From Wikipedia, the free encyclopedia
യുഗാണ്ട (Uganda) കിഴക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. കിഴക്ക് കെനിയ, പടിഞ്ഞാറ് കോംഗോ, വടക്ക് സുഡാൻ, തെക്ക് ടാൻസാനിയ, തെക്കുപടിഞ്ഞാറ് റുവാണ്ട എന്നിവയാണ് അയൽ രാജ്യങ്ങൾ. പരമ്പരാഗതമായ ബുഗാണ്ട രാജവംശത്തിൽ നിന്നാണ് ഉഗാണ്ട എന്ന പേരു വന്നിരിക്കുന്നത്.
ആപ്തവാക്യം: ദൈവത്തിനു വേണ്ടിയും എന്റെ രാജ്യത്തിനു വേണ്ടിയും | |
ദേശീയ ഗാനം: Oh Uganda, Land of Beauty.. | |
തലസ്ഥാനം | കംപാല |
രാഷ്ട്രഭാഷ | ഇംഗ്ലീഷ്, സ്വാഹിലി |
ഗവൺമന്റ്
പ്രസിഡന്റ് |
പാർലമെന്ററി ജനാധിപത്യം യോവരി മുസേവനി |
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | ഒക്ടോബർ 9, 1962 |
വിസ്തീർണ്ണം |
2,36,040ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ • ജനസാന്ദ്രത |
24,699,073(2000) 105/ച.കി.മീ |
നാണയം | ഷില്ലിങ് (UGX ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC +3 |
ഇന്റർനെറ്റ് സൂചിക | .ut |
ടെലിഫോൺ കോഡ് | +256 |
കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ പെടുന്ന ഉഗാണ്ട 1962 ലാണ് സ്വാതന്ത്ര്യം പ്രാപിച്ചത്. പാൻ ആഫ്രിക്കൻ പ്രസ്ഥാനം, ആഫ്രിക്കൻ ഐക്യദാർഢ്യസമിതി (Organization for African Unity) എന്നീ സംഘടനകളിൽ സജീവാംഗത്വം പുലർത്തുന്ന ഈ രാജ്യം കെനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളുമായിച്ചേർന്ന് ഈസ്റ്റാഫ്രിക്കൻ കമ്യൂണിറ്റി എന്ന വാണിജ്യസഖ്യവും സ്ഥാപിച്ചിരുന്നു. വ്യവസായവത്കരണത്തിലൂടെ സാമ്പത്തിക സുസ്ഥിരത നേടുവാനുള്ള തീവ്രമായ ശ്രമം സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം നടന്നുപോന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ വേണ്ടത്ര വിജയിച്ചിട്ടില്ല. സമ്പദ്വ്യവസ്ഥ പ്രധാനമായും കാർഷിക വിഭവങ്ങളെ, പ്രത്യേകിച്ച് കാപ്പി, പരുത്തി എന്നീ നാണ്യവിളകളെ ആശ്രയിച്ചിരിക്കുന്നു. ലോകവിപണിൽ ഈ ഉത്പന്നങ്ങൾക്കുണ്ടാവുന്ന വിലമാറ്റത്തിന് ആനുപാതികമായി ഉഗാണ്ടയുടെ സാമ്പത്തിക സ്ഥിതിയിലും ഏറ്റക്കുറച്ചിലുകളുണ്ടാകാറുണ്ട്.[1]
മധ്യ ആഫ്രിക്കാ പീഠഭൂമിയുടെ ഭാഗമായി തെക്കുനിന്നും വടക്കോട്ടു ക്രമേണ ചരിഞ്ഞിറങ്ങുന്ന ഒരു ഉന്നതതടമാണ് ഉഗാണ്ട. തെക്കരികിൽ 1,500 മീറ്ററും വടക്ക് 900 മീറ്ററുമാണ് ശരാശരി ഉയരം. രാജ്യത്തിന്റെ അതിർത്തികളിൽ ഉയരംകൂടിയ പർവതങ്ങളും താഴ്വരകളും ഉണ്ട്. ഉഗാണ്ടയുടെ പടിഞ്ഞാറെ അതിർത്തി നിർണയിക്കുന്നത് വിരുംഗ, റുവൻസോറി എന്നീ പർവതങ്ങളും ഭാഗികമായി ആഫ്രിക്കയിലെ പ്രസിദ്ധമായ ഗ്രേറ്റ് റിഫ്റ്റ് വാലി (ഭ്രംശ താഴ്വര) യും ആണ്. ഉഗാണ്ടയ്ക്കുള്ളിൽ വിരുംഗാപർവതത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി മുഹാവുര (4,127 മീ.) ആണ്; ഉഗാണ്ടാ, സയർ, റുവാണ്ട എന്നീ രാജ്യങ്ങളുടെ അതിർത്തികൾ കൂട്ടിമുട്ടുന്നിടത്ത് സബീനിയോ എന്ന മറ്റൊരു കൊടുമുടിയുമുണ്ട്. വിരുംഗാ പർവതത്തിനു വടക്കാണ് റൂവൻസോറി. ഈ പർവതനിരകൾക്കിടയ്ക്ക് എഡ്വേഡ്, ജോർജ് എന്നീ തടാകങ്ങൾ കിടക്കുന്നു. റൂവൻസോറിയിലെ മാഗരീതാ കൊടുമുടിയുടെ ഉയരം 5,109 മീ. ആണ്. ഈ പർവതനിരയ്ക്കും വടക്കുള്ള ഉഗണ്ടാ അതിർത്തി റിഫ്റ്റ്വാലിയിലൂടെയാണ് നീളുന്നത്; ആൽബർട്ട് തടാകവും, ആൽബർട്ട്നൈൽ നദിയും ഈ ഭാഗത്താണ്. ഉഗാണ്ടയുടെ വടക്കുകിഴക്കുഭാഗത്ത് അഗ്നിപർവതങ്ങളുടെ ഒരു ശൃഖല കാണപ്പെടുന്നു; സൂലിയ (2,148 മീ.), മൊരുൻഗോൾ (2,750 മീ.), മൊറോതോ (3,083 മീ.), കാദാം (3,071 മീ.), എൽഗൺ (4,321 മീ.) എന്നിവ ഇക്കൂട്ടത്തിൽ പെട്ട പർവതങ്ങളാണ്. ഇവ ഒട്ടുമുക്കാലും നിദ്രിത (dormant) അവസ്ഥയിലാണ്. റിഫ്റ്റ്വാലിയുടെ ഒരു ശാഖ ഈ പർവതങ്ങളുടെ തെക്കും പടിഞ്ഞാറും അരികുകളിലൂടെ നീളുന്നു; വിക്റ്റോറിയാ തടാകം ഈ ശാഖയിലാണ്. ഉഗാണ്ടായുടെ സുഡാനുമായുള്ള അതിർത്തി നിർണയിക്കുന്നത് ഇമാതോങ് (1,830 മീ.) പർവതങ്ങളാണ്.[2]
ആറു വൻതടാകങ്ങളും എട്ടു നദീ വ്യൂഹങ്ങളുമാണ് ഉഗാണ്ടയിലെ അപവാഹക്രമത്തിലെ പ്രധാന ഘടകങ്ങൾ. രാജ്യത്തിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന വിക്റ്റോറിയാതടാകം (1,18,423 ച. കി. മീ.) വിസ്തീർണത്തിൽ ലോകത്തിലെ ശുദ്ധജല തടാകങ്ങളിൽ രണ്ടാം സ്ഥനത്താണ്. എഡ്വേഡ്, ജോർജ്, ആൽബർട്ട്, കിഴക്കുഭാഗത്തുള്ള ക്യോഗ, ബൈസെന എന്നിവയാണ് മറ്റു പ്രധാന തടകങ്ങൾ. രാജ്യത്തിന്റെ മധ്യഭാഗത്തു കൂടി ഒഴുകുന്ന വിക്റ്റോറിയാനൈൽ, യുഗാണ്ടയിലെ അസ്വ, ഡോപെത്ത് ഒക്കോക്ക്, പാജർ, വ. പടിഞ്ഞാറു ഭാഗത്തെ ആൽബർട്ട് നൈൽ, പടിഞ്ഞാറൻ ഉഗാണ്ടയിലെ കാഫു, കടോങ്ഗാ, മ്പോങ്ഗോ എന്നിവയാണ് മുഖ്യനദികൾ. രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള ചെറുനദികൾ വിക്റ്റോറിയാ തടാകത്തിലേക്ക് ഒഴുകുന്നു. തടാകത്തിലെ അധികജലം ജീൻജയ്ക്കു സമീപമുള്ള ഓവൽ വെള്ളചാട്ടത്തിലൂടെ ബഹിർഗമിച്ചാണ് വിക്റ്റോറിയാനൈൽ രൂപംകൊള്ളുന്നത്. വടക്കോട്ടൊഴുകുന്ന നദി ക്യോഗാതടാകത്തിന്റെ കിഴക്കൻ ശാഖയെ ഗ്രസിച്ച് പടിഞ്ഞാറോട്ടു തിരിയുകയും വീണ്ടും വടക്കോട്ടു തിരിഞ്ഞൊഴുകി ആൽബർട്ടു തടാകത്തിൽ പതിക്കുകയും ചെയ്യുന്നു. നദീമാർഗ്ഗത്തിലെ അന്ത്യഭാഗത്ത് കരൂമ, മർക്കിസൺ എന്നീ വെള്ളചാട്ടങ്ങൾ ഉണ്ട്. ആൽബർട്ട് തടാകത്തിലെ അധികജലം വർന്നൊഴുകിയാണ് ആൽബർട്ട് നൈൽ ഉണ്ടാകുന്നത്. സുഡാൻ അതിർത്തി മുതൽ ഈ നദി വൈറ്റ് നൈൽ (ബഹർ അൽ ജബർ) എന്ന് അറിയപ്പെടുന്നു. വിക്റ്റോറിയാതടാകത്തിനു വടക്കുള്ള നദികൾ ക്യോഗാതടകത്തിലേക്കൊഴുകുന്നു. ക്യോഗയ്ക്കു വടക്കുള്ളവ ആൽബർട്ട്നൈലിലേക്ക് ഒഴുകിച്ചേരുന്നു. യുഗാണ്ടയുടെ തെ. പ. ഭാഗത്ത് എഡ്വേഡ്, ജോർജ് എന്നീ തടാകങ്ങളിലേക്കൊഴുകുന്ന ചെറുനദികൾ കാണാം. വിക്റ്റോറിയാനൈൽ, ആൽബർട്ട്നൈൽ എന്നിവ ഒഴിച്ചുള്ള നദികളെല്ലാം കലങ്ങിമറിഞ്ഞും മാർഗ്ഗമധ്യേ ചതുപ്പുകെട്ടിയും കാണപ്പെറ്റുന്നു. ഏറിയകൂറും നദികൾ മഴക്കാലത്തു മാത്രം നിറഞ്ഞൊഴുകുന്നവയാണ്. സദാ നിറഞ്ഞൊഴുകുന്ന വൻനദികളിലെ ജലൗഘങ്ങളിൽ പോലും കാലഭേദമനുസരിച്ചുള്ള ഏറ്റക്കുറച്ചിൽ കാണാം.[3]
തെക്കെ ഉഗാണ്ടയിലൂടെയാണ് ഭൂമധ്യരേഖ കടന്നു പോകുന്നത്. എന്നാൽ സമുദ്രനിരപ്പിൽനിന്നുള്ള ഉയരക്കൂടുതലും തടാകങ്ങൾ മൂലമുണ്ടാകുന്ന ആർദ്രോഷ്ണ വ്യതിയാനങ്ങളും കാലാവസ്ഥയിൽ സമീകരണം ഏർപ്പെടുത്തുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയാണ് പൊതുവെ അനുഭവപ്പെടുന്നത്. താപനിലയിലെ വർഷിക വെത്യാസം വളരെകുറവണ്. ദിനരാത്രങ്ങളുടെ ദൈർഘ്യത്തിലും പറയത്തക്ക ഏറ്റകുറച്ചിലുകൾ ഉണ്ടാകുന്നില്ല. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാമാന്യമായ മഴ ലഭിക്കുന്നു. വടക്കു കിഴക്കരികിലാണ് മഴ ഏറ്റവും കുറവ് (38 സെ. മീ.). വിക്റ്റോറിയാ തടാകത്തിലെ ദ്വീപുകളിൽ ശരാശരി വർഷപാതം 200 സെ. മീ. ആണ്. ഉഗാണ്ടയുടെ വടക്കേ പകുതിയിൽ ഏപ്രിൽ മുതൽ ഒക്ടോബർ വരെ മഴക്കാലവും നവംബർ മുതൽ മാർച്ചുവരെ വരണ്ട കാലവും ആണ്. തെക്കൻ ഉഗാണ്ടയിൽ ഏപ്രിൽ - മേയ്, ഒക്ടോബർ - നവംബർ എന്നിങ്ങനെ രണ്ടു മഴക്കാലങ്ങളും അവയ്ക്കിടയ്ക്കുള്ള വരണ്ട കാലങ്ങളുമാണുള്ളത്; എന്നാൽ വരൾച്ചയുടെ കാലത്തുപോലും ഇടയ്ക്കിടെ ഇടിമഴ പെയ്യാറുണ്ട്.[3]
ഇരുമ്പ്, അലൂമിനിയം എന്നീ ധാതുക്കളുടെ അംശം അടങ്ങിയ ഫെറലൈറ്റ് മണ്ണാണു പൊതുവേ ഉള്ളത്. എന്നാൽ ചതുപ്പു പ്രദേശങ്ങളിൽ, വിശിഷ്യാ കായലോരങ്ങളിൽ ചെളിപരുവത്തിലുള്ള കളിമണ്ണും കാണപ്പെടുന്നു. പൊതുവേ ഫലപുഷ്ടിയുള്ള മണ്ണാണ്; വടക്കരികിലേക്കു നിങ്ങുന്തോറും മണ്ണിന്റെ ഉർവരത കുറഞ്ഞുവരുന്നു.[3]
ഉഗാണ്ടയുടെ മധ്യ - ഉത്തര ഭാഗങ്ങളിലെ നൈസർഗിക പ്രകൃതി ഉയരം കുറഞ്ഞ വൃക്ഷങ്ങൾ ഉൾപ്പെട്ട സവന്നാ മാതൃകയിലുള്ള പുൽമേടുകളാണ്; മഴ കുറവായ പ്രദേശങ്ങളിൽ അക്കേഷ്യ, കാൻഡലാബ്ര, യൂഫോർബിയ എന്നീ ഇനങ്ങളിലെ ഒറ്റതിരിഞ്ഞു വളരുന്ന വൃക്ഷങ്ങളും ജല ലഭ്യതയുള്ള ഇടങ്ങളിൽ പുൽക്കൂട്ടങ്ങളും കാണപ്പെടുന്നു. നന്നേ വരണ്ട ഭാഗങ്ങളിൽ സ്റ്റെപ്പ് മതൃകയിലുള്ള പുൽമേടുകളും കാണാം. വിക്റ്റോറിയാ തടാകത്തിന്റെ ചുറ്റുമുള്ള ഭാഗങ്ങളിൽ നൈസർഗിക പ്രകൃതി മനുഷ്യാധിവാസം മൂലം ഏതാണ്ടു നശിക്കപ്പെട്ടനിലയിൽ എത്തിയിട്ടുണ്ട്. ഉഷ്ണമേഖലാ വനങ്ങളുടെ സ്വഭാവമാണ് ഇവിടുത്തെ സസ്യജാലം പുലർത്തിപ്പോരുന്നത്. സാമാന്യം ഉയരത്തിൽ വളരുന്ന സമ്പദ്പ്രധാനങ്ങളായ തടിയിനങ്ങൾ ഇവിടെ സുലഭമാണ്. റൂവൻസോറി, എൽഗൺ തുടങ്ങിയ പർവതങ്ങളിൽ 1800 മീ. ഉയരം വരെ നിത്യഹരിതവനങ്ങൾ കാണപ്പെടുന്നു. മുകളിലേക്കു പോകുന്തോറും ഇവ മുളങ്കാടുകളിലേക്കും ഈറക്കാടുകളിലേക്കും പുൽമേടുകളിലേക്കും സംക്രമിക്കുന്നു. പർവത സാനുക്കളിലുള്ള ചതുപ്പു പ്രദേശങ്ങളിൽ സമൃദ്ധമായി വളരുന്ന ഒരു സസ്യമാണ് പാപ്പിറസ്.[3]
ഉഗാണ്ടയിലെ വനപ്രദേശങ്ങളിൽ സിംഹം, പുലി എന്നിവ ധാരാളമായി ഉണ്ട്. നദികളും തടാകങ്ങളും നീർക്കുതിര, ചീങ്കണ്ണി എന്നിവയുടെ വിഹാരരംഗങ്ങളാണ്. ആന, കാട്ടുപോത്ത് എന്നിവയും ഉഗാണ്ടാകോബ് എന്നറിയപ്പെടുന്ന ഒരിനം കലമാനും വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ സുലഭമാണ്; കറുത്തതും വെളുത്തതുമായ കാണ്ടാമൃഗങ്ങളും ജിറാഫും വടക്കുഭാഗത്തുള്ള വനങ്ങളിൽ മാത്രം കാണപ്പെടുന്നു. വരയൻകുതിര പലയിനം ഹരിണവർഗങ്ങൾ, കാട്ടാട് എന്നിവ വടക്കുകിഴക്ക് ഭാഗത്തെ വനങ്ങളിൽ ധാരാളമായുണ്ട്. ഉഗാണ്ടയിലെ നദികളും തടാകങ്ങളും പൊതുവേ മത്സ്യസമൃദ്ധമാണ്. വിനാശകാരികളായ ക്ഷുദ്ര കീടങ്ങളുടെ ബാഹുല്യം ഉഗണ്ടയുടെ ശാപമായി തുടരുന്നു. അനേകലക്ഷം ച. കി. മീ. പുൽമേടുകൾ ഉറക്ക രോഗ(Trypanosomiasis ) വാഹി ആയ സി-സി ( Tsetse ) ഈച്ചകളുടെ ബാധ മൂലം കന്നുകാലി വളർത്തലിനു പ്രയോജനപ്പെടുന്നില്ല. 1,500 മീ. - ൽ താഴെ ഉയരമുള്ള ഏതു പ്രദേശവും മലേറിയാവാഹികളായ അനോഫിലിസ് ഗംബിയെൻസി കൊതുകുകളുടെ ആക്രമണത്തിനു വിധേയമാണ്.[3]
ഉഗാണ്ടയിൽ ധാരാളമായുള്ള വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ വൈവിധ്യമാർന്ന നിരധിയിനം ജന്തുവർഗങ്ങളെ ഉൾക്കൊള്ളുന്നവയാണ്. വിക്റ്റോറിയാ നൈലിന്റെ ഇരു കരകളിലുമായി കിടക്കുന്ന കബറീഗ, റൂവൻസോറി, കിഡെപ്പോ മൃഗസംരക്ഷണ കേന്ദ്രങ്ങൾ ഇക്കൂട്ടത്തിൽ എടുത്തു പറയാവുന്നവയാണ്.[3]
ചെമ്പ്, തകരം, ടങ്സ്റ്റൺ, വൈഡൂര്യം മുതലായ ധാതുക്കളുടെ സമ്പന്നനിക്ഷേപങ്ങൾ ഉഗാണ്ടയിൽ അവസ്ഥിതമായിരിക്കുന്നു. റൂവൻസോറി നിരകളുടെ കിഴക്കേച്ചരിവിലുള്ള കീലെംബേയിൽ നിന്ന് ചെമ്പയിര് വൻതോതിൽ ലഭിച്ചുവരുന്നു; മരു ധാതുക്കളും ഖനനവിധേയമായിട്ടുണ്ട്. ഉപ്പ്, കളിമണ്ണ്, വാസ്തുശിലകൾ എന്നിവയും സുലഭമാണ്. ഇരുമ്പു നിക്ഷേപങ്ങൾക്കുള്ള സാധ്യത ഉണ്ടെങ്കിലും കൽക്കരി തീരെ ഇല്ലെന്നുതന്നെ പറയാം. ബിസ്മഥ്, സ്വർണ്ണം, അഭ്രം, ഫോസ്ഫേറ്റ് എന്നീ ധാതുക്കളും കണ്ടെതിയിട്ടുണ്ട്. ഖനനവരുമാനത്തിന്റെ മുക്കാൽ പങ്കും ചെമ്പുഖനികളിൽ നിന്നാണ്.[1]
ജനവാസം താരതമ്യേന കുറവാണ്; ശരാശരി ജനസാന്ദ്രത ച. കി. മീറ്ററിന് 51 എന്ന നിരക്കിലാണ്. ജനവിതരണം സന്തുലിതമല്ല; വിജനമായ പ്രദേശങ്ങൾ കുറവല്ല. ബുഗിഷു, ബുക്കേഡി എന്നീ കിഴക്കൻ ജില്ലകളിലും തെ. പ. ജില്ലയായ കിഗേഷിയിലുമാണ് ജനവാസം അധികമായുള്ളത്. വിക്റ്റോറിയാ തടകതീരത്തെ ബുഗാണ്ട, ബുസോഗ എന്നീ ജില്ലകളും താരതമ്യേന ജനനിബിഡമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ഈ ഭാഗത്താണ് ജനസംഖ്യ 1,01,27,000.[4]
വർദ്ധിച്ച് ജനനിരക്കും ക്രമമായി കുറഞ്ഞുവരുന്ന മരണനിരക്കും ജനപ്പെരുപ്പത്തിനു വഴിയൊരുക്കുന്നു. റുവണ്ട, ബുറുണ്ടി, കെനിയ, സുഡാൻ എന്നീ അയൽ രാജ്യങ്ങളിൽ നിന്നുള്ള വമ്പിച്ച കുടിയേറ്റവും ജനസംഖ്യാ വർദ്ധനവിനു കാരണമായിട്ടുണ്ട്. 1965 - 72 കാലഘട്ടത്തിൽ ഉഗാണ്ടാനിവാസികളായ ഏഷ്യൻ വംശജരെ കുടിയൊഴിപ്പിച്ചിട്ടും, വാർഷിക വർദ്ധനവ് 3% ആയി തുടരുന്നു.[4]
ബന്തു, നിലോട്ടിക് എന്നീ വിഭാഗങ്ങളിൽപ്പെട്ട ഗോത്രങ്ങളാണ് തദ്ദേശീയരിൽ ഭൂരിഭാഗവും. നൂറ്റാണ്ടുകളായുള്ള സഹവർത്തിത്വം സങ്കരസ്വഭാവത്തിനു കാരണമായിട്ടുണ്ടെങ്കിലും വ്യതിരിക്തങ്ങളായ വർഗ സവിശേഷതൾ ഇന്നും പ്രകടമാണ്. ബന്തു വിഭാഗത്തിലെ ഗണ്ടാഗോത്രക്കാരാണ് അംഗസംഖ്യയിൽ മുന്നിട്ടു നിൽക്കുന്നത്. സോഗ, ന്യോറോ, എൻകോൾ, ടോറോ, കീഗ, ഗിസു, ഗിവെരേ, നിയോൾ എന്നിവയാണ് ഇതര ബന്തുഗോത്രങ്ങൾ. നിലോട്ടിക് വിഭാഗക്കാരിൽ അച്ചോളി, ലാങ്ഗോ, കാരമോജോങ്, ഇടീസോ, മാഡി, കക്ക്വ എന്നീ ഗോത്രങ്ങൾക്കാണു ഗണ്യമായ പ്രാതിനിധ്യമുള്ളത്. ഭാഷ, ആചാരാനുഷ്ഠാനങ്ങൾ, പാരമ്പര്യക്രമങ്ങൾ എന്നിവയിൽ നിഷ്കർത്താ പൂർവമുള്ള വൈവിധ്യം പുലർത്തിപ്പോരുന്നതുമൂലം വിവിധ ഭാഗങ്ങളെ വേർതിരിച്ചറിയുന്നതിനു ബുദ്ധിമുട്ടുണ്ടാവുന്നില്ല.[4]
19 - ം ശതകത്തിന്റെ അന്ത്യത്തോടെയാണ് യൂറൊപ്യൻമാർ ഉഗാണ്ട അധിനിവേശിച്ചത്. അതിനുമുമ്പ് ബന്തുജനത മുഖ്യമായും കാർഷികവൃത്തിയിൽ ഏർപ്പെട്ടു ജിവിച്ചു പോരുകയായിരുന്നു. തെ. പ. ഉഗാണ്ടയിൽ ഹിമ എന്നറിയപ്പെട്ടിരുന്ന ഇടയവർഗക്കാരും ആധിപത്യം പുലർത്തിയിരുന്നു. ഉഗാണ്ടയുടെ വടക്കും വ. കിഴക്കും ഭാഗങ്ങളിൽ അധികാരം സ്ഥാപിച്ചിരുന്ന ബുന്യാരോകൾ കൃഷിയും കാലിവളർത്തലും ഉപജീവന മാർഗങ്ങളായി സ്വീകരിച്ചിരുന്നു.[4]
തദ്ദേശീയ ജനതയിലെ 6% അയൽ രാജ്യങ്ങലിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. അടുത്തകാലത്ത് ഒഴിപ്പിക്കപ്പെടുന്നതിനുമുമ്പ് ഏഷ്യൻ വംശജർ, വിശിഷ്യാ ഇന്ത്യാക്കാർ, ന്യൂനപക്ഷമെങ്കിലും ഉഗാണ്ടയിലെ സമ്പദ്ഘടനയിൽ നിർണായകമായ സ്വാധീനത പുലർത്തിയിരുന്ന ഒരു വിഭാഗമായിരുന്നു.[4]
ബന്തു, നിലോട്ടിക്, നിലോഹെമിറ്റിക് എന്നി വിഭാഗങ്ങളിൽ പെട്ട ഭാഷകൾക്കാണ് ഏറെ പ്രചാരമുള്ളത്. രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലെ ജനങ്ങളിൽ 70% - വും ബന്തു വിഭാഗക്കാരാണ്; ഇവിടെ ബന്തുഭാഷ പ്രചരത്തിലിരിക്കുന്നു. വടക്കും വടക്കുപടിഞ്ഞാറും ഭാഗങ്ങളിലും ഉത്തരമധ്യഭാഗത്തും സുഡാനിൽനിന്നു കുടിയേറിയ നിലോട്ടിക്കുകൾക്കാണ് പ്രാമുഖ്യം. വ. കി. ഉഗാണ്ടയിലാണ് നിലോഹെമിറ്റിക് സംസാര ഭാഷയായുള്ളത്. പൊതുഭാഷകൾ സ്വാഹിലിയുംഇംഗ്ലീഷുമാണ്. ആഫ്രിക്കൻ ഭാഷകളിൽ ഏറ്റവുമധികം പ്രചാരത്തിലുള്ളത് ലുഗാണ്ട ആണ്.[5]
19 - ം നൂറ്റണ്ടു മുതലാണ് ക്രൈസ്തവ, ഇസ്ലാം വിശ്വാസങ്ങൾ ഉഗാണ്ടയിൽ പ്രചരിച്ചത്. പ്രാകൃത വിശ്വാസങ്ങൾ തുടർന്നും നിലനിൽക്കുന്നു. ഏഷ്യൻ വംശജർ ഒഴിവാക്കപ്പെട്ടതോടെ ഹിന്ദു, സിക്കു മതക്കാരായി ആരുംതന്നെ ശേഷിക്കുന്നില്ല. 1968 - ലെ കണക്കനുസരിച്ച് ഉഗാണ്ടയിലെ ജനങ്ങളിൽ 60% ക്രൈസ്തവരും, 5% മുസ്ലീങ്ങളും ആയിരുന്നു; 33% ആളുകളും അന്ധവിശ്വാസജടിലങ്ങളായ പ്രാകൃത മതങ്ങളിൽ വിശ്വസിക്കുന്നവരാണ്.[4]
ഗണ്ട എന്ന പദം മധ്യ - പൂർവ ആഫ്രിക്കയിലെ ഒരു പ്രത്യേക ജനവിഭാഗത്തെ കുറിക്കുന്നു. ഗണ്ടകളുടെ രാജ്യത്തെ ബുഗാണ്ട എന്നും ഭാഷയെ ലുഗാണ്ട എന്നും ഗണ്ടവിഭാഗത്തിലെ ഓരോ അംഗത്തെയും മുഗാണ്ട എന്നും ഗണ്ടകളെ പൊതുവെ ബാഗണ്ട എന്നും വിളിക്കുന്നു. ബ്രിട്ടീഷുകാർ രംഗപ്രവേശംചെയ്ത കാലത്ത് പൂർവ ആഫ്രിക്കയിലെ ഏറ്റവും ശക്തമായ രാജ്യമായിരുന്നു ബുഗാണ്ട. ബുഗാണ്ടയിൽ ആദ്യമായി (1862) എത്തിയ ബ്രിട്ടീഷ് ക്യാപ്റ്റൻ സ്പെക്കിന്റെ സ്വാഹിലി ഭാഷക്കാരായ വഴികാട്ടികളും ചുമട്ടുകാരും ബുഗാണ്ടയിലെ ബ എന്ന വ്യഞ്ജനം ഉപേക്ഷിച്ചിട്ട് ഉഗാണ്ട എന്നാണ് ഉച്ചരിച്ചുപോന്നത്. പിൽക്കാലത്ത് ബുഗാണ്ടയും ബുൻയോറോ, ടോറോ എന്നീ രാജ്യങ്ങളും ബ്രിട്ടിഷ് ആധിപത്യത്തിൽ ആയപ്പോൾ ആ ഭൂവിഭാഗത്തിനൊന്നാകെ ഉഗാണ്ട എന്ന സംജ്ഞ നൽകപ്പെട്ടു. [6]
ഏകദേശം ഒരു സഹസ്രാബ്ദത്തോളം നിണ്ടുനിന്ന ഗോത്രവർഗാധിനിവേശം മൂലം 19 - ം ശതകത്തോടുകൂടി രണ്ടു തരത്തിലുള്ള രാഷ്ട്രീയസംവിധാനങ്ങൾ ഉഗാണ്ടയിൽ നിലവിൽ വന്നു. വടക്കും കിഴക്കും ഭാഗങ്ങളിൽ ഗോത്രാധിപത്യമാണ് ഉണ്ടായിരുന്നത്; എന്നാൽ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലെ നിരവധി ചെറുരാജ്യങ്ങൾ, പരമ്പരയാ ഭരിച്ചുവന്നിരുന്ന് രാജാവിന്റെയും (കബാക) പാർലമെന്റിന്റെയും (ലുകികോ) കീഴിലുള്ള ഒരു കേന്ദ്രീകൃത ഭരണത്തിൽകീഴിലായി.[7]
1862 - ൽ ബ്രിട്ടീഷുകാരായ സ്പെക്ക്, ഗ്രാന്റ് എന്നിവർ ബുഗാണ്ട രാജാവായ മുടേസയെ സന്ദർശിച്ചു. അതിനു മുമ്പുതന്നെ സ്വാഹിലികളും കച്ചവടക്കാരായ അറബികളും ബുഗാണ്ടയിൽ എത്തിയിരുന്നു. 1875 - ൽ അമേരിക്കക്കാരനായ സ്റ്റാൻലി കബാകയെ സന്ദർശിച്ച് ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനത്തിനു കളമൊരുക്കി; തുടർന്ന് പ്രൊട്ടസ്റ്റന്റ് - റോമൻകത്തോലിക്കാ വിഭാഗങ്ങളിൽപെട്ട മിഷനറിമാർ ബുഗാണ്ടയിലെത്തി. ഏറെ താമസിയാതെ ഈ വിഭാഗക്കാർ പരസ്പരം കലഹിച്ചു. കലാപങ്ങളിൽ മുസ്ലീങ്ങളും പങ്കുചേർന്നു. കബാക ഇക്കാര്യത്തിൽ നിസ്സഹായനായിരുന്നു.[1]
1884 - ൽ മുടേസ അന്തരിച്ചതിനെ തുടർന്ന് വാൻഗാ പുതിയ കബാക ആയി സ്ഥാനാരോഹണം ചെയ്തു. ക്രൈസ്തവ വിരോധിയായ വാൻഗാ ഒരു മെത്രൻ ഉൾപ്പെടെ നിരവധി മിഷണറിമാരെ വധിച്ചു; 1888 - ൽ മുസ്ലീങ്ങളും കബാകളുടെ ദേഷ്യത്തിനു പാത്രമായി. ക്രൈസ്തവ - മുസ്ലീം വിഭാഗങ്ങൾ താത്കാലികമായി യോജിച്ച് കബാകയ്ക്കെതിരായി തിരിഞ്ഞു; അദ്ദേഹത്തിനു രാജ്യം വിടേണ്ടതായി വന്നു. കലാപകാരികൾ വാൻഗായുടെ ജ്യേഷ്ഠസഹോദരനായ കിവേഗയെ കബാകയായി വാഴിച്ചു.[1]
അധികം താമസിയതെ തന്നെ മുസ്ലീങ്ങൾ ക്രൈസ്തവർക്കെതിരായി തിരിയുകയും ഒട്ടേറെ ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയുമുണ്ടായി. കബാക നിഷ്പക്ഷത പാലിച്ചെങ്കിലും മുസ്ലീങ്ങൾ അദ്ദേഹത്തെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചു. കുപിതനായ കബാക നിരവധി മുസ്ലീങ്ങളെ തടവിലാക്കി. തുടർന്നുണ്ടായ കലാപത്തിൽ കിവേഗ വധിക്കപ്പെടുകയും വാൻഗയുടെ മറ്റൊരു സഹോദരനായ കലേമ, കബാകയായി വാഴിക്കപ്പെറുകയുമുണ്ടായി. എന്നാൽ വാൻഗാ ക്രിസ്ത്യാനികളുടെ പിന്തുണയോടെ അധികാരം വീണ്ടെടുത്തു. മതമാത്സര്യങ്ങളും തന്മൂലമുള്ള അസ്വസ്ഥതകളും അഭംഗുരം തുടർന്നു.[8]
ഇമ്പീരിയൽ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കൻ കമ്പനിയുടെ പ്രധിനിധിയായി ക്യാപ്റ്റൻ ഫ്രെഡറിക് ലുഗാർഡ് 1890 - ൽ ബുഗാണ്ടയിലെത്തി. മതമാത്സ്യര്യങ്ങൾ അവസാനിപ്പിക്കുക, ബുഗാണ്ടയെ ബ്രിട്ടീഷ്കമ്പനിയുടെ കീഴിലാക്കുക, എല്ലാ മതവിഭാഗങ്ങൾക്കും തുല്യമായ പരിഗണന ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലുഗാർഡ് ബുഗാണ്ടയിലെത്തിയത്. മുസ്ലീം - ക്രൈസ്തവ വിഭാഗങ്ങൾ പരസ്പരം കലഹിക്കുകയും യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നതിനാൽ ലൂഗാർഡിന്റെ ദൗത്യം ക്ലേശകരമായിരുന്നു. 1890 ഡിസംബർ 26 - ന് കബാകയെയും മറ്റു നാട്ടുപ്രമാണിമാരെയും ഒരു കരാറിൽ ഒപ്പുവൈപിക്കുന്നതിൽ ലൂഗാർഡ് വിജയിച്ചു. ബുഗാണ്ട കമ്പനിയുടെ സംരക്ഷണയിലായി. ബുഗാണ്ടയിലേക്ക് ഒരു റസിഡന്റിനെ നിയോഗിക്കുക, രാജ്യത്തെ നികുതിയും ചുങ്കവും പിരിച്ച് ജനക്ഷേമത്തിനായി വിനിയോഗിക്കുക, ബ്രിട്ടീഷ് റസിഡന്റിന്റെ നേതൃത്വത്തിൽ ഒരു നാലംഗമന്ത്രിസഭ ഉണ്ടാക്കുക എന്നീ വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തിയിരുന്നു. രാജ്യത്തെ ബാധിക്കുന്ന എല്ലാപ്രധാന നടപടികളെക്കുറിച്ചും റസിഡന്റിനോട് ആലോചിക്കുകയും അദ്ദേഹത്തിന്റെ അംഗീകാരം നേടുകയും ചെയ്യേണ്ടിയിരുന്നു.[8]
ഈ കരാർ രാജ്യത്തെ ആഭ്യന്തര സമാധാനത്തിനു പര്യാപ്തമായിരുന്നില്ല. പ്രൊട്ടസ്റ്റന്റ് - കത്തോലിക്കാ വിഭാഗങ്ങൾ തുടർന്നും കലഹിച്ചുകൊണ്ടിരുന്നു. ലുഗാർഡിന്റെ പ്രേരണയാൽ 1891 - ൽ ഇവർ രഞ്ജിപ്പിലെത്തുകയും മുസ്ലീങ്ങൾക്കെതിരായി തിരിയുകയും ചെയ്തു. എന്നാൽ 1892 ജനുവരിയിൽ കത്തോലിക്കരും പ്രൊട്ടസ്റ്റെന്റുകളും വീണ്ടും ഏറ്റുമുട്ടുകയും കത്തോലിക്കനായ കബാകയ്ക്ക് ഒളിച്ചോടേണ്ടതായി വരികയും ചെയ്തു.[8]
1892 ജൂൺ മാസത്തിൽ ലുഗാർഡ് ഇംഗ്ലണ്ടിലേക്കു മടങ്ങി. ഉഗാണ്ടയിലെ സ്ഥിതിവിശേഷങ്ങൾ കമ്പനി ഉദ്യോഗസ്ഥനായ ലുഗാർഡ് ബ്രിട്ടീഷ് ഗവണ്മെന്റിനെ ധരിപ്പിക്കുകയും ആ പ്രദേശത്ത് ഇടപെടുവാൻ ഗവണ്മെന്റിൽ പ്രേരണ ചെലുത്തുകയും ചെയ്തു. ലുഗാർഡിനെ റെസിഡന്റായി വീണ്ടും അയക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടും ബുഗാണ്ട ബ്രിട്ടീഷ് അധീനതയിൽ തുടരണമെന്ന തന്റെ അഭിവാഞ്ഛ വ്യക്തമാക്കികൊണ്ടും കബാക ബ്രിട്ടീഷ് രാജ്ഞിക്ക് എഴുതി. കമ്പനിയേയും ഗവണ്മെന്റിനെയും വ്യതിരിക്തമായി കാണുവനുള്ള കഴിവുകേടുമൂലം താൻ കമ്പനിയുമായുണ്ടാക്കിയ കരാർ ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള ബാദ്ധ്യതയായി കബാക തെറ്റിധരിക്കുകയാണുണ്ടായത്. ഉഗാണ്ടയിലെ സ്ഥിതിഗതികൾപഠിച്ചു റിപ്പോർട്ടു സമർപ്പിക്കുവാൻ 1893 - ൽ ജെറാൾഡ് പോർട്ടർ നിയോഗിക്കപ്പെട്ടു. ഉഗാണ്ടയിലെ കാര്യങ്ങൾ നേരെയാക്കുവാൻ കമ്പനി അസമർഥമാണെന്ന പോർട്ടറുടെ നിഗമനം അംഗീകരിക്കപ്പെട്ടു. 1894 - ൽ ബുഗാണ്ടയെ ബ്രിട്ടന്റെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു; കബാകയും ലുകികോയും ഇതിൽ പൂർണസംതൃപ്തി രേഖപ്പെടുത്തി. ഇമ്പീരിയൽ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കൻ കമ്പനിയുടെ നിലനില്പ് ഇതോടെ അവസാനിച്ചു. 1896 - ൽ ബുൻയോറോ, ടോറോ, അൻഗോള, ബുസോഗ എന്നിവയും സംരക്ഷിത പ്രദേശങ്ങളായിത്തീർന്നു.[8]
ഉഗാണ്ടയിൽ വ്യവസ്ഥാപിത ഭരണം ഏർപ്പെടുത്തുവാൻ വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ഹാരി ഹാമിൽട്ടൺ ജോൺസ്റ്റൻ നിയോഗിതനായി. പൊതുമരാമത്ത്, റയിൽവേ, ഖനികൾ എന്നിവ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും, മറ്റുവകുപ്പുകൾ തദ്ദേശീയരും കൈകാര്യം ചെയ്യുമറുള്ള ഒരു സംവിധാനം അദ്ദേഹം നിർദ്ദേശിച്ചു. കലാപകലുഷിതമായ ഉഗാണ്ടയിൽ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തർക്കം രൂക്ഷതരമാകയാൽ ഗവണ്മെന്റിന് വ്യക്തമായ ഒരു ഭൂനയം ഉണ്ടായിരിക്കണമെന്നും ജോൺസ്റ്റൻ അഭിപ്രായപ്പെട്ടു. കബാകയും നാട്ടുപ്രമാണികളുമായി അദ്ദേഹം നടത്തിയ കൂടിയാലോചനകളുടെ ഫലമായി 1900 മാണ്ടു 10 - നു ഉഗാണ്ടാ കരാർ നിലവിൽ വന്നു.[9]
ഉഗാണ്ടാ കരാർ യഥാർഥത്തിൽ ബുഗാണ്ടയുമായി മാത്രം ഉള്ളതായിരുന്നു. കബാകയുടെ അധികാരവ്യാപ്തി ബുഗാണ്ടയിൽ മാത്രമായി പരിമിതപ്പെടുത്തി. പ്രൊട്ടക്റ്ററേറ്റിന്റെ നിയമങ്ങൾ ബുഗാണ്ടായ്ക്കും ബാധകമായിരുന്നു. ബുഗാണ്ടയിലേയും മറ്റു പ്രവിശ്യകളിലെയും നികുതിപിരിവ് ഒന്നിച്ചായിരുന്നു. ലുകികോയിൽ മൂന്നു മന്ത്രിമാർക്കും സസാ (കൗണ്ടി) കളിലെ പ്രധാനികൾക്കും പുറമേ കബാക നാമനിർദ്ദേശം ചെയ്യുന്ന 66 പേർക്കു കൂടി അംഗത്വം നൽകപ്പെട്ടു. കബാകയെ ഉപദേശിക്കുവാൻ ലുകികോയ്ക്ക് അവകാശമുണ്ടായിരുന്നു എങ്കിലും ആ ഉപദേശങ്ങൾ അനുസരിക്കുവാൻ അദ്ദേഹം ബാധ്യസ്ഥനായിരുന്നില്ല. എങ്കിലും കരാർ അനുസരിച്ച് കബാകയ്ക്കും അദ്ദേഹത്തിന്റെ ഗണ്മെന്റിനും പ്രൊട്ടക്റ്റ്റേറ്റ് നിയമങ്ങൾ അദരിക്കേണ്ടതുണ്ടായിരുന്നു. 1900 - ൽ ടോറോയുമായും 1901 - ൽ അൻഗോളയുമയും 1933 ബുൻയോറോയുമയും ബ്രിട്ടൻ ഈമാതിരി കരാറുകൾ ഉണ്ടാക്കി.
കരാറിനുശേഷവും ബുഗാണ്ടക്കാർ സംതൃപ്തരായില്ല. ഉഗാണ്ടജനത എന്നതിനേക്കാൾ ബുഗാണ്ടജനത എന്ന സങ്കല്പമാണ് അവരെ നയിച്ചിരുന്നത്. 1921 - ൽ ഉഗാണ്ടയിൽ ലജിസ്ലേറ്റീവ് കൗൺസിൽ രൂപവത്കൃതമായതോടെ അവരുടെ ഒറ്റതിരിഞ്ഞ നിലപാട് കൂടുതൽ വ്യക്തമായി. പുതിയ നിയമ നിർമ്മാണ സഭയിൽ ആഫ്രിക്കക്കാർക്കുള്ള പ്രാതിനിധ്യം സംരക്ഷിക്കുന്നതിലേറെ, 1900 - ലെ കരാർ അഭംഗുരം നിലനിറുത്തുന്നതിൽ ആയിരുന്നു കബാകയ്ക്കും മന്ത്രിമാർക്കും താത്പര്യം.[10]
1921-ലെ നിയമനിർമ്മാണസഭയിൽ 4 ഉദ്യോഗസ്ഥാംഗകളും 3 അനുദ്യോഗസ്ഥാംഗങ്ങളും ഉണ്ടായിരുന്നു. അനുദ്യോഗസ്ഥാംഗളിൽ രണ്ടു പേർ ഗവർണറാൽ നിയമിക്കപ്പെടുന്ന യൂറോപ്യരും മൂന്നാമത്തെ ആൾ ഇന്ത്യൻ അസോസിയേഷനാൽ നിയുക്തനും ആയിരിക്കണമെന്നു വ്യവസ്ഥയുണ്ടായിരുന്നു. ഇന്ത്യൻ അസോസിയേഷൻ തങ്ങൾക്ക് രണ്ടു പ്രധിനിധികൾ വേണമെന്ന വാദത്തിൽ ഉറച്ചുനിന്നതിനാൽ 1926-ൽ മാത്രമേ അവരുടെ പ്രധിനിധി നിയമസഭയിൽ അംഗമായിത്തിർന്നുള്ളു. 1933-ൽ രണ്ടാമതൊരു ഇന്ത്യൻ വംശജനു കൂടി അംഗത്വം നൽകപ്പെട്ടു. 1945-ൽ ആഫ്രിക്കക്കാർക്കും നിയമസഭയിൽ അംഗത്വം ലഭിച്ചു. ആ വർഷം മൂന്നു ആഫ്രിക്കക്കാരെ ഗവർണർ നാമനിർദ്ദേശം ചെയ്യുകയുണ്ടായി.[10]
ലുകികോയുടെയൊ പ്രൊട്ടക്റ്ററേറ്റ് ഗവണ്മെന്റിന്റെയോ പ്രവർത്തനത്തിൽ ജനങ്ങൾ തൃപ്തരായിരുന്നില്ല. ഉത്തരവാദിത്തമുള്ള തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്റിനുവേണ്ടി അവർവാദിച്ചു. ഈ ആവശ്യം മുൻനിറുത്തി മുലംബയുടെ നേതൃത്വത്തിൽ ബതകാപാർട്ടി രൂപം കൊണ്ടു. കബാകയോടും മറ്റും ബതകാപാർട്ടിക്ക് സ്വരച്ചേർച്ചയില്ലാതായി. ഈ പാർട്ടി ഒരു തുറന്ന സമരത്തിനു ശ്രമിച്ചുവെങ്കിലും അത് അമർച്ചചെയ്യപ്പെട്ടു.[10]
ഉഗാണ്ട, കെനിയ, താങ്കനീക്ക എന്നീ രാജ്യങ്ങൾ ചേർന്ന് ഒരു ഫെഡറേഷൻ രൂപവത്കരിക്കുവാനുള്ള ബ്രിട്ടീഷ് നിർദ്ദേശം ഉഗാണ്ടജനതയെ ക്ഷുഭിതരക്കി. ബുഗാണ്ടയ്ക്ക് സ്വാതന്ത്ര്യം നൽകുവാൻ കബാക ആദ്യമായി ആവശ്യപ്പെട്ടു. ഉഗാണ്ടയിലെ ജനങ്ങളുടെ സ്വാതന്ത്ര്യവാഞ്ഛയ്ക്ക് എതിരായി നിൽക്കുവാൻ താത്പര്യമില്ലാതിരുന്നതുമൂലം ആ രാജ്യത്തിനു പടിപടിയയി സ്വാതന്ത്ര്യം നൽകുന്നതിനുള്ള നടപടികൾ ബ്രിട്ടീഷുകാർ കൈക്കൊണ്ടു.[10]
1926 ഏപ്രിലിൽ ഉഗാണ്ടയിൽ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിലൂടെ മിൽട്ടൺ ഒബോട്ടോയുടെ നേതൃത്വത്തിൽ ഉഗാണ്ട പീപ്പിൾസ് കോൺഗ്രസ് അധികാരത്തിൽ വന്നു. 1926 ഒക്ടോബർ 6-നു ഉഗാണ്ട സ്വതന്ത്രയായി. മുടേസ II പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഉഗാണ്ട കോമൺവെൽത്തിൽ അംഗമായി; 1962-ൽ അതിന് പ്രത്യേകമായ ഭരണഘടനയും ഉണ്ടായി[10]
1966 ഫെബ്രുവരിയിൽ ഒബോട്ടോ തന്റെ മന്തിസഭയിലെ 5 അംഗങ്ങളെ തടവിലാക്കുകയും ഭരണഘടന റദ്ദാക്കുകയും ചെയ്തു. അക്കൊല്ലം ഏപ്രിലിൽ നാഷണൽ അസംബ്ലി ഒരു പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നൽകി. പക്ഷേ ലുകികൊ ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. മേയ് 24-നു ഫെഡറൽ പട്ടാളം കബാകയുടെ കൊട്ടാരം ആക്രമിച്ചു. മുടേസ II ഇംഗ്ലണ്ടിൽ അഭയം പ്രാപിച്ചു. ഒബോട്ടൊ ഏകാധിപതിയായി ഭരണം തുടർന്നു.[10]
1971-ൽ ഒരു സൈനിക കലാപത്തിലൂടെ ഇദി അമീൻ ഒബോട്ടൊയെ സ്ഥാനഭ്രഷ്ടനാക്കുകയും ഉഗാണ്ടയിലെ ആയുഷ്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ഉഗാണ്ടയിൽ സ്ഥിരവാസം ഉറപ്പിച്ചിരുന്ന ആയിരക്കണക്കിനുള്ള ഏഷ്യൻ വംശജരെ അമീൻ പുറത്താക്കി. ലണ്ടനിൽവച്ച് 1977-ജൂണിൽ നടന്ന കോമൺവെൽത്ത് സമ്മേളനത്തിൽ അമീൻ ക്ഷണിക്കപ്പെടുകയുണ്ടായില്ല. ലോക ഭരണാധികാരികൾക്കിടയിലെ ഏറ്റവും വലിയ വിവാദ പുരുഷനാണ് അമീൻ.[10] ഇദി അമീൻ 16 ആഗസ്റ്റ് 2003 ല് മരണമടഞ്ഞു .
ദേശീയ വരുമാനത്തിന്റെ 2/3 ഭാഗവും കാർഷികാദായത്തിൽ നിന്നാണ് ലഭ്യമാവുന്നത്. ഭക്ഷ്യകാര്യത്തിൽ ഏറെക്കുറെ സ്വയമ്പര്യാപ്തമാണ്. ചോളം തുടങ്ങിയ പരുക്കൻ ധാന്യങ്ങളാണ് പ്രധാനവിളകൾ. നേന്ത്രവാഴ, മരച്ചീനി, നിലക്കടല, എള്ള് എന്നിവയും ഭക്ഷ്യാവശ്യത്തിനായി കൃഷിചെയ്തു വരുന്നു. നാണ്യവിളകളിൽ കാപ്പിക്കാണ് ഒന്നാം സ്ഥാനം. വിക്റ്റോറിയാ തടാകത്തിന്റെ തടപ്രദേശത്തും കിഴക്കൻ ഉഗാണ്ടയിലുമാണു കാപ്പികൃഷി അഭിവൃദ്ധിപ്പെട്ടിട്ടുള്ളത്. രാജ്യത്തിന്റെ പടിഞ്ഞാറും, തെക്കുകിഴക്കും ഭാഗങ്ങളിൽ പരുത്തികൃഷി ഗണ്യമായ തോതിൽ നടന്നുവരുന്നു. കാർഷികാദായത്തിലെ നല്ലൊരു ശതമാനം ഈ രണ്ടു വിളകളിൽ നിന്നും ഉണ്ടാവുന്നു. കരിമ്പ്, തേയില എന്നിവ തോട്ടക്കൃഷികളായി വളർത്തുവാനുള്ള വ്യാപകമായ സംരംഭം നടന്നുവരുന്നു. ചെറിയ തോതിൽ പുകയിലയും ഉദ്പാദിപ്പിക്കപ്പെടുന്നുണ്ട്.[4]
ഉഗാണ്ടയിൽ മൊത്തം 16,10,700 ഹെക്റ്റർ സംരക്ഷിത വനങ്ങളുണ്ട്. മുളയും വിറകുമാണ് പ്രധാന വന വിഭവങ്ങൾ; തടിയിനങ്ങളും സാമാന്യമായ തോതിൽ ലഭിച്ചുവരുന്നു.
രാജ്യത്തിന്റെ വടക്കുകിഴക്കും തെക്കുപടിഞ്ഞാറുമുള്ള ചുരുക്കം ജില്ലകളിലാണ് കന്നുകാലിവളർത്തൽ വികശിച്ചിട്ടുള്ളത്. 1970-ലെ കണക്കനുസരിച്ച് ഉഗാണ്ടയിൽ 44 ലക്ഷം കാലികളും 19 ലക്ഷം കോലാടുകളും 9 ലക്ഷം ചെമ്മരിയാടുകളും 102 ലക്ഷം കോഴികളും 74,000 പന്നികളും വളർത്തപ്പെട്ടിരുന്നു.
വിക്റ്റോറിയ, ആൽബർട്ട്, ജോർജ് എന്നീ തടാകങ്ങളിൽ തോണികളും യന്ത്രവത്കൃത ബോട്ടുകളും ഉപയോഗിച്ച് സാമാന്യമായ തോതിൽ മത്സ്യബന്ധനം നടത്തിവരുന്നു. 1970-ൽ 1.3 ലക്ഷം ടൺ മത്സ്യം പിടിക്കപ്പെട്ടു; ദേശീയ ഉപഭോഗത്തിനാണ് മുൻതൂക്കമെങ്കിലും സയീരെ, കെനിയ എന്നിവിടങ്ങളിലേക്ക് അൽപ്പമായ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നു.
കൽക്കരിയുടെയും ധാതുഎണ്ണയുടെയും അഭാവത്തിൽ ജലവൈദ്യുതി ഉത്പാദനത്തിനു സാരമായ പ്രാധാന്യം നൽകപ്പെടിരിക്കുന്നു. വിക്റ്റോറിയാനൈൽ, കഗീര, കിരുരൂമ, നദികളിൽ ഓരോ വൈദ്യുത പ്ലാന്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്; കൂടുതൽ ജലവൈദ്യുതപദ്ധതികൾ പൂർത്തിയായി വരുന്നു. വൈദ്യുതോർജത്തിന്റെ കാര്യത്തിൽ മിച്ച രാജ്യമായ ഉഗാണ്ട, കെനിയക്ക് ഊർജ്ജം വിൽക്കുന്നു. ഗാസോലിൻ, ഡീസലെണ്ണ മറ്റു പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്തുവരുന്നു.[4]
1962-നു ശേഷം ജനകീയ ഗവണ്മെന്റ് വ്യവസായവത്കരണത്തിൽ ദത്തശ്രദ്ധമാണ്. കാർഷികോത്പന്നങ്ങളുടെ സംസ്ക്കരണമാണ് പ്രധാന വ്യവസായം; അതതു വിഭവങ്ങളുടെ ഉത്പാതന കേന്ദ്രങ്ങളിൽത്തന്നെ ഇവയും കേന്ദ്രീകരിച്ചിരിക്കുന്നു. ജിൻജ ആണ് ഉഗാണ്ടയിലെ പ്രധാന വ്യവസായനഗരം. ചെമ്പുനിഷ്കർഷണവും, ഉരുക്കുഷീറ്റുകളുടെ നിർമ്മാണവുമാണ് ഇവിടെയുള്ള ഘനവ്യവസായങ്ങള്. പ്ലൈവുഡ്, തീപ്പെട്ടി, കടലാസ്, പരുത്തിത്തുണി, സിഗററ്റ്, മദ്യം, സിമന്റ്, ആസ്ബെസ്റ്റോസ്, രാസവളം എന്നിവ വൻതോതിൽ നിർമ്മിക്കപ്പെട്ടുവരുന്നു. ധാന്യം പൊടിക്കൽ മറ്റൊരു വ്യവസായമാണ്.[4]
സമുദ്ര സാമീപ്യം ഇല്ലാത്തതുമൂലം വിദേശ സമ്പർക്കത്തിന് ബുദ്ധിമുട്ട് ഉണ്ട്. എങ്കിലും ദേശീയഗതാഗതം തലസ്ഥാനമായ കാംപാലയിൽ കേന്ദ്രീകരിച്ചുകൊണ്ട്, റയിൽമാർഗവും ജലമാർഗവും വ്യോമമാർഗവും അന്താരാഷ്ട്രീയ സമ്പർക്കം പര്യാപ്തമാക്കുവാനുള്ള ആസൂത്രിതശ്രമം നടന്നുവരുന്നു. ഈ ശ്രമം ഏറെക്കുറെ ഫലപ്രാപ്തിയിൽ എത്തിയിട്ടുണ്ടെന്നു പറയാം.
ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും സുഗമമായ റോഡുവ്യവസ്ഥ ഉഗാണ്ടയിലേതാണെന്നു പറയാം. ഉഗാണ്ടയിലെ മൊത്തം റോഡുകളെ നാലു വ്യൂഹങ്ങളായി വിഭജിക്കാവുന്നതാണ്. കാംപാല, മാസാക എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ച് നാലുപാടുമുള്ള പ്രദേശങ്ങളിലേക്ക് നീങ്ങുന്ന റോഡുകളാണ് ആദ്യത്തെ വിഭാഗ. നൈൽ നദി തരണം ചെയ്ത് ബുസോഗാ ജില്ലയിലേക്കു പോകുന്ന പ്രധാനപാതയും ശാഖകളും രണ്ടാമത്തെ വ്യൂഹത്തിൽ പെടുന്നു. കിഴക്കൻ ഉഗാണ്ടയിലെ റ്റീസോ, ബുക്കേഡി, ബുഗിഷു ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളെ പ്രസ്പരം ഘടിപ്പിക്കുന്ന റോഡുകൾ ആണ് മൂന്നാമത്തെ വ്യൂഹം. കിഗീഷ് ജില്ലയിലെ മലമ്പാതകളാണ് നാലാമത്തെ വിഭാഗം. എല്ലാക്കാലത്തും സഞ്ചരിക്കവുന്ന ഒന്നാന്തരം നിരത്തുകളാണിവയെല്ലാം.[4]
ഇന്ത്യാസമുദ്രതീരത്തെ മൊംബാസ തുറമുഖത്തുനിന്ന് കെനിയയ്ക്കു കുറുകേ വിക്റ്റോറിയ തടാക തീരത്തോളം എതുന്ന ഉഗാണ്ട റയിൽപ്പാത 1901-ൽ പൂർത്തിയാക്കപ്പെട്ടു. 1912-ൽ ജീൻജയ്ക്കും വിക്റ്റോരിയാ നൈൽ നാമാ സഗാളിക്കും ഇടയിൽ മറ്റൊരുപാത നിർമ്മിക്കപ്പെട്ടു. 1928-ലാണ് ജീൻജയും ഉഗാണ്ട റയിൽവേയിലെ നകൂരു (കെനിയ) വുമായി ഘടിപ്പിക്കപ്പെട്ടത്. 1931-ൽ ജീൻജ മുതൽ കാംപാലാവരെയും ടോറോ മുതൽ സൊറോത്തി വരെയും റയിൽപാതകൾ നിർമിച്ചു. കാംപാലയിൽ നിന്നും ചെമ്പു ഖനനപ്രദേശമായ കീലോംബേയിലേക്കും കാസീസി പട്ടണത്തിലേക്കും റയിൽബന്ധം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഉഗാണ്ടയിലെ റയിൽഗതാഗതം നിയന്ത്രിക്കുന്നത് ഈസ്റ്റ് ആഫ്രിക്കൻ കമ്യൂണിറ്റി ആണ്. ഇവിടെയുള്ള പാതകളെ കെനിയ-ഉഗാണ്ട റയിൽവേ ശൃംഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[4]
റോഡു-റയിൽ ഗതാഗതം അഭിവൃദ്ധിപ്പെടുന്നതിന് മുമ്പുതന്നെ ഉഗാണ്ടയിലെ വിക്റ്റോറിയ, ആൽബർട്ട്, ക്യോഗാ എന്നീതടാകങ്ങളിൽ സ്റ്റീമർ ഗതാഗതം നിലവിൽ വന്നിരുന്നു ആൽബർട്ട് നൈൽ നദിയും ചെറുകിട കപ്പലുകൾക്ക് ഗതാഗത ക്ഷമമാണ്. റയിവേ വികസനത്തെ തുടർന്ന് ജലഗതാഗതത്തിന്റെ പ്രാധാന്യം മങ്ങിപ്പോയിരിക്കുന്നു. തടാകതീരങ്ങളിലെ അധിവാസ കേന്ത്രങ്ങളെ സ്പർശിച്ചുകൊണ്ട് കപ്പൽ സർവീസുകൾ ഉണ്ട്.
യൂറോപ്പ്-ദക്ഷിണാഫ്രിക്ക വ്യോമമാർഗ്ഗത്തിലെ ഒരു പ്രധാന താവളമാണ് ഉഗാണ്ടയിലെ എന്റബേ ഇവിടെയുള്ള അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നു യൂറോപ്പിലേക്കുള്ള അനേകം സർവീസുകൾ പ്രതിദിനം നടന്നു വരുന്നു. പശ്ചിമാഫിക്കൻ രാജ്യങ്ങളുമായും ഇന്ത്യ, പാകിസ്താൻ, മധ്യ-പൂർവേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളുമായും പതിവായി വ്യോമ സമ്പർഗം പുലർത്തിവരുന്നുണ്ട്. ഉഗാണ്ടയിൽ പന്ത്രണ്ടിലേറെ വിമാന താവളങ്ങളുണ്ട്. ഇവയിൽ ഉഗാണ്ടാവ്യോമസേനയുടെ കേന്ദ്രമായ ഗുളു ആധുനിക സജ്ജീകരണങ്ങളുള്ള ഒന്നാംതരം താവളമാണ്.[4]
ഉഗാണ്ട, കെനിയ, തൻസാനിയ എന്നീ രാജ്യങ്ങൾ ചേർന്ന് ഈസ്റ്റാഫിക്കൻ കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന സുശക്തമായ വാണിജ്യസഖ്യം ഉണ്ടാക്കിയിരിക്കുന്നു. തന്മൂലം ഈ രാജ്യങ്ങളുമായുള്ള ചരക്കു വിനിമയം കയറ്റുമതിയായി കണക്കാക്കപ്പെടുന്നില്ല. കാപ്പി, പരുത്തി, ചെമ്പ്, തേയില, തുകൽ, പരുത്തിക്കുരു എന്നിവയാണ് പ്രധാന കയറ്റുമതികൾ. യു. എസ്സ്., യു.കെ., ജപ്പാൻ, പശ്ചിമ ജർമനി, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കാണു കയറ്റുമതി ചെയ്യുന്നത്. യന്ത്രങ്ങൾ, വാഹനങ്ങൾ തുണിത്തരങ്ങൾ തുടങ്ങിയവയാണ് പ്രധാന ഇറക്കുമതികൾ; യു.കെ, ജപ്പാൻ, പ. ജർമനി, യു.എസ്., ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്.[4]
ഈസ്റ്റ് ആഫ്രിക്കൻ കമ്യൂണിറ്റിയിൽ പെട്ട സഖ്യരാജ്യങ്ങൾക്കു പരുത്തിത്തുണി, ഇരുമ്പുരുക്ക്, സംസ്കരണ വിധേയമായ ഭക്ഷ്യപദാർഥങ്ങൾ എന്നിവ നൽകി പകരം പെട്രോളിയം ഉത്പന്നങ്ങൾ, ഗോതമ്പ്, സോപ്പ്, കടലാസ്, പേപ്പർ ബോർഡ്, ചാക്ക്, തുടങ്ങിയവ വാങ്ങുന്നു.
ഉഗാണ്ടയിലെ ധനവിതരണം നിയന്തിക്കുന്നത് ബാങ്ക് ഒഫ് ഉഗാണ്ട എന്ന ഗവണ്മെന്റുടമയിലുള്ള കേന്ദ്രബാങ്ക് ആണ്. ഇതിന്റെ നിയന്ത്രണത്തിനു വിധേയമായി മറ്റു ബാങ്കിങ് സ്ഥാപനങ്ങളും ഉണ്ട്. വിദേശബാങ്കുകളുടെ ശാഖകളും ഉഗാണ്ടയിൽ പ്രവർത്തിച്ചു വരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇൻഷുറൻസ്, സഹകരണ പ്രസ്ഥാനം, ദേശീയ സമ്പാദ്യ പദ്ധതികൾ എന്നിവ സർവതോമുഖമായ പുരോഗതി നേടിവരുന്നു.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.