From Wikipedia, the free encyclopedia
ഭാരതത്തിൽ യുവമിഥുനങ്ങളുടെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് മിഥുനം. മിഥുനം രാശിചക്രത്തിലെ രാശികളിൽ ഒന്നാണ്. സൂര്യൻ മലയാളമാസം മിഥുനത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. രണ്ടാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ടോളമി വിവരിച്ച 48 രാശികളിൽ ഒന്നായിരുന്നു ഇത്. ശബരൻ നക്ഷത്രഗണത്തിന്റെ വടക്കുകിഴക്കായിട്ടാണ് മിഥുനം നക്ഷത്രഗണം കാണപ്പെടുന്നത്.[1] m35 നക്ഷത്രക്കൂട്ടം ഇതിനുള്ളിലാണ്. NGC 2392 എസ്കിമോ അല്ലെങ്കിൽ ക്ലൌൺ ഫേൺസ് എന്ന പ്ലാനറ്ററി നീഹാരിക ഇതിനുള്ളിലാണ്.
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
മിഥുനം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Gem |
Genitive: | Geminorum |
ഖഗോളരേഖാംശം: | 7 h |
അവനമനം: | +20° |
വിസ്തീർണ്ണം: | 514 ചതുരശ്ര ഡിഗ്രി. (30-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
8, 17 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
80 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
3 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
4 |
സമീപ നക്ഷത്രങ്ങൾ: | 1 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
പോളക്സ് (β Gem) (1.1m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
GJ 251 (18.2 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 1 |
ഉൽക്കവൃഷ്ടികൾ : | Geminids Rho Geminids |
സമീപമുള്ള നക്ഷത്രരാശികൾ: |
കാട്ടുപൂച്ച (Lynx) പ്രാജിത രാശി (Auriga) ഇടവം (Taurus) ശബരൻ (Orion) ഏകശൃംഗാശ്വം (Monoceros) ലഘുലുബ്ധകൻ (Canis Minor) കർക്കടകം (Cancer) |
അക്ഷാംശം +90° നും −60° നും ഇടയിൽ ദൃശ്യമാണ് ഫെബ്രുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
പടിഞ്ഞാറ് ഇടവത്തിനും കിഴക്ക് കർക്കിടകത്തിനും ഇടയിലാണ് മിഥുനം സ്ഥിതി ചെയ്യുന്നത്. വടക്ക് പ്രാജിതയും കാട്ടുപൂച്ചയും തെക്ക് ഏകശൃംഗാശ്വവും ലഘുലുബ്ധകനും തെക്ക്- പടിഞ്ഞാറ് ഓറിയോണും സ്ഥിതി ചെയ്യുന്നു.
പുരാതന കാലത്ത് ഉത്തരായനാന്തത്തിലെ ആദ്യദിവസം സൂര്യന്റെ സ്ഥാനം കർക്കിടകത്തിൽ ആയിരുന്നു. എഡി ഒന്നാം നൂറ്റാണ്ടിൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം അത് മിഥുനത്തിലേക്ക് മാറി. 1990-ൽ ഉത്തരായനാന്തത്തിലെ ആദ്യ ദിവസത്തെ സൂര്യന്റെ സ്ഥാനം മിഥുനത്തിൽ നിന്ന് ഇടവത്തിലേക്ക് നീങ്ങി. അവിടെ അത് 27-ാം നൂറ്റാണ്ട് വരെ നിലനിൽക്കുകയും പിന്നീട് മേടത്തിലേക്ക് മാറുകയും ചെയ്യും.[2]
ഡിസംബർ-ജനുവരി മാസങ്ങളിൽ മിഥുനം രാശി രാത്രി മുഴുവൻ ദൃശ്യമാകും.
മിഥുനം നക്ഷത്രരാശിയിൽ നഗ്നനേത്രങ്ങളാൽ ദൃശ്യമാകുന്ന 85 നക്ഷത്രങ്ങൾ അടങ്ങിയിരിക്കുന്നു.[3][4]
മിഥുനത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം പൊളക്സും രണ്ടാമത്തേത് കാസ്റ്ററും ആണ്.ബെയറുടെ നാമകരണ സമ്പ്രദായത്തിൽ കാസ്റ്ററിന് "ആൽഫ" എന്ന പേരാണ് ജൊഹാൻ ബെയർ നല്കിയത്. 1603-ൽ അന്നത്തെ സാഹചര്യത്തിൽ കാസ്റ്ററിന്റെയും പൊളക്സിന്റെയും തിളക്കം കൃത്യമായി കണക്കാക്കുന്നതിൽ വന്ന പിഴവാണ് ഇതിനു കാരണം.[5]
കാസ്റ്റർ ഭൂമിയിൽ നിന്ന് 52 പ്രകാശവർഷം അകലെയുള്ള ഒരു സെക്സ്റ്റൂപ്പിൾ സ്റ്റാർ സിസ്റ്റമാണ്. ഇത് 1.6 കാന്തിമാനമുള്ള നീല നക്ഷത്രമായി കാണപ്പെടുന്നു.470 വർഷങ്ങൾ കൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കുന്ന സ്പെക്ട്രോസ്കോപിക് ഇരട്ടകൾ ഇതിലുണ്ട്.19.5 മണിക്കൂർ കൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കുന്ന അൽഗോൾ ടൈപ്പ് ഗ്രഹണദ്വന്ദവും കാസ്റ്ററിന്റെ ഭാഗമാണ്.
പോളക്സ് (β Gem) ഭൂമിയിൽ നിന്ന് 34 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഓറഞ്ച്ഭീമൻ നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 1.14 ആണ്. പോളക്സിന് ഒരു ഗ്രഹമുണ്ട് . കൂടാതെ മിഥുനം രാശിയിലെ മറ്റു രണ്ടു നക്ഷത്രങ്ങളായ HD 50554, HD 59686 എന്നിവക്കും ഗ്രഹങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഭൂമിയിൽ നിന്ന് 105 പ്രകാശവർഷം അകലെയുള്ള നീല നക്ഷത്രമാണ് അൽഹെന. ഇതിന്റെ കാന്തിമാനം 1.9 ആണ്.
ഭൂമിയിൽ നിന്ന് 59 പ്രകാശവർഷം അകലെയുള്ള ഒരു ദീർഘകാല ദ്വന്ദ്വ നക്ഷത്രമാണ് δ Gem (വാസത്). പ്രാഥമികനക്ഷത്രം 3.5 കാന്തിമാനമുള്ള ഒരു വെളുത്ത നക്ഷത്രമാണ്. കാന്തിമാനം 8.2 ഉള്ള ഓറഞ്ച് കുള്ളൻ നക്ഷത്രമാണ് രണ്ടാമത്തേത്. 1000 വർഷങ്ങൾ കൊണ്ടാണ് ഇവ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. ഇടത്തരം അമേച്വർ ദൂരദർശിനികൾ ഉപയോഗിച്ച് ഇവയെ വേർതിരിച്ച് കാണാനാവും.
ε Gem (മെബ്സൂട്ട) ഒരു ഇരട്ട നക്ഷത്രമാണ്. ഭൂമിയിൽ നിന്ന് 900 പ്രകാശവർഷം അകലെയുള്ള പ്രാഥമികനക്ഷത്രത്തിന്റെ കാന്തിമാനം 3.1 ആണ്. ഇത് ഒരു മഞ്ഞ അതിഭീമൻ നക്ഷത്രമാണ്. 9.6 കാന്തിമാനമുള്ള രണ്ടാമത്തെ നക്ഷത്രം ചെറിയ ദൂരദർശിനികൾ ഉപയോഗിച്ചും ബൈനോക്കുലറിലൂടെയും കാണാൻ കഴിയും.[5]
ζ Gem (മെക്ബുഡ) ഒരു ഇരട്ട നക്ഷത്രമാണ്. പ്രാഥമികനക്ഷത്രം ഒരു സെഫീഡ് വേരിയബിൾ ആണ്. ഏറ്റവും കുറഞ്ഞ കാന്തിമാനം 4.2 ഉം കൂടിയ കാന്തിമാനം 3.6 ഉം ആണ്. 10.2 ദിവസമാണ് ഇതിനെടുക്കുന്നത്. ഭൂമിയിൽ നിന്ന് 1,200 പ്രകാശവർഷം അകലെയുള്ള ഒരു മഞ്ഞ അതിഭീമൻ നക്ഷത്രമാണിത്. ഏകദേശം സൂര്യന്റെ 2.20,000 മടങ്ങ് വലുപ്പമുണ്ട് ഇതിന്. ബൈനോക്കുലറുകളിലൂടെയും ചെറിയ അമച്വർ ടെലിസ്കോപ്പുകളിലൂടെയും രണ്ടാമത്തെ നക്ഷത്രത്തെ കാണാനാവും. ഇതിന്റെ കാന്തിമാനം 7.6 ആണ്.
η Gem (പ്രോപസ്) ഒരു ദ്വന്ദ്വനക്ഷത്രമാണ്. 500 വർഷം കൊണ്ടാണ് ഇവ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. വലിയ അമേച്വർ ദൂരദർശിനികളിലൂടെ മാത്രമേ ഇവയെ വേർതിരിച്ചു കാണാൻ കഴിയൂ. ഭൂമിയിൽ നിന്നും 280 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. പരമാവധി കാന്തിമാനം 3.9ഉം കുറഞ്ഞത് 3.1ഉം ഉള്ള ഒരു ചരനക്ഷത്രമാണ് പ്രധാനനക്ഷത്രം. രണ്ടാമത്തേതിന്റെ കാന്തിമാനം 6 ആണ്.[5]
ഭൂമിയിൽ നിന്ന് 143 പ്രകാശവർഷം അകലെയുള്ള ഒരു ദ്വന്ദ്വനക്ഷത്രമാണ് κ Gem. 3.6 കാന്തിമാനമുള്ള ഒരു മഞ്ഞ ഭീമൻ ആണ് പ്രാഥമിക നക്ഷത്രം. രണ്ടാമത്തേതിന്റെ കാന്തിമാനം 8 ആണ്. വലിയ ദൂരദർശിനികൾ ഉപയോഗിച്ചു മാത്രമേ ഇവയെ വേർതിരിച്ചു കാണാനാവൂ.
ν Gem ബൈനോക്കുലർ, ചെറിയ അമച്വർ ദൂരദർശിനി എന്നിവ ഉപയോഗിച്ച് വേർതിരിച്ച് കാണാൻ കഴിയുന്ന ഇരട്ട നക്ഷത്രമാണ്. ഭൂമിയിൽ നിന്ന് 550 പ്രകാശവർഷം അകലെയുള്ള ഒരു നീല ഭീമനാണ് പ്രാഥമികനക്ഷത്രം. ഇതിന്റെ കാന്തിമാനം4.1 ആണ്. രണ്ടാമത്തേതിന്റെ കാന്തിമാനം 8 ആണ്.
38 Gem ഭൂമിയിൽ നിന്ന് 84 പ്രകാശവർഷം അകലെയുള്ള ബൈനറി നക്ഷത്രമാണ്. ചെറിയ അമച്വർ ദൂരദർശിനികളിലൂടെ ഇവയെ വേർതിരിച്ച് കാണാനാവും.[5]
1855-ൽ ജെ.ആർ. ഹിൻഡ് കണ്ടെത്തിയ ഒരു കുള്ളൻ നോവ വിഭാഗത്തിൽ പെട്ട കാറ്റക്ലിസ്മിക് ചരനക്ഷത്രമാണ് U Gem.[6]
മിഥുന രാശിയിലെ മറ്റൊരു നക്ഷത്രമാണ് Mu Gem (ടേജറ്റ്). ഇരട്ടകളിൽ ഒരാളായ കാസ്റ്ററിന്റെ പാദമായതിനാൽ പിൻ കാൽ എന്നർത്ഥം വരുന്ന ടേജറ്റ് പോസ്റ്റീരിയർ എന്ന പരമ്പരാഗത നാമം ഇതിന് ഉണ്ട്.
1745-ൽ സ്വിസ് ജ്യോതിശാസ്ത്രജ്ഞനായ ഫിലിപ്പ് ലോയ്സ് ഡി ചെസോക്സ് കണ്ടെത്തിയ തുറന്ന താരവ്യൂഹമാണ് M35 (NGC 2168). ഇതിന്റെ കാന്തിമാനം 5 ആണ്. ഇതിന് ഏകദേശം 0.2 ചതുരശ്ര ഡിഗ്രി വിസ്തീർണ്ണമുണ്ട്. ഇരുണ്ട ആകാശത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് M35 കാണാൻ കഴിയും. ഇരുന്നൂറോളം നക്ഷത്രങ്ങൾ ഈ താരവ്യൂഹത്തിലുണ്ട്. ഇത് ഭൂമിയിൽ നിന്നും 2800 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. മിഥുനത്തിലെ മറ്റൊരു തുറന്ന താരവ്യൂഹം NGC 2158 ആണ്. വലിയ അമച്വർ ദൂരദർശിനികളിൽ ഇത് വളരെ വ്യക്തമായി കാണാം. ഭൂമിയിൽ നിന്നും 12,000 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[5]
NGC 2392 എന്നത് 9.2 തീവ്രതയുള്ള ഒരു ഗ്രഹ നെബുലയാണ്. ഭൂമിയിൽ നിന്നും ഏകദേശം 4,000 പ്രകാശവർഷം അകലെയാണ് ഇതുള്ളത്.[7] ഒരു ചെറിയ അമച്വർ ദൂരദർശിനിയിൽ അതിന്റെ മദ്ധ്യത്തിലുള്ള നക്ഷത്രത്തെ കാണാനാവും. ഇതിന്റെ കാന്തിമാനം 10 ആണ്. ഇതിന്റെ നീല കലർന്ന പച്ച നിറത്തിലുള്ള ദീർഘവൃത്താകാര വലയവും കാണാൻ കഴിയും.
1,500 പ്രകാശവർഷം അകലെയുള്ള മറ്റൊരു ഗ്രഹ നെബുലയാണ് മെഡൂസ നെബുല. ഭൂമിയിൽ നിന്ന് ഏകദേശം 550 പ്രകാശവർഷം അകലെയുള്ള ഒരു ന്യൂട്രോൺ നക്ഷത്രമാണ് ജെമിംഗ. NGC 2129, NGC 2158, NGC 2266, NGC 2331, NGC 2355, NGC 2355 എന്നിവയാണ് മറ്റ് വസ്തുക്കൾ.
ഡിസംബർ 13-14 തിയതികളിൽ കാണുന്നന ഉജ്ജ്വലമായ ഉൽക്കാവർഷ മാണ് ജെമിനിഡ്സ്. മണിക്കൂറിൽ ഏകദേശം 100 ഉൽക്കകൾ വരെ കാണാറുണ്ട്. [5] ഒക്ടോബർ 18 നും 29 നും ഇടയിലാണ് എപ്സിലോൺ ജെമിനിഡ്സ് ശക്തമാകുന്നത്. അടുത്തിടെ മാത്രമാണ് ഈ ഉൽക്കാവർഷം സ്ഥിരീകരിച്ചത്. ഇത് ഓറിയോണിഡ് ഉൽക്കാവർഷവുമായി ചേർന്നു വരുന്നതുകൊണ്ട് എപ്സിലോൺ ജെമിനീഡ്സിനെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു. എപ്സിലോൺ ജെമിനിഡ് ഉൽക്കകൾക്ക് ഓറിയോണിഡുകളേക്കാൾ ഉയർന്ന വേഗതയുണ്ട്.[8]
ബാബിലോണിയൻ ജ്യോതിശാസ്ത്രത്തിൽ കാ സ്റ്റർ, പോളക്സ് എന്നീ നക്ഷത്രങ്ങളെ ഗ്രേറ്റ് ട്വിൻസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇരട്ടകളെ ദൈവങ്ങളായി കണക്കാക്കുകയും യഥാക്രമം 'അധോലോകത്തിൽ നിന്ന് ഉത്ഭവിച്ചവൻ' എന്നും 'ശക്തനായ രാജാവ്' എന്നും അർത്ഥം വരുന്ന മെഷ്ലാംതിയ. ലുഗാലിറ എന്നീ പേരുകളിൽ ഇവ അറിയപ്പെട്ടു. ഈ രണ്ട് പേരുകളും ബാബിലോണിയൻ ഇതിഹാസങ്ങളിലെ അധോലോകത്തിന്റെ ദേവനായിരുന്ന നെർഗലിന്റെ പര്യായങ്ങളായും ഉപയോഗിച്ചിരുന്നു.[9]
ഗ്രീക്ക് പുരാണങ്ങളിൽ മിഥുനം ലീഡയുടെയും അർഗോനോട്ടുകളുടെയും മക്കളായ കാസ്റ്റർ, പൊള്ളക്സ് എന്നിവരുടെ കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ലിഡയുടെ കാമുകനായ സിയൂസിന്റെ മകനായിരുന്നു പൊള്ളക്സ്. കാസ്റ്റർ സ്പാർട്ടയിലെ രാജാവും ലെഡയുടെ ഭർത്താവുമായ ടിൻഡേറിയസിന്റെ മകനായിരുന്നു. കാസ്റ്ററും പോളക്സും നാവികരുടെ സംരക്ഷകരെന്ന നിലയിൽ സെന്റ് എൽമോയുടെ തീയുമായി ഐതിഹ്യപരമായി ബന്ധപ്പെട്ടിരിക്കുന്നു.[10] കാസ്റ്റർ മരിച്ചപ്പോൾ, അവൻ മർത്യനായിരുന്നതിനാൽ, കാസ്റ്റർക്ക് അമർത്യത നൽകണമെന്ന് പോളക്സ് തന്റെ പിതാവായ സിയൂസിനോട് അപേക്ഷിച്ചു. സിയൂസ് അവരെ സ്വർഗത്തിൽ ഒന്നിച്ചു ചേർത്തു.
മിഥുനത്തിലെ പ്രധാന നക്ഷത്രങ്ങൾ കാസ്റ്ററും പോളക്സും ആണ്, താരതമ്യേന വളരെ അടുത്ത് കാണപ്പെടുന്ന ഈ രണ്ട് ശോഭയുള്ള നക്ഷത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കഥകൾ രൂപം കൊണ്ടിട്ടുള്ളത്. ഇരട്ട കുട്ടികളായാണ് ഇവ കഥകളിൽ ഇടം പിടിച്ചിട്ടുള്ളത്. ഇരട്ടകളിൽ മുകളിൽ വലതു ഭാഗത്തുള്ള നക്ഷത്രമാണ് കാസ്റ്റർα (Gem). ഇത് ഇരട്ടകളുടെ തലയെ പ്രതിനിധീകരിക്കുന്നു. ബെയർ നാമകരണത്തിൽ ആൽഫ എന്നാണെങ്കിലും മിഥുനത്തിൽ തിളക്കത്തിൽ രണ്ടാം സ്ഥാനത്താണ് ഈ നക്ഷത്രം. ഇടതു ഭാഗത്തുള്ള നക്ഷത്രമാണ് പോളക്സ്. ബെയർ നാമകരണത്തിൽ β Gem എന്നാണ് പേര്. ഇരട്ടകളിലെ പോളക്സിന്റെ തലയായാണ് ഇതിനെ ചിത്രീകരിച്ചിട്ടുള്ളത്. മിഥുനത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണിത്. മറ്റ് നക്ഷത്രങ്ങളെ മുകളിൽ പറഞ്ഞ രണ്ട് പ്രധാന നക്ഷത്രങ്ങളിൽ നിന്ന് താഴേക്ക് വരുന്ന രണ്ട് സമാന്തര രേഖകളായി ദൃശ്യവൽക്കരിച്ചിരിക്കുന്നു. ഇത് രണ്ട് ആൾ രൂപങ്ങൾ പോലെ കാണപ്പെടുന്നു.
മിഥുനത്തിലെ നക്ഷത്രങ്ങളെ ബന്ധിപ്പിച്ചിരുന്ന പരമ്പരാഗത ദൃശ്യവൽക്കരണത്തിന് പകരം ഇരട്ടകളെ കൈകൾ കോർത്തു പിടിച്ചു നടക്കുന്ന രൂപമായാണ് എച്ച്.എ.റേ ചിത്രീകരിച്ചത്. പൊള്ളക്സിന്റെ ശരീരഭാഗത്തെ υ Gem എന്ന നക്ഷത്രവും, പോളക്സിന്റെ വലത് കൈ ι Gem എന്ന നക്ഷത്രവും, പോളക്സിന്റെ ഇടത് കൈ κ Gem എന്ന നക്ഷത്രവും പ്രതിനിധീകരിക്കുന്നു; ഈ മൂന്ന് നക്ഷത്രങ്ങളുടെയും കാന്തിമാനം നാല് ആണ്. പൊള്ളക്സിന്റെ ഇടുപ്പ് δ Gem എന്ന നക്ഷത്രവും പോളക്സിന്റെ വലത് കാൽമുട്ടിനെ ζ Gem എന്ന നക്ഷത്രവും പോളക്സിന്റെ വലത് കാൽമുട്ടിനെ γ Gem എന്ന നക്ഷത്രവും പൊള്ളക്സിന്റെ ഇടത് കാൽമുട്ടിനെ λ Gem എന്ന നക്ഷത്രവും പൊള്ളക്സിന്റെ ഇടത് കാൽമുട്ടിനെ ξ Gem എന്ന നക്ഷത്രവും എന്നിവ പ്രതിനിധീകരിക്കുന്നു γ Gem എന്ന നക്ഷത്രത്തിന്റെ കാന്തിമാനം രണ്ട് ആണ്. δ Gem ξ Gem എന്നീ നക്ഷത്രങ്ങളുടെ കാന്തിമാനം മൂന്ന് ആണ്. കാസ്റ്ററിന്റെ ശരീരഭാഗത്തെ τ Gem എന്ന നക്ഷത്രം പ്രതിനിധീകരിക്കുന്നു. കാസ്റ്ററിന്റെ ഇടതു കൈ ι Gem (അത് പോളക്സുമായി പങ്കിടുന്നു), കാസ്റ്ററിന്റെ വലതു കൈ θ Gem. ഈ മൂന്ന് നക്ഷത്രങ്ങളുടെയും കാന്തിമാനം നാല് ആണ്. കാസ്റ്ററിന്റെ ഇടുപ്പിനെ ε Gem എന്ന നക്ഷത്രവും കാസ്റ്ററിന്റെ ഇടത് കാൽ ν Gem എന്ന നക്ഷത്രവും കാസ്റ്ററിന്റെ വലത് പാദം μ Gem എന്ന നക്ഷത്രവും η Gem എന്ന നക്ഷത്രവും പ്രതിനിധീകരിക്കുന്നു. ε, μ, η എന്നിവയുടെ കാന്തിമാനം മൂന്ന് ആണ്. ഈ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം പൊള്ളക്സ് ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.