Remove ads
From Wikipedia, the free encyclopedia
വളരെ കഠിനമായ കുറ്റം ചെയ്യുന്നവർക്ക് മരണം തന്നെ ശിക്ഷയായി നൽകുന്നതിനെ വധശിക്ഷ എന്ന് വിളിക്കുന്നു. ഇറാൻ, ചൈന, സൗദി അറേബ്യ, ഇറാഖ്, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾ വധശിക്ഷ നൽകുന്നതിൽ മുൻപിലാണ്. ഇപ്പോഴും ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഈ ശിക്ഷാരീതി നിലവിലുണ്ടെങ്കിലും[1] ക്രൂരമായ കൊലപാതകം തുടങ്ങിയ കഠിനമായ കുറ്റങ്ങൾക്കുമാത്രമേ ഈ രാജ്യങ്ങളിലും വധശിക്ഷ വിധിക്കാറുള്ളൂ. ബ്രസീൽ തുടങ്ങിയ ചില രാജ്യങ്ങളിലാകട്ടെ, യുദ്ധസമയത്ത് രാജ്യത്തെ വഞ്ചിക്കുക തുടങ്ങിയ അങ്ങേയറ്റം പ്രാധാന്യമുള്ള കുറ്റങ്ങൾക്കേ വധശിക്ഷ വിധിക്കാറുള്ളൂ. യൂകെ, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ 102 രാജ്യങ്ങളിൽ വധശിക്ഷ പൂർണ്ണമായും നിർത്തലാക്കിയിരിക്കുന്നു.[2]
വധശിക്ഷ പണ്ടുകാലം മുതൽക്കേ മിക്ക സമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു (മംഗോൾ ആക്രമണത്തോടെ നശിച്ചുപോയ കീവൻ റൂസ് എന്ന രാജ്യം എടുത്തു പറയാവുന്ന ഒരപവാദമാണ്). നിലവിൽ 58 രാജ്യങ്ങൾ വധശിക്ഷ നടപ്പിലാക്കുന്നുണ്ട്. 97 രാജ്യങ്ങളിൽ വധശിക്ഷ നിറുത്തലാക്കിയിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളിൽ കഴിഞ്ഞ 10 വർഷമായി വധശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല (ഈ രാജ്യങ്ങളിൽ യുദ്ധസമയം പോലെ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ വധശിക്ഷ നിയമപ്രകാരം നടപ്പാക്കാൻ സാധിക്കൂ).[3] പല രാജ്യങ്ങളിലും ഇത് വിവാദമുണ്ടാക്കുന്ന ഒരു വിഷയമാണ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളുടെ ചാർട്ടറിന്റെ രണ്ടാം ആർട്ടിക്കിൾ വധശിക്ഷ നിരോധിക്കുന്നു.[4]
ഇപ്പോൾ ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് ഭൂരിപക്ഷം രാജ്യങ്ങളും വധശിക്ഷ നിരോധിച്ചവയാണ്.[5] ഐക്യരാഷ്ട്രസംഘടനയുടെ പൊതു സഭ 2007, 2008, 2010 എന്നീ വർഷങ്ങളിൽ വധശിക്ഷയ്ക്കെതിരേ (പൂർണമായി നിറുത്തലാക്കൽ ലക്ഷ്യം വച്ച്) നിർബന്ധമല്ലാത്ത പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്.[6] ഭൂരിഭാഗം രാജ്യങ്ങളും വധശിക്ഷ നിറുത്തലാക്കിയിട്ടുണ്ടെങ്കിലും വധശിക്ഷ നടക്കുന്ന രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 60 ശതമാനവും താമസിക്കുന്നത്. ചൈന, ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ഇന്തോനേഷ്യ എന്നീ വധശിക്ഷ നിലവിലുള്ള രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളവയുമാണ്. ഈ രാജ്യങ്ങൾ ഐക്യരാഷ്ട്ര സഭാ പ്രമേയത്തിനെതിരേ വോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.[7][8][9][10]
കുറ്റവാളികളെയും രാഷ്ട്രീയ എതിരാളികളെയും വധശിക്ഷയ്ക്ക് വിധേയമാക്കുക എന്നത് ഏതാണ്ട് എല്ലാ സമൂഹങ്ങളിലും നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നു. മിക്ക സ്ഥലങ്ങളിലും കൊലപാതകം, ചാരപ്രവർത്തി, രാജ്യദ്രോഹം എന്നിങ്ങനെയുള്ള കുറ്റങ്ങൾക്കോ സൈനികനിയമപ്രകാരമോ ആണ് വധശിക്ഷ നടപ്പിലാക്കാറുള്ളത്. ചില രാജ്യങ്ങളിൽ ബലാത്സംഗം, വിവാഹേതര ലൈംഗികബന്ധം, രക്തബന്ധമുള്ളവരുമായുള്ള ലൈംഗികബന്ധം, ഗുദരതി തുടങ്ങിയവയ്ക്കും മരണശിക്ഷ നൽകാറുണ്ട്. മതത്തെ തള്ളിപ്പറയുക എന്ന കുറ്റത്തിന് ചില മതരാജ്യങ്ങളിൽ വധശിക്ഷ നൽകാൻ നിയമമുണ്ട്. പല രാജ്യങ്ങളിലും മയക്കുമരുന്നു കടത്തും വധശിക്ഷ അർഹിക്കുന്ന കുറ്റമാണ്. ചൈനയിൽ മനുഷ്യക്കടത്തിനും ഗുരുതരമായ അഴിമതിക്കും ശിക്ഷ മരണം തന്നെ. ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും സൈന്യങ്ങളിൽ ഭീരുത്വവും, ഒളിച്ചോട്ടവും, മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ അനുസരിക്കാതിരിക്കുന്നതും, കലാപവും വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളാണ്.[11]
മനുഷ്യചരിത്രത്തിൽ വധശിക്ഷയ്ക്കുപയോഗിച്ചിരുന്ന മാർഗങ്ങളിൽ ബ്രേക്കിംഗ് വീൽ, തിളപ്പിച്ചുള്ള വധശിക്ഷ, തൊലിയുരിക്കൽ, സാവധാനം കീറിമുറിക്കൽ, വയറുകീറൽ, കുരിശിൽ തറയ്ക്കൽ, ശൂലത്തിൽ തറയ്ക്കൽ, ചതച്ചു കൊല്ലൽ, കല്ലെറിഞ്ഞുള്ള വധശിക്ഷ, തീ കത്തിച്ചുള്ള വധശിക്ഷ, അംഗഛേദം, അറുത്തു കൊല്ലുക, ശിരച്ഛേദം, സ്കാഫിസം, നെക്ലേസിംഗ്, പീരങ്കിയിൽ നിന്ന് വെടിവയ്ക്കുക എന്നിവയൊക്കെയുണ്ട്.[12]
ഗോത്രവർഗങ്ങളുടെ പകയ്ക്കു കാരണമായ പ്രശ്നങ്ങൾ കന്നുകാലികളെയും മറ്റും ചോരപ്പണമായി നൽകിയും, നഷ്ടപരിഹാരം നൽകിയും, വിവാഹങ്ങൾ നടത്തിയും മറ്റും പരിഹരിച്ചിരുന്നു. ചിലപ്പോൾ മൃഗങ്ങളുടെയോ, മനുഷ്യന്റെയോ ചോര ചിന്തിയാലേ പകയ്ക്ക് അവസാനമുണ്ടാകാറുള്ളൂ. അത്തരം അവസരങ്ങളിൽ കുറ്റവാളിയെയോ, മറ്റൊരാളെയോ വധിക്കാനായി എതിർ ഗോത്രത്തിന് നൽകി പകയ്ക്ക് അവസാനം വരുത്താറുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക സംവിധാനങ്ങളും ഉണ്ടാകാറുണ്ട്.[13] ആധുനിക നിയമസംവിധാനങ്ങൾക്കൊപ്പം ഇത്തരം സംവിധാനങ്ങളും ചിലയിടങ്ങളിൽ ഇപ്പോഴും നിലവിലുണ്ട്. ആളുകൾ തമ്മിൽ പോരാടി പക തീർക്കാനും അടുത്ത കാലം വരെ നിയമസംവിധാനങ്ങൾ അനുവാദം നൽകിയിരുന്നു.
ഗോത്ര നിയമങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന നിയമവ്യവസ്ഥകളിൽ ആദ്യത്തേതാണ് ഹമുറാബിയുടെ നിയമസംഹിത. തോറ (ജൂതനിയമത്തിന് ആധാരമായ ക്രിസ്ത്യൻ പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങൾ), കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും, മന്ത്രവാദത്തിനും, സാബത്ത് നിയമലംഘനത്തിനും, ദൈവനിന്ദയ്ക്കും, പലതരം ലൈംഗികക്കുറ്റങ്ങൾക്കും മരണശിക്ഷ വിധിക്കുന്നുണ്ട്.[14] പുരാതന ഗ്രീസിലെ ഏതൻസിൽ ഡ്രാക്കോ ഉദ്ദേശം 631 ബി. സി.-യിൽ രചിച്ച ഇത്തരം ഒരു നിയമസംഹിത നിലവിലുണ്ടായിരുന്നു. ധാരാളം കുറ്റങ്ങളുടെ ശിക്ഷ മരണമായിരുന്നു.[15] പുരാതന റോമാക്കാരും പല കുറ്റങ്ങൾക്കും മരണശിക്ഷ നൽകിയിരുന്നു.[16][17]
ഇസ്ലാം മതം വധശിക്ഷയെ പൊതുവിൽ അംഗീകരിക്കുന്നുണ്ട്.[18] ബാഗ്ദാദിലെ അബ്ബാസിദ് ഖലീഫകൾ (ഉദാഹരണത്തിന് അൽ-മു'താദിദ്) വധശിക്ഷകൾ നടപ്പിലാക്കിയിരുന്നു.[19] ദയയാണ് ശിക്ഷയേക്കാൾ നല്ലതായി ഇസ്ലാം മതത്തിൽ കണക്കാക്കുന്നത്. ശരീഅ നിയമപ്രകാരം, കൊലപാതകക്കേസുകളിൽ, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൊലപാതകിയോട് ക്ഷമിക്കാൻ അവകാശമുണ്ട്.
ജയിൽ സംവിധാനം തുടങ്ങുന്നതിന് മുൻപുള്ള യൂറോപ്പിൽ മരണശിക്ഷ മിക്ക കുറ്റങ്ങൾക്കുമുള്ള ശിക്ഷയായി ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഹെന്റ്റി എട്ടാമന്റെ ഭരണകാലത്ത് 72,000 ആൾക്കാർക്ക് വധശിക്ഷ ലഭിച്ചതായി കണക്കാക്കുന്നു.[20]
1820 ആയപ്പോഴേയ്ക്കും ബ്രിട്ടനിൽ 160 കുറ്റങ്ങളുടെ ശിക്ഷ മരണമായിരുന്നു.[21] രക്തപങ്കിലമായ നിയമം എന്നായിരുന്നു ഈ നിയമം അന്ന് അറിയപ്പെട്ടിരുന്നത്.[22]
ഇപ്പോൾ ചൈനയിൽ ധാരാളം വധശിക്ഷകൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ടാങ്ങ് രാജവംശക്കാലത്ത് വധശിക്ഷ നിരോധിക്കപ്പെട്ടിരുന്നു.[23] 747-ൽ ക്സുവാൻസോങ് ചക്രവർത്തിയാണ് വധശിക്ഷ നിരോധിച്ചത്. വധശിക്ഷയ്ക്ക് പകരം പീഡനമോ നാടുകടത്തലോ പോലെ മറ്റു ശിക്ഷകളാണ് നൽകിയിരുന്നത്. 12 വർഷങ്ങൾക്കു ശേഷം അൻ ലുഷാൻ കലാപത്തെത്തുടർന്ന് വധശിക്ഷ പുനരാരംഭിച്ചു. കഴുത്തു ഞെരിക്കലും ശിരച്ഛേദവുമായിരുന്നു ടാങ്ങ് കാലത്തെ ശിക്ഷാരീതികൾ. ധാരാളം കുറ്റങ്ങൾക്ക് വധശിക്ഷ നൽകപ്പെട്ടിരുന്നു.
ഇരുപതാം നൂറ്റാണ്ടിൽ കോടിക്കണക്കിനാൾക്കാരെ രാജ്യങ്ങൾ രാഷ്ട്രീയവും മതപരവുമായ കാരണങ്ങൾക്ക് കൊന്നൊടുക്കിയിട്ടുണ്ട്. ടർക്കി അർമീനിയക്കാർക്കെതിരായും, നാസി ജർമനി ജൂതന്മാർക്കും മറ്റുമെതിരായും, ഖമർ റൂഷ് കംബോഡിയയിലെ ജനങ്ങൾക്കെതിരായും, റുവാണ്ടയിലെ ടുട്സികൾക്കെതിരായി നടന്നതും മറ്റും ഉദാഹരണങ്ങളാണ്. സൈന്യങ്ങൾ അച്ചടക്കം നിലനിറുത്താൻ വധശിക്ഷ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് രണ്ടാം ലോകമഹായുദ്ധസമയത്ത് 158,000 സോവിയറ്റ് സൈനികർ സ്വന്തം സൈന്യത്താൽ വധശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്.[24]
റോബർട്ട് കോൺക്വസ്റ്റ് എന്ന വിദഗ്ദ്ധന്റെ അഭിപ്രായത്തിൽ 1,000,000-ത്തിൽ കൂടുതൽ സോവിയറ്റ് പൗരന്മാരെ സ്റ്റാലിന്റെ ഉത്തരവു പ്രകാരം 1937–38 കാലത്ത് വധിച്ചിട്ടുണ്ട്. മിക്കവരെയും തലയ്ക്കുപിന്നിൽ വെടിവച്ചായിരുന്നു കൊന്നിരുന്നത്.[25] 1949-ൽ ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ച ശേഷം 800,000 ആൾക്കാരെ വധിച്ചു എന്ന് മാവോ സെതുങ് തന്നെ പറഞ്ഞിട്ടുണ്ട്.
വധശിക്ഷ നിറുത്തലാക്കാനുള്ള ശ്രമങ്ങൾക്ക് ഇത്തരം ക്രൂരകൃത്യങ്ങളൂം കാരണമായിട്ടുണ്ട്.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മരണശിക്ഷ ഒഴിവാകുന്ന രീതിയിലേക്കാണ് പൊതുവിൽ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. 1977-ൽ 16 രാജ്യങ്ങൾ വധശിക്ഷ നിറുത്തലാക്കിയിരുന്നെങ്കിൽ 2012-ൽ 97 രാജ്യങ്ങൾ വധശിക്ഷ പൂർണമായി ഒഴിവാക്കി. 8 രാജ്യങ്ങളിൽ ചില പ്രത്യേക അവസരങ്ങളിലല്ലാതെയുള്ള വധശിക്ഷകൾ നിറുത്തലാക്കി. 36 രാജ്യങ്ങളിൽ കഴിഞ്ഞ 10 വർഷമായി വധശിക്ഷ നടന്നിട്ടില്ല. മറ്റ് 57 രാജ്യങ്ങളിൽ വധശിക്ഷ ഇപ്പോഴും നിലവിലുണ്ട്.[26]
ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 21 രാജ്യങ്ങളിലേ 2011-ൽ വധശിക്ഷ നടന്നിട്ടുള്ളൂ. ചില രാജ്യങ്ങൾ വിവരങ്ങൾ പുറത്തുവിടാറുമില്ല. 2012-ന്റെ തുടക്കത്തിൽ ലോകത്തിൽ 18,750 ആൾക്കാർ വധശിക്ഷ വിധിക്കപ്പെട്ട് മരണം കാത്തിരിക്കുന്നവരായിരുന്നു.[27]
റാങ്ക് | രാജ്യം | 2011-ലെ വധശിക്ഷയുടെ എണ്ണം [28] |
---|---|---|
1 | ചൈന | കണക്ക് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.[29][30] ആയിരക്കണക്കിനാൾക്കാർ. ഒരു പക്ഷേ 4,000 വരെ.[31] |
2 | ഇറാൻ | 360+ |
3 | സൗദി അറേബ്യ | 82+ |
4 | ഇറാക്ക് | 68+ |
5 | അമേരിക്ക | 43 |
6 | യമൻ | 41+ |
7 | വടക്കൻ കൊറിയ | 30+ |
8 | സൊമാലിയ | 10 |
9 | സുഡാൻ | 7+ |
10 | ബംഗ്ലാദേശ് | 5+ |
11 | വിയറ്നാം | 5+ |
12 | ദക്ഷിണ സുഡാൻ | 5 |
13 | തായ്‌വാൻ | 5 |
14 | സിങ്കപ്പൂർ | 4[32] |
15 | പാലസ്തീൻ | 3 |
16 | അഫ്ഗാനിസ്താൻ | 2 |
17 | ബെലാറൂസ് | 2 |
18 | ഈജിപ്റ്റ് | 1+ |
19 | യുനൈറ്റഡ് അറബ് എമിറേറ്സ് | 1 |
20 | മലേഷ്യ | + |
21 | സിറിയ | + |
ഇപ്പോഴും വധശിക്ഷ നിലവിലുള്ള രാജ്യങ്ങളിൽ അത് വളരെ കുറവായേ നടപ്പാക്കുന്നുള്ളൂ (തായ്‌വാൻ, സിങ്കപ്പൂർ എന്നിവ ഉദാഹരണം).[33] 2008-നു ശേഷം 2010 വരെ ഇൻഡോനേഷ്യയിൽ വധശിക്ഷകളൊന്നും നടന്നിട്ടില്ല.[34] സിങ്കപ്പൂർ, ജപ്പാൻ, തായ്‌വാൻ, ദക്ഷിണ കൊറിയ എന്നിവയാണ് ഇപ്പോഴും വധശിക്ഷ നിലവിലുള്ള വികസിതരാജ്യങ്ങൾ. ദരിദ്രവും അവികസിതവും ഏകാധിപത്യ ഭരണവുമുള്ള രാജ്യങ്ങളാണ് പൊതുവിൽ വധശിക്ഷ കൂടുതൽ ഉപയോഗിക്കുന്നത്. 1980 കളിൽ ലാറ്റിൻ അമേരിക്കയിൽ ജനാധിപത്യം വളർന്നതോടൊപ്പം വധശിക്ഷയുടെ ഉപയോഗം കുറയുകയും ചെയ്തു. കമ്യൂണിസത്തിന്റെഅവലംബം ചേർക്കുക അപചയത്തോടെ യൂറോപ്പിലും വധശിക്ഷ പൊതുവിൽ ഇല്ലാതായി. ഈ രാജ്യങ്ങളിൽ ഇപ്പോഴും വധശിക്ഷയ്ക്ക് പൊതുജന പിന്തുണയുണ്ട്.
യൂറോപ്യൻ യൂണിയനും, യൂറോപ്യൻ കൗൺസിലും അംഗരാജ്യങ്ങൾ വധശിക്ഷ നടത്താൻ പാടില്ല എന്ന നിയന്ത്രണം വച്ചിട്ടുണ്ട്. അതേസമയം വികസിച്ചുകൊണ്ടിരിക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ വധശിക്ഷയ്ക്ക് പൊതുജനസമ്മതിയുണ്ട്. ചൈനയിൽ വധശിക്ഷയ്ക്കെതിരായ നീക്കം ചെറുതെങ്കിലും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നുണ്ട്.[35] ചില ആഫ്രിക്കൻ രാജ്യങ്ങളും, മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളും വധശിക്ഷ നടപ്പിലാക്കുന്നുണ്ടെങ്കിലും അവിടങ്ങളിലും വധശിക്ഷയ്ക്കെതിരായ നീക്കം ശക്തമായി വരുന്നുണ്ട്.
ഇസ്രായേലിൽ നാസികൾക്കും മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ ചെയ്യുന്നവർക്കും മാത്രം വധശിക്ഷ നൽകാനേ വകുപ്പുള്ളൂ.[36]
ചില രാജ്യങ്ങളിൽ വധശിക്ഷയില്ലാതിരുന്ന നീണ്ട ഇടവേളകളുണ്ടായിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ 1972 മുതൽ 1976 വരെയും 2007 സെപ്റ്റംബർ 25 മുതൽ 2008 ഏപ്രിൽ 16 വരെയും വധശിക്ഷകൾ നടന്നിട്ടില്ല. ഇന്ത്യയിൽ 1995 മുതൽ 2004 വരെ വധശിക്ഷകൾ നടന്നിട്ടില്ല. ശ്രീലങ്കയിൽ 2004 നവംബർ 20-ന് വധശിക്ഷകൾക്ക് താൽക്കാലികമായുണ്ടായിരുന്ന നിരോധനം പിൻവലിച്ചു.[37] ഫിലിപ്പീൻസിൽ 1987-ൽ മരണശിക്ഷ നിറുത്തലാക്കിയെങ്കിലും 1987-ൽ പുനരാരംഭിക്കുകയും 2006-ൽ വീണ്ടും നിറുത്തലാക്കുകയും ചെയ്തു.
2012 ജനുവരിയിൽ മംഗോളിയയിൽ പാർലമെന്റ് വധശിക്ഷ നിറുത്തലാക്കുന്ന ബില്ല് നിയമമാക്കി.[38]
ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 2015 ൽ 1634 പേർ വധശിക്ഷക്ക് ഇരയായിട്ടുണ്ട്.[39] ചൈനയിൽ നടന്ന വധശിക്ഷകളുടെ കണക്ക് ലഭ്യമല്ല. ലോകത്തിൽ നടന്ന വധശിക്ഷയുടെ കണക്കെടുത്താൽ 90 ശതമാനവും നടന്നത് ഇറാൻ, പാകിസ്താൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ്.[40]
ഇന്ത്യയിൽ തൂക്കിക്കൊലയിലൂടെയാണ് വധശിക്ഷ നടപ്പാക്കുന്നത്. സിംഗപ്പൂരിൽ വധശിക്ഷ വിധിച്ചവരെ വെടിവെച്ച് കൊല്ലുന്നു. അമേരിക്കയിൽ സാധാരണഗതിയിൽ വിഷം കുത്തിവെച്ചാണ് വധശിക്ഷ വിധിച്ചവരെ കൊല്ലുക. തൂക്കിക്കൊലയും ഗ്യാസ് ചേമ്പറും വെടിവയ്പും ഇലക്ട്രിക് ചെയറും ഉൾപ്പെടെ മറ്റു രീതികളും നിലവിലുണ്ട്.
ലോകത്തിൽ ധാരാളം രാജ്യങ്ങളിൽ മരണശിക്ഷ നൽകാനുള്ള പ്രധാന മാർഗ്ഗമായി തൂക്കുകയർ ഉപയോഗിക്കാറുണ്ട്.
ബ്രിട്ടണിൽ നിന്ന് കുറ്റവാളികളെ നാടുകടത്തിയിരുന്ന പീനൽ കോളനി എന്ന നിലയിൽ തുടക്കം മുതൽ തന്നെ ആസ്ട്രേലിയയിൽ വധശിക്ഷ നിലവിലുണ്ടായിരുന്നു. വീടുകയറി മോഷണം, ആടിനെ മോഷ്ടിക്കൽ, വ്യാജരേഖയുണ്ടാക്കൽ, ലൈംഗികാക്രമണം, മനഃപൂർവവും അല്ലാതെയുമുള്ള കൊലപാതകം എന്നിവയൊക്കെ അവിടെ പത്തൊമ്പതാം നൂറ്റാണ്ടിൽ വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളായിരുന്നു. വർഷം 80 പേരോളം ആസ്ട്രേലിയയിൽ തൂക്കിലേറ്റപ്പെട്ടിരുന്നു.
1985-ൽ ആസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും വധശിക്ഷ നിർത്തലാക്കി.[41] തൂക്കുകയറിലൂടെയോ അല്ലാതെയോ ആസ്ട്രേലിയയിൽ അവസാനമായി വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട വ്യക്തിയാണ് 1967 ഫെബ്രുവരി 3ന് വിക്ടോറിയയിൽ തൂക്കിലേറ്റപ്പെട്ട റൊണാൾഡ് റയൻ.[42][43]
ബ്രസീലിന്റെ ആധുനികചരിത്രത്തിൽ വധശിക്ഷ നടപ്പിലാക്കിയിരുന്നത് തൂക്കുകയറിലൂടെയാണ്. ടൈറേഡെന്റെസ് (1792) പോലെ പല ചരിത്രനായകന്മാരെയും തൂക്കിക്കൊന്നിട്ടുണ്ട്. ബ്രസീലിൽ തൂക്കിക്കൊന്ന അവസാനയാൾ 1876-ൽ വധിക്കപ്പെട്ട ഫ്രാൻസിസ്കോ എന്ന അടിമയാണ്.[44] 1890-ൽ യുദ്ധമോ പട്ടാളനിയമമോ പോലുള്ള അസാധാരണ സന്ദർഭങ്ങളിലൊഴികെ വധശിക്ഷ ഇല്ലാതാക്കി.[45]
ബൾഗേറിയയുടെ ചരിത്രനായകൻ വാസിൽ ലെവ്സ്കിയെ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കോടതി വിധിപ്രകാരം 1873-ൽ സോഫിയയിൽ വച്ച് തൂക്കിക്കൊന്നു. ബൾഗേറിയ സ്വതന്ത്രമായതു മുതൽ എല്ലാ വർഷവും ആയിരക്കണക്കിനാൾക്കാർ അദ്ദേഹം മരിച്ച ദിവസമായ ഫെബ്രുവരി 19-ന് വധശിക്ഷ നടപ്പാക്കിയ സ്ഥലത്തുള്ള സ്മാരകത്തിൽ പുഷ്പങ്ങളർപ്പിക്കാനെത്താറുണ്ട്.
ബൾഗേറിയയിലെ അവസാന വധശിക്ഷ 1988-ലാണ് നടപ്പിലാക്കിയത്. തന്റെ രണ്ടു മക്കളെ കൊലപ്പെടുത്തിയ എലീന സ്ലാറ്റോവ എന്ന സ്ത്രീയെ അന്ന് വെടിവെച്ചാണ് കൊന്നത്.[46] 1998-ൽ ബൾഗേറിയയിൽ മരണശിക്ഷ പൂർണ്ണമായി ഇല്ലാതാക്കി.[45]
തൂക്കുകയറാണ് കാനഡയിൽ എല്ലാത്തരം കൊലപാതകങ്ങൾക്കും നൽകിവന്നിരുന്ന വധശിക്ഷയ്ക്കായി 1961 വരെ ഉപയോഗിച്ചിരുന്നത്. അതിനുശേഷം കൊലപാതകങ്ങളെ വധശിക്ഷ അർഹിക്കുന്നവയും അല്ലാത്തവയും എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ചു. 1998-ൽ വധശിക്ഷ പൂർണ്ണമായും ഇല്ലാതാക്കപ്പെട്ടു.[47]
കാനഡയിൽ അവസാനമായിൽ മരണശിക്ഷ നടപ്പിലാക്കിയത് 1962 ഡിസംബർ 11-നാണ്.[45]
ചാരപ്രവൃത്തി ആരോപിച്ച് 1955-ൽ ഈജിപ്റ്റ് 3 ഇസ്രായേലികളെ തൂക്കിക്കൊന്നിരുന്നു.[48][49] 2004-ൽ അഞ്ച് തീവ്രവാദികളെ പ്രധാനമന്ത്രിയെ കൊല്ലാൻ ശ്രമിച്ചു എന്ന കുറ്റമാരോപിച്ച് തൂക്കിക്കൊന്നു.[50]
1939 മുതൽ 1945 വരെ നാസികൾ നിയന്ത്രിച്ചിരുന്ന മേഖലകളിൽ സസ്പൻഷൻ ഹാംഗിങ്ങ് ആണ് പരസ്യമായ വധശിക്ഷയ്ക്ക് ഉപയോഗിച്ചിരുന്ന മാർഗ്ഗം. കൂടുതൽ കുറ്റവാളികളെയും ഗില്ലറ്റിൻ ഉപയോഗിച്ചാണ് വധിച്ചിരുന്നത്. കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കുമായിരുന്നു, സാധാരണഗതിയിൽ, വധശിക്ഷ നൽകിയിരുന്നത്. ഇവരുടെ മൃതശരീരങ്ങൾ വളരെ നേരം തൂക്കിയിട്ട് പ്രദർശിപ്പിച്ചിരുന്നു. കോൺസൻട്രേഷൻ ക്യാമ്പുകളിലും ധാരാളം പേരെ തൂക്കിക്കൊന്നിരുന്നു. യുദ്ധശേഷം ബ്രിട്ടനും യു.എസും നിയന്ത്രിച്ചിരുന്ന മേഖലകളിൽ തുടർന്നും തൂക്കിക്കൊല വധശിക്ഷയ്ക്കായി ഉപയോഗിച്ചിരുന്നു. ഇത് പടിഞ്ഞാറൻ ജർമനിയുടെ സർക്കാർ 1949-ൽ ജർമൻ ഭരണ ഘടനയിലൂടെ വധശിക്ഷ നിറുത്തലാക്കിയ ശേഷവും തുടർന്നിരുന്നു. പടിഞ്ഞാറൻ ബർലിനിൽ ജർമനിയുടെ അടിസ്ഥാന നിയമങ്ങൾ തുടക്കത്തിൽ ബാധകമല്ലായിരുന്നു. 1951-ൽ ബർലിനിലും വധശിക്ഷ ഇല്ലാതാക്കി. ജർമൻ ഡമോക്രാറ്റിക് റിപ്പബ്ലിക് 1987-ലാണ് വധശിക്ഷ നിറുത്തലാക്കിയത്. പടിഞ്ഞാറൻ ജർമനിയിൽ കോടതിവിധിയിലൂടെ ഏറ്റവും അവസാനം വിധിച്ച മരണശിക്ഷ 1949-ൽ മോബിറ്റ് ജയിലിൽ ഗില്ലറ്റിൻ ഉപയോഗിച്ചാണ് നടപ്പിലാക്കിയത്. 1951 ജൂൺ 7-ന് ലാന്റ്സ്ബർഗ് ആം ലെക്ക് എന്ന സ്ഥലത്ത് കുറേ യുദ്ധക്കുറ്റവാളികളെ തൂക്കിലേറ്റിയതാണ് പടിഞ്ഞാറൻ ജർമനിയിൽ നടന്ന അവസാന തൂക്കുശിക്ഷ. കിഴക്കൻ ജർമനിയിൽ അവസാനത്തെ വധശിക്ഷ 1981-ൽ കഴുത്തിൽ വെടിവച്ചാണ് നടപ്പിലാക്കിയത്.[41]
1956-ലെ വിപ്ലവകാലത്ത് ഹങ്കറിയിലെ പ്രധാനമന്ത്രിയായിരുന്ന ഇർമെ നാഗിയെ പുതുതായി വന്ന സോവിയറ്റ് പിന്തുണയുള്ള സർക്കാർ രഹസ്യമായി വിചാരണ ചെയ്ത് തൂക്കിക്കൊന്നശേഷം മറവുചെയ്തു. 1958-ൽ നാഗിയെ സർക്കാർ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു.[51] 1990-മുതൽ ഹങ്കറിയിൽഎല്ലാ കുറ്റങ്ങൾക്കും വധശിക്ഷ ഒഴിവാക്കപ്പെട്ടു.[41]
ഇന്ത്യയിലെ എല്ലാ വധശിക്ഷകളും മരണം വരെ തൂക്കിലേറ്റിയാണ് നടപ്പിലാക്കുന്നത്.
മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാധുറാം ഗോഡ്സെയെ 1949-ൽ തൂക്കിലേറ്റി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വധശിക്ഷയായിരുന്നു അത്. ഇന്ത്യയുടെ സുപ്രീം കോടതി വധശിക്ഷ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രമേ നടപ്പാക്കാവൂ എന്ന് മാർഗ്ഗ നിർദ്ദേശം നൽകിയിട്ടുണ്ട്.[52]
അടുത്തകാലത്ത് നടപ്പിലായ ഒരു വധശിക്ഷ ഹേതൽ പരേഖ് എന്ന 14 കാരിയെ 1990-ൽ കൊൽകൊത്തയിൽ വച്ച് ബലാത്സംഗം ചെയ്ത ശേഷം കൊന്ന കേസിൽ കുറ്റക്കാരൻ എന്ന് വിധിക്കപ്പെട്ട ധനൻജോയ് ചാറ്റർജീ എന്ന ആളുടേതായിരുന്നു. കൊല ചെയ്ത രീതി, തലയ്ക്കടിച്ച ശേഷം പെൺകുട്ടി മരണത്തിലേയ്ക്ക് വഴുതി വീണുകൊണ്ടിരുന്ന അവസരത്തിൽ ബലാത്സംഗം ചെയ്യൽ എന്നിവയൊക്കെ വധശിക്ഷ നൽകത്തക്ക വിധം നിഷ്ടൂരമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇന്ത്യൻ പ്രസിഡന്റിന്റെ ദയാഹർജി തള്ളപ്പെട്ടപ്പോൾ ചാറ്റർജിയെ 2004 ഓഗസ്റ്റ് 14-ന് തൂക്കിക്കൊന്നു. 1995-നു ശേഷം ഇന്ത്യയിൽ നടന്ന ആദ്യ വധശിക്ഷയായിരുന്നു അത്.[53]
2014-ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 476 പേർ വധശിക്ഷ വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നുണ്ട്.[54]
ഇറാനിൽ തൂക്കിക്കൊല്ലലാണ് പ്രധാനമായി വധശിക്ഷയ്ക്കുപയോഗിക്കുന്ന മാർഗ്ഗം. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്നു കള്ളക്കടത്ത് എന്നീ കുറ്റങ്ങൾക്ക് ഇതാണ് നിയമപരമായ ശിക്ഷ. കുറ്റവാളി ദിയ്യ എന്ന ചോരപ്പണം ഇരയുടെ കുടുംബത്തിന് നൽകി അവരുടെ മാപ്പ് നേടിയെടുത്താൽ ശിക്ഷയിൽ നിന്ന് രക്ഷപെടാം. കേസ് പൊതുജനരോഷമുണ്ടാക്കുന്നുണ്ടെന്ന് കണ്ടാൽ, കുറ്റം നടന്ന സ്ഥലത്തുവച്ച് പരസ്യമായി പ്രതിയെ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കൽ ഏത് ന്യായാധിപനും ഇവിടെ വിധിക്കാനാകും. ഒരു ക്രെയ്ൻ ഉപയോഗിച്ച് ശിക്ഷിതനെ തൂക്കി ഉയർത്തി മരണം പ്രദർശിപ്പിക്കുകയാണ് സാധാരണ ചെയ്യുക.[55] 2005 ജൂലൈ 19-ന് മഹ്മോദ് അൻസാരി, അയാസ് മർഹോനി എന്നീ പതിനഞ്ചും പതിനേഴും വയസ്സുകാരെ ഒരു പതിന്നാലുകാരൻ ബലാത്സംഗം ചെയ്തു, സ്വവർഗ്ഗരതിയിലേർപ്പെട്ടു എന്നീ കുറ്റങ്ങൾക്ക് എഡലാത് (നീതി) ചത്വരത്തിൽ വച്ച് തൂക്കിക്കൊന്നു.[56][57] 2004 ആഗസ്ത് 15-ന് അതെഫെ ഷലീഹ് എന്ന പതിനാറുകാരിയെ ചാരിത്രത്തിന് നിരക്കാത്ത പ്രവർത്തികൾ ചെയ്തു എന്ന കുറ്റത്തിന് തൂക്കിക്കൊന്നു. .[58]
2008 ജൂലൈ 27-ന് പുലർച്ചെ ഇറാനിയൻ സർക്കാർ 29 ആൾക്കാരെ ടെഹ്രാനിലെ എവിൻ ജയിലിൽ വച്ച് തൂക്കിക്കൊന്നു.[59] 2008 ഡിസംബർ 2-ന് കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ കാസെറോൺ ജയിലിൽ വച്ച് ഇരയുടെ കുടുംബം മാപ്പു നൽകി നിമിഷങ്ങൾക്കുള്ളിൽ തൂക്കിയെങ്കിലും കയററുത്ത് ആശുപത്രിയിലെത്തിച്ച് രക്ഷപെടുത്തി.[60]
സദ്ദാം ഹുസൈന്റെ ഭരണകാലത്ത് തൂക്കിക്കൊല്ലൽ നിലവിലുണ്ടായിരുന്നുവെങ്കിലും [61] മരണശിക്ഷയും തൂക്കിക്കൊല്ലലും 2003 ജൂൺ 10-ൻ അമേരിക്കയുടെ നേതൃത്വത്തിൽ ഇറാഖ് കീഴടക്കപ്പെട്ടപ്പോൾ നിർത്തിവയ്ക്കപ്പെട്ടു. മരണശിക്ഷ 2004 ഓഗസ്റ്റ് 8-ന് പുനസ്ഥാപിക്കപ്പെട്ടു.[62]
2005 സെപ്റ്റംബറിൽ തൂക്കിക്കൊല്ലപ്പെട്ട മൂന്ന് കൊലപാതകികളാണ് പുന:സ്ഥാപനത്തിനു ശേഷം വധിക്കപ്പെട്ട ആദ്യത്തെ ആൾക്കാർ. 2006 മാർച്ച് 9-ന് ഇറാക്കിന്റെ പരമോന്നത നീതിന്യായ കൗൺസിലിന്റെ ഉദ്യോഗസ്ഥൻ ഒരു സായുധ കലാപകാരിയെ തൂക്കിക്കൊന്നതായി സ്ഥിരീകരിച്ചു.[63]
സദ്ദാം ഹുസൈനെ മാനവരാശിക്കെതിരായ കുറ്റങ്ങൾക്ക് തൂക്കിക്കൊല്ലാൻ 2006 നവംബർ 5-ന് വിധിച്ചു.[64] അദ്ദേഹത്തെ 2006 ഡിസംബർ 30-ന്, പുലർച്ചെ ഉദ്ദേശം ആറുമണിക്ക് തൂക്കിക്കൊന്നു. തൂക്കുകയറിലുള്ള വീഴ്ച്ചയ്ക്കിടെ കഴുത്തൊടിയുന്നതിന്റെ ശബ്ദം കേട്ടിരുന്നുവത്രേ. ദൈർഘ്യം കൂടിയ വീഴ്ചയിലൂടെയുള്ള തൂക്കിക്കൊല വിജയകരമായി നടന്നു എന്നതിന്റെ (ദുരിതം കൂടാതെ വളരെപ്പെട്ടെന്ന് ആൾ മരിച്ചു എന്നതിന്റെ) ലക്ഷണമാണിത്.[65] ഒരാഴ്ച്ചയ്ക്ക് ശേഷം പുറത്തുവന്നൊരു വീഡിയോയിൽ അദ്ദേഹത്തിന്റെ കഴുത്തിൽ വലിയൊരു മുറിവ് കാണപ്പെട്ടതുകാരണം ശരിയായ രീതിയിലാണോ വധശിക്ഷ നടപ്പിലാക്കിയതെന്ന സംശയമുയർന്നിരുന്നു.[66]
സദ്ദാം ഹുസൈന്റെ സുരക്ഷാസേനയായിരുന്ന മുഖാബരാത്തിന്റെ തലവനായിരുന്ന ബർസാൻ ഇബ്രാഹീം എന്നയാളുടെയും, മുൻപ് മുഖ്യന്യായാധിപനായിരുന്ന അവാദ് ഹമീദ് അൽ-ബന്ദർ എന്നയാളുടെയും തൂക്കിക്കൊല 2007 ജനുവരി 15-നാണ് നടപ്പിലാക്കിയത്. ബർസാന്റെ ശിരസ്സ് വധശിക്ഷയ്ക്കിടെ ഛേദിക്കപ്പെട്ടുപോയി. വീഴ്ച്ചയുടെ ദൈർഘ്യം കൂടുതലായിരുന്നു എന്നതിന്റെ തെളിവാണിത്.[67]
പഴയ വൈസ്-പ്രസിഡന്റ് താഹ യാസ്സിൻ റമദാൻ ജീവപര്യന്തം തടവിന് 2006 നവംബർ അഞ്ചിന് ശിക്ഷിക്കപ്പെട്ടുവെങ്കിലും ശിക്ഷ തൂക്കിക്കൊലയായി 2007 ഫെബ്രുവരി 12-ന് മാറ്റി.[68] 1982-ലെ മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾക്ക് തൂക്കിലേറ്റപ്പെട്ട അവസാനത്തെ ആളാണ് അദ്ദേഹം. 2007 മാർച്ച് 20-ന് അദ്ദേഹത്തെ തൂക്കിലേറ്റി.[69]
അൽ-അൻഫാലിലെ (കുർദുകൾക്കെതിരായ) കുറ്റങ്ങൾക്ക് അലി ഹസ്സൻ അൽ-മജീദി (കെമിക്കൽ അലി), പഴയ പ്രതിരോധ മന്ത്രി സുൽത്താൻ ഹഷീം അഹമദ് അൽ-തായ്, ഹുസൈൻ റഷീദ് മൊഹമ്മദ് എന്നിവരെ 2007 ജൂൺ 24-ന്ന് തുക്കിക്കൊന്നു.[70] കെമിക്കൽ അലിയെ മൂന്നു തവണ കൂടി മരണ ശിക്ഷയ്ക്ക് വിധിച്ചു. 1991-ലെ ഷിയ കലാപം അടിച്ചമർത്തിയതിന് അബ്ദുൾ-ഘാനി അബ്ദുൾ ഗഫൂറിനൊപ്പം 2008 ഡിസംബർ 2നും;[71] 1999-ൽ ആയത്തൊള്ള മുഹമ്മദ് അൽ-സദറിന്റെ മരണത്തോടനുബന്ധിച്ച സംഭവങ്ങൾക്ക് 2009 മാർച്ച് 2-നും;[72] 1988-ൽ കുർദുകൾക്കെതിരേ വിഷവാതകം പ്രയോഗിച്ചതിന് 2010 ജനുവരി 17-നും.[73] അദ്ദേഹത്തെ 2010 ജനുവരി 25-ന് തൂക്കിലേറ്റി.[74]
സദ്ദാം ഹുസൈന്റെ ഒരു ഉയർന്ന മന്ത്രിയായിരുന്ന താരിഖ് അസീസിനെ പ്രതിപക്ഷ ഷിയാ പാർട്ടി അംഗങ്ങളെ വേട്ടയാടിയതിന് 2010 ഒക്ടോബർ 26-ൻ തൂക്കിക്കൊല്ലാൻ വിധിച്ചു.[75]
2011 ജൂലൈ 14-ന് സുൽത്താൻ ഹാഷിം അൽ-തായ് എന്നയാളെയും സദ്ദാം ഹുസൈന്റെ രണ്ട് അർദ്ധസഹോദരന്മാരായ സബാവി ഇബ്രാഹിം അൽ-തിക്രീതി, വത്ബാൻ ഇബ്ഖിം അൽ-തിക്രീതി എന്നിവരെയും വധശിക്ഷ നടപ്പാക്കുന്നതിനായി ഇറാക്ക് അധികാരികൾക്ക് കൈമാറ്റം ചെയ്തു.[76] സാധനവിലകൾ തങ്ങൾക്കനുകൂലമാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് പണ്ട് 42 കച്ചവടക്കാരെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടായിരുന്നതിനാലാണ് സദ്ദാമിന്റെ അർദ്ധസഹോദരന്മാരെ തൂക്കിക്കൊല്ലാൻ 2009 മാർച്ച് 11-ന് വിധിച്ചത്.[77]
ഇറാക്ക് സർക്കാർ വധശിക്ഷാ നിരക്ക് രഹസ്യമായി വയ്ക്കുന്നതായി ആരോപണമുണ്ട്, എല്ലാ വർഷവും നൂറുകണക്കിനാളുകളെ തൂക്കിലേറ്റുന്നുണ്ടാവാം. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 2007-ൽ 900 ആൾക്കാർ ഇറാക്കിൽ തൂക്കിക്കൊല്ലപ്പെടാൻ അത്യധികം സാദ്ധ്യതയുള്ള നിലയിൽ കഴിയുകയാണ്.
ഇസ്രായേലിന്റെ ക്രിമിനൽ നിയമത്തിൽ വധശിക്ഷയ്ക്ക് വകുപ്പുണ്ടെങ്കിലും രണ്ടു പേരെ മാത്രമേ ഇസ്രായേൽ ഇതുവരെ വധശിക്ഷക്കു വിധേയരാക്കിയിട്ടുള്ളു. നാസി നേതാവ് അഡോൾഫ് എയ്ക്ക്മാനെ 1962 മേയ് 31-നും, ഒറ്റുകാരനെന്നാരോപിച്ച് ഇസ്രായേൽ പട്ടാളക്കാരനായ മെയർ തോബിയാൻസ്കിയേയുമാണ് ഇസ്രായേൽ വധിച്ചിട്ടുള്ളു.[78] കൊലപാതകം,വിഗ്രഹാരാധന, വ്യഭിചാരം തുടങ്ങിയ 36 വിവിധ തരം കുറ്റങ്ങൾ ചെയ്യുന്നവരേയാണ് ഇസ്രായേലിൽ വധശിക്ഷക്കു വിധിക്കുന്നത്. ആധുനിക കാലഘട്ടത്തിലും, വധശിക്ഷ പാടില്ലെന്ന നിലപാടാണ് ജൂത പണ്ഡിതന്മാർക്കുള്ളത്. 1949 ൽ കൊലപാതക്കുറ്റം ആരോപിച്ച് രണ്ടു അറബ് വംശജരെ ഇസ്രായേൽ കോടതി വധശിക്ഷക്കു വിധിച്ചുവെങ്കിലും, ഇസ്രായേൽ പ്രസിഡന്റായിരുന്ന ചെയിം വിസ്മാൻ ഇടപെട്ട് വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.[79]
ടോക്കിയോ സബ് വേയിൽ സാരിൻ ഗാസുപയോഗിച്ച് ആക്രമണം നടത്തിയതിന്റെ മുഖ്യ ആസൂത്രകനായ ഷോക്കോ അസഹാര എന്നയാളെ 2004 ഫെബ്രുവരി 27-ന് തൂക്കിക്കൊല്ലുക എന്ന ശിക്ഷയ്ക്ക് വിധിച്ചു. സീരിയൽ കൊലപാതകിയായ ഹിരോആകി ഹിഡാകയെയും മറ്റു മൂന്നു പേരെയും 2006 ഡിസംബർ 25-ന് ജപ്പാനിൽ തൂക്കിക്കൊന്നു. തൂക്കിക്കൊലയാണ് വധശിക്ഷ നടപ്പാക്കാൻ ജപ്പാനിൽ ഉപയോഗിക്കുന്ന പ്രധാന മാർഗ്ഗം. നോറിയോ നഗയാമ,[80] മാമോറു ടകുമ,[81] സുടോമു മിയസാകി എന്നിവർ ഉദാഹരണം.[82]
തൂക്കുകയറാണ് ജോർദാനിൽ പരമ്പരാഗതമായി വധശിക്ഷയ്ക്കുപയോഗിക്കുന്ന മാർഗ്ഗം. 1993-ൽ ഇസ്രായേലിനു വേണ്ടി ചാരപ്രവർത്തി നടത്തി എന്നാരോപിച്ച് രണ്ട് ജോർഡാൻകാരെ തൂക്കിലേറ്റി.[83] 2000, 2006 ഇടക്കുള്ള കാലയളവിൽ 41 പേരെ ജോർദാൻ തൂക്കിലേറ്റിയിട്ടുണ്ട്. ലൈംഗികാതിക്രമം, തീവ്രവാദം, കൊലപാതകം എന്നിവയായിരുന്നു തൂക്കിലേറ്റപ്പെട്ടവർക്കെതിരേ ചുമത്തപ്പെട്ട കുറ്റങ്ങൾ.[84]
2006 ൽ അന്താരാഷ്ട്രനിയമങ്ങൾമൂലം വധശിക്ഷ നിറുത്തിവെച്ച ജോർദ്ദാൻ 2014 ൽ അതു പുനസ്ഥാപിക്കുകയുണ്ടായി. 2014 ൽ കൊലപാതക്കുറ്റം തെളിയിക്കപ്പെട്ട 11 പുരുഷന്മാരെ ജോർദാൻ തൂക്കിലേറ്റി.[85] വധശിക്ഷ പുനസ്ഥാപിച്ച ജോർദ്ദാനെതിരേ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ കടുത്ത വിമർശനമുയർത്തിയിരുന്നു.[86] കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർദ്ധിച്ചതാണ് വധശിക്ഷ പുനസ്ഥാപിക്കാനുള്ള കാരണമെന്നാണ് ജോർദാൻ അധികൃതർ ഇത്തരം വിമർശനങ്ങൾക്കെതിരേ പ്രതികരിച്ചത്.[87] ജോർദ്ദാൻ പൈലറ്റായിരുന്ന മുവാത്ത് അൽ കസസ്ബെയെ വധിച്ച കുറ്റത്തിന് രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് പൗരന്മാരെ 2015 ഫെബ്രുവരി 4 ന് ജോർദ്ദാൻ തൂക്കിലേറ്റി.[88][89]
സഹോദരീസഹോദരന്മാരായ രണ്ടുപേരെ കൊന്ന കുറ്റത്തിന് 1998-ൽ ലെബനണിൽ രണ്ടു പേരെ തൂക്കിക്കൊന്നിരുന്നു.[90] 2004 ൽ ലെബനോണിൽ വധശിക്ഷ പുനരാരംഭിച്ചു. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നിട്ടും കുറ്റവാളികളെ വധിക്കാൻ ലെബനോൺ തീരുമാനിച്ചു. മൂന്നുപേരിൽ രണ്ടുപേരെ ഫയറിങ് സ്ക്വാഡിനെക്കൊണ്ട് വെടിവെപ്പിച്ചും, മറ്റൊരാളെ കയറിൽ തൂക്കിയുമായാണ് വധിച്ചത്.[91][92]
വധശിക്ഷ നിരോധിക്കാത്ത ഒരു രാജ്യമാണ് മലേഷ്യ.[93] തൂക്കുകയറാണ് വധശിക്ഷയ്ക്ക് മലേഷ്യയിൽ വളരെനാളായി ഉപയോഗിച്ചു വരുന്ന മാർഗ്ഗം. രാജ്യദ്രോഹം, മയക്കുമരുന്നു കടത്ത്, തീവ്രവാദം കൊലപാതകം എന്നീ കുറ്റങ്ങൾക്ക് മലേഷ്യയിൽ വധശിക്ഷ നൽകിവരുന്നു. 2003 മുതൽ ബലാൽസംഗത്തിന്നും ഇവിടെ വധശിക്ഷ നൽകിയിരുന്നു.[94] ചാട്ടവാറുകൊണ്ടുള്ള അടിയും, തൂക്കുകയറിലേറ്റുകയുമാണ് മലേഷ്യയിൽ തട്ടിക്കൊണ്ടുപോകലിനു ശിക്ഷയായി നൽകുന്നത്. വിദേശികൾക്കും ഈ ശിക്ഷ ബാധകമാണ്. വധശിക്ഷ വിധിക്കാനുള്ള അവകാശം രാജ്യത്തെ ഹൈക്കോടതികൾക്കു മാത്രമേയുള്ളു. 2016 ൽ ഇതുവരെ 3 പേരെ വധശിക്ഷക്കു വിധേയരാക്കി.[95]
1970 നും 2001 നും ഇടയിലുള്ള കാലഘട്ടത്തിൽ മലേഷ്യയിൽ 359 പേരെ വധശിക്ഷക്കിരയാക്കിയിട്ടുണ്ട്. ബ്രിട്ടന്റെ കോളനിയായിരുന്നു മലേഷ്യ. ബ്രിട്ടന്റെ നിയമങ്ങളും, ഇസ്ലാം മതത്തിലെ നിയമങ്ങളുമാണ് മലേഷ്യയിൽ വധശിക്ഷ സ്വീകാര്യമാകാൻ കാരണമായതെന്നു കരുതപ്പെടുന്നു. വനിതകളേയും മലേഷ്യയിൽ വധശിക്ഷക്കിരയാക്കിയിട്ടുണ്ട്.[96]
1846 ഏപ്രിൽ 16നാണ് പോർച്ചുഗലിൽ അവസാനമായി വധശിക്ഷ നടന്നത്.[97] അതിനു മുൻപ് തൂക്കിക്കൊല സാധാരണയായി നൽകപ്പെടുന്ന വധശിക്ഷയായിരുന്നു. പോർച്ചുഗലിൽ വധശിക്ഷ പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.[98]
തൂക്കുകയറാണ് പാകിസ്താനിൽ വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന പ്രധാന മാർഗ്ഗം. 2008 മുതൽ പാകിസ്താനിൽ വധശിക്ഷ നിരോധിച്ചിരിക്കുകയായിരുന്നു. പെഷവാർ സ്കൂളിലെ കൂട്ടക്കൊലക്കുശേഷം, പാകിസ്താൻ വധശിക്ഷക്കുണ്ടായിരുന്ന നിരോധനം ഉപേക്ഷിച്ചു.[99]
2016 ൽ പാകിസ്താൻ 56 പേരെ തൂക്കിക്കൊന്നു.[100]
റഷ്യൻ സാമ്രാജ്യത്തിൽ പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ നിലവിലിരുന്ന ശൂലത്തിൽ കയറ്റലിനു (ഇംപേൽമെന്റ്) പകരം റോമനോവ് രാജവംശത്തിന്റെ കാലത്ത് തൂക്കുശിക്ഷ പ്രചാരത്തിലായി.
തൂക്കിക്കൊല്ലലും പാട്ടകൃഷിയും (സെർഫ്ഡം) അലക്സാണ്ടർ II എന്ന ഭരണാധികാരിയുടെ കാലത്ത് ഇല്ലാതാക്കിയെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ അവ പുനഃസ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൊലയാളികളെ തൂക്കിക്കൊല്ലുകയാണുണ്ടായത്. കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പലരുടെയും ശിക്ഷ സാധാരണ ജീവപര്യന്തമായി ഇളവു ചെയ്തുകൊടുത്തിരുന്നുവെങ്കിലും രാജദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരെ തൂക്കിക്കൊന്നിരുന്നു. ഫിൻലാന്റിലെ ഗ്രാന്റ് ഡച്ചി, പോളണ്ട് രാജ്യം എന്നിങ്ങനെ റഷ്യൻ സാമ്രാജ്യത്തിന് കീഴിലായിരുന്ന സ്ഥലങ്ങളിലും ഇതായിരുന്നു സ്ഥിതി. ടാവെറ്റി ലൂക്കാരിനെൻ എന്ന ഫിൻലന്റുകാരനെ ചാരപ്രവർത്തിക്കും രാജ്യദ്രോഹത്തിനും ശിക്ഷയായി1916-ൽ തൂക്കിക്കൊന്നതാണ് ഇത്തരത്തിൽ ഒരു ഫിൻലന്റുകാരൻ മരിക്കുന്ന അവസാന സംഭവം.
സാധാരണ പൊതുജനങ്ങൾക്കുമുന്നിൽ വച്ച് ദൈർഘ്യം കുറഞ്ഞ വീഴ്ച്ചയുള്ള തുക്കിക്കൊല്ലലായിരുന്നു ഉപയോഗിച്ചിരുന്നത്. ലൂക്കാറിനെന്റെ കേസിലേതുപോലെ മരക്കൊമ്പിലോ പ്രത്യേകമായി തയ്യാറാക്കിയ തൂക്കുമരത്തിലോ ആയിരുന്നു തൂക്കിക്കൊല നടപ്പാക്കിയിരുന്നത്.
1917-ലെ വിപ്ലവത്തിന് ശേഷം മരണശിക്ഷ കടലാസിൽ നിറുത്തലാക്കിയെങ്കിലും ഭരണകൂടത്തിന്റെ ശത്രുക്കളെന്നു കരുതുന്നവർക്കെതിരെ അത് തുടർന്നും ഉപയോഗിച്ചു വന്നിരുന്നു. ബോൾഷെവിക്കുകൾക്ക് കീഴിൽ മിക്ക വധശിക്ഷകളും വെടിവയ്പ്പിലൂടെയായിരുന്നു നടപ്പാക്കിയിരുന്നത്. റഷ്യയിൽ അവസാനം തൂക്കിക്കൊല്ലപ്പെട്ടത് 1946-ൽ ആന്ദ്രേ വ്ലാസോവ് എന്നയാളും അനുയായികളുമായിരുന്നു.
സിങ്കപ്പൂരിൽ വീഴ്ചാദൈർഘ്യം കൂടിയ തൂക്കിക്കൊലയാണ് മയക്കുമരുന്ന് കള്ളക്കടത്ത്, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, അനുമതിയില്ലാതെ തോക്കുകൾ കൈവശം വയ്ക്കുക തുടങ്ങിയ പല കുറ്റകൃത്യങ്ങൾക്കും നിയമപരമായി നിർദ്ദേശിക്കുന്ന ശിക്ഷ.[101]
സിറിയ പരസ്യമായി തൂക്കുശിക്ഷ നടപ്പിലാക്കാറുണ്ട്. 1952-ൽ രണ്ട് ജൂതന്മാരെയും 1965-ൽ ഇസ്രായേൽ ചാരൻ എലി കോഹനെയും ഇങ്ങനെ തൂക്കിക്കൊന്നിരുന്നു.[102][103][104]
ആംഗ്ലോ-സാക്സൺ കാലഘട്ടം മുതൽ നിയമപരമായ വധശിക്ഷാരീതിയായി തൂക്കിക്കൊല ഇംഗ്ലണ്ടിൽ നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നു.[105] അറിയപ്പെടുന്ന ആദ്യത്തെ ബ്രിട്ടീഷ് ആരാച്ചാരുടെ പേർ 1360-കളിൽ ജോലി ചെയ്തിരുന്ന തോമസ് ഡെ വാർബ്ലിൻടൺ എന്നയാളാണ്. പതിനാറാം നൂറ്റാണ്ടു മുതൽ 1964-ൽ അവസാനത്തെ തൂക്കുശിക്ഷ നടപ്പിലാക്കിയ ആരാച്ചാർമാരായ റോബർട്ട് ലെസ്ലി സ്റ്റ്യൂവാർട്ട്, ഹാരി അലൻ എന്നിവർ വരെയുള്ള എല്ലാവരുടെയും വിവരങ്ങൾ ലഭ്യമാണ്. 1955 ജൂലൈ 13-ന് തൂക്കിലേറ്റപ്പെട്ട റൂത്ത് എല്ലിസ് ആണ് അവസാനം വധശിക്ഷ ലഭിച്ച സ്ത്രീ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ശിക്ഷയായിരുന്നു നൽകി വന്നിരുന്നത്. മോഷണത്തിനു പോലും മരണ ശിക്ഷ നൽകപ്പെട്ടിരുന്നു.[106] 1814-ൽ പതിന്നാല് വയസ്സിൽ താഴെ പ്രായമുള്ള അഞ്ച് കുട്ടിക്കുറ്റവാളികളെ ഓൾഡ് ബെയ്ലി എന്ന സ്ഥലത്തു വച്ച് തൂക്കിക്കൊന്നു. ഇതിൽ ഇളയ കുട്ടിക്ക് എട്ടു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ.[107] 1868 വരെ തൂക്കുശിക്ഷകൾ പൊതുജനങ്ങളുടെ മുന്നിൽ വച്ചായിരുന്നു നടത്തിയിരുന്നത്.
1957-ൽ വധശിക്ഷ പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി കൊലപാതകങ്ങളെ രണ്ട് തലത്തിലുള്ളതായി തരം തിരിക്കപ്പെട്ടു. ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് മാത്രമേ വധശിക്ഷ നൽകപ്പെട്ടിരുന്നുള്ളൂ.
1965-ൽ പാർലമെന്റ് 5 വർഷത്തേയ്ക്ക് താത്കാലികമായി വധശിക്ഷ ഇല്ലാതെയാക്കി. 1969-ൽ ഇത് സ്ഥിരമാക്കി. പട്ടാളവുമായി ബന്ധപ്പെട്ട കേസുകളിലും ഇത് ബാധകമാണ്.
സിൽക്ക് കയർ
യു.കെ.യിൽ ചിലതരം കുറ്റം ചെയ്യുന്നവരെ സിൽക്ക് കയറുപയോഗിച്ച് തൂക്കിക്കൊന്നിരുന്നു.
മരണശിക്ഷ ചില സംസ്ഥാനങ്ങളിൽ നിലവിലുണ്ടെങ്കിലും മറ്റു ചില സംസ്ഥാനങ്ങൾ നിറുത്തലാക്കിയിട്ടുണ്ട്. ഫെഡറൽ നിയമപ്രകാരമുള്ള മരണശിക്ഷ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്.
1862-ൽ വെള്ളക്കാരായ പുതിയ താമസക്കാരെ കൊന്നൊടുക്കിയെന്ന കുറ്റത്തിന് 38 സിയോക്സ് ഇന്ത്യക്കാരെ തൂക്കിക്കൊന്നതാണ് അമേരിക്കയിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷ. 1862-ൽ മിനസോട്ടയിലെ മാങ്കാട്ടോ എന്ന സ്ഥലത്തുവച്ചാണിത് നടന്നത്.[110] പൊതുജനങ്ങൾക്കു മുന്നിൽ നടന്ന അവസാനത്തെ വധശിക്ഷ 1938 ഓഗസ്റ്റ് 14-ന് കെന്റക്കിയിലെ ഓവൻസ്ബൊറോയിലായിരുന്നു. 70 വയസ്സുള്ള ലിഷ എഡ്വാർഡ് എന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നതിന് റൈനി ബെതി എന്നയാളെയായിരുന്നു തൂക്കിക്കൊന്നത്. ഈ തൂക്കിക്കൊലയ്ക്ക് മേൽനോട്ടം നൽകിയത് കെന്റക്കിയിലെ ആദ്യത്തെ സ്ത്രീ ഷരിഫ്ഫായ (പോലീസ് മേധാവി) ഫ്ലോറൻസ് തോംസണായിരുന്നു.[111][112]
കാലിഫോർണിയയിൽ സാൻ ക്വെന്റിൻ ജയിലിൽ 1949-നും 1952-നും മദ്ധ്യേ വാർഡനായി ജോലി ചെയ്തിരുന്ന ക്ലിന്റൺ ഡഫ്ഫി എന്നയാൾ തൊണ്ണൂറിലധികം മരണശിക്ഷകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.[113] ജോലിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം മരണശിക്ഷയ്ക്ക് എതിരാവുകയും എൺപത്തെട്ട് ആണുങ്ങളും രണ്ട് പെണ്ണുങ്ങളും എന്ന പേരിൽ വധശിക്ഷ നിർത്തലാക്കുന്നതിനെ അനുകൂലിച്ച് ഒരു ഓർമക്കുറിപ്പ് പുറത്തിറക്കുകയുമുണ്ടായി. പല തൂക്കിക്കൊലകളും കുഴപ്പത്തിൽ അവസാനിക്കുന്നതും അതുമൂലം അദ്ദേഹത്തിനു മുന്നേ വാർഡനായിരുന്ന ജേംസ് ബി. ഹോളോഹാൻ എന്നയാൾ തൂക്കിക്കൊലയ്ക്ക് പകരം ഗ്യാസ് ചേമ്പർ ഉപയോഗിക്കാൻ കാലിഫോർണിയ നിയമസഭയോട് 1937-ൽ അപേക്ഷിച്ചതും മറ്റും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[114][115]
പലതരം വധശിക്ഷാ രീതികളും മാറി മിക്ക സ്റ്റേറ്റുകളിലും ഫെഡറൽ സർക്കാരിലും വിഷം കുത്തിവയ്പ്പായിട്ടുണ്ട്. തൂക്കിക്കൊല ശിക്ഷ വിധിക്കപ്പെട്ടയാളിന് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയായി നിലനിർത്തിയിരുന്ന മിക്ക സംസ്ഥാനങ്ങളും ഈ രീതി ഒഴിവാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട കൊലപാതകിയായ വിക്ടർ ഫ്യൂഗർ എന്നയാളാണ് അയോവ സംസ്ഥാനത്തു വച്ച് 1963 മാർച്ച് 15-ന് അവസാനമായി തൂക്കിലേറ്റപ്പെട്ടയാൾ. 1965-ൽ മരണശിക്ഷ ഒഴിവാക്കി പകരം പരോളില്ലാത്ത ജീവപര്യന്തം തടവ് നിലവിൽ വരുന്നതിന് മുൻപ് തൂക്കുശിക്ഷയായിരുന്നു അയോവയിൽ മുഖ്യ വധശിക്ഷാ രീതി.
ബാർട്ടൻ കേ കിർഹാം എന്നയാളാണ് യൂട്ടാ സംസ്ഥാനത്ത് അവസാനമായി തൂക്കിലേറ്റപ്പെട്ടയാൾ. അയാൾ വെടിവച്ച് കൊല്ലുന്നതിനു പകരം തൂക്കിക്കൊല തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് 1980-ൽ യൂട്ടായിൽ വിഷം കുത്തിവച്ച് കൊല്ലുന്ന രീതി നടപ്പിൽ വന്നു.
ഡെലാവേർ സംസ്ഥാനത്തിന്റെ നിയമം 1986-ൽ മാറ്റി തൂക്കുശിക്ഷയ്ക്ക് പകരം വിഷം കുത്തിവയ്പ് നിലവിൽ വന്നു. അതിനു മുന്നേ ശിക്ഷാ വിധി വന്നിരുന്ന ആൾക്കാർക്ക് തൂക്കുമരണം തിരഞ്ഞെടുക്കാൻ സാധിക്കുമായിരുന്നു. 1996-ൽ ബില്ലി ബെയ്ലി എന്നയാളെ തൂക്കിക്കൊന്നതാണ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അടുത്ത കാലത്തു നടന്ന തൂക്കിക്കൊല.
വാഷിംഗ്ടൺ, ന്യ ഹാംപ്ഷൈർ എന്നീ സംസ്ഥാനങ്ങളിൽ തൂക്കിക്കൊല ഇപ്പോഴും ഒരു തിരഞ്ഞെടുക്കാവുന്ന രീതിയായി നിലനില്ക്കുന്നുണ്ട്.[116]
1881-ൽ ന്യൂ യോർക്ക് സംസ്ഥാനം തൂക്കിക്കൊല്ലലിന് പകരം മനുഷ്യത്വത്തോടെ വധശിക്ഷ നടപ്പാക്കാൻ സാധിക്കുന്ന ഒരു പുതിയ രീതി നിർണയിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചു. ആൽഫ്രഡ് പി. സൗത്ത്വിക് എന്ന കമ്മിറ്റിയംഗം ഒരു മദ്യപാനി വൈദ്യുതാഘാതമേറ്റ് വളരെപ്പെട്ടെന്ന് മരിച്ച സംഭവത്തെപ്പറ്റി കേട്ടശേഷം വൈദ്യുതി വധശിക്ഷയ്ക്കുപയോഗിക്കാം എന്ന അഭിപ്രായം കൊണ്ടുവന്നു.[117] 1890 ഓഗസ്റ്റ് 6-ന് ന്യൂ യോർക്കിലെ ഔബേൺ ജയിലിൽ വധിക്കപ്പെട്ട വില്യം കെംലർ എന്നയാളാണ് വൈദ്യുതക്കസേര ഉപയോഗിച്ച് വധിക്കപ്പെട്ട ആദ്യത്തെയാൾ. ആരാച്ചാരായി പ്രവർത്തിച്ചത് സ്റ്റേറ്റ് ഇലക്ട്രീഷ്യൻ എഡ്വിൻ എഫ്. ഡേവിസ് എന്നയാളായിരുന്നു. ആദ്യത്തെ 17 സെക്കന്റ് വൈദ്യുത ഷോക്ക് കാരണം കെംലർ അബോധാവസ്ഥയിലായെങ്കിലും ഹൃദയമിടിപ്പും ശ്വാസച്ഛ്വാസവും നിന്നിരുന്നില്ല. കൂടെയുണ്ടായിരുന്ന ഡോക്ടർമാരായ എഡ്വേർഡ് ചാൾസ് സ്പിറ്റ്സ്ക, ചാൾസ് എഫ്. മക്ഡോണാൾഡ് എന്നിവർ കെംലറെ പരിശോധിച്ച് ജീവനുണ്ടെന്ന് കണ്ട ശേഷം ഡോ. സ്പിറ്റ്സ്ക വീണ്ടും വൈദ്യുതി പ്രയോഗിക്കാൻ ആവശ്യപ്പെട്ടു. വൈദ്യുതക്കസേര ഉപയോഗിച്ച് വധിച്ച ആദ്യത്തെ സ്ത്രീ മാർത്ത എം. പ്ലേസ് ആയിരുന്നു. സിങ് സിങ് ജയിലിൽ വച്ചാണ് 1899 മാർച്ച് 20-ന് മാർത്തയെ വധിച്ചത്.[118] ഒഹായോ (1897), മസാച്യൂസെറ്റ്സ് (1900), ന്യൂ ജേഴ്സി (1906), വിർജീനിയ (1908) എന്നീ സംസ്ഥാനങ്ങൾ തുടക്കത്തിലേ മരണശിക്ഷ നൽകാൻ ഈ മാർഗ്ഗം സ്വീകരിച്ചു. വേഗം തന്നെ ഐക്യനാടുകളിൽ ഇത് തൂങ്ങിമരണത്തിനെ പുറം തള്ളി പ്രധാന മരണശിക്ഷാ രീതിയായി.
എൺപതുകളിലെ കുഴപ്പത്തിലവസാനിച്ച ചില വധശിക്ഷകൾക്ക് ശേഷം നിയമനിർമാതാക്കൾ കൂടുതൽ മനുഷ്യത്വപരമായ വധശിക്ഷാ രീതികൾ അന്വേഷിച്ചു തുടങ്ങി. വിഷം കുത്തിവച്ചു കൊല്ലലാണ് പകരം വന്നത്.
കുറച്ചു പതിറ്റാണ്ടുകൾ ഫിലിപ്പീൻസിൽ ഈ മാർഗ്ഗം ഉപയോഗിക്കപ്പെട്ടിരുന്നു (ഫിലിപ്പീൻസിൽ വൈദ്യുതക്കസേര ആദ്യമായി ഉപയോഗിച്ചത് 1924-ലും അവസാനമായി ഉപയോഗിച്ചത് 1976-ലുമായിരുന്നു). 1966-നു ശേഷം വൈദ്യുതക്കസേര അമേരിക്കയിൽ കുറച്ചുകാലം ഉപയോഗിക്കാതായെങ്കിലും ഫിലിപ്പീൻസിൽ അത് തുടർന്നു.[119] 1972-ൽ മൂന്നു പേരെ ഇപ്രകാരം ഫിലിപ്പീൻസിൽ വധിക്കുകയുണ്ടായി.
ബ്രിട്ടൻ ചില കാരണങ്ങളാൽ ഈ രീതി പരിഗണിച്ചിട്ടുണ്ട്. 2006-ൽ പുറത്തിറക്കിയ ബ്രിട്ടീഷ് യുദ്ധ കാബിനറ്റിന്റെ റിപ്പോർട്ട് കാണിക്കുന്നത് വിൻസ്റ്റൺ ചർച്ചിൽ 1942-ൽ നിർദ്ദേശിച്ചത് അഡോൾഫ് ഹിറ്റ്ലറിനെ പിടികൂടാൻ സാധിച്ചാൽ ഉടനടി അമേരിക്കയിൽ നിന്നു വരുത്തിയ ഒരു വൈദ്യുതക്കസേരയിൽ വച്ച് വധശിക്ഷ നടപ്പാക്കണമെന്നാണ്.[120]
1888 ജനുവരി 17-ന് ജൂലിയസ് മൗണ്ട് മേയർ എന്നയാളാണ് ഈ മാർഗ്ഗം മുന്നോട്ടുവച്ചത്.[121] ന്യൂ യോർക്കിലെ ഒരു ഡോക്ടർ ഇത് തൂക്കിക്കൊലയേക്കാൾ ചെലവു കുറഞ്ഞതാണെന്ന് വാദിച്ചു.[122] ബ്രിട്ടനിലെ റോയൽ കമ്മീഷൻ ഈ മാർഗ്ഗം പരിഗണിച്ചെങ്കിലും (1949–53) ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ എതിർപ്പുകാരണം തള്ളിക്കളയുകയുണ്ടായി.[122]
1977 മേയ് 11-ന് ഓക്ലഹോമയിലെ മെഡിക്കൽ എക്സാമിനർ ജേയ് ചാപ്മാൻ വേദന കുറഞ്ഞ ഒരു പുതിയ വധശിക്ഷാ രീതി (ചാപ്മാൻസ് പ്രോട്ടോക്കോൾ) മുന്നോട്ടുവച്ചു. സിരയിലേക്ക് സലൈൻ കൊടുക്കുന്ന ഒരു ഡ്രിപ്പ് തുടങ്ങിയശേഷം അതിവേഗം പ്രവർത്തിക്കുന്ന ഒരു ബാർബിച്യുറേറ്റ് മരുന്നും പേശികളെ തളർത്തുന്ന ഒരു മരുന്നും അതിൽ കുത്തിവയ്ക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.[123] അനസ്തീഷ്യ വിദഗ്ദ്ധൻ സ്റ്റാൻലി ഡ്യൂഷ് അംഗീകരിച്ച ശേഷം ബിൽ വൈസ്മാൻ എന്ന പാതിരി ഈ മാർഗ്ഗം ഒക്ലഹോമയിലെ നിയമസഭയിൽ അവതരിപ്പിച്ചു.[124] ഇത് വളരെപ്പെട്ടെന്ന് അംഗീകരിക്കപ്പെട്ടു. അതിനു ശേഷം 2004-നുള്ളിൽ വധശിക്ഷ നടപ്പിലാക്കുന്ന 38 അമേരിക്കൻ സംസ്ഥാനങ്ങളിൽ 37 എണ്ണത്തിലും ഇത് ഉപയോഗത്തിൽ വന്നു.[123] On August 29, 1977,[125]
1982 ഡിസംബർ 7-ന് ടെക്സാസ് സംസ്ഥാനത്താണ് വിഷം കുത്തിവയ്ക്കൽ ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പിലാക്കിയത്. ചാൾസ് ബ്രൂക്ക്സ് ജൂനിയർ എന്നയാളായിരുന്നു ശിക്ഷിക്കപ്പെട്ടത്.[126]
1997-ൽ വധശിക്ഷയ്ക്കായി ഈ മാർഗ്ഗം സ്വീകരിച്ചു.[127]
1998-ൽ ഈ മാർഗ്ഗം സ്വീകരിച്ചു.[127]
1999-ൽ വിഷം കുത്തിവയ്ക്കൽ മരണശിക്ഷയ്ക്കുള്ള മാർഗ്ഗമായി സ്വീകരിച്ചു.[127] മരണശിക്ഷ പിന്നീട് ഇല്ലാതെയാക്കി.
2003 മുതൽ വിഷം കുത്തിവയ്ക്കൽ വധശിക്ഷാ മാർഗ്ഗമായി ഉപയോഗിക്കുന്നുണ്ട്.[127]
2005 മുതൽ വധശിക്ഷാ മാർഗ്ഗമായി വിഷം കുത്തിവയ്ക്കൽ ഉപയോഗിക്കുന്നുണ്ട്.[127]
ഇപ്പോൾ വിയറ്റ്നാമിൽ വിഷം കുത്തിവയ്ക്കൽ വധശിക്ഷയ്ക്കായി ഉപയോഗിക്കുന്നുണ്ടത്രേ.[128]
നാസി ജർമനിയുടെ T-4 ദയാവധ പദ്ധതി മറ്റു മാർഗങ്ങളോടൊപ്പം വിഷം കുത്തിവയ്ക്കലും "ജീവിക്കാനർഹതയില്ലാത്ത ജീവിതങ്ങളെ" ഇല്ലാതാക്കാൻ ഉപയോഗിച്ചിരുന്നു.
ശിരഛേദം (ഗളഛേദം) എന്നാൽ മനുഷ്യന്റെ ഉടലിൽ നിന്ന് ശിരസ്സ് വേർപെടുത്തുക എന്നാണ്. ചിലപ്പോൾ ഇതിന് ശേഷം ശിരസ്സ് പ്രദർശിപ്പിക്കപ്പെടും. ഗില്ലറ്റിൻ വധശിക്ഷ നടപ്പിലാക്കുന്നതിനായി ശിരഛേദം ചെയ്യാനുള്ള ഒരു യന്ത്രമാണ്.
കഴുത്ത് ഞെരിച്ച് കൊല്ലുന്നത് കൂടുതൽ വേദനയനുഭവിക്കുന്ന തരം ശിക്ഷയാണെങ്കിലും ചൈനയിൽ ശിരഛേദം കൂടുതൽ കഠിനമായ ശിക്ഷയായാണ് കരുതപ്പെട്ടിരുന്നത്.
2007 മുതൽ തെഹ്രിക്-എ-താലിബാൻ പാകിസ്താൻ എന്ന തീവ്രവാദ പ്രസ്ഥാനം എതിരാളികൾക്കും കുറ്റവാളികൾക്കും ചാരന്മാർക്കുമുള്ള ശിക്ഷയായി ശിരഛേദം നടപ്പാക്കിവരുന്നുണ്ട്. ജനങ്ങളെ ഭയപ്പെടുത്താനായി സർക്കാരുദ്യോഗസ്ഥന്മാരുടെയും എതിരാളികളുടെയും അറുത്ത തല ഇവർ തെരുവുകളിൽ ഉപേക്ഷിക്കാറുണ്ട്. 2009 മെയ് മുതൽ ജൂൺ വരെ നീണ്ടു നിന്ന സൈനികനടപടിക്ക് ശേഷം സ്വാത് മേഖലയിൽ ശിരസ്സറുക്കൽ നിലച്ചിട്ടുണ്ട്. മൂന്ന് സിക്കുകാരെ 2010-ൽ താലിബാൻ ശിരസ്സറുത്ത് വധിച്ചു. ഡാനിയൽ പേൾ എന്ന പത്രപ്രവർത്തകനെ കറാച്ചിയിൽ വച്ച് ശിരസ്സറുക്കുകയുണ്ടായി.
ജപ്പാനിൽ ശിരഛേദം സാധാരണയായി നടന്നിരുന്ന ഒരു ശിക്ഷാരീതിയായിരുന്നു. ചിലപ്പോൾ ചെറിയ കുറ്റകൃത്യങ്ങൾക്കുപോലും ഇത് നടപ്പിലാക്കിയിരുന്നു. സമുറായികൾക്ക് യുദ്ധരംഗത്തുനിന്നും ഓടിപ്പോകുന്ന സൈനികരെ ശിരഛേദം ചെയ്യാൻ അധികാരമുണ്ടായിരുന്നു. സെപ്പുക്കു എന്ന ആത്മഹത്യാ രീതിയിലെ രണ്ടാമത്തെ ഘട്ടം ശിരഛേദമായിരുന്നു. ആത്മഹത്യ ചെയ്യുന്നയാൾ വയറ് കീറിയതിനു ശേഷം മറ്റൊരു യോദ്ധാവ് അയാളുടെ ശിരസ്സ് പിന്നിൽ നിന്ന് കറ്റാന എന്ന വാളുപയോഗിച്ച് വെട്ടിമാറ്റും. വേദനയും ദുരിതവും അനുഭവിക്കുന്ന സമയം കുറയ്ക്കാനാണിത്.
1896-ൽ തൂക്കിക്കൊല നിലവിൽ വരും മുൻപ് ശിരഛേദമായിരുന്നു കൊറിയയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടിരുന്ന വധശിക്ഷാമാർഗ്ഗം. തൊഴിൽ പരമായി ആരാച്ചാരായവരെ മാൻഗ്നാനി (망나니) എന്ന് വിളിച്ചിരുന്നു. സമൂഹത്തിലെ ഏറ്റവും താഴ്ന്നവരായായിരുന്നു ഇവരെ കണക്കാക്കിയിരുന്നത്.[129]
ദക്ഷിണ തായ്ലാന്റിൽ 2005-ൽ മാത്രം 15 ബുദ്ധസന്യാസിമാരെ ശിരസ്സറുത്തു കൊന്ന സംഭവങ്ങളുണ്ടായി. ദക്ഷിണ തായ്ലാന്റിലെ വിഘടനവാദികളായ മുസ്ലീം തീവ്രവാദികളാണ് സംഭവങ്ങൾക്കു പിന്നിലെന്നാണ് അധികാരികളുടെ സംശയം.[130][131]
പുരാതന ഗ്രീക്കുകാരും റോമക്കാരും ശിരഛേദത്തെ താരതമ്യേന അഭിമാനകരമായ ശിക്ഷാരീതിയായാണ് കണ്ടിരുന്നത്. പഴയ നടപടിക്രമമനുസരിച്ച് ഒരു തൂണിൽ കെട്ടിയിട്ട് വടികൾ കൊണ്ട് തല്ലിയശേഷമായിരുന്നു ശിരഛേദം നടത്തിയിരുന്നത്. റോമക്കാർ ആദ്യം മഴുവാണിതിനുപയോഗിച്ചിരുന്നതെങ്കിലും പിന്നീട് വാളുകളും ഉപയോഗിച്ചു തുടങ്ങി. വാളുപയോഗിച്ച് ശിരഛേദം ചെയ്യപ്പെടുന്നത് കൂടുതൽ അഭികാമ്യമായാണ് കരുതപ്പെട്ടിരുന്നത്. റോമൻ പൗരനാണെന്ന് തെളിയിക്കാൻ സാധിക്കുന്നവരെ കുരിശിൽ തറയ്ക്കുന്നതിന് പകരം ശിരഛേദം ചെയ്ത് കൊല്ലാൻ വിധിച്ചിരുന്നു. ബി.സി. ഒന്നാം നൂറ്റാണ്ടിലെ റോമൻ റിപ്പബ്ലിക്കിൽ ദേശദ്രോഹികൾ എന്ന് കരുതുന്നവരുടെ ഛേദിച്ച ശിരസ്സ് ഫോറം റോമാനം എന്ന ചത്വരത്തിൽ ഒരുയർന്ന തട്ടിൽ പ്രദർശിപ്പിക്കുക പതിവായിരുന്നു. ഗയസ് മാരിയസ്, സുള്ള എന്നിവർ ഉദാഹരണം. ഒരു പക്ഷേ മാർക്ക് ആന്റണിയുടെ നിർദ്ദേശപ്രകാരം വധിക്കപ്പെട്ട സിസറോ ആയിരിക്കാം അക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തൻ. മാർക്ക് ആന്റണിക്കെതിരായ ഫിലിപ്പിക്കുകൾ എഴുതിയതിന് സിസറോയുടെ കൈകളും തലയും വെട്ടിയെടുത്ത് ഇപ്രകാരം പ്രദർശിപ്പിച്ചിരുന്നു.
ബോസ്നിയ ഹെർസെഗോവിനയിൽ 1992 മുതൽ 1995 വരെയുള്ള യുദ്ധകാലത്ത് ബോസ്നിയൻ മുജാഹിദീൻ പോരാളികളാൽ പിടിക്കപ്പെട്ട ധാരാളം സെർബുകാരെ ശിരസ്സറുത്ത് കൊന്നിരുന്നു. ഇത്തരം ഒരു കേസ് (പോപോവിക് എന്നയാളെ വധിച്ചത്) പഴയ യൂഗോസ്ലാവ്യയ്ക്കു വേണ്ടിയുണ്ടാക്കിയ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിൽ തെളിഞ്ഞിട്ടുണ്ട്.[132][133] ട്രെബേവിക് മലയിലെ കസനി എന്ന സ്ഥലത്തുവച്ച് സാധാരണക്കാർ അടക്കം ചില സെർബുകളെ കഴുത്തറുത്ത് കൊന്ന് ഒരു കുഴിയിൽ ഇട്ട് മൂടിയിരുന്നു.[134]
ഗില്ലറ്റിനുപയോഗിച്ചുള്ള ശിരഛേദമായിരുന്നു ഫ്രഞ്ച് വിപ്ലവത്തിനുശേഷം 1981-ൽ പ്രസിഡന്റ് ഫ്രാൻസ്വ മിത്തറാങ് വധശിക്ഷ നിറുത്തലാക്കുന്നതുവരെ ഫ്രാൻസിൽ നിയമപരമായി നിലവിലിരുന്ന വധശിക്ഷാമാർഗ്ഗങ്ങൾ. ചില കേസുകളിൽ ഫയറിംഗ് സ്ക്വാഡ് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ഇത് അവസാനം ഉപയോഗിക്കപ്പെട്ടത് 1977-ലായിരുന്നു. ഇത് ഒരു ജനാധിപത്യരാജ്യത്തിലെ അവസാനത്തെ ശിരഛേദമായിരുന്നു.
നോർഡിക് രാജ്യങ്ങളിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധാരണ മാർഗ്ഗം ശിരഛേദമായിരുന്നു. ഉന്നതകുലജാതരെ വാളുകൊണ്ടും, സാധാരണക്കാരെ മഴുകൊണ്ടുമായിരുന്നു വധിച്ചിരുന്നത്. ഫിൻലാന്റിലെ ശിരഛേദം മൂലമുള്ള അവസാന വധശിക്ഷ 1825ലും നോർവ്വേയിലേത് 1876-ലും ഫാറോ ദ്വീപുകളിലേത് 1609-ലും ഐസ്ലാന്റിലേത് 1830-ലും മഴു കൊണ്ടും നടത്തപ്പെട്ടു. ഡെന്മാർക്കിൽ 1892 വരെ വധശിക്ഷ നടത്തപ്പെട്ടിരുന്നു.
സ്വീഡനിൽ ധാരാളം പേരെ കൊന്നിട്ടുള്ള ഒരു കുറ്റവാളിയായ ജോഹാൻ ഫിലിപ്പ് നോർഡ്ലണ്ട് എന്നയാളെ 1900-ൽ വാളുകൊണ്ട് ശിരഛേദം ചെയ്ത് വധിച്ചു. നിയമപരമായി ജർമനിയൊഴിച്ചുള്ള യൂറോപ്പിൽ കൈകൊണ്ട് നടന്ന അവസാന ശിരഛേദമായിരുന്നു നോർഡ്ലണ്ടിന്റേത്. ഗില്ലറ്റിൻ ഉപയോഗിച്ചുള്ള ഒരേയൊരു കൊലപാതകം 1910-ലാണ് സ്വീഡനിൽ നടന്നത്.
പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ഉന്നതകുലജാതരെ ചിലപ്പോൾ ശിരഛേദം ചെയ്തു കൊന്നിരുന്നു. ഒരു കസേരയിൽ കെട്ടിയിരുത്തിയ ശേഷം കത്തികൊണ്ട് കഴുത്തറുത്താണ് വധശിക്ഷ ഇത്തരത്തിൽ നടപ്പാക്കിയിരുന്നത്. ഇതിനെ കൂടുതൽ അഭിമാനകരമായ ശിക്ഷാരീതിയായി കരുതിയിരുന്നു.[137]
മെക്സിക്കോയ്ക്ക് 1811-ൽ സ്വാതന്ത്ര്യം കിട്ടിയ സമയത്ത് മിഗുവേൽ ഹിഡാൽഗോ വൈ കോസ്റ്റില്ല, ഇഗ്നാസിയോ അലൻഡേ, ഹോസെ മരിയാനോ ജിമെനെസ്, ജുവാൻ അൽമേഡ എന്നിവരെ രാജ്യദ്രോഹത്തിന് വിചാരണ ചെയ്തശേഷം ഫയറിംഗ് സ്ക്വാഡ് വെടിവച്ച് കൊല്ലുകയും ശവശരീരങ്ങളുടെ ശിരഛേദം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ശിരസ്സുകൾ ഗുവാനാജുവാട്ടോ എന്ന സ്ഥലത്തെ ധാന്യസംഭരണശാലയുടെ നാലു മൂലകളിലായി പ്രദർശിക്കപ്പെട്ടിരുന്നു.
സൗദി അറേബ്യൻ അധികാരികൾ 2007 ഫെബ്രുവരിമാസത്തിൽ മാത്രം നാലു പേരെ ശിരഛേദം ചെയ്തു. സംഗീത് കുമാര, വിക്ടർ കോറിയ, രഞ്ജിത് സിൽവ, സനത് പുഷ്പകുമാര എന്നിവർക്കാണ് മരണശിക്ഷ ലഭിച്ചത്. 2004 ഒക്ടോബറിൽ ചെയ്ത ഒരു സായുധ മോഷണത്തിനാണ് ഈ നാല് ശ്രീലങ്കക്കാർക്ക് വധശിക്ഷ വിധിച്ചത്. മരണശേഷം ജനങ്ങൾക്ക് ഒരു താക്കീതായി ശവശരീരങ്ങൾ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും കോടതി വിധിച്ചു.
ഔദ്യോഗികമായി ശിരഛേദത്തിന് സാധുതയില്ലെങ്കിലും 2000-ൽ സദ്ദാം ഹുസൈന്റെ ഭരണകാലത്ത് 50 വേശ്യകളെയും പിമ്പുകളെയും ഇറാക്കിൽ തലവെട്ടിക്കൊന്നിരുന്നു.[138]
2003-നു ശേഷം ഇറാക്കിൽ ഭീകരവാദത്തിന്റെ മറ്റൊരു രൂപമായി ശിരഛേദം രൂപം പ്രാപിച്ചിട്ടുണ്ട്.[139] സാധാരണക്കാരാണ് കൂടുതലും ശിരഛേദം ചെയ്യപ്പെടുന്നത്. ഇറാക്കി സൈനികരും ചിലപ്പോൾ അമേരിക്കൻ സൈനികരും ശിരഛേദം ചെയ്യപ്പെട്ടിട്ടുണ്ട്. ആളുകളെ തട്ടിക്കൊണ്ടു പോയ ശേഷം പണമോ മറ്റെന്തെങ്കിലും ആവശ്യങ്ങളോ ഉന്നയിക്കുകയും നടന്നു കിട്ടാത്ത അവസ്ഥയിൽ കൊല്ലുകയോ ആണ് ചെയ്യാറ്. ശിരഛേദം വീഡിയോയിൽ പകർത്തിയ ശേഷം ഇന്റർനെറ്റിലൂടെയും മറ്റും പരസ്യപ്പെടുത്തുന്നത്. സാധാരണമാണ്.
ഇരുപതാം നൂറ്റാണ്ടിൽ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ സാധാരണക്കാരുടെയും പട്ടാളക്കാരുടെയും വധശിക്ഷ നടപ്പാക്കാനുപയോഗിച്ചിരുന്ന മാർഗ്ഗമായിരുന്നു വെടിവച്ച് കൊല്ലൽ. സോവിയറ്റ് യൂണിയനിൽ ഒറ്റ ആരാച്ചാർ വെടിവച്ച് കൊല്ലുന്ന രീതി സാധാരണമായിരുന്നു. ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ചുള്ള ശിക്ഷാ നടപടി സമയമെടുക്കുന്നതായതുകൊണ്ട് വല്ലപ്പോഴുമേ ഉപയോഗിക്കുമായിരുന്നുള്ളൂ. അപ്രതീക്ഷിതമായി തലയ്ക്കു പിന്നിൽ വെടിവയ്ക്കുകയായിരുന്നു സാധാരണ രീതി.
1913 മേയ് 14-ന് വധശിക്ഷയ്ക്ക് വിധേയയാക്കപ്പെട്ട ആൻഡ്രിസ മിർകോവിച്ചാണ് അമേരിക്കയിലെ നെവാദ സംസ്ഥാനത്ത് ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ട ഒരേയൊരാൾ.[140] നെവാദ ജയിലിലെ വാർഡന് ഫയറിംഗ് സ്ക്വാഡിൽ പങ്കെടുക്കാൻ അഞ്ചു പേരെ കണ്ടെത്താൻ കഴിയാഞ്ഞതുകൊണ്ട്,[141] മിർകോവിച്ചിനെ വധിക്കാൻ ഒരു വെടിവയ്ക്കുന്ന യന്ത്രം നിർമ്മിക്കേണ്ടി വന്നു.[142] 1938 ഒക്ടോബർ 31-ന് ജോൺ ഡീറിംഗ് എന്നയാളെ യൂട്ടായിലെ ഷുഗർ ഹൗസ് ജയിലിൽ വച്ച് വെടിവച്ചു കൊന്നു.[143] അയാൾ വധശിക്ഷ നടക്കുന്ന സമയത്ത് ശരീരത്തിൽ ഒരു ഇ. സി. ജി. യന്ത്രം ഘടിപ്പിക്കാൻ സമ്മതം നൽകുകയുണ്ടായി.[144]
എപ്സിയുടെയും സ്മിത്ത്കയുടെയും അഭിപ്രായത്തിൽ [145] 142 ആൾക്കാരെ നിയമപ്രകാരം അമേരിക്കയിൽ 1608-ന് ശേഷം വെടിവച്ച് കൊന്നിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട കൊലകളെ ഒഴിവാക്കിയ കണക്കാണിത്. ആഭ്യന്തരയുദ്ധസമയത്ത് നൂറുകണക്കിനാൾക്കാരെ ഇപ്രകാരം വധിച്ചിട്ടുണ്ട്.
1960 മാർച്ച് 30-ന് ജെയിംസ് ഡബ്ല്യൂ റോഡ്ജേർസ് എന്നയാളെ യൂട്ടായിൽ വച്ച് വെടിവച്ച് വധിച്ച ശേഷം വധശിക്ഷകൾക്ക് സുപ്രീം കോടതി വിലക്കു വന്നു.[146] 1972 മുതൽ 1976 വരെ അമേരിക്കയിൽ വധശിക്ഷ നിറുത്തിവച്ചിരിക്കുകയായിരുന്നു. അതിനുശേഷം അമേരിക്കൻ സുപ്രീം കോടതി ഈ വിധി മാറ്റിവയ്ക്കുകയും വധശിക്ഷ അനുവദിക്കുകയും ചെയ്തു. അതിനുശേഷം അമേരിക്കയിൽ മൂന്ന് വധശിക്ഷ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് നടന്നിട്ടുണ്ട് (എല്ലാം യൂട്ടാ സംസ്ഥാനത്താണ് നടന്നത്).
ഫിനിഷ് ആഭ്യന്തര യുദ്ധസമയത്തും അതിനുശേഷവും വധശിക്ഷ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. 9,700-ഓളം ഫിൻലാന്റുകാരും കമ്യൂണിസ്റ്റ് ഭാഗത്ത് പോരാടിയിരുന്ന ധാരാളം റഷ്യൻ വോളണ്ടിയർമാരും ആ കാലത്ത് വധിക്കപ്പെട്ടിരുന്നു.[147] നിയമപരമല്ലാത്ത സൈനികവിചാരണയ്ക്ക് ശേഷം ഫയറിംഗ് സ്ക്വാഡുപയോഗിച്ചാണ് മിക്ക വധശിക്ഷകളും നടപ്പിലാക്കിയിരുന്നത്. ഏകദേശം 250 ആൾക്കാരെയേ നിയമപരമായ നടപടികൾക്കുശേഷം വധിച്ചിരുന്നുള്ളൂ.[148]
രണ്ടാം ലോക മഹായുദ്ധസമയത്ത് 500-ഓളം ആൾക്കാരെ ഫിൻലാന്റിൽ വധിച്ചിരുന്നു. ഇവരിൽ പകുതിയോളം ആൾക്കാർ ചാരപ്രവർത്തനത്തിന് ശിക്ഷിക്കപ്പെട്ടവരായിരുന്നു. ഭീരുത്വം, ഉത്തരവുകൾ അനുസരിക്കാതിരിക്കുക (സൈനികരെ സംബന്ധിച്ചുള്ള കുറ്റങ്ങൾ) രാജ്യദ്രോഹം, എന്നീ കുറ്റങ്ങൾക്ക് ഫിൻലാന്റ് പൗരന്മാർക്കുള്ള സാധാരണ ശിക്ഷ സൈനികവിചാരണയ്ക്ക് ശേഷം ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് മിലിട്ടറി പോലീസായിരിക്കും. ടോവിയോ കോളിജോനൻ എന്ന സാധാരണക്കാരനെ ആറ് കൊലപാതകങ്ങൾ നടത്തിയതിന് വെടിവച്ചു കൊന്നിട്ടുണ്ട്.[148]
സമാധാനകാലത്തുള്ള കുറ്റങ്ങൾക്ക് നൽകിയിരുന്ന വധശിക്ഷ 1949-ൽ നിറുത്തലാക്കി. വധശിക്ഷ പൂർണ്ണമായും 1972-ൽ നിറുത്തലാക്കപ്പെട്ടു.[149] ICCPR എന്ന അന്താരാഷ്ട്ര കരാറിലെ മരണശിക്ഷ ഒഴിവാക്കാനുള്ള തിരഞ്ഞെടുക്കാവുന്ന ഭാഗം ഫിൻലാന്റ് അംഗീകരിച്ചിട്ടുണ്ട്.[150]
ചൈനയിൽ വെടിവച്ചുള്ള വധശിക്ഷ രണ്ടുതരമുണ്ട്. ഒരു ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ച് പിന്നിൽ നിന്ന് ശരീരത്തിലേയ്ക്ക് വെടിവയ്ക്കുകയാണ് ഒരു രീതി. തലയുടെയോ കഴുത്തിന്റെയോ പിന്നിലേയ്ക്ക് ഒറ്റവെടി വയ്ക്കുകയാണ് രണ്ടാമത്തെ രീതി.[151]
മുഗൾ സാമ്രാജ്യകാലത്ത് കുറ്റം ചെയ്യുന്ന സൈനികരെ പീരങ്കിയുടെ മുന്നിൽ കെട്ടിയശേഷം പീരങ്കി നിറയൊഴിച്ച് വധിക്കുമായിരുന്നു. മുഗളന്മാർ ആവിഷ്കരിച്ച ഈ മാർഗ്ഗം ബ്രിട്ടീഷുകാരും പിന്തുടർന്നിരുന്നു. 1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ വധിക്കാൻ ഈ മാർഗ്ഗം ഉപയോഗിച്ചിരുന്നു.[152]
ഇൻഡോനേഷയിലെ സാധാരണ വധശിക്ഷാരീതിയാണ് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചുകൊല്ലൽ. നെഞ്ചിലാണ് ലക്ഷ്യം വയ്ക്കുക. ഫാബിയാനസ് ടിബോ, ഡോമിൻഗ്ഗസ് ഡാ സിൽവ, മറിനുസ് റിവു എന്നിവരെ 2006-ൽ ഇപ്രകാരം വധിച്ചിരുന്നു. നൈജീരിയക്കാരായ മയക്കുമരുന്ന് കള്ളക്കടത്തുകാരായ സാമുവൽ ഇവാചെക്വു ഒകോയെ, ഹാൻസെൻ ആന്തണി എന്വാഒലിസ എന്നിവരെ 2008 ജൂണിൽ നുസാകംബൻഗൻ ദ്വീപിൽ വച്ച് ഈ രീതിയുപയോഗിച്ച് വധിച്ചിരുന്നു.[153] അഞ്ചു മാസങ്ങൾക്കു ശേഷം 2002-ലെ ബാലിദ്വീപിലെ ബോംബാക്രമണത്തിലെ പ്രതികളായി അമ്രോസി, ഇമാം സമുദ്ര, അലി ഘുഫ്രോൺ എന്നിവരെ അതേ സ്ഥലത്തുവച്ച് വധശിക്ഷയ്ക്ക് വിധേയരാക്കി.[154]
തായ്‌വാനിൽ ഹൃദയത്തിലേക്കോ, മസ്തിഷ്കത്തിലെ ബ്രൈൻ സ്റ്റെം എന്ന ഭാഗത്തേയ്ക്കോ (പ്രതി ശരീരാവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചാൽ തലയിലേയ്ക്കാവും വെടി വയ്ക്കുക) ഉന്നം വച്ചുള്ള ഒറ്റ വെടി ഉപയോഗിച്ചാവും വധശിക്ഷ നടപ്പാക്കുക. വധശിക്ഷയ്ക്കു മുൻപ് ഒരു അനസ്തേഷ്യാ മരുന്നു കൊടുത്ത് പ്രതിയെ വേദനയില്ലാതെയാക്കിയിരിക്കും.
തായ്ലാന്റിൽ 1934 മുതൽ 2001വരെ ഒറ്റ ആരാച്ചാർ ഉറപ്പിച്ചുവച്ച മെഷീൻ ഗൺ ഉപയോഗിച്ച് പിന്നിൽ നിന്ന് വയ്ക്കുന്ന ഒറ്റ വെടി മൂലമാണ് വധശിക്ഷ നടപ്പാക്കിയിരുന്നത്.[156][157]
1916-ലെ ഈസ്റ്റർ കലാപത്തെത്തുടർന്ന് 16 റിബൽ നേതാക്കളിൽ 15 പേരെയും ബ്രിട്ടീഷ് സൈനിക നേതൃത്വം സൈനികനിയമമനുസരിച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊന്നു. പരാജയപ്പെട്ട കലാപത്തിനു ശേഷം വിമോചന നീക്കങ്ങൾക്ക് ജനപിന്തുണ ലഭിക്കാൻ കാരണം ഈ വധശിക്ഷകളാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[158]
ജോർദാൻ 1948-ലെ അറബ് ഇസ്രായേലി യുദ്ധസമയത്ത് ജറുസലേം വളഞ്ഞപ്പോൾ കൃത്യമായി ഇസ്രായേൽ സൈനിക ലക്ഷ്യങ്ങളിൽ ഷെല്ലാക്രമണം നടത്തിയത് ചാരൻ നൽകിയ വിവരമനുസരിച്ചാണോ എന്ന സംശയമുണ്ടാക്കി. ഇസ്രായേലി ഇലക്ട്രിക് കോർപറേഷനിലെ ജോലിക്കാരനായ മെയിർ ടോബിയാൻസ്കി എന്നയാൾക്ക് ഈ ലക്ഷ്യങ്ങളെപ്പറ്റിയെല്ലാം (ആയുധ നിർമ്മാണകേന്ദ്രങ്ങൾ) വിവരമുണ്ടായിരുന്നതുകൊണ്ട് അയാളെപ്പറ്റി സംശയം ഉണ്ടായി. ടോബിയാൻസ്കിയെ കാർമൽ മാർക്കറ്റ് എന്ന സ്ഥലത്തുവച്ച് അറസ്റ്റ് ചെയ്യുകയും പത്തുദിവസം തടവിൽ വയ്ക്കാനുള്ള ഉത്തരവ് മറികടന്ന് തട്ടിക്കൂട്ടിയ ഒരു സൈനിക വിചാരണയ്ക്കുശേഷം ആറു പേർ ചേർന്ന ഒരു ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുമുണ്ടായി. അന്വേഷണശേഷം ടോബിയാൻസ്കി കുറ്റക്കാരനല്ലെന്ന് മരണശേഷം കണ്ടെത്തി. അദ്ദേഹത്തെ ഹെർസൽ മലയിൽ രണ്ടാമതും സംസ്കരിച്ചു. ടോബിയാൻസ്കിയുടെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നൽകുകയും ഫയറിംഗ് സ്ക്വാഡ് രൂപീകരിക്കുകയും ചെയ്ത ഇസ്സ്ർ ബേറി എന്ന ഓഫീസറെ നരഹത്യാക്കുതത്തിന് പിന്നീട് വിചാരണ നടത്തി. അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും പ്രസിഡന്റ് ചൈം വീസ്മാൻ മാപ്പുനൽകി.[159]
ഇറ്റലി 1861-ൽ രാജ്യം ഒന്നായശേഷം ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചു കൊല്ലുക എന്ന ഒറ്റ വധശിക്ഷാരീതി മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. സൈനികർക്കും സാധാരണക്കാർക്കും ഇത് ബാധകമായിരുന്നു. അവസാന വധശിക്ഷ 1947 മാർച്ചിന് നടന്നു. ട്യൂറിനടുത്തുള്ള ബാസെ ഡി സ്റ്റ്യൂറ എന്ന സ്ഥലത്തു വച്ച് മോഷണവും കൊലപാതകവും നടത്തി എന്ന കുറ്റത്തിന് ഫ്രാൻസെസ്കോ ലാ ബാർബെറ, ജിയോവാനി പ്യൂലിയോ, ഗിയോവാനി ഡി'ലോഗറ്റി എന്നിവരെയായിരുന്നു അവസാനമായി വെടിവച്ചു കൊന്നത്. ഇതിനു ശേഷം പുതുതായി നിലവിൽ വന്ന റിപ്പബ്ലിക്കിലെ ഭരണഘടന രാജ്യദ്രോഹം പോലെയുള്ള ചില കുറ്റങ്ങളൊഴിച്ചുള്ള അവസരങ്ങളിൽ വധശിക്ഷ നിറുത്തലാക്കി. 1947-നു ശേഷം ഇറ്റലിയിൽ ആരെയും വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടില്ല. 2007-ൽ മരണശിക്ഷ ഒഴിവാക്കിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്തു.
മെക്സിക്കോയിലെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടസമയത്ത് സ്വാതന്ത്ര്യം ആവശ്യപ്പെട്ട മിഗുവേൽ ഹിഡാൽഗോ, ഹോസെ മരിയ മോറെലോസ് തുടങ്ങിയ പല ജനറൽമാരെയും സ്പെയിൻ നിയോഗിച്ച ഫയറിംഗ് സ്ക്വാഡുകൾ വെടിവച്ച് കൊന്നിട്ടുണ്ട്.[160] 1867-ൽ മാക്സിമിലിയൻ ചക്രവർത്തിയെയും അദ്ദേഹത്തിന്റെ പല ജനറൽമാരെയും സെറോ ഡെ ലാസ് കാമ്പെനാസിൽ വച്ച് എതിരാളികൾ വെടിവച്ച് കൊല്ലുകയുണ്ടായി.[160] മാനെ ഈ സംഭവത്തെ ആസ്പദമാക്കി "മാക്സിമിലിയൻ ചക്രവർത്തിയുടെ വധം" എന്ന പേരിൽ വരച്ച ചിത്രങ്ങളിലൂടെ അനശ്വരമാക്കി.
ഈ രീതിയായിരുന്നു (പ്രത്യേകിച്ച് മെക്സിക്കൻ വിപ്ലവസമയത്തും ക്രിസ്റ്റെറോ യുദ്ധസമയത്തും) മെക്സിക്കോയിൽ വധശിക്ഷ നടപ്പാക്കുന്ന സാധാരണ രീതി.[160] ഈ കാലത്തിനു ശേഷം മരണശിക്ഷ ഭരണഘടനയിലെ ആർട്ടിക്കിൽ 22-ൽ പെടുത്തിയ ചില കുറ്റങ്ങൾക്കു മാത്രമായി ചുരുക്കി. 2008 ജൂൺ 18-ന് മരണശിക്ഷ പൂർണമായി ഇല്ലാതാക്കി.[161]
രണ്ടാം ലോക മഹായുദ്ധസമയത്ത് ഉദ്ദേശം 3000 ആൾക്കാരെ നാസി ജർമനിയുടെ ഫയറിംഗ് സ്ക്വാഡുകൾ കൊലപ്പെടുത്തിയിട്ടുണ്ട്. വധിക്കപ്പെട്ട ചിലർ സൈനികക്കോടതിയാൽ ശിക്ഷിക്കപ്പെട്ടവരായിരുന്നു. ചിലപ്പോൾ വഴിപോക്കരെയും മറ്റും ഭീതി പടർത്തുകയും ഭരണകൂടത്തിനെ എതിർക്കുന്നവർക്ക് മാതൃകയാവാനും വേണ്ടി പിടികൂടി വെടിവച്ച് കൊന്നിരുന്നു. ഒരു മുതിർന്ന ജർമൻ ഓഫീസറായ ഹാൻസ് ആൽബിൻ റൗട്ടർ എന്നയാൾക്കു നേരേയുണ്ടായ വധശ്രമത്തിനു ശേഷം ഏകദേശം 300 പേരെ പരസ്യമായി വെടിവച്ച് കൊല്ലുകയുണ്ടായി.
ഡച്ച് നാസി നേതാവായിരുന്ന ആന്റൺ മ്യൂസ്സർട്ടിനെ യുദ്ധശേഷം 1946 മേയ് 7-ന് ഹേഗിനടുത്തുവച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുണ്ടായി.[162]
രണ്ടാം ലോക മഹായുദ്ധസമയത്ത് നാസി അനുഭാവമുണ്ടായിരുന്ന നാസ്ജോണൽ സാംലിങ് എന്ന പാർട്ടിയുടെ നേതാവ് ദിഡ്കൺ ക്വിസ്ലിംഗ് എന്നയാളെ രാജ്യദ്രോഹക്കുറ്റത്തിന് 1946 ഒക്ടോബർ 24-ന് അകേർഷസ് കോട്ടയിൽ വച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊന്നു.[163]
ഫെർഡിനന്റ് മാർകോസിന്റെ ഭരണകാലത്ത് മയക്കുമരുന്നു കടത്ത് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധശിക്ഷ നൽകത്തക്ക കുറ്റമായിരുന്നു. ലിം സെങ് എന്നയാളെ ഇപ്രകാരം വധിച്ചിട്ടുണ്ട്. പിന്നീട് വധശിക്ഷാരീതി വിഷം കുത്തിവയ്ക്കലായി മാറി. 2006 ജൂൺ 24-ന് പ്രസിഡന്റ് ഗ്ലോറിയ മകാപഗൽ-അറോയോ റിപ്പബ്ലിക് ആക്റ്റ് 9346 പ്രകാരം വധശിക്ഷ നിറുത്തലാക്കി. വധശിക്ഷ കാത്തു കഴിഞ്ഞിരുന്ന ആയിരക്കണക്കിന് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കപ്പെട്ടു.[164]
യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ വധശിക്ഷ നടപ്പാക്കുന്ന പ്രധാന രീതി ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവയ്ക്കലാണ്.[165]
ബ്രിട്ടന്റെ ചരിത്രത്തിൽ ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ ഉപയോഗിക്കപ്പെട്ടിട്ടുള്ളത് യുദ്ധസമയത്തും, സായുധകലാപങ്ങൾ നേരിടേണ്ടി വരുമ്പോഴും സൈന്യത്തിൽ കലാപമുണ്ടാകുമ്പോഴും മറ്റുമാണ്. ഇപ്പോൾ വധശിക്ഷ പൂർണമായും നിരോധിക്കപ്പെട്ടതോടൊപ്പം വെടിവച്ചുള്ള വധശിക്ഷയും ഇല്ലാതെയായി.
ആസ്ട്രേലിയൻ പട്ടാളക്കാരായ ബ്രേക്കർ മോറാന്റ്, പീറ്റർ ഹാൻഡ്കോക്ക് എന്നിവരെ രണ്ടാം ബോയർ യുദ്ധത്തിനിടെ യുദ്ധക്കുറ്റങ്ങൾ ചെയ്തതിന് 1902 ഫെബ്രുവരി 27-ന് വെടിവച്ചു കൊല്ലുകയുണ്ടായി. അതിനു ശേഷം അവർക്ക് നീതിയുക്തമായ വിചാരണ നൽകപ്പെട്ടോ എന്ന സംശയമുയർന്നിട്ടുണ്ട്.
രണ്ടു ലോകമഹായുദ്ധക്കാലത്തും ടവർ ഓഫ് ലണ്ടൻ വധശിക്ഷാവേദിയായിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധസമയത്ത് പിടികൂടപ്പെട്ട 11 ജർമൻ ചാരന്മാരെ 1914-നും 1916-നും ഇടയിൽ വെടിവച്ച് കൊല്ലുകയുണ്ടായി. ഒന്നാം ലോക മഹായുദ്ധക്കാലത്ത് കൊല്ലപ്പെട്ട എല്ലാ ചാരന്മാരെയും ഈസ്റ്റ് ലണ്ടൻ സെമിത്തേരിയിലാണ് മറവു ചെയ്തിട്ടുള്ളത്.[166] 1941 ഓഗസ്റ്റ് 15-ന് ജർമൻ ചാരനായ ജോസഫ് ജേക്കബ്സിനെ വെടിവച്ചു കൊന്നു.
പ്രൈവറ്റ് തോമസ് ഹൈഗേറ്റ് ഒളിച്ചോട്ടക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അവസാന ബ്രിട്ടീഷ് സൈനികനാണ്. ഇദ്ദേഹത്തെ 1916-ൽ ഒന്നാം ലോക മഹായുദ്ധ സമയത്ത് വെടിവച്ചു കൊന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിലെ 346 സൈനികരെ ഒളിച്ചോട്ടം, ഭീരുത്വം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്ക് വധിച്ചിട്ടുണ്ട്. ഇവരിൽ പലരും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന അസുഖം ബാധിച്ചിരുന്നവരാകാം എന്ന അഭിപ്രായമുയർന്നിട്ടുണ്ട്. സോട്ട് അറ്റ് ഡോൺ എന്ന സംഘടനയുടെ ലക്ഷ്യം ഈ പട്ടാളക്കാർ എന്തിനാണ് ശിക്ഷിക്കപ്പെട്ടത് എന്ന് കണ്ടെത്തുകയാണ്.[167][168] ഷോട്ട് അറ്റ് ഡോൺ മെമോറിയൽ ഈ പട്ടാളക്കാരുടെ ഓർമയ്ക്കായി സ്ഥാപിക്കപ്പെട്ടതാണ്.
കല്ലെറിഞ്ഞു കൊല്ലൽ ഒരു വധശിക്ഷാ രീതിയാണ്. ഒരു കൂട്ടം ആളുകൾ മറ്റൊരാൾക്കു നേരേ അയാൾ മരിക്കുന്നതുവരെ കല്ലെറിയുകയാണ് ശിക്ഷാരീതി. ആൾക്കൂട്ടത്തിലെ ഒരാളെയും മരണത്തിന് കാരണക്കാരനായി കണ്ടെത്താനാവില്ല. പക്ഷേ കൂട്ടത്തിലെ എല്ലാവർക്കും മരണത്തിൽ നൈതികമായ പങ്കുണ്ടാവുകയും ചെയ്യും. മറ്റുള്ള വധശിക്ഷകളിലെ ആരാച്ചാരുടെ പങ്കുമായി ഇതിനെ താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു ശിക്ഷാ രീതികളേക്കാൾ സാവധാനത്തിലാണ് ഇത് നടക്കുക. ഈ രീതിയിലുള്ള മരണം പീഡനത്തിലൂടെയാണ് നടക്കുന്നത്.
താലിബാൻ സർക്കാർ നിലവിൽ വരുന്നതിന് മുൻപ് തലസ്ഥാനമായ കാബൂളിന്റെ ഭാഗങ്ങൾ ഉൾപ്പെടെ അഫ്ഗാനിസ്ഥാന്റെ പല പ്രദേശങ്ങളും യുദ്ധപ്രഭുക്കളുടെയും ഗോത്രമൂപ്പന്മാരുടെയും നിയന്ത്രണത്തിലായിരുന്നു. അഫ്ഗാനിസ്ഥാനിലെ നിയമവ്യവസ്ഥ ഓരോ പ്രദേശത്തെയും സംസ്കാരത്തെയും; നേതാക്കളുടെ രാഷ്ട്രീയവും മതപരവുമായ വിശ്വാസങ്ങളെയും ആശ്രയിച്ച് മാറിമറിഞ്ഞ് വന്നിരുന്നു. നിയമമില്ലാത്ത ചില പ്രദേശങ്ങളിൽ കല്ലെറിഞ്ഞു കൊല്ലലും നിലവിലുണ്ടായിരുന്നു. രാഷ്ട്രീയമായ കാരണങ്ങളാൽ പലപ്പോഴും ഇത്തരം കൊലപാതകങ്ങൾ നടന്നിരുന്നു. താലിബാൻ അധികാരത്തിൽ വന്നശേഷം പല കുറ്റങ്ങളുടെയും ഔദ്യോഗിക ശിക്ഷ കല്ലെറിഞ്ഞുകൊല്ലലായി മാറി. 2001-നു ശേഷം അമേരിക്കൻ അധിനിവേശത്തോടെ കോടതി വിധിക്കുന്ന വധശിക്ഷ എന്ന നിലയിൽ കല്ലെറിഞ്ഞു കൊല്ലലിന്റെ നിലനിൽപ്പ് അവസാനിച്ചു. പക്ഷേ ഇപ്പോഴും ഇത് അനൗദ്യോഗികമായി നടക്കുന്നുണ്ട്.[169][170] വിവാഹേതര ലൈംഗികബന്ധത്തിന് താലിബാൻ വിധിച്ച വധശിക്ഷ കുണ്ടുസ് പ്രവിശ്യയിൽ 2010 ഓഗസ്റ്റ് 15-0ന് നടക്കുകയുണ്ടായി.[171]
2009-ൽ ഇൻഡോനേഷ്യയുടെ അകെഹ് പ്രവിശ്യയിൽ വിവാഹേതരബന്ധത്തിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാനുള്ള നിയമം കൊണ്ടുവന്നു.[172] ഈ നിയമം ഉപയോഗിക്കപ്പെട്ടതായുള്ള ഒരു റിപ്പോർട്ടുകളും ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രാചീന ഇസ്രായേലിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ നടന്നിരുന്നു. മിഷ്ന പ്രകാരം താഴെപ്പറയുന്നവരെയാണ് കല്ലെറിഞ്ഞ് കൊല്ലേണ്ടത്.[173]
"കല്ലെറിഞ്ഞ് കൊല്ലൽ ഈപ്പറയുന്ന പാപികൾക്ക് ബാധകമാണ് – אלו הן הנסקלין
ജൂതമത്തിൽ ഈ ശിക്ഷാരീതി നടപ്പിലാക്കിയിരുന്ന സന്ദർഭങ്ങളെപ്പറ്റി വളരെ വിരളമായേ പരാമർശിക്കപ്പെടുന്നുള്ളൂ. ബൈബിളിൽ മൂന്നിടത്ത് മനുഷ്യരെ കല്ലെറിഞ്ഞ് കൊന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അഞ്ചാറ് സന്ദർഭങ്ങളിൽ നിയമാനുസൃതമല്ലാതെ മനുഷ്യരെ കല്ലെറിയുന്നതായി പരാമർശിക്കുന്നുണ്ട്. ജോഷ്വയുടെ പുസ്തകം (7, 24) എന്ന ഭാഗത്ത് ജെറിക്കോ എന്ന കനാൻകാരുടെ നഗരത്തിൽ നിന്ന് മോഷ്ടിച്ച ധനം ഒളിപ്പിച്ചു വച്ചതിന് അചാൻ (עכן) എന്നയാളെ കല്ലെറിഞ്ഞ് കൊല്ലുന്നതിന്റെ വിശദമായ പരാമർശമുണ്ട്.
2007-ൽ ദു'അ ഖലീൽ അസ്വാദ് എന്ന യസീദി പെൺകുട്ടിയെ അവളുടെ ഗോത്രക്കാർ വടക്കൻ ഇറാഖിൽ കല്ലെറിഞ്ഞു കൊന്നു.[174]
കല്ലെറിഞ്ഞുള്ള വധശിക്ഷ നിയമപരമാണെങ്കിലും ഇറാനിലെ ന്യായാധിപർ 2002 മുതൽ ഇത് നടപ്പാക്കുന്നത് നിറുത്തി വച്ചിരിക്കുകയാണ്. 2006-ലും 2007-ലും കല്ലെറിഞ്ഞു കൊല്ലാനുള്ള ശിക്ഷ വീണ്ടും വിധിക്കപ്പെടുകയുമുണ്ടായി. In 2008, Iran's judiciary decided to fully scrap the punishment from the books in a legislation submitted to parliament for approval.[175] ഇറാനിലെ ഇസ്ലാമിക പീനൽ കോഡ് നവീകരിച്ച് കല്ലെറിഞ്ഞുള്ള ശിക്ഷ ഒഴിവാക്കാനുള്ള ശ്രമം നടന്നുവരികയായിരുന്നു.[176] 2012-ൽ കല്ലെറിഞ്ഞുള്ള വധശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള നിയമം നിലവിൽ വന്നെങ്കിലും എന്നു മുതലാണ് അത് പ്രാബല്യത്തിൽ വരികയെന്ന് വ്യക്തമല്ല.
ആധുനികകാലത്ത് 1983-ൽ ഇസ്ലാമിക പീനൽ കോഡ് നിലവിൽ വരും വരെ ഇറാനിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ നിലവിലുണ്ടായിരുന്നില്ല. പല മുസ്ലീം മത പണ്ഠിതന്മാരുടെയും അഭിപ്രായത്തിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ ഇസ്ലാമികമാണെങ്കിലും ശിക്ഷ വിധിക്കാനുള്ള നിയന്ത്രണങ്ങൾ കഠിനമാണ്. വിവാഹേതര ലൈംഗിക ബന്ധമെന്ന കുറ്റം തെളിയിക്കാനാവശ്യമായ നിബന്ധനകൾ പാലിക്കാൻ ബുദ്ധിമുട്ടായതുകാരണം ഈ ശിക്ഷ വളരെ വിരളമായേ നടപ്പാവുകയുള്ളൂ.
പുരാതന ഗ്രീസിന്റെ ചരിത്രത്തിൽ കല്ലെറിഞ്ഞ് കൊല്ലൽ നടന്ന സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ലൈസിഡാസ് എന്നയാളുടെ ശിക്ഷയെപ്പറ്റി ഹെറോഡോട്ടസ് തന്റെ ഹിസ്റ്ററീസ് എന്ന ഗ്രന്ഥത്തിലെ ഒൻപതാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. പുരാതന ഗ്രീക്ക് മിത്തുകളിലും കല്ലെറിഞ്ഞ് കൊല്ലൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഈഡിപ്പസ് തന്റെ പിതാവിനെയാണ് താൻ വധിച്ചതെന്നറിയുമ്പോൾ തന്നെ കല്ലെറിഞ്ഞ് കൊല്ലാനാവശ്യപ്പെടുന്നുണ്ട്.
ശരീയത്ത് നിയമം മുസ്ലീങ്ങൾ കൂടുതലുള്ള വടക്കൻ നൈജീരിയയിൽ നടപ്പിലാക്കപ്പെട്ടത് 2000-ത്തിലാണ്. ഇതിനു ശേഷം പത്തിൽ കൂടുതൽ നൈജീരിയൻ മുസ്ലീം സ്ത്രീകളെ വിവാഹേതര ലൈംഗികബന്ധം മുതൽ സ്വവർഗഭോഗം വരെയുള്ള കുറ്റങ്ങൾക്ക് കല്ലെറിഞ്ഞുള്ള വധശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. പക്ഷെ ഈ വധശിക്ഷകളൊന്നും നടപ്പിലാക്കപ്പെട്ടിട്ടില്ല. ശിക്ഷാവിധികൾ അപ്പീൽ വാദത്തിൽ തള്ളിപ്പോവുകയോ മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ജയിൽ ശിക്ഷയായി കുറയ്ക്കുകയോ ആണ് ചെയ്യപ്പെട്ടിട്ടുള്ളത്.[177][178][179]
നിയമപരമായ നടപടികളോട് കൂടിയോ അല്ലാതെയോ കല്ലെറിഞ്ഞുകൊല്ലൽ സൗദി അറേബ്യയിലും സുഡാനിലും നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.[180] സുഡാനിൽ കല്ലെറിഞ്ഞുകൊല്ലൽ ശിക്ഷകൾ നിയമപരമായി നടക്കാറില്ല. അപ്പീൽ കോടതിയിലോ സുപ്രീം കോടതിയിലോ അവ തള്ളിപ്പോവുകയാണ് പതിവ്.
2008 ഒക്ടോബറിൽ അയിഷോ ഇബ്രാഹിം ധുഹ്ലോ എന്ന ഒരു പെൺകുട്ടിയെ സൊമാലിയയിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ കഴുത്തുവരെ കുഴിച്ചിട്ടശേഷം ആയിരത്തോളം ആൾക്കാരുടെ സാനിദ്ധ്യത്തിൽ കല്ലെറിഞ്ഞു കൊന്നു. ഇസ്ലാമിക തീവ്രവാദികൾ നിയന്ത്രിച്ചിരുന്ന കിസ്മായോ നഗരത്തിലെ ശരിയ കോടതിയിൽ വിവാഹേതര ലൈംഗികബന്ധക്കുറ്റം സമ്മതിച്ച ശേഷമാണ് ശിക്ഷ നടപ്പാക്കിയത് എന്നായിരുന്നു വാദം. തീവ്രവാദികളുടെ വാദത്തിൽ അവൾ ശരിയ നിയമമനുസരിച്ച് ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ.[181] മറ്റു സ്രോതസ്സുകൾ നൽകിയ വിവരം പെൺകുട്ടി കരയുകയായിരുന്നുവെന്നും ദയയ്ക്കായി യാചിക്കുന്നുണ്ടായിരുന്നുവെന്നുമാണ്. ബലം പ്രയോഗിച്ചാണ് അവളെ കഴുത്തു വരെ കുഴിയിൽ മൂടിയതത്രേ.[182] ആമ്നസ്റ്റി ഇന്റർനാഷണൽ എന്ന സംഘടന പിന്നീട് മനസ്സിലാക്കിയത് ആ പെൺകുട്ടിക്ക് 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നും അൽ-ഷഹാബ് തീവ്രവാദികൾ അവളെ തടവിലാക്കുന്നതിനു മുൻപ് മൂന്നാണുങ്ങൾ അവളെ കൂട്ടബലാത്സംഗം ചെയ്തിരുന്നു എന്നുമാണ്.[183]
2009 ഡിസംബറിൽ മൊഹമ്മദ് അബുകർ ഇബ്രാഹിം എന്നയാൾ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് ഹിസ്ബുൾ ഇസ്ലാം തീവ്രവാദ സംഘടന ആരോപിച്ച് കല്ലെറിഞ്ഞുള്ള വധശിക്ഷ നടപ്പാക്കുകയുണ്ടായി.[184]
കൊലപാതകത്തിനും മറ്റ് അക്രമങ്ങൾക്കും വധശിക്ഷ നിലനിർത്തിയിരിക്കുന്ന ചില രാജ്യങ്ങൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് വധശിക്ഷ നൽകാറില്ല. താഴെക്കൊടുത്തിരിക്കുന്നത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്ന രാജ്യങ്ങളുടെ ലിസ്റ്റാണ്.
അഫ്ഗാനിസ്താൻ
ബംഗ്ലാദേശ്
ബ്രൂണൈ
ചൈന[185]
തായ്വാൻ[186]
ഈജിപ്ത്
ഇന്തോനേഷ്യ
ഇറാൻ
Iraq
കുവൈറ്റ്
ലാവോസ്
മലേഷ്യ
ഒമാൻ
പാകിസ്താൻ
സൗദി അറേബ്യ
സിംഗപ്പൂർ
സൊമാലിയ
ശ്രീലങ്ക
തായ്ലാന്റ്
Vietnam
United Arab Emirates
യുണൈറ്റഡ് സ്റ്റേറ്റ്സ്[187]
സിംബാബ്‌വെ
18 വയസിൽ താഴെ പ്രായമുള്ള കുറ്റവാളികൾക്ക് വധശിക്ഷ കൊടുക്കുന്നത് ഇപ്പോൾ പ്രായേണ കുറവാണ്. പ്രായപൂർത്തിയായി എന്നു കണക്കാക്കുന്നത് മിക്ക രാജ്യങ്ങളിലും 18 വയസാകുമ്പോഴാണ്. കുറ്റം ചെയ്യുമ്പോൾ 18 വയസ്സിനു താഴെ പ്രായമുണ്ടായിരുന്ന കുറ്റവാളികൾക്ക് 1990-നു ശേഷം ചൈന, കോംഗോ, ഇറാൻ, നൈജീരിയ, പാകിസ്താൻ, സൗദി അറേബ്യ, സുഡാൻ, അമേരിക്കൻ ഐക്യനാടുകൾ, യെമെൻ എന്നീ 9 രാജ്യങ്ങളിൽ വധശിക്ഷ നൽകിയിട്ടുണ്ട്.[188] ചൈനയിലും, പാകിസ്താനിലും, അമേരിക്കൻ ഐക്യനാടുകളിലും യെമനിലും, ഇറാനിലും ഇതിനു ശേഷം 18 വയസിൽ താഴെ പ്രായമുള്ളപ്പോൾ ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിറുത്തലാക്കി.[189][190][191] ഇതിനു ശേഷം 18 വയസിൽ താഴെ പ്രായമുള്ളപ്പോൾ ചെയ്ത കുറ്റങ്ങൾക്ക് 61 ആൾക്കാർക്ക് വധശിക്ഷ നൽകപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[192] ചൈനയിൽ നിയമം ഇതനുവദിക്കുന്നില്ലെങ്കിലും ഇത്തരം സംഭവങ്ങൾ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[193]
1642 നു ശേഷം അമേരിക്കയിൽ ഏകദേശം 365[194] കുട്ടിക്കുറ്റവാളികളെ സംസ്ഥാന സർക്കാരുകളും ഫെഡറൽ സർക്കാരും വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.[195] അമേരിക്കൻ ഐക്യനാടുകളിലെ സുപ്രീം കോടതി 16 വയസിൽ താഴെ പ്രായമുള്ളവർക്ക് വധശിക്ഷ നൽകാൻ പാടില്ല എന്ന് തോംസൺ v. ഓക്ലഹോമ കേസിൽ 1988-ൽ വിധിക്കുകയുണ്ടായി.
2005-നും 2008-നും ഇടയിൽ ഇറാൻ, പാകിസ്താൻ, സൗദി അറേബ്യ, സുഡാൻ, യെമൻ, എന്നീ രാജ്യങ്ങളിൽ കുട്ടിക്കുറ്റവാളികൾക്ക് വധശിക്ഷ നൽകിയിട്ടുണ്ടത്രേ.[196]
ഐക്യരാഷ്ട്രസഭയുടെ കൺവെൻഷൻ (കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കൺവെൻഷൻ) 37(എ) വകുപ്പു പ്രകാരം കുട്ടികൾക്ക് ശിക്ഷ നൽകുവാൻ പാടില്ല. ഇത് സൊമാലിയയും അമേരിക്കൻ ഐക്യനാടുകളും ഒഴികെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്.[197] മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും പ്രചരിപ്പിക്കാനുമുള്ള ഐക്യരാഷ്ട്രസഭയുടെ സബ് കമ്മീഷൻ പറയുന്നത് കുട്ടികളെ ശിക്ഷിക്കുന്നത് അന്താരാഷ്ട്ര നിയമത്തിനെതിരാണെന്നാണ്. രാഷ്ട്രീയവും പൊതുവുമായ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ധാരണയിലും (International Covenant on Civil and Political Rights) ഭൂരിഭാഗം രാഷ്ട്രങ്ങളും പങ്കാളികളാണ്. ഈ ധാരണയുടെ 6.5 വകുപ്പും 18 വയസിൽ താഴെയുള്ളവരുടെ കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നതിനെതിരാണ്.
അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ഇംഗ്ലണ്ട് പ്രദേശത്ത് പണ്ടൊക്കെ പരസ്യ വധശിക്ഷകൾ വളരെ വലിയ ആൾക്കൂട്ടത്തിന്റെ സാനിദ്ധ്യത്തിൽ നടക്കുന്ന മാന്യവും സൗമ്യവുമായ ചടങ്ങുകളായിരുന്നു. ഒരു സുവിശേഷസന്ദേശവും, പ്രദേശത്തെ പാതിരിമാരുടെയും രാഷ്ട്രീയക്കാരുടെയും സന്ദേശങ്ങളും ആൾക്കൂട്ടം ഇതിനോടനുബന്ധിച്ച് കേൾക്കുമായിരുന്നു.[198][199]
ലോകത്തിലെ മിക്ക ഭാഗങ്ങളിലും വേദന കുറഞ്ഞതും മനുഷ്യത്വപരവുമായ വധശിക്ഷകളിലേയ്ക്ക് മാറുന്നതായാണ് കണ്ടുവരുന്നത്. ഫ്രാൻസ് ഗില്ലറ്റിൻ എന്ന യന്ത്രം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനസമയത്ത് വികസിപ്പിച്ചത് ഇതിനായാണ്. ബ്രിട്ടൺ ക്വാർട്ടറിംഗ് എന്ന ശിക്ഷാരീതി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യസമയത്ത് നിറുത്തിവച്ചു. വീഴ്ച്ചാ ദൈർഘ്യം കുറഞ്ഞ തൂക്കിക്കൊല നിറുത്തലാക്കി ദൈർഘ്യം കൂടിയ തൂക്കിക്കൊല മിക്ക സ്ഥലങ്ങളിലും നിലവിൽ വന്നു. പേർഷ്യയിലെ ഷാ പീരങ്കിയിൽ നിന്ന് വെടിയുർതിർക്കുകയും, കഴുത്തു മുറിക്കുകയും മറ്റുമായ രീതികൾ കൊണ്ടുവന്നു.[200] അമേരിക്കൻ ഐക്യനാടുകളിൽ വൈദ്യുതക്കസേരയും ഗ്യാസ് ചേമ്പറും പോലുള്ള മനുഷ്യത്വപരമായതെന്ന് കരുതുന്ന രീതികൾ നിലവിൽ വന്നു. ഇവയെയും വിഷം കുത്തിവയ്ക്കൽ പോലെയുള്ള രീതികൾ പുറന്തള്ളിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇപ്പോഴും ചില രാജ്യങ്ങൾ വീഴ്ച്ചാ ദൈർഘ്യം കുറഞ്ഞ തൂക്കിക്കൊലയും, ശിരച്ഛേദവും, കല്ലെറിഞ്ഞുള്ള വധശിക്ഷയും മറ്റും നടത്താറുണ്ട്.
ചൈനയിൽ 747 മുതൽ 759 വരെയും ജപ്പാനിൽ 818 മുതൽ 1156 വരെയും വധശിക്ഷ നിറുത്തലാക്കപ്പെട്ടിരുന്നു.[201]
ഇംഗ്ലണ്ടിൽ 1395-ൽ എഴുതപ്പെട്ട ലൊല്ലാർഡിന്റെ 12 തീർപ്പുകളിൽ മരണശിക്ഷയ്ക്കെതിരായ പരസ്യപ്രസ്താവന ഉൾപ്പെടുത്തപ്പെട്ടിരുന്നു. സർ തോമസ് മൂറിന്റെ ഉട്ടോപ്പിയ എന്ന 1516-ൽ പുറത്തിറങ്ങിയ പുസ്തകം മരണശിക്ഷയുടെ ഗുണങ്ങളെപ്പറ്റി സംവാദരീതിയിൽ പ്രതിപാദിച്ചിരുന്നെങ്കിലും ഈ വിഷയത്തെക്കുറിച്ച് ഒരു തീർപ്പ് പുസ്തകത്തിലുണ്ടായിരുന്നില്ല. 1764-ൽ പ്രസിദ്ധീകൃതമായ സീസർ ബെക്കാരിയ എന്നയാളുടെ Dei Delitti e Delle Pene (കുറ്റങ്ങളെയും ശിക്ഷകളെയും പറ്റി) എന്ന പുസ്തകത്തിൽ ബെക്കാരിയ പീഠനത്തിന്റെയും വധശിക്ഷയുടെ അനീതിയും സാമൂഹ്യ ഉന്നമനത്തന്നുള്ള മാർഗ്ഗം എന്ന നിലയിലുള്ള ഉപയോഗശൂന്യതയും വെളിവാക്കുന്നുണ്ട്. ഈ പുസ്തകത്തിന്റെ പ്രേരണയാൽ ഹോളി റോമൻ ചക്രവർത്തിയായിരുന്ന ലിയോപോൾഡ് രണ്ടാമൻ ഗ്രാന്റ് ഡച്ചി ഓഫ് ടസ്കാനി എന്ന സ്ഥലത്ത് വധശിക്ഷ ഇല്ലാതാക്കി. ഇതായിരുന്നു ആധുനികകാലത്ത് വധശിക്ഷ സ്ഥിരമായി നിറുത്തലാക്കിയ ആദ്യ സംഭവം. 1786 നവംബർ 30-ന് പീനൽ കോഡ് പുതുക്കിക്കൊണ്ട് അദ്ദേഹം വധശിക്ഷകൾ ഇല്ലാതെയാക്കി.
റോമൻ റിപ്പബ്ലിക് 1849-ൽ വധശിക്ഷ ഇല്ലാതാക്കി. വെനസ്വേല 1863-ലും സാൻ മറിനോ 1865-ലും മരണശിക്ഷ നിറുത്തലാക്കി. സാൻ മറിനോയിലെ അവസാന വധശിക്ഷ നടന്നത് 1468-ലായിരുന്നു. പോർച്ചുഗലിൽ 1852-ലും 1863-ലും വധശിക്ഷ നിറുത്തലാക്കാൻ ശ്രമം നടന്നെങ്കിലും 1867-ലാണ് വധശിക്ഷ നിറുത്തലാക്കിയത്.
കാനഡയിൽ 1976-ലും, ഫ്രാൻസിൽ 1981-ലും, ഓസ്ട്രേലിയയിൽ 1973-ലും, (പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ 1984 വരെ വധശിക്ഷ നിലവിലുണ്ടായിരുന്നു) വധശിക്ഷ നിറുത്തലാക്കി. 1977-ൽ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ വധശിക്ഷ നൽകാവുന്ന കുറ്റങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരുക എന്നത് നല്ലതാണെന്ന് പ്രമേയം പാസാക്കി. അന്തിമലക്ഷ്യം വധശിക്ഷ ഇല്ലാതാക്കുന്നതാണത്രേ.[202]
1965 മുതൽ 1969 വരെ ബ്രിട്ടനിൽ കൊലപാതകത്തിന് വധശിക്ഷ താൽക്കാലികമായി ഒഴിവാക്കിയതോടെ രാജ്യദ്രോഹത്തിനും അക്രമമുപയോഗിച്ചുള്ള കടൽക്കൊള്ളയ്ക്കും രാജാവിന്റെ തുറമുഖങ്ങളിൽ തീവയ്ക്കുന്നതിനും ചില യുദ്ധക്കുറ്റങ്ങൾക്കും മാത്രമായിരുന്നു വധശിക്ഷ നിലവിലുണ്ടായിരുന്നത്. 1969-ൽ കൊലപാതകത്തിനുള്ള വധശിക്ഷ സ്ഥിരമായി ഒഴിവാക്കി. 1964-ലാണ് അവസാന വധശിക്ഷ നടന്നത്. സമാധാനസമയത്തുള്ള എല്ലാ കുറ്റങ്ങൾക്കും 1998-ൽ വധശിക്ഷ ഇല്ലാതെയാക്കി.[203]
അമേരിക്കൻ ഐക്യനാടുകളിൽ ആദ്യമായി വധശിക്ഷ നിറുത്തലാക്കിയത് മിച്ചിഗണിലായിരുന്നു (1846 മേയ് 18-ന്).[204] അമേരിക്കയിൽ ഫർമാൻ v. ജോർജിയ കേസിൽ സുപ്രീം കോടതി വധശിക്ഷ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചെങ്കിലും ഗ്രെഗ് v. ജോർജിയ കേസിൽ ഒന്നുകൂടി വധശിക്ഷയ്ക്ക് അനുവാദം കിട്ടി. ആറ്റ്കിൻസ് v. വിർജീനിയ കേസിൽ മാനസിക വൈകല്യമുള്ളവർക്ക് വധശിക്ഷ നൽകുന്നത് ഭരണഘടനാ വിരുദ്ധമായി വിധിക്കപ്പെട്ടു. റോപർ v. സിമ്മൺസ് കേസിൽ കുറ്റം ചെയ്യുമ്പോൾ 18 വയസിൽ താഴെ പ്രായമുണ്ടായിരുന്നവർക്ക് മരണശിക്ഷ കൊടുക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് വിധി വന്നു. 2012 ഏപ്രിൽ 25-ലെ കണക്കനുസരിച്ച് 17 സംസ്ഥാനങ്ങളും കൊളംബിയ ഡിസ്ട്രിക്റ്റും വധശിക്ഷ നിറുത്തലാക്കിയിട്ടുണ്ട്. ഏറ്റവുമവസാനം വധശിക്ഷ നിറുത്തലാക്കിയ സംസ്ഥാനം കണക്ടിക്കട്ടാണ്.[205] 2010-ൽ നടത്തിയ ഗാലപ് പോൾ അനുസരിച്ച് 64% അമേരിക്കക്കാർ കൊലപാതകക്കുറ്റത്തിന് വധശിക്ഷയെ അനുകൂലിക്കുന്നു.[206][207]
ഗാബൺ 2010 ഫെബ്രുവരിയിൽ വധശിക്ഷ നിറുത്തലാക്കി.[208] മനുഷ്യാവകാശ സംഘടനകൾ ക്രൂരവും അസാധാരണവുമായ ശിക്ഷയാണ് വധശിക്ഷ എന്ന വാദം മുന്നോട്ട് വയ്ക്കുന്നുണ്ട്. ആംനസ്റ്റി ഇന്റർനാഷണൽ സംഘടനയുടെ അഭിപ്രായത്തിൽ മനുഷ്യാവകാശങ്ങളുടെ അങ്ങേയറ്റത്തെ നിഷേധമാണ് വധശിക്ഷ.[209]
മരണശിക്ഷ നിർത്തലാക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി ലോകമെമ്പാടും നവമ്പർ 30ന് സിറ്റിസ് ഫോർ ലൈഫ് ഡേ (ജീവന്മുഖ നഗരങ്ങളുടെ ദിനം) ആയി ആചരിക്കുന്നു[210].
വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെയായി നിരവധി സംവാദങ്ങൾ ലോകത്തെങ്ങും നടക്കുന്നുണ്ട്.
വധശിക്ഷയെ ശക്തമായി എതിർക്കുന്ന നിരവധി ആളുകളുണ്ട്. ജീവൻ കൊടുക്കാൻ കഴിയാത്ത മനുഷ്യന് ജീവനെടുക്കാനും അവകാശമില്ലെന്നതാണ് ഇതിൽ ചിലരുയർത്തുന്ന വാദം. ശിക്ഷയുടെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ് വധശിക്ഷ എന്നും വാദമുണ്ട്. ശിക്ഷ, ഒരു കുറ്റവാളിയെ നല്ല മനുഷ്യനാക്കി മാറ്റാനുള്ളതാണെന്നതാണ് ഇതിന്റെ അടിസ്ഥാനം. വധശിക്ഷയെ എതിർക്കുന്നവർ കൊലപാതകം കാരണം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെല്ലാം കുറ്റവാളിയുടെ വധശിക്ഷ ആഗ്രഹിക്കുന്നവരല്ല എന്ന് ചൂണ്ടിക്കാട്ടുന്നു. വധശിക്ഷ പാവപ്പെട്ടവർക്കും ന്യൂനപക്ഷങ്ങൾക്കുമാണ് കൂടുതൽ കിട്ടുന്നതെന്നും ഇത് അക്രമവാസനയുള്ള ഒരു സമൂഹത്തെ ഉണ്ടാക്കുമെന്നും മനുഷ്യാവകാശങ്ങളെ ധ്വംസിക്കുമെന്നും വാദങ്ങളുണ്ട്.[211]
തെറ്റു ചെയ്തവൻ ശിക്ഷ അനുഭവിക്കണം എന്ന ധാർമിക നിയമമാണു വധശിക്ഷയെ പിന്തുണക്കുവാനുള്ള പ്രധാന കാരണം. മറ്റുള്ളവർ കുറ്റം ചെയ്യാനുള്ള സാധ്യത വധശിക്ഷ കുറക്കുമെന്ന് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. ശിക്ഷകുറച്ചു കൊടുത്ത് കുറ്റസമ്മതം വാങ്ങാൻ നിയമമനുവദിക്കുന്ന രാജ്യങ്ങളിൽ വധശിക്ഷ പ്രയോജനം ചെയ്യുന്നുണ്ടെന്നും വാദമുണ്ട്.[212]
ലോകത്തിലെ പ്രധാന മതങ്ങൾക്ക് വധശിക്ഷയെപ്പറ്റി വൈവിധ്യമാർന്ന അഭിപ്രായങ്ങളാണുള്ളത്. മതവിഭാഗം, വ്യക്തിയുടെ കാഴ്ച്ചപ്പാട്, കാലഘട്ടം എന്നിങ്ങനെ വിവിധ കാര്യങ്ങൾ ഈ കാഴ്ച്ചപ്പാടുകളെ സ്വാധീനിക്കുന്നുണ്ട്.
വധശിക്ഷയെപ്പറ്റി ബുദ്ധമതത്തിൽ ഭിന്നാഭിപ്രായമാണുള്ളത്. ജീവനെടുക്കാതിരിക്കുക എന്നത് അഞ്ച് അടിസ്ഥാന വിശ്വാസങ്ങളിലൊന്നാണ്. ധർമപാദത്തിലെ പത്താം അദ്ധ്യായം ഇങ്ങനെ പറയുന്നു.
"എല്ലാവർക്കും ശിക്ഷയെ പേടിയുണ്ട്; എല്ലാവർക്കും മരണഭയമുണ്ട്, നിനക്കുള്ളതു പോലെ തന്നെ. അതുകൊണ്ട് കൊല്ലുകയോ, കൊല്ലാൻ കാരണമാവുകയോ ചെയ്യരുത്."[213]
ധർമപാദത്തിലെ അവസാനത്തെ അദ്ധ്യായമായ ഇരുപത്താറാം അദ്ധ്യായത്തിൽ ഇങ്ങനെ പറയുന്നു, "ആയുധങ്ങൾ ഉപേക്ഷിക്കുകയും എല്ലാ ജീവികളോടും അക്രമം അവസാനിപ്പിക്കുകയും ചെയ്തവനെ ഞാൻ ബ്രാഹ്മണൻ എന്ന് വിളിക്കും. അയാൾ കൊല്ലുകയോ മറ്റുള്ളവരെ കൊല്ലാൻ സഹായിക്കുകയോ ചെയ്യില്ല." പ്രധാനമായും പടിഞ്ഞാറൻ രാജ്യങ്ങളിലെ ബുദ്ധമതക്കാർ ഈ വാക്യങ്ങൾ വധശിക്ഷയിലേയ്ക്ക് നയിക്കുന്ന എല്ലാ നിയമനടപടികൾക്കും എതിരായ പ്രബോധനമായി കണക്കാക്കുന്നു. ഈ വാക്യങ്ങളുടെ അർത്ഥത്തെപ്പറ്റി ഏകാഭിപ്രായമില്ല. ചരിത്രപരമായി ബുദ്ധമതം രാജ്യത്തിലെ ഔദ്യോഗിക മതമായ രാജ്യങ്ങൾ മിക്കവയും വധശിക്ഷ നടപ്പാക്കുന്നവയായിരുന്നു. ജപ്പാനിൽ കുറച്ചു വർഷങ്ങൾ വധശിക്ഷ സാഗ ചക്രവർത്തിക്കുശേഷം നിറുത്തിവയ്ക്കപ്പെട്ടിരുന്നതാണ് ഇതിനൊരപവാദം. ജപ്പാനിൽ ഇപ്പോഴും വധശിക്ഷ നിലവിലുണ്ട്. അടുത്തകാലത്തായി ചില നിയമ മന്ത്രിമാർ മതപരമായ കാരണങ്ങളാൽ വധശിക്ഷയ്ക്കുള്ള ഉത്തരവിൽ ഒപ്പുവയ്ക്കാൻ മതവിശ്വാസം കാരണം വിസമ്മതിക്കുന്നുണ്ട്.[214] ഭൂട്ടാൻ വധശിക്ഷ നിറുത്തലാക്കിയെങ്കിലും തായ്ലാന്റ് ഇപ്പോഴും തുടരുന്നുണ്ട്.
ബുദ്ധമതത്തിലെ പല കഥകളും കൊലപാതകികളുടെ പുനരധിവാസത്തെയും മറ്റും പ്രതിപാദിക്കുന്നവയാണ്. അംഗുലീമാലയുടെ കഥ ഉദാഹരണം.[215]
തായ്ലാന്റിലെ ചില സന്യാസിമാർ വധശിക്ഷ നിറുത്തലാക്കണമെന്ന് വാദിക്കുമ്പോൾ ചിലരുടെ അഭിപ്രായത്തിൽ അത് കഴിഞ്ഞ ജന്മത്തിലെ പാപങ്ങളുടെ ഫലമായതിനാൽ തുടരുന്നതിൽ കുഴപ്പമില്ല എന്നുമാണ്. [216]
അശോകന്റെ ശാസനങ്ങളിൽ ജീവനോടുള്ള ബഹുമാനം നിഴലിക്കുന്നുണ്ട്. രാജാവ് മൃഗങ്ങളെ ബലികൊടുക്കുന്നത് നിറുത്തിയതിനാൽ മിക്ക ആൾക്കാരും ആ പാത പിന്തുടർന്നിരുന്നു.[217] അശോകചക്രവർത്തി വധശിക്ഷ വിധിക്കപ്പെട്ടവർക്ക് ശിക്ഷ നടപ്പാക്കുന്നതിനു മുൻപുള്ള കാലയളവ്, ജീവൻ തിരികെക്കിട്ടാനപേക്ഷിക്കാൻ വേണ്ടി, അപേക്ഷിക്കാനുള്ള അവസരം നൽകാൻ നീട്ടിക്കൊടുത്തിരുന്നു. .[218]
പാലി ഗ്രന്ഥങ്ങളിൽ വധശിക്ഷയെക്കുറിച്ച് പല അഭിപ്രായങ്ങളാണുള്ളത്. അക്രമം സാഹചര്യത്തിനനുസരിച്ചാവണമെന്നും അതെപ്പറ്റി ചർച്ചയാവാമെന്നുമാണ് ഒരു പക്ഷം. രാജാവ് കൊടുക്കുന്ന ശിക്ഷകളും യുദ്ധങ്ങളും ചിലപ്പോൾ ന്യായീകരിക്കാവുന്നതാണ്. മറുപക്ഷത്ത് ധർമ്മ (ധർമം) സാഹചര്യത്തിനനുസരിച്ച് മാറാവുന്നതല്ല. വധശിക്ഷയും യുദ്ധവും മറ്റെന്തെങ്കിലും തരത്തിലുള്ള അക്രമവും ഇതനുസരിച്ച് അനുവദനീയമല്ല.[219]
മനുഷ്യലോകത്ത് ഈ രണ്ടുതരത്തിലുള്ള ധർമങ്ങൾ തമ്മിൽ സ്ഥിരമായ ഉരസലുകളുണ്ടാവും.[220]
ക്രിസ്തുമതത്തിൽ വധശിക്ഷയെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുകൾ പൂർണമായ എതിർപ്പുമുതൽ അനുകൂല നിലപാടുകൾ വരെ (പഴയനിയമത്തെ ആധാരമാക്കി) മാറിമറിഞ്ഞ് കാണുന്നുണ്ട്.
യേശുക്രിസ്തുവിന്റെ ഉപദേശം "ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കുക" എന്നാണെന്നാണ് ലൂക്കാ എഴുതിയ സുവിശേഷത്തിലും മത്തായി എഴുതിയ സുവിശേഷത്തിലും രേഖപ്പെടുത്തിയിരിക്കുന്നത്. കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കപ്പെട്ട വേശ്യയുടെ കഥയും ഈ ഉപദേശവും കായികമായ പ്രതികാരത്തിനെതിരാണെന്നാണ് പൊതുവിശ്വാസം. മിക്ക പണ്ഡിതരും വേശ്യയുടെ കഥ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ആദ്യരൂപത്തിൽ ഉണ്ടായിരുന്നില്ല എന്ന അഭിപ്രായമുള്ളവരാണ്.[221][222][223]) ചില ക്രിസ്ത്യാനികൾ റോമാക്കാർക്കെഴുതിയ ലേഖനത്തിലെ 13:3-4 വരികൾ മരണശിക്ഷയെ അനുകൂലിക്കുന്നവയാണെന്ന് കരുതുന്നു. എന്നാൽ, യേശുവിന്റെ സമാധാന സന്ദേശം സ്വകാര്യ നൈതികതയെ മാത്രമേ ബാധിക്കൂ എന്നും കുറ്റങ്ങൾക്ക് ശിക്ഷ കൊടുക്കാനുള്ള സർക്കാറിന്റെ ശേഷിയെ ബാധിക്കില്ല എന്നും വിശ്വസിക്കുന്നവരാണ് പല ക്രിസ്ത്യാനികളും.
പഴയനിയമത്തിലെ ലേവ്യപുസ്തകത്തിൽ 20:2-27 വരികൾ വധശിക്ഷ നൽകാവുന്ന കുറ്റങ്ങളെ വിവരിക്കുന്നുണ്ട്. ഈ ഭാഗത്തെപ്പറ്റി ക്രിസ്ത്യാനികളുടെ നിലപാടുകൾ വൈവിധ്യമുള്ളതാണ്.[224] ആറാമത്തെ കൽപ്പനയെ ''നീ കൊല്ലരുത്" എന്നും "നീ കൊലപാതകം നടത്തരുത്" എന്നും വായിക്കുന്നവരുണ്ട്. ക്രിസ്ത്യാനികൾ പൊതുവിൽ ഇക്കാര്യത്തിൽ സ്വന്തം തീരുമാനമാണെടുക്കുന്നത്.[225]
തോമസ് അക്വിനാസിന്റെ അഭിപ്രായത്തിൽ വധശിക്ഷയ്ക്ക് ഒരു താക്കീത് എന്ന നിലയിൽ സ്വീകാര്യതയുണ്ട്. പ്രതികാരം എന്ന നിലയിൽ ഇത് സ്വീകാര്യമല്ലതാനും. റോമൻ മതവീക്ഷണത്തിൽ ഈ നിലപാടിന്റെ വിശദീകരണം ഇതാണ്.
കുറ്റം ചെയ്യാത്തവരെ സംരക്ഷിക്കാനും കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാനും നിയമപരമായ കൊലയ്ക്ക് സർക്കാരിന് അവകാശമുണ്ട്. ഈ അവകാശം ന്യായമായി ഉപയോഗിക്കുന്ന അധികാരി കൊല നടത്തുകയല്ല, മറിച്ച് കൊല നടത്താതിരിക്കാനുള്ള കൽപ്പനയെ അനുസരിക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ജീവന് രക്ഷയും സംരക്ഷണവും നൽകുകയാണ് കൊലയ്ക്കെതിരായ കൽപ്പനയുടെ ലക്ഷ്യം. അക്രമത്തെ അടിച്ചമർത്തുക വഴി അധികാരികൾ ഇതാണ് ചെയ്യുന്നത്. ദാവീദിന്റെ വചനങ്ങൾ ഇത് കാണിക്കുന്നു: രാവിലെ ഞാൻ പോക്കിരികളെ വധിക്കുന്നു, ദൈവത്തിന്റെ നഗരത്തിൽ നിന്ന് അനീതിയുണ്ടാക്കുന്നവരെ തുടച്ചു നീക്കാനാണ് ഞാനത് ചെയ്യുന്നത്.[226]
കുറ്റവാളിയിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ അതേ ഒരു മാർഗ്ഗമുള്ളൂ എങ്കിൽ മാത്രമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് പോപ്പ് ജോൺ പോൾ രണ്ടാമൻ അഭിപ്രായപ്പെട്ടത്. ഇപ്പോൾ അത്തരത്തിലുള്ള ആവശ്യം നിലവിലില്ല എന്നും അദ്ദേഹം പറഞ്ഞു.[227] കാറ്റക്കിസം ഓഫ് കത്തോലിക് ചർച്ചിൽ ഈ കാഴ്ച്ചപ്പാട് എടുത്തു പറഞ്ഞിട്ടുണ്ട്.[228] ഇത് വിശ്വാസികൾ സ്വീകരിക്കണമെന്ന് നിർബന്ധമില്ല എന്ന കർദിനാൾ റാറ്റ്സിംഗറും (നിലവിലെ പോപ്പ്) അഭിപ്രായപ്പെട്ടിട്ടുണ്ട്.
എല്ലാവിധ വധശിക്ഷകളെയും എതിർക്കുന്ന ആദ്യ അമേരിക്കൻ സഭയായിരുന്നു ക്വേക്കർ സഭ. സതേൺ ബാപ്റ്റിസ്റ്റുകൾ നീതിയുക്തമായ രീതിയിൽ കൊലപാതകികൾക്കും രാജ്യദ്രോഹികൾക്കും വധശിക്ഷ കൊടുക്കുന്നതിനെ അനുകൂലിക്കുന്നു. ഇത് പ്രതികാരം എന്ന നിലയിലേയ്ക്കോ മനുഷ്യർ തമ്മിൽ പക്ഷപാതം കാണിക്കുന്ന രീതിയിലേക്കോ താഴാൻ പാടില്ല.[229] ആംഗ്ലിക്കൻ സഭയും എപിസ്കോപ്പാലിയൻ സഭയും മനുഷ്യന്റെ അഭിമാനം സംരക്ഷിക്കുന്ന തരത്തിലുള്ള ശിക്ഷകൾ മരണശിക്ഷയ്ക്ക് പകരമായി നൽകണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.[230] മെതോഡിസ്റ്റ് സഭ മരണശിക്ഷയെ എതിർക്കുന്നു.[231] പാവപ്പെട്ടവർക്കും വിദ്യാഭ്യാസമില്ലാത്തവർക്കും ന്യൂനപക്ഷങ്ങൾക്കുമാണ് ഈ ശിക്ഷ കൂടുതൽ കിട്ടുന്നതെന്നും മെതോഡിസ്റ്റ് സഭ ചൂണ്ടിക്കാട്ടുന്നു.[232]
ഇവാഞ്ചലിക്കൽ ലൂതറൻ സഭയുടെ ഔദ്യോഗിക നിലപാട് വധശിക്ഷയ്ക്കെതിരാണ്.[233] മോർമോൺ സഭ വധശിക്ഷയ്ക്കെതിരോ അനുകൂലമോ ആയ നിലപാടെടുക്കുന്നില്ല. സഭയുടെ സ്ഥാപകൻ വധശിക്ഷയെ അനുകൂലിച്ചിരുന്നു.[234] However, today the church officially state it is a "matter to be decided solely by the prescribed processes of civil law."[235] കമ്യൂണിറ്റി ഓഫ് ക്രൈസ്റ്റ് എന്ന സഭ വധശിക്ഷയെ എതിർക്കുന്നു.[236]
പ്രൊട്ടസ്റ്റന്റ് സഭകളുടെ ആദ്യകാല നേതാക്കന്മാർ പലരും വധശിക്ഷയെ അനുകൂലിച്ചിരുന്നു (മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ എന്നിവർ ഉദാഹരണം). ലൂതറൻ സഭ ഇതിനെ അനുകൂലിച്ചിരുന്നു.[237] മെമ്മോണൈറ്റ്സ്, ബ്രദറൻ സഭ, ഫ്രണ്ട്സ് എന്നീ സഭകൾ ആദ്യകാലം മുതൽക്കേ വധശിക്ഷയെ എതിർത്തിരുന്നു.
കിഴക്കൻ ഓർത്ത്ഡോക്സ് ക്രിസ്തുമതം വധശിക്ഷയെ ഔദ്യോഗികമായി എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ല.[238]
ഈസോട്ടറിക് സഭകളിൽപ്പെട്ട റോസിക്രൂസിയൻ ഐക്യദാർഢ്യസഭ എല്ലാത്തരം വധശിക്ഷകളെയും എതിർക്കുന്നു.[239][240]
വധശിക്ഷയെ എതിർക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന വിചാരധാരകൾ ഹിന്ദുമതത്തിലുണ്ട്. ഹിന്ദുമതം അഹിംസ പഠിപ്പിക്കുമ്പോൾത്തന്നെ ആത്മാവിനെ കൊല്ലാൻ സാധിക്കില്ല എന്നും ജഡമായ ശരീരം മാത്രമാണ് നശിക്കുന്നതെന്നും പഠിപ്പിക്കുന്നു. ധർമശാസ്ത്രത്തിലും അർത്ഥശാസ്ത്രത്തിലും കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് വധശിക്ഷ വിധിക്കുന്നുണ്ട്.
സൗദി അറേബ്യയിലേതുപോലുള്ള ചിലതരം ഇസ്ലാമിക നിയമങ്ങൾ വധശിക്ഷ ചില കുറ്റങ്ങൾക്ക് നിർബന്ധമായി വിധിക്കുന്നുണ്ടെങ്കിലും ഇസ്ലാമിക രാജ്യങ്ങൾ തമ്മിൽ വധശിക്ഷയുടെ കാര്യത്തിൽ വലിയ വ്യത്യാസങ്ങളുണ്ട്. കൊലപാതകത്തിനെയും ഒരു സിവിൽ കുറ്റമായാണ് ഇസ്ലാം കാണുന്നത്. വധിക്കപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ചോരപ്പണം വാങ്ങി ശിക്ഷ ഇളവു നൽകാനുള്ള അധികാരമുണ്ട്.[241]
ഒരു വ്യക്തിയുടെ അഭിപ്രായത്തിൽ വധശിക്ഷ ഇസ്ലാം മതത്തിൽ അനുവദനീയമല്ല.[242]
ഔദ്യോഗികമായി ജൂതമതം വധശിക്ഷയെ അംഗീകരിക്കുന്നുവെങ്കിലും കുറ്റം തെളിയിക്കാനാവശ്യപ്പെടുന്ന നിബന്ധനകളുടെ കാഠിന്യം കാരണം ഫലത്തിൽ മരണശിക്ഷ നിരോധിതമാണ്.[243] ക്രിസ്തുവർഷം 30-ൽ സാൻഹെഡ്രിൻ എന്ന ന്യായാധിപസഭ വധശിക്ഷ നിറുത്തലാക്കി. മരണശിക്ഷ നൽകാൻ യോഗ്യത ദൈവത്തിനു മാത്രമാണ് എന്നാണ് ഇതിന്റെ ന്യായം.[244]
ചൈന, ഇറാൻ , സൗദി അറേബ്യ, പാകിസ്താൻ, അമേരിക്കൻ ഐക്യനാടുകൾ , ഇറാഖ്,ഇന്ത്യ തുടങ്ങി 58-ഓളം രാജ്യങ്ങളിൽ വധശിക്ഷ നിലവിലുണ്ട്.[245]
2007-ൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പിലാക്കിയ രാജ്യങ്ങൾ
രാജ്യം | എണ്ണം | |
---|---|---|
ചൈന | 470+ | |
ഇറാൻ | 317+ | |
സൗദി അറേബ്യ | 143+ | |
പാകിസ്താൻ | 135+ | |
അമേരിക്കൻ ഐക്യനാടുകൾ | 42 | |
ഇറാഖ് | 33+ | |
ആംനസ്‌റ്റി ഇന്റർനാഷനൽ - ലഭ്യമായ വിവരങ്ങൾ പ്രകാരം [246] |
യൂറോപ്യൻ യൂനിയൻ, ഓസ്ട്രേലിയ, ന്യൂസീലാന്റ്, കാനഡ തുടങ്ങി 135-ഓളം രാജ്യങ്ങളിൽ വധശിക്ഷ നിലവിലില്ല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.