ഭരണം വിശുദ്ധ റോമാസാമ്രാജ്യ ചക്രവർത്തി ഫെർഡിനാന്റ് മൂന്നാമന്റെ കീഴിലാകുകയും പള്ളികളെല്ലാം വീണ്ടും കത്തോലിക്കാസഭയുടെ കീഴിൽ വരികയും ചെയ്തു. സ്റ്റുട്ട്ഗാർട്ടിലെയും വ്യൂർട്ടംബർഗിലെ തന്നെയും മൂന്നിലൊന്നു ജനസംഖ്യ തുടരെയുള്ള യുദ്ധങ്ങളും പ്ലേഗ് രോഗവും മൂലം മരിച്ചിരുന്നു. പിന്നീടു നടന്ന ഫ്രാൻസുമായുള്ള ഒൻപത് വർഷത്തെ യുദ്ധം വ്യൂർട്ടംബർഗ് റീജന്റ് മഗ്ദലേന സിബില്ലയുടെ നയതന്ത്ര ശേഷി കാരണം സ്റ്റുട്ട്ഗാർട്ടിൽ കാര്യമായ നാശനഷ്ടം ഉണ്ടാക്കിയില്ല. മഗ്ദലേന സിബില്ലയുടെ മകൻ എബെർഹാർഡ് ലൂഡ്വിഗ് 1718 ൽ വ്യൂർട്ടംബർഗിന്റെ തലസ്ഥാനം 1704 ൽ മാത്രം സ്ഥാപിതമായ ലൂഡ്വിഗ്സ്ബുർഗിലേക്ക് മാറ്റി. ലൂഡ്വിഗിന്റെ മരണശേഷം ഭരിച്ച അദ്ദേഹത്തിന്റെ അനന്തരനായ ചാൾസ് അലക്സാണ്ടറും ലൂഡ്വിഗ്സ്ബുർഗ് ആസ്ഥാനമാക്കിയാണ്. 1737-ൽ ചാൾസ് അലക്സാണ്ടർ മരിച്ചു. ഒൻപതാം വയസ്സിൽ അദ്ദേഹത്തിന്റെ മകൻ ചാൾസ് ഓയ്ഗീൻ രാജാവായി. പ്രഷ്യയിലെ ഫ്രെഡറിക് മഹാരാജാവിന്റെ കൊട്ടാരത്തിൽ നിന്നും വിദ്യാഭ്യാസം കഴിഞ്ഞെത്തിയ ചാൾസ് ഓയ്ഗീൻ സ്റ്റുട്ട്ഗാർട്ടിലേക്ക് തലസ്ഥാനം മാറ്റാൻ ആഗ്രഹിച്ചു. 1746-ൽ പുതിയ കോട്ടയുടെയും (ജർമ്മൻ: നോയ് ഷ്ലോസ്സ്) 1763-ൽ കാസിൽ സൊളിറ്റ്യൂടിന്റെയും, 1770 ൽ കാൾസ് ഷൂളെ സൈനിക അക്കാദമിയുടെയും 1785 ൽ ഹോഹൻഹൈം കോട്ടയുടെയും നിർമ്മാണം ചാൾസ് ഓയ്ഗീൻ ആരംഭിച്ചു. വിഖ്യാത ദാർശനികനും, നാടകകൃത്തും എഴുത്തുകാരനുമായിരുന്നു ഫ്രെഡറിക് ഷില്ലർ (1796–1841) ഈ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്റ്റുട്ട്ഗാർട്ട്, ഇരുപതിനായിരത്തോളം താമസക്കാർ, ഇടുങ്ങിയ വീടുകൾ, കൃഷി, കന്നുകാലി എന്നിവ അടങ്ങുന്ന ഒരു പ്രാദേശിക പട്ടണമായി തന്നെ തുടർന്നു. വ്യൂർട്ടംബർഗ് പ്രഭുക്കന്മാരുടെ തലസ്ഥാനവും സീറ്റുമായിരിക്കുമ്പോഴും സൈന്യത്തിന്റെ പ്രധാനികളൊന്നും നഗരത്തിൽ ഉണ്ടായിരുന്നില്ല. 1794-ൽ ചാൾസ് പ്രഭു സൈനിക അക്കാദമി പിരിച്ചുവിട്ടു. 1803-ൽ വ്യൂർട്ടംബർഗ് ഒരു ഇലക്ടറേറ്റ് ആയപ്പോഴും 1805-ൽ രാജ്യം ആയപ്പോഴും സ്റ്റുട്ട്ഗാർട്ട് തലസ്ഥാനം ആയി തന്നെ തുടർന്നു.
നെപ്പോളിയൻ ഒന്നാമൻ 1805-ൽ ഒരു വ്യൂർട്ടംബർഗിനു ഒരു രാജ്യം എന്ന സ്ഥാനം നൽകി. വ്യൂർട്ടംബർഗിലെ ഫ്രഡറിക്ക് ഒന്നാമനു ജർമ്മനിയിലെ രാജാക്കന്മാരുടെ റൈൻ കോൺഫെഡറേഷനിൽ മുൻനിര സ്ഥാനമുണ്ടായിരുന്നു. പിന്നീടു വന്ന വിൽഹെം ഒന്നാമന്റെ കാലത്താണ് വിൽഹെം പാലസ്, കാഥറീന ഹോസ്പിറ്റൽ, സ്റ്റേറ്റ് ഗ്യാലറി, വില്ല ബെർഗ്, ക്യോണിഗ്സ്ബാവ് ഉൾപ്പെടെ സ്റ്റുട്ട്ഗാർട്ടിലെ പ്രധാന കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടത്. 1818-ൽ വിൽഹെം രാജാവും കാതറിൻ രാജ്ഞിയുമാണ് വർഷം തോറും ക്ഷാമവും മറ്റും മൂലം ഉണ്ടാകുന്ന കഷ്ടപ്പാടുകൾക്ക് പരിഹാരം കാണുന്നതിനായി, ഒരു വർഷത്തെ വിളവെടുപ്പു കൊയ്ത്തു ആഘോഷിക്കാൻ ആദ്യത്തെ കാൻസ്റ്റാറ്റർ ഫോക്സ്ഫെസ്റ്റ് നടത്തുന്നത്. ഹോഹൻഹൈം സർവകലാശാല 1818 ലാണ് സ്ഥാപിച്ചത്. രണ്ട് വർഷത്തിനുശേഷം വ്യൂർട്ടംബർഗ് കോട്ട നിന്നിരുന്ന സ്ഥാനത്ത് വ്യൂർട്ടംബർഗ് മൗസോളിയവും പൂർത്തിയാക്കി. 1846 ൽ സ്റ്റുട്ട്ഗാർട്ടിലെ മെയിൻ റെയിൽവേ സ്റ്റേഷൻ (ജർമ്മൻ: ഹൗപ്റ്റ്ബാൻഹോഫ്) ആരംഭിച്ചതോടെ നഗരത്തിന്റെ സാമ്പത്തിക പുനരുദ്ധാരണത്തിന്റെ തുടക്കം അനുഭവപ്പെട്ടു തുടങ്ങി. അതിനു മുൻപ് തന്നെ, റോസെൻസ്റ്റീൻ കോട്ട (1822-1830), സ്റ്റുട്ട്ഗാർട്ട് സർവ്വകലാശാല (1829), സ്റ്റാറ്റ്സ്ഗാലറി (1843), യൂണിവേഴ്സിറ്റി ഓഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് (1857) എന്നിവയും സ്ഥാപിക്കപ്പെട്ടു. 1848–49 കാലത്തെ ജർമ്മൻ വിപ്ലവത്തിലും നഗരം പ്രധാന പങ്കു വഹിച്ചു. വിൽഹെം ഹൗഫ്, ലുഡ്വിഗ് ഉഹ്ലാൻഡ്, ഗുസ്റ്റാവ് ഷ്വാബ്, എഡാർഡ് മോറിക് തുടങ്ങിയ എഴുത്തുകാർ ഈ കാലഘട്ടത്തിൽ സ്റ്റുട്ട്ഗാർട്ടിന്റെ സാഹിത്യ പാരമ്പര്യത്തെ പരിപോഷിപ്പിച്ചു. സ്റ്റുട്ട്ഗാർട്ട് ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ് കൻസ്റ്റാറ്റ് മുതൽ ഉണ്ടർട്യൂർഖൈം വരെ 1845 ഒക്ടോബർ 22-ന് ആരംഭിച്ച തീവണ്ടിപ്പാത. വ്യാവസായിക വിപ്ലവം സ്റ്റുട്ട്ഗാർട്ടിലേക്ക് വൻതോതിൽ ജനങ്ങളെ ആകർഷിച്ചു: 1834-ൽ 35,200 ജനസംഖ്യ 1852-ൽ 50,000 വും 1864-ൽ 69,084 വും, ഒടുവിൽ 1871-ൽ 91,000 വും ആയി വർദ്ധിച്ചു. സമീപനഗരങ്ങൾ സ്റ്റുട്ട്ഗാർട്ടിനോട് യോജിപ്പിക്കുക കൂടെ ചെയ്തതോടെ 1904 ൽ ജനസംഖ്യ 200,000 കവിഞ്ഞു. 1871-ൽ ജർമ്മനിയുടെ ഏകീകരണത്തിനു ശേഷം, വ്യൂർട്ടംബർഗ് ഓട്ടോ വോൺ ബിസ്മാർക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ജർമ്മൻ സാമ്രാജ്യത്തിൽ ചേർന്നു.
1887 ൽ കാൾ ബെൻസ്, ഗോട്ട്ലീബ് ഡൈമ്ലർ, വിൽഹെം മേയ്ബാക്ക് എന്നിവരുടെ നേതൃത്വത്തിൽ സ്റ്റുട്ട്ഗാർട്ടിലെ കാൻസ്റ്റാറ്റിൽ വാഹന നിർമ്മാണം ആരംഭിക്കുന്നു. ലോക ഓട്ടോമൊബൈൽ വ്യവസായത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. ഇതിനും ഒരു വർഷം മുൻപ് റോബർട്ട് ബോഷ് ഇലക്ട്രിക്കൽ/പ്രസിഷൻ എഞ്ചിനീയറിങ്ങ് കമ്പനിയായ ബോഷ് സ്റ്റുട്ട്ഗാർട്ടിൽ ആരംഭിച്ചിരുന്നു. പോർഷെ വളരെക്കാലത്തിനു ശേഷം 1931 ൽ ആണ് സ്ഥാപിതമായത്. 1907 ൽ സ്റ്റുട്ട്ഗർട്ടിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ് സമ്മേളനത്തിൽ 60,000 പേർ പങ്കെടുത്തു. 1912-ൽ ഫാവ് എഫ് ബി സ്റ്റുട്ട്ഗാർട്ട് (VfB Stuttgart) ഫുട്ബോൾ ക്ലബ് സ്ഥാപിതമായി. രണ്ടു വർഷം കഴിഞ്ഞ് സ്റ്റുട്ട്ഗാർട്ട് ഹൗപ്റ്റ്ബാൻഹോഫിന്റെ ഇപ്പോഴത്തെ കെട്ടിടം പൂർത്തിയായി. ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ നഗരം എയർ റെയ്ഡുകളുടെ ലക്ഷ്യമായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ, 1918 നവംബർ 30 ന് നവംബർ വിപ്ലവകാരികൾ വിൽഹെം പാലസ് പിടിച്ചെടുത്തു. വ്യൂർട്ടംബർഗിലെ വിൽഹം II രാജാവ് സ്ഥാനം ഒഴിയാൻ നിർബന്ധിതനായി, പക്ഷെ വിപ്ലവം പകുതിയിൽ പരാജയപ്പെട്ടു. വിപ്ലവകാരികളുടെ സമ്മർദം മൂലം, വിൽഹെം രാജാവ് കിരീടം നിരസിച്ചു, എന്നാൽ, സിംഹാസനം ഉപേക്ഷിക്കാനും വിസമ്മതിച്ചു. ഒടുവിൽ, വിൽഹെം സ്ഥാനം ഒഴിയുകയും വൈമർ റിപ്പബ്ലിക്കിന്റെ ഭാഗമായി ഫ്രീ സ്റ്റേറ്റ് ഓഫ് വ്യൂർട്ടംബർഗ് സ്ഥാപിക്കപ്പെട്ടു. സ്റ്റുട്ട്ഗാർട്ട് അതിൻറെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. 1919 ഏപ്രിൽ 26-ന് ഒരു പുതിയ ഭരണഘടന നിർമ്മിക്കപ്പെട്ടു. ഭരണകൂടം ബെർലിനിൽ നിന്നും പലായനം ചെയ്തപ്പോൾ 1920 ൽ സ്റ്റട്ട്ഗാർട്ട് താൽക്കാലികമായി ജർമ്മൻ ദേശീയ ഗവൺമെന്റിന്റെ ആസ്ഥാനമായി മാറി. 1920-ൽ എർവിൻ റോമ്മെൽ സ്റ്റുട്ട്ഗാർട്ടിൽ രൂപം നൽകിയ 13-ആം ഇൻഫൻട്രി റെജിമെറ്റിന്റെ കമ്മാൻഡർ ആയി. അടുത്ത ഒമ്പത് വർഷക്കാലം തുടരുകയും ചെയ്തു.
നാസി പാർട്ടിയുടെ ഏകാധിപത്യത്തിനു കീഴിൽ സ്റ്റുട്ട്ഗാർട്ടിനു പ്രാധാന്യം നഷ്ടപ്പെട്ടു. എങ്കിലും സെൻട്രൽ നെക്കാർ മേഖലയുടെ സാംസ്കാരികവും സാമ്പത്തികവുമായ കേന്ദ്രമായി തുടരുകയും ചെയ്തു. നാസി ഭരണകൂടം സ്റ്റുട്ട്ഗാർട്ടിനു പ്രത്യേക പദവികൾ നൽകിയിട്ടുണ്ട്. 1936 ൽ "ജർമ്മനിയിലെ വിദേഷികളുടെ നഗരം" എന്ന പേരു സ്റ്റുട്ട്ഗാർട്ടിനു ലഭിച്ചു. ഫോക്സ്-വാഗൺ ബീറ്റിലിന്റെ പ്രോടോടൈപ്പ് ഫെർഡിനാൻഡ് പോർഷെ സ്റ്റുട്ട്ഗാർട്ടിൽ വച്ചാണ് രൂപകൽപ്പന ചെയ്തത്.
രാഷ്ട്രീയ സായുധസേനകളെ പിടികൂടുകയും മർദ്ദിക്കുകയും ചെയ്യുന്നതിനായി 1933 മുതൽ ഗെസ്റ്റപ്പോ സ്റ്റുട്ട്ഗാർട്ടിലെ ഹോട്ടൽ സിൽബർ ഉപയോഗിച്ചു വന്നു. സ്റ്റുട്ട്ഗാർട്ടിലെ ജൂതരെ 1934 മുതൽ വെൽസ്ഹൈമിലെ ജയിലിലേക്കോ ഡഖാവിലെ കോൺസണ്ട്രേഷൻ കാമ്പുകളിലേക്കും മാറ്റി തുടങ്ങി. വ്യൂർട്ടംബർഗിലെ മറ്റിടങ്ങളിൽ നിന്നുള്ള ജൂതരെ സ്റ്റുട്ട്ഗാർട്ടിലെ ഘെറ്റോകളിലേക്കും കൊണ്ടുവന്നിരുന്നു. ജർമനിയുടെ പ്രധാന നഗരങ്ങളെപ്പോലെ തന്നെ സ്റ്റുട്ട്ഗാർട്ടും സഖ്യശക്തികളുടെ സായുധ ആക്രമണങ്ങളിൽ ഏറെക്കുറെ മുഴുവനായും തന്നെ തകർക്കപ്പെട്ടിരുന്നു. ബെൻസ് ഫാക്ടറിയിൽ രാജ്യത്തിനു വേണ്ടി യുദ്ധസാമഗ്രികൾ നിർമ്മിച്ചിരുന്നതാണ് സ്റ്റുട്ട്ഗാർട്ടിനെ ലക്ഷ്യം വക്കാൻ പ്രധാനമായും സഖ്യശക്തികളെ പ്രേരിപ്പിച്ചത്. യുദ്ധത്തിൽ സ്റ്റുട്ട്ഗാർട്ട് 53 തവണ ബോംബിംഗുകൾക്ക് വിധേയമായി. നഗരത്തിലെ 57.7 ശതമാനം കെട്ടിടങ്ങളും തകർന്നു. 4500 ഓളം സാധാരണ പൗരൻമാർ മരിക്കുകയും 9000 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1945 ഏപ്രിലിൽ സ്റ്റുട്ട്ഗാർട്ട് വീണു. അമേരിക്കൻ സഹായത്തോടെ ഫ്രഞ്ച് പട്ടാളക്കാരുടെ കീഴിലായി നഗരം. നഗരത്തിലെ ബാക്കിയുള്ള വീടുകളിൽ ഫ്രഞ്ച് പട്ടാളക്കാർ ബലമായി ക്വാർട്ടർ ചെയ്തു. ബലാത്സംഗങ്ങളും മറ്റു മനുഷ്യാവകാശ ധ്വംസനങ്ങളും പതിവായി.
1945 ജൂലൈ 8-ന് അമേരിക്കയുടെ സമ്മർദ്ദത്തിനു വഴങ്ങി ഫ്രഞ്ച് സൈന്യം സ്റ്റുട്ട്ഗാർട്ടിൽ നിന്നു പിന്മാറി. 1945 മുതൽ 1952 വരെ ബാഡൻ-വ്യൂർട്ടംബർഗിലെ സഖ്യകക്ഷികളുടെ അധിനിവേശത്തിന്റെ മൂന്നു മേഖലകളിലൊന്നായ വ്യൂർട്ടംബർഗ്-ബാഡന്റെ തലസ്ഥാനമായിരുന്നു സ്റ്റുട്ട്ഗാർട്ട്. ബാഡൻ, വ്യൂർട്ടംബർഗ്-ബാഡൻ, വ്യൂർട്ടംബർഗ്-ഹോഹൻസൊല്ലേർൺ എന്നീ സംസ്ഥാനങ്ങൾ യോജിപ്പിച്ച് 1952-ൽ ആണ് ബാഡൻ വ്യൂർട്ടംബർഗ് രൂപീകരിച്ചപ്പോൾ സ്റ്റുട്ട്ഗാർട്ട് അതിന്റെ തലസ്ഥാനമായി തുടർന്നു.
ഇന്ത്യാചരിത്രത്തിലും സ്റ്റുട്ട്ഗാർട്ടിനു പ്രാധാന്യമുണ്ട്. 1907 ൽ സ്റ്റുട്ട്ഗർട്ടിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ് സമ്മേളനത്തിൽ വച്ചാണ് ആദ്യമായി ഇന്ത്യൻ പതാക ഒരു വിദേശ മണ്ണിൽ ഉയർത്തിയത്. മാഡം കാമയാണ് കൽക്കത്ത പതാകയെ മാതൃകയാക്കി വന്ദേ മാതരം എന്ന് രേഖപ്പെടുത്തിയ ത്രിവർണ്ണ പതാക സ്റ്റുട്ട്ഗാർട്ടിൽ ഉയർത്തിയത്. ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഈ സംഭവം. പൂനെയിലെ കേസരി ലൈബ്രറിയിൽ ഈ പതാക സൂക്ഷിച്ചിട്ടുണ്ട്. കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഹെർമൻ ഗുണ്ടർട്ട്, ആധുനിക വൈദ്യശാസ്ത്രത്തിലേക്ക് കേരളത്തെ വഴി നടത്തിയ യൂജിൻ ലീബെൻദർഫെർ എന്നിവർ ജനിച്ചത് സ്റ്റുട്ട്ഗാർട്ടിലാണ്.
ബാഡൻ-വ്യൂർട്ടംബർഗ് നാലു ഭരണ ജില്ലകൾ (ജർമ്മൻ: Regierungsbezirk) ആയി തിരിച്ചിരിക്കുന്നു. അവയിലൊന്നാണ് സ്റ്റുട്ട്ഗാർട്ട് (Regierungsbezirk Stuttgart). ഈ ജില്ല സ്റ്റുട്ട്ഗാർട്ട്, ഹൈൽബ്രോൺ-ഫ്രാങ്കൻ, കിഴക്കൻ വ്യൂർട്ടംബർഗ് എന്നിങ്ങനെ മൂന്ന് മേഖലകളായി (Region) തിരിച്ചിരിക്കുന്നു. ഇവ 11 ജില്ലകളും 2 നഗരങ്ങളും ആയി വീണ്ടും തിരിച്ചിരിക്കുന്നു.
സ്റ്റുട്ട്ഗാർട്ട് നഗരവും ബ്യോബ്ലിൻഗൻ, എസ്സ്ലിൻഗൻ, ഗ്യോപ്പിൻഗൻ, ലൂഡ്വിഗ്സ്ബുർഗ്, റെംസ്-മുറ് എന്നീ ജില്ലകളും (സ്റ്റുട്ട്ഗാർട്ട് നഗരകേന്ദ്രത്തിൽ നിന്നും ഏകദേശം 20 കി.മീ. ദൂരത്തിലുള്ള പ്രദേശങ്ങൾ) ചേർന്ന 3700 ചതുരശ്ര കിലോമീറ്റർ പ്രദേശം. 27 ലക്ഷം ആണ് സ്റ്റുട്ട്ഗാർട്ട് മേഖലയിലെ ജനസംഖ്യ. ജർമ്മനിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്ന് (708/ച.കി.മീ).
സ്റ്റുട്ട്ഗാർട്ട് നഗരകേന്ദ്രത്തിൽ നിന്നും ഏകദേശം 50 കി.മീ. ദൂരത്തിലുള്ള പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് സ്റ്റുട്ട്ഗാർട്ട് മെട്രോപൊളിറ്റൻ മേഖല. 53 ലക്ഷം ആണ് ജനസംഖ്യ.
താഴെ പറയുന്ന 23 ജില്ലകൾ (Stadtbezirk) ചേർന്നതാണ് സ്റ്റുട്ട്ഗാർട്ട് നഗരം. ജനസംഖ്യ: 632,743
|
ബ്രിട്ടൻ, വടക്കൻ ഫ്രാൻസ് തുടങ്ങിയിടങ്ങളിലെ പോലെ സ്റ്റുട്ട്ഗാർട്ടിൽ ഒരു സമുദ്ര കാലാവസ്ഥയുണ്ടെങ്കിലും (കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതി: Cfb),[2] ചില സമയങ്ങളിൽ ഇത് വളരെ തീവ്രമാണ്. നഗരത്തിന്റെ സാന്ദ്രമായ വികസനം മൂലം ശരാശരി താപനില ജൂൺ മുതൽ ആഗസ്ത് വരെ 20 ഡിഗ്രി സെൽഷ്യസിനെക്കാൾ കൂടുതലും, സെപ്തംബറിൽ ഇതിനോടു വളരെ അടുത്തുവരികയും ചെയ്യാറുണ്ട്. ശൈത്യകാലത്ത് താപനില വളരെ മൃദുവും, തണുപ്പേറിയ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പോലും ശരാശരി 0 ° സെൽഷ്യസിൽ താഴാറില്ല. വർഷം മുഴുവനും മിതമായ മഴ ലഭിക്കുന്ന കാരണം നഗരത്തിന് വരണ്ട കാലാവസ്ഥയില്ല. വർഷം തോറും 869 mm (34.2 in) മഴ ലഭിക്കുന്നു (ജർമൻ ശരാശരി 700 mm (28 in)).[3][4] സ്റ്റുട്ട്ഗർട്ടിൽ പ്രതിവർഷം ശരാശരി 1,807 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നു. 9 ° C (48 ° F) ആണ് ശരാശരി താപനില.[5]
സാധാരണഗതിയിൽ വേനൽക്കാലത്ത്, സ്വാബിയൻ ആൽബ്സ്, ബ്ലാക്ക് ഫോറസ്റ്റ്, ഷുർവാൾഡ്, സ്വാബിയൻ-ഫ്രാൻക്കോണിയൻ ഫോറസ്റ്റ് എന്നീ മലനിരകൾ കടുത്ത കാലാവസ്ഥയിൽ നിന്ന് സ്റ്റുട്ട്ഗാർട്ടിനെ സംരക്ഷിക്കുന്നു. പക്ഷേ പലപ്പോഴും ഇടിയോടു കൂടിയ മഴയും ശൈത്യകാലത്ത് ദീർഘനാൾ നീണ്ടുനിൽക്കുന്ന മഞ്ഞുവീഴ്ചയും പതിവാണ്. ഡിസംബർ മുതൽ മാർച്ച് വരെയാണ് ശൈത്യകാലം. മഞ്ഞുവീഴ്ച സാധാരണഗതിയിൽ കുറച്ചു ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുന്നതാണെങ്കിലും ചിലപ്പോൾ ഏതാനും ആഴ്ചകൾ നീളുന്നു (ഉദാ: 2010 ൽ). വേനൽക്കാലത്ത് ശരാശരി താപനില 20 ഡിഗ്രി സെൽഷ്യസ് (68 ° F) ആണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ചൂടുകൂടിയത്. സ്റ്റുട്ട്ഗർട്ടിൽ വളരെ അപൂർവമായി മാത്രം ആലിപ്പഴം വീഴാറുണ്ട്.[6] ഈ പ്രതിഭാസത്തെ നേരിടാൻ "ഹഗെൽ ഫ്ലീഗർ" എന്ന് വിളിക്കപ്പെടുന്ന കാലാവസ്ഥാ കേന്ദ്രങ്ങൾ നഗരത്തിനടുത്തായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മുനിസിപ്പൽ പ്രദേശത്ത് നിരവധി പാർക്കിങ് സ്ഥലങ്ങളും ഫാക്ടറികളും പരിപാലിക്കുന്ന ഡൈംലർ (ബെൻസ്) ഈ സംരംഭങ്ങൾക്കു വലിയതോതിൽ ധനസഹായം നൽകുന്നു.[7]
സ്റ്റുട്ട്ഗാർട്ട് (1981–2010) റെക്കോർഡ് (1958–2004) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 17.1 (62.8) |
21.0 (69.8) |
24.6 (76.3) |
26.8 (80.2) |
31.5 (88.7) |
35.0 (95) |
36.6 (97.9) |
37.7 (99.9) |
31.6 (88.9) |
29.7 (85.5) |
20.3 (68.5) |
16.5 (61.7) |
37.7 (99.9) |
ശരാശരി കൂടിയ °C (°F) | 3.7 (38.7) |
5.4 (41.7) |
9.8 (49.6) |
14.1 (57.4) |
18.6 (65.5) |
23.7 (74.7) |
26.2 (79.2) |
25.9 (78.6) |
19.5 (67.1) |
14.4 (57.9) |
8.1 (46.6) |
4.4 (39.9) |
14.0 (57.2) |
പ്രതിദിന മാധ്യം °C (°F) | 0.5 (32.9) |
1.3 (34.3) |
5.2 (41.4) |
9.0 (48.2) |
13.6 (56.5) |
16.7 (62.1) |
18.8 (65.8) |
18.3 (64.9) |
14.1 (57.4) |
9.6 (49.3) |
4.4 (39.9) |
1.4 (34.5) |
9.4 (48.9) |
ശരാശരി താഴ്ന്ന °C (°F) | −2.9 (26.8) |
−2.5 (27.5) |
0.8 (33.4) |
3.8 (38.8) |
8.2 (46.8) |
11.3 (52.3) |
13.3 (55.9) |
12.9 (55.2) |
9.2 (48.6) |
5.4 (41.7) |
1.0 (33.8) |
−1.6 (29.1) |
4.9 (40.8) |
താഴ്ന്ന റെക്കോർഡ് °C (°F) | −25.5 (−13.9) |
−20.3 (−4.5) |
−18.6 (−1.5) |
−6.3 (20.7) |
−1.9 (28.6) |
3.3 (37.9) |
5.5 (41.9) |
3.8 (38.8) |
0.2 (32.4) |
−6.3 (20.7) |
−14.9 (5.2) |
−18.5 (−1.3) |
−25.5 (−13.9) |
മഴ/മഞ്ഞ് mm (inches) | 41.2 (1.622) |
36.5 (1.437) |
47.6 (1.874) |
49.6 (1.953) |
85.7 (3.374) |
86.8 (3.417) |
86.1 (3.39) |
69.1 (2.72) |
57.1 (2.248) |
58.8 (2.315) |
49.8 (1.961) |
50.4 (1.984) |
718.7 (28.295) |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 79.8 | 96.4 | 137.9 | 177.0 | 216.5 | 216.8 | 232.4 | 224.1 | 169.4 | 122.6 | 74.1 | 60.4 | 1,807.2 |
ലഭിക്കാൻ സാധ്യതയുള്ള സൂര്യപ്രകാശ ശതമാനം | 29 | 34 | 37 | 43 | 46 | 45 | 48 | 50 | 45 | 37 | 27 | 23 | 40 |
Source #1: Deutscher Wetterdienst[8] | |||||||||||||
ഉറവിടം#2: KNMI[9] |
സ്റ്റുട്ട്ഗാർട്ട് നഗരമദ്ധ്യത്തിൽ തന്നെ അനവധി പൂന്തോട്ടങ്ങൾ ഉണ്ട്. മാപ്പിൽ അതിന്റെ ആകൃതി കാരണം, തദ്ദേശവാസികൾ ഗ്രീൻ യു എന്നാണ് അതിനെ വിളിക്കുന്നത്.
വ്യൂർട്ടംബർഗ് സ്റ്റേറ്റ് മ്യൂസിയം (Landesmuseum Württemberg, 1862) ചരിത്ര മ്യൂസിയം (Haus der Geschichte, 1987), റോസൻസ്റ്റൈൻ പാർക്കിലെ പ്രകൃതി ചരിത്ര മ്യൂസിയം (Staatliches Museum für Naturkunde Stuttgart, 1985), മെഴ്‌സിഡസ് ബെൻസ് മ്യൂസിയം (Mercedes-Benz Welt, 1936), പോർഷെ മ്യൂസിയം (1976), ആർട് മ്യൂസിയം (Kunstmuseum Stuttgart, 2005), സ്റ്റാറ്റ്സ്ഗാലറി (Staatsgalerie, 1843), ഹേഗലിന്റെ ജന്മസ്ഥലത്തുള്ള ഹേഗൽ ഹൗസ് (Hegelhaus), ലിൻഡൻ എത്നോളജി മ്യൂസിയം (Linden-Museum, 1911) എന്നിവ സ്റ്റുട്ട്ഗാർട്ടിലെ പ്രധാന മ്യൂസിയങ്ങളാണ്.
സമ്പന്നമായ സാംസ്കാരിക പൈതൃകമുള്ള നഗരമാണ് സ്റ്റുട്ട്ഗാർട്ട്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന കാൻസ്റ്റാറ്റർ ഫോക്സ്ഫെസ്റ്റ് അതിപ്രശസ്തമാണ്. വിളവെടുപ്പുത്സവമായി 1818 ൽ തുടങ്ങിയ ഫോക്സ്ഫെസ്റ്റ് ഇന്നു മ്യൂണിക്കിലെ ഒക്റ്റോബർഫെസ്റ്റ് മാതൃകയിൽ ഒരു കാർണിവൽ അല്ലെങ്കിൽ ബിയർ ഫെസ്റ്റ് രീതിയിലാണ് നടക്കുന്നത്. സമാന രീതിയിൽ ഏപ്രിൽ മാസത്തിൽ ഒരു വസന്തകാല ഫെസ്റ്റും സ്റ്റുട്ട്ഗാർട്ടിൽ നടത്താറുണ്ട്. നവംബർ ഡിസംബർ മാസങ്ങളിൽ നടക്കുന്ന സ്റ്റുട്ട്ഗാർട്ട് ക്രിസ്തുമസ് മാർക്കറ്റ് യൂറോപ്പിലെ തന്നെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ക്രിസ്തുമസ് മാർക്കറ്റുകളിൽ ഒന്നാണ്.
സ്റ്റുട്ട്ഗാർട്ടിലെ സ്വാബിയൻ ഭക്ഷ്യവിഭവങ്ങളും, പ്രത്യേകം തയ്യാർ ചെയ്ത ബിയറും വൈനും പ്രശസ്തമാണ്. പാസ്തയ്ക്കുള്ളിൽ ഇറച്ചി നിറച്ച് തയ്യാർ ചെയ്യുന്ന മൗൾടാഷെ (Maultasche), ഗയിസ്ബുർഗർ മാർഷ് (Gaisburger Marsch) എന്നറിയപ്പെടുന്ന ഒരു തരം ബീഫ് സ്റ്റ്യൂ എന്നിവ സ്വാബിയൻ വിഭവങ്ങളാണ്. സ്റ്റുട്ട്ഗാർട്ടർ ഹോഫ്റ്റ്ബ്രോയ്, ഡിങ്കലാക്കർ, ഷ്വാബൻ ബ്രോയ്, വുല്ലെ എന്നിവ സ്റ്റുട്ട്ഗാർട്ടിൽ ബ്രൂ ചെയ്തെടുക്കുന്ന ബിയർ ആണ്.
നഗരത്തിനുള്ളിലെ മുന്തിരിത്തോട്ടങ്ങൾ ഇവിടുത്തെ ആകർഷണമാണ്. പ്രത്യേക രീതിയിൽ നിർമ്മിച്ച പടികൾ ഈ തോട്ടങ്ങളുടെ പ്രത്യേകതയാണ്. നഗരത്തിനുള്ളിലെ ഇത്തരം പടികൾ മാത്രം ചേർത്തുവച്ചാൽ ഏകദേശം 20 കിലോമീറ്ററോളം നീളം വരും.
ഓപ്പറ, ബാലെ, നാടകം എന്നിവ നടക്കറുള്ള സ്റ്റുട്ട്ഗാർട്ട് സ്റ്റാറ്റ്സ് തിയേറ്റർ പ്രസിദ്ധമാണ്. സ്റ്റാറ്റ്സ് ഗാലറി ആർട് എക്സിബിഷനുകൾക്ക് പ്രശസ്തമാണ്. സർ റോജർ നോറിങ്ട്ടന്റെ നേതൃത്വത്തിലുള്ള സ്റ്റുട്ട്ഗാർട്ട് റേഡിയോ സിംഫണി ഓർക്കസ്ട്ര സ്റ്റുട്ട്ഗാർട്ടിലെ ലീഡർഹാല്ലെയിൽ (Liederhalle) കൺസേട്ടുകൾ അവതരിപ്പിക്കാറുണ്ട്.
2017 ലെ കണക്കു പ്രകാരം സ്റ്റുട്ട്ഗാർട്ട് നഗരത്തിലെ ജനസംഖ്യ 632,743 ആണ്. ഇതിൽ സ്ത്രീകളുടെ എണ്ണം 316,617 ഉം പുരുഷന്മാരുടെ എണ്ണം 316,126 ഉം ആണ്, അഥവാ സ്ത്രീപുരുഷാനുപാതം സ്റ്റുട്ട്ഗാർട്ട് തുല്യമാണ്. 2011 ലെ കണക്കു പ്രകാരം 90,668 പേർ 0-17 വയസ്സു വരെ ഉള്ളവരും 385,929 പേർ 18-64 വയസ്സു വരെ ഉള്ളവരും 109,293 പേർ 65 നു മുകളിൽ പ്രായമുള്ളവരുമാണ്.
1960 നും (637,539) 2000 നും (586,978) ഇടയിൽ സ്റ്റുട്ട്ഗാർട്ടിലെ ജനസംഖ്യ ക്രമേണ കുറഞ്ഞു. എന്നാൽ, തൊഴിൽ ലഭ്യതയും ആകർഷകമായ സെക്കൻഡറി വിദ്യാഭ്യാസ അവസരങ്ങളും പിന്നീടിങ്ങോട്ട് ജനസംഖ്യയുടെ വളർച്ചയ്ക്ക് വഴിവെച്ചു, പ്രത്യേകിച്ചും കിഴക്കൻ ജർമ്മനിയിലെ യുവാക്കൾ ധാരാളമായി സ്റ്റുട്ട്ഗാർട്ടിലേക്കെത്തി. ദശാബ്ദങ്ങളിൽ ആദ്യമായി, 2006 ൽ, മരണങ്ങളെക്കാൾ നഗരത്തിൽ കൂടുതൽ ജനനമുണ്ടായിരുന്നു. 2008 ഏപ്രിലിൽ നഗര ജനസംഖ്യ 590,720 നിവാസികൾ ആയിരുന്നു.
സ്റ്റുട്ട്ഗാർട്ടിലെ വിദേശികൾ[10] | |
രാജ്യം | ജനസംഖ്യ (31.12.2018) |
---|---|
തുർക്കി | 17,900 |
ക്രൊയേഷ്യ | 15,268 |
ഇറ്റലി | 14,021 |
ഗ്രീസ് | 13,757 |
റൊമാനിയ | 6,121 |
സെർബിയ | 5,844 |
ബോസ്നിയ | 4,963 |
സിറിയ | 4,585 |
പോർച്ചുഗൽ | 4,172 |
പോളണ്ട് | 4,162 |
ഇന്ത്യ | 3,624 |
കൊസോവോ | 3,363 |
സ്പെയിൻ | 3,233 |
ഫ്രാൻസ് | 3,212 |
ചൈന | 3,134 |
ഇറാഖ് | 3,099 |
ബൾഗേറിയ | 3,041 |
ഹംഗറി | 2,738 |
ഓസ്ട്രിയ | 2,643 |
റഷ്യ | 2,495 |
ഉക്രൈൻ | 2,038 |
അഫ്ഗാനിസ്താൻ | 2,008 |
ജർമ്മൻ ഭാഷാഭേദമായ ഷ്വേബിഷ് (സ്വാബിയൻ പ്രദേശങ്ങളിൽ സംസാരിക്കുന്നത് എന്ന അർത്ഥത്തിൽ) ആണ് സ്റ്റുട്ട്ഗാർട്ടിൽ ഉപയോഗത്തിലുള്ള ഭാഷ. ബാഡൻ-വ്യൂർട്ടംബർഗിന്റെ മദ്ധ്യ ഭാഗത്തും തെക്കു കിഴക്കൻ ഭാഗങ്ങളിലും ബവേറിയയുടെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങളിലും ആണ് ഷ്വേബിഷ് സംസാരിക്കുന്നത്.
വിശുദ്ധ റോമാസാമ്രാജ്യത്തിനു കീഴിൽ പ്രധാനമായും റോമൻ കത്തൊലിക്കരായിരുന്നു സ്റ്റുട്ട്ഗാർട്ട് ഉൾപ്പെടുന്ന വ്യൂർട്ടംബർഗ് പ്രവിശ്യയിൽ കൂടുതലും. എന്നാൽ, 1534-ൽ നവോത്ഥാനത്തിനു ശേഷം സ്ഥിതി മാറി. ഇതിനു ശേഷം വ്യൂർട്ടംബർഗ് പ്രധാനമായും പ്രൊട്ടസ്റ്റന്റ് ആയിരുന്നു. എന്നിരുന്നാലും, 1975 മുതൽ സ്റ്റുട്ട്ഗാർട്ടിൽ പ്രൊട്ടസ്റ്റന്റുകളുടെ എണ്ണം 300,000 ൽ നിന്ന് 200,000 ആയി കുറഞ്ഞു. 2014 ൽ 26.2% നിവാസികളും പ്രൊട്ടസ്റ്റൻറുകാരും 24.0% റോമൻ കത്തോലിക്കരും ആയിരുന്നു. ജനസംഖ്യയിലെ 49.8% മറ്റു വിഭാഗങ്ങളായാണ്.
സ്റ്റുട്ട്ഗാർട്ടിലെ ഇന്നത്തെ ജനസംഖ്യയിൽ പകുതിയിലധികവും സ്വാബിയൻ പശ്ചാത്തലമുള്ളവരല്ല. ജർമ്മനിയിലെ ഭൂരിഭാഗം പ്രദേശങ്ങളെയും അപേക്ഷിച്ച് തൊഴിലവസര സാഹചര്യം കൂടുതലായതിനാൽ ധാരാളം പേർ 1950-കൾ മുതൽ സ്റ്റുട്ട്ഗാർട്ടിലേക്കു കുടിയേറിയിട്ടുണ്ട്. 1960-കളിലെ ഗസ്റ്റാർബൈറ്റർ പദ്ധതിയുടെ ഭാഗമായും 1990 കളിൽ യുഗോസ്ലാവിയയിലെ യുദ്ധങ്ങളിൽ നിന്നുള്ള അഭയാർഥികളായും 2000 ത്തിനുശേഷം സിറിയൻ യുദ്ധത്തിൽ നിന്നുള്ള അഭയാർഥികളായും നിരവധി പേർ സ്റ്റുട്ട്ഗാർട്ടിലേക്കെത്തി. ഇന്ന് നഗരത്തിലെ ജനസംഖ്യയുടെ 40% വും വിദേശ പശ്ചാത്തലമുള്ളവരാണ്. 2000 ൽ ജനസംഖ്യയിലെ 22.8% പേർക്കും ജർമൻ പൗരത്വം ഉണ്ടായിരുന്നില്ല, 2006 ൽ ഇത് 21.7 ശതമാനമായി കുറഞ്ഞു. വിദേശികളിൽ തുർക്കികളാണ് ഏറ്റവും കൂടുതൽ, 22,025 പേർ. ഗ്രീസ് (14,341), ഇറ്റലി (13,978), ക്രൊയേഷ്യ (12,985), സെർബിയ (11,547), റൊമേനിയ, ബോസ്നിയ ഹെർസഗോവിന, പോർച്ചുഗൽ, പോളണ്ട്, ഫ്രാൻസ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നും ധാരാളം പേർ സ്റ്റുട്ട്ഗാർട്ടിലുണ്ട്.
സ്റ്റാഡ്റ്റ്ബാൻ എന്നറിയപ്പെടുന്ന ലൈറ്റ് റെയിൽ സിസ്റ്റം സ്റ്റുട്ട്ഗാർട്ടിൽ പ്രവർത്തിക്കുന്നു. സിറ്റി സെന്ററിലും കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ ഇടങ്ങളിലും സ്റ്റാഡ്റ്റ്ബാൻ ഭൂഗർഭ പാതയിലൂടെ സഞ്ചരിക്കുന്നു. എസ് ബാൻ (S-Bahn), ഉ ബാൻ (U-Bahn) എന്നിങ്ങനെ രണ്ടു തരം സ്റ്റാഡ്റ്റ്ബാൻ സർവ്വീസുകളുണ്ട്. ഉ ബാൻ ചിലയിടങ്ങളിൽ ഭൂഗർഭ പാതയിലൂടെയും ചിലയിടങ്ങളിൽ സമാന്തര പാതയിലൂടെയും ചിലയിടങ്ങളിൽ ട്രാം രൂപത്തിൽ റോഡിലൂടെയും സഞ്ചരിക്കുന്നു. സബർബൻ പ്രദേശങ്ങളിലേക്കുള്ള റെയിൽവേ സംവിധാനമായ എസ് ബാൻ ജർമ്മൻ ദേശീയ റെയിൽവേ (Deutsche Bahn) അഥവാ ഡി.ബി. (DB) യുടെ ട്രാക്കുകളെ ഉപയോഗപ്പെടുത്തുന്നു. സ്റ്റുട്ട്ഗാർട്ടർ സ്ട്രാസ്സൻ ബാൻ (Stuttgarter Straßenbahnen) അഥവാ എസ്.എസ്.ബി. (SSB) യുടെ കീഴിൽ ആണ് ഈ സർവ്വീസുകളെല്ലാം പ്രവർത്തിക്കുന്നത്. ദീർഘദൂര ട്രയിനുകളും (റീജിയണൽ ബാൻ, ഇന്റർസിറ്റി ട്രെയിൻ) മറ്റു എക്സ്പ്രസ്സ് സർവ്വീസുകൾ (ഇന്റർസിറ്റി എക്സ്പ്രസ്സ്) തുടങ്ങിയവ ഡി.ബി. ആണ് നടത്തുന്നത്. പാരിസ്, വിയെന്ന, സൂറിച്ച്, സ്ട്രാസ്ബർഗ് തുടങ്ങിയ നഗരങ്ങളിലേക്ക് ദിവസേന തീവണ്ടി സർവീസ് ഉണ്ട്. ദീർഘ ദൂര സർവ്വീസുകൾ പ്രധാനമായും സ്റ്റുട്ട്ഗാർട്ട് ഹൗപ്റ്റ്ബാൻഹോഫിൽ നിന്നുമാണ് പ്രവർത്തിക്കുന്നത്.
കാൾസ്റൂഹെയിൽ നിന്നും മ്യൂണിക്ക് വരെ പോകുന്ന ഔട്ടൊബാൻ എ8 (Autobahn A8), വ്യൂർസ്ബുർഗിൽ നിന്നും സിൻഗൻ വരെ പോകുന്ന ഔട്ടൊബാൻ എ81 (Autobahn A81) എന്നീ അതിവേഗ പാതകൾ സ്റ്റുട്ട്ഗാർട്ടിലൂടെ കടന്നു പോകുന്നു. ഔട്ടൊബാൻ എ831 (Autobahn A831) ലൂടെ സ്റ്റുട്ട്ഗാർട്ടിന്റെ തെക്കു ഭാഗത്തെ സ്ഥലങ്ങളിലേക്കെത്താം. ഈ ഔട്ടോബാനുകൾക്ക് പുറമെ സ്റ്റുട്ട്ഗർട്ടിലൂടെ ധാരാളം അതിവേഗ പാതകളും കടന്നു പോകുന്നു. ബുണ്ടസ് സ്ട്രാസ്സെ (Bundesstraße) എന്നറിയപ്പെടുന്ന അവയിൽ പലതും ഔട്ടോബാൻ നിലവാരമുള്ളവയാണ്. ബി 10, ബി 14, ബി 27, ബി 29 എന്നീ പ്രധാന പാതകൾ സ്റ്റുട്ട്ഗാർട്ടിനെ അതിന്റെ സബർബുകളുമായി ബന്ധിപ്പിക്കുന്നു. കുന്നുകൾ നിറഞ്ഞ പ്രദേശമായതിനാൽ റോഡുകളിൽ ടണലുകൾ സാധാരണമാണ്.
താഴെ പറയുന്ന 11 പാതകൾ സ്റ്റുട്ട്ഗാർട്ടിനെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു
പൊതുഗതാഗതത്തിനായി മികച്ച ബസ് സർവ്വീസും ഉണ്ട്. ഇതും എസ്.എസ്.ബി. യുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്. മൈ ടാക്സി, എസ്.എസ്.ബി. നടത്തുന്ന എസ്.എസ്.ബി. ഫ്ലെക്സ് എന്നിവയാണ് പ്രധാന ടാക്സി സർവ്വീസുകൾ.
സ്റ്റുട്ട്ഗാർട്ട് വിമാനത്താവളം (Flughafen Stuttgart) ജർമ്മനിയിലെ ആറാമത്തെ വലുതും തിരക്കേറിയതുമായ വിമാനത്താവളമാണ്. 2015 ലെ കണക്കു പ്രകാരം വർഷം 1 കോടിയിലധികം യാത്രക്കാർ സ്റ്റുട്ട്ഗാർട്ട് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നു. ആദ്യം ബ്യോബ്ലിങ്ങനിൽ പ്രവർത്തിച്ചിരുന്ന വിമാനത്താവളം 1939-ൽ ആണ് ഇന്നു പ്രവർത്തിക്കുന്ന എഷ്ടർഡിൻഗനിലേക്കു മാറ്റിയത്. യൂറോപ്പിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും അമേരിക്കയിലെ അറ്റ്ലാന്റയിലേക്കും സ്റ്റുട്ട്ഗാർട്ടിൽ നിന്ന് ദിവസേന സർവ്വീസ് ഉണ്ട്. വിമാനത്താവളത്തിലെത്താൻ ഹൌപ്റ്റ്ബാൻഹോഫിൽ നിന്നും മറ്റിടങ്ങളിൽ നിന്നും എസ് ബാൻ സർവ്വീസുകൾ ഉണ്ട്. എക്സ്പോകൾ നടക്കുന്ന സ്റ്റുട്ട്ഗാർട്ട് മെസ്സെ (Messe Stuttgart) വിമാനത്താവളത്തിനടുത്താണ്.
സ്റ്റുട്ട്ഗാർട്ട് ഹേഡൽഫിൻഗനിൽ നെക്കാർ നദിയിൽ ഒരു ഇൻലാൻഡ് തുറമുഖം പ്രവർത്തിക്കുന്നു.
വ്യൂർട്ടംബർഗ് പ്രഭുക്കന്മാർ നിയമിച്ച ഫോഗ്റ്റ് (Vogt) എന്നു പേരായ പ്രൊട്ടക്ടറേറ്റിനു ആയിരുന്നു സ്റ്റുട്ട്ഗാർട്ടിന്റെ ഭരണ ചുമതല. 1811-ന് ശേഷം സ്റ്റാഡ്റ്റ് ഡിറക്ടർ (Stadtdirektor) ആയിരുന്നു ഈ ജോലി നിർവഹിച്ചത്. 1819-നു ശേഷം ജനങ്ങൾക്കു തന്നെ മേയറെ തിരഞ്ഞെടുക്കാനുള്ള അവകാശം കൈവന്നു. ഷൂൾട്ഹൈസ് (Schultheiß) എന്നയിരുന്നു മേയർ പദവിയുടെ ജർമ്മനിയിലെ പേർ. 1930 മുതൽ സ്റ്റുട്ട്ഗാർട്ടിന്റെയും 20,000 ത്തിലധികം ജനസംഖ്യയുള്ള മറ്റു വ്യൂർട്ടംബർഗ് നഗരങ്ങളുടെയും ഭരണച്ചുമതല ഓബർബ്യുർഗർമൈസ്റ്ററുടെ (Oberbürgermeister) ചുമതലയാണ്. സ്റ്റുട്ട്ഗാർട്ടിലെ നിലവിലെ മേയർ (Bürgermeister) ഗ്രീൻ പാർട്ടിയുടെ (Die Grünen) ഫ്രിറ്റ്സ് കൂൻ ആണ്.
പരമ്പരാഗതമായി ആംഗല മെർക്കലിന്റെ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ (Christlich Demokratische Union Deutschlands) ശക്തികേന്ദ്രമാണ് സ്റ്റുട്ട്ഗാർട്ട്. 2009-ലെ സിറ്റി കൗൻസിൽ തിരഞ്ഞെടുപ്പിൽ ആദ്യമായി ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ പിന്തള്ളപ്പെട്ടു. സെന്റർ ഇടതു കൂട്ടായ്മയായ ഗ്രീൻ പാർട്ടി ഭൂരിപക്ഷം നേടുകയും അധികാരത്തിലേറുകയും ചെയ്തു. ഒരു പ്രധാന നഗരത്തിലെ ഗ്രീൻ പാർട്ടിയുടെ ആദ്യത്തെ വിജയമായിരുന്നു അത്. വിവാദമായ സ്റ്റുട്ട്ഗാർട്ട് 21 അതിവേഗ റെയിൽ പദ്ധതിയിൽ ജനങ്ങൾക്കുള്ള അതൃപ്തിയാണ് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ പരാജയത്തിനു കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
ബാഡൻ-വ്യൂർട്ടംബർഗ് സ്റ്റേറ്റ് പാർലമെന്റ് (Landtag), ജർമ്മൻ പാർലമെന്റ് (Bundestag), യൂറോപ്യൻ യൂണിയൻ (Europäische Union), സ്റ്റുട്ട്ഗാർട്ട് റീജിയൺ, സ്റ്റുട്ട്ഗാർട്ട് സിറ്റി കൗൺസിൽ (Gemeinderat) എന്നീ തിരഞ്ഞെടുപ്പ് കണക്കുകൾ താഴെ കൊടുത്തിരിക്കുന്നു.
പാർട്ടി | റീജി യൺ 1999 |
യൂറോ പ്യൻ 1999 |
സ്റ്റേറ്റ് 2001 |
പാർല മെന്റ് 2002 |
റീജി യൺ 2004 |
യൂറോ പ്യൻ 2004 |
സിറ്റി കൗൺ സിൽ 2004 |
പാർല മെന്റ് 2005 |
റീജി യൺ 2009 |
യൂറോ പ്യൻ 2009 |
സിറ്റി കൗൺ സിൽ 2009 |
പാർല മെന്റ് 2009 |
സ്റ്റേറ്റ് 2011 |
---|---|---|---|---|---|---|---|---|---|---|---|---|---|
സി.ഡി.യു. | 42,5 % | 42,9 % | 37,1 % | 35,1 % | 35,6 % | 37,4 % | 32,9 % (21) | 32,7 % | 26,9 % | 29,1 % | 24,2 % (15) | 28,5 % | 39,0 % |
എസ്.പി.ഡി. | 24,5 % | 27,6 % | 36,3 % | 35,7 % | 24,4 % | 21,2 % | 22,8 % (14) | 32,0 % | 17,4 % | 18,0 % | 17,0 % (10) | 19,8 % | 20,4 % |
എഫ്.ഡി.പി. | 5,5 % | 6,2 % | 9,2 % | 8,5 % | 5,3 % | 7,7 % | 6,5 % (4) | 12,8 % | 10,8 % | 14,5 % | 10,9 % (7) | 18,4 % | 6,1 % |
ഗ്രീൻ | 14,1 % | 14,3 % | 11,5 % | 16,2 % | 17,2 % | 22,1 % | 18,7 % (11) | 15,0 % | 25,4 % | 25,0 % | 25,3 % (16) | 20,1 % | 24,2 % |
സ്വതന്ത്രർ | 5,6 % | — | — | — | 8,5 % | — | 9,7 % (6) | — | 9,9 % | (1,2 %) | 10,3 % (6) | — | — |
റിപ്പബ്ലിക്കൻസ് | 3,6 % | 3,6 % | 4,7 % | 1,0 % | 4,0 % | 3,3 % | 3,9 % (2) | 0,8 % | 2,3 % | 2,0 % | 2,5 % (1) | 0,8 % | 0,9 % |
ഇടത് | — | — | — | 1,4 % | 1,7 % | 1,9 % | 1,8 % (1) | 4,4 % | 4,9 % | 4,5 % | 4,5 % (2) | 7,8 % | 3,4 % |
SÖS | — | — | — | — | — | — | 1,7 % (1) | — | — | — | 4,6 % (3) | — | — |
മറ്റുള്ളവർ | 1,5 % | 5,4 % | 1,2 % | 2,1 % | 3,4 % | 6,5 % | 2,0 % | 2,3 % | 2,5 % | 6,7 | 0,7 % (0) | 4,6 % | 3,1 % |
പോളിങ്ങ് | 59,1 % | 46,6 % | 65,5 % | 81,0 % | 54,0 % | 51,9 % | 48,7 % | 79,1 % | 52,3 % | 52,3 % | 48,7 % | 74,3 % | 73,1 % |
{{cite web}}
: Check |url=
value (help)CS1 maint: unrecognized language (link) {{cite web}}
: CS1 maint: unrecognized language (link){{cite web}}
: CS1 maint: unrecognized language (link){{cite web}}
: CS1 maint: unrecognized language (link)Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.