Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
പ്രിയദർശൻ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കടത്തനാടൻ അമ്പാടി[1]. സാജ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സാജൻ വർഗ്ഗീസ് ആണ് ചിത്രം നിർമ്മിച്ചത്. മോഹൻലാൽ, പ്രേംനസീർ, സ്വപ്ന, രാധു തുടങ്ങിയവർ മുഖ്യവേഷത്തിലെത്തിയ ഈ ചിത്രം റിലീസ് ചെയ്ത ആദ്യത്തെ ആഴ്ച 35 ലക്ഷത്തോളം കളക്ഷൻ നേടി റെക്കോർഡിട്ടു. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ ചിത്രം പ്രതീക്ഷിച്ച കളക്ഷൻ നേടാതിരിക്കുകയും സാമ്പത്തികമായി പരാജയപ്പെടുകയുമാണുണ്ടായത്[2]. ചിത്രത്തിൻറെ പ്രാരംഭഘട്ടത്തിൽ തന്നെ അതിന്റെ നിർമ്മാതാവിന്റെ സാമ്പത്തികപ്രശ്നങ്ങളാൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും കോടതിയിൽ അതുമായി ബന്ധപ്പെട്ട കേസ്സുകൾ ഉണ്ടാവുകയും ഈ ചിത്രം അതിൽ മുഖ്യഘടകമായി മാറുകയും ചെയ്തിരുന്നു[1][3].
കടത്തനാടൻ അമ്പാടി | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | സാജൻ വർഗ്ഗീസ് |
കഥ | കൊച്ചിൻ ഹനീഫ, പി.കെ. ശാരംഗപാണി |
തിരക്കഥ | കൊച്ചിൻ ഹനീഫ, പി.കെ. ശാരംഗപാണി |
അഭിനേതാക്കൾ | മോഹൻലാൽ, പ്രേംനസീർ, സ്വപ്ന, രാധു |
സംഗീതം | കെ രാഘവൻ |
ഛായാഗ്രഹണം | എസ് കുമാർ |
ചിത്രസംയോജനം | എൻ ഗോപാലകൃഷ്ണൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കൊച്ചിൻ ഹനീഫയും, പി.കെ. ശാരംഗപാണിയും ചേർന്നാണ് കടത്തനാടൻ അമ്പാടിയുടെ കഥയും തിരക്കഥയും നിർവ്വഹിച്ചത്. പ്രിയദർശൻ സംഭാഷണം എഴുതി.
ഈ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു സിനിമയുടെ നിർമ്മാതാവായിരുന്ന സാജൻ വർഗ്ഗീസിന്റെ ഓറിയന്റൽ എക്സ്ചേഞ്ച് ആൻഡ് ഫിനാൻസ് എന്ന പേരിൽ മദ്രാസിലും കോട്ടയത്തുമായി പ്രവർത്തിച്ചിരുന്ന കമ്പനി പൊളിഞ്ഞത്. എൺപതുകളുടെ അവസാനത്തോടെ ഇന്ത്യൻ റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ബ്ലേഡ് - മണി ലെണ്ടിംഗ് കമ്പനികൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് വന്നതിന്റെ അടിസ്ഥാനത്തിൽ പരിഭ്രാന്തരായ നിക്ഷേപകരിൽ ചിലർ പെട്ടെന്ന് പണം പിൻവലിച്ചതായിരുന്നു കമ്പനി തകരുവാൻ കാരണമായതെന്ന് പറയപ്പെടുന്നു. കമ്പനി പൂട്ടിയതിനെത്തുടർന്ന് ശേഷിച്ച നിക്ഷേപകർ കോടതിയെ സമീപിച്ചു. കടത്തനാടൻ അമ്പാടിയുടെ നിർമ്മാണത്തിനായി മദ്രാസ് ആസ്ഥാനമായുള്ള സൂപ്പർ ഫിലിംസ് എന്ന ഒരു സിനിമാ കമ്പനിയിൽ നിന്നും നല്ലൊരു തുക സാജൻ മുൻപ് വാങ്ങിയിരുന്നു. ഇതിനോടകം ശതമാനത്തോളം ഷൂട്ടിങ് പൂർത്തിയാക്കിയ ഈ സിനിമയുടെ നിർമ്മാണാവകാശം ആവശ്യപ്പെട്ടുകൊണ്ട് സൂപ്പർ ഫിലിംസ് കമ്പനിയും കോടതിയിലെത്തി. ഇവരും സാജന്റെ കമ്പനിയിൽ പണം നിക്ഷേപിച്ചവരും കോടതിയിൽ കടത്തനാടൻ അമ്പാടിയുടെ മേൽ അവകാശവാദങ്ങൾ ഉന്നയിച്ചു.
1986-ൽ കീഴ്‌ക്കോടതികളിൽ നിന്നും തുടങ്ങിയ ഈ കേസ് 1989-ൽ സുപ്രീം കോടതിയിലെത്തിയതോടെ ഒരു വഴിത്തിരുവിലെത്തി. ഒടുവിൽ ഒരു ഒത്തുതീർപ്പ് എന്ന പോലെ കോടതി ഈ ചിത്രത്തിന്റെ നിർമ്മാണ ചുമതല നവോദയാ ഫിലംസ്ന് കൈമാറി. ചിത്രം പൂർത്തിയാക്കി വിതരണം ചെയുവാനും വിവരങ്ങൾ കോടതിയെ ധരിപ്പിക്കാനും കോടതി നവോദയയോട് ആവശ്യപ്പെട്ടു. നിരീക്ഷിക്കാൻ ഒരു കമ്മീഷനെയും നിയോഗിച്ചു. അങ്ങനെ നവോദയ അപ്പച്ചന്റെ ശ്രമഫലമായി 1990-ൽ വിഷു റിലീസ് ആയി കടത്തനാടൻ അമ്പാടി പുറത്തിറങ്ങി.
ഒരു ഗുഹയുടെ സെറ്റിട്ട് അതിൽ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണം നടക്കുകയായിരുന്നു. മോഹൻലാലിന്റെ കഥാപാത്രമായ അമ്പാടി ഗുഹയ്ക്കുള്ളിലെ ശക്തമായ നീരൊഴുക്കിൽ നിന്നും ഓടി രക്ഷപ്പെടുന്നതായിരുന്നു രംഗം. ചില അബദ്ധങ്ങൾ സംഭവിച്ചതു കാരണം, വെള്ളത്തിന്റെ ഒഴുക്ക് പ്രതീക്ഷിച്ചതിലും ശക്തമാവുകയും തിരക്കഥയുടെ ഒറിജിനൽ കോപ്പി വച്ചിരുന്ന മേശയടക്കം വെള്ളപ്പാച്ചിലിൽ ഒലിച്ചു പോവുകയും ചെയ്തു. തിരക്കഥയുടെ ആകപ്പാടെ ഉണ്ടായിരുന്ന ആ ഒരേ ഒരു കോപ്പി നഷ്‌ടമായതിലൂടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പലതും, പ്രധാനമായും ഡബ്ബിംഗ് തുടങ്ങിയവ നിർത്തി വയ്ക്കേണ്ടി വന്നു. പിന്നീട്, വീഡിയോയിൽ താരങ്ങളുടെ ചുണ്ടനക്കം നോക്കി വരികൾ എഴുതിയെടുത്താണ് ഈ ചിത്രം ഡബ്ബ് ചെയ്തത്.
ചിത്രീകരണം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം പ്രശസ്ത നടൻ പ്രേംനസീർ അന്തരിച്ചു. ചിത്രത്തിലെ പ്രധാന വേഷമായ പയ്യപ്പിള്ളി ചന്തു ഗുരുക്കളുടെ വേഷം നസീർ ആണ് ചെയ്തത്. അദ്ദേഹത്തിന് ഡബ്ബ് ചെയ്യാനായി, അന്നത്തെ പ്രശസ്ത മിമിക്രി താര മായിരുന്ന ജയറാമിനെ ഏർപ്പാട് ചെയ്തു. എന്നാൽ, പ്രേംനസീറിനെ വളരെ ഭംഗിയായി അനുകരിക്കാൻ അറിയാം എന്നല്ലാതെ ഡബ്ബിംഗ് കല തീരെ വശമില്ലാതിരുന്ന ജയറാമിന് ആ ഉദ്യമത്തിൽ നിന്നും പിൻമാറേണ്ടി വന്നു. പിന്നീട്, ഷമ്മി തിലകനാണ് നസീറിനു വേണ്ടി ഡബ്ബ് ചെയ്തത്. ഈ ചിത്രത്തിൽ, നസീറിനടക്കം ഇരുപതോളം താരങ്ങൾക്ക് ഷമ്മി തിലകൻ ഡബ്ബ് ചെയ്തു.
മോഹൻലാൽ-ഡിസ്ക്കോ ശാന്തി ഉൾപ്പെടുന്ന ഗുഹയ്ക്കകത്തുള്ള ആ ക്ലൈമാക്സ് രംഗം അക്കാലത്തെ ഏറ്റവും മികച്ച സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച്, വളരെ ഗംഭീരമായി ചെയ്തതായിരുന്നു. അതിന്റെ പേരിൽ പ്രിയദർശനും ടീം അംഗങ്ങൾക്കും ഇൻഡസ്ട്രിയിൽ നിന്നും ഒരുപാട് അഭിനന്ദനങ്ങൾ കിട്ടി[1].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.