ഗ്രാൻഡ്മ മോസെസ്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ നാടൻ കലാകാരിയായിരുന്നു അന്ന മേരി റോബേർട്ട്സൺ മോസെസ് അഥവാ ഗ്രാൻഡ്മ മോസെസ് (ജീവിതകാലം: സെപ്തംബർ 7, 1860 – ഡിസംബർ 13, 1961). 78 വയസ്സുള്ളപ്പോഴായിരുന്നു അവർ കാര്യമായ ചിത്രരചനയാരംഭിച്ചത്. പ്രായമേറിയ ശേഷം കലാരംഗത്ത് വിജയശ്രീലാളിതയായ ഒരു വ്യക്തിക്കുള്ള ഉദാഹരണമായി പലപ്പോഴും ഗ്രാൻഡ്മ മോസെസ് എടുത്തുകാട്ടപ്പെടുന്നു. വാർദ്ധക്യകാലത്ത് കലാരംഗം തൊഴിലാക്കി ജീവിതവിജയം കൈവരിച്ച അപൂർവ്വം ചില വനിതകളിലൊരാളായിരുന്നു ഗ്രാൻഡ്മ. അവർ രചിച്ച ചിത്രങ്ങൾ അമേരിക്കൻ ഐക്യനാടുകളിലുടനീളവും മറ്റു വിദേശ രാജ്യങ്ങളിലും വ്യാപകമായി പ്രദർശിപ്പിക്കപ്പെടുകയും വില്ക്കപ്പെടുകയും ചെയ്തു. ആശംസാ കാർഡുകൾ, മറ്റു ചില്ലറ വില്പനസാധനങ്ങൾ എന്നിവയുടെ വ്യാപാരസാധ്യതകൾക്കു വേണ്ടിയും ഗ്രാൻഡ്മ മോസെസിൻറെ ചിത്രങ്ങൾ അക്കാലത്ത് ഉപയോഗിച്ചിരുന്നു. നിരവധി മ്യൂസിയങ്ങളിലെ ചിത്രശേഖരങ്ങളിൽ ഗ്രാൻഡ്മയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. 2006- ൽ അവരുടെ "ദ ഷുഗറിങ് ഓഫ്" എന്ന ചിത്രം 1.2 ദശലക്ഷം യു.എസ്. ഡോളറിനാണ് വില്ക്കപ്പെട്ടത്.
ഗ്രാൻഡ്മ മോസെസ് | |
---|---|
ജനനം | അന്ന മേരി റോബേർട്ട്സൺ (1860-09-07)സെപ്റ്റംബർ 7, 1860 |
മരണം | ഡിസംബർ 13, 1961(1961-12-13) (പ്രായം 101) |
ദേശീയത | യുണൈറ്റഡ് സ്റ്റേറ്റ്സ് |
അറിയപ്പെടുന്നത് | പെയിന്റിംഗ്, എമ്പ്രോയിഡറി |
അറിയപ്പെടുന്ന കൃതി | The Old Checkered Inn in Summer |
ജീവിതപങ്കാളി(കൾ) | തോമസ് സാൽമൻ മോസെസ് (1887-1927; his death) |
മാഗസിൻ പുറംചട്ട, ടെലിവിഷൻ, അവരുടെ ജീവിതത്തെക്കുറിച്ചുള്ള ചലച്ചിത്രാവിഷ്കരണം എന്നിവയിലെല്ലാം മോസെസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. "മൈ ലൈഫ്'സ് ഹിസ്റ്ററി" (My Life's History) എന്ന പേരിൽ മോസെസ് എഴുതിയ ആത്മകഥയ്ക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ജീവിതകാലത്ത് രണ്ടു ഡോക്ടറേറ്റ് ബഹുമതികളും അവർ നേടുകയുണ്ടായി.
പ്രകൃതിയെയോ, ജീവിതത്തെയോ, വികാരതീവ്രമായ സ്മരണയുണർത്തുന്ന അന്തരീക്ഷത്തെയോ കലർപ്പില്ലാതെ യഥാർത്ഥമായി ചിത്രീകരിക്കുന്നു എന്ന് മോസെസിനെക്കുറിച്ച് ദ ന്യൂയോർക്ക് ടൈംസിൽ പറയുകയുണ്ടായി. മഞ്ഞുകാലത്ത് പൊഴിയുന്ന ആദ്യത്തെ മഞ്ഞ്, വസന്തകാലത്തെ ആദ്യത്തെ പച്ചതളിർപ്പുകൾ, വ്യക്തികൾ എന്നിവയുടെ രൂപചിത്രങ്ങൾ തന്മയത്വമായി ക്യാൻവാസിലേയ്ക്കു സന്നിവേശിപ്പിക്കുവാൻ ഗ്രാൻഡ്മ മോസെസിനു കഴിഞ്ഞിരുന്നു.[1]
മോസെസ് തന്റെ 12 വയസ്സുമുതൽ 15 വർഷം വരെയുള്ള കാലത്ത് ഒരു വീടുസൂക്ഷിപ്പുകാരിയായിട്ടാണു ജീവിതം നയിച്ചിരുന്നത്. ഒരു അമേരിക്കൻ പ്രിന്റ് നിർമ്മാണ കമ്പനിയായ കുറീയർ ആൻഡ് ഐവ്സ്[2] നിർമ്മിച്ച പ്രിന്റുകൾ മോസെസ് വരയ്ക്കുന്നത് ഒരു തൊഴിൽ ദാതാവിന്റെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് അവർ അവൾക്ക് വരയ്ക്കാനുള്ള ആവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്തു.
വിർജീനിയയിൽ അവർ ജോലിചെയ്തിരുന്ന കൃഷിസ്ഥലത്തിനരികിൽ മോസെസും അവരുടെ ഭർത്താവും ഒരുമിച്ച് അവരുടെ വിവാഹജീവിതം ആരംഭിച്ചു. 1905-ൽ അവർ വടക്കുകിഴക്കൻ ഐക്യനാടുകളിലേയ്ക്കു മടങ്ങിയെത്തുകയും ന്യൂയോർക്കിലെ ഈഗിൾ ബ്രിഡ്ജിൽ സ്ഥിര താമസമുറപ്പിക്കുകയും ചെയ്തു. ആ ദമ്പതികൾക്ക് 10 മക്കളുണ്ടായിരുന്നതിൽ 5 പേർ മാത്രമാണ് ശൈശവകാലത്തെ അതിജീവിച്ചത്. അവരുടെ ജീവിതത്തിലുടനീളം കലയോട് അതിയായ താല്പര്യം കാണിക്കുകയും ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ ആർത്രൈറ്റിസ് രോഗം പിടിപെടും വരെ നൂലുപയോഗിച്ച് അലങ്കാരത്തയ്യൽ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നു.