മാതൃഭൂമി ദിനപ്പത്രം
മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രമുഖ ദിനപ്പത്രങ്ങളിലൊന്നാണ് മാതൃഭൂമി. / From Wikipedia, the free encyclopedia
മലയാള ഭാഷയിലെ പ്രമുഖ ദിനപത്രമാണ് മാതൃഭൂമി. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കോഴിക്കോട്ട് 1923 മാർച്ച് 18-ന് ജന്മമെടുത്ത പത്രമാണ്. സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനായ കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ പത്രാധിപർ. പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന് ഓഹരി പിരിച്ച് രൂപവൽക്കരിച്ച "മാതൃഭൂമി പ്രിന്റിങ്ങ് ആന്റ് പബ്ളിഷിങ്ങ് കമ്പനിയുടെ" ആദ്യ മുഖ്യാധിപൻ കെ. മാധവൻ നായർ ആയിരുന്നു. മാധവൻനായരുടെ മരണത്തെതുടർന്ന് കെ. കേളപ്പൻ മാതൃഭൂമിയുടെ സാരഥ്യം ഏറ്റെടുത്തു. കൂറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, പി. അച്യൂതൻ, കെ. കേശവൻ നായർ തുടങ്ങിയവരും മാതൃഭൂമിയുടെ സ്ഥാപനത്തിൽ സുപ്രധാന പങ്കുവഹിച്ചു.
തരം | ദിനപത്രം |
---|---|
Format | Broadsheet |
ഉടമസ്ഥ(ർ) | ദ മാതൃഭൂമി ഗ്രൂപ്പ്, എംവി ശ്രെയംസ് കുമാർ |
സ്ഥാപിതം | 1923 |
ആസ്ഥാനം | കോഴിക്കോട് |
ഔദ്യോഗിക വെബ്സൈറ്റ് | മാതൃഭൂമി |
സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ രൂപം കൊണ്ട പത്രത്തിന് അധികാരികളുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. ഇതിനെത്തുടർന്ന് പത്രാധിപരും മറ്റും പലപ്പോഴും തടവിലാക്കപ്പെടുകയും ചെയ്തു.[1][2] പലപ്പോഴും പത്രം നിരോധനത്തേയും നേരിട്ടു. തിരുവിതാംകൂറിൽ ഏകാധിപത്യത്തിനെതിരെ നിലപാടെടുത്തതിന് ഒമ്പതു വർഷക്കാലം നിരോധിക്കപ്പെട്ടിരുന്നു.[അവലംബം ആവശ്യമാണ്]
സ്വാതന്ത്ര്യസമരത്തിന് ആവേശം പകരുന്നതിന് ഒപ്പം മലയാളികളുടെ ഏകീകരണവും സംസ്കാരികമായ വളർച്ചയും സമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ നിർമാർജ്ജനവും മാതൃഭുമിയുടെ ലക്ഷ്യങ്ങളിൽ പ്രാധാന്യമുള്ളവയായിരുന്നു.[അവലംബം ആവശ്യമാണ്] അവർണരുടെ ക്ഷേത്രപ്രവേശനത്തിന് വേണ്ടിയുള്ള വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ മാതൃഭൂമി നിർണായകമായ പങ്ക് വഹിച്ചു.[1] സാമൂഹ്യപ്രസ്ഥാനങ്ങളിലും സ്വാതന്ത്ര്യസമരത്തിലും പങ്ക് വഹിച്ച പി. രാമുണ്ണി നായർ, കെ. കേളപ്പൻ, സി. എച്ച്. കുഞ്ഞപ്പ, കെ. എ. ദാമോദരമേനോൻ,എൻ.വി. കൃഷ്ണവാരിയർ, എ. പി. ഉദയഭാനു, വി.പി.രാമചന്ദ്രൻ, വി.കെ.മാധവൻകുട്ടി, എം.ഡി.നാലപ്പാട്, കെ.കെ.ശ്രീധരൻ നായർ, കെ.ഗോപാലകൃഷ്ണൻ, എം.കേശവമേനോൻ എന്നിവർ മാതൃഭൂമിയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്.
ഇപ്പോൾ കോഴിക്കോടിനും, കൊച്ചിക്കും പുറമെ തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, കൊല്ലം, കണ്ണൂർ, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിൽ കേരളത്തിലും ചെന്നൈ, ബംഗളൂർ, മുംബൈ, ന്യൂദൽഹി എന്നിവിടങ്ങളിൽ കേരളത്തിന് പുറത്തും യൂണിറ്റുകളുള്ള മാതൃഭൂമി മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമാണ്. എം.വി. ശ്രേയാംസ് കുമാർ മാനേജിങ്ങ് ഡയറക്റ്ററും പി.വി.ചന്ദ്രൻ മാനേജിങ്ങ് എഡിറ്ററും മനോജ് കെ. ദാസ് എക്സിക്യൂട്ടീവ് എഡിറ്ററുമാണ്.[3][4]