Remove ads
ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞൻ From Wikipedia, the free encyclopedia
ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റൈൻ(/ˈaɪnstaɪn/;[2] German: [ˈalbɛɐ̯t ˈʔaɪnʃtaɪn] ( listen); 1879 മാർച്ച് 14 – 1955 ഏപ്രിൽ 18). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു (ക്വാണ്ടം മെക്കാനിക്സാണ് അടുത്തത്).[3][4]
ആൽബർട്ട് ഐൻസ്റ്റൈൻ | |
---|---|
ജനനം | 1879 മാർച്ച് 14 |
മരണം | 1955 ഏപ്രിൽ 18 (76 വയസ്സ് പ്രായം) പ്രിൻസ്റ്റൺ, ന്യൂ ജേഴ്സി |
പൗരത്വം |
|
കലാലയം |
|
അറിയപ്പെടുന്നത് |
|
ജീവിതപങ്കാളി(കൾ) | മിലേവ മരിക് (1903–1919) എൽസ ലോവെന്താൾ (1919–1936) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ |
|
ഡോക്ടർ ബിരുദ ഉപദേശകൻ | ആൽഫ്രഡ് ക്ലൈനർ |
മറ്റു അക്കാദമിക് ഉപദേശകർ | ഹൈന്രിക്ക് ഫ്രൈഡ്രിക്ക് വെബർ |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ |
|
ഒപ്പ് | |
ഇദ്ദേഹത്തിന്റെ ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സമവാക്യമായ E = mc2 (ഇത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു) പ്രസിദ്ധമാണ്.[5] ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്. 1921-ൽ ഇദ്ദേഹം ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനായി. ഫോട്ടോ എലക്ട്രിക് എഫക്റ്റ് സംബന്ധിച്ച പുതിയ നിയം രൂപവൽക്കരിച്ചതിനായിരുന്നു ഈ പുരസ്കാരം ലഭിച്ചത്.[6] ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ പത്താം സ്ഥാനം ഐൻസ്റ്റൈനാണ്. 1999ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി സെഞ്ച്വറിയായ് തിരഞ്ഞെടുത്തു.
ആദ്യമേ തന്നെ ഇദ്ദേഹത്തിന് ന്യൂട്ടോണിയൻ മെക്കാനിക്സ് ഇലക്ട്രോമാഗ്നറ്റിക് ഫീൽഡുകളുടെ മെക്കാനിക്സിനെ വിശദീകരിക്കാൻ പര്യാപ്തമല്ല എന്ന അഭിപ്രായമുണ്ടായിരുന്നു. ഇത് സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലേയ്ക്ക് നയിച്ചു. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ തത്ത്വങ്ങൾ ഗുരുത്വാകർഷണമണ്ഡലങ്ങൾക്കും ബാധകമാണെന്ന ബോദ്ധ്യം ഇദ്ദേഹത്തിനുണ്ടായി. ഗുരുത്വാകർഷണം സംബന്ധിച്ച 1916-ലെ സിദ്ധാന്തത്തിലേയ്ക്കാണ് ഈ മേഖലയിലെ പഠനം ഇദ്ദേഹത്തെ നയിച്ചത്. പാർട്ടിക്കിൾ സിദ്ധാന്തം, ബ്രൗണിയൻ ചലനം സംബന്ധിച്ച സിദ്ധാന്തം എന്നിവയും പിന്നീട് ഇദ്ദേഹം മുന്നോട്ടുവയ്ക്കുകയുണ്ടായി. പ്രകാശത്തിന്റെ താപഗുണത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ അന്വേഷണങ്ങൾ ഫോട്ടോൺ സിദ്ധാന്തത്തിന് അടിത്തറയിട്ടു. 1917-ൽ ഐൻസ്റ്റീൻ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പ്രപഞ്ചത്തിന്റെ ആകെ ഘടന വിവരിക്കാനായി ഉപയോഗിക്കാനുള്ള ഉദ്യമം നടത്തി.[7]
1933-ൽ അഡോൾഫ് ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ ഇദ്ദേഹം അമേരിക്കൻ ഐക്യനാടുകളിൽ സന്ദർശനം നടത്തുകയായിരുന്നു. ഇതിനുശേഷം അദ്ദേഹം ജർമനിയിലേയ്ക്ക് മടങ്ങിപ്പോയില്ല. ഇദ്ദേഹം ജർമനിയിൽ ബെർലിൻ അക്കാഡമി ഓഫ് സയൻസസിൽ പ്രഫസറായി ജോലി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇദ്ദേഹം അമേരിക്കൻ ഐക്യനാടിന്റെ പൗരത്വം 1940-ൽ സ്വീകരിച്ചു.[8] രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനു മുൻപായി ഇദ്ദേഹം പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനെ ജർമനി ആണവായുധം വികസിപ്പിക്കുവാനുള്ള സാദ്ധ്യത ധരിപ്പിക്കുകയുണ്ടായി. അമേരിക്കയും ഇത്തരം പഠനം നടത്തണമെന്ന് ഇദ്ദേഹം അഭ്യർത്ഥിച്ചു. ഇതാണ് മാൻഹാട്ടൻ പ്രോജക്റ്റിന് വഴി തെളിച്ചത്. സഖ്യകക്ഷികളുടെ പ്രതിരോധത്തിന് ഐൻസ്റ്റീൻ പിന്തുണ നൽകിയെങ്കിലും ആണവവിഭജനം ആയുധനിർമ്മാണത്തിനായി ഉപയോഗിക്കുന്നതിനെതിരായിരുന്നു[അവലംബം ആവശ്യമാണ്]. പിന്നീട് ബെർട്രാന്റ് റസ്സലുമായിച്ചേർന്ന്, ഐൻസ്റ്റീൻ റസൽ-ഐൻസ്റ്റീൻ മാനിഫെസ്റ്റോ തയ്യാറാക്കുകയുണ്ടായി. ഇത് ആണവായുധങ്ങളുടെ അപകടങ്ങൾ എടുത്തുപറയുന്ന രേഖയാണ്. ഐൻസ്റ്റീന്റെ മരണം വരെ ഇദ്ദേഹം പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി എന്ന സ്ഥാപനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
300-ലധികം ശാസ്ത്രപ്രബന്ധങ്ങളും 150 ശാസ്ത്രേതര ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.[7][9] ഇദ്ദേഹത്തിന്റെ ബൗദ്ധികരംഗത്തെ സ്വാധീനം കാരണം "ഐൻസ്റ്റീൻ" എന്ന വാക്ക് അതിബുദ്ധിമാൻ എന്ന അർത്ഥത്തിൽ പ്രയോഗിക്കാറുണ്ട്.[10]
ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റൈൻ 1879 മാർച്ച് 14ൽ ജർമ്മനിയിലെ ഉൽമിൽ (Ulm) ജനിച്ചു. ആൽബർട്ടിന്റെ പിതാവ് ഹെർമൻ ഐൻസ്റ്റൈൻ ഒരു ഇലക്ട്രിക്കൽ കട ഉടമയായിരുന്നു. അമ്മ പൗളിൻ നല്ല വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ ആയിരുന്നു. ഒരു വയസ്സുള്ളപ്പോൾ കുടുംബം മ്യൂണിക്കിലേക്ക് താമസം മാറ്റി. ലജ്ജാശീലനും സ്വപ്നജീവിയുമായിരുന്നു ബാലനായ ഐൻസ്റ്റൈൻ. അവന്റെ അമ്മ മനോഹരമായി പിയാനോ വായിക്കുമായിരുന്നു. ബാലനായ ഐൻസ്റ്റൈൻ അത് അവരിൽ നിന്ന് പഠിച്ചു. ആൽബർട്ട് വളരെ വൈകിയാണ് സംസാരിക്കാൻ തുടങ്ങിയത്. ആറ് വയസ്സുമുതൽ സംഗീതത്തിൽ അതീവ തല്പരനായിരുന്നു.
ശാസ്ത്രീയോപകരണങ്ങളിൽ കുട്ടിക്കാലത്തേ താല്പര്യം തോന്നിയ ഐൻസ്റ്റൈൻ കണക്കിൽ അതീവ മിടുക്കനും മറ്റ് വിഷയങ്ങളിൽ സാധാരണക്കാരനുമായിരുന്നു. പതിനഞ്ചാം വയസ്സിൽ ഐൻസ്റ്റൈന്റെ കുടുംബം താമസം ഇറ്റലിയിലേക്ക് മാറി. സ്വിറ്റ്സർലാന്റിലെ സൂറിച്ച് സർവ്വകലാശാലയിലായിരുന്നു ഐൻസ്റ്റൈന്റെ പഠനം. ഇവിടെ അദ്ദേഹത്തിന്റെ പ്രതിഭ വികസിച്ചു. ഊർജ്ജതന്ത്രത്തിലും കണക്കിലും അദ്ദേഹം അസാമാന്യ മിടുക്ക് കാട്ടി.
1900ൽ പഠനം പൂർത്തിയാക്കിയ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട അദ്ധ്യാപകജോലി കിട്ടിയില്ല. അദ്ദേഹം ബെർനിയിലെ സ്വിസ്സ് പേറ്റന്റ് ഓഫീസിൽ ജോലിക്ക് ചേർന്നു. യുഗോസ്ലാവിയക്കാരി ശാസ്ത്രവിദ്യാർത്ഥിനിയായിരുന്ന മിലോവാ മാറക്കിനെ അദ്ദേഹം വിവാഹം ചെയ്തു. രണ്ട് പുത്രന്മാർ ജനിച്ചു.
ഒഴിവു സമയത്ത് അദ്ദേഹം സ്വന്തം ഭൗതിക പരീക്ഷണങ്ങളിൽ മുഴുകി. 1905ൽ അഞ്ച് ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധികരിച്ചു.അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്തം’ (Theory of Relativity) ആയിരുന്നു. അതിൽ പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം വസ്തുവും ഊർജ്ജവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു. ഈ പ്രസിദ്ധ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ് 1945ൽ ആറ്റംബോംബ് ഉണ്ടാക്കിയത്.
1906-ൽ സൂറിച്ച് സർവ്വകലാശാല അദ്ദേഹത്തെ പ്രൊഫസ്സറാക്കി. 1916ൽ അദ്ദേഹം ‘ആപേക്ഷികതയുടെ പൊതുസിദ്ധാന്തം’ (General Theory of Relativity) പ്രസിദ്ധീകരിച്ചു. അത്യന്തം സങ്കീർണ്ണമായിരുന്ന ഈ സിദ്ധാന്തം അന്ന് ലോകത്തിലെ നാലു ശാസ്ത്രജ്ഞന്മാർക്കേ മനസ്സിലായിരുന്നുള്ളുവെന്ന് പറയപ്പെടുന്നു. ഇത് അദ്ദേഹത്തെ ഒരു മഹാ ശാസ്ത്രകാരനാക്കിമാറ്റി. 1921-ൽ അദ്ദേഹം നോബൽ സമ്മാനത്തിനർഹനായി. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ചുള്ള പഠനമാണ് ഐൻസ്റ്റൈനെ നോബൽ സമ്മാനാർഹനാക്കിയത്.
1933ൽ ഹിറ്റ്‌ലറുടെ ക്രൂരതകൾ മൂലം അദ്ദേഹം യൂറോപ്പ് വിട്ടു. അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാല അദ്ദേഹത്തിനൊരു ഉയർന്നസ്ഥാനം നൽകി. 1940ൽ അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ചു. ജീവിതം മുഴുവനും അദ്ദേഹം കണക്കിലെയും ഭൗതികശാസ്ത്രത്തിലെയും സങ്കീർണ്ണമായ സമസ്യകൾക്ക് ഉത്തരം തേടിക്കൊണ്ടിരുന്നു. സ്നേഹശീലനും സൗമ്യനുമായിരുന്ന അദ്ദേഹം യുദ്ധവിരോധിയായിരുന്നു. ന്യൂക്ലിയർ സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചിരുന്നു. 1955ൽ ഈ മഹാപ്രതിഭ പ്രിൻസ്റ്റൺ ആശുപത്രിയിൽ വച്ച് ഉറക്കത്തിൽ അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.