From Wikipedia, the free encyclopedia
യൂറോപ്പിലും കരീബിയനിലുമായി സ്ഥിതിചെയ്യുന്ന ഭരണഘടന നിലവിലുള്ളതും രാജഭരണം നിലനിൽക്കുന്നതുമായ ഒരു അസ്തിത്വമാണ് കിംഗ്ഡം ഓഫ് ദി നെതർലാന്റ്സ് (ഡച്ച്: ⓘ; പേപ്പമെന്റോ: റൈനോ ഹുലാൻഡെസ്). ഇതൊരു പരമാധികാര രാഷ്ട്രമാണ്. അരൂബ, കുറകാവോ, നെതർലാന്റ്സ്, സിന്റ് മാർട്ടൻ എന്നീ രാജ്യങ്ങളാൺ കിംഗ്ഡത്തിന്റെ ഭാഗങ്ങൾ. തത്ത്വത്തിൽ ഇവ കിംഗ്ഡത്തിലെ തുല്യപങ്കാളികളാണ്. [5] യഥാർത്ഥത്തിൽ രാജ്യഭരണം ഏകദേശം പൂർണ്ണമായി നെതർലാന്റ്സാണ് കൈകാര്യം ചെയ്യുന്നത്. രാജ്യത്തിന്റെ 98% പ്രദേശങ്ങളും ജനങ്ങളും നെതർലാന്റ്സിൽ താമസിക്കുന്നവരാണ്. ഫലത്തിൽ അരൂബയും കുറകാവോയും സിന്റ് മാർട്ടനും നെതർലാന്റ്സിന്റെ ആശ്രിതരാജ്യങ്ങളാണ്.
കിംഗ്ഡം ഓഫ് ദി നെതർലാന്റ്സ് | |
---|---|
ദേശീയ ഗാനം: ദി വിൽഹെൽമസ് | |
തലസ്ഥാനം | ആംസ്റ്റർഡാം3 |
വലിയ നഗരം | തലസ്ഥാനം |
ഔദ്യോഗിക ഭാഷകൾ | ഡച്ച് (പ്രവൃത്തിയിൽ ദേശീയഭാഷയാണിത്)4 |
പ്രാദേശികഭാഷകൾ | പാപിയമെന്റോ4 ഇംഗ്ലീഷ് വെസ്റ്റ് ഫ്രിസിയൻ |
നിവാസികളുടെ പേര് | ഡച്ച് |
ഭരണസമ്പ്രദായം | പാർലമെന്ററി ജനാധിപത്യം ഭരണഘടനാസാധുതയുള്ള രാജ്യഭരണം |
• രാജാവ്/രാജ്ഞി | ബിയാട്രിക്സ് |
• നെതർലാന്റ്സിലെ മന്ത്രിസഭാ കൗൺസിലിന്റെ ചെയർമാൻ (പ്രധാനമന്ത്രി)5 | മാർക്ക് റട്ടെ |
• അരൂബയിലെ മിനിസ്റ്റർ പ്ലിനിപൊട്ടൻഷ്യറി | എഡ്വിൻ അബാത്ത് |
• കുറകാവോയിലെ മിനിസ്റ്റർ പ്ലെനിപൊട്ടൻഷ്യറി | ഷെൽഡി ഓസെപ്ര |
• സിന്റ് മാർട്ടനിലെ മിനിസ്റ്റർ പ്ലെനിപൊട്ടൻഷ്യറി | മത്തിയാസ് വോഗസ് |
നിയമനിർമ്മാണസഭ | സ്റ്റേറ്റ്സ് ജനറൽ, നെതർലാന്റ്സ് |
• ഉപരിസഭ | സെനെറ്റ് (നെതർലാന്റ്സ്) |
• അധോസഭ | നെതർലാന്റ്സിലെ ജനപ്രാതിനിദ്ധ്യസഭ |
സ്വതന്ത്രരാജ്യം | |
• യൂണിയൻ ഓഫ് യുട്രെച്റ്റ് | 1579 ജനുവരി 23 |
• ആക്റ്റ് ഓഫ് അബ്ജുറേഷൻ | 1581 ജൂലൈ 26 |
• 12 വർഷത്തെ സമാധാനം | 1609 ഏപ്രിൽ 9 |
• പീസ് ഓഫ് മുൻസ്റ്റർ | 1648 മേയ് 15 |
• ഇപ്പോഴുള്ള കിംഗ്ഡം നിലവിൽ വന്നു | 1815 മാർച്ച് 16 |
• കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ചാർട്ടർ | 1954 ഒക്റ്റോബർ 28 |
• ആകെ വിസ്തീർണ്ണം | 42,508 കി.m2 (16,412 ച മൈ) (136-ആമത്) |
• ജലം (%) | 18.41 |
• 2012 estimate | 17,034,544 (61-ആമത്) |
• ജനസാന്ദ്രത | 393/കിമീ2 (1,017.9/ച മൈ) (30-ആമത്) |
നാണയവ്യവസ്ഥ | യൂറോ (യൂറോപ്യൻ നെതർലാന്റ്സിൽ) അമേരിക്കൻ ഡോളർ (കരീബിയൻ നെതർലാന്റ്സിൽ) നെതർലാന്റ്സ് ആന്റില്ലിയൻ ഗ്വിൽഡർ (കുറകാവോയിൽ) നെതർലാന്റ്സ് ആന്റില്ലൻ ഗ്വിൽഡർ (സിന്റ് മാർട്ടനിൽ) അരൂബൻ ഫ്ലോറിൻ (അരൂബയ്ല്) (€ EUR, USD, ANG, AWG) |
സമയമേഖല | UTC+1, −4 എന്നിവ (മദ്ധ്യ യൂറോപ്യൻ സമയം, അറ്റ്ലാന്റിക് സ്റ്റാൻഡാർഡ് സമയം എന്നിവ) |
UTC+2, −4 എന്നിവ (സെൻട്രൽ യൂറോപ്യൻ സമ്മർ സമയമേഖല, അറ്റ്ലാന്റിക് സ്റ്റാൻഡാർഡ് സമയമേഖല ) | |
ഡ്രൈവിങ് രീതി | വലതുവശത്ത് |
കോളിംഗ് കോഡ് | +31, +297, +599, +1 721 |
ഇൻ്റർനെറ്റ് ഡൊമൈൻ | .nl6, .aw, .an, .bq |
|
നെതർലാന്റ്സ് എന്ന രാജ്യം യൂറോപ്പിലാണ് സ്ഥിതി ചെയ്യുന്നത് (കരീബിയനിലെ മൂന്ന് പ്രത്യേക മുനിസിപ്പാലിറ്റികൾ ഒഴികെ). അരൂബ, കുറകാവോ, സിന്റ് മാർട്ടൻ എന്നീ രാജ്യങ്ങളും കരീബിയനിലാണ് സ്ഥിതി ചെയ്യുന്നത്.
1813-ൽ നെപ്പോളിയന്റെ പരാജയത്തെത്തുടർന്നാണ് കിംഗ്ഡത്തിന്റെ ചരിത്രമാരംഭിക്കുന്നത്. നെതർലാന്റ്സിന് ആ വർഷം സ്വാതന്ത്ര്യം ലഭിക്കുകയും നെതർലാന്റ്സിലെ വില്യം ഒന്നാമൻ പരമാധികാരമുള്ള പ്രിൻസിപ്പാലിറ്റിയായി രാജ്യത്തെ പ്രഖ്യാപിക്കുകയും ചെയ്തു. 1814-ൽ ഇപ്പോഴത്തെ ബെൽജിയം, ലക്സംബർഗ് എന്നീ പ്രദേശങ്ങളും കൂടിച്ചേർന്ന് യുനൈറ്റഡ് കിംഗ്ഡം ഓഫ് നെതർലാന്റ്സ് രൂപീകരിക്കാൻ തീരുമാനിച്ചു. 1815 മാർച്ചിൽ നെതർലാന്റ്സിലെ പരമാധികാരിയായ രാജകുമാരൻ നെതർലാന്റ്സിലെ രാജാവ് എന്ന പദവി സ്വീകരിച്ചു. ഇതോടെ കിംഗ്ഡം നിലവിൽ വന്നു. നെതർലാന്റ്സിലെ രാലാവ് ലക്സംബർഗിലെ ഗ്രാന്റ് ഡ്യൂക്ക് എന്ന പദവിയും സ്വീകരിച്ചിരുന്നു. ഇത് കിംഗ്ഡത്തിലെ പ്രവിശ്യയായിരിക്കെത്തന്നെ ജർമൻ കോൺഫഡറേഷനിലെ ഒരു ഗ്രാൻഡ് ഡച്ചിയുമായിരുന്നു.
1830-ൽ ബെൽജിയം കിംഗ്ഡത്തിൽ നിന്ന് വിഘടിച്ചു. 1839-ൽ മാത്രമാണ് നെതർലാന്റ്സ് ഈ നടപടി അംഗീകരിച്ചത്. ഈ സമയത്ത് ലക്സംബർഗ് നെതർലാന്റ്സുമായി കൂടിച്ചേരുകയും പൂർണ്ണസ്വാതന്ത്ര്യമുള്ള രാജ്യമാവുകയും ചെയ്തു. ലക്സംബർഗിന്റെ പകുതിയിലേറെ പ്രദേശങ്ങളും ഇതോടൊപ്പം ബെൽജിയത്തിന്റെ ഭാഗമായി. ജർമൻ കോൺഫെഡറേഷന് ഇതുമൂലമുണ്ടായ നഷ്ടം നികത്തുവാനായി ലിംബർഗ് എന്ന ഡച്ച് പ്രവിശ്യയുടെ ബാക്കി ഭാഗത്തിന്റെ നില ലക്സംബർഗിന്റെ പഴയ അവസ്ഥയിലേയ്ക്ക് (ഗ്രാന്റ് ഡച്ചി) മാറ്റപ്പെട്ടു. 1867-ൽ ജർമൻ കോൺഫെഡറേഷൻ ഇല്ലതെയായതോടെയാണ് ഈ രീതി ഇല്ലാതെയായത്.
1954-ൽ ഭരണപരമായ പരിഷ്കാരങ്ങൾ നടപ്പാക്കപ്പെട്ടു. ഇതിന്റെ ഉദ്ഭവം 1931-ലെ വെസ്റ്റ് മിനിസ്റ്റർ നിയമവും 1941-ലെ അറ്റ്ലാന്റിക് ഉടമ്പടിയുമായിരുന്നു (തങ്ങൾ ജീവിക്കുന്നത് ഏതു ഭരണകൂടത്തിനു കീഴിലാണ് എന്ന് തീരുമാനിക്കാൻ ജനങ്ങൾക്കവകാശമുണ്ട്, പൊതുസുരക്ഷയ്ക്കായി ഒരു സ്ഥിരം സംവിധാനം വേണം) എന്നിവയായിരുന്നു ഇവയുടെ കാതലായ ഉടമ്പടികൾ. 1942 ജനുവരി 1-നാണ് നെതർലാന്റ്സ് ഇവയിൽ ഒപ്പുവച്ചത്. 1942 ഡിസംബർ 7-ന് വിൽഹെൽമ രാജ്ഞി റേഡിയോയിലൂടെ നടത്തിയ പ്രസംഗത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഡച്ച് സർക്കാരിനുവേണ്ടി നെതർലാന്റ്സിനും അതിന്റെ കോളനികൾക്കും തമ്മിലുള്ള ബന്ധം നവീകരിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുകയുണ്ടായി. സ്വാതന്ത്ര്യത്തിനു ശേഷം സർക്കാർ ഒരു കോൺഫറൻസ് വിളിച്ചുകൂട്ടുകയും തുല്യപങ്കാളികൾ എന്ന നിലയ്ക്ക് കോളനികൾക്ക് രാജ്യത്തിന്റെ ഭരണത്തിൽ പങ്കെടുക്കാം എന്ന തീരുമാനമെടുക്കുകയും ചെയ്യുമെന്ന് പ്രസംഗത്തിൽ പ്രസ്താവിക്കുകയുണ്ടായി. പ്രചാരണലക്ഷ്യത്തോടെയാണ് ഈ പ്രസംഗം നടത്തപ്പെട്ടത്. ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ കാര്യം മനസ്സിൽ വച്ചുകൊണ്ടായിരുന്ന് ഡച്ച് സർക്കാർ ഈ തീരുമാനമെടുത്തത്. കോളനിഭരണരീതിയോട് സംശയമുണ്ടായിരുന്ന അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങളെ സമാധാനിപ്പിക്കാം എന്ന ലക്ഷ്യം മനസ്സിൽ വച്ചുകൊണ്ടായിരുന്നു ഈ പ്രവൃത്തി. [6]
ഇൻഡോനീഷ്യ സ്വാതന്ത്ര്യം നേടിയതിനുശേഷം പുതിയ ഫെഡറൽ ഭരണഘടനയുടെ ആവശ്യമില്ല എന്ന തോന്നലുണ്ടായി. സുരിനാം നെതർലാന്റ്സ് ആന്റിലീസ് എന്നീ പ്രദേശങ്ങളുടെ സാമ്പത്തികസ്ഥിതി നെതർലാന്റ്സിനെ അപേക്ഷിച്ച് അവഗണിക്കത്തക്ക തരത്തിൽ തുച്ഛമായിരുന്നതാണ് ഇതിനു കാരണം. 1954-ൽ സുരിനാമിനും നെതർലാന്റ്സ് ആന്റിലീസിനും നെതർലാന്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്ലെനിപൊട്ടൻഷ്യറി മിനിസ്റ്ററെ ലഭിച്ചു. രാജ്യത്തെ മുഴുവൻ ബാധിക്കുന്ന കാര്യങ്ങളിൽ ഡച്ച് കാബിനറ്റ് കൂടി തീരുമാനങ്ങളെടുക്കുമ്പോൾ ഈ മന്ത്രിമാർക്ക് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ അധികാരമുണ്ടായിരുന്നു. സുരിനാമിന്റെയും നെതർലാന്റ്സ് ആന്റിലീസിന്റെയും പ്രതിനിധികൾക്ക് ജനപ്രാതിനിദ്ധ്യസഭയിലും പങ്കെടുക്കാൻ അധികാരം ലഭിച്ചു. ചാർട്ടർ പ്രകാരം സുരിനാമിനും നെതർലാന്റ്സ് ആന്റിലീസിനും സ്വന്തം അടിസ്ഥാന നിയമം പരിഷ്കരിക്കാനുള്ള അധികാരവുമുണ്ടായിരുന്നു. ഈ രണ്ട് രാജ്യങ്ങൾക്കും ഏകപക്ഷീയമായി നെതർലാന്റ്സ് വിട്ടുപോകാനുള്ള അധികാരം അംഗീകരിക്കപ്പെട്ടിരുന്നില്ല. എങ്കിലും പരസ്പര ചർച്ചകളിലൂടെ ചാർട്ടർ ഇല്ലാതെയാക്കുവാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. [6]
കിംഗ്ഡം ഓഫ് നെതർലാന്റ്സ് ചാർട്ടർ 1954-ൽ നിലവിൽ വരുന്നതിനു മുൻപ് സുരിനാം, നെതർലാന്റ്സിനു കീഴിലുണ്ടായിരുന്ന ന്യൂ ഗിനിയ, നെതർലാന്റ്സ് ആന്റിലീസ്, എന്നിവ നെതർലാന്റ്സിന്റെ കോളനികളായിരുന്നു.
1954 മുതൽ 1975 വരെ സുരിനാം കിംഗ്ഡത്തിലെ ഒരു അംഗരാജ്യമായിരുന്നു. നെതർലാന്റ്സ് ആന്റിലീസ് 1954 മുതൽ 2010 വരെ ഈ അസ്തിത്വത്തിന്റെ ഭാഗമായിരുന്നു. സുരിനാം പിന്നീട് പരമാധികാരമുള്ള സ്വതന്ത്രരാജ്യമായി മാറി. നെതർലാന്റ്സ് ആന്റിലീസ് പിന്നീട് കിംഗ്ഡത്തിനുള്ളിൽ തന്നെയുള്ള സ്വതന്ത്ര രാജ്യങ്ങളായി വിഘടിച്ചു. അരൂബ (1986-നു ശേഷം), കുറകാവോ, സിന്റ് മാർട്ടൻ എന്നിവ (2010-നു ശേഷം) എന്നിങ്ങനെ രണ്ട് ഘട്ടമായാണ് വിഭജനം നടന്നത്. നെതർലാന്റ്സിന്റെ കീഴിലുള്ള ന്യൂ ഗിനിയ 1962 വരെ ഒരു ആശ്രിതരാജ്യമായിരുന്നുവെങ്കിലും സ്വയം നിർണയാവകാശമുള്ള രാജ്യമായിരുന്നില്ല. ഇതെപ്പറ്റി ചാർട്ടറിൽ പരാമർശവുമില്ല.
1955-ൽ ജൂലിയാന രാജ്ഞിയും രാജകുമാരനും സുരിനാമും നെതർലാന്റ്സ് ആന്റിലീസും സന്ദർശിച്ചു. ഇത് വൻ വിജയമായിരുന്നു. ഇതിനുശേഷവും ധാരാളം രാജകീയ സന്ദർശനങ്ങൾ നടന്നിട്ടുണ്ട്. [7]
1969-ൽ ആസൂത്രണം ചെയ്യപ്പെടാതെ കുറകാവോ ദ്വീപിൽ നടന്ന ഒരു പണിമുടക്ക് വലിയ കുഴപ്പത്തിലും കൊള്ളയിലുമാണ് കലാശിച്ചത്. ഇതിന്റെ ഭാഗമായി ചരിത്രപ്രാധാന്യമുള്ള നഗരകേന്ദ്രമായ വില്യംസ്റ്റെഡ് തീപിടിച്ചു നശിച്ചു. ഡച്ച് മറീനുകളാണ് സമാധാനം പുനസ്ഥാപിച്ചത്. ഇതേ വർഷം തന്നെ സുരിനാമിൽ അദ്ധ്യാപകരുടെ സമരം വലിയ അനിശ്ചിതാവസ്ഥയുണ്ടാക്കി. പ്രധാനമന്ത്രി ഈ സമരം പൊളിക്കാനായി സൈന്യത്തിന്റെ സഹായം ആവശ്യപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി.
1973-ൽ പുതിയ ലേബർ നേതൃത്വത്തിലുള്ള ഡച്ച് ഭരണകൂടം നിലവിൽ വന്നു. സുരിനാമിനും നെതർലാന്റ്സ് ആന്റിലീസിനും സ്വാതന്ത്ര്യം വേണ്ട തീയതി നിർണയിക്കാൻ അതത് ഭരണകൂടങ്ങളോട് ചർച്ച ചെയ്യണമെന്ന് ഭരണകൂടത്തിന്റെ നയരേഖയിൽ പ്രസ്താവിക്കുകയുണ്ടായി. ആന്റിലിയൻ സർക്കാരിന് ഇതെപ്പറ്റി ഉറച്ച അഭിപ്രായമില്ലായിരുന്നു. ഇതായിരുന്നു സുരിനാമിലെയും സ്ഥിതിയെങ്കിലും 1973-ലെ തിരഞ്ഞെടുപ്പിൽ പുതിയ ഭരണകൂടം വന്നതോടെ സുരിനാമിലെ സർക്കാർ 1976-ന് മുൻപ് സ്വാതന്ത്ര്യം നേടാനുള്ള തീരുമാനം പ്രഖ്യാപിച്ചു. സ്വാത്രന്ത്ര്യം തിരഞ്ഞെടുപ്പിൽ ഒരു വിഷയമല്ലായിരുന്നു. സുരിനാമിലെ പ്രതിപക്ഷം എതിർത്തുവെങ്കിലും 1975 നവംബർ 25-ന് സുരിനാം സ്വതന്ത്രമായി.[8]
2010 ഒക്റ്റോബറിൽ നെതർലാന്റ്സ് ആന്റിലീസ് പിരിച്ചുവിടപ്പെട്ടു. അരൂബ, കുറകാവോ, സിന്റ് മാർട്ടൻ എന്നിവ ഇതോടെ കിംഗ്ഡം ഓഫ് നെതർലാന്റ്സിലെ പുതിയ അംഗരാജ്യങ്ങളായി.
കിംഗ്ഡം ഓഫ് നെതർലാന്റ്സ് എന്ന കൂട്ടായ്മയിൽ ഇപ്പോൾ നാല് അംഗരാജ്യങ്ങളാണുള്ളത്. അരൂബ, കുറകാവോ, നെതർലാന്റ്സ്, സിന്റ് മാർട്ടൻ എന്നിവയാണവ. കിംഗ്ഡം ഓഫ് നെതർലാന്റ്സ് എന്ന പരമാധികാരരാഷ്ട്രത്തിലെ ഒരംഗരാജ്യം മാത്രമാണ് നെതർലാന്റ്സ് എന്നത് ശ്രദ്ധിക്കുക. കരീബിയനിലെ മൂന്ന് രാഷ്ട്രങ്ങളായ അരൂബ, കുറകാവോ, സിന്റ് മാർട്ടൻ എന്നിവയും നെതർലാന്റ്സിന്റെ ഭാഗമായ ബോണൈർ, സിന്റ് യൂസ്റ്റാഷ്യസ്, സാബ എന്നീ കരീബിയൻ പ്രദേശങ്ങളും ചേർന്ന് കരീബിയൻ നെതർലാന്റ്സ് എന്ന പേരിലാണറിയപ്പെടുന്നത്.
രാജ്യം | ജനസംഖ്യ (2012 ജനുവരി 1)[nb 1] |
കിംഗ്ഡത്തിലെ ജനസംഖ്യയുടെ ശതമാനം |
വിസ്തീർണ്ണം (കിലോമീറ്റർ²) |
രാജ്യത്തെ ജനസംഖ്യയുടെ ശതമാനം |
ജനസാന്ദ്രത (inh. per km²) |
സ്രോതസ്സ് |
---|---|---|---|---|---|---|
അരൂബ | 103,504 | 0.61% | 193 | 0.45% | 555 | [അടിക്കുറിപ്പ് 1] |
കുറകാവോ | 145,406 | 0.85% | 444 | 1.04% | 320 | [അടിക്കുറിപ്പ് 2] |
നെതർലാന്റ്സ്[nb 2] | 16,748,205 | 98.32% | 41,854 | 98.42% | 396 | |
– | 16,725,902 | 98.19% | 41,526 | 97.65% | 399 | [അടിക്കുറിപ്പ് 3] |
– ബോണൈർ (കരീബിയൻ നെതർലാന്റ്സിന്റെ ഭാഗമാണിത്) | 16,541 | 0.10% | 294 | 0.69% | 46 | [അടിക്കുറിപ്പ് 4] |
– സിന്റ് യൂസ്റ്റാഷ്യസ് (കരീബിയൻ നെതർലാന്റ്സിന്റെ ഭാഗമാണിത്) | 3,791 | 0.02% | 21 | 0.05% | 137 | [അടിക്കുറിപ്പ് 4] |
– സാബ (കരീബിയൻ നെതർലാന്റ്സിന്റെ ഭാഗമാണിത്) | 1,971 | 0.01% | 13 | 0.03% | 134 | [അടിക്കുറിപ്പ് 4] |
സിന്റ് മാർട്ടൻ | 37,429 | 0.22% | 34 | 0.08% | 1,101 | [അടിക്കുറിപ്പ് 5] |
കിങ്ഡം ഓഫ് നെതർലാന്റ്സ് | 17,034,544 | 100.00% | 42,525 | 100.00% | 397 | |
| ||||||
Notes
|
അരൂബ കേന്ദ്രീകൃതഭരണമുള്ള ഒരു രാജ്യമാണ്. അരൂബയിലെ ഗവർണറാണ് ഭരണത്തലവൻ. രാജാവിന്റെയോ രാജ്ഞിയുടെയോ അരൂബയിലെ പ്രതിനിധിയാണിദ്ദേഹം. ഇവിടെ ഒരു മന്ത്രിസഭയും പ്രധാനമന്ത്രിയുമുണ്ട്. രാജ്യത്തെ നാണയം അരൂബൻ ഫ്ലോറിൻ ആണ്.
കുറകാവോയിലെ ഭരണസംവിധാനവും അരൂബയിലേതുമാതിരി കേന്ദ്രീകൃത ജനാധിപത്യമാണ്. നെതർലാന്റ്സ് ആന്റിലിയൻ ഗ്വിൽഡർ ആണ് നാണയം.
കേന്ദ്രീകൃത ജനാധിപത്യ പാർലമെന്ററി ഭരണസംവിധാനമുള്ള ഒരു യൂറോപ്യൻ രാജ്യമാണ് നെതർലന്റ്സ് എന്ന് അറിയപ്പെടുന്നത്. പടിഞ്ഞാറൻ യൂറോപ്പിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വടക്കും പടിഞ്ഞാറും നോർത്ത് കടൽ, തെക്ക് ബെൽജിയം, കിഴക്ക് ജർമനി എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. ആംസ്റ്റർഡാം ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.
നെതർലന്റ്സ് പലപ്പോഴും ഹോളണ്ട് എന്ന് വിളിക്കപ്പെടാറുണ്ട്. വാസ്തവത്തിൽ ഇവിടുത്തെ 12 പ്രവിശ്യകളിൽ രണ്ടെണ്ണം മാത്രമാണ് വടക്കൻ ഹോളണ്ടും തെക്കൻ ഹോളണ്ടും. പ്രവിശ്യകളെ മുനിസിപ്പാലിറ്റികളായും തിരിച്ചിട്ടുണ്ട്. ഈ രാജ്യത്തെ ജനങ്ങളെയും ഭാഷയെയും സൂചിപ്പിക്കാൻ ഡച്ച് എന്ന പദം ഉപയോഗിക്കുന്നു. യൂറോ ആണ് നാണയം. കരീബിയൻ കടലിലെ നെതർലാന്റ്സ് രാജ്യത്തിന്റെ പ്രദേശങ്ങളിൽ അമേരിക്കൻ ഡോളറാണ് നാണയം[9].
കരിബിയനിലെ നെതർലാന്റ്സ് രാജ്യത്തിന്റെ പ്രത്യേക മുനിസിപ്പാലിറ്റികളായ ബോണൈർ, സിന്റ് യൂസ്റ്റാഷ്യസ്, സാബ എന്നിവ നെതർലാന്റ്സിന്റെ ഭാഗമാണെങ്കിലും പ്രവിശ്യകളുടെ ഒന്നിന്റെയും ഭാഗമല്ല. [10] മിക്ക ഡച്ച് നിയമങ്ങളും ഈ പ്രദേശത്തും ബാധകമാണ്. ഈ പ്രദേശത്തിന് ചില ഇളവുകളുണ്ട്. സോഷ്യൽ സെക്യൂരിറ്റിക്കായി നൽകേണ്ട തുക യൂറോപ്യൻ നെതർലാന്റ്സിനോളം കൂടുതലല്ല എന്നതാണ് ഒരു പ്രത്യേകത. നെതർലാന്റ്സിലെയും യൂറോപ്യൻ യൂണിയനിലെയും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനും ഈ നാട്ടുകാർക്ക് സാധിക്കും. 2008-ൽ ഇവിടെ നാണയമായി അമേരിക്കൻ ഡോളർ കൊണ്ടുവരാൻ തീരുമാനിക്കപ്പെട്ടു. [11]
അരൂബയിലേതുപോലുള്ള കേന്ദ്രീകൃത ഭരണസംവിധാനമുള്ള രാജ്യമാണ് സിന്റ് മാർട്ടനും. നെതർലാന്റ്സ് ആന്റിലിയൻ ഗ്വിൽഡർ ആണ് ഇവിടുത്തെ നാണയം.
നെതർലാന്റ്സ്, അരൂബ, കുറകാവോ, സിന്റ് മാർട്ടൻ എന്നീ രാജ്യങ്ങളുടെ ഭരണഘടനയനുസരിച്ചാണ് ഓരോ രാജ്യത്തും ഭരണം നടക്കുന്നത്. ഈ ഭരണഘടനകൾ കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ചാർട്ടറിനു കീഴിലാണ്. കിംഗ്ഡത്തിലെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനവും ചാർട്ടർ നിയന്ത്രിക്കുന്നുണ്ട്. കിംഗ്ഡത്തിന്റെ ഭരണകാര്യങ്ങൾ നെതർലാന്റ്സിനെ മാത്രം ബാധിക്കുന്നതാണെങ്കിൽ സ്വന്തമായി സ്വന്തം ഭരണഘടനയനുസരിച്ച് തീരുമാനമെടുക്കാൻ ആ രാജ്യത്തിനവകാശമുണ്ട്. മറ്റു രാജ്യങ്ങൾക്ക് ഈ സ്വാതന്ത്ര്യമില്ല. അവ ചാർട്ടർ അനുസരിച്ചാവും പ്രവർത്തിക്കുക.
എല്ലാ രാജ്യങ്ങളും അംഗീകരിക്കുകയാണെങ്കിൽ മാത്രമേ ചാർട്ടറിലെ വ്യവസ്ഥകൾ മാറ്റാൻ പാടുള്ളൂ.
രാജാവ് അല്ലെങ്കിൽ രാജ്ഞി; അവർ നിയമിക്കുന്ന മന്ത്രിമാർ എന്നിവരടങ്ങിയതാണ് കിംഗ്ഡത്തിലെ ഭരണകൂടം. ചാർട്ടറിലെ ആർട്ടിക്കിൾ 7 പ്രകാരം മന്ത്രിസഭയിൽ നെതർലാന്റ്സ് രാജ്യത്തിലെ മന്ത്രിമാരെക്കൂടാതെ അരൂബയിൽ നിന്നും കുറകാവോയിൽ നിന്നും സിന്റ് മാർട്ടനിൽ നിന്നും ഒരു മിനിസ്റ്റർ പ്ലെനിപൊട്ടൻഷ്യറി വീതവും ഉണ്ടാവും. [12] നെതർലാന്റ്സിലെ പ്രധാനമന്ത്രിയാണ് ഈ മന്ത്രിസഭയുടെ തലപ്പത്തുണ്ടാകുന്നയാൾ. [13]
2007 ഡിസംബറിൽ രാജ്യത്തിലെ ബന്ധങ്ങൾക്കായി ഒരു ഡെപ്യൂട്ടി കൗൺസിൽ സ്ഥാപിക്കപ്പെട്ടു. [14][15] ഈ ഡെപ്യൂട്ടി കൗൺസിലാണ് മന്ത്രിസഭാ യോഗങ്ങൾ തീരുമാനിക്കുന്നത്. [16]
ഭരണകൂടവും സ്റ്റേറ്റ്സ് ജനറൽ ഓഫ് ദി നെതർലാന്റ്സും ചേർന്നതാണ് കിംഗ്ഡത്തിലെ നിയമനിർമ്മാണസംവിധാനം. ചാർട്ടറിന്റെ 14, 16, 17 എന്നീ ആർട്ടിക്കിളുകൾ അരൂബയിലെയും കുറകാവോയിലെയും സിന്റ് മാർട്ടനിലെയും നിയമനിർമ്മാണസഭകൾക്ക് ഈ സംവിധാനത്തിൽ ചെറിയ പ്രാതിനിദ്ധ്യം നൽകുന്നുണ്ട്.
ചാർട്ടറിന്റെ പതിമൂന്നാം ആർട്ടിക്കിൾ രാജ്യത്തിൽ ഒരു കൗൺസിൽ ഓഫ് സ്റ്റേറ്റ് ഉണ്ടാവണം എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ഭരണഘടനയനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ചാർട്ടർ സൂചിപ്പിക്കുന്നത് അരൂബയുടെയും കുറകാവോയുടെയും സിന്റ് മാർട്ടന്റെയും അഭ്യർത്ഥനയനുസരിച്ച് ഇവിടങ്ങളിൽ നിന്ന് ഓരോ പ്രതിനിധികളെ ഈ കൗൺസിലിൽ ഉൾപ്പെടുത്താമെന്നാണ്. [12] അരൂബ ഇപ്പോൾ ഈ അവകാശം ഉപയോഗപ്പെടുത്തുന്നുണ്ട്. [13] 1987 വരെ നെതർലാന്റ്സ് ആന്റിലീസിനും 2000 വരെ അരൂബയുക്കും ഈ കൗൺസിലിൽ അംഗമുണ്ടായിരുന്നില്ല.[17] സിന്റ് മാർട്ടനും ഒരു പ്രതിനിധിയെ അയക്കാനുള്ള തയാറെടുപ്പ് നടത്തുകയാണ്. [18]
ചാർട്ടറിന്റെ ഇരുപത്തിമൂന്നാം ആർട്ടിക്കിൾ പ്രകാരം ഹോഗ് റാഡ് ഡെർ നെഡെർലാൻഡെൻ എന്ന കോടതിയാണ് കിംഗ്ഡത്തിലെ സുപ്രീം കോടതി. കാസേഷൻ റെഗുലേഷൻ എന്ന വ്യവസ്ഥ പ്രകാരമാണ് ഈ സംവിധാനം നിലനിൽക്കുന്നത്. [19] ഒരു കരീബിയൻ രാജ്യം അഭ്യർത്ഥിച്ചാൽ ആ രാജ്യത്തു നിന്നുള്ള ഒരു പ്രതിനിധിയെ സുപ്രീം കോടതിയിൽ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. [12] ഇതുവരെ ഒരു കരീബിയൻ അംഗരാജ്യവും ഈ അധികാരം ഉപയോഗപ്പെടുത്തിയിട്ടില്ല.
ചാർട്ടറിലെ മുപ്പത്തൊൻപതാം ആർട്ടിക്കിൾ പ്രകാരം സിവിൽ നിയമം, കമേഴ്സ്യൽ നിയമം, സിവിൽ നടപടിച്ചട്ടം, ക്രിമിനൽ നിയമം, ക്രിമിനൽ നടപടിച്ചട്ടം, പകർപ്പവകാശനിയമം, വ്യവസായ സ്വത്തുക്കൾ സംബന്ധിച്ചതും നോട്ടറിമാരെ സംബന്ധിച്ചതുമായ നിയമം, അളവു തൂക്കങ്ങൾ സംബന്ധിച്ച ചട്ടങ്ങൾ എന്നിവ രാജ്യം മുഴുവനും ഒരേ രീതിയിൽ വരേണ്ടതാണ്. ഈ കാര്യങ്ങളിൽ പെട്ടെന്നൊരു മാറ്റമുണ്ടാകുമ്പോൾ മറ്റു രാജ്യങ്ങൾക്ക് ഇതിനെപ്പറ്റി അഭിപ്രായം പറയാൻ അവസരമുണ്ടാകണം എന്ന് വ്യവസ്ഥയുണ്ട്. [12]
ചാർട്ടറിന്റെ പന്ത്രണ്ടാം ആർട്ടിക്കിൾ തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കേണ്ട രീതി വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ സംവിധാനം 2010 ഒക്റ്റോബർ 10-ന് പരിഷ്കരിക്കപ്പെട്ടു. ഇത് ആർബിട്രേഷൻ വ്യവസ്ഥകളും മുന്നോട്ടുവയ്ക്കുന്നുണ്ട്. [12][20]
രാജ്യകാര്യങ്ങൾ ഏതൊക്കെ എന്ന് ആർട്ടിക്കിൾ മൂന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്:
ആർട്ടിക്കിൾ 43(2) മറ്റൊരു പ്രധാന വ്യവസ്ഥ പ്രതിപാദിക്കുന്നു:
ആർട്ടിക്കിൾ 3 പ്രകാരം മറ്റു കാര്യങ്ങളും രാജ്യകാര്യങ്ങളായി പ്രഖ്യാപിക്കാൻ സാധിക്കുന്നതാണ്. [12]
കിംഗ്ഡത്തിലെ മന്ത്രിസഭയാണ് രാജ്യകാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. കരീബിയൻ രാജ്യങ്ങളെ ബാധിക്കാത്ത വിഷയങ്ങളിൽ നെതർലാന്റ്സ് സ്വന്തമായാണ് തീരുമാനങ്ങളെടുക്കുക. [12]
കിംഗ്ഡം അന്താരാഷ്ട്ര ഉടമ്പടികളിലേർപ്പെടുന്നുണ്ട്. അരൂബ, കുറകാവോ സിന്റ് മാർട്ടൻ എന്നിവയെ ബാധിക്കാത്ത ഉടമ്പടികൾ നെതർലാന്റ്സ് നേരിട്ട് കൈകാര്യം ചെയ്യും. ഇതല്ലാത്ത ഉടമ്പടികൾ അതത് രാജ്യത്തിന്റെ നിയമനിർമ്മാണസഭയുടെ അനുമതിയോടെയേ നടപ്പാവുകയുള്ളൂ. [12]
കരീബിയൻ രാജ്യങ്ങൾക്ക് ഉടമ്പടികളിൽ നിന്ന് പിന്മാറാനുള്ള അധികാരമുണ്ട്. [12] The treaty or agreement concerned then has to specify that the treaty or agreement does not apply to Aruba, Curaçao, or Sint Maarten.
കിംഗ്ഡം നേറ്റോ, ഒ.ഇ.സി.ഡി, ഡബ്ല്യൂ.ടി.ഒ എന്നീ സംഘടനകളുടെ സ്ഥാപകാംഗമാണ്.
പരമ്പരാഗത രീതിയിലുള്ള ഭരണഘടനാസംവിധാനങ്ങളുടെ കൂട്ടത്തിൽ കിംഗ്ഡം ഓഫ് നെതർലാന്റ്സ് എന്ന രാജ്യത്തെ പെടുത്താൻ സാധിക്കില്ല എന്ന കാര്യത്തിൽ മിക്ക പണ്ഡിതന്മാർക്കും ഒരേ അഭിപ്രായമാണുള്ളത്. വ്യതിരിക്തമായ ഒരു സംവിധാനമാൺ (sui generis) ഇവിടെയുള്ളതെന്നാണ് പൊതുവിൽ അംഗീകരിക്കപ്പെട്ട അഭിപ്രായം. [17][21] ഫെഡറൽ രാജ്യം, കോൺഫെഡറേഷൻ, ഫെഡറസി, അധികാരങ്ങൾ വികേന്ദ്രീകൃതമാക്കപ്പെട്ട കേന്ദ്രീകൃത രാജ്യം എന്നിങ്ങനെ പല സ്വഭാവങ്ങൾ കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ഭരണഘടനയ്ക്കുണ്ട്.
കിംഗ്ഡത്തിന്റെ നടപടിക്രമങ്ങൾ വേർതിരിച്ചുപറഞ്ഞിട്ടുണ്ട് എന്നതും, രാജ്യത്തിന്റെ ഭാഗങ്ങളെ വേർതിരിച്ചു പറഞ്ഞിട്ടുണ്ട് എന്നതും, കിംഗ്ഡത്തിലെ നിയമങ്ങൾക്ക് കീഴെയാണ് അംഗരാജ്യങ്ങളിലെ നിയമങ്ങൾ എന്ന വ്യവസ്ഥയും, കിംഗ്ഡത്തിന്റെ സ്ഥാപനങ്ങൾക്കുള്ള വ്യവസ്ഥയും, കിംഗ്ഡത്തിന് നിയമനിർമ്മാണസംവിധാനങ്ങളുണ്ട് (അംഗരാജ്യങ്ങളുടേതിനു പുറമേ) എന്നതും ഫെഡറൽ സ്വഭാവത്തെ കാണിക്കുന്നു. ചാർട്ടർ പരിഷ്കരിക്കുന്നത് അംഗരാജ്യങ്ങളുടെ അഭിപ്രായസമന്വയത്തിലൂടെയേ സാധിക്കൂ എന്ന വ്യവസ്ഥ കോൺഫെഡറേറ്റ് സ്വഭാവത്തെ കാണിക്കുന്നു. മിക്ക ഫെഡറേഷനുകളിലും ഫെഡറേഷന്റെ നിയമനിർമ്മാണസഭയ്ക്ക് ചാർട്ടർ ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടാകും. [17]
ചാർട്ടറിൽ എടുത്തുപറയുന്നില്ലെങ്കിലും നെതർലാന്റ്സിന്റെ ഭരണഘടനയനുസരിച്ചാണ് (കിംഗ്ഡത്തിന്റെ ഭരണഘടനയനുസരിച്ചല്ല) കിംഗ്ഡത്തിലെ ഭരണസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നത് ഈ സംവിധാനം ഒരു ഫെഡറസിയുടെ സ്വഭാവം കാണിക്കുന്നുണ്ട് എന്ന സൂചനയാണ് നൽകുന്നത്. കിംഗ്ഡത്തിലെ നിയമങ്ങൾ നിർമ്മിക്കുന്നതെങ്ങനെ എന്ന് ചാർട്ടർ വ്യക്തമാക്കുന്നില്ല. നെതർലാന്റ്സിലെ ഭരണഘടനയുടെ 81, 88 എന്നീ ആർട്ടിക്കിളുകളും കിംഗ്ഡത്തിന്റെ നിയമങ്ങൾക്ക് ബാധകമാണ്. കരീബിയൻ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തേ മതിയാകൂ എന്ന് വ്യവസ്ഥയുള്ള ഒരേയൊരു ഭരണഘടനാ സംവിധാനം കിംഗ്ഡത്തിലെ മന്ത്രിസഭാ കൗൺസിലാണ്. സുപ്രീം കോടതി, കിംഗ്ഡത്തിലെ കൗൺസിൽ ഓഫ് സ്റ്റേറ്റ് എന്നിവയിൽ കരീബിയൻ രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ ഒരു പ്രതിനിധിയെ ഉൾപ്പെടുത്താം എന്ന വ്യവസ്ഥയുണ്ട്. നിയമനിർമ്മാണത്തിൽ നിന്ന് കരീബിയൻ രാജ്യങ്ങളെ ഏകദേശം പൂർണമായി ഒഴിച്ചുനിർത്തിയിട്ടുണ്ട്. നിയമത്തിന്റെ കരട് തയ്യാറാക്കുന്നതിൽ കരീബിയൻ രാജ്യ പ്രതിനിധികൾക്ക് പങ്കെടുക്കാവുന്നതാണ്. കിംഗ്ഡം ആക്റ്റുകളെ എതിർക്കാനും ഡ്രാഫ്റ്റ് വോട്ടിനിടണമെന്ന് ആവശ്യപ്പെടാനും കരീബിയൻ പ്രതിനിധികൾക്ക് കഴിയും. [17]
അരൂബ, കുറകാവോ, സിന്റ് മാർട്ടൻ എന്നീ രാജ്യങ്ങളെ ബാധിക്കാത്ത കിംഗ്ഡത്തിലെ നടപടികൾ സ്വന്തമായെടുക്കാൻ നെതർലാന്റ്സിനെ ചാർട്ടറിന്റെ 14-ആം ആർട്ടിക്കിൾ അനുവദിക്കുന്നുണ്ട്. അരൂബയ്ക്കും കുറകാവോയ്ക്കും സിന്റ് മാർട്ടനും ഈ അധികാരങ്ങളില്ല. [17]
അധികാരവികേന്ദ്രീകരണം നടത്തപ്പെട്ട ഒരു കേന്ദ്രീകൃത ഭരണവ്യവസ്ഥയാണിതെന്ന് സൂചിപ്പിക്കുന്നത് ചാർട്ടറിന്റെ ആർട്ടിക്കിൾ 50 ആണ്. ഇതനുസരിച്ച് കരീബിയൻ രാജ്യങ്ങളിലൊന്നിന്റെ നിയമനിർമ്മാണനടപടി റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ട്. [17]
സി. ബോർമാൻ എന്ന ഭരണഘടനാവിദഗ്ദ്ധൻ കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ഭരണഘടനയെ ഇപ്രകാരം നിർവചിച്ചിട്ടുണ്ട്:
സ്വയംഭരണമുള്ള രാജ്യങ്ങളുടെ സ്വമേധയാലുള്ള ഒരു കൂട്ടായ്മയാണീ കിംഗ്ഡം. കിംഗ്ഡം അംഗരാജ്യങ്ങൾക്കും മുകളിലാണ്. ഈ സംവിധാനത്തിൽ കിംഗ്ഡത്തിന്റെ ഭരണസംവിധാനങ്ങളും ഏറ്റവും വലിയ രാജ്യത്തിന്റെ ഭരണസംവിധാനങ്ങളും പരസ്പരം ഇഴചേർന്നുകിടക്കുകയാണ്. കിംഗ്ഡത്തിന്റെ തലത്തിൽ വളരെക്കുറച്ച് ഭരണനിർവഹണമേ നടക്കുന്നുള്ളൂ. ഈ സംവിധാനത്തിൽ കിംഗ്ഡത്തിന്റെ തലത്തിൽ നിന്ന് ചെറിയ രാജ്യങ്ങളിൽ പരിമിതമായ സ്വാധീനം ചെലുത്താൻ സാധിക്കും.
— സി. ബോർമാൻ[22]
സി.എ.ജെ.എം. കോർട്ട്മാൻ എന്ന ഭരണഘടനാവിദഗ്ദ്ധൻ അഭിപ്രായപ്പെടുന്നത് ഇത് "രാജ്യങ്ങൾ ചേർന്നുണ്ടാക്കപ്പെട്ട ഫെഡറൽ സ്വഭാവമുള്ള ഒരു വ്യതിരിക്ത കൂട്ടായ്മയാണ്" എന്നാണ്. [23] ബെലിൻ ഫാന്റെ, ഡെ റീഡ് എന്നിവർ ഇതൊരു "ഫെഡറൽ കൂട്ടായ്മയാണ്" എന്ന് അഭിപ്രായപ്പെടുന്നു. [24]
സമാനതകളില്ലാത്ത ഒരു സംവിധാനമാണിതെന്ന് അഭിപ്രായമുണ്ടെങ്കിലും ഡാനിഷ് രാജ്യത്തിൽ ഡെന്മാർക്ക്, ഗ്രീൻലാന്റ് ഫാറോ ദ്വീപുകൾ എന്നീ ഭാഗങ്ങളുണ്ട് എന്നതും ന്യൂസിലാന്റ് രാജ്യത്തിൽ ന്യൂസിലാന്റ്, കുക്ക് ദ്വീപുകൾ, നിയുവേ, ടോക്ലവ്, റോസ് ഡിപൻഡൻസി എന്നീ പ്രദേശങ്ങളുള്ളതും സമാനതകളാണ്. ഈ താരതമ്യങ്ങൾ വ്യത്യാസങ്ങളെയും വെളിപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് ന്യൂസിലാന്റും കുക്ക് ദ്വീപുകളും നിയുവേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേയൊരു ഭരണഘടനാ സ്ഥാപനം ബ്രിട്ടീഷ് രാജ്ഞിയാണ്. കിംഗ്ഡം ഓഫ് നെതർലാന്റ്സിലെ സ്ഥിതി ഇതല്ല.
മറ്റു പ്രദേശങ്ങളെ നിയന്ത്രിക്കുന്ന വേറെയും രാജ്യങ്ങളുണ്ട്. ബ്രിട്ടൻ വിദൂരപ്രദേശങ്ങളെയും അമേരിക്കൻ ഐക്യനാടുകൾ ഇൻസുലാർ പ്രദേശങ്ങളെയും നിയന്ത്രിക്കുന്നുണ്ടെങ്കിലും ഈ പ്രദേശങ്ങളെ ഇവ തങ്ങളുടെ രാജ്യങ്ങളുടെ ഭാഗമായി കണക്കാക്കുന്നില്ല.
കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ വിദൂരപ്രദേശങ്ങളെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമായി കണക്കാക്കുന്നുണ്ട്. ഇത്തരം രാജ്യങ്ങളിൽ കേന്ദ്രീകൃതഭരണം ഒറ്റ രാജ്യത്തേതുപോലെയാണ് നടക്കുന്നത്.
കിംഗ്ഡം ഓഫ് നെതർലാന്റ്സ് യൂറോപ്യൻ യൂണിയന്റെ ഒരു സ്ഥാപകാംഗമാണ്. സുരിനാമും നെതർലാന്റ്സ് ആന്റിലീസും യൂറോപ്യൻ യൂണിയന്റെ സാമ്പത്തികമേഖലയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. റോമൻ ട്രീറ്റിയുടെ ഒരു പ്രത്യേക പ്രോട്ടോക്കോൾ ആയാണ് ഈ തീരുമാനമെടുക്കപ്പെട്ടത്. [25] വിദൂരപ്രദേശം എന്ന നിലയിൽ സുരിനാമിനുള്ള സ്ഥാനം 1962 സെപ്റ്റംബറിൽ വ്യവസ്ഥ ചെയ്തു. [26] 1964 ഒക്റ്റോബർ 1-ന് നെതർലാന്റ്സ് ആന്റിലീസ് യൂറോപ്യൻ സാമ്പത്തിക മേഖലയുടെ ഭാഗമാകുന്ന ഉടമ്പടിയുണ്ടാക്കി.
കിംഗ്ഡത്തിന്റെ കീഴിലുള്ള എല്ലാ കരീബിയൻ ദ്വീപ് പ്രദേശങ്ങളും ഇപ്പോൾ യൂറോപ്യൻ യൂണിയന്റെ വിദൂരപ്രദേശങ്ങളായാണ് കണക്കാക്കപ്പെടുന്നത്. രാജ്യവാസികൾ യൂറോപ്യൻ പൗരന്മാരുമാണ്.
2004-ൽ നെതർലാന്റ്സ് ആന്റിലീസിന്റെ ഭരണസംവിധാനം ഉടച്ചുവാർക്കണമെന്ന് ഒരു സംയോജിത കമ്മീഷൻ ഉത്തരവിട്ടു. 2006 ഒക്റ്റോബർ 2-നും നവംബർ 11-നും ഡച്ച് സർക്കാരും ഓരോ ദ്വീപിലെയും സർക്കാരുകളുമായും ഉടമ്പടികൾ ഒപ്പുവയ്ക്കപ്പെട്ടു. ഇതോടെ 2008 ഡിസംബർ 15 മുതൽ കമ്മീഷന്റെ കണ്ടെത്തലുകൾ പ്രാബല്യത്തിൽ വരുമെന്ന് തീരുമാനമായി. [27] പരിഷ്കാരങ്ങൾ നിലവിൽ വന്നത് 2010 ഒക്റ്റോബർ 10-നാണ്. ഈ പരിഷ്കാരങ്ങളുടെ ഭാഗമായി നെതർലാന്റ്സ് ആന്റിലീസ് പിരിച്ചുവിടുകയും കുറകാവോ, സിന്റ് മാർട്ടൻ എന്നിവ കിംഗ്ഡത്തിന്റെ ഭാഗമാവുകയും ചെയ്തു. അരൂബ 1986-ൽ നെതർലാന്റ്സ് ആന്റിലീസിൽ നിന്ന് വേർപെട്ട് ഒരു സ്വതന്ത്ര രാജ്യം രൂപീകരിച്ചിരുന്നു.
BES ദ്വീപുകൾ എന്നറിയപ്പെടുന്ന ബോണൈർ, സാബ, സിന്റ് യൂസ്റ്റാഷ്യസ് എന്നിവ ഇതോടേ നെതർലാന്റ്സിന്റെ ഭാഗമായി മാറി. ഇവയ്ക്ക് പ്രത്യേക മുനിസിപ്പാലിറ്റികൾ എന്ന സ്ഥാനമാണുള്ളത്. ചില ഡച്ച് നിയമങ്ങൾ മാത്രമേ ഇവിടെ നടപ്പാക്കപ്പെട്ടുള്ളൂ. പണ്ടുമുതൽ ആന്റിലീസിൽ നിലനിന്ന നിയമങ്ങൾ മിക്കതും പുതിയ സംവിധാനത്തിലും തുടരുകയാണുണ്ടായത്. ക്രമേണ ഡച്ച് നിയമങ്ങൾ ഇവിടുത്തെ നിയമങ്ങളെ പുറം തള്ളുമെന്നാണ് കരുതപ്പെടുന്നത്. സോഷ്യൽ സെക്യൂരിറ്റി സംവിധാനത്തിനുവേണ്ടിയുള്ള പിരിവ് യൂറോപ്പിലുള്ളത്രയും കൂടുതലല്ല ഈ മുനിസിപ്പാലിറ്റികളിൽ. ഈ ദ്വീപുകളിൽ യൂറോ നാണയം വരുമോ എന്ന് വ്യക്തമല്ല. [28][29]
ഡച്ച് പാർലമെന്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ഈ മുനിസിപ്പാലിറ്റികളിലെ ജനങ്ങൾക്ക് വോട്ടു ചെയ്യാവുന്നതാണ്. നിലവിലുള്ള നിയമമനുസരിച്ച് ഈ ദ്വീപുവാസികൾക്ക് സെനറ്റിലേയ്ക്ക് സ്വന്തം പ്രതിനിധിയെ അയക്കാൻ സാദ്ധ്യമല്ല. ഈ സ്ഥിതിയിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. [28][29]
യൂറോപ്യൻ യൂണിയനുമായി BES ദ്വീപുകൾക്കുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. [28]
മറ്റു രാജ്യങ്ങൾ പൊതുവിൽ നെതർലാന്റ്സ് എന്ന് വിശേഷിപ്പിക്കുന്നത് കിംഗ്ഡം ഓഫ് നെതർലാന്റ്സിനെയാണ്. ഉദാഹരണത്തിന് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിൽ നെതർലാന്റ്സ് എന്ന പേരാണ് കിംഗ്ഡം ഓഫ് നെതർലാന്റ്സിനു നൽകിയിട്ടുള്ളത്. അന്താരാഷ്ട്ര ഉടമ്പടികളിൽ കിംഗ്ഡം ഓഫ് നെതർലാന്റ്സ് എന്ന പേരും നെതർലാന്റ്സ് എന്ന പേരും ഒരേ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. സാധാരണയായി ഉപയോഗിക്കുന്ന ഡച്ച് നാമം നെഡർലാൻഡ് (Nederland) എന്നാണ്. ഔദ്യോഗിക ഡച്ച് നാമം കോണിൻക്രിജ്ക് ഡെർ നെഡെർലാൻഡെൻ (Koninkrijk der Nederlanden) എന്നാണ്. ഡച്ചുകാർ കിംഗ്ഡം ഓഫ് ദി നെതർലാന്റ്സ് എന്ന പേര് ചുരുക്കുന്നത് കിംഗ്ഡം എന്നാണ് (നെതർലാന്റ്സ് എന്നല്ല). [30] കിംഗ്ഡം ഓഫ് ദി നെതർലാന്റ്സിന്റെ ചാർട്ടറും കിംഗ്ഡം എന്ന വാക്കാണ് ചുരുക്കപ്പേരായി ഉപയോഗിക്കുന്നത്. [12]
42519 ചതുരശ്ര കിലോമീറ്ററാണ് കിംഗ്ഡം ഓഫ് ദി നെതർലാന്റ്സിന്റെ വിസ്തീർണം. ബെൽജിയം, ജെർമനി എന്നീ രാജ്യങ്ങളുമായി യൂറോപ്പിലും ഫ്രാൻസുമായി സിന്റ് മാർട്ടൻ പ്രദേശത്തിലും ഈ രാജ്യത്തിന് അതിർത്തിയുണ്ട് (ഫ്രാൻസിന്റെ നിയന്ത്രണത്തിലുള്ള സൈന്റ് മാർട്ടിനും സിന്റ് മാർട്ടനും ഒരേ ദ്വീപിലാണ്).
നെതർലാന്റ്സിന്റെ കരഭൂമിയുടെ നാലിലൊന്ന് സമുദ്രനിരപ്പിനു താഴെയാണ്. കടലിൽ നിന്ന് വീണ്ടെടുത്തതാണ് ഈ പ്രദേശങ്ങൾ. കടലാക്രമണം തടയാൻ ഇവിടെ ഡൈക്കുകൾ നിർമിച്ചിട്ടുണ്ട്. മുൻപ് നെതർലാന്റ്സിലെ ഏറ്റവും ഉയർന്ന പ്രദേശം ലിംബർഗിലെ വാൽസ്ബർഗ് എന്ന പ്രദേശമായിരുന്നു. 322.7 മീറ്റർ മാത്രമായിരുന്നു ഇവിടുത്തെ ഉയരം. 2010 ഒക്റ്റോബർ 10-ന് സാബ നെതർലാന്റ്സിന്റെ ഭാഗമായതോടെ ഇവിടുത്തെ മൗണ്ട് സീനറി എന്ന കുന്ന് (ഉയരം 877 മീറ്റർ) ഏറ്റവും ഉയരമുള്ള സ്ഥലം എന്ന സ്ഥാനം പിടിച്ചെടുത്തു.
കരീബിയൻ പ്രദേശങ്ങൾ ഭൂമിശാസ്ത്രപരമായി രണ്ടു വിഭാഗങ്ങളിൽ പെടുന്നു. സാബ, സിന്റ് യൂസ്റ്റേഷ്യസ്, സിന്റ് മാർട്ടൻ എന്നീ ദ്വീപുകൾ അഗ്നിപർവതപ്രവർത്തനത്താലുണ്ടായവയാണ്. ഈ ദ്വീപുകൾ കുന്നുകൾ നിറഞ്ഞതാണ്. ഇവിടെ കൃഷിചെയ്യാൻ തക്ക ഭൂമി കുറവാണ്. അരൂബ, ബോണൈർ, കുറകാവോ എന്നീ ദ്വീപുകൾ അഗ്നിപർവ്വതപ്രവർത്തനത്തിനൊപ്പം പവിഴപ്പുറ്റുകളുടെ വളർച്ച മൂലവും ഉണ്ടായവയാണ്.
കരിബിയൻ ദ്വീപുകളിലെ കാലാവസ്ഥ ഭൂമദ്ധ്യരേഖാപ്രദേശത്തേതാണ്. വർഷം മുഴുവനും ചൂടുള്ള കാലാവസ്ഥയാണ്. സാബ സിന്റ് യൂസ്റ്റേഷ്യസ്, സിന്റ് മാർട്ടൻ എന്നീ ദ്വീപുകളെ കാറ്റിനഭിമുഖമായ (Windward Islands) ദ്വീപുകൾ എന്നാണ് വിളിക്കുക. ഇവിടെ ഉഷ്ണകാലത്ത് ചുഴലിക്കൊടുങ്കാറ്റുകൾ വീശാറുണ്ട്.
യൂറോപ്യൻ പ്രദേശത്ത് തണുത്ത ഉഷ്ണകാലവും രൂക്ഷമല്ലാത്ത തണുപ്പുകാലവുമാണുണ്ടാവുക.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.