From Wikipedia, the free encyclopedia
കേരളത്തിലെ ഒരു ജാതി ജാതി (സമൂഹം) ആണ് എഴുത്തച്ഛൻ (ആംഗലേയം: Ezhuthachan). കടുപട്ടൻ(ആംഗലേയം:Kadupattan) എന്ന പേരിലും അറിയപ്പെടുന്നു.[1][2][3][4] കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഇവർ പ്രധാനമായും ഉള്ളത്. ഇന്ത്യയിലെ മറ്റുസ്ഥലങ്ങളിലും ഇന്ത്യക്കു പുറത്തും സാന്നിധ്യമുണ്ട്. എഴുത്തച്ഛൻ സമുദായത്തിൽ അധ്യാപന രംഗത്താണ് കൂടുതൽ ആളുകളും ഉള്ളത്. അധ്യാപനം പാരമ്പര്യ തൊഴിലായി സ്വീകരിച്ചിരിക്കുന്ന സമുദായമാണ് ആണ് എഴുത്തച്ഛൻ. എഴുത്തച്ഛൻ സമാജം എന്ന പേരിൽ സമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയുണ്ട്. [5][6][7][8]
എഴുത്തച്ഛൻ സമുദായത്തിന്റെ ഉത്പത്തിയെ പറ്റി രണ്ടു വിശ്വാസങ്ങളാണ് പ്രധാനമായും നിലനിൽക്കുന്നത്.
1. ബുദ്ധമതം പ്രചരിപ്പിച്ചതിനാൽ മധ്യകാല ചോള - പാണ്ഡ്യ ദേശത്തെ കടു ഗ്രാമത്തിൽ നിന്ന് ബഹിഷ്കൃതരായ പട്ടർ(ഭട്ടർ) ബ്രാഹ്മണരായിരുന്നു. സാമൂതിരി കോവിലകത്തുനിന്ന്(അമ്പാടി കോവിലകം) മൂപ്പുവന്ന തമ്പുരാട്ടി എഴുത്തച്ഛൻ എന്ന സ്ഥാനം കൽപ്പിച്ചു നൽകി.[9][10][11][12]
2. അധ്യാപനവൃത്തിക്ക് പ്രാധാന്യം കൊടുത്തിരുന്ന ഒരു ജൈന ഗോത്രം കേരളത്തിൽ വരികയും ഗ്രാമീണ അധ്യാപകരാവുകയും ചെയ്തു. ഭക്തി പ്രസ്ഥാനത്തിന്റെ സ്വാധീനത്താൽ ഇവർ ഹിന്ദുമത വൽക്കരിക്കപ്പെടുകയാണുണ്ടായത്.[13]
പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന കടുരു (ഇന്നത്തെ കർണാടക യിൽ) ജൈനമത അധിവസിത പ്രദേശം ആയിരുന്നു(പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യത്തിൽ ഏതാണ്ട് എട്ടാം നൂറ്റാണ്ടു മുതൽ പത്താം നൂറ്റാണ്ടു വരെയും ജൈന മതത്തിനു പ്രാധാന്യവും ഉണ്ടായിരുന്നു).[14][15][16] ഇന്നത്തെ തെലങ്കാന യിലെ പട്ടൻ ചേരു അഥവാ പൊട്ടലക്കരെ എന്ന പ്രദേശം ഏതാണ്ട് ഒൻപതാം നൂറ്റാണ്ടു മുതൽ പതിമൂന്നാം നൂറ്റാണ്ടു വരെയും ദക്ഷിണേന്ത്യയിലെ പ്രധാന ജൈനമത കേന്ദ്രമായിവർത്തിച്ചിരുന്നു.[17][18] ഒരിക്കൽ ഉപേക്ഷിച്ചു പോരുന്ന പ്രദേശത്തിന്റ പേര് ഗോത്ര നാമമായി ഉപയോഗിക്കുന്ന രീതി ജൈനമതത്തിൽ ഉണ്ടായിരുന്നു.[19] അതുകൊണ്ടു കടുരു, പട്ടൻ ചേരു അഥവാ പൊട്ടലക്കരെ എന്നിവിടങ്ങളിൽ വസിക്കുകയും അധ്യാപനവൃത്തിക്കു പ്രാമുഖ്യം നൽകുകയും ചെയ്ത ഒരു ജൈന ഗിൽഡ് (ഗണം) ആയിരുന്നു കടുപട്ടൻ(കടുരു + പട്ടൻ ചേരു/പൊട്ടലക്കരെ) എന്ന പേരിൽ അറിയപ്പെട്ടത് എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷം ദക്ഷിണേന്ത്യയിൽ ജൈനമത സ്വാധീനം കാര്യമായി കുറഞ്ഞപ്പോൾ പല ജൈനമത അനുയായികളും വാസസ്ഥലങ്ങൾ ഉപേക്ഷിച്ചിരുന്നു അവരിൽ പലരും കൂടുതൽ തെക്കു ഭാഗത്തേക്ക് (ഇന്നത്തെ തമിഴ്നാട്) വരികയുണ്ടായി. ദക്ഷിണേന്ത്യയിലെ ലിഖിതങ്ങളിൽ പരാമർശിച്ചു കാണുന്ന, പതിമൂന്നാം നൂറ്റാണ്ടിൽ തെക്കൻ ആർക്കാട്ടിൽ കാവേരി തീരത്ത് കടുപടികൾ എന്ന പേരിലുണ്ടായിരുന്ന ഭരണാധികാരികൾ എഴുത്തച്ഛൻ(കടുപട്ടൻ) മാരുടെ പൂർവികരായിരുന്നിരിക്കണം.[13][20][21][ക]
പതിമൂന്നു പതിനാലു നൂറ്റാണ്ടു കളിലെ യുദ്ധങ്ങളും(ജഡാവർമൻ സുന്ദരപാണ്ഢ്യനും കാകതീയരും തമ്മിൽ, ദില്ലി സുൽത്താനത്ത്കളുടെ) ആക്രമണങ്ങളും മറ്റും കൊണ്ട് കാവേരി തടത്തിലൂടെ നീലഗിരി വഴി മലബാറിലെത്തുന്ന നടപ്പാതയിലൂടെ കേരളത്തിലേക്ക് കുടിപ്പാർത്ത ഇവർ ഭക്തിപ്രസ്ഥാനത്തിന്റെ സ്വാധീനത്താൽ ഹിന്ദുമതവൽക്കരിക്കപ്പെട്ടിരുന്നു(വൈഷ്ണവ(രാമാനുജ),ശൈവ, ശാക്തേയ രായി); തൊഴിലടിസ്ഥാനത്തിൽ എഴുത്തച്ഛൻ(ഗ്രാമീണഅധ്യാപകൻ) മാരാവുകയും, ശാക്തേയ ആരാധന നടത്തിയിരുന്ന അധ്യാപകർ ഗുരുക്കൾ എന്ന പേരിലും അറിയപ്പെടുകയും ചെയ്തു. എന്നാണ് ചരിത്രകാരനായ കെ.ബാലകൃഷ്ണ കുറുപ്പ്ന്റെ നിഗമനം.[13][22][23][24][18][10]
പതിനഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് കടുപട്ടന്മാർ കേരളത്തിലെത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു(സി. ഇ 1447 നോട് അടുത്ത്).[25][26][10] ഐതിഹ്യ മാലയിൽ കാക്കശ്ശേരി ഭട്ടതിരി യുടെ ശിഷ്യനും, പാരമ്പര്യമായി അധ്യാപനം തൊഴിലാക്കിയ കുടുംബത്തിലെ അംഗവുമായിരുന്ന കടുപട്ടൻ വിഭാഗത്തിൽപ്പെട്ട മന്ത്രവാദിയെ(ചെമ്പ്ര മാക്കു എഴുത്തച്ഛൻ) പറ്റി പരാമർശിക്കുന്നുണ്ടെങ്കിലും ജീവിത കാലഘട്ടം വ്യക്തമല്ല.[27][ഖ] എഴുത്തച്ഛൻ എന്ന ജാതി നാമത്തിന്റെ ആദ്യപരാമർശം ലഭ്യമാകുന്ന സർക്കാർ രേഖകളിൽ ഒന്ന് 17 ഫെബ്രുവരി 1881 ലെ ബ്രിട്ടീഷ് ഇന്ത്യ സെൻസസ് ആണ്.[1]
പാലക്കാട് ചുരം വഴി ആണ് കടുപട്ടന്മാർ കേരളത്തിലേക്ക് പ്രവേശിച്ചത്. പല സംഘങ്ങളായാണ് ഈ കുടിയേറ്റം ഉണ്ടായത്. ആദ്യത്തെ സംഘമായ എട്ടുകുടുംബങ്ങൾ(എട്ടുവീട്ടുകാർ) മലപ്പുറം ജില്ലയിലെ തിരുനാവായക്കടുത്ത് താമസമാക്കി, ഈ എട്ടുവീട്ടുകാരുടെ വീട്ടുപേരുകളിൽ ചിലത് തെക്കെപ്പാട്ട്, വടക്കെപ്പാട്ട്, കിഴക്കെപ്പാട്ട്, പടിഞ്ഞാറെപ്പാട്ട്, മേലേപ്പാട്ട്, കീഴേപ്പാട്ട് എന്നിവയായിരുന്നു.[28] ഈ എട്ടുവീട്ടുകാരുടെ പരമ്പരയിൽ ഉൾപ്പെടുന്നതാണ് ചെമ്പ്രയെഴുത്തച്ഛന്മാരുടെ കുടുംബം.[13] അതിനടുത്ത കാലയളവിൽ എട്ടുവീട്ടുകാരുടെ അടുത്ത ബന്ധുക്കൾ മുപ്പത്തിരണ്ടു വീട്ടുകാർ തൃശ്ശൂരും പരിസരപ്രദേശങ്ങളിലും താമസമാക്കി. എട്ടുവീട്ടുകാരുടെയും, മുപ്പത്തിരണ്ടുവീട്ടുകാരുടേയും അടുത്ത ബന്ധുക്കൾ മറ്റൊരു സംഘമായി വന്ന് പാലക്കാടും പരിസരത്തും താമസമുറപ്പിച്ചു. ക്രമേണ ഇവർ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. പതിനാറാം നൂറ്റാണ്ടിൽ സാമൂതിരിയുടെ പട്ടാളവും, പോർത്തുഗീസുകാരുമായി മലബാർ തീരങ്ങളിൽവച്ചുണ്ടായ സംഘർഷങ്ങൾ തീരപ്രദേശങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. വെട്ടത്തുനാടിന്റെ തീരപ്രദേശങ്ങളിൽ നിന്നും വലിയ അളവിൽ ആളുകൾ മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കുകയുണ്ടായി. ഈ കാലയളവിൽ ഈ പ്രദേശത്ത് താമസിച്ചിരുന്ന കടുപട്ടന്മാരിൽ പലരും വള്ളുവനാട്ടിലെ കണ്ണിയാമ്പുറത്തേക്കും(ഇന്നത്തെ ഒറ്റപ്പാലം താലൂക്കിൽ), പാലക്കാട് ചിറ്റൂരിലേക്കും, കൊച്ചിരാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും മാറിത്താമസിച്ചു.[13][10]
പാലക്കാടും, മലബാർ പ്രദേശങ്ങളിലും, കൊച്ചിരാജ്യത്തും വട്ടെഴുത്ത് പ്രചരിപ്പിക്കുന്നതിൽ കടുപട്ടന്മാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്, അവർക്ക് സംസ്കൃതവും അറിയാമായിരുന്നു.[12]
ചരിത്രകാരനായ എം.ജി.എസ്. നാരായണന്റെ അഭിപ്രായത്തിൽ കടുപട്ടന്മാർ എത്തിച്ചേർന്നതിനുശേഷമാണ് മലബാറിലെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ, വിശേഷിച്ചും ശക്തിപ്പെടുന്നത്. ഇവരുടെ കുടിയേറ്റത്തിനുശേഷമുള്ള നൂറ്റാണ്ടുകളിൽ ധാരാളം സംസ്കൃത കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി.[12]
ഹിന്ദുമതവൽക്കരിക്കപ്പെട്ടു എങ്കിലും ജൈനമത അധ്യാപന പാരമ്പര്യം കൊണ്ടാവാം ജൈനമതത്തിലെ ജിന ദേവനെ സ്തുതിക്കുന്ന നമോത് ചിനതം(നമൊസ്തു ജിനതെ) എന്ന മംഗളാചരണം പരമ്പരയായി കടുപട്ടൻ മാർ സ്വന്തം പള്ളിക്കൂടങ്ങളിൽ ഉപയോഗിച്ചിരുന്നതായി അറിയുന്നു.[29][13][21]
കേരളത്തിൽ ഇവരെ ശൂദ്രരായാണ് കരുതിയിരുന്നത്.[12] എന്നാൽ ക്ഷേത്രങ്ങളുടെ ബലിക്കല്ല് വരെ പോകുന്നതിനും പ്രാർത്ഥിക്കുന്നതിനും അനുവാദമുണ്ടായിരുന്നു.[10] സമുദായത്തിലെ പുരുഷന്മാരെ പട്ടരപ്പൻ എന്നും സ്ത്രീകളെ പട്ടത്തിയാരമ്മ എന്നും മറ്റു സമുദായങ്ങളിൽ ചിലർ വിളിച്ചിരുന്നു.[10] സർക്കാർ രേഖകളിൽ ചൗളർ (ചോളദേശത്ത് നിന്ന് വന്നവർ) എന്ന് പരാമർശിച്ചിട്ടുണ്ട്.[10] സാമൂതിരി ഇവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനം കൊടുത്തിരുന്നു വെന്നും. ഇതിൽ അസൂയ തോന്നിയ സാമൂതിരിയുടെ മന്ത്രി(മങ്ങാട്ടച്ചൻ) ഉപജാപങ്ങളിലൂടെ ഇവരെ സമൂഹത്തിൽ താഴെത്തട്ടിൽ ആക്കുകയായിരുന്നുവെന്നും വിശ്വസിച്ചു പോരുന്നുണ്ട്.[28] ഹിന്ദുമത പ്രാധാന്യമുള്ള സമൂഹത്തിൽ ജൈനമത പാരമ്പര്യവും സമൂഹത്തിലെ താഴെ തട്ടിലേക്ക് പോവാൻ കാരണമായിരിക്കാം. പദവി നഷ്ടപ്പെട്ടവർ എന്ന അർത്ഥത്തിൽ പട്ടണം പിഴത്തവർ എന്ന് കടുപട്ടന്മാരെ മറ്റു സമുദായക്കാർ വിളിച്ചിരുന്നു.[10] നായർ വിഭാഗവുമായി വളരെ സാമ്യമുണ്ടെങ്കിലും(ചിലരേഖകളിൽ ഇവരെ നായർ ഉപ വിഭാഗമായി കാണിച്ചിരിക്കുന്നുണ്ടെങ്കിലും) ഇവർക്ക് നായർ സമുദായവുമായി ബന്ധങ്ങൾ ഒന്നും തന്നെ ഇല്ല.[30][3] ഒരുപക്ഷെ കേരളത്തിൽ വന്നതിനു ശേഷം ഇവിടെയുള്ള രീതികൾ സ്വീകരിച്ചതാവാം.
പൊതുവിദ്യാഭ്യാസം നിലവിൽ വരുന്നവരെയും കടുപട്ടന്മാർ കൊച്ചിരാജ്യത്തും, മധ്യമലബാറിലും വടക്കും എഴുത്തച്ഛൻ മാരായി ഉണ്ടായിരുന്നു.[31][32] ധനിക ഗൃഹങ്ങളിൽ താമസിച്ചു വിദ്യ അഭ്യസിപ്പിച്ചുകൊണ്ടു വരികയും ചെയ്തിരുന്നു എഴുത്തച്ഛൻ താമസിക്കുക എന്നാണ് ഇതറിയപ്പെട്ടിരുന്നത്.[31][33] പാരമ്പര്യമായി അധ്യാപനത്തിന് പ്രാധാന്യം കൊടുത്ത ഒരു വിഭാഗമായിരുന്നു എങ്കിലും, മറ്റു ജോലികൾ (പല്ലക്ക് ചുമക്കൽ, ഉപ്പ്, എണ്ണ തുടങ്ങിയവ ചുമക്കുക അവയുടെ വിപണനം, കൃഷി തുടങ്ങിയവ) ചെയ്യുന്നവരും കടുപട്ടന്മാരിൽ ഉണ്ടായിരുന്നു.[34][35][9] പ്രശസ്തരായ മാന്ത്രികൻമാരും, വൈദ്യന്മാരും, ജ്യോത്സ്യന്മാരും, സംസ്കൃതം പണ്ഡിതരും കടുപട്ടന്മാരിൽ ഉണ്ടായിട്ടുണ്ട്.[36] പണിക്കർ എന്ന സ്ഥാനപ്പേരും ചില കടുപട്ടന്മാർക്ക് ഉണ്ടായിരുന്നു. [10]
പൊതുവിദ്യാഭ്യാസം നിലവിൽ വന്നപ്പോൾ പാരമ്പര്യ അധ്യാപന രീതികൾക്ക് സമൂഹത്തിൽ പ്രാധാന്യം കുറഞ്ഞു കടുപട്ടന്മാർ നടത്തിയിരുന്ന എഴുത്തുപള്ളികളിൽ പലതും പിന്നീട് പൊതുവിദ്യാലയങ്ങളായി മാറ്റപ്പെട്ടു.[37][38] മൈസൂർ പടയോട്ടത്തിനുശേഷം പത്തൊൻപതാം നൂറ്റാണ്ടോടെ മലബാറിൽ ബ്രിട്ടീഷ് ഭരണം നിലവിൽ വന്നു. ബ്രിട്ടീഷുകാർ പൊതുവിദ്യാഭ്യാസം നടപ്പിലാക്കി. വള്ളുവനാട്ടിലും, നെടുങ്ങനാട്ടിലും നടന്ന പൊതുവിദ്യാഭ്യാസപ്രവർത്തനങ്ങളിൽ എഴുത്തച്ഛൻ സമുദായം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.[39]
കടുപട്ടൻ മാരുടെ ആചാരങ്ങളിൽ പ്രാദേശികമായി ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഏതാണ്ട് തമിഴ് ആചാരങ്ങൾ പിന്തുടരുന്നവരാണ്.[10][26]ദായക ക്രമത്തിൽ പിതൃദായക ക്രമമാണ്(മക്കത്തായം) ഉണ്ടായിരുന്നത്(പിതാവിന്റെ സ്വത്ത് പുത്രനുമാത്രം ലഭിക്കുമായിരുന്ന പരിഷ്കരിച്ച പിതൃദായകക്രമം ആയിരുന്നു ഉണ്ടായിരുന്നത് എന്ന് വില്യം ലോഗൻ മലബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്).[3] വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ഗണപതി ഹോമം നടത്തുക, ദക്ഷിണ നൽകൽ, പാണിഗ്രഹണം തുടങ്ങിയ ചടങ്ങുകൾ ഉണ്ട്. ബഹുഭാര്യത്വം, ബഹുഭർതൃത്വം എന്നിവ ഇല്ലായിരുന്നു എന്നാൽ വിധവ വിവാഹം ഉണ്ടായിരുന്നു. കേരളത്തിലെ പല ഹിന്ദു സമുദായങ്ങളിലും ഉണ്ടായിരുന്ന തിരണ്ടുകല്യാണം എന്ന ആചാരം കടുപട്ടൻ സമുദായത്തിലും നിലനിന്നിരുന്നു. മരണാനന്തര ചടങ്ങുകളിൽ കടുപട്ടൻ വിഭാഗത്തിനുള്ള പ്രത്യേകതകൾ ഇവർ പരദേശികളായിരുന്നു എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്[10]. ഹൈന്ദവ വൽക്കരിക്കപ്പെട്ട ഇവർ ആരാധന രീതികളിൽ ഗണപതി, വേട്ടയ്ക്കൊരുമകൻ, ശക്തി, ഭഗവതി, വിഷ്ണുമായ എന്നീ ദൈവ സങ്കൽപ്പങ്ങളെ ആരാധിച്ചിരുന്നു.[27]
ശാക്തേയരായ കടുപട്ടന്മാർക്ക് ശങ്കരാചാര്യർ ആണ് ശ്രീചക്ര പൂജാവിധികൾ ഉപദേശിച്ച് നൽകിയതെന്ന് പരമ്പരയായി വിശ്വസിച്ച് പോരുന്നു.[10]
എഴുത്തച്ഛൻ(കടുപട്ടൻ) സമുദായത്തിന്റെ ഏകീകരണത്തിനും, ഉന്നമനത്തിനും ആയി രൂപം കൊണ്ട സംഘടനയാണ് എഴുത്തച്ഛൻ സമാജം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ(1906 ൽ) സാമുദായിക ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ ശിഷ്യനും സംസ്കൃത പണ്ഠിതനും അധ്യാപകനും ആയിരുന്ന ചക്കുള്ളിയാൽ കുഞ്ഞുണ്ണി എഴുത്തച്ഛൻ ആയിരുന്നു ആദ്യ സംഘാടകൻ. പുന്നശ്ശേരി നീലകണ്ഠശർമ്മ ആണ് ഈ സംഘടനക്ക് അധ്യാപക സമാജം എന്ന് നാമകരണം ചെയ്തത്. സമുദായത്തിന്റെ ആചാരാനുഷ്ടാനങ്ങളിൽ പല പരിഷ്കരണങ്ങളും വരുത്താൻ ഈ സംഘടനക്ക് കഴിഞ്ഞു.[10] എങ്കിലും പിന്നീട് കുഞ്ഞുണ്ണി എഴുത്തച്ഛൻ സംഘടന പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയുണ്ടായി.
പിന്നീട് വക്കീൽ.പി.കുമാരൻ എഴുത്തച്ഛന്റെ പ്രവർത്തനങ്ങളാണ് എഴുത്തച്ഛൻ സമാജം എന്ന സംഘടന രൂപപ്പെടുത്തിയത്, എഴുത്തച്ഛൻ സമുദായത്തിന്റ് ആധൂനികവത്കരണത്തിനായി ഇദ്ദേഹം പ്രവർത്തിച്ചു. വി.ആർ. കൃഷ്ണനെഴുത്തച്ഛനും ഇദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. പി. കുമാരൻ എഴുത്തച്ഛൻ ആയിരുന്നു എഴുത്തച്ഛൻ സമാജം പ്രസിഡന്റ്. സ്വാതന്ത്ര സമരം, കർഷക സമരങ്ങൾ, കൊച്ചി രാജ്യ പ്രജാമണ്ഡലം പ്രവർത്തനങ്ങൾ എന്നിവയിൽ വ്യാപൃതരായതിനാൽ ഇവർക്ക് എഴുത്തച്ഛൻ സമാജം പ്രവർത്തനങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു.
1947 നു ശേഷം സംഘടന പ്രവർത്തങ്ങൾ ഏതാണ്ടില്ലാതായി. സംഘടനയുടെ പുനഃസ്ഥാപനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ പലതും നടന്നെങ്കിലും ഫലപ്രദമായില്ല. ഈ കാലഘട്ടത്തിലെ അഡ്വ:കൃഷ്ണൻ കുട്ടി യുടെ പ്രവർത്തനങ്ങൾ പരാമർശം അർഹിക്കുന്നതാണ്.
1990 കളുടെ അവസാനത്തിൽ സംഘടനാപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. 2002 ൽ ടി.ജി. രവിയുടെ പ്രവർത്തങ്ങൾ സംഘടനാപ്രവർത്തനങ്ങൾ പുനർജ്ജീവിപ്പിച്ചു. വക്കീൽ.പി.കുമാരൻ എഴുത്തച്ഛന്റെ പൗത്രനും വി.ആർ. കൃഷ്ണനെഴുത്തച്ഛന്റെ പുത്രനുമായ പ്രൊഫ. ഡോ. ലക്ഷ്മണ കുമാറാണ് ഇപ്പോഴത്തെ സംഘടന പ്രസിഡ്ന്റ്.[28][40]
എഴുത്തച്ഛൻ സമാജത്തിന്റെ കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്.[28][41]
പിന്നെയും സംഘടനകൾ അഖിലേന്ത്യാടിസ്ഥാനത്തിൽ മുതൽ പ്രാദേശികാടിസ്ഥാനത്തിൽ വരെ രൂപം കൊള്ളുകയും പ്രവർത്തിയ്ക്കുകയും ചെയ്തു. ആ ഗണത്തിൽ അവസാനമായി രൂപം കൊണ്ടതെന്ന് പറയാവുന്ന സംഘടന പാലക്കാട് കേന്ദ്രീകരിച്ചുരൂപീകരിച്ച പാലക്കാട് എഴുത്തച്ഛൻ സമുദായ ട്രസ്റ്റ് ആണ്.[42]
തുഞ്ചത്ത് എഴുത്തച്ഛന്റെ ജനനത്തെ കുറിച്ചോ ജീവിതത്തെകുറിച്ചോ വ്യക്തമായ ചരിത്രം ഇതുവരെ ലഭ്യമല്ല. എങ്കിലും വൈഷ്ണവ(രാമാനുജ) വിശ്വാസിയായിരുന്ന കടുപട്ടൻ വിഭാഗത്തിൽ പെട്ട തുഞ്ചൻ എഴുത്തച്ഛൻ ആണ് തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ എന്ന വാദം നിലനിൽക്കുന്നുണ്ട്.[21] [43][44][45][46]തുഞ്ചൻ പറമ്പ് സ്ഥല നാമം അടിസ്ഥാനമാക്കി തുഞ്ചൻ(ഏറ്റവും ഇളയ ആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നു തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ യഥാർത്ഥ നാമം എന്നൊരഭിപ്രായവും ഉണ്ട്.[47][48] മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ അദ്ധ്യാത്മരാമായണം ഒരു പഠനം എന്ന ഗ്രന്ഥത്തിൽ എഴുത്തച്ഛനെ തുഞ്ചൻ എന്ന് പരാമർശിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. കെ.ബാലകൃഷ്ണ കുറുപ്പ്ന്റെ നിരീക്ഷണത്തിൽ തുഞ്ചത്ത് എഴുത്തച്ഛൻ കടുപട്ടൻ വിഭാഗത്തിൽ പെട്ട എഴുത്തച്ഛനും; അഖണ്ഡ ബ്രഹ്മചാരി ആയി ശിഷ്യന്മാരോടൊപ്പം സന്യാസ ജീവിതം നയിച്ച മഹാത്മാവുമാണ്.[49][50] തുഞ്ചത്തെഴുത്തച്ഛന്റെ സാമുദായിക പശ്ചാത്തലത്തെ സംബന്ധിച്ച കെ.ബാലകൃഷ്ണ കുറുപ്പിന്റെ നിഗമനത്തോടു എഴുത്തുകാരനും പ്രാദേശിക ചരിത്രകാരനുമായിരുന്ന ഇ. പി. ഭാസ്കര ഗുപ്തൻ(പാലക്കാട്, കടമ്പഴിപ്പുറം സ്വദേശി) യോജിക്കുന്നു.[51] ചരിത്രകാരനായ വേലായുധൻ പണിക്കശ്ശേരിയും ഇതേ അഭിപ്രായം പ്രകടിപ്പിക്കുന്നു.[52]
അധ്യാത്മരാമായണം കിളിപ്പാട്ടിലെ വന്ദനശ്ലോകത്തിൽ ജൈനമുനിമാരെ പ്രാർത്ഥിക്കുന്ന തുഞ്ചത്തെഴുത്തച്ഛന് ജൈനമുനിമാരെപറ്റി അറിവുണ്ടായിരുന്നു എന്ന് ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണൻ അഭിപ്രായപ്പെടുന്നു.[53]
(ക) ^ പല്ലവരാജാക്കന്മാരുമായി വിവാഹബന്ധങ്ങൾ ഉള്ളവരും, ആപത്സഹായേശ്വര ക്ഷേത്രം, തിരുമർപ്പേർ മണികണ്ടേശ്വരർ ക്ഷേത്രം, വേദാരണ്യേശ്വരർ ക്ഷേത്രം, മഹാലിംഗേശ്വരർ ക്ഷേത്രം എന്നിവിടങ്ങളിൽ ദാനങ്ങൾ നല്കിയിരുന്നവരുമായിരുന്ന കടുപടികളെ പറ്റി ദക്ഷിണേന്ത്യയിലെ ലിഖിതങ്ങളിൽ പരാമർശങ്ങൾ ഉണ്ട്, ഇത് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമുള്ള ഒരു വിഷയമാണ്.
(ഖ) ^ വള്ളുവനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്തെ ഗ്രന്ഥവരി ഓലകളിൽ എഴുത്തച്ചൻ, കടുപട്ടൻ എന്നീ പരാമർശങ്ങൾ കാണുന്നുണ്ട്. അവ യഥാക്രമം സി. ഇ 1833, സി. ഇ 1849 എന്നീ വർഷങ്ങളിലേതാണ്.[54][55]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.