നൂർ മുഹമ്മദ് താരക്കി
From Wikipedia, the free encyclopedia
അഫ്ഗാനിസ്താന്റെ മൂന്നാമത്തെ പ്രസിഡണ്ടാണ് നൂർ മുഹമ്മദ് താരക്കി (പഷ്തു: نور محمد ترکۍ) (ജീവിതകാലം:1917 ജൂലൈ 15 - 1979 ഒക്ടോബർ 9). അഫ്ഗാനിസ്താനിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്ന പി.ഡി.പി.എ.യുടെ സ്ഥാപകനേതാവും, പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം. പൊതുവേ തീവ്രനിലപാടുകൾ സ്വീകരിച്ചിരുന്ന താരക്കി, പി.ഡി.പി.എയുടെ ഖൽഖ് വിഭാഗത്തിന്റെ നേതാവായിരുന്നു.
നൂർ മുഹമ്മദ് താരക്കി نور محمد ترکۍ | |
അഫ്ഗാനിസ്താന്റെ മൂന്നാമത്തെ പ്രസിഡണ്ട് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ ആദ്യത്തെ പ്രസിഡണ്ട്. | |
പദവിയിൽ 1978 ഏപ്രിൽ 30 – 1979 സെപ്റ്റംബർ 16 | |
പ്രധാനമന്ത്രി | സ്വയം, ഹഫീസുള്ള അമീൻ |
---|---|
മുൻഗാമി | അബ്ദുൾ ഖാദിർ ദഗർവാൾ |
പിൻഗാമി | ഹഫീസുള്ള അമീൻ |
അഫ്ഗാനിസ്തന്റെ 12-ആമത് പ്രധാനമന്ത്രി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ ആദ്യത്തെ പ്രധാനമന്ത്രി. | |
പദവിയിൽ 1978 ഏപ്രിൽ 30 – 1979 മാർച്ച് 27 | |
മുൻഗാമി | മുഹമ്മദ് മൂസ ഷാഫിഖ് |
പിൻഗാമി | ഹഫീസുള്ള അമീൻ |
ജനനം | (1917-07-15)15 ജൂലൈ 1917[1] ഗസ്നി, അഫ്ഗാനിസ്താൻ |
മരണം | 9 ഒക്ടോബർ 1979(1979-10-09) (പ്രായം 62) കാബൂൾ, അഫ്ഗാനിസ്താൻ |
രാഷ്ട്രീയകക്ഷി | പി.ഡി.പി.എ. (ഖൽഖ് വിഭാഗം) |
1978-ലെ സോർ സൈനികവിപ്ലവത്തിലൂടെ, പ്രസിഡണ്ട് മുഹമ്മദ് ദാവൂദ് ഖാനെ അട്ടിമറിച്ചാണ്, താരക്കി, പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നീ പദവികൾ ഏറ്റെടുത്ത്, രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണത്തിന് തുടക്കം കുറിക്കുന്നത്. വിദ്യാഭ്യാസം, ഭൂപരിഷ്കരണം, സ്ത്രീപുരുഷസമത്വം, വിവാഹബന്ധങ്ങൾ തുടങ്ങിയ സാമൂഹികമേഖലകളിൽ വിപ്ലവകരമായ പരിഷ്കരണനടപടികൾ താരക്കിയുടെ ഭരണകാലത്ത് നടപ്പിലാക്കി. സോവിയറ്റ് യൂനിയനുമായി ഒരു സൗഹൃദക്കരാർ ഒപ്പിട്ടതും താരക്കിയുടെ കാലത്താണ്.
എന്നാൽ താരക്കിയുടെ പരിഷ്കരണനടപടികൾക്ക് പഷ്തൂൺ-ഇതര വിഭാഗങ്ങളുടേയും, അടിസ്ഥാന ഇസ്ലാമികവാദികളുടേയും വൻ എതിർപ്പ് നേരിട്ടു. ഇതിനു പുറമേ സ്വന്തം കക്ഷിയിലെ പാർചം വിഭാഗത്തിന്റേയും എതിർപ്പുകൾ താരക്കിക്ക് നേരിടേണ്ടി വന്നു. ഇതുമൂലം താരക്കിക്ക്, ആദ്യം 1979 മാർച്ചിൽ തന്റെ പ്രധാനമന്ത്രി സ്ഥാനവും, പിന്നീട് 1979 സെപ്റ്റംബറിൽ പ്രസിഡണ്ട് സ്ഥാനവും ഹഫീസുള്ള അമീന് കൈമാറേണ്ടിവന്നു. 1979 ഒക്ടോബറിൽ നൂർ മുഹമ്മദ് താരക്കി ദുരൂഹമായി മരണമടയുകയായിരുന്നു.