Remove ads
ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് പറവൂർ ഭരതൻ From Wikipedia, the free encyclopedia
ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് പറവൂർ ഭരതൻ. (ജനുവരി 16, 1929 - ഓഗസ്റ്റ് 18, 2015) 1960-കൾ മുതലാണ് ഇദ്ദേഹം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയത്. വ്യത്യസ്തമായ ധാരാളം കഥാപാത്രങ്ങൾ ഇദ്ദേഹം മലയാളചലച്ചിത്രങ്ങളിൽ അവതരിപ്പിച്ചു. വില്ലനായും, സ്വഭാവനടനായും, ഹാസ്യതാരമായും ഇദ്ദേഹം ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ആയിരത്തോളം സിനിമകളിലും അഞ്ചൂറോളം നാടകങ്ങളിലുമായി ഒട്ടേറെ അവിസ്മരണീയ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവനേകി.പ്രേം നസീറിന്റെ ആദ്യചിത്രം മരുമകൾ ഇദ്ദേഹത്തിന്റെ മൂന്നാമത് ചിത്രമായിരുന്നു.[1] തിക്കുറിശ്ശിയുടെ മരണത്തിനു ശേഷം മലയാള സിനിമയുടെ ഏറ്റവും മുതിർന്ന വ്യക്തിയായിരുന്നു മലയാള താര സംഘടനയായ അമ്മയുടെ പ്രഥമ അംഗം അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ അംഗത്വ ഫീസായ 10,000 രൂപ സ്വീകരിച്ചു കൊണ്ടായിരുന്നു അമ്മയുടെ തുടക്കം[2].
നോർത്ത് പറവൂരിലുള്ള വടക്കേക്കര പഞ്ചായത്തിലെ വാവക്കാട് എന്ന ഗ്രാമത്തിൽ കൊച്ചണ്ണൻ കോരൻ-കുറുമ്പ കുട്ടി ദമ്പതികളുടെ മകനായി 1929ലാണ് ഭരതൻ ജനിച്ചത്[3].ഒരു സാധാരണ തെങ്ങുചെത്ത് തൊഴിലാളിയുടെ മകനായിട്ടാണ് പറവൂർ ഭരതന്റെ ജനനം. എസ്.എൻ ഹൈസ്കൂൾ മൂത്തകുന്നത്താണ് ഭരതൻ തന്റെ പഠനം ആരംഭിച്ചത്.വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കലാരംഗത്ത് മികവുകാട്ടിയിരുന്നു.ഏകാഭിനയത്തിൽ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം സ്കൂളിൽ മോണോആക്ടിൽ ഒരു തെങ്ങുകയറ്റ തൊഴിലാളിയെ അവതരിപ്പിച്ചാണ് ഭരതൻ കലാരംഗത്ത് എത്തിയത്. പക്ഷേ അച്ഛന്റെ മരണത്തോടു കൂടി ഇദ്ദേഹത്തിന് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടാണ് ചലച്ചിത്രാഭിനയം ഒരു ജീവിതോപാധിയായി അദ്ദേഹം തിരഞ്ഞെടുത്തത്.[4]
പഠിക്കുന്ന കാലത്തും ഇദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു. ഒരിക്കൽ ഇദ്ദേഹത്തിന്റെ അഭിനയം പ്രശസ്ത കാഥികൻ കെടാമംഗലം സദാനന്ദൻ കാണാനിടയാകുകയും പിന്നീട് അദ്ദേഹം ഭരതനെ ‘പുഷ്പിത’ എന്ന ഒരു നാടകസംഘത്തിൽ ചേർക്കുകയും ചെയ്തു. പിന്നീട് പറവൂരും പരിസര പ്രദേശങ്ങളിലുള്ള നാടക വേദികളിൽ ഒരു സജീവ സാന്നിദ്ധ്യമായി ഭരതൻ മാറി. ഇങ്ങനെ നാടകസംഘങ്ങളുമായുള്ള പരിചയമാണ് പിൽക്കാലത്ത് ഭരതന് ചലച്ചിത്രത്തിലേക്കുള്ള വഴി തുറന്ന് കൊടുത്തത്.പുഷ്പിണി എന്ന നാടകത്തിൽ ജന്മി വേഷം കെട്ടിയാണ് നാടകത്തിന്റെ അരങ്ങിലെത്തിയത്[5].
ഉദയ കേരള നാടകസമിതിയുടെ രക്തബന്ധം എന്ന സംഗീത നാടകമാണു സിനിമയിലേക്കു വഴി തുറന്നത്. ആ നാടകം അതേ പേരിൽ 1951ൽ സിനിമയായപ്പോൾ ഭരതനും ക്യാമറയ്ക്കു മുന്നിലെത്തുകയായിരുന്നു.നാടകവേദിയിലെ താരമായി വളർന്ന അദ്ദേഹത്തിന് 1950ൽ ആലുവ സ്വദേശി കരുണാകരപ്പിള്ള നിർമിച്ച ‘രക്തബന്ധം’ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു[6]. മലയാളത്തിലെ 15-ാമത്തെ ശബ്ദ ചിത്രമായിരുന്നു അത്.പിന്നീട് കേരളകേസരി, മരുമകൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
1961ൽ പുറത്തിറങ്ങിയ 'ഭക്ത കുചേല'യാണ് പറവൂർ ഭരതന് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്[7].1964 ൽ എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത കറുത്തകൈയിലെ മുഴുനീള വില്ലൻ വേഷമായിരുന്നു പറവൂർ ഭരതനെന്ന നടന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായത്. പഞ്ചവർണ തത്തപോലെ എന്ന പ്രശസ്തമായ കവ്വാലി ഗാനം പാടി അഭിനയിച്ചത് അദ്ദേഹമായിരുന്നു. പിൽക്കാലത്ത് ഏറെ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി[8].
മാറ്റൊലി എന്ന സംഗീത നാടകത്തിൽ ഒപ്പം അഭിനയിച്ച നടി തങ്കമണിയാണ് ഭാര്യ. നീലക്കുയിൽ സിനിമയിലും തങ്കമണി അഭിനയിച്ചിട്ടുണ്ട്.മക്കൾ: പ്രദീപ് , തൃപ്പൂണിത്തുറ), മധു, അജയൻ , ബിന്ദു . മരുമക്കൾ: ജീന, സോമകുമാർ [9].
വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 2015 ഓഗസ്റ്റ് 19ആം തീയതി പുലർച്ചെ 5.30-ന് പറവൂരിലെ സ്വവസതിയിൽ വെച്ച് അന്തരിച്ചു.[10].2009ൽ പുറത്തിറങ്ങിയ ചങ്ങാതിക്കൂട്ടമാണ് അവസാനമായി അഭിനയിച്ച സിനിമ. 2013ൽ നടൻ സലിംകുമാർ സംവിധാനം ചെയ്ത ‘പരേതന്റെ പരിഭവങ്ങൾ’ എന്ന ഹ്രസ്വചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. പറവൂർ ഭരതൻ അഭിനയിച്ച ചെമ്മീൻ അമ്പതാം വാർഷികം ആഘോഷിച്ച അതേ ദിവസമാണ് മരണം.[9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.