Remove ads
From Wikipedia, the free encyclopedia
പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ജർമ്മൻ തത്ത്വചിന്തകന്മാരിൽ ഒരാളായിരുന്നു ആർതർ ഷോപ്പൻഹോവർ (ഫെബ്രുവരി 22, 1788 - സെപ്റ്റംബർ 21, 1860). ജീവിതത്തിന്റെ ദുരന്തസ്വഭാവത്തിലൂന്നി, മൗലികധാരണകളെ ചോദ്യം ചെയ്ത ചിന്തകളുടെ പേരിൽ അറിയപ്പെട്ട ഇദ്ദേഹത്തിന്റെ പ്രധാന കൃതിയുടെ "ഇച്ഛയും അഭിവ്യക്തിയും ആയ ലോകം" (The World as Will and Representation) ആണ്. നിലനിൽക്കുവാനുള്ള ഇച്ഛയെ മനുഷ്യന്റെ മൗലികചോദനയായി കരുതി, അതിലൂന്നിയ തത്ത്വചിന്തയാണ് അദ്ദേഹം ഈ കൃതിയിൽ അവതരിപ്പിച്ചത്. വൈകാരികവും, ശാരീരികവും, ലൈംഗികവുമായ കാമനളുടെ പൂർത്തീകരണം സാദ്ധ്യമല്ല എന്ന നിഗമനത്തിലാണ് മനുഷ്യചോദനകളുടേയും മനുഷ്യാവസ്ഥയുടെ തന്നെയും വിശകലനത്തിനൊടുവിൽ ഷോപ്പൻഹോവർ എത്തിച്ചേർന്നത്. അതിനാൽ, ബുദ്ധമതത്തിന്റെ ഉത്‌ബോധനങ്ങളുമായി ചേർന്നുപോകുന്നതരം, ഇന്ദ്രിയനിഗ്രഹത്തിലൂന്നിയ ജീവിതരീതിയെ അദ്ദേഹം പിന്തുണച്ചു. പാശ്ചാത്യതത്ത്വചിന്തകന്മാരിൽ ഭാരതീയ തത്ത്വചിന്തയുമായി പരിചയം കാട്ടിയ ആദ്യത്തെയാൾ ഷോപ്പൻഹോവറാണ്.
കാലഘട്ടം | പത്തൊൻപതാം നൂറ്റാണ്ടിലെ തത്ത്വചിന്ത |
---|---|
പ്രദേശം | പാശ്ചാത്യ തത്ത്വചിന്ത |
ചിന്താധാര | കാന്റിയനിസം, ആശയവാദം |
പ്രധാന താത്പര്യങ്ങൾ | തത്ത്വമീമാംസ, സൗന്ദര്യശാസ്ത്രം, പ്രതിഭാസവിജ്ഞാനം, സന്മാർഗ്ഗശാസ്ത്രം, മന:ശാസ്ത്രം |
ശ്രദ്ധേയമായ ആശയങ്ങൾ | ഇച്ഛ, യുക്തിയുടെ നാല് വേരുകൽ, അശുഭാപ്തിവിശ്വാസം |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
| |
ഒപ്പ് |
തത്ത്വമീമാംസക്ക് ഷോപ്പൻഹോവർ സംഭാവന ചെയ്ത 'ഇച്ഛ' എന്ന സങ്കല്പവും, മനുഷ്യചോദനകളേയും ആഗ്രഹങ്ങളേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങളും, തനതായ രചനാശൈലിയും പിൽക്കാലത്ത്, അറിയപ്പെടുന്ന ചിന്തകന്മാരായ ഫ്രീഡ്രിക്ക് നീച്ച, റിച്ചാർഡ് വാഗ്നർ, ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ, സിഗ്മണ്ട് ഫ്രോയിഡ് തുടങ്ങിയവരെ കാര്യമായി സ്വാധീനിച്ചു. ജർമ്മൻ ആശയവാദത്തിന്റെ മൂലക്കല്ലുകളിലൊന്നായി ഷോപ്പൻഹോവറുടെ ചിന്ത കണക്കാക്കപ്പെടുന്നു." [1][2]
ഇപ്പോൾ പോളണ്ടിൽ ഉൾപ്പെടുന്നതും ഗിഡാന്സ്ക്ക് എന്ന് അപരനാമമുള്ളതുമായ ഡാൻസിഗ് നഗരത്തിൽ, 1788-ലാണ് ഷോപ്പൻഹോവർ ജനിച്ചത്. ധനികജർമ്മൻ കുടുംബങ്ങളിൽ പെട്ടിരുന്ന ഹെയിന്രിച്ച് ഫ്ലോറിസും ജൊഹന്നായും ആയിരുന്നു മാതാപിതാക്കൾ.[3] 1793-ൽ ജർമ്മനി ഡാൻസിഗ് പിടിച്ചെടുത്തതിനെ തുടർന്ന്, ഷോപ്പൻഹോവർ കുടുംബം ഫ്രാങ്ക്‌ഫർട്ടിലേക്ക് പോയി. 1793 മുതൽ 1797 വരെ ഷോപ്പൻഹോവർ പിതാവിനോടൊപ്പം ഫ്രാങ്ക്‌ഫർട്ടിൽ കഴിഞ്ഞു. തുടർന്നുള്ള രണ്ടുവർഷം അവർ പാരീസിലായിരുന്നു. 1803-ൽ അദ്ദേഹം ഇംഗ്ലണ്ടിലെ ഒരു ബോർഡിങ്ങ് സ്കൂളിൽ ചേർന്നു. അവിടത്തെ രീതികൾ ഷോപ്പൻഹോവർക്ക് തീരെ ഇഷ്ടമായില്ല. 1805-ൽ പിതാവ് മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ഷോപ്പൻഹോവർ ഹാംബർഗ്ഗിലെ ഒരു വ്യാപാരസ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. പിതാവിന്റെ മരണം ആത്മഹത്യയായിരുന്നു എന്നു കരുതുന്നവരുണ്ട്. [4]
ഷോപ്പൻഹോവറുടെ അമ്മ ഒരെഴുത്തുകാരിയായിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്ന്, എഴുത്തിലൂടെയുള്ള പ്രശസ്തി തേടി, അവർ, അക്കാലത്ത് ജർമ്മൻ സാഹിത്യത്തിന്റെ കേന്ദ്രസ്ഥാനമായിരുന്ന വെയ്മറിലേക്ക് പോയി. ഒരുവർഷം കഴിഞ്ഞ്, ഷോപ്പൻഹോവറും വെയ്മറിലേക്ക് പോയി. സാഹിത്യകുതുകികൾ ഒത്തുകൂടിയിരുന്ന ഒരു സൗഹൃദശാല(salon) ഷോപ്പൻഹോവറുടെ അമ്മ വെയ്മറിൽ നിലനിർത്തിയിരുന്നു. പ്രസിദ്ധ ജർമ്മൻ കവി ഗെയ്ഥേ പോലുമുൾപ്പെട്ടിരുന്ന വലിയൊരു സുഹൃദ്‌വൃന്ദം അവർക്കുണ്ടായിരുന്നു.[ക]അമ്മയും ഷോപ്പൻഹോവറുമായുള്ള ബന്ധം സംഘർഷം നിറഞ്ഞതായിരുന്നു. അമ്മ തന്റെ പിതാവിനെ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ സ്വത്തിൽ കണ്ണുവച്ചാണെന്ന വിശ്വാസം ഷോപ്പൻഹോവർക്കുണ്ടായിരുന്നതിനാൽ അമ്മയെക്കുറിച്ച് അദ്ദേഹത്തിന് തീരെ മതിപ്പില്ലായിരുന്നു. അമ്മയുടെ സുഹൃദ്ശാലകളോടും സാഹിത്യകൗതുകത്തോടുമെല്ലാം ഷോപ്പൻഹോവർക്ക് പുച്ഛമായിരുന്നു. ഷോപ്പൻഹോവറുടെ അമ്മയുമായുള്ള ബന്ധം, സ്ത്രീകളോട് പൊതുവേയുള്ള ഷോപ്പൻഹോവറുടെ നിലപാടിനെ രൂപപ്പെടുത്തി.
1809-ൽ ഷോപ്പൻഹോവർ ഗോട്ടിഞ്ഞൻ സർവകലാശാലയിൽ വിദ്യാർത്ഥിയായി. തത്ത്വമീമാംസയും മനഃശാസ്ത്രവുമായിരുന്നു വിഷയങ്ങൾ. അദ്ധ്യാപകനായിരുന്ന ഗോട്ട്‌ലോബ് ഏണസ്റ്റ് ഷുൽറ്റ്സിന്റെ പ്രേരണ മൂലം, പ്ലേറ്റോ, ഇമ്മാനുവേൽ കാന്റ് തുടങ്ങിയവരുടെ രചനകളിൽ പ്രത്യേക താത്പര്യം ജനിച്ചത് ഇക്കാലത്താണ്. 1811-ൽ ഷോപ്പൻഹോവർ ബർളിൻ സർവകലാശാലയിൽ ചേർന്നു. അവിടെ അദ്ദേഹം കാന്റിനുശേഷമുള്ള പ്രസിദ്ധ ആശയവാദചിന്തകൻ ജെ.ജി.ഫിച്ചേ, ദൈവാശാസ്ത്രജ്ഞൻ ഷ്ലയർമാഖർ എന്നിവരുടെ അദ്ധ്യാപനപ്രസംഗങ്ങൾ കേട്ടു. 1813-ൽ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ഷോപ്പൻഹോവർക്ക് യേന സർവകലാശാല, "പര്യാപ്തയുക്തിവാദത്തിന്റെ നാലു വേരുകൾ" എന്ന പ്രബന്ധത്തിന് ഗവേഷണബിരുദം നൽകി. ഷോപ്പനോവർ പിന്നീട് വികസിപ്പിച്ചെടുത്ത തത്ത്വചിന്തയുടെ അടിസ്ഥാനനിലപാടുകൾ ഈ കൃതിയിലുണ്ടായിരുന്നു. ലോകസമസ്യകളുടെ അനാവരണത്തിന് യുക്തിയെ മാത്രം ആശ്രയിച്ചുള്ള അന്വേഷണം മതിയാകുമോ എന്ന മൗലികപ്രശ്നമാണ് ഷോപ്പൻഹോവർ ഈ പ്രബന്ധത്തിൽ പരിശോധിച്ചത്.
1814-ൽ ഷോപ്പൻഹോവർ "ഇച്ഛയും അഭിവ്യക്തിയും ആയ ലോകം" എന്ന കൃതിയുടെ രചന തുടങ്ങി. 1818-ൽ പൂർത്തിയായ ആ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത് 1819-ൽ ആണ്. അപ്പോൾ അദ്ദേഹത്തിന് 30 വയസ്സായിരുന്നു. 1820-ൽ ഷോപ്പൻഹോവർ ബർളിൻ സർവകലാശാലയിൽ പ്രഭാഷകനഅയി നിയമിതനായി. പ്രഖ്യാതതത്ത്വചിന്തകൻ ഹേഗലിനോടുള്ള ഷോപ്പൻഹോവറുടെ എതിർപ്പ് തുടങ്ങിയത് അവിടെവച്ചാണ്. ഹേഗലിന്റെ അദ്ധ്യാപനപ്രസംഗങ്ങളുടെ ജനസമ്മതി കുറയ്ക്കാനായി അവയുടെ സമയത്ത് തന്നെ ഷോപ്പൻഹോവർ സ്വന്തം പ്രസംഗങ്ങൾ ഏർപ്പാടുചെയ്തു. എന്നാൽ വെറും അഞ്ചു വിദ്യാർത്ഥികളെ മാത്രമാണ് അദ്ദേഹത്തിന് ആകർഷിക്കാനായത്. അതോടെ ഷോപ്പൻഹോവർ അക്കാദമിക് ലോകത്തോട് വിടപറഞ്ഞു. പിൽക്കാലത്ത് "സർവകലാശാലാതത്ത്വചിന്തയെക്കുറിച്ച്" എന്ന പ്രബന്ധത്തിൽ ഷോപ്പൻഹോവർ കലാശാലകൾ കേന്ദ്രീകരിച്ചുള്ള തത്ത്വചിന്തയെ നിശിതമായി വിമർശിച്ചു.
ഷോപ്പൻഹോവറുടെ ജീവചരിത്രങ്ങളിലൊക്കെ പരാമര്ശിക്കപ്പെടുന്ന ഒരു സംഭവം കരോളിൻ മാർക്വറ്റ് എന്ന തുന്നൽക്കാരി അദ്ദേഹത്തിനെതിരെ നടത്തിയ വ്യവഹാരത്തെ സംബന്ധിച്ചതാണ്. ഷോപ്പൻഹോവറുടെ അയൽവാസിയായിരുന്ന കരോളിൻ, ആരോടോ ഉറക്കെ സംസാരിച്ചതിൽ അരിശം തോന്നി ഷോപ്പൻഹോവർ അവരെ തള്ളിയിട്ട് പരിക്കേല്പിച്ചു എന്നായിരുന്നു പരാതി. ആജീവനാന്തം ഷോപ്പൻഹോവർ അവൾക്ക് മൂന്നുമാസം കൂടുമ്പോൾ 15 താലർ വച്ച് കൊടുക്കണം എന്നു വ്യവഹാരത്തിൽ തീരുമാനമായി. ഇരുപതു വർഷത്തിനുശേഷം കരോളിൻ മരിച്ചപ്പോൾ ഷോപ്പൻഹോവർ തന്റെ കണക്കുപുസ്തകത്തിൽ "Obit anus, abit onus" (കിഴവി മരിച്ചു, ഭാരം ഒഴിഞ്ഞു) എന്ന് എഴുതി.
1831-ൽ ബർളിനിൽ കോളറ ബാധ പൊട്ടിപ്പുറപ്പെട്ടതിനെതുടർന്ന്, ഷോപ്പൻഹോവർ അവിടം വിട്ടുപോയി. അതേ കോളറബാധ, ഹേഗലിന്റെ മരണത്തിന് കാരണമായതായി പറയപ്പെടുന്നു. 1833-ൽ ഷോപ്പൻഹോവർ ഫ്രാങ്ക്‌ഫർട്ടിൽ സ്ഥിരതാമസമാക്കി. അടുത്ത 27 വർഷം അദ്ദേഹം അവിടെയാണ് താമസിച്ചത്. ആത്മാ എന്നും, ബറ്റ്സ് എന്നും അദ്ദേഹം പേരുകൊടുത്ത രണ്ട് ഫ്രഞ്ച് പൂഡിൽ നായ്ക്കളായിരുന്നു ഒപ്പമുണ്ടായിരുന്നത്. മാറ്റമില്ലാത്ത ഒരു ദിനചര്യയാണ് അദ്ദേഹം പിന്തുടർന്നത്: ഉച്ചവരെ വായന, പഠനം, ഓടക്കുഴൽ വായന; നഗരമദ്ധ്യത്തിലെ ഇംഗ്ലീഷർ ഹോഫ് എന്ന ഭക്ഷണശാലയിൽ ഉച്ചഭക്ഷണം; തുടർന്ന് വിശ്രമം, വായന, ഉച്ചകഴിഞ്ഞുള്ള നടത്തം; വൈകുന്നേരം ലോകസംഭവഗതികൾ അറിയാൻ, ലണ്ടൻ ടൈംസ് പത്രം വായന; ഇതൊക്കെയായിരുന്നു ദിനചര്യയിൽ ഉൾപ്പെട്ടിരുന്നത്. ചിലപ്പോഴെല്ലാം സായാഹ്നത്തിൽ സംഗീതക്കച്ചേരികൾ ആസ്വാധിക്കാൻ പോയിരുന്നു. ഉറങ്ങാൻ പോകുന്നതിന് മുൻപ്, ഉപനിഷത്തുകളെപ്പോലെയുള്ള പ്രചോദനാത്മക രചനകൾ വായിക്കുന്നതും ശീലമാക്കിയിരുന്നു.[5] ജീവിതചര്യകളിൽ ഇമ്മാനുവേൽ കാന്റിനെ കഴിയുന്നത്ര അദ്ദേഹം അനുകരിക്കാൻ ശ്രമിച്ചു എന്നു പറയപ്പെടുന്നു.
"ഇച്ഛയും അഭിവ്യക്തിയും ആയ ലോകം" ആദ്യമൊന്നും വലിയ വിജയമായിരുന്നില്ലെങ്കിലും കാലക്രമേണ അതിന്റെ സ്വീകാര്യതയും അംഗീകാരവും വർദ്ധിക്കാൻ തുടങ്ങി. ഷോപ്പൻഹോവർ വിവാഹിതനായിരുന്നില്ല. ചുറ്റും വിശ്വസ്തരായ ഒരുവൃന്ദം ആരാധകർ അദ്ദേഹത്തിനുണ്ടായി. അവസാനനാളുകളിൽ ഷോപ്പൻഹോവർ സന്തുഷ്ടനും സംതൃപ്തനുമായി കാണപ്പെട്ടു. 72 വയസ്സുള്ളപ്പോൾ, 1860 സെപ്റ്റംബർ 21-ന് ചാരുകസേരയിൽ കിടക്കുമ്പോൾ, ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു.
താൻ കാന്റിന്റെ അനുയായി ആണെന്ന് ഷോപ്പൻഹോവർ അവകാശപ്പെട്ടിരുന്നു. അതേസമയം കാന്റിന്റെ തത്ത്വചിന്താവ്യവസ്ഥ പിന്തുടർന്നിരുന്ന സമകാലീന തത്ത്വചിന്തകരായ ഹേഗൽ, ഫിച്ചേ, ഷെല്ലിങ്ങ് എന്നിവരെ ഷോപ്പൻഹോവർ എതിർത്തു. കാന്റ്, നമുക്ക് അനുഭവേദ്യമാകുന്ന വസ്തുക്കളുടെ പ്രതിഭാസരൂപങ്ങളും അവക്ക് പിന്നിലുള്ള യഥാരൂപങ്ങളും തമ്മിലുള്ള വ്യത്യാസത്തിന് പ്രാധാന്യം കല്പിക്കുകയും യഥാരൂപങ്ങളുടെ ലോകത്തെക്കുറിച്ചറിയാൻ ധാർമ്മികനിയമങ്ങളുടെ പഠനമാണ് വഴി എന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കാന്റിനെ തുടർന്നുവന്ന ഫിച്ചേയും ഹേഗലും മറ്റും യഥാരൂപങ്ങളിലുള്ള ഈ ഊന്നൽ ഉപേക്ഷിച്ച് പ്രതിഭാസലോകത്തിന്റെ പഠനത്തിന് പ്രാധാന്യം കല്പിച്ചു. ഷോപ്പൻഹോവർ യഥാരൂപങ്ങളുടെ പ്രാധാന്യം തിരിച്ചു കൊണ്ടുവരുകയും യഥാരൂപങ്ങളെ ഇച്ഛയായി തിരിച്ചറിയുകയും ചെയ്തു. കാന്റ് ഇച്ഛയെ കണക്കിലെടുത്തിരുന്നെങ്കിലും അതിനെ പ്രതിഭാസലോകത്തിന്റെ ഭാഗമായാണ് കണ്ടിരുന്നത്. നമ്മുടെ ശരീരമായി നമുക്ക് കാണപ്പെടുന്നതിന്റെ യഥാരൂപം നമ്മുടെ ഇച്ഛയാണെന്ന് ഷോപ്പൻഹോവർ വിശ്വസിച്ചു. പലരുടേതായ വ്യത്യസ്ത ഇച്ഛകളായി തോന്നിക്കുന്നത് വിശ്വവ്യാപിയായ ഒരേ ഇച്ഛതന്നെയാണെന്നും കൂടി അദ്ദേഹം വിധിച്ചു. ഞാൻ വ്യത്യസ്തനാണെന്ന തോന്നൽ മായാസൃഷ്ടമായ സ്ഥലകാലബോധത്തിൽ നിന്നു ജനിക്കുന്നതാണ്. പൗരസ്ത്യദർശനങ്ങളെ അനുസ്മരിപ്പിക്കുന്ന നിലപാടായിരുന്നു ഇത്. എന്നാൽ വിശ്വവ്യാപിയായ ഈ ഇച്ഛയെ ഈശ്വരസമാനമായോ നന്മയായോ ഷോപ്പൻഹോവർ കണ്ടില്ല. അന്തിമവിജയം മരണത്തിന്റേതാണ് എന്നുറപ്പായിരിക്കുമ്പോഴും, അസംതൃപ്തിയും ദുഃഖവും നൽകുന്ന ജീവിതവൃത്തികളിലും പ്രത്യുല്പാദനത്തിലും തുടർന്നുപോകാൻ നമ്മെ പ്രേരിപ്പിക്കുന്ന ദുഷ്ടരൂപമാണ് ഇച്ഛയുടേത്. ഇച്ഛയുടെ പ്രേരണയിലുള്ള നമ്മുടെ പാഴ്വേല, ഒടുവിൽ പൊട്ടി ഇല്ലാതാകാനിരിക്കുന്ന സോപ്പുകുമിളയെ പാടുപെട്ട് ഊതിവീർപ്പിക്കുന്നതുപോലെയാണ്.
കഷ്ടപ്പാടിന്റെ ഈ അവസ്ഥയിൽ നിന്നുള്ള മോചനത്തിനുള്ള വഴി മനുഷ്യരാശിയുടെ പൗരാണികമായ ദർശനസഞ്ചയത്തിലുണ്ട്. ആ വഴി നിർവാണത്തിന്റേതാണ്. നിർവാണത്തെ ഇല്ലായ്മ തന്നെയായാണ് ഷോപ്പൻഹോവർ കണ്ടത്. എല്ലാ നന്മയുടേയും പരിശുദ്ധിയുടേയും അന്തിമലക്ഷ്യമായ ഇല്ലായ്മയെ, ഇരുട്ടിനെയെന്നപോലെ ഭയപ്പെടുന്നത് നാം അവസാനിപ്പിക്കണം. നിർവാണത്തിന്റെ വഴി ക്രിസ്തുമതത്തിന്റെ രക്ഷാപദ്ധതിയുമായി ചേർന്നുപോകുന്നതല്ല എന്നു വരാം. എന്നാൽ ഗലീലായിൽ പണ്ട് സംഭവിച്ചത് മനുഷ്യവംശത്തിന്റെ പൗരാണികജ്ഞാനത്തെ തള്ളിക്കളയുന്നതിനുള്ള ന്യായമല്ല. മറ്റുള്ളവരെ തന്നിൽ നിന്ന് വ്യത്യസ്തമായി കാട്ടുന്ന മായയെ തിരിച്ചറിഞ്ഞ് സൃഷ്ടിയെ മുഴുവൻ നമ്മുടെതന്നെ ഭാഗമായി കണ്ട് ദയാ-സ്നേഹങ്ങളോടെ വീക്ഷിക്കുകയും ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആശ-നിരാശകൾ തരുന്ന ദുരിതത്തിൽ നിന്ന് മുക്തി നേടുകയുമാണ് വേണ്ടത്. [6]
നമുക്ക് അനുഭവേദ്യമാകുന്ന ലോകം ഇച്ഛയുടെ വസ്തുനിഷ്ഠരൂപമാണ്. അത് അഭിവ്യക്തിയുടെ ലോകമാണ്. ഈ വിധം, രണ്ടുവശങ്ങളുള്ള ലോകമാണ് ഷോപ്പൻഹോവറുടെ ചിന്ത വരച്ചുകാട്ടുന്നത്. ഇച്ഛയുടെ ലോകവും അഭിവ്യക്തിയുടെ ലോകവും. ഇച്ഛയുടെ ലോകം, ലോകത്തിന്റെ തനിരൂപവും അഭിവ്യക്തിയുടെ ലോകം നമ്മുടെ കാഴ്ചപ്പാടിലെ ലോകവും ആണ്. "ഇച്ഛയും അഭിവ്യക്തിയും ആയ ലോകം" എന്നതിന് പകരം "യാഥാർഥ്യത്തിലേയും കാഴ്ചപ്പാടിലേയും ലോകങ്ങൾ" എന്നോ, "ലോകത്തിന്റെ അകവും പുറവും" എന്നോ പറയാവുന്നതാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [7]
തന്റെ ദുരവസ്ഥയിൽ മനുഷ്യന് ശാന്തിയുടെ ഒരുപാധിയാകാവുന്നത് കലയുടെ ഉപാസനയാണ് എന്ന് ഷോപ്പൻഹോവർ കരുതി. ബുദ്ധിയെ കലയുടെ രൂപത്തിൽ ഇച്ഛയിൽ നിന്ന് വേർതിരിക്കുന്ന സൗന്ദര്യാത്മക വീക്ഷണം ശാസ്ത്രീയ വീക്ഷണത്തെക്കാൾ വസ്തുനിഷ്ഠമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പ്രകൃതിയിലെ സൗന്ദര്യം ആസ്വദിക്കാനുള്ള കഴിവ്, ധിഷണയുടെ ഉറപ്പായ മുഖമുദ്രയാണ് (tell-tale sign of genius). കലയുടെ ആസ്വാദനത്തിൽ നാം നമ്മുടെ വ്യതിരിക്തത മറന്ന് ആസ്വദിക്കുന്ന വസ്തുവുമായി താദാത്മ്യം കൈവരിക്കുന്നു. ആപ്പിൾ മരത്തിന്റെ ചിത്രം നമുക്ക് എല്ലാ അപ്പിൾ മരത്തിന്റേയും ചിത്രമായി അനുഭവപ്പെടുന്നു. ആസ്വദിക്കുന്ന വസ്തുവിന് കൈവരുന്ന അത്തരം സാർവലൗകികത ആസ്വാദകനും പകർന്നു കിട്ടുന്നു. അതിനാൽ സൗന്ദര്യസംവേദനം വ്യക്തിയെ ഇച്ഛയിൽ നിന്ന് വിടുവിച്ച്, കാലരഹിതവും വേദനാരഹിതവുമായ ജ്ഞാനത്തിന്റെ അവസ്ഥയിലെത്തിക്കുന്നു. [8]
1821-ൽ ഷോപ്പൻഹോവർ 19 വയസ്സുള്ള ഓപ്പറ ഗായിക കരൊളിൻ റിറ്റ്ചറുമായി അടുപ്പത്തിലായി. ആ അടുപ്പം ഏറെക്കാലം തുടർന്നെങ്കിലും ഷോപ്പൻഹോവർ അവരെ വിവാഹം കഴിച്ചില്ല. വിവാഹം ഒരാളുടെ അവകാശങ്ങളെ പകുതിയായി കുറയ്ക്കുകയും കടമകളെ ഇരട്ടിയാക്കുകയും ചെയ്യുന്നതായി ഷോപ്പൻഹോവർ കരുതി. വിവാഹം കഴിക്കുന്നയാൾ സ്വന്തം കണ്ണുമൂടിക്കെട്ടിയിട്ട്, പാമ്പുകൾ നിറച്ച സഞ്ചിയിലേക്ക് അവയ്ക്കിടയിലെ മനഞ്ഞലിനെ കണ്ടുപിടിക്കാമെന്ന മോഹത്തിൽ കയ്യിടുന്നവനെപ്പോലെയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 1831-ൽ 43 വയസ്സുള്ളപ്പോൾ ഷോപ്പൻഹോവർ 17 വയസ്സുള്ള ഫ്ലോറാ വീസ് എന്ന പെൺകുട്ടിയിൽ തല്പരനായെങ്കിലും അവൾക്ക് അദ്ദേഹം അഭിമതനായില്ല.[9] ഷോപ്പൻഹോവറുടെ പ്രേമബന്ധങ്ങളൊക്കെ വൈകാരികമായ ആഴം ഇല്ലാത്തവ ആയിരുന്നു. സ്ത്രീകളെക്കുറിച്ച് അദ്ദേഹത്തിന് പൊതുവേ തീരെ മതിപ്പില്ലായിരുന്നു. സ്ത്രീകൾ ഗൗരവമായ കാര്യങ്ങളിൽ താത്പര്യമോ ദീർഘവീക്ഷണമോ ഇല്ലാത്തവവരാണെന്നും, അവരുടെ ബാലിശസ്വഭാവം അവരെ ബാലപ്രായക്കാരുടെ മേൽനോട്ടത്തിന് മാത്രമാണ് പ്രാപ്തരാക്കുന്നതെന്നും ഷോപ്പനാർ കരുതി. "വലിപ്പം കുറഞ്ഞ്, ഇടുങ്ങിയ തോളുകളും വലിയ അരക്കെട്ടും കുറിയ കാലുകളുമുള്ള ഒരു വർഗ്ഗമാണ് സ്ത്രീകളെന്നും, ഒന്നിനെക്കുറിച്ചും ശരിയായ അറിവില്ലാത്തവരും ധിഷണ(genius) തൊട്ടുപോയിട്ടില്ലാത്തവരുമാണ് അവർ" എന്നുമൊക്കെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. [10]
ഈ വിഷയത്തിൽ ഷോപ്പൻഹോവർ പ്രകടിപ്പിച്ച അഭിപ്രായങ്ങളിൽ അമ്മയുമായുള്ള അദ്ദേഹത്തിന്റെ സംഘർഷം നിറഞ്ഞ ബന്ധത്തിന്റെ നിഴല്പ്പാട് കാണാം. സ്ത്രീകളെക്കുറിച്ച് അദ്ദേഹം എപ്പോഴും ഒരേതരം നിലപാടല്ല കൈക്കൊണ്ടിട്ടുള്ളത് എന്നും പറയപ്പെടുന്നു. താൻ സ്ത്രീകളെക്കുറിച്ച് അവസാന വാക്ക് പറഞ്ഞിട്ടില്ലെന്നും ഒരു സ്ത്രീ ആൾക്കൂട്ടത്തിൽ നിന്ന് മാറിയും ആൾക്കൂട്ടത്തിൽ നിന്ന് ഉയർന്നും നിന്നാൽ അവൾ പുരുഷനേക്കാൾ മഹത്ത്വമുള്ളവളായിരിക്കുമെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.[11]
പാശ്ചാത്യചിന്തകന്മാരിൽ ഭാരതീയ ദർശനങ്ങളുടെ സ്വാധീനം പ്രകടമാക്കിയ ആദ്യത്തെ ചിന്തകനാണ് ഷോപ്പൻഹോവർ. ബുദ്ധമതദർശനം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. നിർവാണം അടക്കമുള്ള ബുദ്ധമതസങ്കല്പങ്ങൾ അദ്ദേഹത്തിന്റെ ചിന്തയിൽ പ്രകടമാകുന്നു. ഷോപ്പൻഹോവറുടെ പഠനമുറിയിൽ വച്ചിരുന്നത് കാന്റിന്റേയും ബുദ്ധന്റേയും പ്രതിമകളായിരുന്നത്രെ.[12] ഉപനിഷത്തുകളിലെ ദർശനം ഷോപ്പൻഹോവർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഷാജഹാൻ ചക്രവർത്തിയുടെ പുത്രൻ ദാരാ ഷിക്കോയുടെ പേർഷ്യൻ പരിഭാഷയെ ആശ്രയിച്ച് ഫ്രഞ്ചുകാരനായ ആൻക്വെറ്റിൽ ഡു പെറോൺ നടത്തിയ ലത്തീൻ പരിഭാഷയിലാണ് ഷോപ്പൻഹോവർ ഉപനിഷത്തുകൾ വായിച്ചത്. അത്യുദാത്തമായ ജ്ഞാനത്തിന്റെ സൃഷ്ടി എന്ന് അദ്ദേഹം അവയെ വിശേഷിപ്പിച്ചു. താൻ വായിച്ച പരിഭാഷയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി:-
“ | അതിനേക്കൾ ഉദാത്തവും സംതൃപ്തിദായകവുമായ വായനയായി സങ്കല്പിക്കാൻ അതിന്റെ മൂലകൃതി മാത്രമേയുള്ളു. അത് എന്റെ ജീവിതത്തിന്റെ സമാശ്വാസമായിരുന്നു. മരണത്തിലും അതെനിക്ക് ആശ്രയമായിരിക്കും.[ഖ] | ” |
മനഃശാസ്ത്രത്തിൽ ഷോപ്പൻഹോവർ കൊണ്ടുവന്ന ഉൾക്കാഴ്ചകൾ തത്ത്വചിന്തയിലെ അദ്ദേഹത്തിന്റെ സംഭാവനകളെപ്പോലെ തന്നെ ശ്രദ്ധേയമാണ്. പ്രേമവുമായി ബന്ധപ്പെട്ട ബദ്ധപ്പാടുകളെ പൊതുവേ അവഗണിക്കുകയായിരുന്നു പരമ്പരാഗത തത്ത്വചിന്തയുടെ പതിവ്. എന്നാൽ പ്രേമത്തേയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളേയും ഷോപ്പൻഹോവർ നേർക്കുനേരായും ഗൗരവപൂർവവും പരിഗണിച്ചു. മനുഷ്യന്റെ ജീവിതത്തിൽ ഇത്ര പ്രധാനപങ്കുവഹിക്കുന്ന പ്രേമത്തോട് തത്ത്വചിന്തകന്മാർ കാട്ടിയ അവഗണന നമ്മെ അത്ഭുതപ്പെടുത്തേണ്ടതണെന്ന് അദ്ദേഹം കരുതി. പ്രേമത്തെ നിസ്സാരകാര്യമായോ ആകസ്മികതയായോ കണക്കാക്കാൻ ഷോപ്പൻഹോവർ വിസമ്മതിച്ചു. മനുഷ്യമനസ്സിൽ അദൃശ്യമായി കിടന്ന് ലോകത്തെ നാടകീയമായി രൂപപ്പെടുത്തുന്ന മഹാശക്തിയായാണ് അതിനെ അദ്ദേഹം കണക്കാക്കിയത്. പ്രേമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഷോപ്പൻഹോവർ ഇങ്ങനെ പറഞ്ഞു:
“ | എല്ലാ പ്രേമബന്ധങ്ങളുടേയും അന്തിമലക്ഷ്യം മനുഷ്യന്റെ ജീവിതത്തിലെ മറ്റെല്ലാ ലക്ഷ്യങ്ങളേക്കാളും പ്രധാനമാണ്. അതിനെ പിന്തുടരുന്നതിൽ എല്ലാവരും കാട്ടുന്ന ശുഷ്കാന്തി അതിന് അർഹമായതാണ്. അതിൽ തീരുമാനിക്കപ്പെടുന്നത് വരും തലമുറ എങ്ങനെയുള്ളതായിരിക്കണം എന്നതുതന്നെയാണ്. | ” |
ഇക്കാര്യത്തിൽ ഷോപ്പൻഹോവർ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ജൈവപരിണാമത്തെക്കുറിച്ച് ഡാർവിനും, ലിബിഡോയുടെയും അപബോധമനസ്സിന്റേയും പ്രാധാന്യത്തെക്കുറിച്ച് ഫ്രോയിഡും പിന്നീട് പ്രകടിപ്പിച്ച അഭിപ്രായങ്ങളെ അനുസ്മരിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[13]
ഫ്രഞ്ചു വിപ്ലവത്തിന്റെ തുടക്കത്തിന് ഒന്നരവർഷം മാത്രം മുൻപ് ജനിച്ച ഷോപ്പൻഹോവർ ജീവിച്ചത് രാഷ്ട്രീയമായി സംഘർഷഭരിതമായ ഒരു കാലഘട്ടത്തിലാണ്. എന്നിട്ടും, "സമയമല്ല നിത്യതയാണ് എന്റെ വിഷയം" (minding not times but eternities) എന്ന് പറഞ്ഞ അദ്ദേഹം, രാഷ്ട്രീയത്തിലെ സംഭവഗതികളിൽ നിന്ന് പൊതുവേ അകന്നു നിൽക്കുകയാണ് ചെയ്തത്. ഷോപ്പൻഹോവർ, സർക്കാരിന്റെ പ്രവർത്തനമേഖലകൾ ഒതുക്കിനിർത്തുന്നതിൽ വിശ്വസിച്ചിരുന്നു. ജനാധിപത്യത്തോട് അദ്ദേഹത്തിന് മതിപ്പില്ലായിരുന്നു. തന്നെ കുറേ എലികൾ ഭരിക്കുന്നതിനേക്കാൾ ഒരു സിംഹം ഭരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം കരുതി. എന്നാൽ രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളിൽ പലതിലും ഷോപ്പൻഹോവറുടെ നിലപാട്, അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം കണക്കിലെടുക്കുമ്പോൾ, പുരോഗമനാത്മകമായിരുന്നു. അടിമത്തവ്യവസ്ഥയെ ഷോപ്പൻഹോവർ കഠിനമായി എതിർത്തു. "യജമാനന്മാരുടെ പിശാചഹസ്തങ്ങളിലേക്ക് നിരപരാധികളായ നമ്മുടെ കറുത്ത സഹോദരങ്ങളെ തള്ളിവിടുന്ന ബലപ്രയോഗത്തിന്റേയും അനീതിയുടെയും കഥ, മനുഷ്യരാശിയുടെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളിൽ പെടുന്നു" എന്ന് അദ്ദേഹം കരുതി.[14] സ്വവർഗ്ഗരതി, ആത്മഹത്യ മുതലായവയോടുള്ള സമീപനത്തിന്റെ കാര്യത്തിലും, ഷോപ്പൻഹോവറുടെ അഭിപ്രായങ്ങൾ, പത്തൊൻപതാം നൂറ്റാണ്ടിൽ പൊതുവെ സ്വീകാര്യമായി കണക്കാക്കിയിരുന്ന നിലപാടുകളിൽ നിന്ന് ഭിന്നമായിരുന്നു. "ഇച്ഛയും അഭിവ്യക്തിയുമായ ലോകം" എന്ന കൃതിയുടെ 1856-ലെ വിപുലീകരിച്ച പതിപ്പിൽ, ലൈംഗികപ്രേമത്തിന്റെ തത്ത്വമീമാംസ (Metaphysics of Sexual Love) എന്ന അദ്ധ്യായത്തിനൊടുവിൽ എഴുതി ചേർത്ത അനുബന്ധം സ്വവർഗ്ഗരതിയെ, പതിവ് നിഷേധാത്മക നിലപാടിൽ നിന്ന് വ്യത്യസ്തമായി കാണാനുള്ള ശ്രമമായിരുന്നു.
മൃഗങ്ങളോട് ദയാപൂർവം പെരുമാറുന്നതിൽ ഷോപ്പൻഹോവർ വിശ്വസിച്ചിരുന്നു. ഇച്ഛയുടെ പ്രേരണയില്പെട്ടുള്ള ദുഃഖത്തിൽ നമ്മുടേതിന് സമമായ അവസ്ഥയിലുള്ള അവയെ നാം സഹതാപത്തോടെ വീക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നല്ല മനുഷ്യർക്ക്, ദുഃഖത്തിൽ നമ്മുടെ പങ്കാളികളായ മൃഗങ്ങളോട് ദയ കാട്ടാതിരിക്കാനാവില്ല. മൃഗങ്ങളോടുള്ള ദയ സ്വഭാവമഹിമയുടെ തെളിവായ ലക്ഷണമാണെന്നിരിക്കെ, അവയോട് ക്രൂരത കാട്ടുന്നവരെ നല്ല മനുഷ്യരായി കരുതുക വയ്യ.
സംവാദാത്മകതയിലൂടെ(dialectically) സമ്പൂർണതയിലേക്ക് നീങ്ങുന്ന വിശ്വചേതനയെക്കുറിച്ചെഴുതിയ ഹേഗൽ ഉൾപ്പെടെയുള്ള പത്തൊൻപതാം നൂറ്റാണ്ടിലെ ആശയവാദികളുടെ ചിന്തയുടെ ഭാവം പൊതുവെ, ശുഭാപ്തിവിശ്വാസമായിരുന്നു. എന്നാൽ "ഇച്ഛയും അഭിവ്യക്തിയും ആയ ലോകം" എന്ന ഗ്രന്ഥത്തിൽ ഷോപ്പൻഹോവർ അവതരിപ്പിക്കുന്ന തത്ത്വചിന്തയുടെ മുഖമുദ്ര അശുഭാപ്തിഭാവമാണ്. പേടിപ്പെടുത്തുന്നതും പൈശാചികവും(pandemonic) എന്നുപോലും അത് വിശേഷിക്കപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും അറിവിനെയോ നിയമത്തെയോ ആശ്രയിക്കാതെയുള്ള അന്ധവും അനവസാനവും സ്വാശ്രയവുമായ അലക്‌ഷ്യപ്രയത്നമാണ് ഈ ലോകമെന്നാണ് അതിന്റെ കണ്ടെത്തൽ. അതിൽ അന്വേഷിച്ചുകണ്ടെത്താൻ അർത്ഥമോ, ദൈവമോ ഇല്ല. മനുഷ്യദൃഷ്ടിയിൽ നോക്കുമ്പോൾ, ഒന്നിനുംവേണ്ടിയല്ലാത്ത ഈ പ്രയത്നത്തിന്റെ ഫലം നിത്യനിരാശയാണ്. [15]
തത്ത്വചിന്തയുടെ ചരിത്രത്തിൽ ഷോപ്പൻഹോവറുടെ പ്രാധാന്യം രണ്ടു വിധത്തിലാണെന്ന് ബെർട്രാൻഡ് റസ്സൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജ്ഞാനത്തിനേക്കാൾ ഇച്ഛക്ക് പ്രാധാന്യം കൊടുക്കുന്ന അദ്ദേഹത്തിന്റെ നിലപാടാണ് ആദ്യത്തേത്. ഈ നിലപാട് ആധുനികതത്ത്വചിന്തയിലെ ഒരു വഴിത്തിരിവായിരുന്നു. ഇക്കാര്യത്തിൽ ഷോപ്പൻഹോവറുടെ പൂർവഗാമികളായി റുസ്സോയും കാന്റുമെല്ലാം ഉണ്ടെങ്കിലും ഇച്ഛയുടെ പ്രാധാന്യത്തിലൂന്നിയ തത്ത്വചിന്ത അതിന്റെ ശുദ്ധരൂപത്തിൽ ആദ്യമായി അവതരിപ്പിച്ചത് ഷോപ്പൻഹോവറാണ്. അദ്ദേഹം കാട്ടിയ വഴി പിന്തുടരുകയാണ് പിന്നീട് വന്ന ഫ്രീഡ്രിക് നീച്ച, ഹെൻറി ബെർഗ്‌സൺ, വില്യം ജെയിംസ്, ജോൺ ഡൂവി തുടങ്ങിയവർ ചെയ്തത്.
ഷോപ്പൻഹോവറുടെ ചിന്തയിലെ അശുഭാപ്തി വിശ്വാസമാണ് അദ്ദേഹത്തിന്റെ പ്രാധാന്യത്തിനു മറ്റൊരു കാരണം. റസ്സൽ ഇതിനെ ഇങ്ങനെ വിശദീകരിക്കുന്നു:-
“ | അശുഭാപ്തിയിലൂന്നിയ ഷോപ്പൻഹോവറുടെ ചിന്ത, എല്ലാ തിന്മകൾക്കും ന്യായീകരണം കണ്ടെത്തുക സാദ്ധ്യമല്ലെന്നു ബോദ്ധ്യമുള്ളവർക്കും തത്ത്വചിന്തയുടെ വഴി പിന്തുടരാമെന്നാക്കി. ശാസ്ത്രീയവീക്ഷണത്തിൽ ശുഭാപ്തിവിശ്വാസവും അശുഭാപ്തി വിശ്വാസവും ഒരുപോലെ അസ്വീകാര്യമാണ്. പ്രപഞ്ചം നിലകൊള്ളുന്നത് നമ്മെ സന്തോഷിപ്പിക്കാനാണെന്നാണ് ശുഭാപ്തിവിശ്വാസം കരുതുന്നതും തെളിയിക്കാൻ ശ്രമിക്കുന്നതും; പ്രപഞ്ചം നമുക്ക് അപ്രീതിയുണ്ടാക്കാനുള്ളതാണെന്നാണ് അശുഭാപ്തിവിശ്വാസത്തിന്റെ നിലപാട്. പ്രപഞ്ചം ഇതിൽ ഏതെങ്കിലും വിധത്തിൽ നമ്മെ പരിഗണിക്കുന്നുണ്ടെന്ന് കരുതാൻ ഒരു തെളിവുമില്ല. ശുഭാപ്തിയുടേയും അശുഭാപ്തിയുടേയും നിലപാടുകൾ തമ്മിലുള്ള വ്യത്യാസം യുക്തിയിലല്ല, മനോഭാവത്തിലാണ്(temperament). ശുഭാപ്തിമനോഭാവമാണ് പാശ്ചാത്യചിന്തകന്മാരിൽ സാധാരണമായിരുന്നത്. വിപരീതനിലപാടിന്റെ ഒരു പ്രതിനിധിയുടെ അസാന്നിദ്ധ്യത്തിൽ, വിഷയത്തിന്റെ സമഗ്രമായ പരിഗണ സാദ്ധ്യമാകുമായിരുന്നില്ല.[16] | ” |
ക.^ മകൻ തത്ത്വചിന്തയുടെ വഴി പിന്തുടരുന്നതിൽ ഷോപ്പൻഹോവറുടെ പിതാവിന് താത്പര്യമില്ലായിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്ന് വെയ്മറിലെക്ക് പോയ ഷോപ്പൻഹോവറുടെ അമ്മ ജൊഹന്നാ, അപ്പോൾ ഹാംബർഗിലായിരുന്ന മകനേയും പിന്നീട് അങ്ങോട്ടുവരുത്തി. അതാണ് ഷോപ്പൻഹോവർക്ക് തത്ത്വചിന്ത ജീവിതചര്യയാകാൻ വഴിയൊരുക്കിയത്. അതേസമയം, മകൻ വലിയ കാര്യങ്ങൾക്ക് വിധിക്കപ്പെട്ടവനാണെന്ന് അവരുടെ സുഹൃത്തായിരുന്ന പ്രസിദ്ധ ജർമ്മൻ കവി ഗെയ്ഥേ പറഞ്ഞത്, തന്റെ തന്നെ പ്രതിഭയിൽ വലിയ വിശ്വാസമുണ്ടായിരുന്ന ജൊഹന്നായ്ക്ക് ബോദ്ധ്യമായില്ല എന്ന് പറയപ്പെടുന്നു. ഒരേ കുടുംബത്തിൽ രണ്ട് ജീനിയസുകൾ പതിവില്ല എന്നതായിരുന്നത്രെ അവരുടെ യുക്തി.[17]
ഖ.^ ഉപനിഷ്ദ് മഹാവാക്യമായ തത്ത്വമസിയുടെ അർത്ഥം ഷോപ്പൻഹോവർ, "this thou art" എന്ന് തെറ്റായാണ് മനസ്സിലാക്കിയിരുന്നതെന്ന് 'തത്ത്വമസി' എന്ന പുസ്തകത്തിൽ സുകുമാർ അഴീക്കോട് പറയുന്നുണ്ട്. തത്ത്വമസിയിലെ 'തത്' എന്നതിന് അത് എന്നതിനു പകരം ഇത് എന്ന അർത്ഥമാണത്രെ ഷോപ്പൻഹോവർ മനസ്സിലാക്കിയിരുന്നത്. അദ്ദേഹം വായിച്ച പരിഭാഷയുടെ പിശകായിരിക്കണം കാരണം എന്നും അഴീക്കോട് പറയുന്നു.[18]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.