2023 ഇന്ത്യൻ ആക്ഷൻ ഡ്രാമ ചലച്ചിത്രം From Wikipedia, the free encyclopedia
ഉദയ്കൃഷ്ണയുടെ രചനയിൽ അരുൺ ഗോപി സംവിധാനം ചെയ്ത് 2023-ൽ നിർമാതാവ് വിനായക അജിത്ത് പുറത്തിറക്കിയ ഒരു മലയാള ചലച്ചിത്രമാണ് ബാന്ദ്ര. ചിത്രത്തിൽ ദിലീപ്, തമന്ന ഭാട്ടിയ, ദിനോ മോറിയ, മംമ്ത മോഹൻദാസ്, കലാഭവൻ ഷാജോൺ, ആർ. ശരത്കുമാർ, ലെന, ഈശ്വരി റാവു, കെ.ബി. ഗണേഷ് കുമാർ, സിദ്ധിഖ്, വിടിവി ഗണേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതം സാം സി.എസും ഛായാഗ്രഹണം ഷാജി കുമാറും ചിത്രസംയോജനം വിവേക് ഹർഷനും നിർവ്വഹിച്ചിരിക്കുന്നു. രാമലീലയ്ക്ക് (2017) ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ വന്ന രണ്ടാമത്തെ ചിത്രമാണിത്.[1][2]
ബാന്ദ്ര | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | അരുൺ ഗോപി |
നിർമ്മാണം | വിനായക അജിത് |
രചന | ഉദയകൃഷ്ണ |
അഭിനേതാക്കൾ | |
സംഗീതം | സാം സി.എസ്. |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | വിവേക് ഹർഷൻ |
സ്റ്റുഡിയോ | അജിത് വിനായക ഫിലിംസ് |
വിതരണം | അജിത് വിനായക റിലീസ് |
റിലീസിങ് തീയതി | 10 നവംബർ 2023 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹30 കോടി |
സമയദൈർഘ്യം | 156 നിമിഷം |
10 നവംബർ 2023-ന് ബാന്ദ്ര തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു. ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിക്കുകയും ബോക്സ് ഓഫീസിൽ മോശം പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.[3]
ദിലീപിന്റെ കരിയറിലെ 147-ാംമത്തെ ചിത്രമാണിത്. തെന്നിന്ത്യൻ താര റാണി ആയ തമന്ന ഭാട്ടിയയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ബാന്ദ്ര. ചിത്രത്തിന്റെ കഥ സാങ്കൽപ്പികമാണെങ്കിലും ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അരുൺ ഗോപി പറഞ്ഞത്.[4] 1 സെപ്റ്റംബർ 2022-ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടന്ന ചിത്രത്തിൻ്റെ പൂജാ ചടങ്ങോടെയാണ് ബന്ദ്രയുടെ ഛായാഗ്രഹണം ആരംഭിച്ചത്.[5][6] ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഡിസംബറിൽ രാജസ്ഥാനിൽ പൂർത്തിയാക്കി.[7] ഹൈദരാബാദിൽ ജയിലറിന്റെ രണ്ടു ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം, തമന്ന 20 ജനുവരി 2023-ന് കൊച്ചിയിൽ ബന്ദ്രയുടെ രണ്ടാം ഷെഡ്യൂളിൽ പങ്കു ചേർന്നു.[8][9] അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം.[10] ഏപ്രിലിൽ റഷ്യയിൽ വച്ചാണ് ചിത്രത്തിൻ്റെ പോസ്റ്റ്-ക്രെഡിറ്റ് രംഗങ്ങൾ ചിത്രീകരിച്ചത്.[11] 14 സെപ്റ്റംബർ 2023-ന് ബന്ദ്രയുടെ ചിത്രീകരണം പൂർത്തിയായി.[12] അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കി ഇരിക്കുന്നത്.[13] ₹30 കോടിയിലധികം ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.[14]
ബാന്ദ്ര | |||||
---|---|---|---|---|---|
ശബ്ദട്രാക്ക് ആൽബം by സാം സി.എസ്. | |||||
Released | 29 നവംബർ 2023 | ||||
Recorded | 2023 | ||||
Genre | ശബ്ദട്രാക്ക് | ||||
Length | 18:28 | ||||
Language | മലയാളം | ||||
Label | സരിഗമ | ||||
സാം സി.എസ്. chronology | |||||
| |||||
| |||||
Singles from ബാന്ദ്ര | |||||
|
ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സാം സി.എസ്. ആണ്. ചിത്രത്തിലെ ഗാനങ്ങളുടെ പകർപ്പവകാശ സരിഗമ ആണ് സ്വന്തമാക്കിയത്. ചിത്രത്തിലെ ആദ്യ ഗാനമായ "രക്ക രക്ക" 31 ഒക്ടോബർ 2023-ന് പുറത്തിറങ്ങി.[15][16] ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ "വാർമേഘമേ" 7 നവംബർ 2023-ന് പുറത്തിറങ്ങി.[17][18] ചിത്രത്തിലെ മൂന്നാമത്തെ ഗാനമായ "ഒറ്റ കൊലകൊമ്പനാട" 11 നവംബർ 2023-ന് പുറത്തിറങ്ങി.[19][20] ചിത്രത്തിലെ നലാമത്തെ ഗാനമായ "മുഝേ പാലേ" 16 നവംബർ 2023-ന് പുറത്തിറങ്ങി.[21][22] 5 ട്രാക്കുകൾ ഉൾക്കൊള്ളുന്ന ബന്ദ്രയുടെ മുഴുവൻ ആൽബം 2023 നവംബർ 29-ന് പുറത്തിറങ്ങി.[23]
പട്ടിക | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | പാടിയവർ | ദൈർഘ്യം | ||||||
1. | "രക്ക രക്ക" | വിനായക് ശശികുമാർ | ശങ്കർ മഹാദേവൻ, നക്ഷത്ര സന്തോഷ് | 3:14 | ||||||
2. | "വാർമേഘമേ" | സന്തോഷ് വർമ്മ | ശ്വേത മോഹൻ, കപിൽ കപിലൻ | 4:57 | ||||||
3. | "ഒറ്റ കൊലകൊമ്പനാട" | അജീഷ് ദാസൻ | യാസിൻ നിസാർ | 3:04 | ||||||
4. | "പ്രാണൻ പോൾ" | വിനായക് ശശികുമാർ | കപിൽ കപിലൻ | 3:34 |
ദിലീപിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 27 ഒക്ടോബർ 2022 ൽ പുറത്തിറക്കി.[24] ചിത്രത്തിന്റെ ആദ്യ ടീസർ 22 ഏപ്രിലിലും രണ്ടാമത്തെ ടീസർ 18 ഒക്ടോബർ 2023 ലും പുറത്തിറക്കി.[25][1]
10 നവംബർ 2023-ന് ബാന്ദ്ര തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു.[26]
ആദ്യ ദിവസങ്ങളിൽ ബോക്സ് ഓഫീസിൽ ഒരു ചലനം സൃഷ്ടിക്കാൻ ബാന്ദ്ര പരാജയപ്പെട്ടു. റിലീസ് ചെയ്ത് രണ്ടാം ദിവസം അവസാനിക്കുമ്പോൾ ₹2.8 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്.[27] ആദ്യ ആഴ്ചയിലെ ആകെ കളക്ഷൻ ₹4.15 കോടി മാത്രം.[28]
"മാസ് ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്ന സിനിമയാണ് ബാന്ദ്ര. എന്നാൽ അതിൽ മാത്രം ഒതുക്കാതെ നല്ലൊരു കഥ കൂടി സിനിമ പറഞ്ഞു പോകുന്നുണ്ട്. അതിൽ പ്രണയവും വാത്സല്യവും വിരഹവുമുണ്ട്. അങ്ങനെ നോക്കിയാൽ കുടുംബ പ്രേക്ഷകർക്കു കൂടി ഇഷ്ടമാകുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്." എന്ന് മനോരമ ഓൺലൈൻ ലേഖകൻ ജിതൻ എഴുതി.[29] മാതൃഭൂമി ലേഖകൻ അഞ്ജയ് ദാസ് എൻ.ടി. യുടെ അഭിപ്രായത്തിൽ മികച്ച ആക്ഷൻ രംഗങ്ങളുള്ള സ്റ്റൈലിഷ് ഇമോഷണൽ ചിത്രമാണ് ബാന്ദ്ര.[30] 90-കളിൽ, ബോളിവുഡ് ചലച്ചിത്ര നിർമ്മാണത്തിൽ അധോലോകത്തിന്റെ ഭയപ്പെടുത്തുന്ന പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു നല്ല കഥാതന്തു ഉണ്ടായിരുന്നിട്ടും അത് ഫലപ്രദമായി ഉപയോഗിക്കുവാൻ സംവിധായകന് കഴിഞ്ഞില്ല എന്നു ചൂണ്ടിക്കാട്ടി ദ ടൈംസ് ഓഫ് ഇന്ത്യയുടെ അന്ന മാത്യൂസ് ചിത്രത്തിന് 5-ൽ 2.5 റേറ്റിംഗ് നൽകി.[31]
ദ വീക്കിൻ്റെ അരുന്ധതി അനിൽ ഒട്ടും രസകരമല്ലാത്ത ഒരു തിരക്കഥയിൽ ഒരുക്കിയ മറക്കാനാവുന്ന ഒരു ആക്ഷൻ ചിത്രമായി ബാന്ദ്രയെ വിശേഷിപ്പിച്ചു.[32] സിനിമാ എക്സ്പ്രസിന്റെ വിഘ്നേഷ് മധു ഇതിനെ മന്ദഗതിയിലുള്ള പോട്ട് ബോയിലർ എന്ന് വിശേഷിപ്പിച്ച് 5-ൽ 2 റേറ്റിംഗ് നൽകി.[33] പ്രതീക്ഷ നൽകാത്ത ഒരു ചിത്രമായി ബാന്ദ്ര ആരംഭിക്കുകയും കാഴ്ചക്കാരെ വളരെയധികം ദേജാ വൂ അനുഭവിപ്പിച്ചതിന് ശേഷം അതേ രീതിയിൽ അവസാനിപ്പിക്കുകയും ചെയ്തു എന്നു അഭിപ്രായപ്പെട്ട ഇന്ത്യൻ എക്സ്പ്രസിന്റെ ആനന്ദു സുരേഷ് ചിത്രത്തിന് 5-ൽ 1.5 റേറ്റിംഗ് നൽകി.[34] താരനിബിഡമായ അഭിനേതാക്കൾ ഉണ്ടായിരുന്നിട്ടും ഒറിജിനാലിറ്റി, യോജിച്ച കഥ, ആകർഷകമായ കഥാപാത്രങ്ങൾ എന്നിവയുടെ അഭാവത്തെ വിമർശിച്ചുകൊണ്ട് ഒടിടി പ്ലേയുടെ റയാൻ ഗോമസ് ചിത്രത്തിന് 5-ൽ 1.5 റേറ്റിംഗ് നൽകി.[35]
Seamless Wikipedia browsing. On steroids.