From Wikipedia, the free encyclopedia
ഭാരതത്തിൽ ഞണ്ടിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് കർക്കടകം. സൂര്യൻ മലയാളമാസം കർക്കടകത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാർച്ച് മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ചിങ്ങത്തിന്റെയും മിഥുനത്തിന്റെയും അടുത്തായാണ് ഇതിന്റെ സ്ഥാനം.ബീഹൈവ് എന്ന താരാപുഞ്ജം ഇതിലുണ്ട്. m67 എന്ന നക്ഷത്രക്കൂട്ടവും ഇതിനുള്ളിലാണ്. ആൽഫകാൻക്രി എന്ന നക്ഷത്രത്തെയും ഇതിനുള്ളിൽ കാണാൻ കഴിയും[1] ജ്യോതിഷ ശാസ്ത്ര പ്രകാരം വ്യാഴത്തിന്റെ മാറ്റം കർക്കടകം നക്ഷത്ര രാശിയിൽ ജനിച്ചവർക്ക് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായി പറയപ്പെടുന്നു.[2]
കർക്കടകം ഒരു ഇടത്തരം നക്ഷത്രരാശിയാണ്. ഇതിന്റെ പടിഞ്ഞാറുഭാഗത്ത് മിഥുനം രാശിയും വടക്കുഭാഗത്ത് കാട്ടുപൂച്ചയും വടക്കു-കിഴക്ക് ചെറുചിങ്ങവും കിഴക്ക് ചിങ്ങവും തെക്ക് ആയില്യൻ രാശിയും തെക്കു-പടിഞ്ഞാറ് ലഘുലുബ്ധകനും സ്ഥിതി ചെയ്യുന്നു. 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന 'Cnc' എന്ന മൂന്നക്ഷര ചുരുക്കെഴുത്ത് അനുവദിച്ചു.[3] 1930ൽ യൂജീൻ ഡെൽപോർട്ട് കർക്കടകം രാശിക്ക് പത്തു വശങ്ങളോടു കൂടിയ അതിരുകൾ നിർദ്ദേശിച്ചു. ഖഗോളരേഖാംശം 07മ. 55മി. 19.7973സെ.നും 09മ. 22മി. 35.0364സെ.നും ഇടയിലും അവനമനം 33.1415138°ക്കും 6.4700689°ക്കും ഇടയിലാണ് ഇതിന്റെ സ്ഥാനം.[4] 506 ച.ഡിഗ്രി അഥവാ ആകാശത്തിന്റെ 0.921% സ്ഥലത്താണ് കർക്കടകം സ്ഥിതി ചെയ്യുന്നത്. 88 നക്ഷത്രരാശികളുടെ വലിപ്പത്തിന്റെ ക്രമത്തിൽ 31-ാം സ്ഥാനമാണ് കർക്കടകത്തിനുള്ളത്. വളരെ മങ്ങിയ നക്ഷത്രഗണമായതു കൊണ്ട് പ്രഭാപൂരിതമായ നഗരപ്രദേശങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് ഇതിനെ നിരീക്ഷിക്കുക എളുപ്പമല്ല.
രാശിചക്രത്തിലെ നക്ഷത്രരാശികളിൽ തിളക്കം കുറഞ്ഞവയിൽ ഒന്നാണ് കർക്കടകം. കാന്തിമാനം 4ൽ കൂടുതലുള്ള 2 നക്ഷത്രങ്ങൾ മാത്രമെ ഇതിലുള്ളു.[5] ജർമ്മൻ ജ്യോതിഃശാസ്ത്രജ്ഞനായ ജൊഹാൻ ബെയർ ആൽഫ മുതൽ ഒമേഗ വരെയുള്ള ഗ്രീക്ക് അക്ഷരങ്ങൾ ഉപയോഗിച്ച് ഈ രാശിയിലെ നക്ഷത്രങ്ങൾക്ക് പേരുകൾ നൽകി. മറ്റുള്ളവയ്ക്ക് ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചു.[6] കർക്കടകം രാശിയിൽ ദൃശ്യകാന്തിമാനം 6.5ഓ അതിൽ കൂടുതലോ ഉള്ള 104 നക്ഷത്രങ്ങൾ ഉണ്ട്.[7][8]
ബീറ്റ കാൻക്രി : അൽറ്റാർഫ്, റ്റാർഫ് എന്നീ പേരുകളിലും അറിയപ്പെടുന്നു.[9] 3.5 ആണ് ഇതിന്റെ ദൃശ്യകാന്തിമാനം.[10] ഭൂമിയിൽ നിന്നും ഏകദേശം 290 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[11] ഇത് ഒരു ദ്വന്ദ്വനക്ഷത്രമാണ്. ഇതിലെ പ്രധാന നക്ഷത്രം ഒരു ഓറഞ്ചു ഭീമനാണ്. K4III സ്പെക്ട്രൽ വിഭാഗത്തിൽ പെടുന്ന ഇതിന് ആറു ദിവസം കൊണ്ട് കാന്തിമാനത്തിൽ 0.005ന്റെ വ്യതിയാനം ഉണ്ടാകും.[12] സൂര്യന്റെ 50 മടങ്ങ് വ്യാസവും 600 മടങ്ങ് തിളക്കവും ഇതിനുണ്ട്. കാന്തിമാനം 14 ഉള്ള ഒരു ചുവപ്പുകുള്ളൻ നക്ഷത്രമാണ് രണ്ടാമത്തേത്. 76,000 വർഷം കൊണ്ടാണ് ഇവ ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നത്.[10]
ഡെൽറ്റ കാൻക്രി : അസെല്ലസ് ഓസ്ട്രാലിസ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.[13] ഭൂമിയിൽ നിന്നും 131 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 3.9 ആണ്.[11] ഈ ഓറഞ്ചു ഭീമന്റെ വ്യാസം സൂര്യന്റെ 11 മടങ്ങും തിളക്കം 53 മടങ്ങും ആണ്.[13]
എക്സ് കാൻക്രി : അസെല്ലസ് ബൊറിയാലിസ് എന്ന ഈ നക്ഷത്രത്തിന് കടും ചുവപ്പു നിറമാണ്. ഡെൽറ്റ കാൻക്രിയുടെ അടുത്തു തന്നെ ഇതിനെ കാണാം. 180 ദിവസം കൊണ്ട് ഇതിന്റെ [[കാന്തിമാനം 5.69നും 6.94നും ഇടയിൽ മാറിക്കൊണ്ടിരിക്കും.[14] ഭൂമിയിൽ നിന്നും 1116 പ്രകാശവർഷം അകലെ കിടക്കുന്ന ഈ നക്ഷത്രത്തിന് സൂര്യന്റെ 4695 മടങ്ങ് തിളക്കമുണ്ട്.[15]
ഗാമ കാൻക്രി : സ്പെക്ട്രൽ തരം A1IV ആയ ഇതിന്റെ കാന്തിമാനം 4.67 ആണ്.[16] സൂര്യന്റെ 35 മടങ്ങ് തിളക്കമുള്ള ഈ നക്ഷത്രം ഭൂമിയിൽ നിന്നും ഏകദേശം 181 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു.[11]
അയോട്ട കാൻക്രി : ഇത് ഒരു ഇരട്ട നക്ഷത്രമാണ്. പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 4 ആണ്. ഇതൊരു മഞ്ഞഭീമൻ നക്ഷത്രമാണ്.[17] ഭൂമിയിൽ നിന്നും ഏകദേശം 330 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[11] രണ്ടാമത്തേത് വെള്ള മുഖ്യധാരാനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 6.57 ആണ്.[17]
ആൽഫ കാൻക്രി : അക്യുബൻസ് എന്നു വിളിക്കുന്ന ആൽഫ കാൻക്രി യഥാർത്ഥത്തിൽ ബഹുനക്ഷത്രവ്യവസ്ഥയാണ്. ഭൂമിയിൽ നിന്നും ഏകദേശം 181 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[11] രണ്ടു മുഖ്യധാരാ നക്ഷത്രങ്ങൾ ചേർന്നതാണ് ഇതിന്റെ പ്രധാന ഘടകം. കാന്തിമാനം 4.26 ആണ്. രണ്ടാമത്തേതിലും രണ്ടു ചെറിയ മുഖ്യധാരാനക്ഷത്രങ്ങളാണുള്ളത്. ഇതിന്റെ കാന്തിമാനം 12 ആണ്.[18]
സീറ്റ കാൻക്രി : ടെഗ്മിൻ എന്നു കൂടി അറിയപ്പെടുന്ന സീറ്റ കാൻക്രിയും ബഹുനക്ഷത്രവ്യവസ്ഥയാണ്. ചുരുങ്ങിയത് നാല് നക്ഷത്രങ്ങളെങ്കിലും ഇതിലുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഭൂമിയിൽ നിന്നും 82 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു. ഇതിൽ തിളക്കം കൂടിയതിന്റെ പ്രദക്ഷിണകാലം 1100 വർഷം ആണ്. രണ്ടാമത്തേതിന്റെ പ്രദക്ഷിണകാലം 59.6 വർഷവും.
55 കാൻക്രി എന്ന നക്ഷത്രത്തിന് നാല് വാതക ഗ്രഹങ്ങളും 55 cnc e എന്ന ഒരു ശിലാഗ്രഹവുമടക്കം 5 ഗ്രഹങ്ങളുണ്ട്. ഈ നക്ഷത്രത്തിന്റെ കാന്തിമാനം 6 ആണ്. അതു കൊണ്ട് നഗ്നനേത്രങ്ങൾ കൊണ്ട് മങ്ങിയ നക്ഷത്രമായി ഇതിനെ കാണാൻ കഴിയും. നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന ഗ്രഹവ്യവസ്ഥയോടു കൂടിയ ഏകനക്ഷത്രവും ഇതാണ്. ഭൂമിയിൽ നിന്നും ഏകദേശം 40.9 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഒരു മഞ്ഞക്കുള്ളനും ഒരു ചുവപ്പുകുള്ളനും അടങ്ങിയ ദ്വന്ദ്വനക്ഷത്രവ്യവസ്ഥയാണിത്.
മെസ്സിയർ 67ലുള്ള വൈ ബി പി 1194 എന്ന സൂര്യസമാന നക്ഷത്രത്തിന് മൂന്ന് ഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ട്.
നക്ഷത്രനിരീക്ഷകർക്ക് പ്രിയപ്പെട്ട ബീഹീവ് ക്ലസ്റ്റർ (മെസ്സിയർ 44]] എന്ന തുറന്ന താരവ്യൂഹം കർക്കടകം രാശിയുടെ മദ്ധ്യഭാഗത്തുനിന്നു് വലതുമാറി കാണപ്പെടുന്നു. സൗരയൂഥത്തിനോട് അടുത്തു കിടക്കുന്ന താരവ്യൂഹങ്ങളിൽ ഒന്നായ ഇത് ഭൂമിയിൽ നിന്ന് 590 പ്രകാശവർഷം അകലെ കിടക്കുന്നു. ആയിരത്തിലേറെ നക്ഷത്രങ്ങളുള്ള ഇതിലെ ഏറ്റവും തിളക്കം കൂടിയ എപ്സിലോൺ കാൻക്രി എന്ന നക്ഷത്രത്തിന്റെ കാന്തിമാനം 6.3 ആണ്. കാണാൻ കഴിഞ്ഞ വലിപ്പം കൂടിയ തുറന്ന താരവ്യൂഹങ്ങളിൽ ഒന്നാണിത്. 1.5 ച.ഡിഗ്രിയാണിതിന്റെ വലിപ്പം. അതായത് പൂർണ്ണചന്ദ്രന്റെ മൂന്നിരട്ടി.[5] 1609ൽ ഗലീലിയോ അദ്ദേഹത്തിന്റെ ദൂരദർശിനി ഉപയോഗിച്ച് നിരീക്ഷിച്ച ബഹിരാകാശവസ്തുക്കളിൽ ഒന്നായിരുന്നു ഇത്. 40 നക്ഷത്രങ്ങളെയാണ് അദ്ദേഹം ഇതിൽ കണ്ടെത്തിയത്.
ഭൂമിയിൽ നിന്നും 2600 പ്രകാശവർഷം അകലെ കിടക്കുന്ന തുറന്ന താരവ്യൂഹമാണ് മെസ്സിയർ 67. 0.5 ച.ഡിഗ്രിയാണ് ഇതിന്റെ വലിപ്പം. ഏകദേശം പൂർണ്ണചന്ദ്രന്റെ വലിപ്പം. ഏകദേശം 200 നക്ഷത്രങ്ങളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. പത്തിൽ കൂടുതൽ കാന്തിമാനമുള്ള നക്ഷത്രങ്ങളൊന്നും ഇതിലില്ല.[5]
QSO B0839+187 ഒരു ക്വാസാർ ആണ്. 2002ൽ ഗുരുത്വാകർഷണതരംഗങ്ങളുടെ വേഗത കണക്കാക്കാനുള്ള VLBI പരീക്ഷണങ്ങൾക്ക് എഡ്വാർഡ് ഫോമാലോണ്ട്, സെർജി കോപീകിൻ എന്നിവർ ഈ ക്വാസാറിനെയാണ് ഉപയോഗപ്പെടുത്തിയത്.
പുരാതനകാലത്ത് ഗ്രീഷ്മ അയനാന്തം കർക്കടകത്തിലായിരുന്നു. വിഷുവങ്ങളുടെ പുരസ്സരണം കാരണം ഇപ്പോഴത് ഇടവത്തിലാണ്. 23.5° ഉത്തര അക്ഷാംശത്തിനു മുകളിലായിരിക്കും അപ്പോൾ സൂര്യന്റെ സ്ഥാനം.
ഗ്രീക്ക് ഇതിഹാസങ്ങളിൽ ഈ ഞണ്ട് പ്രത്യക്ഷപ്പെടുന്നത് ഹെർക്കുലീസ് ഹൈഡ്രയുമായി പൊരുതുമ്പോഴായിരുന്നു. ഈ ഞണ്ട് ഹെർക്കുലീസിന്റെ കാലിൽ കുത്തുകയും അപ്പോൾ ഹെർക്കുലീസ് അതിനെ ചവിട്ടി ഞെരിച്ചു കളയുകയും ചെയ്തു. ഹെർക്കുലീസിന്റെ ബദ്ധശത്രുവായിരുന്ന ഹീര, ഞണ്ടിനെ ആകാശത്ത് നക്ഷത്രങ്ങൾക്കിടയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.
ആധുനിക ജ്യോതിഃശാസ്ത്രത്തിൽ കർക്കടകം രാശിയിലെ നക്ഷത്രങ്ങളെ ഞണ്ടിന്റെ ചവണ പോലെയുള്ള കാലുകളെയാണ് ചിത്രീകരിക്കുന്നത്. മറ്റു പല ജലജീവികളുടെ രൂപവുമായും ഇതിനെ ചിത്രീകരിച്ചിരുന്നു.
ബി.സി.ഇ 2000ലെ ഒരു ഈജിപ്ഷ്യൻ രേഖയിൽ ഇതിനെ ഒരിനം വണ്ടായാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാബിലോണിയക്കാർ ആമയായാണ് കർക്കടകത്തെ കണ്ടത്. 12-ാം നൂറ്റാണ്ടിലെ ഒരു ചിത്രീകരണത്തിൽ കർക്കടകത്തെ വെള്ളത്തിൽ കാണുന്ന ഒരിനം വണ്ടായി ചിത്രീകരിച്ചിരിക്കുന്നു. അബുമാസാർ അദ്ദേഹത്തിന്റെ ഒരു കൃതിയിൽ (Flowers of Abu Ma'shar) ഈ അടയാളത്തെ കുറിച്ചു പറയുന്നുണ്ട്. 1488ലെ ഒരു ലാറ്റിൻ കൃതിയിൽ ഇത് വലിയ ഒരിനം മത്സ്യമാണ്.[19]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.