From Wikipedia, the free encyclopedia
മരമുകളിലും ചെടിത്തലപ്പുകളിലും കൂടു കെട്ടി ജീവിക്കുന്ന ഇളം തവിട്ട് നിറത്തിലുള്ള ഉറുമ്പുകളെയാണ് നീറ് അഥവാ പുളിയുറുമ്പ് എന്ന് വിളിക്കുന്നത്. ശാസ്ത്രീയ നാമം: ഏയ്കോഫില്ല സ്മരഗ്ഡിന, Oecophylla smaragdina. ഇംഗ്ലീഷ്: Weaver ant. സംഘടിത പ്രവർത്തനത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈ ജീവികൾ. പുളിയുറുമ്പുകൾ ഉള്ള മരത്തിലെ കായ് ഏറ്റവും ഭക്ഷ്യയോഗ്യമായിരിക്കും എന്നു പറയാറുണ്ട്. ഇവ വളരുന്ന ആവാസവ്യവസ്ഥയിൽ ഉള്ള കീടങ്ങളെ ഇവ കൊന്നൊടുക്കുന്നതു കൊണ്ട് വിവിധ രാജ്യങ്ങളിൽ കീടനിവാരണത്തിനായി കർഷകർ പുളിയുറുമ്പുകളെ ഉപയോഗിച്ചുവരുന്നു
Oecophylla | |
---|---|
നീറുകൾ, പേരാവൂരിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | Formicinae |
Tribe: | Oecophyllini |
Genus: | Oecophylla Smith, 1860 |
Species | |
†Oecophylla atavina | |
Diversity | |
2 species | |
Oecophylla range map. Oecophylla longinoda in blue, Oecophylla smaragdina in red.[1] |
എയ്ക്കോഫില്ല സ്മരഗ്ഡിന എന്ന ഇനം ഏഷ്യൻ രാജ്യങ്ങളിലും എയ്കോഫില ലോങിനോഡ എന്ന ഇനം മദ്ധ്യ ആഫ്രിക്കയിലും കണ്ടുവരുന്ന അവശേഷിക്കുന്ന രണ്ട് സ്പീഷീസുകളാണ്. 13 മറ്റു സ്പീഷീസുകൾക്ക് വംശനാശം സംഭവിച്ചു.
ഇന്ത്യ, ശ്രീലങ്ക എന്നി രാജ്യങ്ങൾ മുതൽ തെക്ക് പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളും വടക്കൻ ആസ്റ്റ്രേലിയയും മെലനേഷ്യ വരേക്കും കണ്ടു വരുന്നു. [2] ആസ്റ്റ്രേലിയയിൽ ഭൂമധ്യരേഖക്കടുത്തുള്ള തീരപ്രദേശങ്ങളിൽ തെക്ക് ബ്രൂമേ വരേയും വടക്ക് ക്വീൻസ്ലാൻഡിലെ യെപ്പൂൺ വരെയും ഇവയെ കണ്ടുവരുന്നു. [3]
പുളിയുറുമ്പുകളുടെ ഒരു സമൂഹത്തെ സ്ഥാപിക്കുന്നത് ഒന്നോ അതിലധികമോ റാണി ഉറുമ്പുകളാണ്. [4] ഇവ ഇണ ചേർന്നു കഴിഞ്ഞാണ് കോളനിസ്ഥാപനം നടത്തുക. റാണി ആദ്യത്തെ മുട്ടകൾ തിരഞ്ഞെടുത്ത ഒരു മരത്തിലെ ഒരിലയിൽ മുട്ടകൾ ഇടുകയും അവയെ സംരക്ഷിച്ചുകൊണ്ട് ആദ്യത്തെ പറ്റം ഉറുമ്പുകളെ സൃഷ്ടിക്കുന്നതു വരെ അവർക്ക് തീറ്റകൊടുക്കുകയും ചെയ്യുന്നു. മുതിർന്നു കഴിഞ്ഞ ഉറുമ്പുകൾ ആണ് ഇനിയുള്ള പണികൾക്കായി വിനിയോഗിക്കപ്പെടുന്ന ജോലിക്കാർ. ഇവർ ഇലകൾ നെയ്ത് കൂടുകൾ കെട്ടുകയും റാണി വഴിയേ ഇടുന്ന മുട്ടകൾക്ക് പൊർന്നയിരിക്കുകയും അവയുടെ സംരക്ഷണവും പാലിക്കുന്നു. അങ്ങനെ കൂടുതൽ ഉറുമ്പുകൾ ഉണ്ടാകുകയും കോളനി വികസിക്കുകയും ചെയ്യുന്നു. ജോലിക്കാരൻ ഉറുമ്പുകൾ പ്രത്യേകം സംഘങ്ങളായി തിരിഞ്ഞ് കോളനിയുടെ മരാമത്തുകൾ, പ്രതിരോധം, ഇരതേടൽ തുടങ്ങി വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബൃഹത്തായ സംഘങ്ങൾ തമ്മിലുള്ള ആശയവിനിമയം സ്പർശനത്തിലൂടെയും ഫിറമോണുകൾ എന്നറിയപ്പെടുന്ന രാസപദാർത്ഥങ്ങളുടെ കൈമാറ്റത്തിലൂടെയുമാണ് സാധിക്കുന്നത്. ഈ അടയാളങ്ങൾ പ്രതിരോധത്തിനും ഇരതേടലിലുമാണ് ഉപയോഗിക്കുന്നത്. ഭക്ഷണമാക്കാവുന്ന ഇരകളെ കണ്ടെത്തുന്ന ആദ്യത്തെ ഉറുമ്പു ജോലിക്കാർ പ്രത്യേകതരം ഫിറമോണുകൾ പുറപ്പെടുവിക്കുന്നു. ഇതിനെ ആസ്പദമാക്കി കൂടുതൽ ഉറുമ്പുകൾ അവിടേക്ക് എത്തുകയും ഭക്ഷ്യവസ്തുവിനെ കൂടിലേക്ക് നിക്കാൻ സഹായിക്കുകയും ചെയ്യുന്നു. [5][6]
വളരെ സങ്കീർണ്ണമായ ഒരു സാമൂഹ്യവ്യവസ്ഥ നിലനിർത്തുന്നു എന്ന കാരണത്താൽ പുളിയുറുമ്പുകളെ റോബ്ബോട്ടിൿസ് തുടങ്ങിയ ആധുനികസാങ്കേതികശാസ്ത്രത്തിൽ പഠനവിധേയമാക്കുന്നുണ്ടു്. [7] ഒരു സസ്യത്തിന്റെ വിവിധ ശാഖകളിലോ അടുത്തടുത്തുള്ള പല സസ്യങ്ങളിൽ തന്നെയായിട്ടോ നീറുകൾ കൂടുണ്ടാക്കുകയും അവയെല്ലാം ഒരു കോളനിയുടെത്തന്നെ ഭാഗങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്നു. റാണി ( റാണികൾ) ഇടുന്ന മുട്ടകളെല്ലാം മറ്റു കൂടുകളിലേക്കു് തക്കതായ സന്ദർഭങ്ങളിൽ വിതരണം ചെയ്യപ്പെടുന്നു. അതുവഴി ഏതെങ്കിലും ഒരു കൂടിന്റെ നാശം മൂലം കോളനി ഒന്നടങ്കം നശിക്കാതിരിക്കുന്നു.[7]
കൂടുണ്ടാക്കുന്ന കാര്യത്തിൽ ഉറുമ്പുവംശങ്ങളിൽവെച്ച് ഏറ്റവും സങ്കീർണ്ണമായി കണക്കാക്കപ്പെടുന്ന ഒരു രീതിയാണു് പുളിയുറുമ്പുകളുടേതു്.[7]
സജീവമായതും സാമാന്യം വലിപ്പമുള്ളതുമായ ഇലകളാണു് ഇവയുടെ കൂടിന്റെ അടിസ്ഥാനഘടകം. വേട്ടജീവികളിൽനിന്നും ചൂട്, മഴതുടങ്ങിയ പ്രാകൃതിക അവസ്ഥകളിൽനിന്നും അഭയം തേടാൻ ഇത്തരം കൂടുകൾ അവയെ സഹായിക്കുന്നു. വേലക്കാരായ ഒരുപറ്റം ഉറുമ്പുകൾ സമീപസ്ഥമായ രണ്ടു് ഇലകളുടെ വക്കുകളിൽ വരിവരിയായി നിൽക്കുന്നു. വക്കുകളുടെ അറ്റത്തുനിൽക്കുന്ന ഉറുമ്പുകൾ ഇലകളെ പതുക്കെ അടുപ്പിക്കുകയും ക്രമേണ മറ്റുറുമ്പുകൾ കുറേശ്ശെക്കുറേശ്ശെയായി ഈ ഇലകളെ ചേർത്തുവെക്കുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ ഒരു പറ്റം ഉറുമ്പുകൾ അവയുടെ ലാർവകളെ രണ്ട് ഇലകൾക്കുമിടയിലൂടെ ചേർത്തുനിർത്തി സാവധാനം ഞെരുക്കുന്നു. ഈ ലാർവകളുടെ പ്രത്യേക ഗ്രന്ഥികളിലൂടെ ഊറിവരുന്ന പട്ടുനൂൽ ഉപയോഗിച്ച് മുതിർന്ന ഉറുമ്പുകൾ ഇലകളെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ കോർത്തുകെട്ടുന്നു. ഇത്തരം പട്ടുനൂൽ ഉല്പാദിപ്പിക്കാൻ ലാർവകൾക്കു മാത്രമേ സാധിക്കൂ. മുതിർന്ന ഉറുമ്പുകൾക്കു് ഈ കഴിവില്ല.[7]
ചെറിയ കീടങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വേട്ടജീവിയാണു് നീറുകൾ. ചെടിയുടെ ഇലകൾ വൻതോതിൽ തിന്നുതീർക്കുന്ന വിവിധ ഷഡ്പദങ്ങളുടെ ലാർവകൾ പുളിയുറുമ്പിന്റെ ആഹാരമാണു്. അതിനാൽ പുളിയുറുമ്പുകൾ ഫലത്തിൽ ഒരു പ്രാകൃതിക കീടനാശിനിയായി സഹവർത്തിക്കുന്നു. ഇതുകൂടാതെ, സസ്യഭുക്കുകളായ വലിയ ജീവികളും പുളിയുറുമ്പിന്റെ അസുഖകരമായ കടി മൂലം അവ പാർക്കുന്ന ചെടികൾ ഒഴിവാക്കുന്നു.[7]
കടൽച്ചെമ്പരത്തി (Sea Hibiscus - Hibiscus tiliceaus), നോനി തുടങ്ങിയ സസ്യങ്ങൾ പുളിയുറുമ്പുകളുടെ ആവാസം ആകർഷിക്കാനായി അവയ്ക്കു് ഏറ്റവും പ്രിയങ്കരമായ വിധത്തിലുള്ള ഒരു തേൻ ഉല്പാദിപ്പിക്കുന്നുണ്ടു്.[7]
ചില തരം ചിലന്തികളും ശലഭങ്ങളും പുളിയുറുമ്പുകളെ ഉപയോഗിക്കുന്നുണ്ടു്. ലിക്കേനിഡേ(Lycaenidae), നൊക്റ്റൂയ്ഡേ ( Noctuidae) വർഗ്ഗങ്ങളിൽ പെട്ട ശലഭങ്ങൾ പുളിയുറുമ്പുകളുടെ സംരക്ഷണം ലഭിയ്ക്കുന്നതിനായി അവയ്ക്കിഷ്ടപ്പെട്ട തരത്തിലുള്ള ഒരു തേൻ ഉല്പാദിപ്പിക്കുന്നു. അതോടൊപ്പം, ഇവയിൽ ചില ഇനങ്ങൾ പുളിയുറുമ്പുകളുടെ കൂടുകൾക്കുള്ളിൽ തന്നെ കടന്നുകയറി ഉറുമ്പിന്റെ ലാർവകളെ മോഷ്ടിക്കുകയും ചെയ്യുന്നു. ചില ചിലന്തികളാകട്ടെ, ഉറുമ്പിന്റേതുപോലുള്ള ഗന്ധം ചുരത്തി, കൂടുകൾക്കുള്ളിൽ കയറിയാണു് ഇങ്ങനെ ലാർവകളെ മോഷ്ടിക്കുന്നതു്.[7] മയിർമപ്ലാറ്റ എന്ന ജനുസ്സിൽ പെട്ട ചിലന്തികൾ പുളിയുറുമ്പുകളെ അനുകരിക്കുകയും പുളിയുറുമ്പുകളുടെ ആവാസവ്യവസ്ഥക്കരിൽ കൂടുണ്ടാക്കി ഇര പിടിക്കുന്നു. പുളിയുറുമ്പിനോട് മറ്റു ജീവികൾക്കുള്ള ഭീതിയെ മുതലെടുത്ത് സഹജീവിതം നടിക്കുന്നു.
വലിയ സമൂഹിക വ്യവസ്ഥയുള്ള പുളിയുറുമ്പുകൾക്ക് ധാരാളം ഭക്ഷണം ആവശ്യമുള്ളവരായതിനാൽ, അവ കൂടിനു സമീപത്തുള്ള വരുന്ന എന്തു തരം കീടങ്ങളെയും തുടർച്ചയായി തിന്നൊടുക്കുന്നു. നീറുകൾ വസിക്കുന്ന മരത്തിൽ പക്ഷികളും മറ്റു ജീവികളും ( മനുഷ്യനുൾപ്പടെ) കയറാൻ ഭയപ്പെടുന്നു. അത്രക്ക് അസഹ്യമാണ് നീറുകളുടെ കടിയും ഫോർമിക് ആസിഡിന്റെ നീറ്റലും. അതിനാൽത്തന്നെ നീറുകൾ ജീവിക്കുന്ന മരങ്ങൾക്ക് മറ്റു കീടശല്യം പുതുവേ കുറവായിരിക്കും.[8] 400 AD മുതൽക്കുതന്നെ തോട്ടങ്ങളുടെ സംരക്ഷണത്തിനായി ചൈനയിലും തെക്കുകിഴക്കനേഷ്യയിലും നീറുകളെ ഉപയോഗപ്പെടുത്തിയിരുന്നു.[9][10] കൃഷിക്കു ഹാനികരമായ കീടങ്ങളെ നിയന്ത്രിക്കുന്നതിനു നീറുകളുടെ കഴിവ് പല പഠനങ്ങളും ശരിവയ്ക്കുന്നുണ്ട്.[11] പഴക്കൃഷിയിൽ ആസ്ത്രേലിയയിലും തെക്കുകിഴക്കേഷ്യയിലും ഇവയെ ഉപയോഗപ്പെടുത്തുന്നുണ്ട്.[12][13] കീടനാശിനി ഉപയോഗം കുറച്ചുമാത്രം വേണ്ടിവരുന്ന ഈ കൃഷിയിടങ്ങളിൽ ഉന്നതഗുണമുള്ള ഫലങ്ങൾ ഉണ്ടാവുകയും കീടാക്രമണങ്ങൾ കുറവായും കണ്ടുവരുന്നു.[13][14] ഫലപ്രദമായി കീടനിയന്ത്രണം സാധ്യമാകുന്നതുവഴി കർഷകർക്ക് ഉയർന്ന വരുമാനവും ലഭ്യമാകുന്നു.[15]
തെക്കുകിഴക്കേഷ്യയിൽ നീറുകളെ സംരക്ഷിക്കാൻ പ്രത്യേകമായിത്തന്നെ കരുതൽ എടുക്കാറുണ്ട്. ഭക്ഷണവും സുരക്ഷയും നീറുകൾക്കു നൽകുന്നതു കൂടാതെ മരങ്ങൾക്കിടയിൽ അവയുടെ സഞ്ചാരം സുഗമമാക്കുന്നതിനു വള്ളികൾ കെട്ടിക്കൊടുക്കുകയും ചെയ്യുന്നു.[16] കേരളത്തിലും കശുമാവ് കർഷകർ ഇവയെ ഉപയോഗപ്പെടുത്തുന്നതിന് ഉദാഹരണങ്ങളൂണ്ട്. കശൂമാവ് പൂക്കുന്ന കാലത്ത് നീരൂറ്റിക്കുടിച്ച് പൂകരിച്ചിലിനും കായ്കൊഴിച്ചിലിനും കാരണമാകുന്ന തേയിലകൊതുകുകളെ നിയന്ത്രിക്കുന്നതിനായി നീറുകളെ ഉപയോഗിക്കുന്നു[17]. ഇവയ്ക്ക് ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് സഞ്ചരിക്കുവാനായി കർഷകർ വള്ളികളോ കേബിൾ വയറുകളോ ഉപയോഗിച്ച് മരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. പുളിയുറുമ്പുകളുടെ കോളനികൾ എപ്പോഴും പരിപൂർന്ന ഗുണം ആയെന്നു വരണാമെന്നില്ല. ഈ ഉറുമ്പുകൾ കാരണം പരാഗണം നടത്തുന്ന കീടങ്ങൾ വരാതിരിക്കുകയും പരാഗണം നടത്തുന്നവയും പഴങ്ങൾ വിതരണം ചെയ്യുന്നതുമായ പക്ഷികളും ജീവികളും അകന്നു നിൽക്കുന്നതായും കണ്ടുവരുന്നുണ്ട്.[18][19] ഉറുമ്പുകൾക്കു ഗുണകരമായ മറ്റു ചില കീടങ്ങളെ ഇവ സംരക്ഷിക്കുന്നതുവഴി മരങ്ങൾക്ക് വിപരീതഫലവും ഉണ്ടാവാറുണ്ട്.[19][20][21]
പ്രാണികളെ ഭക്ഷിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ള പ്രാണികളാണ് പുളിയുറുമ്പുകൾ. ജൈവകീടനിയന്ത്രണത്തിന് ഉപയോഗിക്കുന്നതുകൂടാതെ മാംസ്യആവശ്യത്തിനും ഭക്ഷണാവശ്യത്തിനും പുളിയുറുമ്പുകളെയും അവയുടെ ലാർവകളെയും വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.[22] പ്രാദേശിക സാമ്പത്തികമേഖലയെത്തത്തെ നിയന്ത്രിക്കാൻ ഉതകുന്നതരത്തിൽ അത്ര വിലപിടിച്ചതാണ് പലയിടത്തും ഇവയുടെ വിപണി.[23] നല്ലഗുണനിലവാരമുള്ള ബീഫിനേക്കാൾ വിലയുണ്ട് വടക്കേ തായ്ലാന്റിൽ നീറിന്റെ ലാർവകൾക്ക്. ഒരു തായ്ലാന്റ് സംസ്ഥാനത്ത് 620000 USD മൂല്യമുള്ള പുളിയുറുമ്പുലാർവകളാണ് ഒരു വർഷം ഉൽപ്പാദിപ്പിക്കുന്നത്.[24][25] ഇങ്ങനെ ഭക്ഷ്യാവശ്യങ്ങൾക്ക് ഉറുമ്പുകളെ വളർത്തുന്നത് ഇവയുടെ ജൈവകീടനിയന്ത്രണശേഷിയെ ബാധിക്കുന്നുമില്ല കാരണം രാജ്ഞി ലാർവകളും പുഴുക്കളുമാണ് ഇതിനായി ശേഖരിക്കുന്നത്, ഇവയാവട്ടെ കോളനിയുടെ നിലനിൽപ്പിന് അത്രയ്ക്ക് അത്യന്താപേക്ഷിതമല്ല താനും. പ്രാണിഭോജികളായ പക്ഷികൾക്കുള്ള വിലയേറിയ ഭക്ഷണമാണ് ഇന്തോനേഷ്യയിൽ നീറുകൾ. ഇന്ത്യയിലും ചൈനയിലും നാട്ടുവൈദ്യത്തിൽ നീറുകളെ ഉപയോഗിക്കുന്നുമുണ്ട്.[26][27]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.