ആദാമിന്റെ മകൻ അബു
2011-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
സലിം അഹമ്മദ് രചനയും സംവിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആദാമിന്റെ മകൻ അബു. സലിം കുമാർ, സറീനാ വഹാബ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, കലാഭവൻ മണി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. മധു അമ്പാട്ട് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് വിജയ് ശങ്കറാണ്. രമേഷ് നാരായൺ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഐസക് തോമസ് കൊട്ടുകാപ്പള്ളി ആണ്.
ആദാമിന്റെ മകൻ അബു | |
---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | സലീം അഹമ്മദ് |
നിർമ്മാണം | സലീം അഹമ്മദ് അഷ്റഫ് ബേഡി |
രചന | സലീം അഹമ്മദ് |
അഭിനേതാക്കൾ | സലീം കുമാർ സറീനാ വഹാബ് നെടുമുടി വേണു സുരാജ് വെഞ്ഞാറമൂട് മുകേഷ് കലാഭവൻ മണി |
സംഗീതം |
|
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | വിജയ് ശങ്കർ |
റിലീസിങ് തീയതി | 2011 ജൂൺ 24 |
ഭാഷ | മലയാളം |
മികച്ച ചിത്രത്തിനുള്ള 2010 - ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ മലയാള ചലച്ചിത്രമാണ് ആദാമിന്റെ മകൻ അബു[1][2]. സലീം അഹമ്മദ് ആദ്യമായി സംവിധാനം നിർവഹിച്ച ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് സലീം കുമാറിന് 2010 - ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും, മധു അമ്പാട്ടിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരവും ലഭിച്ചു[3]. 2011 ജൂൺ 24 - നു് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. 2011 ഒക്ടോബർ 12 മുതൽ 27 വരെ ലങ്കാഷയറിൽ നടന്ന ലണ്ടൻ ചലച്ചിത്ര മേളയിൽ ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു[4]. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിലും മത്സര വിഭാഗത്തിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു[5]. ഈ ചിത്രത്തിനു് ഗോവ ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശവും പുരസ്കാരവും സംവിധായകനായ സലിം അഹമ്മദിനു് ജൂറിയുടെ പരാമർശവും ലഭിച്ചു.[6][7]
2011 ലെ ഓസ്കാർ പുരസ്കാരത്തിന്റെ മികച്ച വിദേശ ചിത്രങ്ങളുടെ മത്സരത്തിലേക്ക് ഭാരത സർക്കാറിന്റെ ഔദ്യോഗിക ചലച്ചിത്ര എൻട്രിയായി ഈ ചിത്രത്തെ സർക്കാർ നാമനിർദ്ദേശം ചെയ്തു.[8][9]. എന്നാൽ സമർപ്പിക്കപ്പെട്ട 9 ചിത്രങ്ങളുടെ പട്ടികയിൽ 2012 ജനുവരി 19-ന് പുറത്തുവന്ന ചുരുക്ക പട്ടികയിൽ ചിത്രത്തിനു സ്ഥാനം നേടാനായില്ല[10][11].