ഷിയാ ഇസ്ലാം
ഇസ്ലാം മതത്തിലെ ഒരു വിഭാഗമാണ് ഷിയാ മുസ്ലീം സമൂഹം. / From Wikipedia, the free encyclopedia
ഇസ്ലാം മതത്തിലെ ഒരു വിഭാഗമാണ് ഷിയാ മുസ്ലിം സമൂഹം. ബഹുഭൂരിപക്ഷമായ സുന്നികൾ കഴിഞ്ഞാൽ ഇസ്ലാം മതത്തിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള സമൂഹമാണ് ഷിയാക്കൾ. രാഷ്ട്രീയ വീക്ഷണങ്ങളിലെ അഭിപ്രായ ഭിന്നതയാണ് ഷിയാ - സുന്നി വിഭാഗീയതയുടെ ഹേതു. തിരഞ്ഞെടുപ്പിലൂടെയുള്ള ഭരണ നേതൃത്വം ആണ് നിലവിൽ വരേണ്ടത് എന്ന് സുന്നികൾ വാദിക്കുമ്പോൾ അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ കുടുംബ പരമ്പരയ്ക്കാണ് (അഹ്ലുൽ ബൈത്ത്) നേതൃത്വത്തിന് അവകാശമെന്ന് ഷിയാക്കൾ വിശ്വസിക്കുന്നു. [1] 2009 ലെ അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസ്സിന്റെ കണക്ക് പ്രകാരം ലോകത്താകമാനമുള്ള ഇസ്ലാം മത വിശ്വാസികളിൽ 10 -13 % വരെ പ്രാതിനിധ്യം ഷിയാവിഭാഗത്തിനുണ്ട്. [2] ഏകദേശം ഇരുനൂറ് ദശലക്ഷം വരുന്ന ഷിയാ മുസ്ലീങ്ങളിൽ മുക്കാൽ ഭാഗവും അധിവസിക്കുന്നത് ഇറാൻ, അസർബൈജാൻ, ഇറാഖ്, സൗദി അറേബ്യ, ബഹ്റൈൻ, പാകിസ്താൻ, അഫ്ഘാനിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്.