പഷ്തൂൺ
അഫ്ഗാനിസ്താനിലും പാകിസ്താനിലുമായി കാണപ്പെടുന്ന ഒരു ജനവിഭാഗം / From Wikipedia, the free encyclopedia
പ്രധാനമായും അഫ്ഗാനിസ്താന്റെ തെക്കുഭാഗത്തും പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യയിലും വസിക്കുന്ന ഒരു ജനവിഭാഗമാണ് പഷ്തൂണുകൾ. അഫ്ഗാൻ വംശജരെന്നും ഇവർ അറിയപ്പെടുന്നു.ഡ്യൂറണ്ട് രേഖക്ക് (പാക് അഫ്ഘാൻ അതിർത്തി) വടക്കും തെക്കുമായി വസിക്കുന്ന ഇവരുടെ ആവാസമേഖലയെയാണ് പത്തൊമ്പതാം നൂറ്റാണ്ടു വരെ അഫ്ഗാനിസ്താൻ എന്നറിയപ്പെട്ടിരുന്നത്. പഷ്തുവാണ് ഇവരുടെ ഭാഷ. ഇന്ന് അഫ്ഗാനിസ്താനിലെ ജനസംഖ്യയുടെ 40 മുതൽ 50 ശതമാനം വരെ പഷ്തൂണുകളാണ്. ഇന്ത്യയിലേയും പാകിസ്താനിലേയും പഷ്തൂണുകൾ പഠാണികൾ എന്നറിയപ്പെടുന്നു[11].
Regions with significant populations | |
---|---|
പാകിസ്താൻ | 28 million (2005)[1][2] |
അഫ്ഗാനിസ്താൻ | 13 million (2006)[3] |
UAE | 315,524 (2008)[4] |
യുണൈറ്റഡ് കിങ്ഡം | 200,000 (2006)[5] |
ഇറാൻ | 150,000 (2005)[6] |
കാനഡ | 26,000 (2006)[7] |
ഇന്ത്യ | 11,086 (2001)[8] |
United States | 7,710 (2000)[9] |
മലേഷ്യ | 5,100 (2008)[10] |
Languages | |
പഷ്തു പേർഷ്യനും ഉർദ്ദുവും രണ്ടാം ഭാഷ എന്ന നിലയിൽ വ്യാപകമായി സംസാരിക്കുന്നുണ്ട് | |
Religion | |
ഇസ്ലാം, കൂടുതലും ഹനാഫി സുന്നികളാണെങ്കിലും കുറച്ചുപേർ ഷിയകളാണ് |
പഷ്തൂണുകൾ വിദഗ്ദ്ധരായ പോരാളികളാണ്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ പഷ്തൂണുകളുമായി പലതവണ ബ്രിട്ടീഷുകാർ യുദ്ധത്തിലേർപ്പെട്ടിരുന്നു. ആംഗ്ലോ അഫ്ഗാൻ യുദ്ധങ്ങൾ എന്നാണ് ഈ യുദ്ധങ്ങൾ അറിയപ്പെടുന്നത്. ഓരോ വട്ടവും, തങ്ങളുടെ കുന്നുകളിൽ ഗറില്ലായുദ്ധത്തിൽ വിദഗ്ദ്ധരായിരുന്ന പഷ്തൂണുകളോട് തോറ്റ് ബ്രിട്ടീഷുകാർക്ക് മടങ്ങേണ്ടി വന്നു[12].
2000-ആമാണ്ടിലെ കണക്കനുസരിച്ച് പഷ്തൂണുകളുടെ ആകെ ജനസംഖ്യ 2 കോടിയോളമാണ്. ഇവരിൽ പകുതിയോളം വീതാം പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി അതിർത്തിയുടെ ഇരു വശങ്ങളിലുമായി വസിക്കുന്നു[11].
പഷ്തൂണുകളിൽ പല വർഗ്ഗങ്ങളുണ്ട്. ദുറാനി, ഘൽജി എന്നീ പഷ്തൂൺ വംശജർ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്നവരാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള കവാടങ്ങളായ, ഖൈബർ ചുരത്തിനും, കൊഹാട്ട് ചുരത്തിനും അടുത്തുള്ള മേഖലയിൽ അധിവസിക്കുന്നവരാണ് അഫ്രീദികൾ[12][൧]
പഷ്തൂണുകൾ ഭാഷാപരവും സാംസ്കാരികപരവുമായി ഒരൊറ്റ ജനതയായാണ് ഇന്ന് നിലകൊള്ളുന്നതെങ്കിലും ജനിതകമായി ഇവർ ഒരേ വംശത്തിൽ നിന്നുള്ളവരല്ല. വിവിധ വംശത്തിലുള്ള ജനങ്ങൾ നൂറ്റാണ്ടുകളായി പഷ്തൂണുകളിലേക്ക് അലിഞ്ഞു ചേർന്നിട്ടുണ്ട്. പടിഞ്ഞാറൻ അഫ്ഘാനിസ്ഥാനിലെ തായ്മാനി, മാലികി അയ്മക് എന്നീ വിഭാഗങ്ങൾ കണ്ടഹാരി പഷ്തൂണുകളുടെ ഭാഷയും സംസ്കാരവും സ്വായത്തമാക്കി, സ്വയം പഷ്തൂണുകളാണെന്നു ഇപ്പോൾ കരുതുന്നു. ഇത് ഈ ലയനപ്രക്രിയയുടെ ഒരു പുതിയ ഉദാഹരണമാണ്[11].