From Wikipedia, the free encyclopedia
സ്വന്തം ഗുരുത്വബലത്താൽ ഒരു നക്ഷത്രത്തെയോ നക്ഷത്രാവശിഷ്ടത്തെയോ പരിക്രമണം ചെയ്യുന്നവയും അണുസംയോജനപ്രവർത്തനത്തിന് ആവശ്യമായ പിണ്ഡമില്ലാത്തവയും സ്വന്തം പരിധിയിൽ നിന്ന് ഗ്രഹങ്ങളെയും ഗ്രഹശകലങ്ങളെയും അകറ്റിനിർത്തുകയും ചെയ്യുന്ന ജ്യോതിർഗോളങ്ങളാണ് ഗ്രഹങ്ങൾ[1][2]. ആദികാലസംസ്കാരങ്ങളിലെല്ലാം തന്നെ ഗ്രഹങ്ങൾക്ക് ദൈവിക പരിവേഷം ലഭിച്ചിരുന്നു. ശാസ്ത്രീയമായ അറിവുകൾ വളരുന്നതോടെയാണ് ഗ്രഹങ്ങൾ ഈ പരിവേഷങ്ങളിൽ നിന്നെല്ലാം രക്ഷപ്പെടുന്നത്. 2006ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (International Astronomical Union) സൗരയൂഥത്തിലെ ഗ്രഹങ്ങൾക്ക് പ്രത്യേകനിർവ്വചനം നൽകുകയുണ്ടായി. ഇതിനെ സ്വീകരിക്കുകയും വിമർശിക്കുകയും ചെയ്തവർ ശാസ്ത്രജ്ഞരുടെ ഇടയിൽ തന്നെയുണ്ട്.
വ്യത്യസ്തങ്ങളായ അതിവൃത്തങ്ങളിലൂടെ ഓരോ ഗ്രഹങ്ങളും ഭൂമിയെ ഭ്രമണം ചെയ്യുന്നു എന്നായിരുന്നു ടോളമിയുടെ സിദ്ധാന്തം. സൗരകേന്ദ്രസിദ്ധാന്തങ്ങൾ പലരും അവതരിപ്പിച്ചെങ്കിലും പതിനേഴാം നൂറ്റാണ്ടിൽ ഗലീലിയോ ഗലീലി ദൂരദർശിനി ഉപയോഗിച്ച് ഗ്രഹങ്ങളെ നിരീക്ഷിച്ചതിനു ശേഷമാണ് ഇത് വ്യാപകമായി അംഗീകരിക്കപ്പെടുന്നത്. ജോഹന്നസ് കെപ്ലർ ഗ്രഹങ്ങളുടെ പാത വൃത്താകൃതിയിലല്ലെന്നും ദീർഘവൃത്താകൃതിയിലാണെന്നും സമർത്ഥിച്ചു. നിരീക്ഷണോപകരണങ്ങൾ വികസിക്കുന്നതിനനുസരിച്ച് മറ്റു ഗ്രഹങ്ങളെ കുറിച്ചുള്ള അറിവുകളും കൂടിവന്നു. അതോടെ ബഹിരാകാശയുഗം ആരംഭിച്ചു എന്നു പറയാം. ബഹിരാകാശ പേടകങ്ങൾ വിക്ഷേപിച്ചു തുടങ്ങിയതോടെ അന്യഗ്രഹങ്ങളിലെ അഗ്നിപർവ്വതങ്ങൾ, കൊടുംകാറ്റുകൾ, ടെക്റ്റോണിക്സ്, ജലസാന്നിദ്ധ്യം എന്നിവയെ കുറിച്ചും കൂടുതൽ തെളിവുകൾ ലഭിച്ചു.
ഗ്രഹങ്ങളെ പൊതുവെ രണ്ടു വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. വലുതും സാന്ദ്രത കുറഞ്ഞവയുമായ വാതക ഭീമന്മാർ ചെറുതും ഉറച്ച പ്രതലത്തോടു കൂടിയവയുമായ ഭൂസമാന ഗ്രഹങ്ങൾ എന്നിവയാണവ. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ (IAU) നിർവ്വചനമനുസരിച്ച് സൗരയൂഥത്തിൽ എട്ട് ഗ്രഹങ്ങളാണുള്ളത്. ഇവയിൽ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നീ നാലു ഗ്രഹങ്ങൾ ഭൂസമാന ഗ്രഹങ്ങളും വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവ വാതക ഭീമന്മാരുമാണ്. ഇവയിൽ ആറു ഗ്രഹങ്ങൾക്ക് ഒന്നോ അതിലധികമോ പ്രകൃതിദത്ത ഉപഗ്രഹങ്ങൾ ഉണ്ട്. ഇവയെ കൂടാതെ അഞ്ച് കുള്ളൻ ഗ്രഹങ്ങളും[3] നിരവധി മറ്റു സൗരയൂഥ പദാർത്ഥങ്ങളുമുണ്ട്.
1992നു ശേഷം ആകാശഗംഗയിലെ മറ്റു നക്ഷത്രങ്ങളെ പ്രദക്ഷിണം ചെയ്യുന്ന നിരവധി സൗരയൂഥേതര ഗ്രഹങ്ങളെ ("extrasolar planets" or "exoplanets") കണ്ടെത്തിയിട്ടുണ്ട്. 2011 ഒക്ടോബർ പതിമൂന്നാം തിയ്യതി 693 സൗരയൂഥേതര ഗ്രഹങ്ങളുടെ പട്ടിക സൗരയൂഥേതരഗ്രഹ വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്തി. ഇവയിൽ ഭൂമിയേക്കാൾ അല്പം വലിപ്പം കൂടിയവ മുതൽ വ്യാഴത്തേക്കാൾ വലിയവ വരെയുണ്ട്[4].
ഗ്രഹങ്ങളുടെ ചരിത്രം അവ വിരാജിച്ചിരുന്ന ദൈവിക പദവികളിൽ നിന്ന്, അവയെല്ലാം നഷ്ടപ്പെട്ട് പദാർത്ഥപ്രപഞ്ചത്തിലേക്കിറങ്ങി വന്നതിന്റെ ചരിത്രമാണ്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന അഞ്ച് ഗ്രഹങ്ങളെ പുരാതനകാലം മുതൽ തന്നെ അറിയാമായിരുന്നു. മിത്തോളജിയിലും പുരാതന മത ഗ്രന്ഥങ്ങളിലും പ്രാചീന ജ്യോതിശാസ്ത്രത്തിലുമെല്ലാം ഇവയുണ്ട്. പുരാതന വാനനിരീക്ഷകർ ചില ജ്യോതിർവസ്തുക്കൾ മറ്റു നക്ഷത്രങ്ങളിൽ നിന്നു വ്യത്യസ്തമായി അവക്കിടയിലൂടെ നീങ്ങുന്നതായി കണ്ടു. പ്രാചീന ഗ്രീസുകാർ ഇവയെ "അലഞ്ഞു നടക്കുന്നവർ" എന്നർത്ഥം വരുന്ന വാക്ക്(planētoi) ഉപയോഗിച്ചാണ് വിശേഷിപ്പിച്ചത്[5]. ഇതിൽ നിന്നാണ് ഇംഗ്ലീഷിലെ പ്ലാനറ്റ് എന്ന വാക്കുണ്ടായത്[6][7]. പുരാതന ഗ്രീസ്, ചൈന, ബാബിലോണിയ തുടങ്ങി എല്ലാ ആദികാല സംസ്കാരങ്ങളിലും ഭൂമിയാണ് പ്രപഞ്ച കേന്ദ്രമെന്നും മറ്റു ഗ്രഹങ്ങൾ ഭൂമിയെ ചുറ്റുകയാണെന്നും ആണ് വിശ്വസിച്ചിരുന്നത്[8][9].
ചൈനക്കാരും ഗ്രീക്കുകാരെ പോലെ ചലിക്കുന്ന നക്ഷത്രം എന്നർത്ഥം വരുന്ന വാക്കാണ്(行星) ഗ്രഹത്തിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. ജപ്പാൻകാരാകട്ടെ കുഴപ്പം പിടിച്ച നക്ഷത്രം(惑星), അലയുന്ന നക്ഷത്രം(遊星) എന്നീ അർത്ഥങ്ങൾ വരുന്ന രണ്ടു വ്യത്യസ്ത വാക്കുകൾ നക്ഷത്രങ്ങൾക്കായി ഉപയോഗിച്ചിരുന്നു.
ബാബിലോണിയൻ ജ്യോതിശാസ്ത്രം
ഗ്രഹങ്ങളെ കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള രേഖകൾ കിട്ടിയിട്ടുള്ളത് ബാബിലോണിയയിൽ നിന്നാണ്. ബി.സി.1,2 സഹസ്രാബ്ദങ്ങളിൽ തന്നെ ഇവർ ഗ്രഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നതായി കാണാം[10]. വീനസ് ടാബ്‌ലറ്റ് ഓഫ് അമ്മിസാദുക്ക(Venus tablet of Ammisaduqa) എന്ന പേരിൽ ബി.സി. രണ്ടാം സഹസ്രാബ്ദത്തിലേതെന്നു കരുതുന്ന രേഖയിൽ ശുക്രന്റെ ചലനങ്ങളെ കുറിച്ചുള്ള നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. ബി.സി. ഏഴാം നൂറ്റാണ്ടിൽ രചിച്ച "എനുമ അനു എൻലിൽ"[11](Enuma anu enlil) എന്ന രേഖയിലും ഗ്രഹങ്ങളുടെ ചലനങ്ങളെ രേഖപ്പെടുത്തിയതായി കാണുന്നു[12] ശുക്രനു പുറമേ ബുധൻ, ചൊവ്വ, വ്യാഴം, ശനി എന്നിവയെ കുറിച്ചും ബാബിലോണിയർക്ക് അറിവുണ്ടായിരുന്നു. ദൂരദർശിനി കണ്ടു പിടിക്കുന്നതു വരേയും ഈ ഗ്രഹങ്ങളെ കുറിച്ചു മാത്രമേ മാനവരാശിക്ക് അറിവുണ്ടായിരുന്നുള്ളു[13].
ഗ്രീക്ക് ജ്യോതിശാസ്ത്രം
1 ചന്ദ്രൻ | 2 ബുധൻ | 3 ശുക്രൻ | 4 സൂര്യൻ | 5 ചൊവ്വ | 6 വ്യാഴം | 7 ശനി |
പൈത്തഗോറിയന്മാരാണ് ഗ്രീസിൽ ആദ്യമായി ഗ്രഹപഠനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇവരുടെ സങ്കല്പമനുസരിച്ച് ഭൂമി, സൂര്യൻ, ചന്ദ്രൻ, മറ്റു ഗ്രഹങ്ങൾ എന്നിവയെല്ലാം പ്രപഞ്ചകേന്ദ്രമായ കേന്ദ്രാഗ്നിക്കു(Central Fire) ചുറ്റും ഭ്രമണം ചെയ്തു കൊണ്ടിരിക്കുകയാണ്. പ്രഭാത താരവും സന്ധ്യാ താരവും (ശുക്രൻ) ഒന്നാണെന്ന് ആദ്യമായി കണ്ടെത്തുന്നത് പൈതഗോറസ് ആണ്.[14] ബി.സി. മൂന്നാം നൂറ്റാണ്ടിൽ സാമോസിലെ അരിസ്റ്റാർക്കസ് സൂര്യകേന്ദ്രസിദ്ധാന്തം അവതരിപ്പിച്ചു. ഇതനുസരിച്ച് ഭൂമിയടക്കമുള്ള ഗ്രഹങ്ങൾ സൂര്യനെ ഭ്രമണം ചെയ്യുന്നു. എന്നിരുന്നാലും ശാസ്ത്രവിപ്ലവത്തിന്റെ കാലഘട്ടം വരെ ഭൂകേന്ദ്ര സിദ്ധാന്തം തന്നെയാണ് അംഗീകരിക്കപ്പെട്ടു പോന്നത്.
ക്രി.പി.ഒന്നാം നൂറ്റാണ്ടിൽ തന്നെ ഗ്രീക്കുകാർ അവർ തന്നെ രൂപീകരിച്ച ഗണിത സമീകരണങ്ങളുപയോഗിച്ച് ഗ്രഹങ്ങളുടെ സ്ഥാനം മുൻകൂട്ടി പ്രവചിക്കാനുള്ള ശേഷി നേടിയിരുന്നു. അന്നു നിലവിലിരുന്ന പ്രപഞ്ച സങ്കല്പങ്ങളുടെ ഒരു സമഗ്രരൂപം രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ അൽമജസ്റ്റ് എന്ന കൃതിയിൽ കാണാം. പാശ്ചാത്യലോകത്ത് ടോളമിയുടെ സ്വാധീനം പതിമൂന്നു നൂറ്റാണ്ടുകളോളം നിലനിന്നു[10][15]. ഗ്രീക്കുകാർക്കും റോമാക്കാർക്കും ഏഴു ഗ്രഹങ്ങളെ കുറിച്ച് അറിയാമായിരുന്നു. ഇവയെല്ലാം തന്നെ ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യുകയാണെന്നാണ് അന്നവർ കരുതിയിരുന്നത്. ഭൂമിയിൽ നിന്നുള്ള ദൂരമനുസരിച്ച് ഇവയുടെ ക്രമം ഇങ്ങനെയായിരുന്നു: ചന്ദ്രൻ, ബുധൻ, ശുക്രൻ, സൂര്യൻ, ചൊവ്വ, വ്യാഴം, ശനി[7][15][16].
499ൽ തന്നെ ആര്യഭടൻ ഭൂമി സ്വന്തം അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നു എന്ന നിരീക്ഷണം മുന്നോട്ടു വെച്ചിരുന്നു. ഇതിനുള്ള തെളിവായി അദ്ദേഹം പറഞ്ഞത് നക്ഷത്രങ്ങളും പടിഞ്ഞാറോട്ടുള്ള ചലനമാണ്. ഗ്രഹങ്ങളുടെ സഞ്ചാരപാത ദീർഘവൃത്താകൃതിയിലാണ് എന്നും അദ്ദേഹം വിശ്വസിച്ചു[17]. ആര്യഭടന്റെ പ്രധാന അനുയായികളെല്ലാം തന്നെ ദക്ഷിണേന്ത്യക്കാരായിരുന്നു.
1500ൽ നീലകണ്ഠ സോമയാജി അദ്ദേഹത്തിന്റെ തന്ത്രസംഗ്രഹം എന്ന കൃതിയിൽ ആര്യഭടന്റെ സിദ്ധാന്തങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി[18][19]. ആര്യഭടീയത്തിന്റെ നല്ലൊരു വ്യാഖ്യാനമാണ് നീലകണ്ഠ സോമയാജിയുടെ ആര്യഭടീയ ഭാഷ്യം. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ സൂര്യനെയാണ് പ്രദക്ഷിണം ചെയ്യുന്നത് എന്ന സിദ്ധാന്തവും ഇദ്ദേഹം മുന്നോട്ടു വെച്ചു. രണ്ടു നൂറ്റാണ്ടിനു ശേഷം ജീവിച്ചിരുന്ന ടൈക്കോ ബ്രാഹെയുടെ സിദ്ധന്തത്തിനു സമാനമായിരുന്നു ഇത്. കേരളത്തിലെ ഭൂരിഭാഗം ജ്യോതിശാസ്ത്രജ്ഞരും ഇതിന്റെ പിന്തുടർച്ചക്കാരാണ്[18][19][20].
പതിനൊന്നാം നൂറ്റാണ്ടിൽ അവിസന്ന ശുക്രസംതരണം (transit of Venus) നിരീക്ഷിക്കുകയുണ്ടായി[21]. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇബ്ൻ ബജ്ജാ (Ibn Bajjah) കറുത്ത പൊട്ടുകളായി രണ്ടു ഗ്രഹങ്ങൾ സൂര്യമുഖത്തു കൂടി സഞ്ചരിക്കുന്നതായി കണ്ടു. പതിമൂന്നാം നൂറ്റാണ്ടിൽ കുത്തബ് അൽ-ദിൻ ഷിരാസി (Qotb al-Din Shirazi) അവ ബുധനും ശുക്രനുമാണെന്ന് തിരിച്ചറിഞ്ഞു[22].
1 ബുധൻ | 2 ശുക്രൻ | 3 ഭൂമി | 4 ചൊവ്വ | 5 വ്യാഴം | 6 ശനി |
യൂറോപ്യൻ നവോത്ഥാനത്തിന്റെ ഭാഗമായുണ്ടായ ശാസ്ത്ര വിപ്ലവത്തിന്റെ ഫലമായി ഗ്രഹങ്ങൾ ഭൂമിക്കു ചുറ്റുമല്ല സൂര്യനു ചുറ്റുമാണ് ഭ്രമണം ചെയ്യുന്നത് എന്ന സിദ്ധാന്തം പ്രസിദ്ധമായി. പതിനാറാം നൂറ്റാണ്ടിലുണ്ടായ ഈ പ്രധാന മാറ്റത്തിന് (ഭൂകേന്ദ്ര സിദ്ധാന്തത്തിൽ നിന്ന് സൂര്യകേന്ദ്ര സിദ്ധാന്തത്തിലേക്ക്) കാരണക്കാർ പ്രധാനമായും കോപ്പർ നിക്കസ്, ഗലീലിയോ, കെപ്ലർ എന്നിവരായിരുന്നു.
ഭൂമി ആദ്യമായി ഗ്രഹങ്ങളുടെ പട്ടികയിലേക്ക് കടന്നു വരുകയും[23] സൂര്യനും ചന്ദ്രനും അതിൽ നിന്ന് പുറം തള്ളപ്പെടുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടിൽ വ്യാഴത്തിന്റേയും ശനിയുടേയും ആദ്യത്തെ ഉപഗ്രഹങ്ങൾ കണ്ടുപിടിക്കപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കും മറ്റു ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും സൂര്യനെ പ്രദക്ഷിണം വെക്കുന്ന മറ്റു വസ്തുക്കളേയും കണ്ടെത്തി.
1 ബുധൻ | 2 ശുക്രൻ | 3 ഭൂമി | 4 ചൊവ്വ | 5 വെസ്റ്റ | 6 ജുനോ | 7 സീറസ് | 8 പള്ളാസ് | 9 വ്യാഴം | 10 ശനി | 11 യുറാനസ് |
പത്തൊമ്പതാം നൂറ്റാണ്ടിൽ പുതിയതായി കണ്ടെത്തിയ സൗരയൂഥ പദാർത്ഥങ്ങളെയെല്ലാം തന്നെ ജ്യോതിശാസ്ത്രജ്ഞന്മാർ ഗ്രഹങ്ങളുടെ പട്ടികയിൽ പെടുത്തി. നൂറ്റാണ്ടിന്റെ പകുതി വരേക്കും സീറസ്, പള്ളാസ്, വെസ്റ്റ എന്നിവയെയെല്ലാം തന്നെ ഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഇവയെല്ലാം തന്നെ ചൊവ്വക്കും വ്യാഴത്തിനും ഇടയിലുള്ള ഒരേ പ്രദേശം തന്നെയാണ് പങ്കിട്ടെടുത്തത്. പിണ്ഡവും വളരെ കുറവായ ഇവയെ പിന്നീട് ഛിന്നഗ്രഹങ്ങൾ എന്ന വിഭാഗത്തിലേക്കു മാറ്റി. 1846ൽ നെപ്ട്യൂണിനെ കണ്ടെത്തിയതോടു കൂടി പത്തൊമ്പതാം നൂറ്റാണ്ടിലെ ഗ്രഹങ്ങളെ കണ്ടെത്തൽ പൂർണ്ണമായി.
1 ബുധൻ | 2 ശുക്രൻ | 3 ഭൂമി | 4 ചൊവ്വ | 5 വ്യാഴം | 6 ശനി | 7 യുറാനസ് | 8 നെപ്ട്യൂൺ |
ഇരുപതാം നൂറ്റാണ്ടിൽ പ്ലൂട്ടോ കൂടി കണ്ടുപിടിക്കപ്പെട്ടു. പ്രാഥമിക നിരീക്ഷണങ്ങളിൽ നിന്ന് ഇത് ഭൂമിയേക്കാൾ വലുതാണ് എന്നാണ് കരുതിയത്[24]. തുടർന്ന് ഇതിനെ ഒമ്പതാമത്തെ ഗ്രഹമായി പരിഗണിക്കുകയും ചെയ്തു. കൂടുതൽ പഠനങ്ങളെ തുടർന്ന് ഇത താരതമ്യേന ചെറിയ ഗ്രഹമാണെന്ന് തെളിഞ്ഞു. 1936ൽ റെയ്മണ്ട് ലിറ്റിൽടൺ രക്ഷപ്പെട്ടുപോയ നെപ്ട്യൂണിന്റെ ഉപഗ്രഹമാവാം പ്ലൂട്ടോ എന്ന നിർദ്ദേശം വെച്ചു[25]. 1964ൽ ഫ്രെഡ് വിപ്പ്‌ൾ ഇതൊരു വാൽനക്ഷത്രമാകാം എന്നു പറഞ്ഞു[26]. എന്നിരുന്നാലും 2006 വരെ ഇതിന്റെ സ്ഥാനം ഗ്രഹങ്ങളുടെ കൂട്ടത്തിൽ തന്നെയായിരുന്നു.
1 ബുധൻ | 2 ശുക്രൻ | 3 ഭൂമി | 4 ചൊവ്വ | 5 വ്യാഴം | 6 ശനി | 7 യുറാനസ് | 8 നെപ്ട്യൂൺ | 9 പ്ലൂട്ടോ |
1992ൽ അലക്സാണ്ടർ വോൾസ്ക്‌സാൻ, ഡയ്‌ൽ ഫ്രെയ്‌ൽ എന്നീ ജ്യോതിശാസ്ത്രജ്ഞർ PSR B1257+12 എന്ന പൾസാറിനെ പ്രദക്ഷിണം ചെയ്യുന്ന ഒരു ഗ്രഹത്തെ കണ്ടെത്തിയതായി പ്രഖ്യാപിച്ചു.[27] ഇത്, സൗരയൂഥത്തിനു പുറത്ത് മറ്റു നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുണ്ട് എന്നതിനു ലഭിച്ച ആദ്യത്തെ സ്ഥിരീകരണമായിരുന്നു. 1995 ഒക്ടോബർ 6ന് ജനീവ സർവ്വകലാശാലയിലെ മൈക്കൽ മേയർ, ദിദ്യേർ ക്യൂലോസ് എന്നീ ഗവേഷകർ ഒരു മുഖ്യധാരാനക്ഷത്രമായ 51 പെഗാസി എന്ന നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തെ കണ്ടെത്തിയതായി പറഞ്ഞു.[28] ഒരു സൗരേതരഗ്രഹത്തെ (exoplanet) ആദ്യത്തെ മുഖ്യധാരാനക്ഷത്രമാണ് (main-sequence star) 51 പെഗാസി.
സൗരേതരഗ്രഹങ്ങളുടെ കണ്ടെത്തൽ പുതിയ ചില പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചു. ഇവയിൽ ഭൂരിഭാഗവും വ്യാഴത്തെക്കാൾ പതിന്മടങ്ങ് വലിപ്പമുള്ളവയായിരുന്നു. ഇവയെ ഗ്രഹങ്ങളുടെ കൂട്ടത്തിലാണോ തവിട്ടുകുള്ളന്മാരുടെ കൂട്ടത്തിലാണോ ഉൾപ്പെടുത്തേണ്ടത് എന്ന സംശയം ഉടലെടുത്തു. അണുസംയോജനത്തിനാവശ്യമായ പിണ്ഡമില്ലാത്തതു കൊണ്ട് നക്ഷത്രമാകാനാകാതെ പോയ ജ്യോതിർഗോളങ്ങളാണ് തവിട്ടുകുള്ളന്മാർ.
സൗരയൂഥത്തിനകത്തും പുറത്തും നിരവധി പദാർത്ഥങ്ങൾ പുതിയതായി കണ്ടെത്തി. ഇതോടെ എന്താണ് ഗ്രഹങ്ങൾ എന്നതിനെ കുറിച്ചുള്ള തർക്കങ്ങളും ഉടലെടുത്തു. പ്രത്യേകസ്ഥലത്തു കാണുന്ന സമാനവസ്തുക്കളുടെ എണ്ണം, അണുകേന്ദ്ര സംയോജനത്തിനുള്ള ശേഷി എന്നിവ കൂടി കണക്കിലെടുത്തു വേണം ഗ്രഹങ്ങളെ നിർവ്വചിക്കാൻ എന്ന ആവശ്യം ഉയർന്നു.
1990-2000 കാലഘട്ടത്തിൽ പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന കയിപ്പർ ബെൽറ്റ് മേഖലയിൽ സമാനമായ നിരവധി പദാർത്ഥങ്ങൾ കണ്ടെത്തിയതോടെ ഒരു വിഭാഗം ശാസ്ത്രജ്ഞർ പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യം ഉന്നയിച്ചു. പ്ലൂട്ടോക്ക് സമാനമായ അനേകായിരം വസ്തുക്കൾ ഈ കാലയളവിൽ പുതിയതായി കണ്ടെത്തി. ക്വോവാർ, സെഡ്ന, ഈറിസ് എന്നിവയെ ഗ്രഹങ്ങളായി പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നു. 2005ൽ പ്ലൂട്ടോയെക്കാൾ 27% പിണ്ഡം അധികമാണ് ഈറിസിന് എന്ന് കണ്ടെത്തുക കൂടി ചെയ്തതോടെ ഗ്രഹങ്ങളെ കൃത്യമായി നിർവ്വചിക്കേണ്ടത് അനിവാര്യമായി വന്നു.
2006 ആഗസ്റ്റ് മാസത്തിൽ IAU ഗ്രഹങ്ങളെ കുറിച്ചുള്ള പുതിയ നിർവ്വചനം പ്രസിദ്ധീകരിച്ചു. അതോടെ ഗ്രഹങ്ങളുടെ എണ്ണം എട്ടായി. കുള്ളൻ ഗ്രഹങ്ങൾ(dwarf planets) എന്ന പുതിയ ഒരു വിഭാഗം കൂടി സൃഷ്ടിക്കപ്പെട്ടു. സീറീസ്, പ്ലൂട്ടോ, ഈറീസ് എന്നിവയെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി.
2003ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ (IAU) പ്രവർത്തകസമിതി സൗരേതരഗ്രഹങ്ങൾക്ക് ഒരു നിർവ്വചനം രൂപീകരിച്ചു. ഇതിൽ പ്രധാനമായും ഊന്നൽ കൊടുത്തത് സൗരേതരഗ്രഹങ്ങളും തവിട്ടുക്കുള്ളന്മാരും (brown dwarf) എന്നിവ തമ്മിലുള്ള അതിരുകൾ വേർതിരിക്കുന്നതിനാണ്.[2]
ജ്യോതിശാസ്ത്രസംബന്ധിയായ കാര്യങ്ങളുടെ ഔദ്യോഗിക സംഘടനയായ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ഗ്രഹത്തെ താഴെ പറയുന്ന വിധമാണ് നിർവചിച്ചിരിക്കുന്നത്. ഒരു ജ്യോതിർ വസ്തു ഗ്രഹം ആകണമെങ്കിൽ താഴെ പറയുന്ന മൂന്ന് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.[30]
ഈ നിർവചനം അനുസരിച്ച് സൗരയൂഥത്തിൽ എട്ടു ഗ്രഹങ്ങളാണ് ഉള്ളത്. അത് താഴെ പറയുന്നവ ആണ്.
ശാസ്ത്രജ്ഞർ ഈ നിർവചനം കൊടുക്കുന്നതിനു മുൻപ് ഗ്രഹത്തിന് ശാസ്ത്രീയമായ ഒരു നിർവചനം ഉണ്ടായിരുന്നില്ല. അതിനാൽ പല സമയത്തും പലതായിരുന്നു ഗ്രഹങ്ങളുടെ എണ്ണം.
നിർവചനത്തിലെ മൂന്നാമത്തെ മാനദണ്ഡം പാലിക്കാത്ത വസ്തുക്കളെ കുള്ളൻ ഗ്രഹം എന്ന പുതിയ ഒരു വിഭാഗത്തിലാണ് ശാസ്ത്രജ്ഞർ പെടുത്തിയത്. സെറെസ് , പ്ലൂട്ടോ, ഈറിസ് എന്നീ സൗരയൂഥവസ്തുക്കളെ കുള്ളൻ ഗ്രഹം ആയി ആണ് ഇപ്പോൾ കണക്കാക്കുന്നത്.[31] വരി വര (സംവാദം) 16:30, 23 ഏപ്രിൽ 2015 (UTC)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.