From Wikipedia, the free encyclopedia
കേരളത്തിലെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് സേവനമേഖലയാണെന്നു പറയാം. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ[൧] കാര്യത്തിലും, സാമ്പത്തിക പുരോഗതിയുടെ കാര്യത്തിലും കേരളം ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും മുന്നിട്ടു നിൽക്കുന്നു.[1] 2008ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സ് പ്രകാരം കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത് അപകടകരമായ നിലയിലാണ്. എന്നിരിക്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെയധികം മുന്നിട്ടു നിൽക്കുന്നു.[2] മറ്റു സംസ്ഥാനങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന കേരളത്തിന്റെ ഈ പുരോഗമനാത്മകമായ സ്ഥിതിവിശേഷത്തെ കേരളമാതൃക എന്നും കേരളപ്രതിഭാസം എന്നും രാഷ്ട്രതന്ത്രജ്ഞന്മാരും, സാമ്പത്തികവിദഗ്ദരും വിശേഷിപ്പിക്കുന്നു. കേരളം ഭരിച്ചിരുന്ന കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് സർക്കാരുകൾ നടപ്പിൽ വരുത്തിയ ഭൂപരിഷ്കരണവും, സാമൂഹികമാറ്റങ്ങളുമൊക്കെയാണ് കേരളത്തിനുണ്ടായ ഈ പുരോഗതിക്കു കാരണം എന്നു വിലയിരുത്തപ്പെടുന്നു. മണി ഓർഡർ ഇക്കോണമി എന്നാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഫിനാൽഷ്യൽ എക്സ്പ്രസ്സ് എന്ന മാസിക വിശേഷിപ്പിച്ചത്.[3]
കേരളത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും പ്രവാസികളായ കേരളീയരിൽ നിന്നുമാണ്. 1980 കളിൽ മെച്ചപ്പെട്ട വരുമാനവും, ജീവിതമാർഗ്ഗവും തേടി ഗൾഫിലേക്കാരംഭിച്ച കുടിയേറ്റമാണ് ഇതിനു കാരണം.[4][5] ഏതാണ്ട് മുപ്പതു ലക്ഷം മലയാളികൾ ഗൾഫിൽ വിവിധ മേഖലകളിൽ പണിയെടുക്കുന്നുണ്ട്. തൊഴിലില്ലായ്മ 2b003 ൽ 19.1 ശതമാനമായിരുന്നത് 2007 ൽ കുറഞ്ഞ് 9.4 ശതമാനമായി. 2011 ലെ കണക്കനുസരിച്ച് കേരളത്തിലെ തൊഴിലില്ലായ്മയുടെ ശതമാനം 4.2 മാത്രമാണ്.[6]
കുരുമുളകിന്റെ ദേശീയോത്പാദനത്തിന്റെ 92 ശതമാനവും കേരളത്തിലും കർണ്ണാടകത്തിലുമായാണ് കൃഷി ചെയ്യുന്നത്.[7] പത്തോളം ഇനങ്ങളിലുള്ള കുരുമുളക് കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്.[8] കുരുമുളക് കൂടാതെ കാപ്പി, തേയില, ഏലം, റബ്ബർ, കശുവണ്ടി തുടങ്ങിയവയും കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. നെല്ല് ആണ് മുഖ്യമായ മറ്റൊരു കാർഷിക വിള. 1980 മുതൽക്ക് നെൽകൃഷി ഒരു തകർച്ചയെ നേരിടുകയാണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നെൽ ഉൽപ്പാദനത്തിൽ നേരിയ പുരോഗതി ദൃശ്യമായിട്ടുണ്ട്. കേരള സംസ്ഥാനം രൂപവത്കരിക്കപ്പെടുന്ന കാലഘട്ടത്തിലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ നെല്ലുൽപ്പാദനം പിന്നീടുള്ള വർഷങ്ങളിൽ കേരളത്തിലുണ്ടായി. 1955-56 കാലഘട്ടത്തിൽ കേരളത്തിലെ നെല്ലുൽപ്പാദനം 7,60,000 ഹെക്ടറായിരുന്നത്[൨], 1970–71 ആയപ്പോഴേക്കും 8,80,000 ഹെക്ടറിലേക്കുയർന്നു.[9] 1980 കൾ മുതൽ നെൽ വ്യവസായം ഒരു തകർച്ചയെ അഭിമുഖീകരിക്കുകയാണ്. തൊഴിലാളികളുടെ ദുർലഭ്യത, മറ്റു സംസ്ഥാനങ്ങളിൽ നിന്നും നേരിടുന്ന മത്സരം, കുറഞ്ഞ ലാഭം, ഭൂമിയെ ഒരു ആസ്തിയായി കാണുന്ന ഒരു സമൂഹമനോഭാവം തുടങ്ങിയ കാരണങ്ങൾ കൊണ്ട് നെൽ വ്യവസായം കേരളത്തിൽ വേണ്ടത്ര ഉയർച്ച കൈവരിക്കുന്നില്ല എന്നു വേണം പറയാൻ.
വർഷം | നെല്ല് ഉൽപ്പാദനം (ഹെക്ടർ)[9] |
---|---|
1955–56 | 7,60,000 |
1970–71 | 8,80,000 |
1980–81 | 8,50,000 |
1990–91 | 5,60,000 |
2001-02 | 3,20,000 |
2007–08 | 2,30,000 |
സംസ്ഥാനത്ത് മദ്യവിൽപ്പനയുടെ കുത്തകാവകാശം കേരള സർക്കാരിനാണ്. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ വഴിയാണ് സർക്കാർ മദ്യവിൽപ്പന നടത്തുന്നത്. കൂടാതെ സർക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടുള്ള ഹോട്ടലുകൾക്കും, ബാർ എന്നറിയപ്പെടുന്ന വിൽപ്പനശാലകളിലൂടെ മദ്യം വിൽക്കാവുന്നതാണ്. കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം വർഷാവർഷങ്ങളിൽ കൂടി വരുന്നതായാണ് കാണുന്നത്. ഇതനുസരിച്ച് മദ്യവിൽപ്പനയിലൂടെ സർക്കാരിനു ലഭിക്കുന്ന വരുമാനവും ഉയരുന്നു. 2010-2011 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ 6,700 കോടി രൂപയുടെ മദ്യം വിൽപ്പനനടത്തിയതായി കണക്കുകൾ പറയുന്നു.[10] 2011-2012 സാമ്പത്തിക വർഷത്തിൽ മദ്യവിൽപ്പന 7,860.12 കോടി രൂപയായിരുന്നു.[11] 2011-2012 സാമ്പത്തിക വർഷത്തിൽ കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ 6352.56 കോടി രൂപ സർക്കാരിലേക്ക് വിവിധ തരത്തിലുള്ള നികുതികളായി നൽകിയിട്ടുണ്ട്.[12]
ഇന്ത്യാക്കാരും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കേരളം. കേരളത്തിലെ മൂന്നാർ, തേക്കടി, ആലപ്പുഴ, വയനാട് എന്നീ സ്ഥലങ്ങൾ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്.[13] വിനോദസഞ്ചാരം കേരളത്തിന് ധാരാളം വിദേശനാണ്യം നേടിത്തരുന്നുണ്ട്. 2008 ലെ കണക്കനുസരിച്ച് വിനോദസഞ്ചാരികളിലൂടെ കേരളത്തിനു ലഭിച്ച വരുമാനം 13,130 കോടിരൂപയാണ്. 2007 നെ അപേക്ഷിച്ച് 14.84ശതമാനം അധികമാണ് ഇത്.[14]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.