ഊട്ടി
തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രം From Wikipedia, the free encyclopedia
ഊട്ടി അഥവാ ഉദഗമണ്ഡലം (ഇംഗ്ലീഷ്:Ooty, Udhagamandalam, Ootacamund) (Tamil: உதகமண்டலம், உதகை) തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയുമാണ്. നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെയാണ്. തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ആളുകളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമാണ് ഇത്. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ് ഊട്ടി അറിയപ്പെടുന്നത്[1]. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്; അതിന്റെ ചുരുക്കമാണ് ഊട്ടി. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായാണ് ഇതിനെ വികസിപ്പിച്ചു കൊണ്ടുവന്നത്. ഇന്ത്യയിൽ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണിത്. മേട്ടുപ്പാളയം-ഊട്ടി നാരോ ഗേജ് തീവണ്ടി ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.
ഊട്ടി | |
11.40°N 76.70°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്‌നാട് |
ജില്ല | നീലഗിരി |
ഭരണസ്ഥാപനങ്ങൾ | നഗരസഭ |
മേയർ | |
വിസ്തീർണ്ണം | 36ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 93,921 |
ജനസാന്ദ്രത | 2609/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
643 xxx +91 423 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ദൊഡ്ഡബെട്ട, 16ത് മൈൽ, ഊട്ടി തടാകം, ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, തിബത്തൻ ചന്ത, കാമരാജ് സാഗർ അണക്കെട്ട് |
പേരിനുപിന്നിൽ
തോട ഭാഷയിൽ മലകളിലെ വീട് എന്നർത്ഥമുള്ള 'ഒത്തക്കൽ' 'മുണ്ട്' എന്ന വാക്കുകളിൽ നിന്നാണ് ഉദകമണ്ഡലം എന്ന പേര് ഉണ്ടായത് [2]. പാട്ക് മുണ്ട് (Patk - Mund) എന്ന വാക്കിൽ നിന്നാണ് ഇത് ഉണ്ടായതെന്നും പറയപ്പെടുന്നു[3]. ബ്രിട്ടിഷ് സർക്കാർ ഇത് ഊട്ടക്കമണ്ട് എന്നാക്കി. ഊട്ടി എന്നത് പറയാൻ എളുപ്പത്തിനായി ഉപയോഗിച്ചു വന്ന പേര് ആണ്. എന്നാൽ ഇന്ന് സാർവ്വത്രികമായി ഉപയോഗിക്കുന്ന പേര് ഇതാണ്.
ചരിത്രം
ബ്രിട്ടിഷുകാർക്ക് മുൻപ്
ഊട്ടി ഉൾപ്പെടുന്ന നീലഗിരി മലകൾ ഘോരവനങ്ങൾ ആയിരുന്നതിനാലും കാലാവസ്ഥ പ്രതികൂലമായിരുന്നതിനാലും പണ്ടുകാലത്ത് ഇവിടേക്ക് എത്തിച്ചേരുക വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. അത്ര ഫലഭൂയിഷ്ടതയോ, കീഴ്പ്പെടുത്താനായി കോട്ടകളോ കൊട്ടാരങ്ങളോ ഇല്ലാത്തതിനാൽ ആരും ഇങ്ങോട്ട് പ്രവേശിക്കാൻ താല്പര്യപ്പെട്ടിരുന്നില്ല എന്നു കരുതുന്നു. ബ്രിട്ടിഷുകാരുടെ വരവിന് മുൻപുള്ള ചരിത്രം അതിനാൽ അവ്യക്തമാണ്. മറയൂരിൽ നിന്നും ലഭിച്ച പോലുള്ള മഹാശിലായുഗത്തിന്റെ തെളിവുകൾ പലതും ഇവിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും അവ ഇന്നും തോട വർഗ്ഗക്കാരുടെ ആചാരങ്ങളുമായി ചേർന്ന് പോകുന്നതിനാൽ കാലപ്പഴക്കം നിർണ്ണയിക്കാൻ ബുദ്ധിമുട്ടാണ്. നിരവധി ശിലാലിഖിതങ്ങളും, തൊപ്പിക്കല്ലുകളും മുനിയറകളും ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്.
സംഘകാലത്തെ ചേരന്മാരുടെ സാമ്രാജ്യത്തിനു കീഴിലായിരുന്നു ഈ മലകൾ. അന്നത്തെ കുറിഞ്ചിതിണൈ എന്നറിയപ്പെട്ടിരുന്ന തിണകളിൽ ഈ ഘോരവനങ്ങൾ പെടും. ബഡഗർ, തോടർ, ബേള്ളാളർ എന്നിങ്ങനെയുള്ള മൂന്നു ആദിവാസി ഗോത്രങ്ങളാണ് ഇവിടെ വസിച്ചിരുന്നത്. ചേര രാജാക്കന്മാർക്ക് ശേഷം വന്ന നാടുവാഴി-രാജാക്കന്മാരിൽ നിന്ന് മൈസൂർ ആസ്ഥാനമാക്കി ഭരണം നടത്തിയ ഗംഗ സാമ്രാജ്യ ചക്രവർത്തിമാർ വയനാട് ഉൾപ്പെടുന്ന ഈ ഭൂപ്രദേശം കൈക്കലാക്കി. ഇതിനെ സാധൂകരിക്കുന്ന ലഭ്യമായിട്ടുള്ള ഏറ്റവും പഴയ ശാസനം 930-ആമാണ്ടിലുള്ളതാണ്.[4] ഇതിനെ തുടർന്ന് പത്താം ശതകത്തോടടുത്ത് വടക്കൻ കാനറ ആസ്ഥാനമാക്കി ഭരിച്ചിരുന്ന കദംബർ ഊട്ടി കൈവശപ്പെറടുത്തി.പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഹൊയ്സാലരാജാവായ ഹർഷവർദ്ധൻ വയനാടും നീലഗിരിയും ആക്രമിച്ച് കീഴടക്കിയത്. അദ്ദേഹത്തിന്റെ സേനാനായകനായ പുനീസാ 1117-ൽ തോടകളേയും മറ്റും ഭയപ്പെടുത്തി നിരവധിപേരെ വധിച്ചു എന്നും ഹർഷവർദ്ധനന്റെ ശിലാശാസനങ്ങളിൽ കാണുന്നു. ഈ ശാസനങ്ങളിൽ ആണ് നീലഗിരി, തോട എന്നീ പേരുകൾ ആദ്യമായി പരാമർശിച്ചുകാണുന്നത്. 1120-ൽ ഹർഷവർദ്ധനൻ നീലമലയെ ഒരു പട്ടണം ആക്കി മാറ്റി. 1141-ലെ മറ്റൊരു ശാസനത്തിൽ നിരുഗുൺഡനാടിനെപറ്റിയും (നീലഗിരിയിൽ) അവിടെയുള്ള കുക്കുള്ള കോട്ടയെപറ്റിയും പരാമർശമുണ്ടെങ്കിലും കോട്ടയുടെ അവശിഷ്ടങ്ങൾ ഒന്നും ഇന്ന് നിലവിലില്ല.ഹൊയ്സാലരിൽ നിന്ന് 1310 ൽ ഡൽഹിയിലെ മുസ്ലീം ഭരണാധികാരികൾ അധികാരം പിടിച്ചെടുത്തപ്പോൾ ഈ ഭാഗത്തിന്റെ ഭരണം ഹൊയ്സാല മന്ത്രിയായിരുന്ന മാധവ ദന്നായകനും മക്കൾക്കും ലഭിച്ചു. അവർ നീലഗിരി-സർദാർ എന്ന സ്ഥാനപ്പേർ ഉപയോഗിച്ചു വന്നു.
പതിനാറാം ശതകത്തിൽ വിജയനഗരത്തിലെ ഹമ്പി ആസ്ഥാനമാക്കി ഭരിച്ചിരുന്ന വിജയനഗര രാജാക്കന്മാർ ഡൽഹി സുൽത്താന്മാരുടെ ഭരണം അവസാനിപ്പിച്ചു. അവർക്ക് ഈ മേഖലയുടെ അവകാശം കൈവന്നു. വിജയനഗരത്തിലെ കൃഷ്ണദേവ മഹാരാജാവ് നീലഗിരി പ്രദേശത്തുള്ള മസനഹള്ളിയും അതിന്റെ ചുറ്റുവട്ടങ്ങളും ചേർന്ന് ആർക്കോ ഭരിക്കാൻ നൽകിയതായി 1537-ലെ ശാസനത്തിൽ പറയുന്നു. ഈ സ്ഥലം ഇന്ന് മസനഗുഡി എന്നാണ് അറിയപ്പെടുന്നത്. 1565-ൽ വിജയനഗര സാമ്രാജ്യം ഡെക്കാനിലെ മുസ്ലീം രാജാക്കന്മാർ തളിക്കോട്ട യുദ്ധത്തിലൂടെ പിടിച്ചെടുത്തു. എങ്കിലും അവരുടെ അനന്തരാവകാശികൾ അത്ര ശക്തന്മാരായിരുന്നില്ല. ചെറിയ രാജാക്കന്മാർ വിഘടിച്ചു, സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അതിലെ ഒരു രാജാവായ വോഡെയാർക്കാണ് നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത്. 1760-ൽ ഒരു അട്ടിമറിയിലൂടെ ഹൈദരാലി മൈസൂരിന്റെ ഭരണം കൈയടക്കി. 1782-ൽ ടിപ്പുസുൽത്താന്റേയും 1799-ൽ മൈസൂർ യുദ്ധത്തിൽ ടിപ്പുവിനെ പരാജയപ്പെടുത്തിയ ബ്രിട്ടീഷുകാരുടേയും അധീനതയിൽ ഈ പ്രദേശം വന്നു ചേർന്നു. പിന്നീട് പഴശ്ശി വിപ്ലവത്തിനും നീലഗിരി മലകൾ സാക്ഷിയാകേണ്ടി വന്നു. ഇത്തരം നിരവധി കൈമാറ്റങ്ങൾ നടന്നു എങ്കിലും ബ്രിട്ടീഷുകാർക്ക് മുൻപ് ആരും തന്നെ ഈ പ്രദേശങ്ങളിലേക്ക് കടന്നു വരാൻ ധൈര്യപ്പെട്ടിരുന്നില്ല. [2] 1602-ൽ ഈശോ സഭ (jesuit) പുരോഹിതനായ ഫെറേയ്റ ഇവിടം സന്ദർശിക്കുകയും തോടകളേയും ബഡകളേയും പറ്റി പരാമർശിക്കുക്കയും ചെയ്തിട്ടുണ്ട്. അതിനു മുൻപ് മലങ്കരയിലയിലെ സിറിയൻ ക്രിസ്ത്യാനികളുടെ ആദ്യത്തെ റോമൻ കത്തോലിക്ക ബിഷപ്പ് ഒരു പുരോഹിതനേയും ദിയാക്കോനേയും ഇവിടത്തെ ക്രിസ്ത്യാനികളെക്കുറിച്ച് അറിയാനായി അയച്ചിരുന്നു. ഈ പ്രദേശത്ത് പുരാതന ക്രിസ്ത്യാനികൾ വസിച്ചിരുന്നെന്ന വിശ്വാസമായിരുന്നു കാരണം.
ബ്രിട്ടിഷുകാരുടെ കാലം
ബ്രിട്ടീഷുകാർ വരുന്നതുവരെ വ്യക്തമായ ഒരു പാത ഇങ്ങോട്ട് ഉണ്ടായിരുന്നില്ല. യൂറോപ്പിനു സമാനമായ തണുത്ത കാലാവസ്ഥ ബ്രിട്ടീഷുകാർക്ക് ഇഷ്ടപ്പെട്ടത് ഊട്ടിയുടെ ചരിത്രം മാറ്റിയെഴുതി. പണ്ട്കാടു നിറഞ്ഞ മലമ്പാതകളിലൂടെ നടന്നും കഴുതപ്പുറത്തുമാണ് വന്നിരുന്നത്. 1800 ഒക്ടോബറിൽ ഡോ. ഫ്രാൻസിസ് ബുക്കാനൻ ബ്രിട്ടീഷ് സർക്കാരിന്റെ നിർദ്ദേശപ്രകാരം ആദ്യമായി ഈ സ്ഥലത്തെക്കുറിച്ച് പഠിക്കാനായി ഊട്ടിയിലേക്ക് പുറപ്പെട്ടു എങ്കിലും അദ്ദേഹം ഊട്ടിയിൽ എത്താതെ മടങ്ങുകയായിരുന്നു. പിന്നീട് 1812 ൽ വില്യം കീയ്സ് എന്ന സർവേയറും അദ്ദേഹത്തിന്റെ സഹായി മക്മോഹനും ആണ് ആദ്യമായി നീലഗിരി മലകളിൽ എത്തുന്നത്. 1819-ൽ ജോൺ സള്ളിവൻ എന്ന അന്നത്തെ കോയമ്പത്തൂർ കളക്റ്റർ ആണ് ഊട്ടിയിലേക്ക് ഒരു പാത നിർമ്മിക്കാൻ മുൻകൈ എടുത്തത്. ലെഫ്റ്റനന്റ് ഇവാൻസ് മക്ഫേർസൺ എന്നയാളുടെ (ഊട്ടിയിലെ ക്ലൂണി ഹാൾ നിർമ്മിച്ചത് ഇദ്ദേഹമാണ്) സഹായത്തോടെ അദ്ദേഹം മേട്ടുപ്പാളയത്തെ സിരുമുഗൈ എന്ന സ്ഥലത്തു നിന്ന് കോത്തഗിരി യിലേക്ക് ആദ്യമായി കുതിരയെ ഉപയോഗിച്ച് ഒരു പാത നിർമ്മിച്ചു. ഇതിനായി സേലത്തേയും കോയമ്പത്തൂരിലേയും തടവു പുള്ളികളേയും ഉപയോഗപ്പെടുത്തി. 1823-ൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി. ഇവരുടെ രണ്ടുപേരുടേയും വിവരണങ്ങളിൽ നിന്ന് മദ്രാസ് ഭരണകൂടം ഇത് യൂറോപ്യന്മാർക്ക് സ്ഥിരതാമസമാക്കാവുന്ന സ്ഥലമാണ് എന്ന് തീരുമാനിക്കുകയും വയസ്സായവർക്കും സൈന്യത്തിനും ഉള്ള വിശ്രമസ്ഥലമായും മാറ്റാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ അന്നും ഊട്ടി കണ്ടു പിടിക്കപ്പെട്ടിട്ടില്ലായിരുന്നു. സള്ളിവൻ ഇത് നീരാശ്രിതർക്കുള്ള വിഹാരം എന്ന രീതിയിൽ വികസിപ്പിക്കാനാണ് പദ്ധതിയിട്ടത്.
ഊട്ടിയെപ്പറ്റി ആദ്യത്തെ പരാമർശം 1821-ലെ മദ്രാസ് ഗസറ്റിലാണ് ഉള്ളത്. അതിൽ പേരറിവില്ലാത്ത ഒരാൾ അന്നത്തെ ആസ്ഥാനമായിരുന്ന ദിമ്മഹട്ടിയിൽ നിന്ന് ഊട്ടിയിലെ മുക്കാർത്തി പീക്ക് വരെ പോയതായി രേഖപ്പെടുത്തയിരിക്കുന്നു. ഇതിൽ വൊട്ടോക്കിമണ്ട് (Wotokymund) എന്നാണ് പരാമർശിച്ചിരിക്കുന്നത്. 1827 ആയപ്പോഴേക്കും സള്ളിവൻ നീലഗിരിയിലെ മിക്ക സ്ഥലങ്ങളിലേക്കും ഗതാഗതം സുഗമമാക്കിയിരുന്നു. കൂടാതെ മദ്രാസ് സർക്കാരിന്റെ ആവശ്യപ്രകാരം നിരാലംബർക്കായുള്ള ആവാസ കേന്ദ്രങ്ങളും പണിതു കഴിഞ്ഞിരുന്നു. സള്ളിവൻ സ്വപ്നം കണ്ടമാതിരിയുള്ള ഒരു സാനിറ്റോറിയം ആയി ഊട്ടക്കമണ്ട് മാറിക്കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് വന്ന മേജർ കെസ്ലോ ഇത് ഒരു സൈനിക ആസ്ഥാനമായി വികസിപ്പിക്കുകയായിരുന്നു.
1829-ൽ അന്നത്തെ മദ്രാസ് ഗവർണർ ആയിരുന്ന ലഷിങ്ടൺ ഊട്ടിയിലെത്തി. അദ്ദേഹമാണ് വിശുദ്ധ സ്റ്റീഫന്റെ പേരിലുള്ള പള്ളിക്ക് ശിലാസ്ഥാപനം നടത്തിയത്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ 1831-ൽ കോഴിക്കോട് ഊട്ടി പാത നിർമ്മാണം പൂർത്തിയായി. തൊട്ടടുത്ത വർഷം കുണൂർ കൂടിയുള്ള ഘാട്ട് പാതയും പൂർത്തീകരിക്കപ്പെട്ടു. അന്നു മുതൽ കുണൂർ പാതയും സിസ്പാറ ചുരവും ഊട്ടിയിലേക്കുള്ള പ്രധാന മാർഗങ്ങളിലൊന്നായിത്തീർന്നു. മേട്ടുപ്പാളയം - ഊട്ടി മൗണ്ടൻ റെയിൽപാതയും നിർമ്മിച്ചു.
ഭൂമിശാസ്ത്രം

ഊട്ടി ഉൾപ്പെടുന്ന നീലഗിരി മലനിരകൾ ഏകദേശം 35 മൈൽ നീളവും 20മൈൽ വീതിയും ഏകദേശം 6550 അടി ശരാശരി ഉയരവുമുള്ള പീഠഭൂമിയാണ്. ഇത് പശ്ചിമഘട്ടത്തിനും പൂർവ്വഘട്ടത്തിനും ഇടക്കാണ് സ്ഥിതി ചെയ്യുന്നത്. നീലഗിരി മലകളുടെ അടിവാരം തെക്കു ഭാഗം ഭവാനി നദിയാൽ ചുറ്റപ്പെട്ടുകിടക്കുകയാണ്. വടക്കുഭാഗം മൊയാർ നദിയാണ്. ഇത് ദന്നായന്‌കോട്ടയ്ക്കടുത്തായി ഭവാനി നദിയിൽ ചേരുന്നു. ഒരു ഭാഗത്തായി ഭവാനി സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് വയനാടാണ്. കിഴക്കു ഭാഗത്ത് പൈക്കാര നദി അതിർ സൃഷ്ടിക്കുന്നു. പീഠഭൂമി അതിലെ നിവാസികൾക്കനുസൃതമായി നാലായി തരം തിരിച്ചിരിക്കുന്നു. അവ താഴെ പറയുന്നു.
- അ) കിഴക്ക് പേരങ്ങനാട് (മഹാനായ രംഗയുടെ നാട്)
- ആ) മേർക്കുനാട് (പടിഞ്ഞാറ്)
- ഇ) തോടനാട് (തോടകളുടെ നാട്)
- ഈ) കുണ്ടനാട് (ഉയരം കൂടിയ ദക്ഷിണ ഭാഗം)
ഇതിൽ ആദ്യത്തെ രണ്ട് ഭാഗങ്ങൾ ചേർന്നതാണ് കുണൂർ. മറ്റു രണ്ടു ഭാഗങ്ങൾ ചേർന്നതാണ് ഊട്ടി. ഊട്ടിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ദൊഡ്ഡബേട്ട (കന്നടയിൽ വലിയ മല) എന്നാണറിയപ്പെടുന്നത്. 8640 അടി ഉയരമുള്ള ഇത് ഊട്ടിക്ക് തൊട്ടു കിഴക്കായാണ് ഉള്ളത്. ആനമുടിയും, മീശപ്പുലിമലയും കഴിഞ്ഞാൽ ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ മലയാണ് ഇത്. ഊട്ടിയിൽ നിന്ന് ഈ മലകൾ കാണുവാൻ പ്രയാസമാണ് എന്നാൽ അകലെ മറ്റു ഭാഗങ്ങളിൽ നിന്നേ ഇതിന്റെ യഥാർത്ഥ വലിപ്പം മനസ്സിലാക്കാൻ സാധിക്കൂ. ദൊഡ്ഡബേട്ടയ്ക്ക് കിഴക്കും തെക്കുമുള്ള ഭൂഭാഗങ്ങൾ കൃഷിക്കായി വളരെയധികം ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ബഡക വർഗ്ഗക്കാരാണ് ഇവിടെ കൂടുതലും കൃഷി ചെയ്യുന്നത്. അവർ ഓരോ വർഷവും പുതിയ പുതിയ ഭൂമിയിലേക്ക് കൃഷി മാറ്റുന്നവരാണ്.

ദൊഡ്ഡബേട്ടയുടെ പടിഞ്ഞാറ് ബഡഗർ കുറവാണ്. ഈ ഭാഗം പച്ചക്കുന്നുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് ഇന്ന് പലതട്ടുകളായി കൃഷിക്കായും ആവാസകേന്ദ്രങ്ങൾക്കായും ഉപയോഗിച്ചിരിക്കുന്നു. ഊട്ടിയിൽ തന്നെ കാണപ്പെടുന്ന ഉയരം കൂടിയ മറ്റു മൂന്നു മലകൾ സ്നോഡോൺ (8299 അടി), എൽക് ഹിൽ (8090 അടി), ക്ലബ്‌ഹിൽ (8030 അടി) എന്നിവയാണ്. ദോഡ്ഡബേട്ടയും മറ്റു മൂന്നു മലകളും ചേർന്ന് ചുറ്റപ്പെട്ടിരിക്കുന്നു. സെന്റ് സ്റ്റീഫൻസ് ദേവാലയം 7449 അടി ഉയരത്തിലും സ്ഥിതിചെയ്യുന്നു. ദോഡ്ബേട്ടയുടെ തെക്ക് ഭാഗം ഉയരം കുറഞ്ഞ ഭൂഭാഗമാണ്. ദേവഷോല (Divine woods) എന്ന നീല പശമരങ്ങൾ അധികമായുള്ള പ്രദേശമാണ് ഇത്. വീണ്ടും കിഴക്കോട്ട് പോയാൽ 5601 അടി ഉയരമുള്ള കുളകമ്പൈ മലകൾ ആണ്. ഇവിടെ ഇരുള വർഗ്ഗത്തിൽ പെട്ടവരാണ് കൂടുതലായും വസിക്കുന്നത്. ഊട്ടിക്കും കോത്തഗിരിക്കും ഇടക്കായാണ് റള്ളിയമല സ്ഥിതിചെയ്യുന്നത്. ദൊഡ്ഡബേട്ടക്ക് പടിഞ്ഞാറ് ഉയരം കൂടിയ മലകൾ ആണ്. മൂന്ന് വൻ മലനിരകളാണീഭാഗത്ത് ശ്രദ്ധേയമായിട്ടുള്ളത്. ഇവ ഹെക്കൂബ (ഉൾനാട്), സ്റ്റെയർകേസ് (കട്ടക്കാട്), ഷാസ് പ്ലാന്റേഷൻ (കുള്ളുകടി) എന്നിവയാണ്. നീലഗിരി ജില്ലയുടെ ദക്ഷിണ-പശ്ചിമ അതിർത്തിയാകുന്ന ഭാഗമാണ് കുന്ദ. പ്രശസ്ത്മായാ അവലാഞ്ചെ മലകൾ ഇവിടേയാണ്. 8497 അടി ഉയരമുള്ള കുഡിക്കാടും 8,613 അടി ഉയരമുള്ള കോളാരിയും ഇതിലാണ്. കുന്ദ മലനിരകൾ ഊട്ടിക്ക് ഒരു വക്ക്(rim) പോലെ നിലകൊള്ളുന്നു. മറ്റ് ശ്രദ്ധേയമായ മലകൾ മുക്കാർത്തി മല, പിച്ചളമല, നീലഗിരി പീക്ക് എന്നിവയാണ്. ഇതിൽ മുക്കർത്തി മലകളിൽ കുറിഞ്ഞി പൂക്കൾ (Strobilanthes kunthiana) ധാരാളമായി കാണപ്പെടുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പുക്കുന്ന ഈ സസ്യം അവസാനമായി പൂത്തത് 2006 ലാണ്.
നദികൾ
നീലഗിരി മലനിരകൾ നൂറുകണക്കിന് അരുവികളെ സൃഷ്ടിക്കുന്നുണ്ട്. ഇവ മുഖ്യമായും മഴക്കാലത്താണ് പ്രത്യക്ഷമാകുക വേനൽക്കാലത്ത് ഇവ വറ്റിപ്പോകുന്നു. ഇത്തരം ചെറിയ അരുവികൾ ഒന്നു ചേർന്ന് താഴേക്ക് ഒഴുകി മൊയാറിലോ ഭവാനിയിലോ ചേരുന്നു. നദിയെന്നു പറയാവുന്ന വലിപ്പം ഉള്ളത് സിഗൂർ നദിയാണ്. ഊട്ടിയിലെ തടാകത്തിനു മേലെയുള്ള ചരിവുകളിലൂടെ താഴേക്ക് ഒഴുകുന്ന ഇത് സിഗൂർ ഘട്ടങ്ങളിലൂടെ (പേരിനു കാരണം) ഒഴുകി മൊയ്യാറിൽ ചേരുന്നു. ഈ നദിയാണ് പിന്നീട് കൽഹാട്ടി വെള്ളച്ചാട്ടം സൃഷ്ടിക്കുന്നത്. ഊട്ടിക്കു കിഴക്കായി ഒരു വലിയ അരുവി (മുദുക്കാട് അരുവി) മൊയ്യാറിലേക്ക് പതിക്കുന്നുണ്ട്. ഊട്ടിക്ക് അടുത്തുള്ള കോത്തഗിരിയിൽ ഒഴുകുന്ന ഗത്താഡഹള്ള എന്ന നദി സെന്റ് കാതറിൻ വെള്ളച്ചാട്ടം സൃഷ്ടിച്ച് 250 അടി താഴേക്ക് പതിക്കുന്നത് മനോഹരമായ ദൃശ്യമാണ് . മറ്റൊരു നദിയായ കുന്ദ നദി ഊട്ടിയുടെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങളായ നഞ്ചനാടിൽ നിന്നുത്ഭവിക്കുന്നു. ബള്ളിത്താഡ ഹള്ള എന്ന നദി ഇതിനടുത്തുതന്നെയാണ്. ഇത് ഭവാനി നദിയുടെ പോഷക നദിയാണ്. ഏറ്റവും വലിയ നദി പൈക്കാര യാണ്. മുക്കൂർത്തി മലകളിൽ നിന്ന് തുടങ്ങുന്ന ഇത് താഴേക്ക് ഒഴുകുന്ന വഴിക്ക് ദൃശ്യമനോഹരമായ രണ്ട് വെള്ളച്ചാട്ടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തോട വർഗ്ഗക്കാർ ഈ നദിയെ പുണ്യനദിയായി കണക്കാക്കുകയും അത് മുറിച്ചു കടക്കുന്നത് പാപമായി കണക്കാക്കുകയും ചെയ്തിരുന്നു. ഊട്ടിയിലെ തടാകം 7228 അടി ഉയരത്തിലാണ്. കൃത്രിമമായി നിർമ്മിക്കപ്പെട്ട ഈ തടാകം കാമരാജ് സാഗർ അണക്കെട്ട് നിർമ്മിച്ചതിനെത്തുടർന്ന് ഉണ്ടായതാണ് ഉണ്ടായതാണ്.[അവലംബം ആവശ്യമാണ്]
വെള്ളച്ചാട്ടങ്ങൾ

- കൽഹാട്ടി വെള്ളച്ചാട്ടം
- സെന്റ് കാതറിൻ വെള്ളച്ചാട്ടം ഇത് എം.ഡി. കോക്ക്‌ബർൺന്റെ പത്നി കാതറിന്റെ പേരിലുള്ള വെള്ളച്ചാട്ടമാണിത്.
- കുളകമ്പൈ വെള്ളച്ചാട്ടം കുളകമ്പൈ അരുവിയിൽ നിന്ന് രൂപമെടുക്കുന്ന ഇത് 400 അടിയോളം നീളത്തിൽ ഇടവിടാതുള്ള വെള്ളച്ചാട്ടം.
- പൈക്കാര മേജർ, പൈക്കാര മൈനർ എന്നീ രണ്ടു വെള്ളച്ചാട്ടങ്ങൾ
കൃഷി
നീലഗിരി ജില്ലയിലെ കൃഷി മൊത്തത്തിൽ രണ്ടായി തരം തിരിക്കാം. ഒന്ന് ഭക്ഷ്യ ധാന്യങ്ങളുടെ കൃഷി- ഇത് ഇവിടത്തെ തദ്ദേശീയരായ ജനങ്ങളാണ് ചെയ്യുന്നത്. അടുത്തത് തേയില, കാപ്പി തുടങ്ങിയവയുടെ കൃഷി. ഇത് അധികവും വിദേശീയരോ അന്യ നാട്ടുകാരോ ആണ് ചെയ്യുന്നത്. എന്നാൽ ആകെയുള്ള ഭൂമിയുടെ പത്തിലൊന്നു പ്രദേശത്തു മാത്രമാണ് കൃഷി ചെയ്തു വരുന്നത്. കൃഷി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ ഇവിടുത്തെ ജനങ്ങളുടെ നാലുമാസത്തെ ആവശ്യത്തിനു മാത്രമേ തികയുകയുള്ളൂ. ബാക്കിയുള്ള ഭക്ഷ്യ ധാന്യങ്ങൾ മറ്റു ദേശങ്ങളിൽ നിന്നും എത്തിക്കുകയാണ് ചെയ്യുന്നത്. ചായയും കാപ്പിയും കൂടാതെ ചിൻചോണ ബാർബ് (സിഞ്ചോണ Cinchona) പ്രധാനമായ ഒരു കൃഷിയാണ്. മലേറിയയുടെ മരുന്നായ ക്വിനൈൻ ഇതിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്.
കൃഷി രീതികൾ
നിരപ്പായ സമതലങ്ങൾ കുറാവായതിനാൽ കൃഷി ഭൂമികൾ കുന്നുകളിലും മലഞ്ചെരിവിലുമാണ് ഏറെയും നടക്കുന്നത്. ഇതിനായി മലഞ്ചെരിവുകൾ തട്ടുകളായി തിരിക്കുന്നു. ഇത് മണിന്റെ സംരക്ഷണത്തിന് അത്യാവശ്യമാണ്. മഴക്കാലത്ത് വെള്ളത്തിൽ ചെടികൾ കുത്തിയൊലിച്ച് പോവാതിരിക്കാൻ ഇത് സഹായിക്കുന്നു. കലപ്പകൊണ്ട് ഉഴുതു മെതിക്കുന്നതിന് പലപ്പോഴും കാളകളെ ഉപയോഗിക്കുന്നു. വിത്ത് വിതക്കുന്നതും കൊയ്യുന്നതും എല്ലാം സ്ത്രീകൾ ആണ് ചെയ്തു വരുന്നത്. പുരുഷന്മാർ കൂലിവേലക്ക് പോവുന്നതും കൊയ്ത് കാലത്ത് ജോലി ലഭ്യത കൂടുന്നതും സ്ത്രീകളെ ഈ ജോലിക്ക് നിർബന്ധിതരാക്കുന്നു.
പ്രധാന വിളകൾ
സമായിയും റാഗിയുമാണ് മുഖ്യമായും കൃഷി ചെയ്തുവരുന്ന ധാന്യങ്ങൾ. ഗോതമ്പുകൾ രണ്ടുതരം ഉണ്ട്. ഒന്ന് നഗ്നമായതും മറ്റൊന്ന് ചെറിയ ആവരണത്തോടു കൂടിയതും ഇത് ചെറിയ ഷഡ്പദങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന തരം ഗോതമ്പാണ്. ബാർലിയിൽ നിരവധി തരം കൃഷി ചെയ്തു വരുന്നുണ്ട്. ഇക്കാലത്ത് കൂടുതലായും കൃഷി ചെയ്യുന്നത് കാരറ്റും ഉരുളക്കിഴങ്ങുമാണ്. ഇത് തമിഴ്‌നാട്ടിലെ മറ്റു സ്ഥലങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട്. മറ്റ് പ്രധാന കൃഷിയിനങ്ങൾ തേയിലയും കാപ്പിയുമാണ്. തേയില പ്രധാനമായും ഊട്ടിക്ക് പുറമേയാണ് കൃഷി ചെയ്യുന്നത്. മലകൾ മൊത്തമായി പച്ച ആവരണം പോലെ തേയിലച്ചെടികൾ കാണാം. 1833 മുതൽക്കേ തേയില ഇവിടെ കൃഷി ചെയ്തു വരുന്നു. പ്രധാനമായും മൂന്നു തരം തേയിലയിനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഒന്നാമത്തേത് ശുദ്ധമായ ചൈനീസ് തേയിലയാണ്. ഇതിന്റെ കടുപ്പം പ്രത്യേകതയാണ് മറ്റൊന്ന് പ്രസിദ്ധമായ ആസ്സാം ചായയാണ്. മൂന്നാമത്തേത് ഇവ രണ്ടിന്റേയും സങ്കരയിനമാണ്. റബ്ബർ അടുത്തകാലത്തായി വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഇതിനു പുറമേ വിവിധതരത്തിലുള്ള പഴവർഗ്ഗങ്ങളും കൃഷി ചെയ്തു വരുന്നുണ്ട്. സ്ട്രാബെറി, റാസ്പ്ബെറി,ഗൂസ്ബെറി, മൾബെറി, ഫിഗ്, പിയേഴ്സ്, പീച്ചസ്, പ്ലം, പാഷൻ ഫ്രൂട്ട്, മധുര നാരങ്ങ, ആപ്പിൾ, പേർസിമോം, ചെറി, കൊക്കോ, പേരക്ക, നാരങ്ങ എന്നിവയാണ് ഇവിടെ കൃഷി ചെയ്തു വരുന്ന പഴവർഗ്ഗങ്ങൾ. ഇവയിൽ നിന്ന് ഉണ്ടാക്കുന്ന പഴസത്ത്, ജാം, എന്നിവ ധാരാളം വിപണി പിടിച്ചെടുക്കുന്നുണ്ട്. തേനീച്ച വളർത്തലും ഒരു ഉപജീവനമാർഗ്ഗമായി ചെയ്തു വരുന്നു.
നീലഗിരിയിലെ വനവും കൃഷിയിടവും 1908-ൽ (ശതമാനത്തിൽ) [2].
താലൂക്ക് | വനം | കൃഷിഭൂമി |
---|---|---|
കുണൂർ | 42 | 29.6 |
ഊട്ടി | 80 | 10.7 |
ഗൂഡല്ലൂർ | 38 | 29.5 |
മൊത്തം കൃഷിയിടത്തിലെ ഒരോ വിഭാഗത്തിന്റേയും അളവ് ശതമാനത്തിൽ [2].
ഇനം | 1908 ൽ | ഇന്ന് |
---|---|---|
കാപ്പി | 18.1 | |
ടീ | 12.1 | |
സിഞ്ചോണ | 10.5 | |
ഉരുളക്കിഴങ്ങ് | 3.2 | |
അരി | 7 | |
ഗോതമ്പ് | 2.9 | |
കോറളി | 7.8 | |
റാഗി | 7.1 | |
ബാർലി |
ജലസേചനം
ഊട്ടിയിൽ മഴ സുലഭമണ്. എന്നാൽ വേനലിൽ അതേ പൊലെ ജലദൗർലഭ്യവും ഉണ്ട്. ഇത് മനസ്സിലാക്കിയ ജോൺ സള്ളിവൻ ഊട്ടിയിലൂടെ ഒഴുകിയിരുന്ന ഒരു കൊച്ചു നദിയെ അണകെട്ടി ജലം സംഭരിക്കാൻ തീരുമാനിച്ചു. ഈ ജല സംഭരണിയാണ് ഇന്ന് ഊട്ടി തടാകമായി വികസിച്ചത്. ഈ തടാകത്തിൽ നിന്ന് ഊട്ടിയിലെ ഉയർന്ന പ്രദേശത്തേക്ക് വെള്ളം പമ്പ് ചെയ്ത് കയറ്റുന്നു. ദൊഡ്ഡ്ബേട്ടയിലാണ് ഒരു മുഖ്യ ജല സംഭരണി ഉള്ളത്. ജലം ശുദ്ധീകരിച്ച ശേഷം വീടുകളിലേക്ക് കുഴലുകൾ വഴി എത്തിക്കുന്നത് മുനിസിപ്പാലിറ്റിയാണ്.
ജനങ്ങൾ

നീലഗിരി ജില്ലയിൽ തമിഴ്നാട്ടിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് ജനസാന്ദ്രത വളരെ കുറവാണ്. ചെങ്കുത്തായ മലകളും വനങ്ങളും ആണ് പ്രധാനകാരണങ്ങൾ. വിദേശീയർ എത്തുന്നതിനു മുൻപ് ഇവിടെ ഉണ്ടായിരുന്ന പ്രധാന ജന വിഭാഗങ്ങൾ ആദിവാസികളായ ബഡഗർ, തോടർ, കോത്തർ, കുറുമ്പർ എന്നിവരാണ്. എന്നാൽ ഇന്ന് വളരേയധികം പേർ ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു. ധാരാളം മുസ്ലീങ്ങളും ഇവിടെയുണ്ട്. ഇവർ മൈസൂർ വഴി വന്നവരാണ്. ക്രിസ്തുമതത്തിൽ പെട്ട വളരെ പേർ വ്യവസായത്തിനും പ്രേഷിത പ്രവർത്തനത്തിനും വന്ന് ഇവിടെ സ്ഥിരതാമസമാക്കിയിരിക്കുന്നു. പാർസികളും സിക്കുകാരും വ്യാപാരവുമായി ബന്ധപ്പെട്ട് ഊട്ടിയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ക്രിസ്ത്യാനികളിൽ റോമൻ കത്തോലിക്കർ, ആംഗ്ലിക്കൻ സഭക്കാർ, മെത്തഡിസ്റ്റുകൾ, ബാപ്റ്റിസ്റ്റുകൾ, ദൈവ സഭക്കാർ എന്നിങ്ങനെയുള്ള വിഭാഗങ്ങൾ കൂടുതലായും കാണുന്നു. ഇന്ന് ഊട്ടിയിലെ ജനങ്ങൾ പ്രധാനമായും കുടിയേറ്റക്കാരാണ്. ഇവരെ കൂടാതെ ചെട്ടികൾ, തമിഴ് പണിയന്മാർ, ഇരുളർ, വെള്ളാളർ എന്നിവരും ഇവിടെ ധാരാളമായി കാണുന്നു. [2].
ബഡഗർ
ബഡഗ എന്ന പദം വടക്കുള്ളവർ എന്ന അർത്ഥമുള്ള പദത്തിൽ നിന്നാണ് ഉണ്ടായത്. ഈ വർഗ്ഗക്കാർ കന്നടത്തിൽ നിന്ന് നുറ്റാണ്ടുകൾക്ക് മുന്നേ കുടിയേറിയവരാണ്. ഇവർ മൈസൂരിലെ രാഷ്ട്രീയ പീഡനങ്ങളിലും വരൾച്ചയിലും ഭയന്ന് കുടിയേറിയവരാണ്. ഇതിൽ തന്നെ ആറു വിഭാഗങ്ങൾ ഉണ്ട്. ഉഡയ, ഹരുവ, അതികാരി, കനക, ലിംഗായത്ത് തോറെയ എന്നിവരാണ് ഇത്. ഇതിൽ തോറെയന്മാർ ആണ് ഏറ്റവും താഴ് ജാതി. ഉഡയർ മേൽ ജാതിയും ബ്രാഹ്മണരുമാണ്. ഇവർ മറ്റുള്ളവരുടെ പുരോഹിത ജോലി നോക്കുന്നവരാണ്. ഹരുവരരും പൂണൂൽ ധരിക്കുമെങ്കിലും താഴ്ന ജാതിക്കാർക്കുള്ള പുരോഹിതരാണ്.[2].
തോടർ
തോടകൾ സന്യാസ വർഗ്ഗങ്ങൾ ആണ്. ഇവർ ഭിക്ഷയാചിച്ചും സ്വന്തമായുള്ള ആടുകളേയും പോത്തുകളേയും മേച്ച് ആണ് ജീവിക്കുന്നത്. ഇവർ മറ്റുള്ള ആദിവാസികളെ അപേക്ഷിച്ച് വേളുത്ത നിറമുളളവരും ഉയരം കൂടിയവരുമാണ്. ചെറിയ സുന്ദരമായ കൂരകളിലാണ് ഇവർ താമസിക്കുന്നത്. ഇതിനെ മഠം എന്നാണവർ വിളിക്കുന്നത്. ഇവരിൽ തന്നെ വ്യത്യസ്തകാലങ്ങളിലായി കുടിയേറിയവർ വ്യത്യസ്ത ഗോത്രങ്ങളായി നിലകൊള്ളുന്നു. ഇവരുടേ ആചാരങ്ങളും മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്
സമ്പദ് വ്യവസ്ഥ
ഊട്ടിയിലെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും വിനോദസഞ്ചാരത്തിൽ അധിഷ്ഠിതമാണ്. സമീപപ്രദേശങ്ങളിലെ പ്രധാന കാർഷികോൽപന്നങ്ങളായ ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, കോളിഫ്ലവർ എന്നിവയുടെ വിപണിയുമാണ് ഈ നഗരം. ഡയറി ഫാമുകൾ സ്ഥിതി ചെയ്യുന്ന ഇവിടെ ചീസ്, പാൽപ്പൊടി എന്നിവയും ഉൽപ്പാദിപ്പിച്ചുവരുന്നു.
വ്യവസായം
ഇൻഡ്യയിലെ പ്രധാന ഫോട്ടോ ഫിലിം ഉൽപ്പാദകരായ 'ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ്' നഗരപ്രാന്തത്തിലുള്ള ഇന്ദു നഗറിലാണ് സ്ഥിതി ചെയ്യുന്നത്.
വിനോദ സഞ്ചാരം

ഊട്ടി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമാണ്. വേനൽകാലത്തെ കാലാവസ്ഥ ഹൃദ്യമാണ്. സീസൺ ആരംഭിക്കുന്നത് ഏപ്രിൽ മാസത്തിലാണ്. അപ്പോൾ പകൽസമയത്തെ താപനില 22 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണ്. യൂറോപ്പിൽ നിന്നും മറ്റുമുള്ള സഞ്ചാരികൾ ഈ കാലയളവിൽ അധികമായി എത്താറുണ്ട്. മേയ് മാസത്തിൽ നടത്തപ്പെടുന്ന പുഷ്പമേളയാണ് മറ്റൊരു ആകർഷണം. റോസ് ഉദ്യാനം ഈ കാലയളവിൽ പൂത്തുലഞ്ഞ് മനോഹരമായ ദൃശ്യമൊരുക്കുന്നു. ഊട്ടിയിലും പൈക്കാര നദിയുടെ തടാകത്തിലും ബോട്ട് ഹൌസ് പ്രവർത്തിക്കുന്നു. തദ്ദേശീയരായ സഞ്ചാരികളാണ് ഇത് കൂടുതലും ഉപയോഗപ്പെടുത്തുന്നത്.
കാണേണ്ട സ്ഥലങ്ങൾ

ബോട്ടാണിക്കൽ ഗാർഡൻ
പ്രത്യേക താളിലേക്ക് ബോട്ടാണിക്കൽ ഗാർഡൻ, ഊട്ടി

1847ല് ട്വീഡേലിലെ മാർക്യിസ് നിർമ്മിച്ച ഉദ്യാനം 55 ഏക്കറിൽ പരന്നു കിടക്കുന്ന പച്ചപ്പരപ്പുള്ള മനോഹരമായ ഒന്നാണ്. ഇന്ത്യയിൽ തന്നെ വിരളമായ ചെടികൾ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പുല്ലുകളും ചെടികളും വളരെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നു. കോർക്കുമരം, കുരങ്ങനു കയറാനാവാത്ത മങ്കി പസ്സിൽ മരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, പേപ്പർ ബാർക്ക് മരം എന്നിവ ഇവിടത്തെ മാത്രം പ്രത്യേകതകളാണ്. നന്നായി പരിപാലിക്കപ്പെടുന്ന ഒരു ഫേർണ് ഹൌസ്, ഓര്ക്കിഡുകൾ എന്നിവയും ഉണ്ട്. മേയ് മാസത്തിൽ നടക്കുന്ന പുക്ഷ്പഫല സസ്യ പ്രദർശനം ലോകപ്രശസ്തമാണ്. ഈ ഉദ്ദ്യാനം ഇന്ന് തമിഴ്‌നാട്ടിലെ ഹോർട്ടികൾച്ചർ വിഭാഗം ആണ് സംരക്ഷിക്കുന്നത്. മെഴുകുകോണ്ടുള്ള മ്യൂസിയം വളരെയധികം ജന ശ്രദ്ധയാകർഷിക്കുന്നുണ്ട് [5]
തടാകം

ഈ കൃത്രിമ തടാകം 1823-1825ല് ഊട്ടിയുടേ ആദ്യത്തെ കളക്ടർ ജോൺ സള്ളിവൻ നിർമ്മിച്ചതാണ്. ഇത് ജലസേചനത്തിനുള്ള ടാങ്കായാണ് ആദ്യം രൂപകല്പന ചെയ്തതെങ്കിലും പിന്നീട് ഒരു തടാകം എന്ന നിലയിൽ വികസിപ്പിക്കുകയായിരുന്നു.[2].
സെൻറ് സ്റ്റീഫൻസ് പള്ളി
ഊട്ടിയിലെ ആദ്യത്തെ കൊളോണിയൽ കെട്ടിടമാണിത്. 1820 നിർമ്മിക്കപ്പെട്ട ഇത് തോട ക്ഷേത്രം നിന്നിരുന്ന സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്. ഗോഥിക് ശൈലിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഊട്ടി കളക്ടറേറ്റ് ഇതിനടുത്താണ്.
റോസ് ഉദ്യാനം
ഊട്ടിയുടെ ഹൃദയ ഭാഗത്ത് നിർമ്മിച്ചിരിക്കുന്ന ഈ ഉദ്യാനം പുഷ്പമേളയുടെ 100 വാർഷികം കൊണ്ടാടാൻ 1996ല് നിർമ്മിച്ചതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ റോസാ പൂന്തോട്ടമാണിത്. 2000 ത്തിലധികം തരം റോസാച്ചെടികൾ ഇവിടെ ഉണ്ട്.
ദൊഡ്ഡബേട്ട ഒബ്സർവേറ്ററി
നീലഗിരി മലനിരകളിലെ ഏറ്റവും ഉയർന്ന സ്ഥലമായ ഇവിടെ നിന്നും ഊട്ടി നഗത്തിന്റെയും സമീപപ്രദേശങ്ങളുടെയും വിശാലദൃശ്യങ്ങൾ വീക്ഷിക്കാൻ സാധിക്കും.
മറ്റുള്ളവ
- പൈക്കാര തടാകം
- കുട്ടികളുടെ ഉദ്യാനം
- മെഴുക് പ്രദർശനശാല
- ബോട്ട് ഹൌസ്
- ചാരിംഗ് ക്രോസ്
വിദ്യാഭ്യാസം
സ്കൂളുകൾ
സ്കൂൾ | വിലാസം |
---|---|
ആർച്ചങ്കൾ പ്രൈമറി സ്കൂൾ | ലവ് ഡേൽ, ഊട്ടി |
ബെത്‍ലഹേം ഗേർള്സ് ഹയർ സെക്കണ്ടറി സ്കൂൾ | സെൻറ്. മേരീസ് ഹില്ല് |
ബ്ലൂ മൗണ്ടെയ്ൻ സ്കൂൾ | ഡേവിസ് ഡേൽ, |
ബ്രീക്സ് ആൾ ഇന്ത്യാ ഹൈയർ സെക്കണ്ടറി സ്കൂൾ | ചാറിങ്ങ് ക്രോസ്സ് |
ബ്രീക്സ് സ്കൂൾ | ചാറിങ്ങ് ക്രോസ്സ് |
ചൈൽഡ് ജീസസ് സ്കൂൾ | സെന്റ് മേരീസ് ഹിൽ |
ജി.എസ്.ഐ. ഗെൽ മെമ്മോറിയൽ സ്കൂൾ | ഡുണ്‌മീർ ഊട്ടി. |
ക്ലിഫ് സ്കൂൾ | വുഡ് റോക്ക് റോഡ് |
സി.എം.എം സ്കൂൾ | സമ്മർ ഹൗസ് റോഡ് |
എൽസീ ഇവാഞ്ചെലിക്കൽ സ്കൂൾ | മിഷൻ ചർച്ച് കോമ്പൗണ്ട്, കന്ദാൽ |
ഗുഡ് ഷെഫേറ്ഡ് സ്കൂൾ | ഫേർൺ ഹില്ല് |
ഹെബ്രോൺ സ്കൂൾ | ഊട്ടി പട്ടണം |
കേന്ദ്രീയ വിദ്യാലയ | ഇന്ദു നഗർ |
ലെയിഡ്ലാ മെമ്മോറിയൽ സ്കൂൾ | കെട്ടി |
ലോറൻസ് സ്കൂൾ | ലവ് ഡേൽ |
നീൽഗിരീസ് സ്കൂൾ | രാജമഹൽ |
ഊട്ടക്കമണ്ട് സ്കൂൾ | ഹൊറേബ് ഡെവിങ്ടൺ റോഡ് |
ഊട്ടി മെട്രിക്കുലേഷൻ റോഡ് | ഊട്ടി |
വുഡ് സൈഡ് സ്കൂൾ | വുഡ് സൈഡ് |
ഗതാഗതം
റോഡ്
ഊട്ടി ഇന്ന് മറ്റു സ്ഥലങ്ങളുമായി നല്ല പൊലെ ബന്ധപ്പെട്ടിരിക്കുന്നു. ചെന്നൈയിൽ നിന്ന് 535 കി.മി.റോഡ് മാർഗ്ഗം സേലം വഴി ഇവിടേക്ക് എത്തിച്ചേരാം. മേട്ടുപ്പാളയത്തിൽ നിന്ന് കോത്തഗിരി വഴിയോ നേരിട്ടോ ഊട്ടിയിലേക്ക് റോഡ് ഉണ്ട്. കോത്തഗിരിയിൽ നിന്ന് കുണൂർ വഴിയും ഊട്ടിയിലേക്ക് റോഡ് നിലവിൽ ഉണ്ട് (8 കി.മീ.). കോയമ്പത്തൂരിൽ നിന്നും 89 കി.മീ. ആണ് ഊട്ടിയിലേക്കുള്ള ദൂരം. കോഴിക്കോട് നിന്ന് 187 കി.മീ. ദൂരം വരുന്ന റോഡ് ഉണ്ട്. മൈസൂർ നിന്നും ഗുഡല്ലൂർ വഴിയും (155 കി.മീ) ഉട്ടിയിലേക്ക് വരാം. ഈ വഴി അല്പം ദുർഘടം പിടിച്ചതും താറുമാറായതുമാണ്. അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് 236 കി.മീ. ദൂരമാണ് ഉള്ളത്. ഊട്ടിയിലെ റോഡുകൾ ടാറിട്ടതും നന്നായി സംരക്ഷിക്കപ്പെട്ടവയുമാണ്. ഇവയുടെ മേൽനോട്ടം നീലഗിരി മുനിസിപ്പാലിറ്റിയാണ് നടത്തുന്നത്. വിനോദസഞ്ചാരികളിൽ നിന്ന് ഈടാക്കുന്ന നികുതിയിൽ നിന്ന് ഒരു നിശ്ഴിത ശതമാനം മരാമത്തു പണികൾക്കായി നീക്കി വച്ചിരിക്കുന്നു.
തീവണ്ടി


മേട്ടുപ്പാളയത്തിൽ നിന്നുള്ള നീലഗിരി മൗണ്ടൻ റെയിൽ ആണ് ഊട്ടിയിലേക്കുള്ള റെയിൽപ്പാത. ഇത് മീറ്റർഗേജ് ആണ്. പൽച്ചക്രം ഉപയോഗിച്ച് കയറ്റം കയറുന്ന പാതയും വണ്ടിയും (റാക്ക് റെയിൽവേ) ഇന്ത്യയിൽ ഇവിടെ മാത്രമാണ് ഉള്ളത്. 1891-ൽ തുടങ്ങി 1908-ൽ പൂർത്തിയാക്കിയ ഇതിന്റെ നിർമ്മാണം ബ്രിട്ടീഷ് നിർമ്മാണ വിദഗ്ദ്ധരാണ് നിർവ്വഹിച്ചത്. ഈ തീവണ്ടിയുടെ ആവി എൻജിൻ സ്വിറ്റ്സർലാന്റിലെ വിന്റർത്തുരിൽ നിർമ്മിച്ചതാണ്.ലോക പൈതൃക സ്മാരകങ്ങളിലൊന്നായി ഇതിനേയും ഡാർജിലിങ്ങിലെ ഹിമാലയൻ റെയിൽവേയേയും യുനെസ്ക്കോ തിരഞ്ഞെടുത്തിട്ടുണ്ട് [6] മേട്ടുപ്പാളയം പിന്നിട്ട് കുറച്ചു ദൂരം കഴിഞ്ഞാൽ ഈ സംവിധാനം ഉപയോഗിച്ചാണ് വണ്ടി മല കയറുന്നത്. ഇത്രയും ദൂരം വളരെപ്പഴക്കം ചെന്ന ആവി എൻജിൻകൊണ്ടാണ് വണ്ടി ഓടുന്നത്.[7] കൂനൂർ എത്തുംവരെ ഈ രീതിതുടരുന്നു. കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ തീവണ്ടിയാത്ര ദൃശ്യ മനോഹരമായ ഒന്നാണ്. ഇന്ന് മറ്റു മാർഗ്ഗങ്ങളിലൂടെ എളുപ്പം ഊട്ടിയിൽ എത്താമെങ്കിലും വളരെയധികം സന്ദർശകർ ഇതിന്റെ പ്രത്യേകതമൂലം ഈ തീവണ്ടിയിലാണ് ഊട്ടിയിൽ എത്തുന്നത്.[8]
വ്യോമമാർഗ്ഗം
ഏറ്റവും അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂർ ആണ്. കോഴിക്കോട് ആണ് അടുത്തുള്ള മറ്റൊരു വിമാനത്താവളം.
ഊട്ടി റേഡിയോ ദൂരദർശിനി

ടി.ഐ.എഫ്.ആറിനു കീഴിൽ മുത്തൊരൈയിലെ റേഡിയോ ആസ്ട്രോണമി സെന്ററിൽ(R A C) പ്രവർത്തിക്കുന്ന റേഡിയോ ദൂരദർശിനിയാണ് ഊട്ടി റേഡിയോ ദൂരദർശിനി(Ooty Radio Telescope : ORT). 530 മീറ്റർ നീളമുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ ഗോളസ്തംഭാകൃതിയിലുള്ള ദൂരദർശിനിയാണ്. 1970 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്.
ചിത്രശാല
- ഊട്ടിയിലെ വിവിധ ചിത്രങ്ങൾ
- രാജീവ് ഗാന്ധി സർക്കിൾ
- ഊട്ടി റെയിൽവേ സ്റ്റേഷൻ
- ഊട്ടിപ്പൂവ് എന്നു പ്രശസ്തമായ പൂക്കൾ
- ഊട്ടി-കാരറ്റ് കച്ചവടം
- പഴയ ഊട്ടി പട്ടണം
- ടോഡകൾ, ഒരു ചിത്രം
- ഊട്ടി റെയിൽവേ സ്റ്റേഷൻ
- ഊട്ടി ബോട്ട് ഹൌസിൽ സവാരി കാത്തു നില്കുന വെള്ള കുതിരക്കൾ
- ദൊഡ്ഡബേട്ടയിൽ നിന്ന് ഊട്ടി നഗരത്തിന്റെ ദൃശ്യം
- മേട്ടുപാളയം. ഊട്ടിയിൽ നിന്ന് വീക്ഷിക്കുമ്പോൾ
- ബൊട്ടാണിക്കൽ ഗാർഡൻ
- ബൊട്ടാണിക്കൽ ഗാർഡനിലെ ഒരു പുഷ്പം
- ഊട്ടിയിലെ പൈൻമരക്കാടുകൾ
- ഊട്ടിയിലെ റോസ് ഗാർഡൻ
- ഊട്ടിയിലെ റോസ് ഗാർഡൻ
- ഊട്ടിയിലെ റോസ് ഗാർഡൻ
- ഊട്ടിയിലെ റോസ് ഗാർഡൻ
- ഊട്ടിയിലെ റോസ് ഗാർഡൻ
- ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലെ ജാപ്പനീസ് റോസ്
ഇതും കാണുക
അവലംബം
കുറിപ്പുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.