From Wikipedia, the free encyclopedia
1848-1849 കാലയളവിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും സിഖ് സാമ്രാജ്യവും നടത്തിയ യുദ്ധമാണ് രണ്ടാം ആഗ്ലോ-സിക്ക് യുദ്ധം എന്നറിയപ്പെടുന്നത്. ഈ യുദ്ധം മൂലം സിഖ് സാമ്രാജ്യത്തിന് അന്ത്യമാകുകയും പഞ്ചാബ്, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു.
രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം | |||||||
---|---|---|---|---|---|---|---|
രണ്ട് ആംഗ്ലോ-സിഖ് യുദ്ധങ്ങളുടെയും ഭാഗമായി പോരാട്ടങ്ങൾ നടന്ന സ്ഥലങ്ങൾ സൂചിപ്പിക്കുന്ന പഞ്ചാബിന്റെ ഭൂപടം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി | സിഖ് സാമ്രാജ്യം |
1845-1846 കാലഘട്ടത്തിൽ നടന്ന ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിലൂടെ സിഖ് തലസ്ഥാനമായ ലാഹോറിൽ ബ്രിട്ടീഷ് റെസിഡന്റ് നിയമിക്കപ്പെട്ടു. 1846 ഡിസംബറിൽ ബ്രിട്ടീഷുകാരുമായി സിഖുകാർ ഏർപ്പെട്ട ഭൈരോവൽ കരാറിലൂടെ റെസിഡന്റിന് ഭരണത്തിൽ പരിപൂർണ്ണാധികാരം കൈവന്നു. തുടർന്ന് സിഖ് ഭരണാധികാരികളുടെ താത്പര്യങ്ങൾക്കു വിരുദ്ധമായി ഒട്ടേറെ പുനഃക്രമീകരണങ്ങൾ പഞ്ചാബിൽ നടന്നു. ഈ സാഹചര്യത്തിൽ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യയായ മുൽത്താനിലെ ഒരു അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട സൈനികകലാപം പഞ്ചാബ് മുഴുവൻ വ്യാപിക്കുകയും യുദ്ധത്തിൽ കലാശിക്കുകയും ചെയ്തു. മുൽത്താനു പുറമേ ലാഹോറിനു വടക്കുള്ള രാംനഗർ, ചില്ലിയൻവാല, ഗുജറാത്ത് എന്നിവിടങ്ങളിലും ഈ യുദ്ധത്തിന്റെ ഭാഗമായുള്ള പോരാട്ടങ്ങൾ നടന്നു. 1849 മാർച്ചിൽ സിഖുകാർ പരാജയം സമ്മതിച്ചു.
ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിലൂടെത്തന്നെ പഞ്ചാബിന്റെ നിയന്ത്രണം ബ്രിട്ടീഷുകാരുടെ കൈക്കലായിക്കഴിഞ്ഞിരുന്നു. ഇക്കാലത്ത്, പ്രായപൂർത്തിയാകാത്ത രാജാവ് ദലീപ് സിങ്ങിനുവേണ്ടി, അദ്ദേഹത്തിന്റെ അമ്മ ജിന്ദൻ കൗർ ഭരണം നടത്തുകയായിരുന്നു. ഭരണം സിഖുകാരുടെ കൈവശമായിരുന്നെങ്കിലും തീരുമാനങ്ങൾ ബ്രിട്ടീഷുകാരുടെ സ്വാധീനത്തിന് വഴങ്ങിക്കൊണ്ടായിരുന്നു. ബ്രിട്ടീഷ് താൽപര്യങ്ങൾക്കെതിരെ പ്രവർത്തിചതിന്റെ പേരിൽ മന്ത്രിയായിരുന്ന ലാൽ സിങ്ങിനെ വിചാരണനടത്തി നാടുകടത്താൻവരെ ഇക്കാലയളവിൽ ബ്രിട്ടീഷുകാർക്കായി. 1846 ഡിസംബറിൽ നിലവിൽ വന്ന ഭൈരോവൽ കരാറിലൂടെ ഭരണരംഗത്ത് പൂർണ്ണമായും ഇടപെടാൻ ബ്രിട്ടീഷ് റെസിഡന്റിന് ഔദ്യോഗികാവകാശം സിദ്ധിച്ചു. ഈ കാലയളവിൽ റീജന്റ് ഭരണാധികാരിയായിരുന്ന റാണി ജിന്ദൻ കൗറിനെ ബ്രിട്ടീഷുകാർ നാടുകടത്തുകയും ഭരണം നടത്തുന്നതിന് തദ്ദേശീയരുടെ ഒരു ഭരണസമിതിയെ റെസിഡന്റിന്റെ കീഴിൽ നിയമിക്കുകയും ചെയ്തു. 1847 ഓഗസ്റ്റിൽ അധികാരമേറ്റ റെസിഡന്റ് ജോൺ ലോറൻസിന്റെ കാലയളവിൽ കാര്യങ്ങൾ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിന് തുല്യമായി. മുൻകാലരീതികളെല്ലാം നിർത്തലാക്കി, നികുതി-സാമ്പത്തിക-നിയമകാര്യങ്ങളിൽ അദ്ദേഹം സ്വന്തം പദ്ധതികൾ നടപ്പാക്കി. പഞ്ചാബിനെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർക്കുക എന്ന ഒരു ഔപചാരികനടപടി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മുൽത്താൻ കലാപം അതിനൊരു കാരണമാകുകയും ചെയ്തു.
സിഖ് സാമ്രാജ്യത്തിലെ പ്രവിശ്യയായിരുന്ന മുൽത്താനിലെ ഭരണാധികാരിയായിരുന്ന ദിവാൻ മൂൽരാജ്, സിഖ് ദർബാറിന് നൽകാനുള്ള പണം കൊടുക്കാനാവാത്തതിനാൽ തന്റെ ഭരണാധികാരം ഒഴിയാൻ നിർബന്ധിതനായിരുന്നു. നദീമാർഗ്ഗമുള്ള ചരക്കുനീക്കത്തിന് ചുങ്കം നിർത്തലാക്കിയതിലൂലെയുള്ള വരുമാനനഷ്ടവും റെസിഡന്റ് ഭരണത്തിനുകീഴിൽ തുടരാനുള്ള മൂൽരാജിന്റെ താൽപര്യമില്ലായ്മയുമായിരുന്നു ഇതിനു കാരണം. മുൽത്താൻ പ്രവിശ്യയുടെ ഭരണം ജനറൽ കഹാങ് സിങ് മാനിന് കൈമാറുന്നതിനുമുള്ള കരാർ റെസിഡന്റായിരുന്ന ജോൺ ലോറൻസുമായി 1847 ഡിസംബറിൽ മൂൽരാജ് ഒപ്പുവച്ചിരുന്നു. 1848 വസന്തകാലം വരെ മൂൽരാജ് സ്ഥാനത്തുതുടരാനും ധാരണയായിരുന്നു.
1848 ഏപ്രിലിൽ അധികാരമേറ്റെടുക്കാൻ കഹാങ് സിങ് മാനും സംഘവും മുൽത്താനിലേക്ക് തിരിച്ചു. ഫ്രെഡറിക് ക്യൂറിയായിരുന്നു ഇക്കാലത്ത് ലാഹോറിൽ റെസിഡന്റായിരുന്നത്. അധികാരക്കൈമാറ്റം നിരീക്ഷിക്കുന്നതിന് പൊളിറ്റിക്കൽ ഏജന്റായ പി.എ. വാൻസ് ആഗ്ന്യൂവിനെയും സഹായിയായി ലെഫ്റ്റനന്റ് ഡബ്ല്യു.എ. ആൻഡേഴ്സണും ഈ സംഘത്തോടൊപ്പം നിയോഗിക്കപ്പെട്ടിരുന്നു. സംഘം ഏപ്രിൽ 18-ന് മുൽത്താനിലെത്തി കോട്ടക്ക് ഒരു കിലോമീറ്റർ അരികിലുള്ള ഈദ്ഗാഹിൽ താവളമടിച്ചു. 1848 ഏപ്രിൽ 19-ന് അധികാരക്കൈമാറ്റത്തിന് ഒരുക്കം നടന്നു. എന്നാൽ മുൽത്താനിലെ സൈന്യത്തിലെ ഒരു വിഭാഗം കലാപമുയർത്തുകയും സംഘർഷത്തിൽ ഇംഗ്ലീഷ് ഓഫീസർമാർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈനികരുടെ ഈ വിമതപ്രവർത്തനത്തിൽ മൂൽരാജിന് തുടക്കത്തിൽ പങ്കുണ്ടായിരുന്നില്ല. എന്നാൽ തൊട്ടടുത്ത ദിവസംതന്നെ മൂൽരാജ് വിമതരുടെ നേതൃത്വം ഏറ്റെടുക്കാൻ നിർബന്ധിതനായി. അധികാരക്കൈമാറ്റത്തിനായി ലാഹോറിൽ നിന്നെത്തിയ ദർബാർ സൈന്യത്തിന്റെ ഭൂരിഭാഗവും വിമതരോടൊപ്പം ചേർന്നു. 1848 ഏപ്രിൽ 20-ന് ഒരു കൂട്ടം സൈനികർ ഈദ്ഗാഹിലെത്തി വാൻസ് ആഗ്ന്യൂവിനെയും ആൻഡേഴ്സണെയും കൊലപ്പെടുത്തി. മുൽത്താൻ സിഖി ഗേറ്റിലെ ഈ ആക്രമണം കലാപത്തെ പഞ്ചാബ് മുഴുവൻ വ്യാപിക്കാനുള്ള വഴിമരുന്നായി. രാജാവ് ദലീപ് സിങ്ങിനെയും നാടുകടത്തപ്പെട്ട റാണി ജിന്ദനെയും പിന്തുണച്ചുകൊണ്ട് പഞ്ചാബിലെ മുഴുവൻ ഖൽസ സൈന്യവും ബ്രിട്ടീഷുകാർക്കെതിരെ തിരിയാനാരംഭിച്ചു.[1]
മുൽത്താനിലെ കലാപം തുടങ്ങിയ വേളയിൽത്തന്നെ അത് അടിച്ചമർത്താൻ ബ്രിട്ടീഷുകാർ കാര്യമായ ശ്രമം നടത്തിയില്ല. വിമതപ്രവർത്തനത്തെക്കുറിച്ച് 1848 ഏപ്രിൽ 19-ന് വാൻസ് ആഗ്ന്യു അയച്ച സന്ദേശം ലഭിച്ചപ്പോൾ, ലാഹോറിലുള്ള സിഖ് സൈന്യത്തെയും അതിനുപിന്നാലെ ബ്രിട്ടീഷ് സൈനികഘടകങ്ങളെയും മുൽത്താനിലേക്കയക്കാനാണ് റെസിഡന്റായിരുന്ന ഫ്രെഡറിക് ക്യൂറി ആദ്യം തീരുമാനിച്ചത്. എന്നാൽ ഇംഗ്ലീഷ് ഓഫീസർമാരുടെ മരണവും ദർബാർ സൈനികരുടെ വിമതചേരിയിലേക്കുള്ള കൂറുമാറ്റവും കണ്ടതിനെത്തുടർന്ന് അദ്ദേഹം ഈ പദ്ധതി ഉപേക്ഷിച്ചു. ദർബാർ സമിതി വിളിച്ചുകൂട്ടി, ദർബാർ സേന മുൽത്താനിലെത്തി പ്രക്ഷോഭം അടിച്ചമർത്തണമെന്നാവശ്യപ്പെട്ടു. യൂറോപ്യൻ സേന വേനൽക്കാലത്ത് സമതലപ്രദേശങ്ങളിൽ പോരാട്ടം നടത്തരുതെന്നായിരുന്നു ബ്രിട്ടീഷ് സേനാനായകനായ ഗഫ് പ്രഭുവിന്റെ ഉപദേശം. ഗവർണർ ജനറൽ ഡൽഹൗസിയുടെ താൽപര്യപ്രകാരം ലാഹോറിലെയും സിംലയിലെയും ബ്രിട്ടീഷ് നേതൃത്വം, പ്രക്ഷോഭം വളരാൻ കാത്തിരിക്കുകയായിരുന്നു എന്നും അതിന്റെ പേരിൽ പഞ്ചാബിനെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാക്കുകയുമായിരുന്നു അവർ ലക്ഷ്യമാക്കിയിരുന്നത് എന്ന വാദവുമുണ്ട്.[൧]
കലാപത്തിൽ പങ്കാരോപിച്ച്, ഇക്കാലത്ത് ഷേഖ്പുര കോട്ടയിൽ വീട്ടുതടങ്കലിലായിരുന്ന റാണി ജിന്ദൻ കൗറിനെ ബനാറസിലേക്ക് നാടുകടത്താനും അവർക്ക് നൽകിവന്നിരുന്ന ബത്ത പ്രതിമാസം 1000 രൂപയായി കുറക്കാനും ഫ്രെഡറിക് ക്യൂറി ഉത്തരവിട്ടു. ഇത് തദ്ദേശീയസൈനികരിൽ കൂടുതൽ അതൃപ്തിയുണ്ടാക്കാനും ദർബാർ അംഗങ്ങൾക്കുതന്നെ ബ്രിട്ടീഷുകാരോട് കൂറുകാണിക്കുന്നതിൽ ശങ്കയുണർത്തുകയും ചെയ്തു.
സിഖ് ദർബാറിലെ ഒരു പ്രമുഖശക്തിയായിരുന്നു ഹസാരയിലെ നാസിം ആയിരുന്ന ഛത്തർ സിങ് അട്ടാരിവാലയും അദ്ദേഹത്തിന്റെ പുത്രനും ദർബാർ സമിതി അംഗവുമായിരുന്ന ഷേർസിങ്ങ് അട്ടാരിവാലയും. ഇക്കാലത്ത് ഛത്തർ സിങ്ങിന്റെ പുത്രിയെ രാജാവ് ദലീപ് സിങ്ങുമായി വിവാഹം നിശ്ചയിക്കപ്പെട്ടിരിക്കുകയുമായിരുന്നു. പ്രായപൂർത്തിയായാലും, ബ്രിട്ടീഷുകാർക്ക് ദലീപ് സിങ്ങിനെ അധികാരത്തിലേറ്റാനുള്ള പദ്ധതിയൊന്നുമില്ലെന്ന് ഛത്തർസിങ് സംശയിച്ചു. അങ്ങനെ ദർബാറുമായുള്ള ബ്രിട്ടീഷുകാരുടെ ദുർബലധാരണകൾ താറുമാറാവാൻ തുടങ്ങി.[1]
ഏപ്രിൽ 19-ന് മുൽത്താനിൽനിന്ന് വാൻസ് ആഗ്ന്യൂ അയച്ച സഹായാഭ്യർത്ഥന ലഭിച്ച ദേറാ ഫത്തേ ഖാനിലെ ബ്രിട്ടീഷ് പ്രതിനിധിയായിരുന്ന ഹെർബെർട്ട് എഡ്വേഡ്സ്, ഉടനടി മുൽത്താനിലേക്ക് തിരിച്ചു. സിന്ധു കടന്ന് ലയ്യാ ജില്ലയിലെത്തുകയും പോകുന്ന പോക്കിൽ ഒരു പഷ്തൂൺ സേനയെ സംഘടിപ്പിക്കുകയും തുടർന്ന് മറ്റൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ വാൻ കോട്ലൻഡിനെയും സംഘത്തെയും കൂട്ടി ഇവർ മുൽത്താനു പടിഞ്ഞാറുള്ള ദേറ ഗാസി ഖാൻ നിയന്ത്രണത്തിലാക്കുകയും തെക്കുവശത്തുകൂടെ മുൽത്താനിൽ എത്തുകയും ചെയ്തു. റെസിഡന്റ് ഫ്രെഡറിക് ക്യൂറിയുടെ അഭ്യർത്ഥനപ്രകാരം ബഹാവൽപൂറിലെ നവാബിന്റെ സൈനികസഹായവും എഡ്വേഡ്സിന് ലഭിച്ചു.[1] ക്യൂറിയുടെ ഉത്തരവുപ്രകാരം ഷേർ സിങ് അട്ടാരിവാലയുടെ നേതൃത്വത്തിലുള്ള ദർബാർ സൈന്യം 1848 ജൂലൈ മാസത്തിലും ജനറൽ വിഷിന്റെ നേതൃത്വത്തിലുള്ള സൈന്യം ഓഗസ്റ്റ് മാസത്തിലും മുൽത്താനിലേക്കെത്തി ഇവരോടൊപ്പം ചേർന്നു.[2]
എഡ്വേഡ്സിന്റെ സംയുക്തസൈന്യത്തിൽ നിന്നും ഭായി മഹാരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സൈന്യത്തിൽ നിന്നും ഏറ്റ രണ്ടു പരാജയങ്ങളോടെ ദിവാൻ മൂൽരാജ് പരാജയത്തിന്റെ വക്കത്തെത്തി. എന്നാൽ ഭായി മഹാരാജ് സിങ്, മൂൽരാജിന്റെ പക്ഷത്തുചേർന്നതും മറ്റുചില ബ്രിട്ടീഷ് രാഷ്ട്രീയനടപടികളും കലാപത്തിന് പുതിയ ഉണർവ് നൽകി.[1]
രാജാവ് ദലീപ് സിങ്ങും തന്റെ സഹോദരിയുമായുള്ള വിവാഹത്തിന് തിയതി ഉടൻ നിശ്ചയിക്കണമെന്ന് റെസിഡന്റ് ക്യൂറിക്കെഴുതാൻ യുദ്ധം പുരോഗമിക്കുന്നതിനിടയിൽ എഡ്വേഡ്സിനോട് ഷേർസിങ് അട്ടാരിവാല ആവശ്യപ്പെട്ടു. ഛത്തർ സിങ്ങിന്റെ നിർബന്ധപ്രകാരമായിരുന്നു ഈ ആവശ്യം. ക്യൂറി ഇത് പരിഗണിക്കാമെന്ന് മറുപടി നൽകിയെങ്കിലും ഇക്കാര്യത്തിന് പഞ്ചാബിലെ ഭരണവുമായി ബന്ധമൊന്നുമില്ലെന്ന് അതിൽ കൂട്ടിച്ചേർത്തിരുന്നു. ഇത് അട്ടാരിവാലകളുടെ സംശയം വർദ്ധിപ്പിച്ചു. ഇതിനു കുറച്ചുനാളുകൾക്കുശേഷം ഹസാരയിലെ ബ്രിട്ടീഷ് പ്രതിനിധിയായിരുന്ന ജെയിംസ് അബ്ബോട്ട്, പ്രകോപനങ്ങളൊന്നുമില്ലാതെ, മുസ്ലീം ഗിരിവർഗ്ഗക്കാരെ സംഘടിപ്പിച്ച് ഛത്തർ സിങ്ങിന്റെ ഹരിപൂരിലുള്ള കോട്ട ആക്രമിച്ചു. ഈ ആക്രമണത്തിൽ ദർബാർ സേനയുടെ ഒരു അമേരിക്കൻ ഓഫീസർ കൊല്ലപ്പെടുകയും ചെയ്തു. ശാസനാസ്വരത്തിൽ റെസിഡന്റ് ഫ്രെഡറിക് ക്യൂറി, അബ്ബോട്ടിന് കത്തെഴുതിയെങ്കിലും അബ്ബോട്ട് തന്റെ നടപടികൾ തുടർന്നു. ഛത്തർ സിങ്ങിന്റെ ജഗീറുകൾ പിടിച്ചെടുക്കുകയും അദ്ദേഹത്തെ നസീം സ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തു. ഛത്തർ സിങ് സ്വാഭാവികമായും ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞു, ബ്രിട്ടീഷുകാർക്കെതിരെ സംയുക്താക്രമണം നടത്തുന്നതിന് അഫ്ഗാനിസ്താനിലെ ദോസ്ത് മുഹമ്മദ് ഖാനുമായും സഹോദരൻ സുൽത്താൻ മുഹമ്മദുമായും അദ്ദേഹം ചർച്ച നടത്തി. 1848 സെപ്റ്റംബർ 9 വരെ, ഷേർ സിങ് അട്ടാരിവാല, മുൽത്താനിൽ ബ്രിട്ടീഷുകാരെ പിന്തുണച്ചിരുന്നു. എന്നാൽ ബ്രിട്ടീഷുകാർ തന്റെ പിതാവിനോട് കാണിച്ച നീതികേടിൽ പ്രതിഷേധിച്ച് തന്റെ സേനയെ വിമതരോടൊപ്പം ചേർത്തു. ഇരു അട്ടാരിവാലകളുടെയും ചുവടുമാറ്റം, മറ്റു സിഖ് നേതാക്കളെയും അവർക്കുപിന്നാലെ പോകാൻ പ്രേരിപ്പിച്ചു. അങ്ങനെ ഒരു ചെറിയ സംഭവമായി അവസാനിക്കുമായിരുന്ന മുൽത്താനിലെ പ്രക്ഷോഭം ദേശീയപ്രാധാന്യമുള്ള കലാപമായി മാറി.[1]
പഞ്ചാബിനെ സാമ്രാജ്യത്തോട് ചേർക്കാനുള്ള സാഹചര്യമായെന്ന് ബ്രിട്ടീഷ് ഗവർണർ ജനറൽ ഡൽഹൗസി വിലയിരുത്തിയെങ്കിലും സിഖ് ദർബാറുമായുള്ള യുദ്ധപ്രഖ്യാപനം റെസിഡന്റ് ക്യൂറിയുടെ ഉപദേശപ്രകാരം, ലാഹോറിൽ ആവശ്യത്തിന് ബ്രിട്ടീഷ് സൈന്യം എത്തിച്ചേരുംവരെ മാറ്റിവച്ചു. ഭൈരോവൽ കരാറിന്റെ ലംഘനമാരോപിച്ച്[1] 1848 ഒക്ടോബർ 10-ന് ഡൽഹൗസി പ്രഭു യുദ്ധം പ്രഖ്യാപിച്ചു.[3] നവംബർ പകുതിയോടെ, ജനറൽ ഹ്യൂ ഗഫിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സേന ലാഹോറിൽ നിന്നും വടക്കോട്ട് അട്ടാരിവാലകളുടെ നേതൃത്വത്തിലുള്ള വിമതരെ നേരിടാൻ നീങ്ങി. ഈ സമയത്തും സേനാനായകനായ ഗഫിന് ഈ പോരാട്ടം വിമതരെ ലക്ഷ്യംവച്ചു മാത്രമാണോ അതോ സിഖ് ദർബാറിനെയും എതിർത്തുകൊണ്ടാണോ എന്ന കാര്യത്തിൽ നിശ്ചയമുണ്ടായിരുന്നില്ല. എന്നാൽ യുദ്ധാനന്തരം പഞ്ചാബിനെ പൂർണ്ണമായും ബ്രിട്ടീഷ് ഭരണത്തിനുകീഴിലാക്കണമെന്ന നിശ്ചയം ഡൽഹൗസിക്കുണ്ടായിരുന്നു. 1846-ലെ യുദ്ധസമയത്ത് അന്നത്തെ ഗവർണർ ജനറലായ ഹെൻറി ഹാർഡിഞ്ച് അതിർത്തിയിലെത്തി തമ്പടിച്ചപോലെ ഇത്തവണ ഡൽഹൗസിയും യുദ്ധസമയത്ത് പഞ്ചാബ് അതിർത്തിയിൽ എത്തിച്ചേർന്നു.
മുൽത്താനിൽ വിമതരെ ഒതുക്കിയതിനുശേഷം വടക്ക് ഹസാരയിൽ അട്ടാരിവാലകളെ നേരിടുകയായിരുന്നു ബ്രിട്ടീഷ് സൈന്യത്തിന്റെ ലക്ഷ്യം. ലാഹോറിലേക്ക് ഗഫ് എത്തിച്ചേർന്നതോടെ ഹസാരയിലേക്ക് അവർ പ്രവേശിക്കാനുള്ള സാധ്യത മനസ്സിലാക്കിയ ഷേർ സിങ് മുൽത്താനിൽ നിന്ന് വടക്കോട്ട് നീങ്ങി, ചെനാബ് നദീതീരത്ത് പ്രതിരോധം തീർത്തു.[1] 1848 നവംബർ 22-ന് ചെനാബ് തീരത്തുള്ള രാംനഗറിൽവച്ചുണ്ടായ പോരാട്ടത്തിൽ ഷേർസിങ്ങിന്റെ സൈന്യം പരാജയപ്പെട്ടു.[3] എന്നാൽ തുടർന്ന് ഗഫിനോട് പിടിച്ചുനിൽക്കാനാവാതെ, ഝെലം നദിയോരത്തേക്ക് ഷേർ സിങ് പിൻവാങ്ങി. ഇവിടെ പോരാട്ടം നടക്കുന്നതിനിടയിൽ ഛത്തർ സിങ്, അറ്റോക്ക് പിടിച്ചടക്കി. എങ്കിലും ഷേർസിങ്ങിന്റെ വിഭവശേഷി കുറഞ്ഞുതുടങ്ങി. മുൽത്താനിലാകട്ടെ ബ്രിട്ടീഷുകാർ അവിടത്തെ ആയുധപ്പുര പീരങ്കിയുപയോഗിച്ച് തകർത്തതോടെ മൂൽരാജിന്റെ സ്ഥിതിയും വഷളായി.
1849 ജനുവരി 13-ന് ഗഫ്, അട്ടാരിവാല സൈന്യത്തെ ചെനാബ് തീരത്തെ ചില്ലിയൻവാല ഗ്രാമത്തിൽ വച്ച് ആക്രമിക്കുകയും കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷുകാർക്ക് സംഭവിച്ച നഷ്ടങ്ങളെപ്പറ്റി പഞ്ചാബികൾ അത്ര ബോധവാന്മാരായിരുന്നില്ല. അവർ ഈ നേട്ടം മുതലെടുത്ത് കൂടുതൽ ആക്രമിക്കാനും മിനക്കെട്ടില്ല. സിഖുകാർ തടവുകാരനായി പിടിച്ച പെഷവാറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ജോർജ് ലോറൻസിനെ ദൂതനാക്കി, ദലീപ് സിങ്ങിനെ മഹാരാജാവാക്കണമെന്നും ബ്രിട്ടീഷ് സേന പഞ്ചാബ് വിടണമെന്നുമുള്ള സന്ധിവ്യവസ്ഥകൾ ഷേർ സിങ് മുന്നോട്ടുവച്ചു. എന്നാൽ ബ്രിട്ടീഷുകാർ ഇവ തള്ളി.[1]
1849 ഫെബ്രുവരി 21-ന് ഗുജറാത്തിൽ നടന്ന പോരാട്ടത്തിൽ അട്ടാരിവാലകളുടെ സൈന്യത്തെ സഹായിക്കാൻ അഫ്ഗാനിസ്താനിലെ ദോസ്ത് മുഹമ്മദ് ഖാന്റെ സൈന്യവും പങ്കെടുത്തു.[2] ഈ പോരാട്ടത്തിൽ ബ്രിട്ടീഷുകാർ നിർണ്ണായകവിജയം നേടുകയും യുദ്ധം അവസാനിക്കുകയും ചെയ്തു.
1849 മാർച്ച് 11-ന് റാവൽപിണ്ടിക്കടുത്തുവച്ച് അട്ടാരിവാലകൾ കീഴടങ്ങി. മാർച്ച് 14-ന് സിഖ് സേനയിലെ ബാക്കിയുള്ളവരും ആയുധം വച്ച് കീഴടങ്ങി. പഞ്ചാബിന്റെ നിയന്ത്രണം പൂർണ്ണമായും ബ്രിട്ടീഷുകാരുടെ കൈയിലായി.[1] ഇതിനിടെ മുൽത്താനും ഇംഗ്ലീഷ് സൈന്യത്തിനധീനമാവുകയും മൂൽരാജ് കീഴടങ്ങുകയും ചെയ്തു. മൂൽരാജിനെ ഒരു സൈനികകോടതി നാടുകടത്തൽശിക്ഷ വിധിച്ച് പുറത്താക്കി.
1849 മാർച്ച് 30-ന് ഡൽഹൗസി പ്രഭു പുറപ്പെടുവിച്ച വിളംബരപ്രകാരം പഞ്ചാബ് മുഴുവൻ ബ്രിട്ടീഷിന്ത്യയിൽ ലയിച്ചു. ദലീപ് സിങിന് പെൻഷൻ നൽകി അധികാരഭ്രഷ്ടനാക്കി. അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിലായിരുന്നു ജീവിച്ചത്. പഞ്ചാബിന്റെ ലയനത്തോടുകൂടി ബ്രിട്ടീഷിന്ത്യൻ രാജ്യാതിർത്തി അഫ്ഗാനിസ്താന്റെ അതിരുകൾ വരെ വ്യാപിച്ചു. പഞ്ചാബിലെ ഭരണകാര്യങ്ങൾക്കായി ഹെൻറി ലോറൻസിന്റെ അധ്യക്ഷതയിൽ ഒരു മൂന്നംഗ ഭരണബോർഡ് നിയമിക്കപ്പെട്ടു. 1853-ൽ ഈ ബോർഡ് പിരിച്ചുവിടുകയും ജോൺ ലോറൻസിനെ പഞ്ചാബിലെ ആദ്യത്തെ ചീഫ് കമ്മിഷണറായി നിയമിക്കുകയും ചെയ്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.