Remove ads
From Wikipedia, the free encyclopedia
1812-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ് കുറിച്യകലാപം. കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു. കുറിച്യലഹള ആദ്യകാല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. പഴശ്ശിരാജക്കു വേണ്ടി കുറിച്യരും കുറുമ്പരും നടത്തിയ പടയോട്ടങ്ങൾ ചരിത്രത്തിൽ പേരുകേട്ടവയാണ്. 1802 ലെ പനമരം കോട്ട ആക്രമണം ഈസ്റ്റിന്ത്യാ കമ്പനിക്ക് മലബാറിലേറ്റ കനത്ത തിരിച്ചടികളിലൊന്നായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു [1]
· ഇടക്കൽ ഗുഹകൾ · മറയൂർ |
വയനാട്, കോട്ടയം, കുറുമ്പ്രനാട്, കൊട്ടിയം ദേവസ്വങ്ങളുടെ അവകാശികൾ കുറിച്യരായിരുന്നു. കന്നഡഭാഷയിൽ കുറി എന്ന പദത്തിന് മല എന്നും, ചിയൻ എന്നതിന് ആൾ എന്നുമാണ് അർത്ഥം. എന്നാൽ കുറിച്യർ എന്ന പേര് പഴശ്ശിരാജാവ് നൽകിയതാണെന്ന് കുറിച്യരുടെ പിൻതലമുറക്കാർ വിശ്വസിക്കുന്നുണ്ട്.[2] എന്നാൽ കുറിച്യർ, കുറവർ, കുറുമ്പൻ എന്നീ പേരുകളെല്ലാം ഒന്നു തന്നെയാണെന്ന് വില്ല്യം ലോഗൻ രേഖപ്പെടുത്തിയിരിക്കുന്നു.[3] കുറിച്യർ അവരുടെ ആചാരനുഷ്ഠാനങ്ങളിൽ പേരുകേട്ടവരാണ്. അയിത്താചരണങ്ങളിൽ അവർ അത്യന്തം നിഷ്ഠ പുലർത്തിയിരുന്നു. മലവാസികളോ, കാട്ടാളരോ അവരെ തൊട്ടാൽ അശുദ്ധിയാണ്.[4]
പഴശ്ശിക്കലാപം അടിച്ചമർത്തിയ ശേഷം ബ്രിട്ടീഷുകാരുടെ കുറിച്യരോടുള്ള സമീപനം നിഷ്ഠൂരമായിരുന്നു. അവരുടെ ചെറിയ ഭൂമികൾ പോലും പിടിച്ചെടുക്കുകയും വൻതോതിൽ നികുതി ഈടാക്കുകയും ചെയ്തു. മലബാർ പ്രിൻസിപ്പൽ കലക്ടർ തോമസ് വാർധന്റെ നികുതി പരിഷ്കാരങ്ങൾ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ഉൽപ്പാദനച്ചെലവ് കഴിച്ച് ബാക്കിവരുന്നത് കർഷകരും, ജന്മിയും, കമ്പനിയും വിഭജിച്ചാണ് എടുത്തിരുന്നത്. മൂന്നിലൊരു ഭാഗം കർഷകനു ലഭിക്കുമ്പോൾ, പത്തിലാറു ഭാഗം കമ്പനിക്കും പത്തിൽ നാലുഭാഗം ജന്മിക്കും ലഭിക്കുമായിരുന്നു. കമ്പനിക്കുള്ളത് പണമായി തന്നെ നൽകണമെന്നതായിരുന്നു വ്യവസ്ഥ.[5] കുരുമുളകിനും മറ്റു ഉൽപന്നങ്ങൾക്കും മേൽ ഏർപ്പെടുത്തിയ നികുതി കുറിച്യരുടെ ജീവിതം ദുസ്സഹമാക്കി. മുൻകാലങ്ങളിൽ നൽകിയതിനേക്കാൾ പത്തുശതമാനം നികുതി കർഷകർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു. മാത്രമല്ല വർഷങ്ങളായി അവർ അനുവർത്തിച്ചുപോരുന്ന കാടുകത്തിച്ചു കൃഷി ചെയ്യുന്ന രീതിയെ തടയുകയും ചെയ്തു. നികുതികുടിശ്ശിക തീർക്കാൻ കുറിച്യർക്ക് തങ്ങളുടെ വീട്ടുപകരണങ്ങൾ പോലും വിൽക്കേണ്ടിവന്നു. കുടിശ്ശിക വരുത്തിയ കുറിച്യരെ കമ്പനിക്കാർ അടിമകളായും ഉപയോഗിച്ചിരുന്നു.[6]
കുറിച്യർ അവിടെത്തന്നെയുള്ള കുറുമ്പർ എന്ന് ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് അവരുടെ തലവൻ രാമനമ്പിയുടെ നേതൃത്വത്തിൽ 1812 ൽ കലാപം തുടങ്ങി.[7][8] മല്ലൂരിൽ മാർച്ച് 25ന് കുറിച്യർ ഒരു ആലോചനായോഗം കൂടിയിരുന്നു. ഇത് പിരിച്ചുവിടാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. ഇതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.[9] അമ്പും വില്ലുമായിരുന്നു ഈ കലാപത്തിനുപയോഗിച്ച ആയുധങ്ങൾ. പാലങ്ങളുടെ ഇരുമ്പു കമ്പികൾ ഇളക്കിയെടുത്ത് അമ്പുകൾ ഉണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു. കമ്പനി ഭരണത്തിന്റെ കീഴിൽ ജോലിചെയ്തിരുന്നവർ പോലും ഉദ്യോഗം രാജിവെച്ച് കലാപത്തിൽ പങ്കുചേർന്നു.[10] കലാപകാരികൾക്ക് അവരുടെ ഗോത്രദൈവങ്ങളുടെ അനുഗ്രഹങ്ങളുണ്ടാവുമെന്ന് പറഞ്ഞ് പുരോഹിതന്മാർ ഈ കലാപത്തെ ആളിക്കത്തിച്ചു. "വട്ടത്തൊപ്പിക്കാരെ നാട്ടിൽനിന്നും പുറത്താക്കുക" എന്നതായിരുന്നു കുറിച്യകലാപത്തിന്റെ ലക്ഷ്യമെന്ന് ടി.എച്ച്.ബാബർ രേഖപ്പെടുത്തിയിരിക്കുന്നു.[11]
1812-ൽ വയനാടൻ മലകളിലെ മുളകളെല്ലാം പൂത്തതും വറുതിയ്ക്ക് ഒരു കാരണമായിരുന്നിരിക്കാം. നികുതിപിരിക്കുന്നവരെ തടഞ്ഞുകൊണ്ടാണ് കലാപം തുടങ്ങിയത്. ചുരങ്ങൾ വഴിയുള്ള ഗതാഗതം പൂർണ്ണമായി തടഞ്ഞു. പോലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടു. വയനാട്ടിലെ ഗതാഗതമെല്ലാം കലാപകാരികളുടെ നിയന്ത്രണത്തിലായി. വയനാട്ടിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം കുറിച്യർ നിലയുറപ്പിച്ചു. ഏലചുരം എന്ന സ്ഥലത്തുവെച്ച് കമ്പനിയുടെ പട്ടാളത്തെ എതിരിട്ടു തോൽപ്പിച്ചു. പ്ലാക്ക ചന്തു, ആയിരവീട്ടിൽ കോന്തപ്പൻ, മാസിലോട്ടാടൻയാമു, വെൺകലോൻ കേളു എന്നിവരായിരുന്നു കുറിച്യസമരത്തെ മുന്നിൽ നിന്നും നയിച്ചത്.[12]
ഒടുവിൽ ശ്രീരംഗപട്ടണത്തുനിന്നും സൈന്യത്തെ കൊണ്ടുവന്നാണ് ലഹള അടിച്ചമർത്തിയത്. സബ്കലക്ടർ ബാബർ കൂടുതൽ സൈന്യത്തിനായി അപേക്ഷിച്ചതിൻ പ്രകാരമാണ് ആധുനിക ആയുധങ്ങളുമായി മൈസൂരിൽ നിന്നും ബ്രിട്ടീഷ് പട്ടാളം വന്നത്. ഇവർ എല്ലാ ഭാഗത്തുനിന്നും കുറിച്യരെ നേരിട്ടു. ഒരു മാസം കൂടി കലാപകാരികൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ വിജയം അവരുടെ കൂടെയായിരുന്നേനെ എന്നു പറയപ്പെടുന്നു. ലഹളകൾക്ക് നേതൃത്വം നൽകിയ രാമൻനമ്പി എന്ന കുറിച്യനെ 1825-മെയ് 1 ന് ബ്രിട്ടീഷുകാർ തലവെട്ടിയാണ് കൊലപ്പെടുത്തിയത്. വെൺകലോൻ കേളുവിനെ പരസ്യമായി തൂക്കിലേറ്റി. 1812 മെയ് 8-ഓടെ കലാപം പൂർണ്ണമായി അടിച്ചമർത്തി.[13]
ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ സാധാരണജനങ്ങളുടെ നേതൃത്വത്തിൽ നടന്ന ജനകീയ കലാപമായിരുന്നു കുറിച്യകലാപം. പഴശ്ശിസമരങ്ങളിലെ യോദ്ധാക്കളുടെ അവസാന സമരവുമായിരുന്നു ഇത്. ദക്ഷിണേന്ത്യയിലെ ആദ്യത്തേയും അവസാനത്തേയും കോളനിവിരുദ്ധ ഗിരിവർഗ്ഗ സമരം കൂടിയായിരുന്നു കുറിച്യകലാപം എന്ന് ചരിത്രകാരന്മാർ പറയുന്നു.[14]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.