From Wikipedia, the free encyclopedia
പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ ട്രാൻസോക്ഷ്യാനയിലെ ബുഖാറ ഖാനേറ്റിലും (1505-1598) ഖ്വാറസം ഖാനേറ്റിലും (1511-1695) സിബിർ ഖാനേറ്റിലും (1563-1598) ഭരണം നടത്തിയിരുന്ന ഉസ്ബെക് രാജവംശമാണ് ഷിബാനി അഥവാ ഷായ്ബാനി രാജവംശം. തിമൂറി സാമ്രാജ്യത്തെ നിഷ്പ്രഭമാക്കിയാണ് ഷിബാനികൾ ട്രാൻസോക്ഷ്യാനയിൽ അധികാരമുറപ്പിച്ചത്. ചെങ്കിസ് ഖാന്റെ പൗത്രനായ ഷായ്ബാൻ അഥവാ ഷിബാന്റെ പരമ്പരയിൽപ്പെടുന്നവരാണ് ഷിബാനികൾ.
1428 മുതൽ 1468 വരെ ഷിബാനികളുടെ നേതാവായിരുന്ന അബുൾ-ഖായ്ർ ഖാൻ, വിഘടിച്ചു നിന്നിരുന്ന ഉസ്ബെക് വംശങ്ങളെ ഒരുമിപ്പിച്ച് ആദ്യം ട്യൂമെൻ നഗരത്തിനും തുറ നദിക്കും അടുത്തുള്ള പ്രദേശങ്ങളിൽ (ഇന്ന് റഷ്യയിൽ കസാഖ്സ്താനു വടക്ക്) ആധിപത്യം സ്ഥാപിക്കുകയും തുടർന്ന് അധികാരം സിർ ദര്യ പ്രദേശത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. 1430/31-ൽ അബുൽ ഖായ്ർ, അറാളിന് തെക്കുള്ള ഖോറെസ്മിയ പിടിച്ചടക്കി. തുട്ര്ന്നുള്ള വർഷങ്ങളിൽ തെക്കുള്ള തിമൂറി പ്രദേശങ്ങളിലേക്ക് ഇവർ ആക്രമണങ്ങൾ അഴിച്ചുവിട്ടു.
പതിനഞ്ചാം നൂറ്റാണ്ടോടെ ഷിബാനികളുടെ ഒരു ശാഖ തെക്കോട്ട് ട്രാൻസോക്ഷ്യാനയിലെത്തുകയും തിമൂറികളെ തുരത്തി അധികാരം സ്ഥാപിക്കുകയും ചെയ്തു. അബുൾ-ഖായ്ർ ഖാന്റെ പൗത്രനും 1500 മുതൽ 1510 വരെ ഭരണത്തിലിരുന്ന മുഹമ്മദ് ഷായ്ബനി ഖാന്റെ പേരിൽ നിന്നാണ് ഈ രാജവംശത്തിന് ഷിബാനി/ഷയ്ബാനി രാജവംശം എന്ന പേര് വന്നത്. (ഷൈബാനി ഖാൻ എന്ന പേരിൽ മാത്രമായാണ് മുഹമ്മദ് ഷൈബാനി ഖാൻ പിൽക്കാലത്ത് അറിയപ്പെടുന്നത്). ഇദ്ദേഹം തിമൂറികളിൽ നിന്ന് സമർഖണ്ഡ്, ഹെറാത്ത്, ബുഖാറ തുടങ്ങിയ നഗരങ്ങളുടെ നിയന്ത്രണം കൈയടക്കുകയും ട്രാൻസോക്ഷ്യാന പൂർണ്ണമായും കൈപ്പിടിയിലാക്കുകയും ഷൈബാനി സാമ്രാജ്യത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
1504-ൽ കുറേ കിഴക്കുള്ള ഫർഘാന ഷൈബാനികളുടെ നിയന്ത്രണത്തിലായി. തിമൂറികളുടെ പിൻഗാമിയും മുഗൾവംശസ്ഥാപകനുമായ ബാബറെയാണ് ഷൈബാനികൾ ഇവിടെ പരാജയപ്പെടുത്തിയത്. ഇതിനെത്തുടർന്ന് തെക്കോട്ടു നീങ്ങിയ ഇവർ അമു ദര്യ കടന്ന് ഇറാനിയൻ പീഠഭൂമിയിലേക്കെത്തി. 1507-ൽ ഹെറാത്ത് ഉസ്ബെക്കുകളുടെ നിയന്ത്രണത്തിലായി. എന്നാൽ മുൻകാല അധിനിവേശങ്ങൾ പോലെ നഗരം കൊള്ളയടിച്ച് നശിപ്പിക്കാൻ ഷൈബാനികൾ ശ്രമിച്ചില്ല. ഇവരുടെ സമീപനം വളരെ മാന്യമായിരുന്നു. മുൻ ഹെറാത്തി ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുതന്നെ നിയമിച്ച് ജനജീവിതം സാധാരണഗതിയിൽ തുടരാൻ അനുവദിക്കുകയും നഗരവാസികളിൽ നിന്നും കരം മാത്രം പിരിക്കുകയും ചെയ്തു. ഷൈബാനികളുടെ മാതൃകാപരമായ ഈ പെരുമാറ്റം, മറ്റു പല നഗരങ്ങളേയ്യും ഹെറാത്തിന്റെ വഴിക്ക് ഉസ്ബെക്കുകൾക്ക് കീഴ്പ്പെടാൻ പേരണ നൽകി. അങ്ങനെ ഉസ്ബെക് സാമ്രാജ്യം ഇറാനിലേക്ക് വിജയകരമായി പ്രവേശിച്ചു[1].
എന്നാൽ ഉസ്ബെക്കുകളുടെ ഈ മുന്നേറ്റം സഫവി സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഷാ ഇസ്മാ ഈൽ ഒന്നാമൻ തടഞ്ഞു. 1510-ൽ മാർവിനടുത്തുവച്ചു നടന്ന ഒരു യുദ്ധത്തിൽ ഇദ്ദേഹം, ഷായ്ബാനി ഖാനെ പരാജയപ്പെടുത്തി, ഉസ്ബെക്കുകളെ ട്രാൻസോക്ഷ്യാനയിലേക്ക് തുരത്തുകയും ഹെറാത്ത് സഫവികൾ കൈയടക്കുകയും ചെയ്തു[1]. ഈ യുദ്ധത്തിൽ മുഹമ്മദ് ഷൈബാനി ഖാൻ മരണമടഞ്ഞു.
1511-ൽ ഉസ്ബെക്കുകളും സഫവികളും ഒരു ഉടമ്പടിയിലെത്തുകയും ഇതനുസരിച്ച് അമു ദര്യ നദി അതിർത്തിയായി പരസ്പരം അംഗീകരിക്കുകയും ചെയ്തു. എങ്കിലും പരസ്പരമുള്ള ആക്രമണങ്ങൾക്ക് ഈ ഉടമ്പടിക്കും അന്ത്യം വരുത്താനായില്ല[1]. ഷൈബാനി ഖാന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ സാമ്രാജ്യത്തിന്റെ ഭരണം തുടർന്നു. പിന്നീട് ഇവരുടെ പിൻഗാമികൾ 1598 വരെ ബുഖാറയിലും, 1695 വരെ ഖ്വാറസമിലും (ഖീവ), 1598 വരെ സിബിറിലും ഭരണം നടത്തിയിരുന്നു.
ചഗതായ് തുർക്കി ഭാഷയുടെ പ്രോൽസാഹകനായിരുന്ന ഷൈബാനി ഖാന്റെ ഭരണകാലത്താണ് പ്രശസ്തനായ കവി, അലി ഷേർ നവായ് (1441-1501) ആദ്യത്തെ തുർക്കി ഭാഷാലിപിയുണ്ടാക്കുന്നത്.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.