From Wikipedia, the free encyclopedia
ലോകത്തിൽ തന്നെ വിരളമായ ആദിവാസി ഗോത്രവർഗ്ഗക്കാരാണ് ചോലനായ്ക്കർ അഥവാ ചോലനായ്ക്കൻ. കാട്ടുനായ്ക്കർ എന്നും വിളിക്കുന്നു. ഇംഗ്ലീഷ്: Cholanaikan മലപ്പുറം ജില്ലയിൽ നിലമ്പൂർ വനപ്രദേശത്ത് (സൈലന്റ് വാലി മേഖലയിൽ) വസിക്കുന്ന ഒരു ആദിവാസി വിഭാഗം. കേരളത്തിലെ ഏറ്റവും വിരളമായ 5 പ്രാക്തന ആദിവാസി വർഗത്തിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. [1] തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന നെടുങ്കയം, കരുവാരക്കുണ്ട്, കാളികാവ് വനമേഖലകളിലെ ഗുഹകളായിരുന്നു (അളകൾ) പ്രധാനമായും ഇവരുടെ വാസസ്ഥലം. മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി വീടുകൾ നിർമിച്ചു നൽകിയെങ്കിലും ഇവരിൽ പലരും അളകളലിലേക്ക് തന്നെ മടങ്ങി. ആദിദ്രാവിഡ ഭാഷയുടെ വകഭേദമായ ചോലനായ്ക്കൻ ഭാഷയിലാണ് ഇവർ സംസാരിക്കുന്നത്. എഴുത്തുവിദ്യ വശമില്ല.
Total population | |
---|---|
191 | |
Regions with significant populations | |
India | |
Languages | |
Cholanaikkan |
നിബിഡമായ വനപ്രദേശങ്ങളിലാണ് ചോല നായ്ക്കർ വസിക്കുന്നത്. പുറം ലോകവുമായി വലിയ ബന്ധമില്ല. നിബിഢ വനങ്ങളെ സൂചിപ്പിക്കുന്ന ശോല അഥവാ ഷോല എന്ന പദത്തിൽ നിന്നാണ് പേരിന്റെ ഉത്പത്തി എന്നു കരുതുന്നു. നായ്ക്കൻ എന്നാൽ രാജാവ് എന്നോ നേതാവ് എന്നോ ആണ് അർത്ഥമാക്കുന്നത്. നിബിഡവനങ്ങളുടെ നായകർ എന്നാണ് ചോലനായ്ക്കർ എന്നതിന്റെ അർത്ഥം.
കുറിയ ശരീരമുള്ള ഇവർ ദൃഡഗാത്രരാണ്. ഇരുണ്ട നിറമാണ് പൊതുവെ. മൂക്ക് പരന്നതും മുഖം ഉരുണ്ടതുമാണ്. വശങ്ങളിൽ നിന്നുള്ള വീക്ഷണത്തിൽ മുഖത്തിനു നേരാകൃതിയാണ്. കീഴ്താടിയെല്ലോ മേൽതാടിയെല്ലോ ഉന്തിയതോ കുറിയതോ അല്ല. മൂക്കിന്റെ പാലം സാധരണ വലിപ്പമുള്ളതാണ്. മുടി ചുരുണ്ടതും കറുത്തതും ആണ്.
വനാന്തർഭാഗത്തുള്ള കല്ലുലൈ എന്നു വിളിക്കുന്ന ഗുഹകളിലോ തുറസ്സായ സ്ഥലത്ത് ഇലകൾ വളച്ചു കെട്ടിയോ താമസിക്കുന്നു. 2 മുതൽ 7 പേർ വരെ അടങ്ങിയ ചെറിയ സമൂഹങ്ങളായാണ് ഇവരുടെ വാസം. ഇതിനെ ചെമ്മം എന്നു വിളിക്കുന്നു. ചെമ്മങ്ങളുടെ അതിർത്തി സംബന്ധിച്ച് ചോലനായ്ക്കർ അവരുടെ പൂർവ്വികർക്കനുസരിച്ചു വളരെ വ്യക്തമായ നിയമങ്ങൾക്കനുസരിച്ചാണ് ജീവിക്കുന്നത്. ചെമ്മങ്ങൾ കാട്ടിൽ വളരെ അകന്നാണ് കാണപ്പെടുന്നത്. പ്രധാന ജീവിതമാർഗ്ഗം വനസമ്പത്താണ്. വേട്ടയാടിയും കായ്കറികൾ പറുക്കിയും ഉപജീവനം നടത്തുന്നു. ഭാഷ ചോലനായ്കൻ ഭാഷയാണ്. കന്നഡയും തമിഴും മലയാളം ഇടകലർന്നതാണിത്. പണ്ട് അല്പ വസ്ത്രധാരികാളായിരുന്ന ഇവർക്ക് ഇന്ന് വസ്ത്രങ്ങളും ആഭരണങ്ങളും പ്രധാനമാണ്. കാട്ടിൽ നിന്ന് ശേഖരിക്കുന്ന വിഭവങ്ങൾ നാട്ടിൽ കൊണ്ടുവന്ന് വിറ്റ് ഇവർ അരിയും ഗോതമ്പും വാങ്ങുന്നു. ഇതാണ് ഇവരുടെ പ്രധാന വരുമാന മാർഗ്ഗം. കാട്ടിലെ കിഴങ്ങുകളും പഴങ്ങളും വന്യജീവികളേയും ഇവർ ഭക്ഷിക്കാറുണ്ട്.
1970 ഏതാണ്ട് 300 ഓളം ചോലനായ്ക്കരെ കണ്ടെത്തി രേഖപ്പെടുത്തിയിരുന്നു. അനന്തകൃഷ്ണൈയർ ഇന്റെർനാഷണൽ സെന്റർ ഫോർ ആന്ത്രോപോളജിക്കൽ സ്റ്റഡിസ് നടത്തിയ പഠനങ്ങൾ പ്രകാരം ഇന്ന് ചോലനായ്ക്കരുടെ ജീവിതം മാറ്റത്തിന്റെ വക്കിലാണ്. സാക്ഷരത പൂജ്യത്തിൽ നിന്ന് 16% ആയി ഉയർന്നിട്ടുണ്ട്. ചില ചോലനയ്ക്കർ യുവാക്കൾ വിദ്യഭ്യസ്തരും ചിലർ സർക്കാർ ജോലി ഉള്ളവരുമാണ്. എന്നാൽ പരിഷ്കൃത സമൂഹമായുള്ള ഇടപെടൽ മൂലവും ഗോത്രത്തിനു പുറത്തു നിന്നുള്ള വിവാഹബന്ധങ്ങൾ മൂലവും പ്രാകൃതമായ ജീവിതശൈലിയിൽ നിന്ന് വളരെ മാറ്റം വന്ന അവസ്ഥയിലാണിന്ന് ചോലനായ്ക്കർ. [2]
ഗ്രാമങ്ങളുടെ പ്രധാനിയായി മൂപ്പനെ തിരഞ്ഞെടുക്കുന്നു. പ്രായത്തിൽ മൂത്തയാളായിരിക്കും മൂപ്പൻ. ഇയാൾ കാട്ടിൽ നിന്നും പുറമേക്ക് അധികം വരാത്തയാളാണ്. എങ്കിലും നവീന രീതിയിൽ വസ്ത്രധാരണം പതിവുണ്ട്. [3] കൃഷി ചെയ്യുന്ന രീതി ഇന്നുവരെ ഇവർ സ്വായത്തമാക്കിയിട്ടില്ല. ചില ചോലനായ്ക്കന്മാർ അടുത്തുള്ള കൂപ്പുകളിൽ മരം വെട്ടുകരായി ജോലി ചെയ്യുന്നുണ്ട്. കാട്ടിൽ നിന്ന് ശേഖരിക്കുന്ന തേൻ ഇവർ ഉപയോഗിക്കുകയും പുറമേ വിൽകുക്കയും ചെയ്യുന്നു എന്ന് ഗവേഷകനായ ഡോ. സിബി സക്കറിയ പറയുന്നു. വായിക്കാനും എഴുതാനും അറിയാത്തതു കൊണ്ട് നിരവധി ചൂഷണങ്ങൾക്ക് ഇവർ വിധേയരാവുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. [4]
ചോലനായ്കർ ആത്മാക്കളേയും മരദൈവങ്ങളേയും ആരാധിക്കുന്നു. വിഗ്രഹാരാധന പതിവില്ല. [5]
കേന്ദ്ര മന്ത്രാലയം 1971 ൽ പി.കെ. മൊഹന്തിയുടെ നേതൃത്വത്തിൽ നടത്ത്തിയ പഠനങ്ങൾ വഴി 306 ചോലനായ്ക്കരെ രേഖപ്പെടുത്തി. 1981 ഇത് 234 ആയും 1991 360 ആയും രേഖപ്പെടുത്തിയിരിക്കുന്നു. അവരുടെ കണക്ക് പ്രകാരം അന്ന് സാക്ഷരതയില്ലാത്തവരാണ് ചോലനായ്ക്കർ. 2003ൽ പഠനം നടത്തിയ ഡോ. മാഥുർ രൂപപ്പെടുത്തിയ കണക്കു പ്രകാരം 41 ചെമ്മങ്ങളിലായി 157 ചോലനായ്ക്കരാണുള്ളത്. അതിൽ 92 ആണുങ്ങൗമ് 65 സ്ത്രീകളും ഉൾപ്പെടുന്നു 25 പേർക്ക് മാത്രമേ സാക്ഷരത ഇല്ലായിരുന്നുള്ളൂ.ഇവരിൽ 2 പേർ 10മ് തരം പഠിച്ചവരും ഒരാൾ വനപാലകനായി ജോലി ലഭിച്ചയാളുമായിരുന്നു. ചോലനായ്കരിൽ പാണപ്പുഴ ആലൈ ചാത്തൻ മകൻ ബാലൻ ആണ് ഇത്. വയസായ ചോലനയ്ക്കത്തികൾ അല്പവസ്ത്രധാരിണീകൾ ആണെങ്കിലും യുവതികൾ നൈറ്റിയാണ് ധരിക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.