From Wikipedia, the free encyclopedia
ബ്രിട്ടീഷ് ഈസ്റ്റിന്ത്യാക്കമ്പനിസൈന്യവും സിഖുകാരും തമ്മിൽ നടത്തിയ രണ്ടു യുദ്ധങ്ങളിൽ ആദ്യത്തേതാണ് ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം (1845-46). 1839-ൽ രഞ്ജിത് സിങ് മരണമടഞ്ഞതിനുശേഷം സിഖ് സാമ്രാജ്യത്തിന് ശക്തമായ നേതൃത്വമുണ്ടായിരുന്നില്ല. തുടർന്ന് 1845 വരെയുള്ള കാലഘട്ടം അധികാരവടംവലികളുടേതായിരുന്നു. രഞ്ജിത് സിങ്ങിന്റെ രണ്ടു മക്കളും ഒരു കൊച്ചുമകനുമായി മൂന്നുരാജാക്കന്മാർ ഈ സമയത്ത് അധികാരത്തിലിരുന്നു. ഇതിനുശേഷം രഞ്ജിത് സിങ്ങിന്റെ മകനായ പ്രായപൂർത്തിയാകാത്ത ദലീപ് സിങ് എന്ന രാജാവിന്റെ പേരിൽ അദ്ദേഹത്തിന്റെ അമ്മ ജിന്ദൻ കൗർ ഭരണം നടത്തുകയായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികൾ, തങ്ങളുടെ സ്വാധീനം പഞ്ചാബിലുറപ്പിക്കാൻ ഈ അവസ്ഥയെ മുതലെടുത്തു. പഞ്ചാബ് അതിർത്തിയിൽ സൈനികവിന്യാസം നടത്തി ഒരു യുദ്ധത്തിന് വഴിമരുന്നിടുകയും ചെയ്തു.[1]
ഒന്നാം ആംഗ്ലോ-സിക്ക് യുദ്ധം | |||||||
---|---|---|---|---|---|---|---|
രണ്ട് ആംഗ്ലോ-സിഖ് യുദ്ധങ്ങളുടെയും ഭാഗമായി പോരാട്ടങ്ങൾ നടന്ന സ്ഥലങ്ങൾ സൂചിപ്പിക്കുന്ന പഞ്ചാബിന്റെ ഭൂപടം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി | സിഖ് സാമ്രാജ്യം |
ബ്രിട്ടീഷുകാരുടെ പദ്ധതികൾ വിജയത്തിൽ കലാശിച്ചു. 1845 ഡിസംബർ മുതൽ 1846 ഫെബ്രുവരി വരെ നീണ്ടുനിന്ന യുദ്ധത്തിന്റെ ഫലമായി ജലന്ധർ ദൊവാബ് അടക്കമുള്ള പഞ്ചാബിന്റെ വടക്കും കിഴക്കും ഭാഗങ്ങൾ ബ്രിട്ടീഷ് ഇന്ത്യയുടെ ആധിപത്യത്തിൽ വരുകയും പഞ്ചാബിന്റെ തലസ്ഥാനമായിരുന്ന ലാഹോറിൽ ബ്രിട്ടീഷ് സൈനിക-രാഷ്ട്രീയസ്വാധീനത്തിന് ആരംഭമാകുകയും ചെയ്തു. ഈ യുദ്ധത്തിന്റെ ഫലമായി ബ്രിട്ടീഷുകാർക്ക് ലഭിച്ച പ്രദേശങ്ങൾ ഇന്ന് ഇന്ത്യൻ പഞ്ചാബിലാണ്.
പഞ്ചാബിനെ ഒരു പ്രബലരാഷ്ട്രമാക്കിയ രഞ്ജിത് സിങ്ങിന്റെ ഭരണകാലത്ത് പഞ്ചാബും ഇന്ത്യയിലെ ബ്രിട്ടീഷുകാരും നല്ല ബന്ധമായിരുന്നു നിലനിന്നിരുന്നത്. 1806-ൽ സത്ലുജിനെ പഞ്ചാബിന്റെ കിഴക്കൻ അതിർത്തിയായി അംഗീകരിച്ച് ബ്രിട്ടീഷുകാരുമായി ധാരണയിലെത്തിയിരുന്നു. 1838-ൽ അഫ്ഗാനിസ്താനെ ആക്രമിക്കാനുള്ള പരിപാടിയിലും സിഖുകാർ, ബ്രിട്ടീഷുകാരുടെ സഖ്യകക്ഷിയായി.
രഞ്ജിത് സിങ്ങിന്റെ മരണത്തെത്തുടർന്ന് (1839) പഞ്ചാബിൽ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. രഞ്ജിത് സിങ്ങിനു ശേഷം, അദ്ദേഹത്തിന്റെ പുത്രനായ ഖഡക് സിങ്, ഖഡക് സിങ്ങിന്റെ പുത്രനായ നാവോ നിഹാൽ സിങ്, ഖഡക് സിങ്ങിന്റെ വിധവയായ ചാന്ദ് കൗർ, രഞ്ജിത് സിങ്ങിന്റെ മറ്റൊരു പുത്രനായ ഷേർ സിങ് എന്നിങ്ങനെ നിരവധിപ്പേർ രാജസ്ഥാനത്തെത്തുകയും പുറത്താക്കപ്പെടുകയും ചെയ്തു. 1843-ൽ രഞ്ജിത് സിങ്ങിന്റെ എറ്റവും പ്രായംകുറഞ്ഞ ഭാര്യയായ ജിന്ദൻ കൗറിന്റെ പ്രായപൂർത്തിയാകാത്ത പുത്രനായ ദലീപ് സിങ് രാജാവായി വാഴിക്കപ്പെട്ടു. ജിന്ദൻ, ദലീപിന്റെ റീജന്റായി ഭരണം നടത്തുകയും ചെയ്തു. സാമ്രാജ്യത്തിൽ സൈന്യത്തിന്റെ പ്രാധാന്യം വളരെ വർദ്ധിച്ചു.
ഖാൽസാസൈന്യം ഒരു ഭാഗത്തും, 5 വയസ്സുമാത്രം പ്രായമായ ദിലീപ്സിങ്ങിന്റെ റീജന്റായ ജിന്ദൻ റാണിയും പ്രധാനമന്ത്രിയായ ലാൽസിങ്ങും ചേർന്നു മറുഭാഗത്തും ആയി ചേരിതിരിഞ്ഞു നടത്തിയ ആഭ്യന്തരയുദ്ധം അന്തരീക്ഷത്തെ കൂടുതൽ കലുഷമാക്കി.[അവലംബം ആവശ്യമാണ്] രഞ്ജിത്സിങ്ങിന്റെ മരണശേഷം ഖാൽസാസൈന്യത്തിനു നേതൃത്വം നൽകാൻ ആരും ഉണ്ടായിരുന്നില്ല. ഖാൽസാസൈന്യത്തെ ഈ അച്ചടക്കത്തകർച്ചയിൽനിന്നു രക്ഷിച്ച്, അതിന്റെ ആത്മവീര്യവും ശക്തിയും വീണ്ടെടുക്കുവാൻ ഒരു പൊതുശത്രുവിനെതിരെ അവരെ അണിനിരത്തണമെന്നു ജിന്ദൻറാണിയും ലാൽസിങ്ങും തീരുമാനിച്ചു.[അവലംബം ആവശ്യമാണ്] അതിനുവേണ്ടി ബ്രിട്ടീഷ്സൈന്യത്തെ ആക്രമിക്കുവാൻ സിക്കുസൈന്യത്തിന് ആജ്ഞ ലഭിച്ചു.
പഞ്ചാബിലെ കുഴപ്പങ്ങളെ മുതലെടുത്ത് അവിടേക്ക് അധികാരം വ്യാപിപ്പിക്കാനായിരുന്നു ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉദ്ദേശ്യം. 1845 അവസാനമായപ്പോഴേക്കും 40,000 ആളുകളും 94 വെടിക്കോപ്പുകളും അടങ്ങിയ ഒരു വൻസേനയെ ഗവർണർ ജനറലായ ഹാർഡിഞ്ച് പ്രഭൂ പഞ്ചാബ് അതിർത്തിയിലുടനീളം വിന്യസിച്ചു. സത്ലുജ് തീരത്തുള്ള ഫിറോസ്പൂർ പട്ടണത്തിലൂടെ പഞ്ചാബിലേക്ക് കടക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. ഫിറോസ്പൂർ ഇക്കാലത്ത് ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്നു. മീറഠിൽ നിന്നും അംബാലയിൽ നിന്നും ഉള്ള സൈനികഘടകങ്ങളെ ഫിറോസ്പൂരിലേക്ക് നയിച്ചത് ബ്രിട്ടീഷ് കമാൻഡർ ഇൻ ചീഫ് ആയിരുന്ന ഹ്യൂ ഗഫ് ആയിരുന്നു. സൈന്യത്തിനൊപ്പം ഹാർഡിഞ്ചും അതിർത്തിയിലേക്കെത്തിയിരുന്നു. ഇതിനുമുമ്പേ ജനറൽ ലിറ്റ്ലർ ഫിറോസ്പൂരിലെത്തി സത്ലുജ് കടക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു.
ബ്രിട്ടീഷുകാരുടെ നടപടികൾക്ക് ഖൽസ സേന പ്രതിരോധനീക്കങ്ങൾ ആരംഭിച്ചു. ബ്രിട്ടീഷുകാർ ഇതിനെ ഔദ്യോഗികമായി എതിർത്തു. സിഖുകാരാകട്ടെ ബ്രിട്ടീഷുകാരുടെ പ്രതിനിധിയെ ദർബാറിൽ നിന്ന് പുറത്താക്കി. ഗഫും ഹാർഡിഞ്ചും ഫിറോസ്പൂരിലെത്തി ലിറ്റ്ലറുമായി സന്ധിക്കുന്നത് തടയാൻ, സിഖ് സേന സത്ലുജിന് കിഴക്ക് അവരുടെതന്നെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് കടന്ന് ശ്രമങ്ങൾ നടത്തി. ഇതോടെ, പ്രകോപനത്തിന്റെ നിഴൽ പോലുമില്ലാതെ ബ്രിട്ടീഷ് അധീനപ്രദേശങ്ങളിലേക്ക് സിഖ് സേന അധിനിവേശം നടത്തിയെന്നാരോപിച്ച് 1845 ഡിസംബർ 13-ന് ഹാർഡിഞ്ച്, സിഖ് സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. സത്ലുജിന്റെ ഇടതുകരയിലെ സിഖ് ദർബാറിന്റെ അവകാശങ്ങളെല്ലാം റദ്ദാക്കി. സിസ്-സത്ലുജ് പ്രദേശത്തെ നേതാക്കന്മാരോടെല്ലാം സിഖ് സാമ്രാജ്യമെന്ന പൊതുശത്രുവിനെതിരെ ഒന്നിച്ചുപോരാടാൻ ബ്രിട്ടീഷുകാർ ആഹ്വാനം ചെയ്യുകയും ചെയ്തു.[1]
ധ്യാൻസിങ്ങിന്റെയും ഗുലാബ് സിങ്ങിന്റെയും ഇളയസഹോദരൻ രാജാ സുചേത് സിങ് അന്തരിച്ചപ്പോൾ അദ്ദേഹത്തിനു 15 ലക്ഷം രൂപയുടെ രഹസ്യസമ്പാദ്യം അവശേഷിച്ചിട്ടുണ്ടായിരുന്നു. ലാഹോർ ദർബാറിനവകാശപ്പെട്ട[അവലംബം ആവശ്യമാണ്] ആ സ്വത്ത് ബ്രിട്ടീഷുകാർ ബലാത്കാരേണ കൈയടക്കി.
ബ്രിട്ടീഷുകാർക്കെതിരെയെത്തിയ സിഖ് സേന വളരെ മികച്ചതായിരുന്നെങ്കിലും അതിന്റെ നേതാക്കൾക്കിടയിൽ ഒത്തൊരുമയുണ്ടായിരുന്നില്ല രാജ്യതാൽപര്യത്തിനുപകരം സ്വന്തം താൽപര്യങ്ങളായിരുന്നു ഇവരെ നയിച്ചിരുന്നത്. സിഖ് സൈന്യത്തിന്റെ സേനാധിപന്മാരായിരുന്ന ലാൽ സിങ്ങും, തേജ് സിങ്ങും ഇംഗ്ലീഷുകാരുമായി ബന്ധം പുലർത്തിരുന്നു. തന്നെയും ബീബി സാഹിബയെയും (ജിന്ദൻ കൗർ) ബ്രിട്ടീഷുകാരുടെ സുഹൃത്തായി കണക്കാക്കണമെന്ന് കാണിച്ച് രഹസ്യസന്ധിക്കായി ശ്രമിച്ച് യുദ്ധത്തിനിടയിൽ ലാൽ സിങ് ബ്രിട്ടീഷുകാർക്കെഴുതിയിരുന്നു.[1]
ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിന്റെ ഭാഗമായി മുദ്കി, ഫിറോസ്ശഹ്ർ, ആലിവാൾ, സൊബ്രാവ് എന്നീ സ്ഥലങ്ങളിൽവച്ചു പോരാട്ടങ്ങൾ നടന്നു.
1845 ഡിസംബർ 18-ന് മുദ്കിയിൽ ലാൽ സിങ്ങിന്റെ നേതൃത്വത്തിൽ സിഖ് സൈന്യം നേട്ടങ്ങളുണ്ടാക്കിയെങ്കിലും വിജയത്തോടടുത്തപ്പോൾ അവർ ഫിറോസ്ശഹറിലേക്ക് പിൻവാങ്ങി. ഈ പിന്മാറ്റം, അവരുടെ പരാജയത്തിനു കാരണമായിത്തീർന്നു. ഇരുവശത്തും കാര്യമായ നാശനഷ്ടങ്ങളുണ്ടായതോടെ പഞ്ചാബികൾ പിൻവാങ്ങി. ബ്രിട്ടീഷുകാർ സത്ലുജിലേക്കുള്ള അവരുടെ നീക്കം തുടർന്നു.[1]
1845 ഡിസംബർ 21-ന് ബ്രിട്ടീഷുകാർ ഫിറോസ്ശഹറിലെ (ഫിറോസ്ഷാ എന്നും അറിയപ്പെടുന്നു) പഞ്ചാബി സേനക്കുനേരെ ആക്രമണം നടത്തി. തേജ് സിങ്ങായിരുന്നു ഇവിടെ സിഖ് സേനയെ നയിച്ചിരുന്നത്. ഒരു ദിവസം മുഴുവൻ നീണ്ട യുദ്ധത്തിനുശേഷം, ബ്രിട്ടീഷുകാർക്ക് സിഖുകാരുടെ ചില കിടങ്ങുകൾ പിടിക്കാനായെങ്കിലും രാത്രിയിൽ സിഖുകാർ അവ തിരികെപ്പിടിച്ചു. ആൾനാശവും വെടിക്കോപ്പുകൾ തീർന്നിരുന്നതിനാലും ബ്രിട്ടീഷുകാർ കീഴടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. പിറ്റേദിവസം തേജ് സിങ് തന്റെ സൈന്യവുമായെത്തി ശാന്തമായ ബ്രിട്ടീഷ് സൈനികകേന്ദ്രങ്ങൾക്കുനേരെ വെടിയുതിർക്കുകയും തുടർന്ന് കാര്യമായ ആക്രമണം നടത്താതെ പിന്തിരിഞ്ഞ് പോകുകയും ചെയ്തു. ഇതിനു ശേഷം ബ്രിട്ടീഷ് സേനാധിപനായ ഹ്യൂ ഗഫ് തന്റെ കുതിരപ്പടയുപയോഗിച്ച് കിടങ്ങുകൾ വീണ്ടും ആക്രമിക്കുകയും, പൊടുന്നനെയുള്ള ആക്രമണത്തിലും തേജ് സിങ്ങിന്റെ പിൻവാങ്ങലിലും പരിഭ്രാന്തരായ പഞ്ചാബികൾ തോൽപ്പിക്കപ്പെടുകയും ചെയ്തു. അങ്ങനെ വിജയിക്കാനുള്ള പഞ്ചാബികളുടെ മറ്റൊരു സാധ്യതയും വഴുതിപ്പോയി. ഇതിനുശേഷം അലിവാലിൽ മറ്റൊരു തോൽവിയും സിഖുകാർ നേരിട്ടു.
ഈ സമയത്ത് ഗുലാബ് സിങ് ഡോഗ്രയടക്കമുള്ള നിരവധി ദർബാർ അംഗങ്ങൾ ബ്രിട്ടീഷുകാരുമായി ചർയാരംഭിച്ചു. നേതാക്കൾക്ക് വിജയത്തിനായുള്ള ഏകീകൃതമനോഭാവമുണ്ടായിരുന്നില്ല. മറിച്ച് വ്യക്തിപരമായ നേട്ടങ്ങൾക്കാണ് ഇവർ ശ്രമിച്ചത്.[1]
മൂന്നിടങ്ങളിലെ തോൽവിക്കുശേഷം പഞ്ചാബികൾ അവരുടെ സൈന്യത്തെ സത്ലുജ് തീരത്തുള്ള സൊബ്രാവ് (Sobraon) ഗ്രാമത്തിനടുത്തുള്ള നദിയിലെ ഒരു കുതിരലാടം പോലെയുള്ള ഭാഗത്ത് കേന്ദ്രീകരിച്ചു. നദിക്കപ്പുറത്തുള്ള അവരുടെ പിന്നണിക്യാമ്പിലേക്ക് ഇവിടെനിന്നും ഒരു പോന്തൂൺ പാലവും ഉണ്ടായിരുന്നു. ഈ സമയത്ത് തുടർച്ചയായ മൂന്നുദിവസത്തെ മഴക്കുശേഷം സത്ലുജിൽ വെള്ളം വളരെ പൊന്തുകയും പിന്നണിയിൽ നിന്ന് ഒറ്റപ്പെട്ട സിഖ് സൈന്യം, ബ്രിട്ടീഷ് സൈന്യത്തിനു മുന്നിൽ കുടുങ്ങി. ഈയവസ്ഥയിൽ 1846 ഫെബ്രുവരി 10-ന് ബ്രിട്ടീഷുകാർ ആക്രമണം നടത്തുകയും 2 മണിക്കുർ നീണ്ട പോരാട്ടത്തിലൂടെ സിഖുകാരുടെ പീരങ്കിപ്പടയെ നാമാവശേഷമാക്കുകയും ചെയ്തു. ഇതിനുശേഷം മൂന്നുവശത്തുനിന്നുമായി ബ്രിട്ടീഷുകാർ ആക്രമിച്ചു. തേജ് സിങ് പോന്തൂൺ പാലത്തിലൂടെ മറുകരയിലേക്ക് കടന്നു രക്ഷപ്പെട്ടു. എന്നാൽ മറ്റു മിക്ക നേതാക്കളും മരണം വരെയും പോരാടി. ഏതാണ്ട് പതിനായിരത്തോളം പഞ്ചാബികൾ ബ്രിട്ടീഷ് വെടികൊണ്ടും വെള്ളത്തിൽ മുങ്ങിയും മരണമടഞ്ഞു. ഈ സംഭവത്തെ മറ്റൊരു വാട്ടർലൂ ആയാണ് ബ്രിട്ടീഷ് സേനാനായകനായ ഹ്യൂ ഗഫ് വിശേഷിപ്പിക്കുന്നത്.
സൊബ്രാവിലെ തോൽവി സിഖുകാർക്ക് നിർണായകമായിരുന്നു. ഇതോടെ യുദ്ധം അവസാനിച്ചു. തോൽവിക്കുശേഷം ബ്രിട്ടീഷുകാരുമായുള്ള സന്ധിസംഭാഷണങ്ങൾക്കായി സിഖ് ദർബാർ, ഗുലാബ് സിങ്ങിനെ നിയോഗിച്ചു.[1]
സൊബ്രാവ് പോരാട്ടത്തിനുശേഷം 1846 മാർച്ച് 9-ന് ഒപ്പുവക്കപ്പെട്ട ലാഹോർ സമാധാനസന്ധി പ്രകാരം പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യയുടെ ആശ്രിതരാജ്യമായി. സന്ധിയനുസരിച്ച് സിഖ് ദർബാർ യുദ്ധത്തിനുള്ള നഷ്ടപരിഹാരമായി ഒന്നരക്കോടി രൂപ നൽകുകയും അതിന്റെ സൈന്യത്തിന്റെ അംഗബലം 20,000 കാലാളും 12000 കുതിരക്കാരും ആയിക്കുറക്കുകയും വേണമായിരുന്നു. സത്ലുജിന്റെ ഇരുകരകളുടെയും ഫലഭൂയിഷ്ഠമായ ജലന്ധർ ദൊവാബിന്റെയും നിയന്ത്രണം ബ്രിട്ടീഷുകാർക്ക് ലഭിച്ചു. വർഷാവസാനം വരെ ബ്രിട്ടീഷ് സൈനികസാന്നിധ്യം ലാഹോറിൽ നിലനിർത്താനും വ്യവസ്ഥയായിരുന്നു. സത്ലുജിനും ബിയാസിനും ഇടയിലുള്ള ഫലഭൂയിഷ്ഠമായ ജലന്ധർ ദൊവാബിന്റെ നിയന്ത്രണം, വൻവരുമാനത്തിനും, സൈന്യത്തിന്റെ വിന്യാസം കൂടുതൽ മുന്നോട്ടുനീക്കാനും (സത്ലുജിന്റെ തീരത്തുനിന്നും ബിയാസിന്റെ തീരത്തേക്ക്) എത്തിക്കാനും ബ്രിട്ടീഷുകാർക്ക് സാധിച്ചു. ജലന്ധർ ദൊവാബിന്റെ നിയന്ത്രണം മൂലം ബ്രിട്ടീഷ് ആസ്ഥാനമായിരുന്ന സിംലയുടെ സുരക്ഷയും വളരെ മെച്ചപ്പെട്ടു. മുൻപ് സിംല പഞ്ചാബികൾക്ക് രണ്ടുദിവസത്തെ ദൂരം കൊണ്ട് എത്താവുന്നതായിരുന്നതെങ്കിൽ ദൊവാബിന്റെ നിയന്ത്രണം അതിനെ വടക്കുകിഴക്കുനിന്ന് കൂടുതൽ അപ്രാപ്യവും സുരക്ഷിതവുമാക്കി.[1]
ദലീപ് സിങ്ങിനെ രാജാവായും ദലീപ് സിങ്ങിനുവേണ്ടി റാണി ജിന്ദൻ തന്നെ റീജന്റായി തുടരാനും ലാൽ സിങ്ങിനെ അവരുടെ മന്ത്രിയായി തുടരാനും ബ്രിട്ടീഷുകാർ അനുവദിച്ചു.
നഷ്ടപരിഹാരം നൽകാൻ സിഖുകാർക്ക് കഴിവില്ലാതിരുന്നതിനാൽ അരക്കോടി രൂപ രൊക്കമായും ബാക്കിക്ക് കാശ്മീരും ഹസാരയോട് ചേർന്നുള്ള സിന്ധുവിനും ബിയാസിനും ഇടയിലുള്ള മലമ്പ്രദേശങ്ങളും സിഖുകാർ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തു. സിക്കുസൈന്യത്തിന്റെ സംഖ്യാബലം വെട്ടിക്കുറച്ചു. വിശാലമായ ഈ മേഖലമുഴുവൻ നിയന്ത്രണത്തിൽവക്കാൻ ബ്രിട്ടീഷുകാർ തയ്യാറായിരുന്നില്ല. ചക്കി നദിവരെയുള്ള പ്രദേശങ്ങളും കുളു, മണ്ടി, നൂർപൂർ, കംഗ്ര എന്നിവ (ഇവയെല്ലാം ഇന്നത്തെ ഹിമാചൽ പ്രദേശിലാണ്) ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലാക്കുകയും ബാക്കി ഭാഗം 1846 മാർച്ച് 16-ലെ അമൃത്സർ കരാർ പ്രകാരം 75 ലക്ഷം രൂപ പ്രതിഫലം വാങ്ങി ഗുലാബ് സിങ്ങിനു നൽകുകയും ചെയ്തു.[1] ഗുലാബ് സിങ്ങിനെ ജമ്മുവിന്റെയും കശ്മീരിന്റെയും സ്വതന്ത്രഭരണാധികാരിയായി ബ്രിട്ടീഷുകാർ അംഗീകരിക്കുകയും ചെയ്തു.
കേണൽ ഹെൻറി ലോറൻസ് ലാഹോറിലെ ബ്രിട്ടീഷ് റസിഡന്റായി നിയമിതനായി. 1846 ഡിസംബറിൽ ഉണ്ടായ ഭൈറോവൽ സന്ധിയനുസരിച്ച് ബ്രിട്ടീഷ് റസിഡന്റിന്റെ കീഴിൽ ബ്രിട്ടീഷുകാരും സിക്കുകാരും ചേർന്ന ഒരു റീജൻസി കൌൺസിൽ രൂപവത്കരിക്കപ്പെട്ടു. ലാഹോറിൽ ഒരു ബ്രിട്ടീഷ് സൈന്യത്തെ നിലനിർത്തുന്നതിനും വർഷംതോറും 22 ലക്ഷം രൂപ സൈന്യത്തിന്റെ ചെലവിലേക്കായി നൽകുന്നതിനും തീരുമാനിക്കുകയുണ്ടായി. ദിലീപ്സിങ്ങിനു പ്രായപൂർത്തിയാവുന്നതുവരെയായിരുന്നു ഈ ഉടമ്പടിയുടെ കാലാവധി. എന്നാൽ രണ്ടാം ആംഗ്ലോ-സിഖ് യുദ്ധാനന്തരം ബ്രിട്ടീഷുകാർ പഞ്ചാബിനെ അവരുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലാക്കുകയും ഈ ഭരണസംവിധാനം അവസാനിക്കുകയും ചെയ്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.