പ്രധാനമായും അഫ്ഗാനിസ്താന്റെ തെക്കുഭാഗത്തും പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യയിലും വസിക്കുന്ന ഒരു ജനവിഭാഗമാണ് പഷ്തൂണുകൾ. അഫ്ഗാൻ വംശജരെന്നും ഇവർ അറിയപ്പെടുന്നു.ഡ്യൂറണ്ട് രേഖക്ക് (പാക് അഫ്ഘാൻ അതിർത്തി) വടക്കും തെക്കുമായി വസിക്കുന്ന ഇവരുടെ ആവാസമേഖലയെയാണ്‌ പത്തൊമ്പതാം നൂറ്റാണ്ടു വരെ അഫ്ഗാനിസ്താൻ എന്നറിയപ്പെട്ടിരുന്നത്. പഷ്തുവാണ് ഇവരുടെ ഭാഷ. ഇന്ന് അഫ്ഗാനിസ്താനിലെ ജനസംഖ്യയുടെ 40 മുതൽ 50 ശതമാനം വരെ പഷ്തൂണുകളാണ്. ഇന്ത്യയിലേയും പാകിസ്താനിലേയും പഷ്തൂണുകൾ പഠാണികൾ എന്നറിയപ്പെടുന്നു[11]‌.

വസ്തുതകൾ Regions with significant populations, പാകിസ്താൻ ...
പഷ്തൂൺ
پښتون Paṣ̌tun
Regions with significant populations
 പാകിസ്താൻ28 million (2005)[1][2]
 അഫ്ഗാനിസ്താൻ13 million (2006)[3]
 UAE315,524 (2008)[4]
 യുണൈറ്റഡ് കിങ്ഡം200,000 (2006)[5]
 ഇറാൻ150,000 (2005)[6]
 കാനഡ26,000 (2006)[7]
 ഇന്ത്യ11,086 (2001)[8]
 യുണൈറ്റഡ് സ്റ്റേറ്റ്സ്7,710 (2000)[9]
 മലേഷ്യ5,100 (2008)[10]
Languages
പഷ്തു
പേർഷ്യനും ഉർദ്ദുവും രണ്ടാം ഭാഷ എന്ന നിലയിൽ വ്യാപകമായി സംസാരിക്കുന്നുണ്ട്
Religion
ഇസ്ലാം, കൂടുതലും ഹനാഫി സുന്നികളാണെങ്കിലും കുറച്ചുപേർ ഷിയകളാണ്‌
അടയ്ക്കുക

പഷ്തൂണുകൾ വിദഗ്ദ്ധരായ പോരാളികളാണ്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ പഷ്തൂണുകളുമായി പലതവണ ബ്രിട്ടീഷുകാർ യുദ്ധത്തിലേർപ്പെട്ടിരുന്നു. ആംഗ്ലോ അഫ്ഗാൻ യുദ്ധങ്ങൾ എന്നാണ് ഈ യുദ്ധങ്ങൾ അറിയപ്പെടുന്നത്. ഓരോ വട്ടവും, തങ്ങളുടെ കുന്നുകളിൽ ഗറില്ലായുദ്ധത്തിൽ വിദഗ്ദ്ധരായിരുന്ന പഷ്തൂണുകളോട് തോറ്റ് ബ്രിട്ടീഷുകാർക്ക് മടങ്ങേണ്ടി വന്നു[12].

2000-ആമാണ്ടിലെ കണക്കനുസരിച്ച് പഷ്തൂണുകളുടെ ആകെ ജനസംഖ്യ 2 കോടിയോളമാണ്. ഇവരിൽ പകുതിയോളം വീതാം പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി അതിർത്തിയുടെ ഇരു വശങ്ങളിലുമായി വസിക്കുന്നു[11].

പഷ്തൂണുകളിൽ പല വർഗ്ഗങ്ങളുണ്ട്. ദുറാനി, ഘൽജി എന്നീ പഷ്തൂൺ വംശജർ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്നവരാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള കവാടങ്ങളായ, ഖൈബർ ചുരത്തിനും, കൊഹാട്ട് ചുരത്തിനും അടുത്തുള്ള മേഖലയിൽ അധിവസിക്കുന്നവരാണ് അഫ്രീദികൾ[12][൧]

പഷ്തൂണുകൾ ഭാഷാപരവും സാംസ്കാരികപരവുമായി ഒരൊറ്റ ജനതയായാണ് ഇന്ന് നിലകൊള്ളുന്നതെങ്കിലും ജനിതകമായി ഇവർ ഒരേ വംശത്തിൽ നിന്നുള്ളവരല്ല. വിവിധ വംശത്തിലുള്ള ജനങ്ങൾ നൂറ്റാണ്ടുകളായി പഷ്തൂണുകളിലേക്ക് അലിഞ്ഞു ചേർന്നിട്ടുണ്ട്. പടിഞ്ഞാറൻ അഫ്ഘാനിസ്ഥാനിലെ തായ്മാനി, മാലികി അയ്മക് എന്നീ വിഭാഗങ്ങൾ കണ്ടഹാരി പഷ്തൂണുകളുടെ ഭാഷയും സംസ്കാരവും സ്വായത്തമാക്കി, സ്വയം പഷ്തൂണുകളാണെന്നു ഇപ്പോൾ കരുതുന്നു. ഇത് ഈ ലയനപ്രക്രിയയുടെ ഒരു പുതിയ ഉദാഹരണമാണ്[11].

വംശപാരമ്പര്യം

പഷ്തൂണുകൾക്ക് ജൂതപാരമ്പര്യമാണുള്ളതെന്നാണ് ഇവരുടെ പരമ്പരാഗതവിശ്വാസം. എന്നാൽ ചില രൂപസാദൃശ്യങ്ങളും, ബൈബിളുമായി ബന്ധപ്പെട്ട അഫ്ഗാനികളുടെ പേരുമൊഴിച്ചാൽ ഈ വിശ്വാസത്തിന് യാതൊരു അടിസ്ഥാനവുമില്ല. മാത്രമല്ല അഫ്ഗാനികളുടെ ഭാഷയായ പഷ്തുവിന് ഹീബ്രു, അരമായ എന്നിങ്ങനെയുള്ള സെമിറ്റിക് ഭാഷകളുമായും ബന്ധമില്ല. ശാസ്ത്രീയവിശകലനമനുസരിച്ച്, പഷ്തൂണുകൾ, വംശീയമായി തുർക്കികളൂമായും ഇറാനിയരുമായും ബന്ധപ്പെട്ടിരിക്കുന്നു. അഫ്ഗാനിസ്താനിൽ കിഴക്കുവശത്ത് വസിക്കുന്നവർ ഇന്ത്യക്കാരുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. ഇന്തോ യൂറോപ്യൻ ഭാഷാകുടുംബത്തിലെ ആര്യൻ ഉപവിഭാഗത്തിൽ പെടുന്ന ഭാഷയാണ് പഷ്തു എന്നുള്ളതിനാൽ, പൊതുവേ, പഷ്തൂണുകൾ ആര്യൻ വംശജരാണെന്ന് കണക്കാക്കുന്നു. എങ്കിലും കാലങ്ങളായുള്ള മംഗോൾ, തുർക്കിക് അധിനിവേശങ്ങൾ നിമിത്തം ഇവർ ഒരു സങ്കരവർഗ്ഗമായി മാറി.[13]

പേരുകൾ

അഫ്ഗാൻ

Thumb
ലേഖനത്തിൽ പരാമർശിക്കുന്ന പ്രദേശങ്ങൾ അടയാളപ്പെടുത്തിയ അഫ്ഗാനിസ്താന്റെ ഭൂപടം. പാകിസ്താനിലെ സമീപപ്രദേശങ്ങളും ഭൂപടത്തിലുണ്ട്.

ഇന്ന് അഫ്ഗാനിസ്താനിലെ ജനങ്ങളെ മുഴുവൻ അഫ്ഗാൻ എന്നു വിളിക്കുമെങ്കിലും പതിനെട്ടാം നൂറ്റാണ്ടുവരെയെങ്കിലും അഫ്ഗാൻ അഥവാ അഫ്ഗാനി എന്നത് പഷ്തൂണുകളുടെ സൂചിപ്പിക്കുന്ന പേരായിരുന്നു‌. എന്നിരുന്നാലും അഫ്ഗാൻ എന്ന വാക്ക് പഷ്തു ഭാഷയിൽ നിന്നുള്ളതല്ല. ഇന്തോ ഇറാൻ അതിർത്തിയിൽ വസിച്ചിരുന്ന ഏതോ ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്നതിനായി മറ്റാരോ വിളിച്ച പേരായിരിക്കണം ഇതെന്നു കരുതുന്നു. ആറാം നൂറ്റാണ്ടിലെ വരാഹമിഹിരന്റെ ബൃഹത്‌സംഹിതയിൽ അവഗാനാ എന്ന പേരിലുള്ള ഒരു ജനവിഭാഗത്തെപറ്റി പരാമർശിക്കുന്നുണ്ട്. ചൈനീസ് സഞ്ചാരി ഷ്വാൻ ത്സാങ്ങിന്റെ ഏഴാം നൂറ്റാണ്ടിലെ കുറിപ്പുകളിലും അബോജിയാൻ (abojian) എന്നപേരിൽ പരാമർശിക്കുന്നുണ്ട്. ഇവയൊക്കെ അഫ്ഗാനികളെ സൂചിപ്പിക്കുന്ന പേരുകളായി കരുതുന്നു[11].

പഷ്തൂൺ

ബലൂചിസ്താന്റെ കിഴക്കൻ അതിരായ, സുലൈമാൻ മലനിരയാണ് പഷ്തൂണുകളുടെ ആദ്യകാല ആവാസകേന്ദ്രം. താജിക് പേർഷ്യനിൽ, പഷ്ത് എന്ന വാക്കിന്, മലയുടെ പുറകുവശം എന്നാണർത്ഥം. ഇതിൽ നിന്നാണ് പഷ്തൂൺ എന്ന പേര് ഉടലെടുത്തത്.[13]

ചരിത്രം

വിശ്വസനീയമായ രീതിയിൽ അഫ്ഗാൻ എന്നത് ആദ്യമായി ഉപയോഗിച്ചിരിക്കുന്നത് പത്തം നൂറ്റാണ്ടു മുതലാണ്. 982-ൽ രചിക്കപ്പെട്ട കർത്താവ് അജ്ഞാതമായ ഹുദുദ് അൽ ആലം എന്ന പേർഷ്യൻ ഗ്രന്ഥത്തിൽ അഫ്ഗാനികൾ വസിക്കുന്ന സൗൾ എന്ന ഒരു ഗ്രാമത്തെക്കുറിച്ച് പറയുന്നുണ്ട്. ഗ്രന്ഥത്തിലെ വിവരങ്ങളനുസരിച്ച് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് ഗസ്നിക്ക് കിഴക്കുള്ള ഗർദീസിനടൂത്തായിരിക്കണം. ഈ പ്രദേശം, സബൂളിസ്താന്റെ തലസ്ഥാനമായിരുന്ന പുരാതന സബൂളിന് അടുത്താണെന്നും പരാമർശിച്ചിരിക്കുന്നു. ഇതിനുപുറമേ, ഇന്നത്തെ ജലാലാബാദിനടുത്തുള്ള ഒരു ഗ്രാമത്തിലെ രാജാവിന് ഹിന്ദു, മുസ്ലീം, അഫ്ഗാൻ വംശങ്ങളിൽപ്പെട്ട ഭാര്യമാരുണ്ടായിരുന്നെന്നും ഈ ഗ്രന്ഥത്തിൽ പറയുന്നുണ്ട്.[14]

ഗസ്നിയിലെ മഹ്മൂദിന്റെ കാലം മുതൽ അതായത് പത്താം നൂറ്റാണ്ടിന്റെ അവസാനം മുതൽ അഫ്ഗാൻ പ്രയോഗം വ്യാപകമായി. പതിനൊന്നാം നൂറ്റാണ്ടിൽ അൽ ബറൂണി രചിച്ച താരിഖ് അൽ ഹിന്ദ് എന്ന ഗ്രന്ഥത്തിൽ അഫ്ഗാനികളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്തുള്ള കുന്നിൻപ്രദേശത്ത് ജീവിക്കുന്ന വിവിധ അഫ്ഗാൻ വംശങ്ങളുണ്ടെന്നും അപരിഷ്കൃതരായ ഇവർ ഹിന്ദുക്കളാണെന്നും അദ്ദേഹം പറയുന്നു. അഫ്ഗാനികൾ, ഗസ്നവി സേനയിലെ കുന്തമുനകൾ ആയിരുന്നു എന്ന് ഗസ്നിയിലെ മഹ്മൂദിന്റെ മന്ത്രിയായിരുന്ന അൽ ഓത്ബി, പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പരാമർശിച്ചിട്ടുണ്ട്. പക്ഷേ അവർ അന്നും അപരിഷ്കൃതരായ ഗിരിവർഗ്ഗക്കാർ ആയിരുന്നു എന്നും കൂട്ടിച്ചേർക്കുന്നു.

ഗസ്നിക്കും സിന്ധൂസമതലത്തിനും ഇടയിൽ വസിക്കുന്ന പേർഷ്യക്കാർ ആണ് അഫ്ഗാനികൾ എന്നാണ് ഇബ്ൻ ബത്തൂത്ത പറയുന്നത്. കുഹ് സുലൈമാൻ മലയാണ് ഇവരുടെ പ്രധാനകേന്ദ്രമെന്നും ബത്തൂത്ത കൂട്ടിച്ചേർക്കുന്നു. പഷ്തൂണുകളുടെ ഐതിഹ്യമനുസരിച്ചും ഇവരുടെ ആദ്യകാലവാസസ്ഥലം കന്ദഹാറിന് കിഴക്കുള്ള കുഹി സുലൈമാൻ മലയോടടുത്താണ്.[11][13]

മേഖലക്കു പുറത്തുള്ള ഹെറാത്തും സമർഖണ്ഡും തെക്ക്, ഇന്ത്യയും സാംസ്കാരികവും കലാപരവുമായ പുരോഗതി കൈവരിച്ചപ്പോൾ, അഫ്ഗാനികൾ, ആട്ടിടയന്മാരും നാടോടികളുമായി തുടർന്നു. ഇടക്കാലത്ത് ദില്ലിയിൽ അധികാരത്തിലിരുന്ന മുസ്ലീം ഭരണാധികാരികൾ അഫ്ഗാൻ പാരമ്പര്യമുള്ളവരായിരുന്നെന്ന് പറയാറുണ്ടെങ്കിലും, സൂരി, ലോധി രാജവംശങ്ങളൊഴികെയുള്ളവരെല്ലാം തുർക്കി പാരമ്പര്യമുള്ളവരാണ്.[13]

ഹിന്ദുകുഷിന് തെക്ക് പഷ്തൂണുകൾ അധിവസിക്കുന്ന മേഖലക്കാണ് മുഗൾ സാമ്രാജ്യസ്ഥാപകനായ ബാബർ അഫ്ഗാനിസ്താൻ എന്ന പേര് ആദ്യമായി വിളിച്ചത്. 1504-ൽ കാബൂളിൽ സാന്നിധ്യമുറപ്പിച്ച ബാബറിന്, തെക്കൻ അഫ്ഗാനിസ്താനിലെ ആധിപത്യത്തിന് പഷ്തൂണുകളുമായി പടവെട്ടേണ്ടി വന്നിരുന്നു. പഷ്തൂണുകൾ‌ കൊള്ളക്കാരും മലമ്പാതകളിൽ വസിക്കുന്നവും ആണെന്നാണ് ബാബർ രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഇവരെ പ്രാധാന്യത്തോടെ കണ്ടിരുന്ന ബാബർ, ഇവരുമായി സഖ്യം ഉറപ്പിക്കുനതിനായി ബീബി മുബാരിക എന്ന ഒരു പഷ്തൂൺ യൂസഫ്സായ് സ്ത്രീയെ വിവാഹം ചെയ്തിരുന്നു.[15]

പതിനാറാം നൂറ്റാണ്ടിൽ അഫ്ഗാനിസ്താനു ചുറ്റുമായി ശക്തിപ്പെട്ട ഇറാനിലെ സഫവി സാമ്രാജ്യവും, ട്രാൻസോക്ഷ്യാനയിലെ ഉസ്ബെക്കുകളുടെ ഷൈബാനി സാമ്രാജ്യവും, ഇന്ത്യയിലെ മുഗൾ സാമ്രാജ്യവും അഫ്ഗാനിസ്താനിലെ നഗരങ്ങളുടെ നിയന്ത്രണത്തിനായി പരിശ്രമിച്ചിരുന്നു. മൂന്നു കൂട്ടരും ഇതുവഴി കടന്നു പോകുന്ന വ്യാപാരികളിൽ നിന്നും കരം ഈടാക്കാനും തദ്ദേശീയരെ നിയന്ത്രിക്കുന്നതിനുമായി പഷ്തൂണുകളെപ്പോലെയുള്ള തദ്ദേശീയരായ ഇടനിലക്കാരെ ഏർപ്പെടുത്തി. ഇതുവഴി പഷ്തൂണുകൾ അവരുടെ വാസം പ്രധാന പാതകൾക്ക് സമീപത്തേക്ക് നീക്കുകയും ചെയ്തു[16].

പതിനെട്ടാം നൂറ്റാണ്ടിൽ സ്വന്തമായ സാമ്രാജ്യം കെട്ടിപ്പടുക്കുന്നവരേയും യഥാർത്ഥ അഫ്ഗാനികൾ ആദിവാസികളായി കഴിഞ്ഞു.[13]

കുടിയേറ്റങ്ങൾ

Thumb
പാകിസ്താൻ അഫ്ഘാനിസ്ഥാൻ പ്രദേശത്തെ വിവിധജനവിഭാഗങ്ങളുടെ ആവാസമേഖല അടയാളപ്പെടുത്തിയിരിക്കുന്ന ഭൂപടം. പച്ച നിറത്തിൽ കാണിച്ചിരിക്കുന്നത് പഷ്തൂണുകളൂടെ ആവാസമേഖലയാണ്‌

പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിലാണ്‌ ദക്ഷിണ അഫ്ഗാനിസ്താൻ പ്രദേശത്തെ സുലൈമാൻ മലമ്പ്രദേശത്തു നിന്ന് പഷ്തൂണുകളുടെ ആദ്യകുടിയേറ്റം നടക്കുന്നത്. ഇവർ പടിഞ്ഞാറോട്ട് ദക്ഷിണ അഫ്ഗാനിസ്താനിലേക്കും വടക്ക് കാബൂൾ താഴ്വരയിലേക്കും കിഴക്ക് പെഷവാർ തടത്തിലേക്കും വ്യാപിച്ചു. വൻ‌തോതിലുള്ള ഈ പലായനത്തിന്റെ കാരണം ഇന്നും അജ്ഞാതമാണ് പതിനഞ്ചാം നൂറ്റാണ്ടിലെ തുർക്കോ-മംഗോളിയൻ വംശജർക്കുണ്ടായ ക്ഷയവും തിമൂറി സാമ്രാജ്യത്തിന് അതിർത്തിപ്രദേശങ്ങളിൽ നിയന്ത്രണം ഇല്ലാതായതും ചെയ്തതോടെ സംജാതമായ ശൂന്യതയിലേക്ക് പഷ്ഠൂണുകൾ വന്നുചേരുകയായിരുന്നു[11][16]. എന്നാൽ കാബൂൾ താഴ്വരയിലേക്ക് പന്ത്രണ്ട്-പതിമൂന്ന് നൂറ്റാണ്ടുകളിൽത്തന്നെ പഷ്തൂണുകൾ‌ എത്തിച്ചേർന്നതായും കരുതുന്നുണ്ട്. അഫ്ഗാനികൾ എന്നറിയപ്പെടുന്ന പേർഷ്യൻ വംശജർ ഇവിടെ വസിച്ചിരുന്നു എന്നും, ഇവരുടെ പരമ്പരാഗതവാസസ്ഥലം സുലൈമാൻ മലയാണെന്നും 1333-ൽ കാബൂളിലൂടെ സഞ്ചരിച്ച് ഇബ്ൻ ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്.[13]

കന്ദഹാർ പ്രദേശത്തു നിന്ന് പടിഞ്ഞാറോട്ടുള്ള പഷ്തൂണുകളൂടെ കുടിയേറ്റം താരതമ്യേന പുതിയതാണ്‌ പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലാണ്‌ ഈ കുടിയേറ്റം നടക്കുന്നത്. ദുറാനികളുടെ മുൻഗാമികളാണ്‌ ഈ പ്രദേശത്ത് ആവാസമുറപ്പിച്ചത്. പഷ്തൂണുകളുടെ ഈ കുടിയേറ്റം ഇന്നും തുടരുന്നു. കാബൂൾ അടക്കമുള്ള പല മേഖലകളിലും പഷ്തൂണുകളുടെ ആവാസം ആരംഭിച്ചിട്ട് അധികകാലമായിട്ടില്ല[11].

സാമ്രാജ്യങ്ങൾ

ദില്ലി സുൽത്താനത്തുകളുടെ കൂട്ടത്തിൽ എണ്ണുന്ന ലോധി രാജവംശം, മുഗളരെ പരാജയപ്പെടുത്തി ഷേർഷാ സൂരി സ്ഥാപിച്ച സൂരി രാജവംശം എന്നിവ ഇന്ത്യയിലെ ആദ്യകാല പഷ്തൂൺ സാമ്രാജ്യങ്ങളാണ്.

കന്ദഹാർ ആസ്ഥാനമാക്കി ഹോതകി ഘൽജികൾ സ്ഥാപിച്ച ഹോതകി സാമ്രാജ്യമാണ് അഫ്ഗാനിസ്താനിലെ ആദ്യത്തെ പഷ്തൂൺ സാമ്രാജ്യം. ഹോതകി സാമ്രാജ്യത്തിന് തെക്കൻ അഫ്ഗാനിസ്താനു പുറമേ കുറച്ചുകാലത്തേക്ക് ഇറാനിലും ആധിപത്യം സ്ഥാപിക്കാനായി.

പഷ്തൂണുകളുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്രാജ്യമാണ് അഹ്മദ് ഷാ അബ്ദാലി സ്ഥാപിച്ച ദുറാനി സാമ്രാജ്യം. അഫ്ഗാനിസ്താനെ ഇന്നത്തെ അതിരുകൾക്കകത്തെ ഒറ്റ രാജ്യമാക്കി മാറ്റുന്നതിൽ ഈ സാമ്രാജ്യം പ്രധാന പങ്കു വഹിച്ചു. ദുറാനി സാമ്രാജ്യത്തിനു ശേഷം തുടർന്നു വന്ന ദുറാനികളിലെത്തന്നെ ബാരക്സായ് വംശത്തിന്റെ കീഴിലുള്ള അഫ്ഗാനിസ്താൻ അമീറത്തും അതിന്റെ തുടർച്ചയായുള്ള അവസാനത്തെ രാജവംശമായ അഫ്ഗാനിസ്താൻ രാജവംശവും പ്രധാനപ്പെട്ട പഷ്തൂൺ സാമ്രാജ്യങ്ങളാണ്.

ജീവിതരീതി

പഷ്തൂണുകൾ അവരുടെ സ്വതന്ത്രമനോഭാവത്തിനും, തുല്യതക്കും, സ്വാഭിമാനത്തിനും, യുദ്ധനിപുണതക്കും പേരുകേട്ടവരാണ്. ഇതിനുപുറമേ ആതിഥേയത്വം, അഭയം നൽകൽ, പ്രതികാരം തുടങ്ങിയവയൊക്കെ പഷ്തൂണുകളുടെ സ്വഭാവവിശേഷങ്ങളാണ്. പ്രായപൂർത്തിയായ പഷ്തൂൺ പുരുഷന്മാർക്കിടയിലുള്ള തുല്യത ഇവരുടെയിടയിലെ പ്രധാനപ്പെട്ട സവിശേഷതയാണ്. പരിചയവും പ്രായപൂർത്തിയുമുള്ള എല്ലാ പുരുഷന്മാർക്കും ജിർഗ എന്നറിയപ്പെടുന്ന ഗ്രാമസമിതികളിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ട്.എന്നാൽ ചില സമൂഹങ്ങളിൽ കൂട്ടത്തിൽ ചിലർക്ക് കൂടുതൽ അധികാരങ്ങളുണ്ടാകാറുണ്ട്. ഖാൻമാർ ഇതിന് ഉദാഹരണമാണ്. എന്നാൽ ഖാന്റെ അധികാരം അയാൾഊടെ വ്യക്തിഗുണങ്ങളിൽ അടിസ്ഥാനമായി കൽപ്പിച്ചു നൽകുന്നതാണ്[11].

മുൾച്ചെടികളും കള്ളീച്ചെടികളും പോലെയുള്ള വളരെക്കുറച്ച് സസ്യങ്ങളുള്ള ഊഷരമായ കുന്നുകളിൽ ഇവർ ആടു മേയ്ച്ചും കൃഷിചെയ്തും ജീവിക്കുന്ന പഷ്തൂൺ വംശജരുടെ കഠിനമായ ഈ പരിസ്ഥിതിയിലുള്ള ജീവിതം അവരെ പരുഷമായവരും പരാശ്രയമില്ലാതെ ജീവിക്കുന്നവരുമാക്കി മാറ്റിയിട്ടുണ്ട്[12].

വസ്ത്രധാരണം

Thumb
ദക്ഷിണ അഫ്ഘാനിസ്താനിലെ പഷ്തൂണുകൾ

പഷ്തൂണുകളിലെ പുരുഷന്മാർ പൊതുവേ അയഞ്ഞ പൈജാമയും നീളമുള്ള ജൂബാ പോലെയുള്ള മേൽവസ്ത്രവും ധരിക്കുന്നു. ഇതിനു മുകളിൽ ഒരു വയിസ്റ്റ്കോട്ടും ഇവർ ധൈരിക്കാറുണ്ട്. പാകിസ്താനിലേയും അഫ്ഘാനിസ്ഥാനിലേയ്യും പഷ്തൂൺ സ്ത്രീകൾ തലയിൽ ബുർഖ ധരിക്കുന്നു. നീളൻ കൈയുള്ള മേല്വസ്ത്രവും, നീണ്ട പൈജാമയുമാണ്‌ സ്ത്രീകളുടെ വസ്ത്രം.

പഷ്തൂണുകളിലെ പുരുഷന്മാർ പലരും തലപ്പാവ് കെട്ടാറുണ്ട്. ഇതിന്റെ ഒരറ്റം അവരുടെ തോളിനു മുകളിലായി തൂങ്ങിക്കിടക്കും. എന്നാൽ ഇക്കാലത്ത് താലിബാൻ നിയന്ത്രിതമേഖലയിലഅണ്‌ തലപ്പാവ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.[അവലംബം ആവശ്യമാണ്] ഇവിടങ്ങളിൽ കറുപ്പിൽ നേരിയ വെള്ളവരകളുള്ള തലപ്പാവാണ്‌ ധരിക്കപ്പെടുന്നത്. മറ്റിടങ്ങളിൽ തലപ്പാവിനു പകരം പാവ്കുൽ (pawkul) എന്നറിയപ്പെടുന്ന ചിത്രാലിത്തൊപ്പിയാണ് പുരുഷന്മാർ തലയിൽ ധരിക്കുന്നത്[11].

മതം

അഫ്ഘാനിസ്ഥാനിലേയും പാകിസ്താനിലേയും പഷ്തൂണുകൾ എല്ലാം തന്നെ മുസ്ലീങ്ങളാണ്. ഇവരിൽത്തന്നെ ഭൂരിഭാഗവും സുന്നികളാണ്. എന്നാൽ ഇതിനൊരപവാദമായി ജലാബാദിനും പെഷവാറിനും തെക്കുവസിക്കുന്ന തുറികൾ, ഇവരുടെ കൂട്ടത്തിലുള്ള ഓറക്സായ്, ബങ്കശ് തുടങ്ങിയവർ ഷിയകളാണ്[11]

കൃഷിയും സാമൂഹികജീവിതവും

പീച്ച്, വോൾനട്ട്, തുടങ്ങിയ പഴങ്ങളും, ഗോതമ്പ്, കരിമ്പ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ താഴ്വരയിലെ താഴ്ന്ന ജലസേചനം ലഭ്യമായ ഇടങ്ങളിൽ ഇവർ കൃഷി ചെയ്യുന്നു. കൃഷിസ്ഥലങ്ങൾക്കടുത്തായാണ് പഠാണികളുടെ ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമങ്ങൾ പ്രതിരോധത്തിനായി ചുറ്റും മതിൽ കെട്ടി സംരക്ഷിച്ചിരിക്കും. ഇവക്ക് ഉയരമുള്ള കാവൽമാടങ്ങളുമുണ്ടായിരിക്കും[12].

പഠാണികളുടെ ഓരോ വർഗ്ഗവും ഓരോ മുഖ്യന്റെ കീഴിലുള്ള വിവിധ വംശങ്ങളായി (clan) വിഭജിക്കപ്പെട്ടിരിക്കും. ഓരോ വംശവും വിവിധ കുടുംബങ്ങളായും തുടർന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവരുടെ ഭരണം ഏതാണ് ജനാധിപത്യപരമായ രീതിയിലാണ് നടക്കുന്നത്. എല്ലാ പുരുഷന്മാർക്കും അഭിപ്രായസ്വാതന്ത്ര്യമുള്ള ഒരു സമിതിയാണ് ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നത്. എങ്കിലും പഠാണികളിലെ വംശങ്ങളും കുടൂംബങ്ങളും തമില്ലുള്ള തർക്കങ്ങൾ പലപ്പോഴും രക്തച്ചൊരിച്ചിലുകളിൽ കലാശീക്കുന്നു. ഇത്തരം വഴക്കുകൾ കുടീപ്പകയായി അടുത്ത തലമുറകളിലേക്ക്കും പകരാറൂണ്ട്. യുദ്ധസമയത്തു മാത്രമാണ് പഠാണികൾക്കിടയിൽ സമാധാനമുണ്ടാകാറുള്ളൂ എന്ന് സംസാരമുണ്ട്. അതായത് പുറത്തു നിന്നുള്ള ആക്രമണങ്ങളെ ഇവർ ഒന്നു ചേർന്ന് എതിരിടാറൂണ്ട്[12].

വിനോദങ്ങൾ

വെടിവെപ്പ്, നായാട്ട്, പരുന്തിനെക്കൊണ്ടുള്ള വേട്ട, ആടുകളെക്കൊണ്ട് പോരടിപ്പിക്കൽ തുടങ്ങിയവയൊക്കെ പഠാണികളുടെ വിനോദങ്ങളാണ്. ഉന്നം തെറ്റാതെയുള്ള വെടിവെപ്പിൽ ഇവർ വിദഗ്ദ്ധരാണ്. നാടോടി നൃത്തവും, പാട്ടും ഇവരുടെ വിനോദങ്ങളാണ്. ഇതിന് അകമ്പടീയായി വലിയ ചെണ്ടകളും പീപ്പിയും ഓടക്കുഴലുകളും ഉപയോഗിക്കുന്നു[12].

വെടിക്കോപ്പുകൾ

Thumb
ജെസൈൽ - പഠാണികളുടെ പരമ്പരാഗത തോക്ക്

പഠാണികൾ തങ്ങളുടെ തോക്കുകളും, വെടിക്കോപ്പുകളും സദാ സജ്ഞരാക്കി വക്കുകയും, ആടുമേക്കാനിറങ്ങുമ്പോൾ വരെ ഇത് കൂടെ കരുതുകയും ചെയ്യുന്നു. ഇവരുടെ കൈവശമുള്ള പഴയ ശൈലിയിലുള്ള തോക്കാണ് ജെസൈൽ. നീളമുള്ളതും കൊത്തുപണികളോടു കൂടിയ കുഴലും ഒരു ഫ്ലിന്റ്ലോക്കുമുള്ള തോക്കാണീത്. ആധുനികമായ ആയുധങ്ങളും യന്ത്രത്തോക്കുകളും ഇന്ന് ഇവരുടെ കൈവശമുണ്ട്. ആദ്യകാലങ്ങളിൽ ബ്രിട്ടീഷുകാരുടെ തോക്കുകളുടെ രൂപഘടന പകർത്തി, ഇവർ ഗ്രാമങ്ങളിൽ സ്വന്തമായി ആയുധങ്ങൾ നിർമ്മിച്ചിരുന്നത്. അഫ്രീദി വർഗ്ഗത്തിലെ ആദം കിറ്റെൽ വംശജരാണ് ഇത്തരത്തിൽ ആയുധങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ദ്ധർ. അതിർത്തിയിലെ ബ്രിട്ടീഷ് പട്ടാളത്തിൽ അംഗമായിച്ചേർന്നാണ് ഇവർ ആയുധങ്ങളുടെ ഘടന പഠിച്ചെടുക്കുന്നത്. ഇങ്ങനെ ഗ്രാമങ്ങളിൽ യന്ത്രസഹായമില്ലാതെ നിർമ്മിക്കുന്ന ആയുധങ്ങളുടെ സൂക്ഷ്മമായ ഘടകങ്ങൾ പോലും അതീവകൃത്യതയോടെ നിർമ്മിക്കപ്പെട്ടിരുന്നു[12].

പഷ്തൂൺ വംശാവലി ഐതിഹ്യം

ഉത്തരേന്ത്യയിൽ ജീവിച്ചിരുന്ന ഖാജ നി-മത് അള്ളാ എന്ന ഒരു പഷ്തൂൺ എഴുത്തുകാരൻ, മഖ്സാനി അഫ്ഘാനി എന്ന ഗ്രന്ഥത്തിൽ പഷ്തൂണുകളുടെ വംശാവലിയെക്കുറിച്ചും സാമൂഹികഘടനയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഇതിൽ വിവരിച്ചിരിക്കുന്ന വംശാവലിയെ വിശ്വസനീയമായ ഒരു ചരിത്രമായി കണക്കാക്കാനാവില്ലെങ്കിലും ഒരു ഐതിഹ്യം എന്ന നിലയിൽ കണക്കിലെടുക്കാൻ സാധിക്കും.

നി-മാത് അള്ളായുടെ വിവരണപ്രകാരം പഷ്തൂണുകൾ പ്രധാനമായും നാല് വംശങ്ങളിലുള്ളവരാണ്‌. ഇതിൽ മൂന്നു വംശങ്ങൾ, ഇവരുടെ പൊതുപൂർവികനായ ഖ്വായ്സ് അബ്ദ് അൽ റഷീദ് പഠാന്റെ മൂന്നു മക്കളുടെ പിൻഗാമികളാണ്‌. സർബൻ, ബിത്താൻ, ഘുർഘുഷ്ട് എനീവരാണ്‌ ഈ മൂന്നു മക്കൾ നിമാത്ത് അള്ളയുടെ അഭിപ്രായപ്രകാരം സർബന്റെ വംശമാണ്‌ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. നാലാമത്തെ വംശത്തിന്റെ പൊതുപൂർവികനായി കണക്കാക്കുന്ന കാർലാൻ അഥവാ കാരാൻ, ഖ്വായ്സ് അബ്ദ് അൽ റഷീദ് പഠാൻ എടുത്തുവളർത്തിയ ഒരു അനാഥനാണെന്നും അതല്ല മറ്റു മൂന്നുവംശങ്ങളിൽ ഒന്നിന്റെ ഉപവംശമാണെന്നും അഭിപ്രായങ്ങളുണ്ട്[11].

1. സർബന്റെ വംശം

ഖ്വയ്സ് അബ്ദ് അൽ റഷീദ് പഠാന്റെ ഏറ്റവും മൂത്ത പുത്രനാണ് സർബൻ. ഇദ്ദേഹത്തിന്റെ പുത്രനായ ശാർഖ്ബന്റെ പിങാമികളാണ്‌ പ്രധാനമായും ദക്ഷിണഫ്ഘാനിസ്ഥാനിൽ കാണുന്നത്. സർബന്റെ മറ്റൊരു പുത്രനായ ഖർശ്ബന്റെ വംശക്കാരെ പെഷവാർ താഴ്വരയിൽ കാണാം. പടിഞ്ഞാറു ഭാഗത്തുള്ള അബ്ദാലികൾ (പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഇവർ ദുറാനികൾ എന്നറിയപ്പെട്ടു), പെഷവാറീന്‌ വടക്കു ജീവിക്കുന്ന യൂസഫ്സായ് തുടങ്ങിയവരൊക്കെ സർബന്റെ വംശത്തില്പ്പെടുന്നവരാണ്‌.

ഖർശ്ബന്റെ പിന്മുറക്കാരിലൊരാളായ കാസിയുടെ വർഗ്ഗത്തില്പ്പെട്ടവരാണ്‌ ഇന്ന് ജലാലാബാദ് പ്രദേശത്ത് വസിക്കുന്ന ഷിന്വാരികൾ. കണ്ടഹാറിന്‌ തെക്കുകിഴക്കായി വസിക്കുന്ന കാസികളും കെത്രാന്മാരും കാസിയുടെ വംശത്തിലുള്ളവരാണ്‌

2. ഷേയ്ഖ് ബിത്താന്റെ വംശം

ബിത്താന്റെ പുത്രിയായ ബീബി മാതോ, ഇന്നത്തെ മദ്ധ്യ അഫ്ഘാനിസ്ഥാനിലെ ഒരു പ്രദേശമായ ഘുറിലെ ഷാ ഹുസൈനെ വിവാഹം ചെയ്തു. ഇവരുടെ പിൻഗാമികളാണ്‌ ഘൽജികൾ. ഖൽജികൾക്കു പുറമേ ഗസ്നിക്കും സിന്ധൂനദിക്കും ഇടയിലുള്ള പ്രദേശത്തെ നിരവധി പഷ്തൂൺ വംശങ്ങളും ഈ വംശത്തിൽപ്പെടുന്നു. നി-മാത് അള്ള ഈ വംശത്തെ വളരെ പ്രാധാന്യം കുറഞ്ഞവരായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്.

3. ഘുർഘുഷ്ടിന്റെ വംശം

മൂന്നാമത്തെ സഹോദരൻ ഘുർഘുഷ്ട്, പഷ്തൂണുകളിലെ നിരവധി വംശങ്ങളുടെ പൂർവികനായി കണക്കാക്കപ്പെടുന്നു. ഇന്നത്തെ പാകിസ്താനിലെ ക്വെത്തക്കു വടക്കുള്ള മരുപ്രദേശത്തുള്ള കാകർ ഇതിലെ പ്രധാനപ്പെട്ട വംശമാണ്‌. കാബൂളിന്‌ വടക്കുകിഴക്കായി വസിക്കുന്ന സാഫി വംശജരും ഇതിൽപ്പെടുന്നു. സാഫികൾ, തെക്ക് കാകരുടെ പ്രദേശത്ത് ജീവിച്ചിരുന്നവരാണെന്നും പിൽക്കാലത്ത് വടക്കോട്ട് കാബൂൾ പ്രദേശത്തേക്ക്ക് കുടിയേറിയതാണെന്നും കരുതുന്നു.

4. കാർലാൻ വംശം

ഇന്നത്തെ പാകിസ്താനിൽ ജീവിക്കുന്ന മിക്ക പഷ്തൂൺ വിഭാഗങ്ങളും തങ്ങളുടെ പൂർവികനായി, കാർലാനെ കണക്കാക്കുന്നു. അഫ്രീദി, ഖാതക്, മംഗൽ, വസീറി, ബംഗഷ്, മഹ്സൂദ് എന്നിങ്ങനെ പെഷവാർ താഴ്വരക്ക് തെക്കുഭാഗത്തുള്ള അപ്രാപ്യമായ ഭൂപ്രദേശങ്ങളിൽ ജീവിക്കുന്ന പഷ്തൂൺ വിഭാഗക്കാരും ഇതില്പ്പെടുന്നു. വംശാവലിയിലെ ഇവരുടെ താഴ്ന്ന സ്ഥാനം ഇവരുടെ ഈ ഒറ്റപ്പെട്ട പ്രദേശത്തെ വാസം സൂചിപ്പിക്കുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യം വരെ ഈ മേഖലയിലെ ജനങ്ങളെക്കുറിച്ച് ഉത്തരേന്ത്യയിലുള്ളവർക്ക് കാര്യമായ അറിവേ ഉണ്ടായിരുന്നില്ല.

കുറിപ്പുകൾ

  • ^ ഖൈബർ ചുരത്തിനടുത്തുള്ള അഫ്രീദികൾ, ഈ ചുരം കടക്കുന്നതിന് അലക്സാണ്ടറിൽ നിന്നും കരം ഈടാക്കിയിരുന്നുവെന്ന് അവകാശപ്പെടുന്നുണ്ട്. ബി.സി.ഇ. 327 സമയത്ത് ഖൈബർ ചുരത്തിന്റെ പരിസരത്ത് പഷ്തൂൺ വംശജർ ഉണ്ടാകാനുള്ള സാധ്യത ഒട്ടും തന്നെയില്ലാത്തതിനാൽ ഇത് ഈ അവകാശവാദം ശരിയാകാൻ വഴിയില്ല.[17]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.