Remove ads
ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
1996 മുതൽ 1998 വരെ തെനാലി മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശാരദ.(ജനനം : 25 ജൂൺ 1945) മികച്ച അഭിനയത്തിന് മൂന്നു തവണ ദേശീയ പുരസ്കാരവും ഉർവ്വശി പുരസ്കാരവും ലഭിച്ച ശാരദ, ശബാന ആസ്മിക്കൊപ്പം ഇന്ത്യയിലെ മികച്ച നടിയായി വിലയിരുത്തപ്പെടുന്നു.[1][2][3]
ശാരദ | |
---|---|
ലോക്സഭാംഗം | |
ഓഫീസിൽ 1996-1998 | |
മുൻഗാമി | യു.ആർ.വെങ്കിടേശ്വരുലു |
പിൻഗാമി | പി.ശിവശങ്കർ |
മണ്ഡലം | തെനാലി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 25 ജൂൺ 1945 സരസ്വതി ദേവി |
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | ചലം(വിവാഹമോചനം) |
ജോലി | തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രി, നിർമ്മാതാവ്, പൊതുപ്രവർത്തക |
As of ഏപ്രിൽ 15, 2023 ഉറവിടം: തമിഴ്സ്റ്റാർ.കോം |
1945 ജൂൺ 25 ന് ആന്ധ്രപ്രദേശിലെ തെന്നാലിയിൽ വെങ്കിടേശ്വര റാവുവിൻ്റെയും സത്യവതിദേവിയുടേയും മകളായി ജനനം. യഥാർത്ഥ നാമം സരസ്വതി ദേവി എന്നതാണ്. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി സംഗീതപഠനം ആരംഭിച്ചെങ്കിലും പിന്നീട് അത് തുടർന്നില്ല. ആറാം വയസ് മുതൽ ഡാൻസ് പഠിച്ചു തുടങ്ങി. പിതാവിൻ്റെ ജോലിയുമായി ബന്ധപ്പെട്ട് പലയിടങ്ങളിൽ മാറി താമസിച്ചത് വിദ്യഭ്യാസത്തെ ബാധിച്ചു. അവർ ഡാൻസ് പഠിച്ച സ്കൂളിലെ കുട്ടികളെ സിനിമയിൽ അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവർ പത്താം വയസിൽ കന്യസുൽക്കത്തിൽ അഭിനയിച്ചു. ഡാൻസ് പ്രകടനത്തിലൂടെ നാടകങ്ങളിൽ അഭിനയിച്ചു. നാടകങ്ങളിലെ അഭിനയം ശ്രദ്ധയാകർഷിച്ചതോടെ സിനിമയിലേക്ക് വിളി വന്നു.
തൻട്രലു കൊടുക്കലു എന്നതായിരുന്നു ആദ്യ തെലുങ്കു ചിത്രം. ഇദ്ദാരു മിത്രാലു എന്ന രണ്ടാമത്തെ ചിത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തെലുങ്കിൽ കാര്യമായ വേഷങ്ങൾ ഒന്നും ലഭിച്ചില്ല എങ്കിലും തമിഴിൽ നിരവധി വേഷങ്ങൾ കിട്ടി.
ശിവാജി ഗണേശൻ്റെ കുങ്കുമമാണ് ആദ്യ തമിഴ് ചിത്രം. കന്നട സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ഇണപ്രാവുകൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തുന്നത്. തെലുങ്കിൽ സിനിമാഭിനയം തുടങ്ങിയ കാലത്തു ശാരദ എന്ന പേരവർ മലയാളത്തിലും സ്വീകരിക്കുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലെ അഭിനയം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ശാരദയ്ക്ക് മലയാള സിനിമ 'ദു:ഖപുത്രി' എന്ന പേര് ചാർത്തികൊടുത്തു. എല്ലാ സിനിമകളിലും ഒരേ കഥാപാത്രങ്ങളിൽ തുടർന്നതോടെ മലയാളത്തിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടെങ്കിലും വൈവിധ്യമാർന്ന വേഷങ്ങൾ കിട്ടിയത് തെലുങ്കിലാണ്.
1968-ൽ വിൻസൻറ് സംവിധാനം ചെയ്ത തുലാഭാരം, 1972-ൽ അടൂർ ഗോപാലകൃഷ്ണൻ്റെ സ്വയംവരം , 1977-ൽ തെലുങ്ക് ചിത്രമായ നിമജ്ജനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ശാരദയ്ക്ക് ഉർവശി അവാർഡ് ലഭിച്ചു. തുലാഭാരത്തിൻ്റെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകളിലും ശാരദ തന്നെയായിരുന്നു നായിക. താര, ത്രിവേണി എന്നീ സിനിമകളിലെ അഭിനയത്തിന് 1970-ൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. 1981-ൽ എലിപ്പത്തായത്തിൽ അഭിനയിച്ചതിന് ശേഷം വളരെ വിരളമായി മാത്രമെ ശാരദ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളൂ.
അഭിനയ പ്രാധാന്യമുണ്ടായിരുന്ന വേഷങ്ങളുണ്ടായിരുന്ന ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടവും(1987) കാശ്മീരവും (1994) ചെയ്തത് ഒഴിച്ചാൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മഴത്തുള്ളിക്കിലുക്കം(2002) എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ തിരിച്ചെത്തിയത്.
രാപ്പകൽ(2005), നായിക(2011), അമ്മക്കൊരു താരാട്ട്(2015) എന്നിവയാണ് അവർ അതിനു ശേഷം അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി ഇതുവരെ എകദേശം 400-ൽ പരം ചിത്രങ്ങളിൽ വേഷമിട്ടു. അഭിനയത്തിന് പുറമെ ഭദ്രദീപം എന്നൊരു ചിത്രം നിർമ്മിച്ചു.
രാഷ്ട്രീയ പാർട്ടിയായ തെലുങ്കു ദേശത്തിൻ്റെ നിർദ്ദേശത്തെ തുടർന്ന് 1996-ൽ തെന്നാലിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചു. ലോട്ടസ് ചോക്ലേറ്റ് എന്നൊരു കമ്പനി നടത്തുന്ന അവർ തൻ്റെ ആദ്യ തെലുങ്ക് ചിത്രത്തിലെ നായകനായ ചലത്തെ 1972-ൽ വിവാഹം ചെയ്തെങ്കിലും 1984-ൽ വേർപിരിഞ്ഞു.
നിർമ്മിച്ച സിനിമകൾ
വർഷം | പുരസ്കാരം | ചിത്രം | സംവിധായകൻ | ഭാഷ |
---|---|---|---|---|
1968 | ദേശീയ ചലച്ചിത്രപുരസ്കാരം-മികച്ച നടി | തുലാഭാരം | എം.വിൻസന്റ് | മലയാളം |
1972 | ദേശീയ ചലച്ചിത്രപുരസ്കാരം-മികച്ച നടി | സ്വയംവരം | അടൂർ ഗോപാലകൃഷ്ണൻ | മലയാളം |
1977 | ദേശീയ ചലച്ചിത്രപുരസ്കാരം-മികച്ച നടി | നിമജ്ജനം | നാരായണ ബി.എസ്. | തെലുങ്ക് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.